Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 24 May 2024 11:48 AM GMT

ജൂണ്‍ നാലിന് ശേഷം പഴയപടിയായിരിക്കില്ല ഇന്ത്യന്‍ രാഷ്ട്രീയം; കര്‍ഷകര്‍ക്ക് നന്ദി

നരേന്ദ്ര മോദിയെന്ന കോര്‍പ്പറേറ്റ് ബ്രാന്‍ഡ് തകര്‍ന്നുവീഴുന്നതും, ബി.ജെ.പി ഭരണത്തെ ജനങ്ങള്‍ തെരുവില്‍ നേര്‍ക്ക്നേര്‍ ചോദ്യം ചെയ്യുന്നതും, സംഘ്പരിവാരങ്ങള്‍ക്കകത്തെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നതും നാം കാണുന്നു.

പാര്‍ലെമന്റ് പിടിച്ചെടുക്കല്‍
X

രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്നറിയാന്‍ ജൂണ്‍ നാല് വരെ കാത്തിരുന്നേ മതിയാകൂ. സ്വതന്ത്ര സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട ഇലക്ഷന്‍ കമീഷന്‍ അതിന്റെ എല്ലാ നിഷ്പക്ഷതാ നാട്യങ്ങളും വെടിഞ്ഞ് ഭരണകക്ഷിക്ക് വേണ്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത് നാം കാണുന്നു. അതുകൊണ്ടുതന്നെ ജനകീയേച്ഛ തെരഞ്ഞെടുപ്പ് ഫലത്തില്‍ എത്രകണ്ട് പ്രതിഫലിക്കപ്പെടും എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിന്റെ ഓരോരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും ആശങ്ക കൂടിക്കൂടി വരികയാണ്.

തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ജൂണ്‍ നാലിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നാം കാണുന്നതില്‍ നിന്ന് ഭിന്നമായിരിക്കും എന്ന കാര്യത്തില്‍ സന്ദേഹമൊന്നുമില്ല.

നരേന്ദ്ര മോദിയെന്ന കോര്‍പ്പറേറ്റ് ബ്രാന്‍ഡ് തകര്‍ന്നുവീഴുന്നതും, ബി.ജെ.പി ഭരണത്തെ ജനങ്ങള്‍ തെരുവില്‍ നേര്‍ക്ക്നേര്‍ ചോദ്യം ചെയ്യുന്നതും, സംഘ്പരിവാരങ്ങള്‍ക്കകത്തെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നതും നാം കാണുന്നു. ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, അവയുടെ സാധ്യതകളെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ബോധ്യം കൂടുതല്‍ ഉറച്ചതായി മാറുന്നതിനും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഇടപെടല്‍ നിര്‍ണ്ണായകമായി മാറുന്നതും ഇക്കാലയളവില്‍ കാണാന്‍ കഴിഞ്ഞു. ഒരുവേള, മുന്‍കാലങ്ങളില്‍ നിന്ന് ഭിന്നമായി, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ഒളിഗാര്‍ക്കുകളുടെ പേരുകള്‍ പൊതുചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെടുന്നതും ആദ്യമായി നാം കണ്ടു. അദാനി-അംബാനിമാര്‍ അടങ്ങുന്ന വിരലിലെണ്ണാവുന്ന വന്‍കിടക്കാര്‍ക്കായി ഭരണപക്ഷം നല്‍കുന്ന കനത്ത സൗജന്യങ്ങളെ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ നേരിടാന്‍ അതേ പേരുകള്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി തന്നെ നിര്‍ബന്ധിതനായി

രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്ന, പൊതുനയങ്ങളെ സ്വാധീനിക്കുകയും ജനവിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുകയും കൂട്ടായി തെരുവിലിറങ്ങുകയും ചെയ്യുന്ന രാഷ്ട്രീയ ജീവിയായ 'പൗരനെ' ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ കര്‍ഷക സമരത്തിന് സാധിച്ചുവെന്ന് പറയാം. അതോടൊപ്പം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കാല്‍ക്കലില്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞ മുഖ്യധാരാ മാധ്യമങ്ങളെ മറികടന്ന് പുതിയൊരു, ജനകീയ മാധ്യമ സംസ്‌കാരം, വിപുലവും വിശാലവുമായ രീതിയില്‍ ഉദയം ചെയ്യുന്നതിനും കര്‍ഷക പ്രക്ഷോഭം കാരണമായി.

കര്‍ഷക പോരാളികള്‍ക്ക് നന്ദി.

'മോദി ബ്രാന്‍ഡ്' എന്നത് ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന് ആദ്യമായി തെളിയിച്ചത് കര്‍ഷകരാണ്. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഏത് ഏകാധിപതിക്കും മുട്ടുമുടക്കേണ്ടി വരുമെന്ന് അവരുടെ സമാനതകളില്ലാത്ത പോരാട്ടവീര്യം തെളിയിച്ചു. ആര്‍.എസ്സ്.എസ്സിന്റെ രണനീതിയെ, മോദിയുടെ കൂസലില്ലായ്മയെ, സംഘ്പരിവാരങ്ങളുടെ നൃശംസതയെ അവര്‍ സഹനസമരങ്ങളിലൂടെ നേരിട്ടു. ജനവിരുദ്ധങ്ങളായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായി എന്നത് മാത്രമല്ല കര്‍ഷക പ്രക്ഷോഭത്തിന്റെ നേട്ടം. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കപ്പെട്ട തൊഴില്‍ നിയമങ്ങള്‍ (ലേബര്‍ കോഡ്) അടക്കമുള്ള അര ഡസനോളം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനും പ്രക്ഷോഭത്തിന് സാധിച്ചു. കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് മുമ്പ് ഉറവെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളെ കോവിഡിന്റെ മറവില്‍ അടിച്ചൊതുക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചുവെങ്കിലും അതില്‍ നിന്നുകൂടി ഊര്‍ജ്ജമുള്‍ക്കൊണ്ടുകൊണ്ടായിരുന്ന കര്‍ഷക സമരം പിറവിയെടുത്തത്.

രാഷ്ട്രീയ വിഷയങ്ങളോട് നിഷ്‌ക്രിയമായി സമീപിക്കുകയും വ്യക്തിതാല്‍പര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന, സ്വയം കീഴടങ്ങിയ 'പൗരപ്രജ'(citizen subject)യുടെ സൃഷ്ടി ഒരു രാഷ്ട്രീയ പദ്ധതിയെന്ന നിലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു സംഘdപരിവാരങ്ങള്‍ ഈ നാളുകളില്‍. എന്നാല്‍, ഈ പൗരപ്രജയുടെ വികാസത്തിന് വിലങ്ങുതടിയായി കര്‍ഷക പ്രക്ഷോഭം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയൊരു പ്രതീക്ഷ പകര്‍ന്നുനല്‍കിക്കൊണ്ട് ഉദയം ചെയ്തു.


കേവല ഗുണഭോക്താവ് (beneficiary)- ഭരണാധികാരി കനിഞ്ഞരുളുന്ന ഔദാര്യങ്ങളില്‍ സന്തോഷംകൊള്ളുന്ന ഒരു നിഷ്‌ക്രിയ സ്വീകര്‍ത്താവ്- എന്ന നിലയിലേക്ക് പൗരന്മാരെ പരുവപ്പെടുത്തിയെടുക്കാനുള്ള ഭരണകൂട പദ്ധതികള്‍ അതിന്റെ ഏറ്റവും മൂര്‍ധന്യത്തിലെത്തിയ കാലം കൂടിയായിരുന്നു ഇത്. ഗുണഭോക്തൃ വിഹിതത്തിനും ഭരണകൂട കാരുണ്യത്തിനും വേണ്ടി സ്റ്റേറ്റിന്റെ/ഭരണാധികാരിയുടെ പ്രീതിക്കായി കാത്തിരിക്കുന്ന കേവല പ്രജകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിശ്ചലവും ദുര്‍ഗ്ഗന്ധപൂരിതവുമായ മലിന തടാകമായി മാറ്റിക്കൊണ്ടിരിക്കുകയും രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ദിശാബോധമില്ലാതെ രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്ത കാലം. ഈയൊരു സന്ദിഗ്ദ്ധ ഘട്ടത്തിലായിരുന്നു കര്‍ഷക സമരം ഇന്ത്യയില്‍ പിറവിയെടുക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്ന, പൊതുനയങ്ങളെ സ്വാധീനിക്കുകയും ജനവിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുകയും കൂട്ടായി തെരുവിലിറങ്ങുകയും ചെയ്യുന്ന രാഷ്ട്രീയ ജീവിയായ 'പൗരനെ' ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ കര്‍ഷക സമരത്തിന് സാധിച്ചുവെന്ന് പറയാം. അതോടൊപ്പം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കാല്‍ക്കലില്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞ മുഖ്യധാരാ മാധ്യമങ്ങളെ മറികടന്ന് പുതിയൊരു, ജനകീയ മാധ്യമ സംസ്‌കാരം, വിപുലവും വിശാലവുമായ രീതിയില്‍ ഉദയം ചെയ്യുന്നതിനും കര്‍ഷക പ്രക്ഷോഭം കാരണമായി.

ഭരണം കൈവിടാതിരിക്കാനുള്ള എല്ലാ വഴികളും മോദി-അമിത് ഷാ ദ്വയങ്ങള്‍ സ്വീകരിക്കുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. പ്രതിപക്ഷ കക്ഷികളുടെ മുന്‍കൈയില്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ഒരു സര്‍ക്കാര്‍ രൂപപ്പെടുകയും മുന്‍ സര്‍ക്കാരിന്റെ ചെയ്തികളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുകയും ചെയ്താല്‍ ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരുന്ന തരത്തിലുള്ള അഴിമതികളും ക്രമക്കേടുകളും തങ്ങള്‍ ചെയ്തുകൂട്ടിയുണ്ടെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി ഏത് കടുത്ത നടപടികള്‍ സ്വീകരിക്കാനും അവര്‍ തയ്യാറാകും.

തെരുവുകളില്‍ പ്രകടമാകുന്ന ഈ ജനകീയേച്ഛയെ സാങ്കേതികവിദ്യയോ പണമോ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് നൂറുവട്ടം ചിന്തിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമാകുമെന്ന അവസ്ഥ സൃഷ്ടിക്കാനും കര്‍ഷക പ്രക്ഷോഭത്തിന് സാധിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. കഴിഞ്ഞ ദിവസം (മെയ് 23) പ്രധാനമന്ത്രിയുടെ പട്യാല തെരഞ്ഞെടുപ്പ് യോഗത്തിന് സുരക്ഷയൊരുക്കാന്‍ സാധാരണ നിലയ്ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ 7500 ഓളം അര്‍ധ സൈനിക വിഭാഗത്തില്‍ നിന്നുള്ള ഭടന്മാരെ കൂടി നിയോഗിച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഭരണം കൈവിടാതിരിക്കാനുള്ള എല്ലാ വഴികളും മോദി-അമിത് ഷാ ദ്വയങ്ങള്‍ സ്വീകരിക്കുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. പ്രതിപക്ഷ കക്ഷികളുടെ മുന്‍കൈയില്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ ഒരു സര്‍ക്കാര്‍ രൂപപ്പെടുകയും മുന്‍ സര്‍ക്കാരിന്റെ ചെയ്തികളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുകയും ചെയ്താല്‍ ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരുന്ന തരത്തിലുള്ള അഴിമതികളും ക്രമക്കേടുകളും തങ്ങള്‍ ചെയ്തുകൂട്ടിയുണ്ടെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി ഏത് കടുത്ത നടപടികള്‍ സ്വീകരിക്കാനും അവര്‍ തയ്യാറാകും.

കേവല ഭൂരിപക്ഷത്തിനടുത്തുള്ള കളികളാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടക്കാനിരിക്കുന്നതെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ബന്ദികളാക്കപ്പെടാനുള്ള സാധ്യതകള്‍ പോലും തള്ളിക്കളയാനാകില്ല. പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല സി.ആര്‍.പി.എഫില്‍ നിന്ന് സി.ഐ.എസ്.എഫിലേക്ക് മാറ്റുകയും 3300ഓളം സൈനികരെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കുകയും ചെയ്തത് ഈയടുത്ത ദിവസങ്ങളിലാണ്. ഇരുസഭകളിലെയും മൊത്തം അംഗങ്ങളുടെ നാലിരട്ടിയിലധികമാണ് ഇത്. ഇതോടൊപ്പം തന്നെ പാര്‍ലമെന്റ് കോംപ്ലക്സില്‍ മോക് ഇവാക്വേഷന്‍ ഡ്രില്‍ നടത്തിയതും അസാധാരണ നടപടിയായി മാത്രമേ കാണാന്‍ കഴിയൂ. സംഘ്പരിവാരങ്ങള്‍ സെന്‍ട്രല്‍ വിസ്റ്റയെ വളഞ്ഞുവെക്കുന്ന ഒരു 'ട്രംപ് മൊമെന്റിന്' സാക്ഷിയാകാനുള്ള അവസരം പോലും ഇന്ത്യന്‍ ജനാധിപത്യത്തിന് കൈവന്നേക്കാം എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

ഒരു കാര്യം തീര്‍ച്ചയാണ്. ജനവികാരം ഏത് രീതിയില്‍ അട്ടിമറിക്കപ്പെട്ടാലും ജൂണ്‍ നാലിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം പഴയപടിയായിരിക്കില്ല. മോദി ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ നാം കണ്ട നിഷ്‌ക്രിയ പൗരനല്ല ഇന്ന് ഇന്ത്യന്‍ ജനത. മോദി-അമിത് ഷാ ദ്വയങ്ങളുടെ നേതൃത്വത്തില്‍ സംഘ്പരിവാരങ്ങള്‍ നടത്താനിരിക്കുന്ന ഏത് അതിസാഹസികതയും കൂടുതല്‍ ശക്തമായ ഒരു രാഷ്ട്രീയ പൗരനിലേക്ക് വളരുന്നതിന് അത് ഇടയാക്കും എന്നതില്‍ സന്ദേഹമൊന്നുമില്ല.


TAGS :