Quantcast
MediaOne Logo

ഡോ. പി.ജെ ജയിംസ്

Published: 28 Jun 2022 10:46 AM GMT

ജി.എസ്.ടി: നഷ്ടപരിഹാര കണക്ക് പുറത്തുവരുമ്പോള്‍; ഇടത് സര്‍ക്കാര്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം

രണ്ടാം ലോകയുദ്ധാനന്തരം ലോകത്ത് ആവിര്‍ഭവിച്ചിട്ടുള്ള ഏറ്റവും പ്രതിലോമകരമെന്ന് വിശേഷിക്കപ്പെടുന്ന ജി.എസ്.ടിയുടെ വക്കാലത്തേറ്റെടുത്തത് അങ്ങേയറ്റത്തെ രാഷ്ടീയസാമ്പത്തിക പരാജയമായിരുന്നുവെന്ന് തുറന്നു സമ്മതിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുകയാണു വേണ്ടത്.

ജി.എസ്.ടി: നഷ്ടപരിഹാര കണക്ക് പുറത്തുവരുമ്പോള്‍; ഇടത് സര്‍ക്കാര്‍  സ്വയം വിമര്‍ശനത്തിന് തയ്യാറാകണം
X
Listen to this Article

ഇന്ത്യയില്‍ നവലിബറലിസത്തിന് ആരംഭംകുറിക്കുന്നത് തൊണ്ണൂറുകളിലാണ്. അക്കാലത്തുതന്നെ നികുതിയുടെ രംഗത്തുള്ള പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എഴുപതുകള്‍ വരെ ലോകത്ത് നിലനിനിന്നിരുന്ന ക്ഷേമരാഷ്ട്ര കാലഘട്ടത്തില്‍ പ്രത്യക്ഷ നികുതികളും പരോക്ഷ നികുതികളും തമ്മിലുള്ള അനുപാതം 65: 35 ആയിരുന്നു. ഭരണകൂടത്തിന് സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനം ഉണ്ടായിരിക്കുകയും ക്ഷേമപ്രവര്‍ത്തനങ്ങളും സാമൂഹ്യ ചിലവുകളും ഉയര്‍ന്നു നില്‍ക്കുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്. അന്ന് പ്രത്യക്ഷ നികുതി നിരക്ക് കൂടുതലായിരുന്നു. ഇന്ത്യയില്‍തന്നെ ഒരുഘട്ടത്തില്‍ 70 ശതമാനം വരെ ഉയര്‍ന്ന പ്രത്യക്ഷ നികുതി നിരക്കുകള്‍ ഉണ്ടായിരുന്നു. തൊണ്ണൂറുകളില്‍ നിയോ ലിബറലിസം വന്നതോടെ നെഹ്‌റുവിയന്‍ ക്ഷേമരാഷ്ട്ര സമീപനം കൈയൊഴിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് സമ്പദ്ഘടനയില്‍ നിര്‍ണായകമായ പങ്കുവന്നതോടെ ആദായ നികുതികളും കോര്‍പറേറ്റ് നികുതികളും കുറക്കാനും നികുതിഭാരം ജനങ്ങളിലേക്ക് മാറ്റാനുമുള്ള തീരുമാനങ്ങള്‍ ഉണ്ടായി. സമ്പദ്ഘടനയിലെ തീവ്ര വലത് നയവ്യതിയാനമായിരുന്നു അത്.

നികുതി പരിഷ്‌കാരങ്ങള്‍

ആഗോളതലത്തില്‍തന്നെ നികുതി പരിഷ്‌കാരം വലിയ വിഷയമായി വന്നു. ഇതിന് നേതൃത്വം കൊടുത്തത് ഐ.എം.എഫും, ലോകബാങ്കും ലോക വ്യാപാര സംഘടനയും ആയിരുന്നു. ഇത്തരം പരിഷ്‌കാരങ്ങളെ കുറിച്ച് പഠിച്ച് തയ്യാറാക്കുന്നതിന് നിരവധി ഏജന്‍സികളെ ചുമതലപ്പെടുത്തിയിരുന്നു. ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development) യു.എന്‍.ഡി.പി ( United Nations Development Programme) യു.എസ് എയ്ഡ് (United States Agency for International Development) പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, കെ.പി.എം.ജി, ഡലോയിറ്റ്, ക്രിംസണ്‍ ആന്‍ഡ് കമ്പനി, ബിഗ് 4 എന്നു പറയുന്ന നാല് കണ്‍സല്‍ട്ടന്‍സി കമ്പനികള്‍, ടി.ഐ.ഡബ്ലിയു.ബി ( Tax Inspectors Without Bordser) എഫ്.റ്റി.എ ( The Forum on Tax Administration (FTA) തുടങ്ങി നിരവധി സംഘടനകളും ഏജന്‍സികളും നടത്തിയ സംയുക്ത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജി.എസ്.ടിയുടെ ബ്ലുപ്രിന്റുകള്‍ തയ്യാറായത്. എങ്ങിനെ നികുതി ഭാരം സാധാരണ ജനങ്ങളുടെ ചുമലിലേക്ക് തള്ളാം, ചരക്കുകള്‍ക്ക് പുറമെ സേവന മേഖലകളെകൂടി എങ്ങിനെ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും തുടങ്ങിയ പഠനങ്ങള്‍ അതിന്റെ ഭാഗമായി നടന്നു. ഐ.ടി ഉള്‍പ്പെടെയുള്ള സാങ്കേതിക രംഗത്തെ വളര്‍ച്ചയെ എങ്ങിനെയൊക്കെ നികുതി സമാഹാരത്തിന് ഉപയോഗപ്പെടുത്താമെന്നും എങ്ങിനെയൊക്കെ പരോക്ഷ നികുതി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നുമൊക്കെയുള്ള പഠനങ്ങള്‍ ഉണ്ടായി. വിനോദം, സേവനം, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങി എല്ലാ മേഖലകളിലേക്കും നികുതി വ്യാപിപ്പിച്ച് പരോക്ഷ നികുതി വര്‍ധിപ്പാക്കാനുള്ള സാധ്യതകള്‍ കണ്ടെത്തി. ഇത്തരത്തില്‍ നിരവധി പഠനങ്ങളുടെ ഫലമായിട്ടാണ് ജി.എസ്.ടി ആവിഷ്‌കരിക്കപ്പെടുന്നത്.


വാറ്റ്, ജി.എസ്.ടിയുടെ ആദ്യഘട്ടം

ഇന്ത്യയില്‍ തൊണ്ണൂറുകളില്‍ തന്നെ ജി.എസ്.ടിയുടെ പ്രയോഗം ആരംഭിച്ചിരുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് കൊണ്ടുവന്ന വാറ്റ് (Value-added tax) അതിന്റെ ഭാഗമായിരുന്നു. ചരക്ക് രംഗത്ത് മാത്രമാണ് വാറ്റ് ആദ്യം ആരംഭിച്ചത്. ബംഗാളില്‍ ജ്യോതിബാസു മുഖ്യമന്ത്രിയായിരിക്കെ ധനമന്ത്രിയായിരുന്ന അസീംദാസ് ഗുപ്തയെയാണ് വാജ്‌പേയി വാറ്റിന്റെ ഉന്നതാധികാര സമിതിയുടെ ചെയര്‍മാനായി നിയമിച്ചത്. കാരണം, നെഹ്‌റുവിയന്‍ നയങ്ങളുടെ അടിത്തറ തോണ്ടിയ ആഗോളവത്കരണത്തിന് നരസിംഹറാവു-മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ തുടക്കമിട്ടപ്പോള്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പോയി ആഗോളവത്കരണമല്ലാതെ ഇനി മാറ്റമില്ല എന്ന വിഖ്യാത പ്രസംഗം നടത്തിയത് ജ്യോതിബാസുവായിരുന്നു. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ പോലും ആഗോളവത്കരണത്തോട് പല അഭിപ്രായ വ്യത്യസങ്ങളും പ്രകടിപ്പിച്ചിരുന്നപ്പോഴും അതിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചയാളായിരുന്നു ജ്യോതിബാസു. അതുകൊണ്ടാണ് 1996 ല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി തകരുകയും ഒറ്റപ്പാര്‍ട്ടിക്ക് അധികാരം കിട്ടാതെ വന്ന സാഹചര്യത്തില്‍ ജ്യോതിബാസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിക്കപ്പെട്ടത്. അത് ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ താല്‍പര്യത്തിന്റെ ഭാഗമായിരുന്നു. ജ്യോതിബാസുവിന്റെ നവലിബറല്‍ ആഭിമുഖ്യവും ആഗോളവത്കരണത്തോടുള്ള നിലപാടും കണക്കിലെടുത്താണ് അസീംദാസ് ഗുപ്തയെ വാറ്റിന്റെ ഉന്നതാധികാര സമിതിയുടെ ചെയര്‍മാനായി നിയമിച്ചത്. കേരളമുള്‍പ്പെടെ വാറ്റിന്റെ പരിധിയില്‍ വരികയും അത് സംസ്ഥാനങ്ങളുടെ നികുതി സമാഹാരത്തില്‍ വലിയ നഷ്ടം ഉണ്ടാവുകയും ചെയ്തു.


വാറ്റില്‍നിന്ന് ജി.എസ്.ടിയിലേക്ക്

വാറ്റ് നടപ്പായതോടുകൂടി ചരക്കുകളുടെ രംഗത്തുള്ള നികുതി പരിഷ്‌കാരം പൂര്‍ത്തീകരിച്ചു. തുടര്‍ന്നാണ് നികുതി പരിഷ്‌കാരം സേവന മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ മൂന്നില്‍ രണ്ടു ഭാഗവും സേവന മേഖലയാണ്. കൃഷിയെയും വ്യവസായത്തേയും അപേക്ഷിച്ച് സമ്പദ്ഘടനയില്‍ നിര്‍ണായകമായ പങ്ക് സേവന മേഖലക്കാണ്. അഭ്യന്തര വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്നത് സേവന മേഖലയില്‍നിന്നാണ്. അതുകൊണ്ടാണ് ആ മേഖലയിലേക്ക് കൂടി വ്യാപിക്കുന്ന ഒരു ടാക്‌സ് സിസ്റ്റം കൊണ്ടുവരണം എന്ന് തീരുമാക്കുന്നത്. അങ്ങിനെയാണ് ചരക്കു സേവന നികുതി - ജി.എസ്.ടി എന്ന ആശയം ഉണ്ടാകുന്നത്. വാജ്‌പേയി സര്‍ക്കാര്‍ മാറി മന്‍മോഹന്‍ സര്‍ക്കാര്‍ വന്നപ്പോള്‍ ഈ നയങ്ങള്‍ ശകത്മായി മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ അസീംദാസ് ഗുപ്ത ജി.എസ്.ടിയുടെയും ഉന്നതാധികാര ചെയര്‍മാനായി തുടര്‍ന്നു. യു.പി.എ സര്‍ക്കാരിന് സി.പി.എം നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതുവരെ ആ നില തുര്‍ന്നു. സംസ്ഥാനങ്ങളുടെ ധനകാര്യമന്ത്രിമാരായിരിക്കും വാറ്റിന്റെ ഉന്നതാധികാര സമിതിയുടെ ചെയര്‍മാനാന്‍/ ചെയര്‍പേഴ്‌സണ്‍. അതിന്റെ ഭാഗമായി കേരള ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിയും ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തിക നയങ്ങളോടുള്ള എതിര്‍പ്പുകള്‍ വ്യാപകമായതോടെ നികുതി പരിഷ്‌കാരങ്ങള്‍ വിജയകരമായി കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. 2014 ല്‍ മോദി അധികാരത്തില്‍ വരുന്നതോടുകൂടി നികുതി പരിഷ്‌കാരങ്ങള്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ തുടങ്ങി. അതിന്റെ ഭാഗമായാണ് ജി.എസ്.ടി കൊണ്ടുവരുന്നത്. മോദിക്ക് ആദ്യഘട്ടത്തില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ജി.എസ്.ടി നടപ്പാക്കാന്‍ സാധിച്ചില്ല.




അര്‍ധരാത്രിയിലെ രണ്ടാം അധികാര കൈമാറ്റം

2017 ജൂണ്‍ 30 ന് അര്‍ധരാത്രിയിലാണ് പാര്‍ലമെന്റിന്റെ അസാധാരാണ സമ്മേളനം വിളിച്ചു ചേര്‍ത്ത് ജി.എസ്.ടി പ്രഖ്യാപിക്കുന്നത്. ഇത് 1947 ലെ അധികാര കൈമാറ്റത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. കാരണം, ഇത് രണ്ടാമത്തെ അധികാര കൈമാറ്റമായിരുന്നു. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാന പ്രതിനിധികളും മന്ത്രിമാരും കോര്‍പറേറ്റ് സി.ഇ.ഒമാരും പ്രസിഡണ്ടും പ്രധാനമന്ത്രിയുമുള്‍പ്പൈട പങ്കെടുത്ത സമ്മേളനമായിരുന്നു അത്. അത് യഥാര്‍ഥത്തില്‍ ഒരു അധികാര കൈമാറ്റം തന്നെയായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്ന കേന്ദ്രീകൃത-പരോക്ഷ നികുതി സംവിധാനം നിലവില്‍ വന്നു എന്നതാണ് ആ സമ്മേളനത്തിന്റെ പ്രാധാന്യം.


ജി.എസ്.ടി കൗണ്‍സില്‍

നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ 30 ശതമാനമായിരുന്നു കോര്‍പറേറ്റ് നികുതി നിരക്കുകള്‍. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അത് 15 ശതമാനമായി കുറഞ്ഞു. അതുവഴിയുണ്ടായ നഷ്ടം പരിഹരിക്കുന്നത് പരോക്ഷ നികുതി വര്‍ധിപ്പിച്ചുകൊണ്ടാണ്. അങ്ങിനെ നികുതി ഭാരം കോര്‍പറേറ്റുകളില്‍ നിന്നും സാധാരണ ജനങ്ങളുടെ ചുമലിലേക്ക് മാറുകയും ചെയ്തു. സമ്പദ്ഘടന നിയന്ത്രണം കോര്‍പറേറ്റുകളില്‍ നിക്ഷിപ്തമാവുകയും കോര്‍പറേറ്റുകളുടെ താല്‍പര്യത്തിനുവേണ്ടി ഭരണകൂടം കേന്ദ്രീകൃത സംവിധാനങ്ങളൊരുക്കുകയും ചെയ്തു.

സംസ്ഥാന നിയമസഭകള്‍കൂടി അംഗീകരിച്ചെങ്കിലേ ജി.എസ്.ടി നടപ്പാക്കാന്‍ കഴിയുകയുള്ളൂ. മറ്റു നിയമങ്ങളെപ്പോെലയല്ല. അത്തരത്തില്‍ ഫെഡറല്‍ ഘടനയെതന്നെ മാറ്റി ഒരു യൂണിറ്ററി സ്റ്റേറ്റ് ആയി മാറി. യഥാര്‍ഥത്തില്‍ ജി.എസ്.ടിയാണ് ഇന്ന് കാണുന്ന കോര്‍പറേറ്റ് കേന്ദ്രീകരണത്തിന്റെ അടിത്തറ. പരോക്ഷ നികുതികളുടെ കേന്ദ്രീകരണമാണ് ജി.എസ്.ടി. ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രമേ അത് സാധ്യമാവൂ. ജി.എസ്.ടി.എന്‍(നെറ്റ്‌വര്‍ക്) എന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് ഇത് കോഡിനേറ്റ് ചെയ്യുന്നത്. ജി.എസ്.ടി വരുന്നതോടുകൂടി ചെറുകിട വ്യാപാരം, പരമ്പരാഗത വ്യവസായം, മീഡിയം സൈസ്ഡ് ഇന്‍ഡസ്ട്രി തുടങ്ങിയവക്ക് സംസ്ഥാനങ്ങള്‍ നല്‍കിയരുന്ന പരിരക്ഷകള്‍ ഇല്ലാതായി. ഓരോ സംസ്ഥാനത്തിനും അകത്ത് നല്‍കിയിരുന്ന പരോക്ഷ നികുതികള്‍ വ്യത്യസ്തമായിരുന്നു. ജി.എസ്.ടിയോടെ ഇതെല്ലാം സംയോജിപ്പിച്ചു. ഇങ്ങിനെ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നികുതി നഷ്ടങ്ങള്‍ ഉണ്ടാകും. അത് പരിഹരിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ രൂപീകരിച്ചത്. ഈ കൗണ്‍സിലാണ് നഷ്ടപരിഹാരം നിര്‍ണയിക്കുകയും നയതീരുമാനമെടുക്കുകയുമൊക്കെ ചെയ്യുക. നഷ്ടപരിഹാരം കണക്കാക്കുന്നത് ജി.എസ്.ടി നടപ്പായ വര്‍ഷത്തിന്റെ മുന്‍പുള്ള വര്‍ഷം സമാഹരിച്ച നികുതിയുമായി താരതമ്യം ചെയ്ത് നികുതി വര്‍ധനവ് ഉണ്ടാകുന്നില്ലെങ്കിലേ നഷ്ടപരിഹാരം നല്‍കുകയുള്ളൂ. 2022 ജൂണ്‍ മാസത്തോടുകൂടി കൗണ്‍സിലിന്റെ കാലവധി അവസാനിക്കും. അതോടുകൂടി നഷ്ടപരിഹാരം ഉണ്ടാകില്ല.


നികുതി ചുമത്തുന്നത് വിലകളുടെ മേല്‍ ആണ്. വില നിര്‍ണയിക്കുന്നത് കോര്‍പറേറ്റുകളാണ്. നവലിബറലിസത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഫലമായാണ് ചരക്കുകളുടെ വില നിര്‍ണയാധികാരം കോര്‍പറേറ്റുകളുടെ കൈകളിലേക്കെത്തിക്കഴിഞ്ഞത്. വിദ്യാഭ്യാസംമായാലും ആരോഗ്യമായാലും ഉല്‍പന്നങ്ങളായാലും വില നിശ്ചയിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ മാറുന്നു. പെട്രോളിയത്തിന്റെയൊക്കെ വില നിര്‍ണയിക്കുന്നത് കമ്പനികളാണല്ലോ. അവര്‍ നിര്‍ണയിക്കുന്ന വിലയുടെ മേല്‍ ആണ് നികുതി വരുന്നത്. വിലവര്‍ധനവന്റെ പ്രധാന കാരണം, നികുതി ഭാരം കൊണ്ടു മാത്രമല്ല, കോര്‍പറേറ്റുകള്‍ വിലനിര്‍ണയിക്കുന്നതുകൊണ്ടുകൂടിയാണ്. അവര്‍ നിര്‍ണയിക്കുന്ന വിലയുടെ മേല്‍ നികുതി വരുമ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാതെ വരും. അതുകൊണ്ട് ഉപഭോഗം വന്‍തോതില്‍ ഇടിഞ്ഞുപോയി.


കേരളം ജി.എസ്.ടിക്ക് പരവതാനി വിരിച്ചപ്പോള്‍

2017 ജൂണ്‍ 30 ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി ഭരണഘടനയുടെ ഫെഡറല്‍ ഘടന അട്ടിമറിച്ചും സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ അധികാരം കവര്‍ന്നെടുത്തും ഇന്ത്യാ ചരിത്രത്തിലെ പുതിയൊരു അധികാരക്കൈമാറ്റത്തിനു വഴിവെച്ച ജി.എസ്.ടി മോദി സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍, അതിനെ ഏറ്റവുമധികം പിന്തുണച്ചത് കേരളത്തിലെ പിണറായി സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കുമായിരുന്നു. മോദി സര്‍ക്കാരുമായി സൗഹാര്‍ദത്തിലായിരുന്ന തമിഴ്‌നാട്ടിലെ എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ വരെ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിയ സന്ദര്‍ഭത്തിലും, സംസ്ഥാന ബജറ്റിനെ പോലും അപ്രസക്തമാക്കിയ ജി.എസ്.ടിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വക്താവായി പിണറായി സര്‍ക്കാര്‍ രംഗത്തു വരികയായിരുന്നു.


ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ ഇത്തരം നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ചാമ്പ്യന്‍മാരായി മാറുന്നതാണ് കാണാന്‍കഴിഞ്ഞത്. സംസ്ഥാനം രക്ഷപ്പെടും എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം ജി.എസ്.ടിയുടെ ഏറ്റവും വലിയ വക്താക്കളായി മാറിയത്. രാജ്യസഭയില്‍ മോദിസര്‍ക്കാരിന്റെ നയങ്ങളെ യെച്ചൂരിയുടെ നേതൃത്വത്തില്‍ എതിര്‍ത്തുപോരുകയായിരുന്നു സി.പി.എം. പക്ഷേ, കേരളത്തില്‍ 2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റതിനെ തുടര്‍ന്ന് പിണറായിയും ധമനന്ത്രി തോമസ് ഐസകും ചേര്‍ന്ന് ജി.എസ്.ടിയുടെ ഏറ്റവും വലിയ വക്തതാക്കളായി മാറുകയും ചെയ്തു. അതോടെ യെച്ചൂരി വെട്ടിലാവുകയും അവസാനം ജി.എസ്.ടിക്ക് അനുകൂലമായി വോട്ട് ചെയ്യേണ്ടിവരികയും ചെയ്തു. സി.പി.എമ്മിന്റെ പാര്‍ട്ടി കേന്ദ്ര നിലപാടുപോലും പിണറായി സര്‍ക്കാരിനുവേണ്ടി മാറ്റേണ്ടിവന്നു.

ജി.എസ്.ടിക്ക് ന്യായീകരണമായി അന്നു പിണറായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്, ജി.എസ്.ടി നടപ്പാക്കുന്ന പക്ഷം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ നികുതി വരുമാന വര്‍ധനവ് നിലവിലെ 10 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയരുമെന്നും കേരളത്തിന്റെ ഏക രക്ഷാമാര്‍ഗം ജി.എസ്.ടി ആണെന്നുമായിരുന്നു. കോര്‍പ്പറേറ്റുകളും അവധി വ്യാപാരക്കുത്തകകളും നിയന്ത്രിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിപണിയിലെ വില വര്‍ധനവിലൂടെ നികുതിഭാരം സാധാരണ ജനങ്ങളുടെ ചുമലിലായാലും, സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ജി.എസ്.ടി വന്‍ വര്‍ധനവുണ്ടാക്കുമെന്നാണ് അന്നത്തെ കേരള ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത്. ഉദാഹരണത്തിന്, ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലോകത്തേറ്റവുമുയര്‍ന്ന ജി.എസ്.ടി നിരക്കുകള്‍ ഇന്ത്യയിലാണെന്നും ഭക്ഷ്യവിലകള്‍ പോലും ജനങ്ങള്‍ക്കു താങ്ങാവുന്നതിലും അധികമായി വര്‍ധിക്കുമെന്നും അതു വലിയ വിലക്കയറ്റത്തിനു കാരണമാകുമെന്നും, ആയതിനാല്‍ ജി.എസ്.ടി നിരക്കുകള്‍ 18 ശതമാനത്തില്‍ കൂടരുതെന്ന് മോദിയുടെ അന്നത്തെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തപ്പോള്‍, ജി.എസ.്ടി 22 ശതമാനം വരെ വര്‍ധിപ്പിച്ച് സംസ്ഥാന വരുമാനം വര്‍ധിപ്പിക്കണമെന്ന് ജി.എസ.്ടി ഉന്നതാധികാര സമിതിയില്‍ ശക്തമായി വാദിക്കുകയായിരുന്നു അന്ന് ഐസക്ക്.


ജി.എസ്.ടിയെ സംബന്ധിച്ച് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുള്ള കണക്കുകള്‍ പരിശോധിച്ച് ഒരു സ്വയം വിമര്‍ശനത്തിനെങ്കിലും സംസ്ഥാന ഭരണം തയ്യാറാകണം. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ കണക്ക് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്‍ പ്രകാരം, ഉപഭോക്തൃ സംസ്ഥാനമാണെന്ന അവകാശ വാദത്തിനൊന്നും ഒരടിസ്ഥാനവുമില്ലായിരുന്നു എന്നും വ്യാപാരം കുറഞ്ഞതിന്റെ പേരില്‍, കേരളത്തിനു കിട്ടിയ ജി.എസ്.ടി നഷ്ടപരിഹാരം പോലും താരതമ്യേന വളരെ കുറവായിരുന്നു എന്നുമാണ്. ഉദാഹണമായി, ജി.എസ്.ടി നടപ്പായ 2017-18 സാമ്പത്തിക വര്‍ഷത്തിനും 2021-22 സാമ്പത്തിക വര്‍ഷത്തിനുമിടയില്‍ കേരളത്തിന് ആകെ കിട്ടിയ ജി.എസ്.ടി നഷ്ടപരിഹാരം 20,808 കോടി രൂപയായിരുന്നെങ്കില്‍, മഹാരാഷ്ട്ര, കര്‍ണാടകം, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം 60,094 കോടി രൂപ, 54,265 കോടി രൂപ, 40,025 കോടി രൂപ, 30,554 കോടി രൂപ വീതം ലഭിക്കുകയുണ്ടായി.

കേരളത്തിന്റെ പൊതുകടം ഇരട്ടിയായി

1956 മുതല്‍ 2016 വരെയുള്ള ആറ് ദശാബ്ദക്കാലം-ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിരിഞ്ഞുപോകുന്നതു വരെ കേരളത്തിന്റെ മൊത്തം പൊതുകടം 1, 56,000 കോടി ആയിരുന്നു. പിണറായി സര്‍ക്കാര്‍ വന്ന് ആദ്യ അഞ്ചുവര്‍ഷത്തില്‍തന്നെ അത് ഇരട്ടിയായയി. അറുപത് വര്‍ഷംകൊണ്ട് സംസ്ഥാനത്തിനുണ്ടായ പൊതുകടത്തിന്റെ ഇരട്ടി അഞ്ച് വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായി. താരതമ്യേന റവന്യുവില്‍ അത്രമാത്രം ഇടിവ് സംഭവിച്ചു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഇത്തരം പ്രതിസന്ധികള്‍ കേരളത്തെ കടക്കെണിയിലേക്ക് നയിച്ചു. പൊതുകടം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്ന് റിസര്‍വ് ബാങ്കിന്റെ ഒരു പഠനം അടുത്തിടെ വന്നിരുന്നു. ശ്രീലങ്കക്ക് സമാനമായ ഒരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്നൊക്കെയുള്ള നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. അത്രമാത്രം പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത്. ഇതിന്റെ ഒരു പ്രധാന കാരണം ജി.എസ്.ടി നടപ്പാക്കിയതാണ്.


വലിയൊരു വിനാശകരമായ അവസ്ഥയിലേക്കാണ് കേരളം പോകുന്നത്. ജി.എസ്.ടി നടപ്പാക്കിയതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകളുടെ പ്രസക്തി നഷ്ടപ്പെട്ടുതുടങ്ങി. പെട്രോളിയത്തിന്റെയും മദ്യത്തിന്റെയും നികുതി ഒഴിച്ച് ബാക്കിയെല്ലാം നിയന്ത്രിക്കുന്നത് കേന്ദ്രമാണ്. നികുതി പിരിവിന്റെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈകളിലാവുകയും സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുകയും ചെയ്യുന്ന സംവിധാനമായി മാറി. കച്ചവടത്തിന്റെയും സാമ്പത്തിക ഇടപാടിന്റെയും അടിസ്ഥാനത്തിലാണ് നികുതി വിഹിതം നല്‍കുന്നത്. കേരളത്തില്‍ ജി.എസ്.ടി.ക്കു മുന്‍പുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ നികുതി വിഹിതം കുറവാണെന്നു കാണാം. 5, 12, 18, 28 എന്നിങ്ങനെയാണ് നിരക്കുകള്‍. ഏറ്റവും ഉയര്‍ന്നത് 28 ശതമാനമാണ്. ആഡംബര വസ്തുക്കള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നികുതി എന്നൊക്കെയാണ് ചട്ടമെങ്കിലും ഫലത്തില്‍ സംഭവിച്ചത് സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ മേലിലും നികുതി വര്‍ധിച്ചു. സേവന മേഖലകള്‍ നികുതിയുടെ പരിധിയില്‍ വന്നു. നികുതി ഭാരം വര്‍ധിച്ചതോടെ ഉപഭോഗം കുറഞ്ഞു.

കേരളത്തില്‍ ഉപഭോഗത്തില്‍ ഉണ്ടായ കുറവ് നികുതി വരുമാനത്തിലും പ്രകടമായി. ഉല്‍പന്നങ്ങളുെട വിലവര്‍ധിക്കുന്നതിന്റെ നേട്ടം സര്‍ക്കാരിന് കിട്ടുന്നില്ല. ഇവിടെയാണ് തോമസ് ഐസക്കിന്റെ വാദം പൊളിഞ്ഞുപോയത്. അദ്ദേഹം അന്ന് പറഞ്ഞത്, കേരളം ഉപഭോഗ സംസ്ഥാനമാണ്, മൂന്നില്‍ രണ്ട് സേവന മേഖലയായുള്ള സമ്പത്ത്ഘടന ആയതുകൊണ്ട് സംസ്ഥാനത്തിന് നേട്ടം ഉണ്ടാകുമെന്നാണ്. പക്ഷേ സംഭവിച്ചത്, സേവനമേഖലയിലും നികുതി ചുമത്തുന്നത് കേന്ദ്രീകൃതമായതുകൊണ്ട് അത് കേന്ദ്രത്തിനുപോവുകയും സംസ്ഥാനങ്ങള്‍ക്ക് വിഹിതം മാത്രമായി മാറുകയും ചെയ്തു. ഫലത്തില്‍ വിലവര്‍ധവ് ഉണ്ടാവുകയും നികുതി വര്‍ധനവ് കാര്യമായി ഉണ്ടായതുമില്ല. ഉണ്ടായതിന്റെ വിഹിതം തന്നെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തില്ല. മറ്റു സംസ്ഥാനങ്ങളെ വെച്ചു നോക്കുമ്പോള്‍ കേരളത്തിന് മൂന്നിലൊന്ന് നഷ്ടപരിഹാരം മാത്രമേ കിട്ടുന്നുള്ളൂ. കാരണം, ഉപഭോഗ സംസ്ഥാനമായിട്ടും കച്ചവടം കാര്യമായി നടന്നിട്ടില്ല എന്നതാണ്. കച്ചവടത്തിന്റെ അളവ് കുറഞ്ഞപ്പോള്‍ നഷ്ടപരിഹാരത്തിന്റെ അളവും കുറഞ്ഞു.

ചുരുക്കത്തില്‍, കേരള സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ക്ക് കടക വിരുദ്ധമാണ് സംസ്ഥാനത്തിന്റെ സ്ഥിതിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വളരെ വൈകിയെങ്കിലും, രണ്ടാം ലോകയുദ്ധാനന്തരം ലോകത്ത് ആവിര്‍ഭവിച്ചിട്ടുള്ള ഏറ്റവും പ്രതിലോമകരമെന്ന് വിശേഷിക്കപ്പെടുന്ന ജി.എസ്.ടിയുടെ വക്കാലത്തേറ്റെടുത്തത് അങ്ങേയറ്റത്തെ രാഷ്ടീയസാമ്പത്തിക പരാജയമായിരുന്നുവെന്ന് തുറന്നു സമ്മതിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുകയാണു വേണ്ടത്.

ആഗോളതലത്തില്‍ സംഭവിക്കുന്നത്

ജി.എസ്.ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ ധന പ്രതിസന്ധി പരിഹാരിക്കാനായിരുന്നില്ല, അതിന്റെ അജണ്ട ആഗോളമായിരുന്നു. നികുതി മേഖലയിലുണ്ടായ നവലിബറല്‍ പരിഷ്‌കാരമാണ് ജി.എസ്.ടി. അതാകട്ടെ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ആശ്രിതരായി മാറുകയും കോര്‍പറേറ്റുകള്‍ സമ്പദ്ഘടനയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് വിഭവ സമാഹരണ അധികാരവും അതിന്റെ മുന്‍ഗണനക്രമവും നഷ്ടപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ നികുതി പരിഷ്‌കാരമാണ് ജി.എസ്.ടി. എല്ലാ ആഫ്രോ ഏഷ്യന്‍-ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും അത് നടപ്പായി; അമേരിക്കയൊഴിച്ച്. അമേരിക്കയില്‍ ജി.എസ്.ടി ഇല്ല. അമേരിക്കയാണ് ലോകം മുഴുവന്‍ ജി.എസ്.ടിയുടെ വക്താക്കളായി രംഗത്തുണ്ടായിരുന്നത്. എന്നിട്ടും അവര്‍ അത് നടപ്പാക്കാതിരുന്നത് അമേരിക്കയില്‍ ഫെഡറല്‍ സിസ്റ്റം ആയതുകൊണ്ടാണ്. അമേരിക്കയില്‍ പ്രത്യക്ഷ നികുതികള്‍ മാത്രമാണ് കേന്ദ്രത്തിന്റെതായി ഉള്ളത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ അധികാരം ഇന്‍കം ടാക്‌സും കോര്‍പറേറ്റ് ടാക്‌സും മാത്രമേ ഉളളൂ. സംസ്ഥാനങ്ങളുടെ പരോക്ഷ നികുതിയുടെ ഒന്നിലും കൈകടത്താനുള്ള അധികാരം കേന്ദ്രത്തിന് ഇല്ല. ജി.എസ്.ടി നടപ്പാക്കിയാല്‍ അമേരിക്കയുടെ ഫെഡറല്‍ സംവിധാനംതന്നെ തകരുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.


മലേഷ്യ ജി.എസ്.ടി നടപ്പാക്കി, പിന്നീട് പിന്‍വലിക്കേണ്ടി വന്നു. 2015 ല്‍ മലേഷ്യ ജി.എസ്.ടി നപ്പാക്കിയതിനെ തുടര്‍ന്ന് സമ്പദ്ഘടന തകര്‍ന്നു. ചരക്ക്-സേവന വില വര്‍ധിച്ചു. മൂന്നില്‍ രണ്ടുഭാഗം ജനങ്ങളുടെ ഉപഭോഗം ഇടിഞ്ഞു. അവരുടെ ക്രയശേി തകര്‍ന്നു. ഇപ്പോള്‍ ആസ്‌ട്രേലിയയില്‍ കാണുന്ന അസന്തുലിതാവസ്ഥക്ക് കാരണം ജി.എസ്.ടി ആണ്. അവിടെ സമ്പന്നരുടെ ആഡംബര വസ്തുക്കള്‍ക്ക് നികുതി കുറക്കുകയും സാധാരണക്കാരന്റെ ഉപഭോഗ വസ്തുക്കള്‍ക്ക് നികുതി വര്‍ധിക്കുകയും ചെയ്തു. ഇത്തരത്തില്‍ വലിയ പ്രശ്‌നങ്ങള്‍ പല രാജ്യങ്ങളിലും ജി.എസ.ടിയുടെ ഫലമായി ഉണ്ടായതായി കാണാന്‍ കഴിയും.

TAGS :