Quantcast
MediaOne Logo

ലബീബ് കായക്കൊടി

Published: 26 March 2024 12:06 PM GMT

പൊതുവിദ്യാഭ്യാസ മേഖലയിലെ ഇസ്ലാമോഫോബിയ; അനുഭവങ്ങളും അടരുകളും

കേരളത്തിലെ കാമ്പസ് പരിസരങ്ങളില്‍ 2023 വര്‍ഷത്തില്‍ നടന്ന ചില സംഭവങ്ങളില്‍ എങ്ങനെയാണ് ഇസ്ലാമോഫോബിയയുടെ സാന്നിധ്യം ഉണ്ടായത് എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും, റിപ്പോര്‍ട്ടുകളുമാണ് 'കാമ്പസ് ഇസ്ലാമോഫോബിയ 2023 റിപ്പോര്‍ട്ട് ' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. | വായന

കാമ്പസ് ഇസ്ലാമോഫോബിയ 2023 റിപ്പോര്‍ട്ട്
X

മുസ്ലിംകള്‍ക്കും മുസ്ലിംകളെ കുറിക്കുന്ന സൂചകങ്ങള്‍/ചിഹ്നങ്ങള്‍ എന്നിവക്കെതിരെയുമുള്ള വംശീയ രൂപവും അതുപോലെ മുസ്‌ലിംകളുടെ രാഷ്ട്രീയ കര്‍തൃത്വത്തോടുള്ള നിരാകരണവുമാണ് ഇസ്ലാമോഫോബിയ എന്ന് നിര്‍വചിക്കാറുണ്ട്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇസ്ലാമോഫോബിയ എന്ന അക്കാദമിക് ചര്‍ച്ചകള്‍ക്കപ്പുറത്ത് മനുഷ്യ ജീവിതത്തിന്റെ സാമൂഹികവും വ്യക്തിപരവുമായ അടരുകളില്‍ എങ്ങനെയാണ് ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്, അതിന്റെ ആഴം എത്രത്തോളമാണ് എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ആ അര്‍ഥത്തിലാണ് അഡ്വ. മുഹമ്മദ് റാഷിദ് എഡിറ്റ് ചെയ്ത് കാമ്പസ് അലൈവ് പുറത്തിറക്കിയ 'കാമ്പസ് ഇസ്ലാമോഫോബിയ 2023 റിപ്പോര്‍ട്ട് ' എന്ന പുസ്തകം പ്രസക്തമാവുന്നത്. ഇസ്ലാമോഫോബിയ ആഴത്തിലും ശക്തമായും പ്രവര്‍ത്തിക്കുന്ന മേഖല എന്ന നിലക്ക് കേരളത്തിലെ കാമ്പസ് പരിസരങ്ങളില്‍ 2023 വര്‍ഷത്തില്‍ നടന്ന ചില സംഭവങ്ങളില്‍ എങ്ങനെയാണ് ഇസ്ലാമോഫോബിയയുടെ സാന്നിധ്യം ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ പുസ്തകം ഉള്‍കൊള്ളുന്നു.

പരീക്ഷ എഴുതി വിജയിച്ചു വരുന്ന വിദ്യാര്‍ഥികളുടെ മേല്‍ പിന്നീട് നടക്കുന്നത് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ചാപ്പകുത്തലാണ്. പരീക്ഷ ജയിക്കുന്നുണ്ടെങ്കില്‍ കോപ്പി അടിച്ചിട്ടാണെന്നും അഥവാ, ജയിച്ചു വന്നാല്‍ നടത്തുന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നുമുള്ള പ്രചാരണം അഴിച്ചുവിടുന്നത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും തന്നെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിംകള്‍ക്ക് വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റങ്ങള്‍ സാധ്യമായ കേരളത്തില്‍ പ്രഫഷണല്‍ കോളജുകളില്‍ ഉള്‍പ്പടെ മുസ്ലിം വിദ്യാര്‍ഥികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. ആദ്യ കാലത്ത് ഉണ്ടായിരുന്ന 'വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത'മുസ്ലിംകളെ കുറിച്ചുള്ള ആകുലതകളില്‍ നിന്നും ഇപ്പോള്‍ വിദ്യാഭ്യാസമുള്ള മുസ്ലിം അപരനെക്കുറിച്ചുള്ള ആശങ്കകള്‍ എങ്ങനെയാണ് രൂപപ്പെടുന്നത് എന്നത് കാമ്പസ് ഇസ്ലാമോഫോബിയ പഠനത്തിലൂടെ ബാബുരാജ് ഭഗവതിയും കെ. അഷ്റഫും പറഞ്ഞുവെക്കുന്നു. പരിഷ്‌കൃത മുസ്ലിമിനെ കുറിച്ചുള്ള വംശീയ ആകുലതകള്‍ രൂപപ്പെടുന്നത് കൃത്യമായ പാറ്റേണ്‍ അനുസരിച്ചാണ്. മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചുകൊണ്ട് പരീക്ഷ ജയിക്കുന്നു എന്ന ആരോപണം കേരളീയ പൊതുമണ്ഡലത്തില്‍ ഉയര്‍ത്തി വിടുകയും അതുവഴി മുസ്ലിം സമുദായത്തിന്റെമേല്‍ അവിശ്വാസം ആരോപിക്കുകയും ചെയ്യുന്ന അനുഭവം ഉണ്ടായതാണല്ലോ. പരീക്ഷ എഴുതി വിജയിച്ചു വരുന്ന വിദ്യാര്‍ഥികളുടെ മേല്‍ പിന്നീട് നടക്കുന്നത് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ചാപ്പകുത്തലാണ്. പരീക്ഷ ജയിക്കുന്നുണ്ടെങ്കില്‍ കോപ്പി അടിച്ചിട്ടാണെന്നും അഥവാ, ജയിച്ചു വന്നാല്‍ നടത്തുന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നുമുള്ള പ്രചാരണം അഴിച്ചുവിടുന്നത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും തന്നെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നഴ്‌സറി തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എങ്ങനെയാണ് ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ കുറവാണെന്ന് കാണാന്‍ കഴിയും. മദറിങ് എ മുസ്ലിം: ദി ഡാര്‍ക് സീക്രെട്‌സ് ഇന്‍ ഔര്‍ സ്‌കൂള്‍സ് ആന്‍ഡ് പ്ലേ ഗ്രൗണ്ട് ' എന്ന പുസ്തകത്തില്‍ നസിയ ഇറത്ത് സ്‌കൂളുകളില്‍ ജാതി, വര്‍ഗ, ലിംഗ പദവിക്കപ്പുറത്തു മുസ്‌ലിംകള്‍ വിവേചനം നേരിടുന്നു എന്ന ഗൗരവതരമായ കാര്യം സൂചിപ്പിക്കുന്നു. കാമ്പസ് ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട കൃത്യമായ പഠനങ്ങള്‍ ഇനിയും വികസിച്ചു വരണം എന്നുകൂടി ഈ പഠനം പറഞ്ഞുവെക്കുന്നു.


കേരളത്തിലെ കാമ്പസ് പരിസരങ്ങളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ രൂപപ്പെട്ട ഇസ്ലാമോഫോബിയയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്, കാമ്പസ് ഇസ്ലാമോഫോബിയ 2023 റിപ്പോര്‍ട്ട് പുസ്തകത്തിന്റെ രണ്ടാമത്തെ ഭാഗം ഉള്‍ക്കൊള്ളുന്നത്. ഹിന്ദുത്വവാദികളും തീവ്രവലതുപക്ഷ മാധ്യമങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ ഇസ്ലാമോഫോബിയ പ്രചരണമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ മാസ്‌ക്കുമായി ബന്ധപ്പെട്ട വിവാദം. ഓപ്പറേഷന്‍ തീയേറ്ററിലെ മാസ്‌കിനോടൊപ്പം ഹിജാബ് ധരിക്കാനുള്ള അവകാശത്തെ കോളജ് അധികൃതര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചെങ്കിലും ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ കത്ത് കോളജില്‍ നിന്നുതന്നെ ആരോ പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഒപ് ഇന്ത്യ, സ്വരാജ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങള്‍ ഇസ്ലാമോഫോബിക് ആയ രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കാണാന്‍ സാധിക്കും. മാത്രമല്ല, അമേരിക്കയില്‍ നടക്കുന്ന മെഡിക്കല്‍ രംഗത്തെ ഹിജാബിന് വേണ്ടിയുള്ള സമരത്തോട് ഇതിനെ ചേര്‍ത്ത് വെച്ച് ന്യായമായ ആവശ്യത്തെ ആഗോള പരിപ്രേക്ഷ്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ബോധപൂര്‍വ പ്രചരണം സംഘ്പരിവാര്‍ നടത്തിയതായും കാണാന്‍ സാധിക്കും. മുസ്ലിംകളുടെ ആവശ്യങ്ങളെ ലോകത്തിന്റെ പല കോണുകളുമായി ബന്ധിപ്പിച്ച് അതിനെ റദ്ദ് ചെയ്യുകയും, അങ്ങനെ സമൂഹത്തില്‍ ഈ കൂട്ടര്‍ ലോകത്ത് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കണ്ണിയാണ് എന്ന ഭീതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ഇവിടെ ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്നു. അതുപോലെ കാസര്‍ഗോഡ് ജില്ലയില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞു എന്ന പേരില്‍ ബി.ജെ.പി നേതാവ് അനില്‍ ആന്റണി നടത്തിയ വിദ്വേഷ പ്രസ്താവനയും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നുണ്ട്.

മലപ്പുറത്തെ മുസ്ലിം വിദ്യാര്‍ഥിനികള്‍ തട്ടം അഴിക്കാന്‍ കാരണമായത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആണെന്ന അഡ്വ. അനില്‍ കുമാറിന്റെ പ്രസ്താവന എങ്ങനെയാണ് ഇസ്‌ലാമോഫാബിക് പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയത് എന്ന് റിപ്പോര്‍ട്ട് പഠന വിധേയമാക്കുന്നു. മുസ്ലിം സ്ത്രീയുടെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയും കര്‍തൃത്വവും നിഷേധിച്ചുകൊണ്ടാണ് ഈ പ്രസ്താവന എന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നു വരികയുണ്ടായി.

ഫാറൂഖ് കോളജിലേക്ക് പരിപാടിക്ക് ക്ഷണിക്കപ്പെട്ട് പിന്നീട് ക്ഷണം കാന്‍സല്‍ ചെയ്ത വിഷയത്തില്‍ ജിയോ ബേബിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് പുസ്തകം ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. ജിയോ ബേബിയും അതുപോലെ തന്നെ കോളജ് യൂണിയനുമായി ബന്ധപ്പെട്ടവരും നല്‍കിയ വിശദീകരണങ്ങള്‍ വളച്ചൊടിച്ചുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തത്. 'കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ് ' എന്ന പ്രസ്താവനയെ 'കോളജിന്റെ മത മൂല്യങ്ങള്‍ക്ക് എതിരാണ് ' എന്ന് തിരുത്തിയാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ജിയോ ബേബിയുടെ രാഷ്ട്രീയത്തെ ഏത് മത മൂല്യങ്ങള്‍ ആണ് റദ്ദ് ചെയ്യുന്നത് എന്ന ചോദ്യം കൂടി ഉയര്‍ത്തികൊണ്ടാണ് ഇസ്‌ലാമോഫോബിയ പ്രചാരങ്ങള്‍ക്ക് ആക്കം പകര്‍ന്നതെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഇസ്‌ലാമോഫോബിയ വ്യത്യസ്ത രൂപത്തില്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഈ സംഭവങ്ങളിലൂടെ സാധിക്കും. മുസ്ലിം സമുദായത്തെ ആഗോള ഇസ്‌ലാമോഫോബിയയുടെ മാതൃകയിലേക്ക് ചേര്‍ത്തു കെട്ടുക, വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുക തുടങ്ങിയവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.


'കാമ്പസ് ഇസ്ലാമോഫോബിയ 2023 റിപ്പോര്‍ട്ട് ' പുസ്തകത്തിന്റെ പ്രകാശനം സംവിധായകന്‍ ഹര്‍ഷദും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും ചേര്‍ന്ന് വിര്‍വഹിക്കുന്നു.

കാമ്പസ് ഇസ്ലാമോഫോബിയയുടെ കേരളീയ പരിസരത്തില്‍ നിന്നുകൊണ്ട് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ബ്രണ്ണന്‍ കോളജിലെ മിസ്ബാഹ് സഹദിന്റെ സംഭവം. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്ക് ഭൂരിപക്ഷമുള്ള കാമ്പസില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിനിധിയായി അറബിക് അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട, നിഖാബ് അണിഞ്ഞ മിസ്ബാഹിന് നേരെ നടന്നത് വംശീയ പ്രചാരണങ്ങളായിരുന്നു. പുരോഗമന മുഖംമൂടിയണിഞ്ഞുകൊണ്ട് തന്നെ ഇസ്‌ലാമോഫോബിയ പ്രചാരണങ്ങള്‍ നടത്താന്‍ കേരളീയ സാമൂഹിക സാഹചര്യം അനുകൂലമാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് മിസ്ബാഹിന്റെ വസ്ത്രം എന്ന ചിഹ്നത്തിന് നേരെ നടന്ന വംശീയ അധിക്ഷേപങ്ങളെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലപ്പുറത്തെ മുസ്ലിം വിദ്യാര്‍ഥിനികള്‍ തട്ടം അഴിക്കാന്‍ കാരണമായത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആണെന്ന അഡ്വ. അനില്‍ കുമാറിന്റെ പ്രസ്താവന എങ്ങനെയാണ് ഇസ്‌ലാമോഫാബിക് പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയത് എന്ന് റിപ്പോര്‍ട്ട് പഠന വിധേയമാക്കുന്നു. മുസ്ലിം സ്ത്രീയുടെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയും കര്‍തൃത്വവും നിഷേധിച്ചുകൊണ്ടാണ് ഈ പ്രസ്താവന എന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നു വരികയുണ്ടായി.


ഹിന്ദുത്വ ഇസ്ലാമോഫോബിയയും പുരോഗമന മതേതര ഇസ്ലാമോഫോബിയയും എങ്ങനെയാണ് എന്നത് കൃത്യമായി മേല്‍ പറഞ്ഞ സംഭവങ്ങളിലൂടെ പുസ്തകം നമുക്ക് മുന്നില്‍ വരച്ചു വെക്കുന്നുണ്ട്. അതുപോലെ തന്നെ അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തെ മുസ്ലിം വിദ്യാര്‍ഥികളുടെ പ്രതിഷേധം എന്ന നിലക്ക് വ്യാഖ്യാനിച്ചു ആ സമരത്തിന്റെ മെറിറ്റിനെ തന്നെ ഇല്ലാതാക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഒരു പ്രശ്‌നത്തിന്റെ മെറിറ്റിനെ ഇല്ലാതാക്കാന്‍ ഇസ്ലാമോഫോബിയ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അമല്‍ ജ്യോതി സംഭവം എന്ന് റിപ്പോര്‍ട്ട് പറയുന്നു.

കേവലമായ സംഭവങ്ങളോ ഒറ്റപ്പെട്ടതോ അല്ലാതെ തന്നെ കേരളത്തിന്റെ കാമ്പസ് പരിസരങ്ങളില്‍ ഇസ്ലാമോഫോബിയ എത്ര ആഴത്തിലാണ് വേരൂന്നിയിരിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. സംഘ്പരിവാര്‍ ഗ്രൂപ്പുകളും തീവ്ര വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ഇസ്ലാമോഫോബിയ പ്രചരണങ്ങള്‍ കേരളത്തിന്റെ സാമൂഹിക പരിസരത്ത് വലിയ രീതിയില്‍ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിലേക്ക് ആക്കം കൂട്ടുന്ന തരത്തില്‍ പുരോഗമന മുഖംമൂടിയണിഞ്ഞ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന ഇസ്ലാമോഫോബിയ പ്രചരണങ്ങള്‍ വലിയ വിപത്താണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങളെ കൃത്യമായി പഠിക്കുകയും അതിനോടുള്ള പ്രതികരണങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യണമെന്ന് പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കാമ്പസ് ഇസ്‌ലാമാഫോബിയയുമായി ബന്ധപ്പെട്ട് റഫറന്‍സ് എന്ന രൂപത്തില്‍ കൂടി ഉപയോഗിക്കാന്‍ പാകത്തിലാണ് ഓരോ സംഭവങ്ങളും അതിന്റെ വ്യത്യസ്ത അടരുകളും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.

TAGS :