Quantcast
MediaOne Logo

ഫസ്ന പനമ്പുഴ

Published: 25 Sep 2023 5:40 AM GMT

ഹര്‍ദീപ് സിങ് നിജ്ജാര്‍: അപകടകാരി ആയിരുന്നു അയാള്‍

കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യയും കാനഡയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം
X


ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിഖുകാര്‍ താമസിക്കുന്ന രാജ്യമാണ് കാനഡ. ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ ഉപരി പഠനം നടത്തുന്ന കാനഡയില്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധിപേരാണ് പഠനത്തിനും ജോലിക്കുമായി കുടിയേറിയിട്ടുളളത്. എന്നാല്‍, ഇന്ത്യ- കാനഡ ബന്ധത്തിലെ ഉലച്ചിലാണ് മാധ്യമങ്ങളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രധാന ചര്‍ച്ച. 'റോ' യുടെ ഉന്നത ഉദ്യോഗസ്ഥനെ കാനഡയും നയതന്ത്ര പ്രതിനിധിയായ ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യയും പുറത്താക്കുന്നത് വരെയെത്തി കാര്യങ്ങള്‍.

കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഖലിസ്ഥാന്‍ തീവ്രവാദിനേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇരു രാജ്യങ്ങളുടെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. ആരാണ് ഈ ഹര്‍ദീപ് സിങ് നിജ്ജാര്‍? അയാളുടെ കൊലപാതകം എങ്ങനെയാണ് രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വിതക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

2020ല്‍ ഭീകരനായി പ്രഖ്യാപിച്ച് യു.എ.പി.എ ചുമത്തിയ നിജ്ജാറിന്റെ ഇന്ത്യയിലെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. തുടര്‍ന്ന് 2022ല്‍ പഞ്ചാബിലെ ഒരു ഹിന്ദു സന്യാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നിജ്ജാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ പിടികിട്ടാപ്പുളളികളായ 40 ഭീകരരുടെ പട്ടികയിലും നിജ്ജാറിനെ ഉള്‍പ്പെടുത്തിയിരുന്നു.

നിരോധിത ഖലിസ്ഥാന്‍ സംഘടനയായ, സിഖുകാര്‍ക്ക് സ്വന്തം രാജ്യം വേണമെന്ന് വാദിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ മേധാവി, ഇന്ത്യന്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം തലയ്ക്ക് വിലയിട്ട കൊടുംഭീകരന്‍ എന്നൊക്കെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാനാവുക. ജലന്ധറിലെ ഭര്‍സിങ്പുര നിവാസിയായ നിജ്ജാര്‍ 1997ല്‍ പ്ലംബര്‍ ജോലിയുമായി ബന്ധപ്പെട്ടാണ് കാനഡയില്‍ എത്തുന്നത്. അവിടെവെച്ച് ഹര്‍ദീപ് സിങ്ങ്, ഖല്‍സ ഇന്റര്‍നാഷണല്‍ എന്ന ഭീകരസംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവനാകുന്നത്. 2007ല്‍ ലുധിയാനയില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനക്കേസിലെ പ്രതിയാണ് നിജ്ജാര്‍. 2016ല്‍ ശിവസേന നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പഞ്ചാബ് പൊലീസ് നിജ്ജാറിനെതിരെ കേസെടുത്തിട്ടുണ്ട്. 2020ല്‍ ഭീകരനായി പ്രഖ്യാപിച്ച് യു.എ.പി.എ ചുമത്തിയ നിജ്ജാറിന്റെ ഇന്ത്യയിലെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. തുടര്‍ന്ന് 2022ല്‍ പഞ്ചാബിലെ ഒരു ഹിന്ദു സന്യാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നിജ്ജാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ പിടികിട്ടാപ്പുളളികളായ 40 ഭീകരരുടെ പട്ടികയിലും നിജ്ജാറിനെ ഉള്‍പ്പെടുത്തിയിരുന്നു


കാനഡയില്‍ സിഖ് തീവ്രവാദ പരിപാടികളുമായി സജീവമായ നിജ്ജാറിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍. കഴിഞ്ഞ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് നിജ്ജാര്‍ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സുര്‍റയിലെ ഗുരുനാനാക്ക് ഗുരുദ്വാരയുടെ മുന്നില്‍ വെച്ച് സ്വന്തം പിക്കപ്പ് വാനില്‍ വെടിയേറ്റ നിലയിലാണ് നിജ്ജാറിനെ കണ്ടെത്തിയത്. അക്രമികളുടെ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ നിജ്ജാര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 15 ബുളളറ്റുകളാണ് നിജ്ജാറിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. അതിനിടെയാണ്

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിശ്വസനീയമായ ആരോപണം കാനഡയുടെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുകയാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ അവരുടെ പാര്‍ലമെന്റിനെ അറിയിച്ചത്. പിന്നാലെ റോയുടെ ഉന്നത ഉദ്യോഗസ്ഥനായ പവന്‍കുമാര്‍ റായിയെ കാനഡ പുറത്താക്കി. ഇതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര ഭിന്നതകള്‍ രൂക്ഷമായത്.

ജസ്റ്റിന്‍ ട്രൂഡോയുടെ വാദങ്ങള്‍ തളളിക്കളഞ്ഞ ഇന്ത്യ, കാനഡയുടെ ഹൈക്കമീഷണറെ വിദേശകാര്യ മന്ത്രാലയ ഓഫിസിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പിന്നാലെ കാനഡയുടെ ഇന്റലിജന്‍സ് സര്‍വീസ് തലവനെ പുറത്താക്കി. വളരെവേഗം രാജ്യം വിടാനും നിര്‍ദേശിച്ചു. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതും നിര്‍ത്തിവെച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്ന ഖലിസ്ഥാന്‍ പോലുള്ള ഭീകരസംഘടനകളെ കാനഡ പരസ്യമായി പിന്തുണക്കുകയാണെന്നും വിദേശത്ത് നടന്ന കൊലപാതകത്തെ തങ്ങളുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നുമാണ് ഇന്ത്യ നടത്തിയ പ്രതികരണവും.

നയതന്ത്ര ഭിന്നതകള്‍ രൂക്ഷമായ സാഹചര്യചര്യത്തില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ചര്‍ച്ചകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷമാകാം ചര്‍ച്ചകള്‍ എന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം ഈ വിഷയം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ വിദ്യാര്‍ഥികളെയും കാനഡയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെയുമായിരിക്കും എന്നതാണ് പ്രധാന ആശങ്ക.

ഖലിസ്ഥാന്‍ വിഷയത്തില്‍ കാനഡയുടെ മൃദുസമീപനം ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല. നേരത്തെ ഖലിസ്ഥാന്‍ വാദികളായ സിഖുകാരെ നിയന്ത്രിക്കാന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറായപ്പോള്‍ കാനഡ അതിനോട് അയഞ്ഞനിലപാടാണ് സ്വീകരിച്ചത്. കൂടാതെ ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായി അധികാരമേറ്റ 2015ല്‍ നാല് സിഖ് വംശജരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കാനഡയുടെ നാല് ശതമാനത്തോളം ഇന്ത്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത സിഖുകാരാണ്. അതായത് ആകെ ജനസംഖ്യയുടെ 2.1 ശതമാനവും സിഖ് വംശജര്‍.

പാര്‍ലമെന്റില്‍ വേണ്ടത്ര ആള്‍ബലമില്ലാത്ത ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി കനേഡിയന്‍ സിഖ് നേതാവായ ജഗ് മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്‍ബലത്തിലാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ നിജ്ജാറിന്റെ കൊലപാതകത്തിലെ ട്രൂഡോയുടെ പ്രതികരണം വെറുതെയല്ല. തങ്ങളുടെ മണ്ണില്‍ വെച്ച് കനേഡിയന്‍ പൗരനെ വിദേശ സര്‍ക്കാര്‍ ഇടപെട്ട് കൊലപ്പെടുത്തുന്നത് തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് കൂടി ട്രൂഡോ പറഞ്ഞുവെച്ചിട്ടുണ്ട്. ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെ ആശങ്ക അറിയിച്ച് അമേരിക്കയും ആസ്‌ത്രേലിയയും രംഗത്തെത്തിയിട്ടുണ്ട്. നയതന്ത്ര ഭിന്നതകള്‍ രൂക്ഷമായ സാഹചര്യചര്യത്തില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ചര്‍ച്ചകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷമാകാം ചര്‍ച്ചകള്‍ എന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം ഈ വിഷയം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ വിദ്യാര്‍ഥികളെയും കാനഡയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെയുമായിരിക്കും എന്നതാണ് പ്രധാന ആശങ്ക.


TAGS :