Quantcast
MediaOne Logo

ഹിച്ച്‌കോക്കിന്റെ സൈദ്ധാന്തിക ആക്രമണങ്ങളും തിരൂരങ്ങാടിയിലെ പൊലീസ് ഭീകരതയും

മലബാര്‍ ചരിത്രഗവേഷണം ഹിച്ച് കോക്കിന്റെ ദൗത്യത്തിന്റെ ഭാഗമായിരുന്നില്ല. വടക്കന്‍ കേരളത്തിലെ മാപ്പിളമാരെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലെ മാപ്പിളമാര്‍ എന്തുകൊണ്ടാണ് കലാപാസക്തരായത് എന്നതിന് അവരെ അടിച്ചമര്‍ത്താന്‍ മുമ്പില്‍ നിന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഭരണകൂടത്തിന് മുമ്പില്‍ വിശദീകരണം നല്‍കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. അതിന് അനുയോജ്യമായ യുക്തികള്‍ കണ്ടെത്തുവാന്‍ വേണ്ടിമാത്രം ചരിത്രത്തില്‍ നിന്ന് തക്കതായ വസ്തുതകള്‍ തോണ്ടിയെടുക്കുന്ന കൃത്യമാണ് ഹിച്ച് കോക്ക് നടത്തിയത്. 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും' : ഭാഗം-07

ഹിച്ച്‌കോക്കിന്റെ സൈദ്ധാന്തിക ആക്രമണങ്ങളും തിരൂരങ്ങാടിയിലെ പൊലീസ് ഭീകരതയും
X
Listen to this Article

ഏറനാടന്‍, വളളുവനാടന്‍ മാപ്പിളമാരുടെ സ്വഭാവ ചിത്രീകരണത്തില്‍ വില്യം ലോഗന്റെ നിഗമനങ്ങള്‍ക്ക് 1921 ലെ സാഹചര്യത്തില്‍ അമിത പ്രാധാന്യം നല്‍കേണ്ടതില്ല എന്ന വാദമുന്നയിച്ചുകൊണ്ട് മാപ്പിളമാരുടെ 'സഹജസ്വഭാവ'ത്തെ ഒരു പുതിയ പരിപ്രേക്ഷ്യം വളരെ വിദഗ്ധമായി പടച്ചുണ്ടാക്കാനാണ് മലബാര്‍ സമര ചരിത്രത്തെക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ടിലും പിന്നീട് പുസ്തകരൂപത്തില്‍ Peasant Revolted in Malabar. 1921 എന്ന തലക്കെട്ടോടെ പുറത്തുവന്ന ചരിത്രകൃതിയിലും ഹിച്ച്‌കോക്ക് പരിശ്രമിക്കുന്നത്.

തന്റെ വാദങ്ങള്‍ക്ക് ഉപോല്‍ബലകമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, മാപ്പിളമാരുടെ ശബ്ദം ഇപ്പോള്‍ മറ്റുള്ളവരെ കേള്‍പ്പിക്കുന്നതും ഹിന്ദുക്കളുടെ പിന്തുണയാര്‍ജിക്കുന്നതുമെല്ലാം തീരദേശത്തെ മാപ്പിളമാരാണെന്നും എന്നാല്‍, ഉള്‍നാടന്‍ മാപ്പിളമാരെക്കുറിച്ച് അവര്‍ക്ക് കാര്യമായി യാതൊന്നുമറിയില്ല എന്നുമുള്ള സംഗതിയാണ്. പട്ടണങ്ങളിലെ മാപ്പിളമാര്‍ ഉള്‍ഗ്രാമങ്ങളിലധിവസിക്കുന്ന മാപ്പിളമാരുടെ കാര്യങ്ങളറിയാന്‍ ഒട്ടും തല്‍പരരുമല്ല എന്നാണ് ഹിച്ച്‌കോക്കിന്റെ നിരീക്ഷണം.73 മലബാറിലെ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതാക്കളെയാണ് ഈ പരാമര്‍ശത്തിലൂടെ ഹിച്ച് കോക്ക് ഉന്നം വെക്കുന്നത് എന്ന് വ്യക്തമാണ്. തുടര്‍ന്ന് വരുന്ന രണ്ടു പരാമര്‍ശങ്ങളില്‍ ഈ വാദത്തിന്റെ മറ്റൊരു വശം കൂടി ഹിച്ച്‌കോക്ക് വെളിപ്പെടുത്തുന്നുണ്ട്. 'മുന്‍കാലത്തുണ്ടായ പൊട്ടിത്തെറികളുടെ ഫലമായുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു പുറമെ, 1921 ലെ കലാപത്തില്‍ രാഷ്ട്രീയപ്രക്ഷോഭം എന്ന ഒരു പുതിയ ഘടകം കൂട്ടിച്ചേര്‍ക്കപ്പെട്ടു' വെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. മറ്റൊരിടത്ത്, ഏറനാടന്‍ മാപ്പിളയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ അദ്ദേഹം ചില ഉദാഹരണങ്ങള്‍ വരച്ചുകാട്ടുന്നു. 'കോഴിക്കോട്ട് ഒരു പ്രഭാഷണം കേട്ടിരിക്കുന്ന മാപ്പിളസദസ്യര്‍ ആവേശം മൂത്ത് അവരുടെ വസ്ത്രങ്ങള്‍ തീയിലിട്ടു കരിക്കാന്‍ തയ്യാറായേക്കാം. അതേ പ്രഭാഷണം ഏറനാട്ടിലാണ് നടത്തുന്നതെങ്കില്‍ മാപ്പിളമാര്‍ മെല്ലെ സദസ്സില്‍ നിന്നെണീറ്റുപോയി വാളുണ്ടാക്കാന്‍ തുടങ്ങും. മദ്രാസിലെ വളണ്ടിയര്‍മാര്‍ക്ക് തയ്യല്‍കാരനില്‍ നിന്നും തയ്പിച്ചെടുത്ത അവരുടെ യൂണിഫോമും അവര്‍ വിലകൊടുത്ത് വാങ്ങുന്ന വാളും ഒരലങ്കാരത്തിന്നുള്ളത് മാത്രമാണ്. എന്നാല്‍, അളവും പാകവുമൊന്നും ചേരാത്ത തരത്തില്‍ വീട്ടില്‍ തന്നെ തുന്നിയെടുത്ത യൂണിഫോമണിഞ്ഞു നടക്കുന്ന മാപ്പിള വളണ്ടിയര്‍മാര്‍ പ്രാദേശികമായി നിര്‍മിച്ച വാളും പിടിച്ചു നടക്കുന്നത് അലങ്കാരത്തിനല്ല, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ്. 74 ഇങ്ങിനെ രസകരമായ പല നിരീക്ഷണങ്ങളും ഹിച്ച്‌കോക്ക് നടത്തുന്നുണ്ട്. പട്ടണങ്ങളിലെ ഖിലാഫത്ത്-നിസ്സഹകരണ നേതാക്കള്‍ക്ക് ഗ്രാമങ്ങളിലെ മാപ്പിളമാരുടെ ഉള്ളറിയില്ല എന്നും അവരുടെ ആവേശകരമായ പ്രഭാഷണങ്ങള്‍ മാപ്പിളമാരില്‍ എന്ത് തരത്തിലുള്ള പ്രതികരണങ്ങളുണ്ടാക്കുന്നത് എന്നതിനെ സംബന്ധിച്ച് യാതൊരു ധാരണയും അവര്‍ക്കില്ലായിരുന്നുവെന്നും സ്ഥാപിക്കാന്‍ വേണ്ടി മാത്രമല്ല ഇത്തരം നിരീക്ഷണങ്ങള്‍ ഹിച്ച് കോക്കിന്റെ വിവരണങ്ങളില്‍ ഇടം പിടിക്കുന്നത്. സ്വന്തമായി ചിന്തിക്കാനോ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാനോ ആവശ്യമായ ബൗദ്ധിക ശേഷിയില്ലാത്ത മാപ്പിളമാരുടെ 'വംശഗുണത്തെ' വരച്ചുണ്ടാക്കുക എന്ന സാമ്രാജ്യത്വ ദൗത്യമാണ് ഹിച്ച്‌കോക്ക് ഭംഗിയായി നിറവേറ്റുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അധഃസ്ഥിത ജാതികളുടെ കര്‍തൃത്ത്വശേഷിയെ പൂര്‍ണ്ണമായും നിഷേധിക്കുന്ന സാമ്രാജ്യത്വ ഭരണകൂടത്തിന്റെ വംശീയ കാഴ്ചപ്പാട് തന്നെയാണ് ഹിച്ച് കോക്കിന്റെ വിവരണങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നത്. ചെറുമക്കളുടെ മതപരിവര്‍ത്തനത്തിലടങ്ങിയ വിമോചനാത്മക വശത്തെ കുറിച്ചുള്ള ലോഗന്റെ പ്രസ്താവവും ഹിച്ച്‌കോക്കിന്റെ പ്രസ്താവവും തമ്മിലുള്ള വ്യത്യാസത്തില്‍ നിന്നും ഇത് വായിച്ചെടുക്കാവുന്നതാണ്. 'മലബാര്‍ ജില്ലയിലെ ഏറ്റവുമധികം മാപ്പിള ജനസംഖ്യയുള്ള ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ മുസ്‌ലിം മതത്തിലേക്കുള്ള ഹിന്ദുക്കളുടെ മതംമാറ്റത്തെ മുഖ്യമായുള്ള മൂന്നു താലൂക്കുകളിലെ അടിയാളവര്‍ഗത്തെ അവരുടെ മുന്‍കാല സാമൂഹ്യബന്ധങ്ങളില്‍ നിന്ന് വിടര്‍ത്തിയെടുക്കുന്നു. മതം മാറ്റം നടത്തുന്ന ചെറുമര്‍ സാമൂഹ്യതലത്തില്‍ രായ്ക്കുരാമാനം അസ്പൃശ്യരല്ലാതാവുന്നു. അയാള്‍ മനുഷ്യനായി അംഗീകരിക്കപ്പെടുന്നു. മതംമാറിയ ആളെ ഭീഷണിപ്പെടുത്തുകയോ ദ്രോഹിക്കുകയോ ചെയ്താല്‍ മൊഹമ്മദന്‍ സമൂഹം ഒന്നടങ്കം അയാളുടെ രക്ഷക്കെത്തും.


മുസ്‌ലിം സമുദായത്തിലെ മതാന്ധതകള്‍ ചുട്ടുനീറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് മതംമാറിയ തന്റെ അടിമയെ ഒരു രക്തസാക്ഷിയാക്കാന്‍ എത്ര പ്രബലനായ ജന്മിയും ധൈര്യപ്പെടുകയില്ല എന്നാണ് ലോഗന്‍ നിരീക്ഷിക്കുന്നത്. (151,152,153) 1856-57 ല്‍ മലബാറിലെ കണക്കാക്കപ്പെട്ട ജനസംഖ്യയില്‍ (16,02,914) 8,87,812 പേര്‍ അടിയാളരായിരുന്നുവെന്നാണ് ലോഗന്‍ നല്‍കുന്ന സ്ഥിതി വിവരണക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.75 ഈ വിവരണത്തില്‍ അടിയാളര്‍ എന്ന അവസ്ഥയില്‍ നിന്നുള്ള മോചനമാണ് ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ മുഖ്യപ്രചോദനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മതപരിവര്‍ത്തനം അടിയാളരെ സ്വത്തുടമസ്ഥരാക്കിയില്ലെങ്കിലും അവരില്‍ വലിയ തോതിലുള്ള സംഘബോധം കരുപ്പിടിക്കാന്‍ അത് കാരണഭൂതമായിയെന്നും ലോഗന്റെ വിവരണത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. അടിയാള വിഭാഗത്തിന്റെ കൂട്ടത്തോടെയുള്ള പരിവര്‍ത്തന പ്രവണതകളില്‍ അന്തര്‍ഭവിച്ച സാമൂഹ്യ കലാപത്തിന്റെയും സ്വയം സംഘാടനത്തിന്റെ ഉള്‍പ്രേരണകളെ അപ്രധാനമായി കാണുന്ന തരത്തിലാണ് ഹിച്ച് കോക്കിന്റെ വിശകലനങ്ങള്‍ മുന്നോട്ടു പോവുന്നത്. അതിനു പകരം, ഉടമകളുടെയോ നാടുവാഴികളുടെയോ നിര്‍ദേശത്തിനും നിര്‍ബന്ധത്തിനും വിധേയരായി മതം മാറുന്ന ചെറുമരെയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാര്‍ മലബാറിലെ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരായിരുന്നു. ഹിന്ദുക്കള്‍ക്കും മാപ്പിളമാര്‍ക്കുമിടയിലെ അസ്വാരസ്യം വള്ളുവനാട് രാജാവിന്റെ ചില നടപടികള്‍ കാരണം വര്‍ധിച്ചുവന്നു. ഏറനാട്ടില്‍ സാമൂതിരിയുടെ ബലം മാപ്പിളമാരാണെന്ന് കണ്ട വള്ളുവനാട് രാജാവ് തന്റെ രാജ്യത്തെ ചെറുമക്കളെ കൂട്ടമായി മതപരിവര്‍ത്തനത്തിന് വിധേയരാക്കി. സാമൂതിരിയോടു കിടപിടിക്കുകയെന്നതായിരുന്നു വള്ളുവനാട് രാജാവിന്റെ ഉദ്ദേശം.

'ബൗദ്ധികമായ അവരുടെ താഴ്ന്ന നിലവാരവും ഇത്രയും കാലം അവരനുഭവിച്ച അടിമത്തവും പുതിയ മതത്തെക്കുറിച്ച് പഠിപ്പിച്ചു കൊടുക്കാന്‍ അറിയുന്ന ആളുകളുടെ അഭാവവും മതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ പോലും പറ്റാത്ത തരത്തില്‍ കഴിവുകെട്ടവരുമായ ഈ വംശത്തെ അതിവേഗം പ്രകോപിതരാക്കുവാനും മതഭ്രാന്തിനും അരാജകത്വത്തിനും വംശവദരാക്കുവാനും എളുപ്പമായിരുന്നു. അതിനു പുറമെ ഇവര്‍ക്ക് ഭൂസ്വത്തുമുണ്ടായിരുന്നില്ല.' 76 എന്നാണ് ഹിച്ച്‌കോക്കിന്റെ വിശകലനം. ഇപ്രകാരം സ്വന്തമായി ചിന്തിച്ച് തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത ഒരു വംശത്തെയാണ് ഖിലാഫത്ത്-നിസ്സഹകരണരാഷ്ട്രീയം തീകൊളുത്തിവിട്ടത് എന്ന വാദമുഖത്തെ ബലപ്പെടുത്താനാവശ്യമായ 'വസ്തുത'കള്‍ ചരിത്രത്തില്‍ നിന്ന് കണ്ടെത്തുകയെന്ന കൃത്യമാണദ്ദേഹം നിര്‍വഹിക്കുന്നത്.

ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ, 1857 ലെ പട്ടാളലഹളയുടെ കാലത്ത് തലശ്ശേരിയില്‍ ഒരു മാപ്പിള, വെള്ളക്കാരില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കണമെന്ന് തെരുവിലൂടെ നടന്ന് വിളിച്ചു പറഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ട വിവരം വില്യം ലോഗന്‍ പ്രത്യേക പ്രാധാന്യം നല്‍കി വിവരിച്ചിട്ടുണ്ട്. 1857 സെപ്തംബര്‍ മൂന്നിന് വഞ്ചി കൂടോരത്ത് കുഞ്ഞിമായന്‍ എന്ന ഒരു മാപ്പിളയെ അറസ്റ്റ് ചെയ്ത സംഭവം പ്രത്യേക വിശദീകരണമര്‍ഹിക്കുന്നു. 'ശിപായി ലഹള ഇന്ത്യയെ ക്ഷുഭിതമാക്കുന്ന കാലമായിരുന്നു അത്. തലശ്ശേരിയില്‍ പൊതുനിരത്തിലിറങ്ങി രാജ്യദ്രോഹകരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ച്, കാഫിര്‍മാരില്‍ നിന്ന് (വെള്ളക്കാരില്‍ നിന്ന്) രാജ്യത്തെ മോചിപ്പിക്കാമമെന്ന് വിളിച്ചുപറഞ്ഞ കുറ്റം ചുമത്തിയാണ് കുഞ്ഞിമായനെ അറസ്റ്റു ചെയ്തത്.


ശിപായിലഹള പൊട്ടിപ്പുറപ്പെട്ടത് കൊണ്ടും ഭക്ഷ്യക്ഷാമം മൂലവും രാജ്യം അത്യധികം അസംതൃപ്തി കൊണ്ട നാളുകളായിരുന്നു അത്. മായന്റെ പ്രചരണം ജനങ്ങള്‍ക്കിടയില്‍ ഉണര്‍ത്തിവിട്ട വികാരവിക്ഷോഭങ്ങളുടെ വ്യാപ്തി സംസ്ഥാനത്തിന്റെ ബിഗ്രേഡിങ് കമാന്റര്‍ സ്വീകരിച്ച ശക്തമായ കരുതല്‍ നടപടികൊണ്ട് മനസ്സിലാക്കാം. കണ്ണൂരും തലശ്ശേരിയും രക്ഷാസന്നാഹങ്ങളുടെ ഭാഗമായി പ്രതിരോധാവസ്ഥയില്‍ കൊണ്ടുവന്നു. സമാന സംഭവം തെക്കെ മലബാറിലും ഉണ്ടായി. '1857 ആഗസ്റ്റ് അവസാനത്തില്‍, അസംതൃപ്തിയുടെയും അസഹിഷ്ണുതയുടെയും ഈറ്റില്ലമായ ഏറനാട് താലൂക്കിലെ പൊന്‍മലക്കാരനായ പൂവാടന്‍ കുഞ്ഞാപ്പഹാജിയും വേറെ ഏഴു മാപ്പിളമാരും ചേര്‍ന്ന് ആ പ്രദേശത്ത് മുസ്‌ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു നായര്‍ വീണ്ടും ഹിന്ദുമതത്തിലേക്കു മടങ്ങിവന്നതിന് പ്രതികാരം ചെയ്യാനും വടക്കെ ഇന്ത്യയിലെ ശിപായി ലഹളയെത്തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ദുര്‍ബലമായിരിക്കുകയാണ് എന്നു പറഞ്ഞു കാഫിറുകളില്‍ നിന്ന് (വെള്ളക്കാര്‍) രാജ്യത്തെ മോചിപ്പിക്കുവാന്‍ ഗൂഢാലോചന നടത്തി. അവരില്‍ ഒരാള്‍ പൊന്മലയിലെ മുക്രിയായിരുന്നു.77

ഈ സംഭവങ്ങള്‍ ഒറ്റപ്പെട്ടതാവാമെങ്കിലും 1857 ലെ ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തെ കുറിച്ച് മാപ്പിളമാര്‍ക്ക് വടക്കു-തെക്ക് ഭേദമന്യേ നല്ല ധാരണയുണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്ന വികാരം മാപ്പിളമാര്‍ക്കിടയില്‍ ചെറിയ തോതിലെങ്കിലും നിലനിന്നിരുന്നുവെന്നും അനുമാനിക്കാവുന്നതാണ്. അന്ന് 1921 ലെ പോലെ ഖിലാഫത്ത് പ്രസ്ഥാനമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, 1857 ലെ ബ്രിട്ടീഷ് വിരുദ്ധ യുദ്ധകാലത്ത് തുര്‍ക്കിയും ഖലീഫയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണവുമായി സൗഹൃദത്തിലായിരുന്നുവെന്നും കൂടി ഓര്‍ക്കേണ്ടതുണ്ട്. 78 അന്നത്തെ ലഹള സമയത്ത് മുസ്‌ലിംകളുടെ പിന്തുണ നേടാന്‍ വേണ്ടി ബ്രിട്ടീഷ് ഭരണകൂടം തുര്‍ക്കി സുല്‍ത്താനോട് അഭ്യര്‍ഥന നടത്തുകയുണ്ടായി. അതായത്, മതപരമായ ആവശ്യം എന്ന ഒരു ഘടകം അന്ന് സന്നിഹിതമല്ലായിരുന്നു. സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിയാത്തവണ്ണം കഴിവുകെട്ടവരായിരുന്നു ചെറുമരില്‍ നിന്ന് മതപരിവര്‍ത്തനം നടത്തിയ മാപ്പിളമാര്‍ എന്ന് രേഖപ്പെടുത്തിയ ആര്‍.എച്ച് ഹിച്ച്‌കോക്ക് അന്ന് ജനിച്ചിട്ടുപോലുമില്ല. അതിന് മുമ്പ് തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉറച്ച തീരുമാനമെടുക്കാനുള്ള 'ബൗദ്ധിക ശേഷി' മാപ്പിളമാര്‍ പ്രകടിപ്പിച്ചിരുന്നുവെന്ന യാഥാര്‍ഥ്യം, ചരിത്രവായനയിലെ മുന്‍വിധികള്‍ കൊണ്ടാവാം, ഹിച്ച്‌കോക്കിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായില്ല. മലബാര്‍ ചരിത്രഗവേഷണം അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ഭാഗമായിരുന്നില്ല എന്നതും വസ്തുതയാണ്. വടക്കന്‍ കേരളത്തിലെ മാപ്പിളമാരെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലെ മാപ്പിളമാര്‍ എന്തുകൊണ്ടാണ് കലാപാസക്തരായത് എന്നതിന് അവരെ അടിച്ചമര്‍ത്താന്‍ മുമ്പില്‍ നിന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഭരണകൂടത്തിന് മുമ്പില്‍ വിശദീകരണം നല്‍കുകയെന്നതായിരുന്നു ഉദ്ദേശം. അതിന് അനുയോജ്യമായ യുക്തികള്‍ കണ്ടെത്തുവാന്‍ വേണ്ടിമാത്രം ചരിത്രത്തില്‍ നിന്ന് തക്കതായ വസ്തുതകള്‍ തോണ്ടിയെടുക്കുന്ന കൃത്യമാണ് അദ്ദേഹം നടത്തിയത്. ഈ ഉദ്യമത്തില്‍, പ്രധാനമായും രണ്ടു കാരണങ്ങള്‍ അദ്ദേഹം നിര്‍ദേശിക്കുന്നു. ഒന്ന്, ലോഗന്റെ മലബാര്‍ മാന്വലില്‍ സൂചിപ്പിക്കുന്ന 1852 ലെ മട്ടന്നൂര്‍ കളത്തില്‍ കേശവന്‍ തങ്ങളുടെ നേര്‍ക്കുണ്ടായ ആക്രമണവും തുടര്‍ന്ന് കല്യാട് നമ്പ്യാരെ ആക്രമിക്കാന്‍ ചെന്നവരെ നമ്പ്യാരുടെ ആള്‍ക്കാര്‍ തിരിച്ചടിച്ച് കൊന്നൊടുക്കിയതും ചൂണ്ടിക്കാണിക്കുന്നു.

ഇരുന്നൂറോളം മാപ്പിളമാര്‍ കളത്തില്‍ കേശവന്റെ വീടാക്രമിക്കുകയും പതിനെട്ടു പേരെ വകവരുത്തുകയും രണ്ടു പേരെ മുറിവേല്‍പ്പിക്കുകയും വീടിന് തീകൊളുത്തുകയും ഒരു ഹിന്ദു ക്ഷേത്രം മലിനപ്പെടുത്തുകയും ചെയ്തതാണ് ഒന്നാമത്തെ സംഭവം. മറ്റൊരു ധനാഢ്യനായ ജന്മിയായിരുന്നു കല്യാട് നമ്പ്യാരെയാണ് അടുത്തതായി ആക്രമിക്കാന്‍ പുറപ്പെട്ടത്. മേജര്‍ ഹോഡ്‌സന്റെ നേതൃത്വത്തിലുള്ള 16-ാം റജിമെന്റ് അവിടെയെത്തുമ്പോഴേക്കും നമ്പ്യാരുടെ ആളുകള്‍ മാപ്പിള മതഭ്രാന്തന്മാരെ വകവരുത്തിയിരുന്നുവെന്നാണ് ഹിച്ച് കോക്ക് പ്രതിപാദിക്കുന്നത്. (P.9) ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'ഹിന്ദുക്കളുടെ ആള്‍ബലവും മാപ്പിളമാരുടെ പരിതസ്ഥിതിയിലുണ്ടായ പുരോഗതിയും കാരണം വടക്കന്‍ കേരളത്തില്‍ മതഭ്രാന്തിന്റെ പ്രകടനങ്ങളൊന്നും പിന്നീട് സംഭവിച്ചില്ല' 79 എന്നാണ് ഹിച്ച് കോക്കിന്റെ നിഗമനം. വെള്ളക്കാരോടും 'കാഫിര്‍' മാരോടും യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് ധരിച്ചിരുന്ന മാപ്പിളമാരെ ശത്രുവിന്റെ ആള്‍ബലവും ആയുധബലവും നിരുത്സാഹപ്പെടുത്തിയെന്ന് വിചാരിക്കുന്നത് ബ്രിട്ടീഷുകാര്‍ കണ്ടുപിടിച്ച മതഭ്രാന്ത് സിദ്ധാന്തത്തിന്റെ മാനദണ്ഡമനുസരിച്ച് പോലും ഒട്ടും യുക്തിസഹമല്ലയെന്ന് വ്യക്തമാണ്. പിന്നെ എന്തുകൊണ്ടാണ് ഹിച്ച് കോക്ക് അങ്ങിനെയൊരു നിഗമനം രൂപീകരിക്കേണ്ടിവന്നത്? വള്ളുവനാട് രാജാവ് ചെറുമക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണ് ഹിന്ദുക്കള്‍ക്കും മാപ്പിളമാര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പൂര്‍വ്വാധികം വര്‍ധിപ്പിക്കാനിടവരുത്തിയതെന്നാണ് ഹിച്ച്‌കോക്കിന്റെ മറ്റൊരു നിഗമനം. ഈ നിരീക്ഷണങ്ങളെല്ലാം ആത്യന്തികമായി ഒത്തുകൂടുന്നത് തിരൂരങ്ങാടിയിലും താനൂരുമുണ്ടായ പൊലീസ് വെടിവെപ്പിനും അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ക്കും ഉത്തരം പറയേണ്ട പൊലീസുദ്യോഗസ്ഥന്റെ ഔദ്യോഗികമായ കൃത്യനിര്‍വഹണത്തെ ന്യായീകരിക്കുന്നതിലാണ്. അതുകൊണ്ട് വടക്കന്‍-തെക്കന്‍ മാപ്പിളമാര്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ ഭൂതവും വര്‍ത്തമാനവുമൊക്കെ അദ്ദേഹം പരതിനോക്കാന്‍ നിര്‍ബന്ധിതനാവുന്നുണ്ട് എന്ന് ഈ രഹസ്യ ഡയറിക്കുറിപ്പ് (ഹിച്ച്‌കോക്കിന്റെ Peasant Revolt in Malabar 1921 ന്റെ പ്രാഥമികരൂപം രഹസ്യ ഡയറിയാണ് എന്ന് Robert L. Hardgrave Jr സൂചിപ്പിക്കുന്നു) സൂക്ഷ്മമായി പരിശോധിച്ചാലറിയാം.


1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ കലക്ടര്‍ ഇ.എഫ് തോമസും ഹിച്ച്‌കോക്കും ആസൂത്രണം ചെയ്ത് നടപ്പാക്കിയ അതിക്രമങ്ങളെ ന്യായീകരിക്കാന്‍ മാപ്പിളമാരുടെ ഭൂതവും വര്‍ത്തമാനവും വിശകലനം ചെയ്യേണ്ടത് അന്നത്തെ സാഹചര്യത്തില്‍ തെക്കെ മലബാറിന്റെ ചാര്‍ജ് വഹിച്ചിരുന്ന പൊലീസ് മേധാവി എന്ന നിലയില്‍ അത്യാവശ്യമായിവന്നുവെന്ന് നിരൂപിക്കാവുന്നതാണ്. 80 തെക്കന്‍ മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരുടെ കൊടിയ ദാരിദ്ര്യവും ഭൂസ്വത്തില്ലായ്മയും ദാരിദ്ര്യത്തെ സുസ്ഥിരമാക്കുന്ന മക്കത്തായ സമ്പ്രദായവും, 1891 നും 1921 നും ഇടയില്‍ ഹിന്ദുക്കളെ അപേക്ഷിച്ച് മാപ്പിളമാരിലുണ്ടായ ജനസംഖ്യാവര്‍ധനവും (ഹിന്ദുക്കളില്‍ 30 കൊല്ലത്തിനിടയില്‍ 52,017 ആളുകളുടെ വര്‍ധനവുണ്ടായപ്പോള്‍ മാപ്പിളമാരില്‍ അതേ കാലഘട്ടത്തില്‍ 150,532 പേരുടെ വര്‍ധനവുണ്ടായി) എന്ന് തുടങ്ങിയ മതേതര ഘടകങ്ങളും ഹിച്ച്‌കോക്ക് രേഖപ്പെടുത്തുന്നു. 81(P.15)

അതിന് പുറമെ, ഒന്നാം ലോകമഹായുദ്ധാനന്തരമുണ്ടായ സാമ്പത്തികസ്ഥിതി വിശേഷത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടുമദ്ദേഹം ഉള്‍നാടന്‍ മാപ്പിളമാരുടെ ബുദ്ധിയില്ലായ്മയെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. 'യുദ്ധമവസാനിച്ചെങ്കിലും അസ്വസ്ഥതകള്‍ അവസാനിച്ചില്ല. ദക്ഷിണേന്ത്യയിലെ ആളുകളും കുറച്ച് ബുദ്ധിമുട്ടിയെങ്കിലും അവരില്‍ പലര്‍ക്കും അത് സമൃദ്ധിയുടെ കാലം കൂടിയായിരുന്നു. പ്രത്യേകിച്ചും ഹിന്ദുക്കളുടെയും തീരദേശത്തെ മാപ്പിളമാരുടെയും ജനസംഖ്യാവര്‍ധനവും അഭംഗുരം തുടര്‍ന്നുപോയെങ്കിലും യാത്ര ചെയ്യാനാവശ്യമായ വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് അതിന്റെ ഫലമായി താല്‍ക്കാലികമായ ഭൗതിക നേട്ടങ്ങള്‍ കരഗതമായി. അതേ സമയം, സ്വന്തം ജില്ല വിട്ട് അധികകാലം കഴിയാനോ അച്ചടക്കത്തിന്ന് വിധേയമാവാനോ തയ്യാറല്ലായിരുന്ന ഉള്‍നാടന്‍ മാപ്പിളക്ക് അത്തരത്തില്‍ നേട്ടങ്ങളൊന്നുമുണ്ടാക്കാനായില്ല.82 സര്‍വ്വോപരി, കുടിയേറ്റത്തിന്മേലുള്ള നിയന്ത്രണങ്ങളുടെ ഫലമായി തിരിച്ചുവന്ന ആളുകള്‍ സൃഷ്ടിച്ച ജനസംഖ്യാവര്‍ധനവ്, മരക്കച്ചവട വിപണിയിലെ ഏറ്റിറക്കങ്ങള്‍, പ്രതികൂലസാഹചര്യങ്ങള്‍ കാരണം റബ്ബര്‍ ഉല്‍പ്പന്നങ്ങളിലുണ്ടായ ഇടിവ്, എന്നിവയെല്ലാം ഹിച്ച് കോക്കിന്റെ വിശകലനത്തില്‍ കടന്നുവരുന്നുണ്ട്. (P. 25). മാപ്പിള സമ്പന്നനായാല്‍ ബ്രിട്ടീഷുകാരോട് കൂറുള്ളവനും ദരിദ്രനാണെങ്കില്‍ കലാപ വസ്തുവും എന്ന ഒരു പുതിയ സിദ്ധാന്തം തന്നെ അദ്ദേഹം അവതരിപ്പിക്കുന്നു. (മമ്പാട്, എടവണ്ണ, കുണ്ടോട്ടി, വണ്ടൂര്‍ തുടങ്ങിയ മാപ്പിള കേന്ദ്രങ്ങളിലെ സമ്പന്നരായ മാപ്പിളമാര്‍ ബ്രിട്ടീഷുകാരോട് കൂറു പുലര്‍ത്തി83( Hardgrance Fortunete 100) P. 17. ) യെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.


ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ കലാപക്കൊടിയുയര്‍ത്തുന്ന മാപ്പിളമാരോട് സ്വീകരിക്കാവുന്ന ഏറ്റവും ശരിയായ സമീപനം അടിച്ചമര്‍ത്തലാണ് എന്ന സ്രേടഞ്ചിന്റെയും വിന്റര്‍ബോതമിന്റെയും നയത്തിന്റെ കാലികമായ സ്ഥിരീകരണമാണ് അതില്‍ തെളിഞ്ഞുകാണുന്നത്. ബ്രിട്ടീഷ് പ്രജകളെന്ന നിലയില്‍ ഈ ബുദ്ധിശൂന്യരായ വംശത്തില്‍ നിന്നുള്ള ഭീഷണിയെ തടുത്ത് നിര്‍ത്തണമെങ്കില്‍ ഉള്‍നാടിനെ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യവികസനവും വിദ്യാഭ്യാസ സമ്പ്രദായവും വ്യാപകമാക്കണം എന്ന വിന്റര്‍ ബോതമിന്റെ നിര്‍ദ്ദേശം ഹിച്ച് കോക്കും ആവര്‍ത്തിക്കുന്നു. 83 (PP. 174-178)

ഇതിന്നിടയില്‍ മാപ്പിളമാരുടെ ഭൂമി പ്രശ്‌നത്തെ, അവരുടെ ദരിദ്രാവസ്ഥയുടെ അടിസ്ഥാനപ്രശ്‌നമായി കാണാന്‍ വിസമ്മതിക്കുന്നുവെന്ന് മാത്രമല്ല, ഭൂപരിഷ്‌കരണത്തെക്കുറിച്ചുള്ള ലോഗന്റെ നിര്‍ദേശങ്ങളെ മുന്‍ഗാമികളെപോലെ അവഗണിച്ചു തള്ളുകയും ഭൂപ്രഭുത്വവും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള സഖ്യത്തില്‍ അടിയുറച്ചു നിന്ന സ്രേട്ടഞ്ചിന്റെയും വിന്റര്‍ബോതമിന്റയും വാദഗതികളെ ബലപ്പെടുത്തുകയുംചെയ്യുന്നു ഹിച്ച് കോക്ക്. ബ്രിട്ടീഷ് മുതലാളിത്തത്തിന്റെ ആദിമ മൂലധനസഞ്ചയന പ്രക്രിയയില്‍ ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെടേണ്ടവരോ പറിച്ചു നടപ്പെടേണ്ടവരോ ആണ് മാപ്പിളമാരെന്ന ഈ അപരിഷ്‌കൃത വംശമെന്നും അവര്‍ക്ക് മുമ്പില്‍ രണ്ടു വഴികളാണുള്ളതെന്നുമാണ് ഹിച്ച് കോക്കിന്റെ വാദങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ളത്. ബ്രിട്ടീഷ് ഭരണത്തെയും അതിന്റെ സഖ്യശക്തിയായ ജന്മിത്വത്തെയും നിരുപാധികമായി അനുസരിച്ചുകൊണ്ട് 'അച്ചടക്ക'മുള്ളവരായി ജീവിക്കുക എന്നതാണ് അതിലൊന്ന്. മാപ്പിളമാരെ ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പരിഷ്‌കൃതരാക്കുക എന്നതാണ് രണ്ടാമത്തേത്. മാപ്പിളമാരെ വിദ്യാഭ്യാസം വഴി പരിഷ്‌കൃതരാക്കുകയെന്നാല്‍ മുതലാളിത്ത മൂലധന ചൂഷണത്തിന് യോഗ്യമായ അധ്വാനശക്തിയായി അവരെ പരിവര്‍ത്തിപ്പിക്കുക എന്നാണര്‍ഥം. അല്ലാത്ത പക്ഷം മര്‍ദനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ജയില്‍ പീഡനങ്ങള്‍ക്കും നാടുകടത്തലിനും വിധേയരാക്കി അവര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ് എന്ന നയസമീപനം പരിഷ്‌കൃത ഭരണകൂടത്തിന് ചേര്‍ന്നതാണ് എന്നാണ് ഹിച്ച്്‌കോക്കിന്റെ ന്യായവാദം. ഈ വാദം, തിരൂരങ്ങാടിയിലെത്തിച്ചേരുമ്പോള്‍ അദ്ദേഹം വടക്കന്‍ കേരളത്തിലെ മട്ടന്നൂരില്‍ കല്ല്യാട്ട് നമ്പ്യാരുടെ ആളുകള്‍ മാപ്പിള കലാപകാരികളെ നേരിടുകയും വധിക്കുകയും ചെയ്തപോലെ, തെക്കന്‍ കേരളത്തിലെയും മാപ്പിള കലാപകാരികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയാല്‍ മാപ്പിള പ്രശ്‌നം ഇല്ലാതാവുമെന്നും ഖിലാഫത്ത്-നിസ്സഹകരണപ്രസ്ഥാനത്തിന്റെ മലബാറിലെ അടിവേരറുക്കാമെന്നും ധരിച്ചുവശായി. ഈ ധാരണയിലുറച്ചുനിന്നുകൊണ്ട് തിരൂരങ്ങാടിയില്‍ നടത്തിയ പോലീസ്/പട്ടാള അതിക്രമങ്ങളെ ന്യായീകരിക്കാന്‍ ഏറനാടന്‍ മാപ്പിളക്കും തിരൂരങ്ങാടി മാപ്പിളക്കുമിടയില്‍ വീണ്ടുമൊരു വര്‍ഗീകരണം നടത്താന്‍ അദ്ദേഹം മുതിരുന്നുണ്ട്.

മാപ്പിള മതഭ്രാന്തിന്റെ ഉപജ്ഞാതാക്കളായ ആര്‍.എല്‍ സ്‌ട്രേഞ്ചിന്റെയും ഹെന്‍ട്രി വിന്റര്‍ബോതമിന്റെയും വിശകലനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഹിച്ച്‌കോക്ക്്, ഏറനാടു താലൂക്കിലെയും ചേര്‍നാടു താലൂക്കിലെയും 'മാപ്പിള ക്രിമിനലുകളെ' വീണ്ടും വര്‍ഗീകരണത്തിന് വിധേയമാക്കുകയുണ്ടായി. മറ്റ് ബ്രിട്ടീഷുദ്യോഗസ്ഥന്മാരില്‍ വ്യത്യസ്തമായി ഹിച്ച്‌കോക്കിന്റെതായ സംഭാവനയെന്ന് പറയാവുന്നത് ഈ എത്‌നോഗ്രാഫിക്ക് നിരീക്ഷണങ്ങളാണ്. ഏറനാടന്‍ മാപ്പിളയെ അപേക്ഷിച്ച് ചേരനാട് താലൂക്കിലെ മാപ്പിളമാര്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണ്. ഏറനാട്ടില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. പൊട്ടിത്തെറികള്‍ക്കിടയിലുള്ള സമയങ്ങളില്‍ പോലീസിനെ ഏതാണ്ട് പൂര്‍ണമായിതന്നെ പിന്‍വലിക്കാന്‍ സാധിക്കും. ചേരനാട്ടില്‍, പ്രത്യേകിച്ച് തിരൂരങ്ങാടിയില്‍ എപ്പോഴും കുറ്റകൃത്യങ്ങള്‍ നടക്കുന്നു. ജില്ലയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പൊലീസ് സര്‍ക്കിളാണ് തിരൂരങ്ങാടിയിലേത് .... തീരദേശത്തിനടുത്ത് കിടക്കുന്നതും റയില്‍വേ സൗകര്യമുള്ളതുമാണ് ..... കുറ്റകൃത്യങ്ങള്‍ നടമാടാന്‍ കാരണം ഇങ്ങിനെ പോവുന്നു ഹിച്ച്‌കോക്കിന്റെ നിരീക്ഷണങ്ങള്‍. ഏറനാട്ടിലെ മാപ്പിള, അവന്‍ എന്തു ചെയ്യണമെന്ന് മതം ആവശ്യപ്പെടുന്നതിനനുസരിച്ചോ മതത്തില്‍ ആവശ്യപ്പെടുന്നതിനോ, സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലോ വിചാരിക്കുന്നത് നിശ്ചയമായും ചെയ്യുകതന്നെ ചെയ്യും. ചേരനാടന്‍ മാപ്പിള, അവന്‍ സുരക്ഷിതനാണ് എന്ന് ബോധ്യമുള്ള കാര്യങ്ങളെ ചെയ്യാന്‍ ശ്രമിക്കുകയുള്ളൂ. അത്‌കൊണ്ട് അവനെ കൈകാര്യ ചെയ്യാന്‍ എളുപ്പമാണ്. അവര്‍ക്ക വരാവുന്ന അപകടമെന്താണെന്ന് കാണിച്ചുകൊടുക്കേണ്ട ആവശ്യമേയുള്ളൂ. അത് സാധാരണ പൊലീസ് പ്രവര്‍ത്തനംകൊണ്ട് സാധ്യമാണ്. ഏറനാടന്‍ മാപ്പിള ഒരു കൊലചെയ്യുന്നത് അവന്‍ അത് ചെയ്യേണ്ടത് തന്നെയാണ് എന്ന് വിചാരിക്കുന്നത്‌കൊണ്ടാണ്. അതിന്റെ വരുംവരായ്കകള്‍ എന്തു തന്നെയായാലും അവന് പ്രശ്‌നമില്ല. അതേസമയം ചേരനാടന്‍ മാപ്പിള, അവന് കുഴപ്പമൊന്നും വരില്ല എന്ന് വിചാരിക്കുമ്പോഴെ അത് ചെയ്യുകയുള്ളൂ'.84 ഏറനാട്ടിലെയും ചേരനാട്ടിലെയും മാപ്പിളമാരെ ഇപ്രകാരം ക്രിമിനല്‍ മനഃശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിന് ഹിച്ച്‌കോക്കിന്റെ ന്യായീകരണങ്ങള്‍ എന്തുതന്നെയായാലും 1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ ഖിലാഫത്ത് വളണ്ടിയര്‍മാരായിരുന്ന മാപ്പിളമാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിവെച്ചും ബയണറ്റു കൊണ്ട് കുത്തിക്കീറിയും കൊന്നുതള്ളിയ പൊലീസ് നടപടിയെ ന്യായീകരിക്കാനുള്ള വ്യഗ്രതയാണ് ഈ യുക്തിക്ക് പിന്നിലുള്ളത് എന്ന് വളരെ വ്യക്തമാണ്.


കൊളോണിയല്‍ ലിബറലിസത്തിന്റെ ആള്‍ക്കൂട്ട സ്വഭാവനിര്‍ണയവും ഭീതിയും സുനിശ്ചിതമായ രൂപത്തില്‍ തന്നെ ഹിച്ച്‌കോക്കിന്റെയും ഇ.എഫ് തോമസിന്റെയും അക്രമാസക്തിയില്‍ പ്രകടമാണ്. അതോടൊപ്പം തന്നെ, മാപ്പിളമാരുടെ വംശഗുണത്തെ സംബന്ധിച്ച ഹിച്ച്‌കോക്കിന്റെ 'വര്‍ണനകള്‍' കൊളോണിയലിസത്തിന്റെ 'ബാര്‍ബേറിയന്‍' സങ്കല്‍പ്പവുമായും സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ 'മ്ലേച്ഛ' സങ്കല്‍പ്പവുമായും കെട്ടുപിണഞ്ഞുകിടക്കുന്നതും ശ്രദ്ധേയമാണ്. 'മ്ലേച്ഛന്‍' എന്ന് ബ്രാഹ്മണ ശാസ്ത്രങ്ങള്‍ നിര്‍വചിക്കുന്നത്, 'ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ പുറത്ത് നിന്ന് വന്ന വിദേശികളെ മാത്രമല്ല, വരേണ്യവര്‍ഗത്തിന്റെ ആശയങ്ങളോടും മൂല്യങ്ങളോടും അതിനെ ആസ്പദമാക്കിയുള്ള സാമൂഹ്യ നിയമങ്ങളോടും യോജിക്കാത്തവരെയെല്ലാം 'മ്ലേച്ഛന്‍' എന്ന ഗണത്തിലാണുള്‍പ്പെടുത്തുന്നത്. ഹിന്ദുക്കളുടെ ഈ സ്വഭാവവിശേഷത്തില്‍ ഉള്‍ചേര്‍ന്ന ഇടുങ്ങിയ മനഃസ്ഥിതി വിശദീകരിക്കാനായി വിഖ്യാത ഇന്ത്യന്‍ ചരിത്രകാരന്‍ R.C മജുംദാര്‍ (R. C. Mazumdar) അല്‍ബറൂനിയെ (Al-Berooni) യെ ഉദ്ധരിച്ചു ചേര്‍ക്കുന്നതിപ്രകാരമാണ്. 'ഹിന്ദുക്കളുടെ സകലമാന വിധത്തിലുള്ള മതഭ്രാന്തും അവരില്‍ ഉള്‍പ്പെടുന്ന വിദേശികള്‍ക്ക് നേരെ തിരിച്ചുവിട്ടിരുന്നു. അവരെ അവര്‍ മ്ലേഛര്‍ (അശുദ്ധര്‍) എന്നു വിളിച്ചു. അവരുമായി എന്തെങ്കിലും തരത്തില്‍ ബന്ധം വെക്കുന്നത്-വിവാഹമായാലും മറ്റു തരത്തിലുള്ള സംസര്‍ഗങ്ങളായാലും വിലക്കപ്പെട്ടു. അവരുടെ കൂടെ ഇരിക്കുന്നതും തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതും നിഷിദ്ധമാക്കി. കാരണം, അതുമൂലം അവര്‍ അശുദ്ധരാവുമെന്നായിരുന്നു വിചാരിച്ചിരുന്നത്.85 'മലബാര്‍ മാപ്പിളമാരുടെസ്വഭാവ ചിത്രീകരണത്തിന് ഒരു അധ്യായം തന്നെ മാറ്റിവെച്ച ഹിച്ച്‌കോക്കിന്റെ ചരിത്രാന്വേഷണത്തില്‍ ഒരിടത്തും മലബാറിലെ സവര്‍ണ്ണ ഭൂപ്രഭുക്കളുടെ സ്വഭാവചിത്രീകരണത്തിന്റെ ഒരേടുപോലും കാണാന്‍ സാധിക്കില്ല. ഭൂപ്രഭുത്വവുമായുള്ള ഈ സാംസ്‌കാരിക ഐക്യദാര്‍ഢ്യം ഇന്ത്യയിലെ ബ്രിട്ടീഷു കൊളോണിയലിസത്തിന്റെ 'സഹജഗുണ'മായി വിലയിരുത്താവുന്നതാണ്.

ലോഗന്റെ ക്ലാസിക്കല്‍ ലിബറല്‍ വീക്ഷണവും ഹിച്ച്‌കോക്കിന്റെ കൊളോണിയല്‍ ലിബറല്‍ വീക്ഷണവും തമ്മിലുള്ള വ്യത്യാസമതാണ്. ചെറുമക്കളെ, വംശപരമായി, നമ്പൂതിരിയില്‍ നിന്ന് വ്യത്യസ്തനായി കാണാന്‍ ലോഗന്‍ കൂട്ടാക്കുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ ഇന്ത്യക്കാര്‍ക്കിടയിലെ വംശപരമായ വേര്‍തിരിവിനോടു വിയോജിപ്പു പ്രകടിപ്പിച്ച Nesfield നോടാണ് ലോഗന്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലധിവസിക്കുന്ന ജനവിഭാഗങ്ങളെ വര്‍ഗീകരിക്കുവാനും വിഭജിച്ചു നിര്‍ത്തുവാനും കൊളോണിയല്‍ നരവംശശാസ്ത്രവും ചരിത്രവും ബ്രാഹ്മണാധിപത്യത്തിന്റെ സൈദ്ധാന്തിക ശേഖരങ്ങളെ യൂറോപ്യന്‍ വംശീയ സിദ്ധാന്തവുമായി സംയോജിപ്പിച്ചതിന്റെ ഫലമായി, കൊളോണിയല്‍ വംശീയവാദത്തിന്റെ സ്വാഭാവിക സഖ്യശക്തിയാണ് തങ്ങളെന്ന തോന്നല്‍ ദേശീയ ഭരണവര്‍ഗ്ഗങ്ങള്‍ക്കിടയിലും ശക്തിപ്പെട്ടുവന്നു. ഇവരുടെ പ്രതിനിധികളാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയെ മുന്നില്‍ നിന്ന് നയിച്ചത്.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഇത്തരം ദൗര്‍ബല്യങ്ങള്‍ മലബാറിലും പ്രതിഫലിപ്പിക്കപ്പെടുകയുണ്ടായി. മാപ്പിളമാര്‍ക്കൊപ്പം നടന്നപ്പോഴും അവരെ അപരന്മാരായി കാണുകയും പ്രതിസന്ധിഘട്ടത്തില്‍ കയ്യൊഴിക്കുകയും ചെയ്യുന്ന പ്രവണത മലബാര്‍ സമരത്തിലും ദൃശ്യമായി. തിരൂരങ്ങാടിയിലെ പൊലീസ് അതിക്രമങ്ങളും തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്.

73. R. H. Hitch cock. Ibid, P.

74. R. H. Hitch cock. Ibid, P.

75. വില്യം ലോഗന്‍, മലബാര്‍ മാന്വല്‍, P P 152-157

76. Hitch cock. Ibid, P.

77. വില്യം ലോഗന്‍-Ibid632/633

78. Jacob M. Landan: The Politics of Islamism. P. 18

79. Hitch cock. Ibid P. 9

80. 1921 മലബാര്‍ ലഹള കെ. കോയട്ടിമൗലവി PP -37/38

81. K.N. പണിക്കര്‍ Abid കുറിപ്പ് 33 PP -1960

82. K. മാധവന്‍ നായര്‍ Abid PP -111

83. Hitchcock Abid PP-38. The Thanur _____ alone had special sticks and flags, parts of the __________ of a _______________________

84. എം. ഗംഗാധരന്‍ : മലബാര്‍ കലാപം 1921-22 കുറിപ്പ് 29, ഹിച്ച് കോക്കിനെ ഉദ്ധരിച്ചത്.

TAGS :