Quantcast
MediaOne Logo

നീർജ ചൗധരി

Published: 6 Dec 2022 2:36 PM GMT

ബാബരിയും മുലായം സിംഗ് യാദവും ഇന്ത്യൻ മുസ്‌ലിംകളും

1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച സംഭവത്തിൽ പി വി നരസിംഹ റാവുവിന് ചെയ്യാൻ കഴിയാത്ത ഒരു കാര്യം 1990 ഒക്ടോബര് 30ന് ബാബരി മസ്ജിദിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ മുലയാമിന് കഴിഞ്ഞു: അവരെ പിന്തിരിപ്പിക്കാൻ മുലായം പൊലീസ് വെടിവയ്പ്പിന് ഉത്തരവിട്ടു.

ബാബരിയും മുലായം സിംഗ് യാദവും ഇന്ത്യൻ മുസ്‌ലിംകളും
X

" ഏക് പരിന്ത ഭീ പർ നഹി മാർ സക്താ അയോധ്യ മേം " ( അയോധ്യയിൽ ചിറക് വീശാൻ ഒരു പക്ഷിയെയും ഞാൻ അനുവദിക്കില്ല)'- 1990 ൽ മുലായം സിംഗ് യാദവ് നടത്തിയ ഈ പ്രഖ്യാപനം, അതിന് ശേഷം കാൽ നൂറ്റാണ്ടോളം ഉത്തർ പ്രദേശിലെ എം-വൈ (മുസ്ലിം-യാദവ്) രാഷ്ട്രീയത്തിന്റെ മുഖ്യദൈവമായി അദ്ദേഹത്തെ മാറ്റുകയായിരുന്നു.

1990 ഒക്ടോബര് 30ന് അയോധ്യയിൽ ഒത്തു ചേർന്ന് രാമക്ഷേത്ര നിർമാണം ആരംഭിക്കണമെന്ന, കർസേവകർക്ക് ബിജെപി പിന്തുണയുള്ള വിശ്വഹിന്ദു പരിഷത്തിന്റെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അന്നത്തെ യുപി മുഖ്യമന്ത്രി.

മകൻ അഖിലേഷ് യാദവിനും അദ്ദേഹം കെട്ടിപ്പടുത്ത സമാജ്‌വാദി പാർട്ടിക്കും സമ്പന്നമായ ഒരു പാരമ്പര്യം ബാക്കി വെച്ചാണ് മുലായം സിംഗ് ഈ ലോകത്തോട് വിടപറഞ്ഞത്.

1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച സംഭവത്തിൽ പി വി നരസിംഹ റാവുവിന് ചെയ്യാൻ കഴിയാത്ത ഒരു കാര്യം ഒക്ടോബർ 30 ന് ബാബരി മസ്ജിദിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ മുലയാമിന് കഴിഞ്ഞു: അവരെ പിന്തിരിപ്പിക്കാൻ മുലായം പോലീസ് വെടിവയ്പ്പിന് ഉത്തരവിട്ടു.

ഈ വെടിവെപ്പ് മുലായം സിംഗ് യാദവിന് പെട്ടെന്ന് മുസ്‌ലിം സമുദായത്തിന്റെ പ്രീതി നേടിക്കൊടുക്കാന് കഴിഞ്ഞില്ല. ഇത് യു.പിയിലെ ഹിന്ദുക്കൾക്കിടയിൽ രോഷം ആളിക്കത്തിക്കുകയും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്തു. 20 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ബിജ്നോറിൽ മാത്രം 48 പേർ മരിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ മുലായം സിംഗ് പരാജയപ്പെടുകയും 221 സീറ്റുകളുമായി യു.പിയിൽ ബി.ജെ.പി അധികാരത്തിലെത്തുകയും കല്യാൺ സിംഗ് മുഖ്യമന്ത്രിയാവുകയും ചെയ്തു.


1992-ൽ ബാബറി മസ്ജിദ് തകർത്തതിനുശേഷമാണ് 1990-ൽ തങ്ങളുടെ 'നേതാജി' തങ്ങൾക്കുവേണ്ടി ചെയ്തതിന്റെ അര്ഥം മുസ്‌ലിംകൾ തിരിച്ചറിഞ്ഞത്. സമുദായത്തിന്റെ പ്രിയങ്കരനായി മാറിയ അദ്ദേഹം 1993 ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തി. നേതാജി ലഖ്നൗവിൽ അധികാരത്തിലിരുന്നാൽ മസ്ജിദ് തകർക്കാൻ അദ്ദേഹം അനുവദിക്കില്ലായിരുന്നു എന്ന് മുസ്‌ലിം സമൂഹം കരുതി. അവർ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം അത്തരത്തിലുള്ളതായിരുന്നു.

1990 ഒക്ടോബർ 23ന് ബിഹാറിലെ സമസ്തിപൂരിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ സോമനാഥ് മുതൽ അയോധ്യ വരെയുള്ള രഥയാത്ര ലാലു പ്രസാദ് വെട്ടിച്ചുരുക്കിയ സമയത്താണ് മുലായം സിങ്ങിന്റെ 'പരിന്ദേ' പരാമർശം. നാഷണൽ ഫ്രണ്ട് സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചിരുന്നു, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി പി സിംഗിന്റെ മന്ത്രിസഭ തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ എണ്ണിത്തുടങ്ങി. അദ്വാനിയെ ബീഹാറിൽ അറസ്റ്റ് ചെയ്തിട്ടും, കർസേവകർ യുപിയുടെ എല്ലാ കോണുകളിൽ നിന്നും കാൽനടയായും സരയു നദിക്ക് കുറുകെ നീന്തിയും അയോധ്യയിലേക്ക് പോകുന്നത് തുടർന്നു.

തെരഞ്ഞെടുപ്പിൽ ഹിന്ദു വികാരം തങ്ങൾക്ക് അനുകൂലമായി ഉണർത്തുന്ന വൈകാരിക വിഷയമായാണ് ബി.ജെ.പി രാമക്ഷേത്രത്തെ കണ്ടത്. 'രാമഭക്തര്ക്ക്' നേരെ വെടിയുതിർത്തതിന്റെ പേരിൽ മുലായത്തിനെതിരെ പാർട്ടി ആഞ്ഞടിച്ചു. കൊല്ലപ്പെട്ട കര്സേവകരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളുടെ 'അസ്തി കലശ' യാത്ര നടത്തുകയും 1991 ഏപ്രിലിൽ ഡൽഹിയിലെ ബോട്ട് ക്ലബ്ബിൽ അവർക്കായി ഒരു അനുസ്മരണ യോഗം നടത്തുകയും ചെയ്തു.

വെടിവെപ്പിൽ 28 പേരാണ് കൊല്ലപ്പെട്ടതെങ്കിലും ബി.ജെ.പിയുടെ അതികായനായ അടൽ ബിഹാരി വാജ്‌പേയി അത് 56 ആക്കി പ്രചരിപ്പിച്ചു. മുലായം സ്വീകരിച്ച മുൻകരുതൽ നടപടികൾ ഇല്ലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമായിരുന്നു. ഒക്ടോബർ 30 ന് നിർദ്ദിഷ്ട "കർസേവ" നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, യുപിയിൽ 1,50,000 കർസേവകരെ സർക്കാർ അറസ്റ്റ് ചെയ്തു.


അന്നത്തെ പ്രധാനമന്ത്രി വി.പി.സിങ്ങുമായുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കും മുലായം കേന്ദ്രത്തിലെ ആഭ്യന്തര മന്ത്രാലയവുമായി ചുവടുവെച്ചു. ആഭ്യന്തര സെക്രട്ടറിയായിരുന്ന നരേഷ് ചന്ദ്ര, തന്റെ കഠിനവും സമ്പദ്രായികത്തിനപ്പുറമുള്ള സമീപനത്തിന്റെ പേരിൽ നിരവധി പ്രധാനമന്ത്രിമാർക്ക് സേവനങ്ങൾ നൽകിയ മികച്ച ബ്യൂറോക്രാറ്റായിരുന്നു. രാജ് ഭാർഗവയായിരുന്നു ചീഫ് സെക്രട്ടറി. "90,000 പേരെ കന്റോൺമെന്റുകളിൽ പാർപ്പിച്ചിരുന്നു," നരേഷ് ചന്ദ്ര ഒരിക്കൽ എന്നോട് പറഞ്ഞു. "ഈ ആളുകളെ കൊണ്ടുവരുമായിരുന്ന ബസ് റൂട്ടുകളിലെ ഡസൻ കണക്കിന് കലുങ്കുകൾ യുപിയിൽ തകർന്നു. ഇഷ്ടാനുസരണം ട്രെയിനുകള് റദ്ദാക്കി." ഹോട്ട് സീറ്റിലിരുന്ന രാജ് ഭാർഗവയ്ക്കാണ് ചന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധികാരം കൈമാറിയത്. ട്രെയിൻ റദ്ദാക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയാൽ അത് അനുസരിക്കണമെന്ന് റെയിൽവേ ബോർഡ് ചെയർമാനെ അറിയിച്ചു. കർസേവകരെ അയോധ്യയിൽ നിന്ന് അകറ്റി നിർത്താനായിരുന്നു ശ്രമം. മുഖ്യമന്ത്രി മുലായം സിംഗ് കേന്ദ്രവുമായി പൂർണ്ണമായും സഹകരിച്ചു ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ പദ്ധതിയിൽ ഇടപെട്ടില്ല.

മുലായത്തിന് സംസ്ഥാന ബഹുമതികളോടെ നടത്താനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനം യാദവ സമുദായത്തെ ബി.ജെ.പി ഇപ്പോഴും കണ്ണുവയ്ക്കുന്നുവെന്നതിന്റെ തെളിവാണ്.

അയോധ്യ വിഷയത്തിലെ കടുത്ത നിലപാട് മുലായം സിംഗിന് രാഷ്ട്രീയമായി ഗുണം ചെയ്തു. മണ്ഡൽ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവായിരുന്ന അദ്ദേഹം അതിലൂടെ തന്റെ ഒ.ബി.സി അടിത്തറ വർധിപ്പിക്കാനും ശക്തിപ്പെടുത്താനും ആഗ്രഹിച്ചു. യുപിയിലെ ജനസംഖ്യയുടെ 19-20 ശതമാനം വരുന്ന മുസ്ലീങ്ങളെയും 10 ശതമാനത്തോളം വരുന്ന സ്വന്തം യാദവ സമുദായത്തെയും ഒപ്പം കൂട്ടിയത് നല്ല രാഷ്ട്രീയമാണെന്ന് തോന്നി.

2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോഴാണ് എം-വൈ സഖ്യം തകരാൻ തുടങ്ങിയത്. ഹിന്ദുവത്കരിക്കപ്പെട്ടുകൊണ്ടിരുന്ന യാദവരിൽ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് തിരിഞ്ഞു. മുലായത്തിന് സംസ്ഥാന ബഹുമതികളോടെ നടത്താനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനം യാദവ സമുദായത്തെ ബി.ജെ.പി ഇപ്പോഴും കണ്ണുവയ്ക്കുന്നുവെന്നതിന്റെ തെളിവാണ്. 2019ലെ തെരഞ്ഞെടുപ്പിൽ മുലായം തന്നെ മോദിക്ക് അനുകൂലമായി സംസാരിച്ചിരുന്നു.


മകൻ അഖിലേഷ് യാദവിനും അദ്ദേഹം കെട്ടിപ്പടുത്ത സമാജ്‌വാദി പാർട്ടിക്കും സമ്പന്നമായ ഒരു പാരമ്പര്യം ബാക്കി വെച്ചാണ് മുലായം സിംഗ് ഈ ലോകത്തോട് വിടപറഞ്ഞത്. പക്ഷേ, 1990-ൽ അദ്ദേഹം കെട്ടിപ്പടുത്ത എം-വൈ പ്ലാറ്റ്ഫോമിനപ്പുറത്തേക്ക് പോകുന്ന ഒരു പുതിയ മണ്ഡലത്തെ രൂപപ്പെടുത്തുക, ഹിന്ദുത്വം, ദേശീയത, സാമൂഹിക ക്ഷേമവാദം, ശക്തമായ നേതൃത്വം, ഒബിസികളുടെയും അവരിൽ ഏറ്റവും പിന്നാക്കക്കാരുടെയും സഹവർത്തിത്വം എന്നിവ അദ്ദേഹം അവർക്ക് വെല്ലുവിളിയായി അവശേഷിപ്പിക്കുന്നു.


കടപ്പാട് : ദി ഇന്ത്യൻ എക്സ്പ്രസ് / വിവർത്തനം : അഫ്സൽ റഹ്‌മാൻ