MediaOne Logo

അഭിലാഷ് പടച്ചേരി

Published: 22 May 2023 1:40 PM GMT

വംശീയതയും വിവേചനവും ഈ അണ്ഡകടാഹത്തിലെ നേര്‍സാക്ഷ്യങ്ങളാണ്

കഠിന കഠോരമീ അണ്ഡകടാഹം ചര്‍ച്ച ചെയ്യപ്പെടാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മടി കാണിക്കുന്നതില്‍ വ്യക്തമായ ഒരു വംശീയതയും ഒളിഞ്ഞുകിടപ്പുണ്ട്. കാലങ്ങളായി തീരദേശ ജനതയോട് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശീയതയുടേയും വിവേചനത്തിന്റേയും നേര്‍സാക്ഷ്യങ്ങള്‍ സിനിമയില്‍ നിരവധി സീനുകളില്‍ മാറിമറയുന്നുണ്ട്.

കഠിന കഠോരമീ അണ്ഡകടാഹം
X

'കഠിന കഠോരമീ അണ്ഡകടാഹം' ആരും ഒന്ന് സംശയിച്ചേക്കാവുന്ന പേരാണ് സിനിമയുടേത്. അണ്ഡകടാഹം പ്രപഞ്ചമല്ലെന്നും സ്റ്റേറ്റ് ആണെന്നുമാണ് തത്വത്തില്‍ സിനിമ കണ്ടിറങ്ങുന്ന ഒരാള്‍ക്ക് തോന്നിപ്പോവുക. സ്റ്റേറ്റിന്റെ അടിച്ചമര്‍ത്തല്‍ സ്വഭാവവും വിവേചനവും സിനിമ കണ്ടിറങ്ങിയാലും മുന്നില്‍ നിന്ന് മായില്ല, അതുകൊണ്ട് തന്നെ ഈ അണ്ഡകടാഹം ഭരണകൂടമായി തന്നെ നമുക്ക് മുന്നില്‍ നില്‍ക്കും. മനോഹരവും ലളിതവുമായ കഥപറച്ചിലിലൂടെ കൊവിഡ് കാലത്തെ സാധാരണക്കാര്‍ക്ക് നേരേ നടന്ന പൊലിസ് അമിതാധികാര പ്രയോഗം അക്കമിട്ട് നിരത്താന്‍ സിനിമയ്ക്ക്് കഴിഞ്ഞിട്ടുണ്ട്. 2020ലെ കോവിഡ് മഹാമാരിക്കാലത്തെ വൈകാരിക സന്ദര്‍ഭങ്ങളിലൂടെ ഈ സിനിമ നമ്മളെ കൊണ്ടുപോകുമെന്നതില്‍ തര്‍ക്കമില്ല, കോവിഡ് ആരോഗ്യപ്രശ്‌നമാണെന്നും ക്രമസമാധാന പ്രശ്‌നമല്ലെന്നും അടിവരയിടാന്‍ സിനിമ ശ്രമിച്ചിട്ടുണ്ട്.

മാപ്പിള, അല്ലെങ്കില്‍ മുസ്‌ലിം എന്ന് കേള്‍ക്കുമ്പോള്‍ ഗള്‍ഫുകാരായ പുത്തന്‍പണക്കാരുടെ ചിത്രം മാത്രം മുന്നിലേക്കോടി വരുന്ന പൊതുബോധത്തിന് മുന്നില്‍, പ്രവാസ ലോകത്തിന്റെ കയ്‌പേറിയ അനുഭവങ്ങളെ ശബ്ദസാന്നിധ്യമായി ബച്ചുവിന്റെ ബാപ്പയിലൂടെ അവതരിപ്പിക്കുക വഴി സിനിമ നല്‍കുന്ന സന്ദേശം ചെറുതല്ല.

ഹര്‍ഷദ് എഴുതി മുഹാഷിന്‍ സംവിധാനം ചെയ്ത ഈ ചിത്രം കോഴിക്കോടിന്റെ തീരദേശ ജനതയുടെ കൊറോണക്കാലത്തെ ജീവിതം, ബച്ചുവെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പകര്‍ത്തിയെന്ന് നിസംശയം പറയാം. തിയേറ്റര്‍ അനുഭവം നഷ്ടപ്പെടുത്തി എന്ന മാനസിക സങ്കടം ഉള്ളിലുണ്ട് എന്നത് തുറന്നു പറയേണ്ടതാണ്. 'ഉണ്ട'യിലൂടേയും 'പുഴു'വിലൂടേയും മലയാള സിനിമയിലെ കഥാ ആഖ്യാനങ്ങളെ തിരുത്തിച്ച ഹര്‍ഷദ്, 'കഠിന കഠോരമീ അണ്ഡകടാഹ'ത്തില്‍ എത്തുമ്പോള്‍ ഒരു പടി കൂടി മുന്നിലേക്ക് വന്നിരിക്കുന്നുവെന്ന് സിനിമയില്‍ ഉടനീളം നമുക്ക് കാണാന്‍ സാധിക്കും. ബിരിയാണി ചെമ്പ് പൊലിസ് സ്‌റ്റേഷന്‍ കയറുന്നത് തൊട്ട് തൂടങ്ങുന്ന ഈ അണ്ഡകടാഹത്തിലെ കാഴ്ച്ചകള്‍, അരികുവല്‍കരിക്കപ്പെട്ട സമൂഹത്തെ അതിന്റെ സൂക്ഷ്മതയില്‍ കൈകാര്യം ചെയ്യുന്നുണ്ട്.

കൊറോണക്കാലത്തെ ഭരണകൂട അടിച്ചമര്‍ത്തലിനെ ഏത് മേഖലയിലുള്ള ജനങ്ങളുടെ കഥ പറഞ്ഞും പ്രതിഫലിപ്പിക്കാം. കടല്‍ അതിരുപങ്കിടുന്ന ഇടുങ്ങിയ വഴികളുടെ ഓരത്ത് ജീവിതം തള്ളിനീക്കുന്ന തീരദേശ മുസ്‌ലിം ജനതയിലൂടെ കഥ പറഞ്ഞത് തിരക്കഥാകൃത്ത് സിനിമയ്ക്ക് നല്‍കുന്ന മാനത്തെയാണ് അടയാളപ്പെടുത്തുന്നത്. മാപ്പിള, അല്ലെങ്കില്‍ മുസ്‌ലിം എന്ന് കേള്‍ക്കുമ്പോള്‍ ഗള്‍ഫുകാരായ പുത്തന്‍പണക്കാരുടെ ചിത്രം മാത്രം മുന്നിലേക്കോടി വരുന്ന പൊതുബോധത്തിന് മുന്നില്‍, പ്രവാസ ലോകത്തിന്റെ കയ്‌പേറിയ അനുഭവങ്ങളെ ശബ്ദസാന്നിധ്യമായി ബച്ചുവിന്റെ ബാപ്പയിലൂടെ അവതരിപ്പിക്കുക വഴി സിനിമ നല്‍കുന്ന സന്ദേശം ചെറുതല്ല. ഇടുങ്ങിക്കൂടി ജീവിക്കേണ്ടി വരുന്ന, സാമ്പത്തിക പ്രയാസത്തില്‍ ഉലയുന്ന അവരുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് കൊറോണക്കാലത്തെ ജീവിതം ഓരോ ഫ്രെയ്മിലും പകര്‍ത്തി വച്ചിട്ടുണ്ട്. പച്ചക്കറി ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് കൊറോണ പോസിറ്റീവ് ആകുന്ന സമയത്തെ ദൃശ്യാവിഷ്‌കാരം നമ്മെ ഏറെ ചിന്തിപ്പിക്കും. മൂന്ന് സെന്റിലും രണ്ട് സെന്റിലും കഴിയുന്നവരോട് കൊറോണ രോഗിയെ കൊണ്ട് പോകുമ്പോള്‍ മാറി നില്‍ക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറയുമ്പോള്‍ തങ്ങളുടെ വിടുകളുടെ മുന്നില്‍ നിന്ന് പിറകുവശത്തേക്ക് ഓടിപ്പോകേണ്ടിവരുന്ന സാമൂഹിക സുരക്ഷിതത്വം മാത്രമേ തീരദേശ ജീവിതങ്ങള്‍ക്ക് ഈ അണ്ഡകടാഹം ഇതുവരെ നല്‍കിയിട്ടുള്ളൂവെന്ന നഗ്നസത്യം സിനിമ നമുക്ക് മുന്നില്‍ തുറന്നുതരുന്നുണ്ട്.


'നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ കൊറോണ', 'ആരാന്‍ ഡോറ് തൊറക്കുന്നത് നോക്കിനില്‍ക്കുവാണോ കൊറോണ?', 'ഞാന്‍ ജീവിക്കുന്നത് തന്നെ പ്രോട്ടോകോളില്‍ അല്ലേ....', 'പൈസേം പിടിപാടുമുണ്ടെങ്കില്‍ പെര്‍മിഷന്‍ താനേ വരും വിജീഷേ', 'നിയമൊക്കേ മാറും ചിലോരുടെ കാര്യത്തില്....'... വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സിനിമയില്‍ ബച്ചുവില്‍ നിന്നും ബച്ചുവിനെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളില്‍ നിന്നും ഉയരുന്ന നാല് സംഭാഷണ ശകലങ്ങളാണ് സത്യത്തില്‍ സിനിമയുടെ രാഷ്ട്രീയത്തെ തിളക്കമുള്ളതാക്കുന്നത്. കൊറോണക്കാലം നമുക്ക് തന്ന ദുരനുഭവങ്ങളെ, സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ന്യായമായ സംശയത്തെയാണ് ഈ സംഭാഷണങ്ങള്‍ പ്രതിനിധീകരിക്കുന്നത്. ഈ ചോദ്യങ്ങള്‍ അക്കാലത്ത് നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ നിന്ന് ഉയര്‍ന്നുവന്നതുകൊണ്ട് തന്നെ സിനിമയിലെ സംഭവവികാസങ്ങള്‍ നമ്മുടെ ഉള്ളില്‍ ഉരുകിച്ചേരും.

ഓട്ടോറിക്ഷക്കാര്‍ക്ക് അറിയാത്ത ഏത് വഴിയാണ് ഈ അണ്ഡകടാഹത്തിലുള്ളത്? ഈ ഒരു ചോദ്യത്തിലൂടെയാണ് എന്താണ് അണ്ഡകടാഹം എന്ന് തിരക്കഥാകൃത്ത് നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത് കണ്ടെയ്‌മെന്റ് സോണില്‍ വഴിമുട്ടിനില്‍ക്കുന്ന നൈസലിന്റെ ഡയലോഗിലൂടെയാണ്. അവിടുന്നങ്ങോട്ട് ഈ അണ്ഡകടാഹം പാവപ്പെട്ട ജനങ്ങളെ പിഴിയുന്നതിന്റെയും രാഷ്ട്രീയ സ്വാധീനവും സമ്പത്തുമുണ്ടെങ്കില്‍ നിയമം തടസമാകില്ലെന്നും ഓരോ പ്രേക്ഷകന്റെ ഉള്ളിലും വൈകാരികമായി അടയാളപ്പെടുത്തുന്നുണ്ട്. ബച്ചുവിന്റെ ബാപ്പയുടെ മയത്ത് (മൃതശരീരം) വീട്ടില്‍ എത്തിക്കാന്‍ തടസം നേരിട്ടപ്പോള്‍ ഇന്ദ്രന്‍സിന്റെ അസന്‍ക്ക എന്ന കഥാപാത്രം തൊടുക്കുന്ന ഡയലോഗും അടിസ്ഥാനവര്‍ഗത്തിന്റെ കാഴ്ച്ചപ്പാടുകള്‍ എന്താണെന്ന് പ്രതിഫലിപ്പിക്കുന്നതാണ്. നിയമത്തിന് പുറത്താണ് നീതിയെങ്കില്‍ നിയമത്തെ മറികടക്കണമെന്ന ഈ നിരീക്ഷണം, സാധാരണക്കാരന്റെ നീതിക്ക് വേണ്ടിയുള്ള മുന്നോട്ട് പോക്ക് ഭരണകൂടത്തിന്റെ ബാരിക്കേഡില്‍ പോയി മുട്ടിനില്‍ക്കില്ലെന്ന് ഈ ചിത്രം കാണിച്ചുതരുന്നുണ്ട്. രാഷ്ട്രീയ മുദ്രാവാക്യ സംഭാഷണങ്ങളല്ല, മറിച്ച്് അതിനെ സിനിമാറ്റിക് ആയിതന്നെ രാഷ്ട്രീയസത്ത ചോരാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് സംവിധായകന്റെ മിടുക്ക്. ഹര്‍ഷദിന്റെ എഴുത്തിനോട് നീതി പുലര്‍ത്താന്‍ നവാഗതനായ മുഹഷിന് കഴിഞ്ഞിട്ടുണ്ട് എന്നുമാത്രമല്ല, മലയാള സിനിമയില്‍ ആധികാരികമായി തന്നെ തന്റെ ഇടം നിര്‍മിക്കാന്‍ അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്.

കോവിഡ് ആരോഗ്യ പ്രശ്‌നമായി കാണണമെന്ന തിരക്കഥാകൃത്തിന്റെ ഉന്നതമായ ബോധത്തെ അന്നത്തെ ഭരണകൂട പരാക്രമങ്ങളെ ന്യായീകരിച്ചവര്‍ക്ക് ഈ സിനിമ പൊതുമധ്യത്തില്‍ ദൃശ്യത കൈവരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. അതുതന്നെയാണ് അവരുടെ മൗനത്തിന് ആക്കം കൂട്ടുന്നതും.

മുസ്‌ലിം കുടുംബ ജീവിതങ്ങളെ അവതരിപ്പിക്കുമ്പോഴും, കുടുംബ ജീവിതങ്ങളില്‍ നമ്മള്‍ കണ്ടുവരാറുള്ള പുരുഷ മേല്‍ക്കോയ്മയെ അടയാളപ്പെടുത്തുകയും അതിനെ ചോദ്യംചെയ്യുന്ന കഥാപാത്രമായി ബച്ചുവിന്റെ പെങ്ങളായ ബുഷ്‌റ മാറുകയും ചെയ്യുന്നുണ്ട്. ബുഷ്‌റ, ബച്ചുവിന്റെ കളിക്കൂട്ടുകാരന്‍ അസിയിലൂടെ ബച്ചുവിനെ തിരുത്തുന്ന സന്ദര്‍ഭങ്ങളും സിനിമയുടെ അവസാന ഘട്ടത്തില്‍ ബച്ചുവിന്റെ ബാപ്പയുടെ മയ്യത്ത് ഖബര്‍സ്ഥാനില്‍ വന്ന് ഉമ്മ കാണുന്നതും സ്ത്രീകളെ അവരുടെ ആത്മാഭിമാന ബോധത്തെ സിനിമ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് എന്നത് എല്ലാവര്‍ക്കും ദഹിക്കണമെന്നില്ല. കാരണം, മുസ്‌ലിം ജീവിതങ്ങളെ കാണിക്കുമ്പോള്‍ ഈ കാലമിതുവരെ സ്ത്രീകളെ ശബ്ദമില്ലാത്തവരായി ചിത്രീകരിക്കുന്ന പരമ്പരാഗത കാഴ്ച്ചപ്പാടിനെ സിനിമ അട്ടിമറിക്കുന്നു എന്നതാണ്.

മുഹ്‌സിന്‍ പരാരിയുടെ പ്രേമക്കത്ത് പാട്ട്, ഫാത്തിമ ജഹാന്റെ ശബ്ദത്തിലൂടെ കൊളുത്തിവലിച്ച് ബച്ചുവിലേക്ക് നമ്മളെ കൊണ്ടെത്തിക്കുമ്പോഴും, സിനിമയ്ക്കകത്തെ വൈകാരിക നിമിഷങ്ങളെ ചോര്‍ച്ചയില്ലാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും സംഗീതസംവിധായകന്റെ കയ്യൊപ്പ് വ്യക്തമാണ്. ഇന്ദ്രന്‍സ് എല്ലാകാലത്തേയും പോലെ മികച്ചതില്‍ നിന്ന് മികച്ചതിലേക്ക് സഞ്ചരിക്കുന്നതായാണ് അനുഭവപ്പെട്ടത്. അത്രയേറെ ചിന്തിപ്പിക്കുന്ന നിമിഷങ്ങളാണ് അസന്‍ക്കയിലൂടെ നമുക്ക് കാണാനാവുക. ആംബുലന്‍സില്‍ ഏന്തിവലിഞ്ഞ് കമറു, ഇത് ഞാനാടാ അസന്‍ എന്ന് പറയുമ്പോള്‍ ഗ്രാമീണ ബന്ധങ്ങളുടെ വൈകാരിക തലം ദൃശ്യമാകും.


ഹര്‍ഷദ്, ഇന്ദ്രന്‍സ് മുഹാഷിന്‍-ചിത്രീകരണത്തിനിടെ

പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയം പറച്ചിലല്ല ഈ സിനിമ. പക്ഷേ, കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയം കൃത്യമായി പറഞ്ഞുവയ്ക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഈ സിനിമയെ അഭിസംബോധന ചെയ്യുന്നതില്‍ സിപിഎം-ഇടത് ബുദ്ധിജീവി പക്ഷത്തിന് ഉള്ള മൗനം വെറുതേ ഉണ്ടായതല്ല എന്നത് വ്യക്തമാണ്. കാരണം, കൊറോണക്കാലത്ത് കോണ്‍ഗ്രസ് ആണ് ഭരിച്ചിരുന്നതെങ്കില്‍ ഈ ചിത്രത്തെ കുറിച്ച് തുടരെതുടരെ ലേഖനങ്ങള്‍ പ്രതീക്ഷിക്കാമായിരുന്നു. കോവിഡ് ആരോഗ്യ പ്രശ്‌നമായി കാണണമെന്ന തിരക്കഥാകൃത്തിന്റെ ഉന്നതമായ ബോധത്തെ അന്നത്തെ ഭരണകൂട പരാക്രമങ്ങളെ ന്യായീകരിച്ചവര്‍ക്ക് ഈ സിനിമ പൊതുമധ്യത്തില്‍ ദൃശ്യത കൈവരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. അതുതന്നെയാണ് അവരുടെ മൗനത്തിന് ആക്കം കൂട്ടുന്നതും.

കഠിന കഠോരമീ അണ്ഡകടാഹം ചര്‍ച്ച ചെയ്യപ്പെടാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മടി കാണിക്കുന്നതില്‍ വ്യക്തമായ ഒരു വംശീയതയും ഒളിഞ്ഞുകിടപ്പുണ്ട്. കാലങ്ങളായി തീരദേശ ജനതയോട് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശീയതയുടേയും വിവേചനത്തിന്റേയും നേര്‍സാക്ഷ്യങ്ങള്‍ നിരവധി സീനുകളില്‍ മാറിമറയുന്നുണ്ട്. ഇടുങ്ങിയ റോഡുകളും മുന്ന് സെന്റുകളില്‍ തളച്ചിടപ്പെട്ട ജീവിതങ്ങളും അവര്‍ക്ക് അഭിസംബോധന ചെയ്യേണ്ടി വരും. കോവിഡ് കാലത്ത് മാത്രമല്ല, ഇപ്പോഴും അവരുടെ ജീവിതം അങ്ങിനെതന്നെ എന്ന് അവരെ വീക്ഷിക്കുന്നവര്‍ക്ക് അറിയാകുന്ന കാര്യം തന്നെയാണ്. ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്, കോവിഡ് കാലത്തെ ഭരണകൂട അതിക്രമങ്ങളിലേക്ക് മാത്രമല്ല, തീരദേശ ജനതയുടെ സാമൂഹിക-സാമ്പത്തിക-ആരോഗ്യ അരക്ഷിതാവസ്ഥയെകുറിച്ച് കൂടിയാണ്. അത്തരം ജനാധിപത്യപരമായ ചര്‍ച്ചകൂടി സമൂഹത്തില്‍ ഈ സിനിമ ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.

TAGS :