Quantcast
MediaOne Logo

Web Desk

Published: 29 Jan 2023 1:45 PM GMT

Itfok2023: ഒന്നിക്കണം മാനവികത പശ്ചാത്തലത്തില്‍ നാല് മലയാള നാടകങ്ങള്‍

കേരള സംഗീത നാടക അക്കാദമി കേരള സാംസ്‌കാരിക വകുപ്പിന് വേണ്ടി നടത്തുന്ന പതിമൂന്നാമത് ഇറ്റ് ഫോക്കില്‍ നാല് മലയാള നാടകങ്ങള്‍ ആണ് എത്തുന്നുന്നത്.

Itfok2023: ഒന്നിക്കണം മാനവികത പശ്ചാത്തലത്തില്‍ നാല് മലയാള നാടകങ്ങള്‍
X

ഫെബ്രുവരി 5 മുതല്‍ ഫെബ്രുവരി 14 വരെ സംഗീത നാടക അക്കാദമിയുടെ വിവിധ വേദികളിലായി പത്തു ദിവസം നീണ്ടു നില്‍ക്കുന്ന അന്തര്‍ദേശീയ നാടകോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിത്യസ്ത ഇടങ്ങളില്‍ നിന്നെത്തുന്ന നാല് മലയാള നാടകങ്ങള്‍ കേരളം കണ്ടും കേട്ടും അതിജീവിച്ചും കടന്നു പോയ തീക്ഷ്ണ അനുഭവങ്ങളുടെ രംഗസാക്ഷ്യങ്ങളാണ്.

പതിമൂന്നാമത് അന്തര്‍ദേശീയ നാടകോത്സവത്തിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി ആറിന് ബ്ലാക്ക് ബോക്‌സ് വേദിയില്‍ വൈകുന്നേരം നാലു മണിക്ക് അരങ്ങേറുന്ന നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ എന്ന പ്രതാപന്‍ കെ.എസ് സംവിധാനം ചെയ്യുന്ന നാടകം 1975-76 ലെ ദേശീയ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. ഒരു ഫ്യൂഡല്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് നാടകം ചിത്രീകരിക്കുന്നത്. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ആന്തരിക സംഘര്‍ഷങ്ങളും അതിജീവനവും പ്രണയവും കാമവും പ്രതികാരവുമെല്ലാം നാടകം വരച്ചിടുന്നു.


ഫെബ്രുവരി 13 ന് രാത്രി 7 മണിക്ക് ആക്റ്റര്‍ മുരളി തീയറ്ററില്‍ അരങ്ങേറുന്ന മുരളീകൃഷ്ണന്റെ ഒരു ചെറുകഥയുടെ സ്വതന്ത്ര നാടകാരമായ 'സോവിയറ്റ് സ്റ്റേഷന്‍ കടവ്' എന്ന നാടകം ഒരു ജനാതിപത്യ സംകാരത്തിനും ഭൂമികക്കും അധികാര മോഹം എത്രമാത്രം ശാപവും വിനാശകരവുമാണ് എന്നതാണ് മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്.


ചരിത്രം പലവുരു തെളിയിച്ചപോലെ അധികാരത്തിന്റെ ആനന്ദം സിരകളിലൂടെ ഒഴുകിത്തുടങ്ങിയാല്‍ ജനാധിപത്യ വ്യവസ്ഥിതിയിലേക്ക് വളരാന്‍ ഒരു സമൂഹത്തിനു സാധ്യമല്ല എന്ന് നാടകം പറയുന്നു. ജനാധിപത്യ സമൂഹത്തില്‍ നേതൃത്വത്തിന്റെ രുചി ആസ്വദിക്കുകയും അധികാരത്തിന് അടിമപ്പെടുകയും ചെയ്യുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. 'സോവിയറ്റ് സ്റ്റേഷന്‍ കടവില്‍' അത്തരത്തിലുള്ള ഒരുപാട് ആളുകള്‍ കടന്നു വരുന്നു. ഈ നാടകം പൗരന്മാര്‍ക്ക് വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. ചരിത്രപരമായ വസ്തുതകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ മാത്രമേ ഇത് ശരിയാക്കാന്‍ കഴിയൂ എന്ന ഓര്‍മ്മപ്പെടുത്തല്‍. കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ കനല്‍ സാംസ്‌കാരിക വേദിയാണ് 'സോവിയറ്റ് സ്റ്റേഷന്‍ കടവ്' ഇറ്റ്‌ഫോക്കില്‍ അവതരിപ്പിക്കുന്നത്. ഹാസിം അമരവിള രചനയും സംവിധാനവും നിര്‍വ്വഹിച്ച സോവിയറ്റ് സ്റ്റേഷന്‍ കടവ്, ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍ തിയേറ്റര്‍ നിര്‍മ്മാണമാണ്.

പതിമൂന്നാമത് ഇറ്റഫോക്കിന്റെ മൂന്നാം ദിവസമായ ഫെബ്രുവരി 7 ന് ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന അക്ഷരങ്ങള്‍ വെച്ചുള്ള faos പ്ലേ ഹൗസ് എന്ന വേദിയില്‍ രാത്രി 8. 30 ന് നടക്കുന്ന ആര്‍ട്ടിക് പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തു ജീവിക്കുന്ന ആധുനിക മനുഷ്യ സംസ്‌കാരത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇടം നാടകവേദി അവതരിപ്പിക്കുന്ന ആര്‍ട്ടിക് കെ ആര്‍ രമേശ് ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രകൃതിയെ ആവോളം കവര്‍ന്നെടുത്തു ധനവാനാകുന്ന ഒരു മനഷ്യന്റെ പാപചിന്തകളും മുന്‍പുണ്ടായിരുന്ന ഭൂപ്രകൃതിയെ കുറിച്ചുള്ള ഗതകാല സ്മരണകളും ആണ് നാടകം ആവിഷ്‌കരിക്കുന്നത്. ഒടുവില്‍ ഒരു കുമ്പസാരത്തിനു പോലും സാധ്യമാകാതെ പോകുന്ന ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥ ഒരു സമൂഹത്തിന്റെ കൂടെ ദാരുണമായ അവസ്ഥയാണ് പ്രതിപാദിക്കുന്നത്


പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ നാലാം ദിവസമായ ഫെബ്രുവരി 8 ന് രാത്രി 8. 45ന് പവലിയന്‍ വേദി 'കക്കുകളി' എന്ന മലയാള നാടകം കാണാം. കക്കു ഉപയോഗിച്ച് കളിക്കുക എന്നതാണ് കക്കുകളി എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രശസ്ത കഥാകാരന്‍ ഫ്രാന്‍സിസ് നൊറോഹ്നയുടെ കഥയെ ആസ്പദമാക്കിയാണ് നാടകം രൂപപ്പെടുത്തിയത്.

1980 കളില്‍ ആരംഭിക്കുന്ന കഥ കേരളത്തിലെ തീരപ്രദേശത്താണ് നടക്കുന്നത്. പതിനാറ് വയസ്സുള്ള കൗമാരക്കാരിയായ 'നതാലി'യാണ് കേന്ദ്രകഥാപാത്രം. സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്നേഹിയുമായിരുന്ന അച്ഛന്‍ ശ്രീ കറുമ്പന്റെ പെട്ടെന്നുള്ള വിയോഗം മുതല്‍ നതാലിയയും അമ്മയും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. മകളെ ഏതെങ്കിലും ക്രിസ്ത്യന്‍ ആശ്രമത്തില്‍ ഏല്‍പ്പിക്കാന്‍ അമ്മ തീരുമാനിക്കുന്നു. നതാലിയുടെ വീട്ടുമുറ്റത്ത് സുഹൃത്ത് ലക്ഷ്മിയോടൊപ്പം കാക്കുകളി കളിക്കുമ്പോള്‍ മദര്‍ സുപ്പീരിയറും ഒരു സഹോദരിയും വീട്ടിലേക്ക് വരുന്ന സന്ദര്‍ഭത്തിലാണ് കക്കുകളി ആരംഭിക്കുന്നത്. കറുമ്പന്റെ അടുത്ത സുഹൃത്ത് ജെയ്‌കെന്‍ ആകസ്മികമായി അവിടെ വന്നപ്പോള്‍ നതാലിയെ കോണ്‍വെന്റിലേക്ക് അയക്കുന്നതിനെ എതിര്‍ക്കുന്നു. ഏതൊരു സൗജന്യത്തിനും പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരു കെണി ഉണ്ടെന്ന് അദ്ദേഹം കുടുംബത്തെ ബോധ്യപ്പെടുത്തുന്നു. പക്ഷേ അമ്മ മകളെ കോണ്‍വെന്റിലേക്ക് അയയ്ക്കുന്നു. നാടകത്തിന്റെ തുടര്‍ന്നുള്ള രംഗങ്ങള്‍, മഠത്തില്‍ നതാലി നേരിടുന്ന കടുത്ത അടിച്ചമര്‍ത്തലുകളും അവളുടെ വലിയ പ്രതീക്ഷകള്‍ക്ക് വിപരീതമായുള്ള അനുഭവങ്ങളുമാണ്. മതം മാറിയ ദളിത് ആയതിനാല്‍ നതാലിക്ക് കോണ്‍വെന്റില്‍ വളരെ പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നു. കോണ്‍വെന്റിലെ എല്ലാ വീട്ടുജോലികളും അവള്‍ ചെയ്യേണ്ടി വന്നു, ചെറിയ തെറ്റുകള്‍ക്ക് പോലും കഠിനമായി ശിക്ഷിക്കപ്പെട്ടു.


മലയാളത്തില്‍ നിന്നെത്തുന്ന ഈ നാലു നാടകങ്ങളും അടിയന്തിരാവസ്ഥ മുതല്‍ 1980 വരെയുള്ള ചരിത്രത്തിന്റെ തിരിഞ്ഞുനോട്ടവും അതിനെ വര്‍ത്തമാനകാലത്ത് രംഗാവതരണത്തോടെ നോക്കിക്കാണുന്നതുമാണ്. തീര്‍ച്ചയായും ഒരുപാടു ചോദ്യങ്ങള്‍ ഉന്നയിക്കുന്നവയാണ് പതിമൂന്നാമത് ഇറ്റ്‌ഫോക്കിലെത്തുന്ന നാലു നാടകങ്ങളും. ഒന്നിക്കണം മാനവികത എന്ന ഈ വര്‍ഷത്തെ ഫോക്കസ് ആയ നാടകോത്സവത്തിന്റെ പ്രസക്തിയുടെ പശ്ചാത്തലത്തിലാണ് ഈ നാല് മലയാള നാടകങ്ങളുടെ അവതരണം.

TAGS :