Quantcast
MediaOne Logo

കാഫിര്‍, നിസ്‌കാരം, മലപ്പുറം വികാരം: ഇസ്‌ലാമോഫോബിയ - 2024 മേയ് മാസം സംഭവിച്ചത്

ഇസ്‌ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്‌ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അസഹിഷ്ണുതയുടെ പര്യായമായും മതവിദ്വേഷത്തിന്റെ രൂപമായും അത് പ്രചരിപ്പിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകളെ ഉപയോഗപ്പെടുത്തിയാണ് വടകരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാഫിര്‍ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 05)

കാഫിര്‍, നിസ്‌കാരം, മലപ്പുറം വികാരം: ഇസ്‌ലാമോഫോബിയ - 2024 മേയ് മാസം സംഭവിച്ചത്
X

വംശീയവത്കരണത്തിലൂടെ മുസ്‌ലിം സമൂഹത്തെ അധികാരബാഹ്യരാക്കുന്നതുപോലെത്തന്നെ ഒരു ജനസമൂഹമെന്ന നിലയില്‍ അവരെ മുന്‍നിര്‍ത്തി നേട്ടം കൊയ്യാനും ഇസ്‌ലാമോഫോബിയ ഉപയോഗപ്പെടുത്തുന്നു. അമുസ്‌ലിംകളില്‍ അകാരണമായ ഭീതിയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന വിധവും മുസ്‌ലിംകളില്‍ കുറ്റബോധവും ആശങ്കയും നിറക്കുന്ന രീതിയിലും ഇതുപ്രയോഗിക്കാറുണ്ട്. ചിലപ്പോള്‍, ഇവയുടെ മാരകമായ ഒരു സംയുക്തമായും ഇത് പ്രവര്‍ത്തിച്ചേക്കും. ഇങ്ങനെ, പല രീതിയില്‍ രൂപ്പെടുത്താവുന്ന ഒരു ആയുധംകൂടിയാണ് ഇസ്‌ലാമോഫോബിയ. 2024 പൊതുതെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പൊട്ടിപ്പുറപ്പെട്ട കാഫിര്‍ വിവാദം ഇത്തരമൊരു സംയുക്തദൗത്യമാണ് നിര്‍ഹിക്കുന്നത്. ഏപ്രില്‍ മാസമാണ് ആ വിവാദം ഉയര്‍ന്നതെങ്കിലും അതിന്റെ അലയൊലികള്‍ മേയ് മാസത്തിലും തുടര്‍ന്നു.

വ്യാജ സന്ദേശം

ഏപ്രില്‍ 25ന് വൈകിട്ട് തിരുവള്ളൂര്‍ നിടുമ്പമണ്ണ യൂത്ത് ലീഗിന്റെ വാട്‌സാപ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന സന്ദേശമെന്ന മട്ടിലാണ് കാഫിര്‍ പ്രയോഗമുള്ള സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസം വടകര മണ്ഡലത്തില്‍ ഏപ്രില്‍ 25നാണ് സംഭവം. ഇതിനെതിരെ എല്‍.ഡി.എഫ് പൊലിസിലും തെരഞ്ഞെടുപ്പ് അധികാരികള്‍ക്കും പരാതി നല്‍കി. എം.എസ്.എഫ്, യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഖാസിമിനെതിരേയായിരുന്നു പരാതി. യൂത്ത് ലീഗും ഖാസിമും ഇത് നിഷേധിച്ചു. വാട്‌സാപ് സന്ദേശം വ്യജമാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. സി.പി.എമ്മിനെതിരേ ഖാസിമും പൊലിസില്‍ പരാതി നല്‍കി. അന്നു രാത്രി തന്നെ രണ്ട് പരാതിയിലും പൊലീസ് കേസെടുത്തു. ഖാസിമിന്റെ ഫോണ്‍ മൂന്ന് തവണ പരിശോധിച്ചെങ്കിലും കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല.

വടകര പൊലിസിനും കോഴിക്കോട് റൂറല്‍ എസ്പിക്കും നല്‍കിയ പരാതിയില്‍ നടപടിയൊന്നുമാകാത്ത സാഹചര്യത്തില്‍ ഖാസിം, ഡി.ജി.പിക്കും പരാതി നല്‍കി. അതുപ്രകാരം ഏപ്രില്‍ 25ന് 'അമ്പാടിമുക്ക് സഖാക്കള്‍, കണ്ണൂര്‍' എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിലാണ് ആദ്യമായി കാഫിര്‍ പരാമര്‍ശമുള്ള സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. 'ഷാഫി അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ, കാഫിറായ സ്ത്രീ സ്ഥാനാര്‍ഥി. ആര്‍ക്കാണ് നാം വോട്ട് ചെയ്യേണ്ടത്, നമ്മളില്‍ പെട്ടവനല്ലേ, ചിന്തിച്ച് വോട്ടുചെയ്യൂ' എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതോടെ മുസ്‌ലിം ലീഗ്, മുസ്‌ലിം വോട്ടര്‍മാരെ വര്‍ഗീയമായി പ്രീണിപ്പിച്ച് കെ.കെ ശൈലജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് സി.പി.എം പ്രചാരണം തുടങ്ങി (ട്രൂ വിഷന്‍ ന്യൂസ്, മേയ് 19, 2024; മേയ് 3 റിപ്പോര്‍ട്ടര്‍ ടി.വി)

അപരങ്ങളെ നിര്‍ണയിക്കാതെ ഒരു സ്വത്വത്തിനും നിലനില്‍പില്ല. മതങ്ങള്‍ മാത്രമല്ല, ദേശീയത, കമ്യൂണിസം അടക്കമുള്ള മതേതര പ്രത്യയശാസ്ത്രധാരയും ഇതേ രീതിശാസ്ത്രം പിന്തുടരുന്നു. ആധുനിക മതേതര വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഐഡന്റിറ്റിയാണ് പൗരന്‍. പ്രസ്തുത സ്വത്വത്തിനു വിദേശി, അഭയാര്‍ഥി, കുടിയേറ്റക്കാര്‍ തുടങ്ങിയ പുറം അപരത്വം ഏറെ നിര്‍ണായകമാണല്ലോ. ആരാണ് പൗരന്‍ എന്നു നിര്‍വചിക്കാന്‍ ആരാണ് പുറത്തുള്ളത് (വിദേശി, അഭയാര്‍ഥി, കുടിയേറ്റക്കാര്‍) എന്നത് നിര്‍വചിക്കേണ്ടതുണ്ട്. പലപ്പോഴും, പുറത്തുള്ളവരേക്കാള്‍ അകത്തുള്ളതിനെ കൃത്യതപ്പെടുത്തുന്നതിന്റെ ഭാഗമായും ഈ അപരസങ്കല്‍പം നിര്‍മിക്കപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ അഷ്‌റഫ് തൂണേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യാജപോസ്റ്റ് ഉണ്ടാക്കിയതിന്റെ പിന്നാമ്പുറം തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ''നിടുംബ്രമണ്ണ യൂത്ത് ലീഗ് എന്ന പേരില്‍ ഒരു വാട്‌സാപ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയാണത്രേ ആദ്യം. അതില്‍ എം.എസ്.എഫ് നേതാവ് മുഹമ്മദ് ഖാസിമിന്റെ പേരില്‍ മറ്റൊരു നമ്പര്‍ സേവ് ചെയ്ത് ഒരു പോസ്റ്റ് കൊണ്ടുപോയി ഇടുന്നു. പിന്നീട്, അമ്പാടിമുക്ക് സഖാക്കള്‍ എന്ന കണ്ണൂര്‍ ജില്ലയിലെ ഒരു ഫേസ്ബുക്ക് പേജില്‍ അത് പോസ്റ്റ് ചെയ്യുന്നു. അത് പ്രചരിച്ചു തുടങ്ങിയെന്ന് ബോധ്യമായതോടെ അത് പ്രസ്തുത എഫ്.ബി പേജില്‍നിന്ന് നീക്കംചെയ്യുന്നു. നാട്ടിലെ എല്ലാ വാട്‌സ്ആപ്, ഫേസ്ബുക്ക് പേജുകളിലും അത് പ്രചരിപ്പിക്കുന്നു. മുന്‍ധാരണ എന്നോണം ചില സി.പി.ഐ.എം നേതാക്കള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നു.''

കാഫിര്‍ പ്രയോഗം സംബന്ധിച്ച് ഷാഫി പറമ്പില്‍ കോടതിയില്‍ കേസ് കൊടുത്തു. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം തെളിയിക്കുന്നവര്‍ക്ക് 10 ലക്ഷം ഇനാമും പ്രഖ്യാപിച്ചു. പക്ഷേ, ഇത്രയൊക്കെയായിട്ടും വലിയ വിവാദമായിട്ടും സര്‍ക്കാരിനോ സി.പി.എമ്മിനോ ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആ പോസ്റ്ററിന്റെ ഉത്ഭവം ഒരു സി.പി.എം വാട്‌സാപ് ഗ്രൂപ്പില്‍നിന്നാണെന്ന് ആരോപിച്ച് ഖാസിം സി.പി.എമ്മിനെതിരെ പരാതിയുമായി വന്നത്. തനിക്കെതിരേ സി.പി.എം കുപ്രചാരണം നടത്തുകയാണെന്നും ഖാസിം ആരോപിച്ചു. പൊലീസ്‌ ഇതുവരെ കാഫിര്‍ പ്രയോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വടകര പൊലിസും റൂറല്‍ എസ്.പിയും പരാതിയില്‍ ആവശ്യമായ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് കാസിം ഡി.ജി.പിയെ സമീപിച്ചത്.

കാഫിര്‍ പ്രയോഗം ഇപ്പോഴും പരസ്പരാരോപണമായി മാത്രം നിലനില്‍ക്കുകയാണ്. ഖാസിം പല വസ്തുതകളും പുറത്തുകൊണ്ടുവന്നിട്ടുണ്ടെങ്കിലും അധികാരികള്‍ അതനുസരിച്ചുള്ള ഒരു തെളിവും കണ്ടെത്തിയിട്ടില്ല. ആരോപണത്തിനു പിന്നിലെ വസ്തുത അന്വേഷിച്ചു തെളിയിക്കുന്നതില്‍ സര്‍ക്കാരിന് ശുഷ്‌കാന്തിയില്ലെന്ന ഖാസിമിന്റെ വാദം ഏറെക്കുറെ ശരിയാണ്. ആ വസ്തുത മാത്രം കണക്കിലെടുത്തുകൊണ്ട് ചില നിരീക്ഷണങ്ങള്‍ നടത്താവുന്നതാണ്.

കാഫിര്‍ എന്ന പ്രയോഗം

മുസ്‌ലിംകളുടെ സഹിഷ്ണുതയെ പ്രശ്‌നവത്കരിക്കുന്നതിന്റെ ഭാഗമായാണ് 'കാഫിര്‍' എന്ന അറബി പ്രയോഗം ഉപയോഗപ്പെടുത്തുന്നത്. പുറത്തുള്ളവര്‍ ആരാണെന്നു നിര്‍വചിക്കാനുള്ളൊരു പദമാണ് കാഫിറെന്നു പ്രചരിപ്പിക്കപ്പെടുന്നു. ഇതുവഴി, മുസ്‌ലിംകള്‍ സങ്കുചിത വീക്ഷണമുള്ളവരാണെന്നും അവര്‍ പൊതുസമൂഹവുമായി ഒത്തുപോകാത്തവരാണെന്നും പ്രചരിപ്പിക്കപ്പെടുന്നു.

ഏത് പ്രത്യയശാസ്ത്രവും വിശ്വാസധാരയും സാമൂഹികവിഭാഗവും ദേശരാഷ്ട്രവും അകത്തും പുറത്തുമുള്ളവരെ നിര്‍ചിക്കുന്നുണ്ട്. അതൊരു സ്വത്വനിര്‍ണയ രീതിയാണ്. അപരങ്ങളെ നിര്‍ണയിക്കാതെ ഒരു സ്വത്വത്തിനും നിലനില്‍പില്ല. മതങ്ങള്‍ മാത്രമല്ല, ദേശീയത, കമ്യൂണിസം അടക്കമുള്ള മതേതര പ്രത്യയശാസ്ത്രധാരയും ഇതേ രീതിശാസ്ത്രം പിന്തുടരുന്നു. ആധുനിക മതേതര വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഐഡന്റിറ്റിയാണ് പൗരന്‍. പ്രസ്തുത സ്വത്വത്തിനു വിദേശി, അഭയാര്‍ഥി, കുടിയേറ്റക്കാര്‍ തുടങ്ങിയ പുറം അപരത്വം ഏറെ നിര്‍ണായകമാണല്ലോ. ആരാണ് പൗരന്‍ എന്നു നിര്‍വചിക്കാന്‍ ആരാണ് പുറത്തുള്ളത് (വിദേശി, അഭയാര്‍ഥി, കുടിയേറ്റക്കാര്‍) എന്നത് നിര്‍വചിക്കേണ്ടതുണ്ട്. പലപ്പോഴും, പുറത്തുള്ളവരേക്കാള്‍ അകത്തുള്ളതിനെ കൃത്യതപ്പെടുത്തുന്നതിന്റെ ഭാഗമായും ഈ അപരസങ്കല്‍പം നിര്‍മിക്കപ്പെടുന്നു.

അകം/പുറം വിഭജനങ്ങള്‍ സാമൂഹിക സംഘാടനത്തിന്റെ സ്വാഭാവികതയുടെ ഭാഗമാണ്. സാമൂഹിക സമാധാനം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ അകം/പുറം വിഭജനങ്ങള്‍ രൂക്ഷമായ പൊതുസംവാദത്തിന് വിധേയമാവാറില്ലെന്നു ബ്രയാന്‍ എസ് ടെണര്‍ നിരീക്ഷിക്കുന്നു. (Understanding Islam: Positions of Knowledge, 2023, Edinburgh University Press). സാമൂഹികസംഘര്‍ഷങ്ങള്‍ വ്യാപകമാവുന്ന ഘട്ടത്തില്‍ പൊതുസംവാദങ്ങളില്‍ അകം/പുറം വിഭജനങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു. വിവിധ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അപരവിദ്വേഷം വ്യാപകമാവുന്നു. കാഫിര്‍ പോലുള്ള പദങ്ങള്‍ക്ക് സംഘര്‍ഷസ്വഭാവമുള്ള അര്‍ഥങ്ങള്‍ കൈവരുന്നതിന്റെ കാരണവും അതാണ്.

മുസ്‌ലിംകള്‍ക്ക് എളുപ്പം മനസ്സിലാകുന്ന ഒരു ദൈവശാസ്ത്ര പദമാണ് കാഫിര്‍. എന്നാല്‍, അതിനെക്കുറിച്ച് പുറം സമൂഹത്തിന് വലിയ അറിവില്ലെന്നും ബ്രയാന്‍ എസ്. ടെണര്‍ പറയുന്നു. ഈ വിഷയസംബന്ധിയായ ഗൗരവമുള്ള ഗവേഷണ പുസ്തകങ്ങള്‍ വിരളമാണ്. വളരെക്കുറച്ചു മാത്രം സാമൂഹികശാസ്ത്രപരമായി അന്വേഷിക്കപ്പെട്ടൊരു സംജ്ഞയാണ് കാഫിര്‍. ഒരു ദൈവശാസ്ത്രസംജ്ഞ എന്നതിലുപരി കാഫിര്‍ എന്ന പദമൊരു വിവാദ സംജ്ഞയായി മാറുന്ന സാഹചര്യം കാനഡ അടക്കമുള്ള പാശ്ചാത്യസമൂഹങ്ങളില്‍ അദ്ദേഹം കാണുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ വിവാദമാക്കുന്ന, അതിലൂടെ അപരവിദ്വേഷം വ്യാപകമാകുന്ന, സാമൂഹിക ക്രമത്തിന്റെ പ്രത്യേകതയാണത്.

ഇസ്‌ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്‌ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അസഹിഷ്ണുതയുടെ പര്യായമായും മതവിദ്വേഷത്തിന്റെ രൂപമായും അത് പ്രചരിപ്പിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകളെ ഉപയോഗപ്പെടുത്തിയാണ് വടകരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാഫിര്‍ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്.

മലപ്പുറം മാഫിയ

കേരള കോണ്‍ഗ്രസ് (ബി) നേതാവായ ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് ഏറ്റെടുത്ത ശേഷം ഡ്രൈവിങ് പരീക്ഷയില്‍ ചില പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ പല കാരണങ്ങളാല്‍ പരിഷ്‌കാരങ്ങള്‍ക്ക് എതിരായിരുന്നു. അവര്‍ പ്രതിഷേധിച്ചു. ഡ്രൈവിങ് പരീക്ഷകള്‍ മുടങ്ങി. സ്‌കൂളുകള്‍ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഡ്രൈവിങ് സ്‌കൂളുകാരുടെ സംഘടനയും മന്ത്രിയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടി. മേയ് മാസം ആദ്യം വന്ന ഗണേഷ് കുമാറിന്റെയൊരു പ്രതികരണം പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിച്ചുള്ളൂ.

മലപ്പുറത്തെ ഡ്രൈവിങ് സ്‌കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം: ''കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഡ്രൈവിംഗ് സ്‌കൂള്‍ മാഫിയ സംഘങ്ങളാണ്. ഇത്തരം സംഘങ്ങള്‍ മലപ്പുറത്തുണ്ട്. ഇവര്‍ക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി തുടരും. മലപ്പുറം ആര്‍.ടി ഓഫീസില്‍ നടന്നത് മൂന്നു കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തു. വ്യാജ രസീത് ഉണ്ടാക്കി നികുതി വെട്ടിച്ചു'' (മെയ് 2, അഴിമുഖം).


ഇതിനിടെ, മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരേ രൂക്ഷപ്രതികരണവുമായി സി.ഐ.ടി.യു രംഗത്തെത്തി. ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിഷേധമറിയിച്ചത്. 'മലപ്പുറത്തെ മാഫിയ' എന്ന പരാമര്‍ശമാണ് പ്രകോപനമുണ്ടാക്കിയത്: ''സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടക്കുന്നത്. അല്ലാതെ, മലപ്പുറംകാര്‍ മാത്രമല്ല അതിലുള്ളത്. കൊച്ചിയിലും കോഴിക്കോടും എറണാകുളത്തുമെല്ലാം സമരം നടക്കുന്നുണ്ട്. പലയിടങ്ങളിലും ടെസ്റ്റ് ബഹിഷ്‌കരിച്ചാണ് പ്രതിഷേധം നടക്കുന്നത്. അപ്പോഴാണ് മന്ത്രി മലപ്പുറം മാഫിയ എന്ന് പറയുന്നത്. തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലര്‍ പ്രകടിപ്പിക്കുന്ന വൈഷമ്യം ഉണ്ട്. അത് മന്ത്രിക്കും ഉണ്ടാവാം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധമുണ്ട്. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരേ ശക്തമായി പ്രതിഷേധിക്കും. സി.ഐ.ടി.യുവാണ് പ്രതിഷേധിക്കുന്നത്. അല്ലാതെ, മാഫിയ സംഘമല്ല. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകും''. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷംകൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തെ മാത്രം ആക്ഷേപിക്കുന്നത് വംശീയയാധിക്ഷേപമാണെന്നു കൂടി അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു (അഴിമുഖം, മെയ് 2, 2024).

മലപ്പുറം മാഫിയയോടുള്ള മുസ്‌ലിംലീഗ് നേതാവും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.എം.എ സലാമിന്റെ പ്രതികരണം കുറച്ചുകൂടെ സൂക്ഷ്മമായിരുന്നു. മറ്റു വിമര്‍ശകരുടെ നിലപാടുകള്‍ ആവര്‍ത്തിച്ചതിനോടൊപ്പം മലപ്പുറത്തെക്കുറിച്ചുള്ള ദേശീയവാദികളുടെയും ഇടതുപക്ഷത്തിന്റെയും പരാമര്‍ശങ്ങളെ പ്രശ്‌നവത്കരിക്കുന്നുമുണ്ട് അദ്ദേഹം. സമരത്തില്‍ മലപ്പുറം മാഫിയയെന്നു മാത്രം പറഞ്ഞുനിറുത്തിയതിന് നന്ദിയുണ്ടെന്ന് പരിഹസിച്ച അദ്ദേഹം ഇത്തരം സന്ദര്‍ഭങ്ങളില്‍ 'തീവ്രവാദി' വിളിയാണ് കേള്‍ക്കാറുള്ളതെന്നും ഇത്തവണ അതുണ്ടായില്ലെന്നുകൂടി പറഞ്ഞു. തീവ്രവാദി പരാമര്‍ശങ്ങള്‍ മുസ്‌ലിം സമൂഹത്തിനെതിരേ നടക്കുന്ന വംശീയാക്രമണങ്ങളുടെ ഭാഗമാണെന്ന തിരിച്ചറിവാണ് അദ്ദേഹം പ്രകടിപ്പിച്ചതും പ്രശ്‌നവത്കരിച്ചതും. (24 ന്യൂസ്, മെയ് 2, 2024, മറുനാടന്‍ മലയാളി, മേയ് 2, 2024). ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള സുപ്രധാനമായ തിരിച്ചറിവുകളിലൊന്നാണ് അത്.

മലപ്പുറം: സെന്‍സിറ്റീവായ സ്ഥലം

ഈ മാസം തന്നെ മലപ്പുറവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് സംഭവങ്ങള്‍ക്കൂടി ഉണ്ടായി. ഒന്നാമത്തേത് ആര്‍.എം.പി.ഐ നേതാവ് കെ.എസ് ഹരിഹരന്റേതാണ്. വടകരയിലുണ്ടായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് മലപ്പുറത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. തന്റെ വീടിനുനേരേയുണ്ടായ സ്‌ഫോടനത്തില്‍ പൊലിസ് നടപടിയെടുക്കുന്നില്ലെന്നും 'മലപ്പുറം പോലുള്ള സെന്‍സിറ്റീവായ സ്ഥല'ത്താണ് താന്‍ താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (17 മേയ്, 2024, മനോരമ ഓണ്‍ലൈന്‍).

മലപ്പുറം: വികാരം

മലപ്പുറത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യത്തിന് സീറ്റില്ലാത്തതില്‍ പ്രതിഷേധിച്ചവരോടുള്ള ശിവന്‍കുട്ടിയുടെ പ്രതികരണമാണ് രണ്ടാമത്തേത്. മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മലപ്പുറം വികാരം ഇളക്കിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണം വംശീയ ഉള്ളടക്കമുള്ളതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നിരീക്ഷിച്ചു (മീഡിയവണ്‍, മേയ് 9, 2024): ''എല്ലാ വര്‍ഷത്തെയും പോലെ താത്കാലിക സീറ്റുകളും ബാച്ചുകളുമായി ഓട്ടയടക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളുമടക്കം ഈ വിഷയം ഉന്നയിക്കുമ്പോള്‍ അതിനെ കേവലം മലപ്പുറം വികാരമായി ചുരുക്കിക്കെട്ടുന്ന ശിവന്‍കുട്ടി യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മലപ്പുറത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ എപ്പോള്‍ ഉന്നയിക്കപ്പെടുമ്പോഴും അതിനെ വംശീയ അജണ്ടകള്‍കൊണ്ട് പ്രതിരോധിക്കുന്ന സി.പി.എമ്മിന്റെ സ്ഥിരം നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് ഈ പ്രസ്താവനയും''-വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവിച്ചു.

മുസ്‌ലിംകള്‍ വൈകാരികത കൂടുതലുള്ളവരും പെട്ടെന്ന് പ്രതികരിക്കുന്നവരുമാണെന്നതും ഒരു മുസ്‌ലിം ഭൂരിപക്ഷ ജില്ലയെന്ന നിലയില്‍ മലപ്പുറത്തെക്കുറിച്ചു അത്തരം വാര്‍പ്പുമാതൃകകള്‍ ഉപയോഗിക്കുന്നതും ഇസ്‌ലാമോഫോബിയയുടെ മാതൃകകളിലൊന്നാണ്.

നിസ്‌കാരത്തിന്റെ പൊതു ആവിഷ്‌കാരം

വടകരയില്‍ 'സി.പി.എം വര്‍ഗീയതക്കെതിരേ നാടൊരുമിക്കണം' എന്ന പേരില്‍ മേയ് 11ന് യു.ഡി.എഫ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടയില്‍ ആര്‍.എം.പി (ഐ) നേതാവ് കെ.എസ് ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. പിന്നീട്, അദ്ദേഹമത് തിരുത്തി മാപ്പുപറഞ്ഞു. അടുത്ത ദിവസം അതേ പ്രസംഗത്തില്‍ അദ്ദേഹം നടത്തിയ മറ്റൊരു പരാമര്‍ശം കൂടി വിവാദമായി. കോഴിക്കോട് കടപ്പുറത്ത് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ 2023 നവംബര്‍ 11ന് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളന വേദിയില്‍ എസ്.കെ.എസ്.എസ്.എഫ് നേതാവ് മുക്കം ഉമര്‍ ഫൈസി നിസ്‌കരിച്ചതിനെക്കുറിച്ചുള്ള പരാമര്‍ശമാണ് എതിര്‍പ്പു പിടിച്ചുപറ്റിയത്. 'മുക്കം മൗലവിക്ക് നിസ്‌കരിക്കാന്‍ മുട്ടിയിട്ട് പിണറായി വിജയന് പിന്നില്‍ വേദിയില്‍ നിസ്‌കരിച്ചു ഇതെന്ത് രാഷ്ട്രീയ'മെന്നായിരുന്നു ഹരിഹരന്‍ ചോദിച്ചത്. 'നിസ്‌കരിക്കാന്‍ മുട്ടി'യെന്ന ഇസ്‌ലാമോഫോബിക് പരാമര്‍ശമാണ് കൂടുതല്‍ പ്രതിഷേധത്തിനു കാരണമായത്.


ഇതിനെതിരേ മുസ്‌ലിം ന്യൂനപക്ഷത്തുനിന്നുള്ളവര്‍ സ്വാഭാവികമായും പ്രതികരിച്ചു. 'ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സാമൂഹിക സ്വത്വങ്ങള്‍ പൊതുസമൂഹം പരിചയപ്പെടുന്നത് പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നാസ്തിക ചിന്തയാണ് ഹരിഹരനെ ഈ പ്രസ്താവനക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.

ഇതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു വിമര്‍ശനം ശ്രദ്ധേയമായിരുന്നു; സി.പി.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്റേത്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമിതി നേതാവെന്ന നിലയിലാണ് അദ്ദേഹം ഹരിഹരനെ വിമര്‍ശിച്ചത്. വിമര്‍ശനത്തിലെ പ്രധാന പോയിന്റുകള്‍ ഇതാണ്: ഇത്തരമൊരു വേദിയില്‍ മതപണ്ഡിതന്‍ നടത്തിയ നിസ്‌കാരം എങ്ങനെയാണ് ആക്ഷേപമാവുന്നതെന്ന് മതനിരപേക്ഷ സമൂഹത്തോട് വിശദീകരിക്കാന്‍ ബാധ്യതയുണ്ട്. കോഴിക്കോട് റാലിയെ താടിക്കാരുടെയും തൊപ്പിക്കാരുടെയും റാലിയെന്നു നേരത്തേ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ആക്ഷേപിച്ചിരുന്നു. അതേശൈലിയിലാണ് ഹരിഹരന്റെതുമെന്നാണ് വിമര്‍ശനം (ദി മലയാളം ന്യൂസ്, മെയ് 13, 2024).

മതപരമായ ഒരു ആവശ്യമോ ബാധ്യതയോ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് നിവര്‍ത്തിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യവും ഒരാള്‍ക്കും ചോദ്യം ചെയ്യാനാവില്ല. വേദിയില്‍ വച്ച് അത് നിര്‍വഹിച്ചതിന്റെ രാഷ്ട്രീയ ഔചിത്യമാണ് ഹരിഹരന്‍ ചോദ്യം ചെയ്തതെങ്കിലും വ്യക്തിയെന്ന നിലയില്‍ അതിനുള്ള അവകാശം ഉമര്‍ ഫൈസിയില്‍ നിക്ഷിപ്തമാണ്.

അനുഷ്ഠാനങ്ങള്‍, പ്രക്ഷോഭങ്ങള്‍

ഈ വിഷയത്തില്‍ ഇസ്‌ലാമോഫോബിയയുടെ സങ്കീര്‍ണതകള്‍ കൂടുതല്‍ വ്യക്തമാകാന്‍ ഇടതുപക്ഷത്തിന്റെ പൊതുവിലും കെ.ടി കുഞ്ഞിക്കണ്ണന്റെ പ്രത്യേകിച്ചും, പരസ്യനിസ്‌കാരവുമായി ബന്ധപ്പെട്ട ചില പഴയ നിലപാടുകള്‍ പരിശോധിക്കാവുന്നതാണ്.

ഗെയില്‍ വിരുദ്ധസമരത്തിനെതിരേ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി 2017 നവംബര്‍ 2-ാം തിയ്യതി ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു (നവംബര്‍, 4, 2017 ദി ന്യൂസ് മിനിറ്റ്). കൊച്ചി-ബംഗളൂര്‍ വാതകക്കുഴല്‍ പദ്ധതിക്കെതിരേ പ്രതിഷേധിച്ചവര്‍ മുക്കത്ത് നടുറോഡില്‍ ജുമുഅ നമസ്‌കരിക്കുകയും സമരമുഖത്ത് സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസ്താവന പുറത്തുവന്നത്. സമരത്തിന് പിന്നില്‍ 'മലപ്പുറത്തുനിന്നുവന്ന' എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണെന്നും അവര്‍ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങ'ളാണെന്നുമായിരുന്നു പ്രസ്താവനയിലെ ആരോപണം.

നടുറോഡില്‍ ജുമുഅ നിസ്‌കരച്ചതിനെക്കുറിച്ച് പ്രസ്താവനയില്‍ പരമാര്‍ശമങ്ങളൊന്നുമില്ലായിരുന്നെങ്കിലും അത് പുറത്തുവന്ന അതേ ദിവസം കെ.ടി കുഞ്ഞിക്കണ്ണന്‍ നല്‍കിയ ഫേസ്ബുക്ക് വിശദീകരണത്തില്‍ അതേക്കുറിച്ച് സൂചനയുണ്ടായിരുന്നു. ഗെയില്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്‍ഷം പടര്‍ത്താനുള്ള ചില തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരേ ജാഗ്രതപുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്യുന്ന സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അഭ്യര്‍ഥനയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: ''... (ഈ) വസ്തുതകളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടും സോളിഡാരിറ്റിയും മതാധിഷ്ഠിതമായ സമരരൂപങ്ങളും ചിഹ്നങ്ങളും വരെ ഉപയോഗിച്ച് സര്‍ക്കാരിനെതിരേ ഈ പ്രദേശങ്ങളിലെ ജനസമൂഹങ്ങളെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചുവിടാന്‍ നോക്കിയത്. ഇത്തരം മതതീവ്രവാദികളുടെയും നിക്ഷിപ്തതാല്‍പര്യക്കാരുടെയും നീക്കങ്ങളെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സെക്രട്ടറിയേറ്റ് ജനങ്ങളോട് അഭ്യര്‍ഥിച്ചു''. സമരരംഗത്തെ പരസ്യനമസ്‌കാരത്തെയാണ് അദ്ദേഹം 'പോപ്പുലര്‍ ഫ്രണ്ടും സോളിഡാരിറ്റിയും മതാധിഷ്ഠിതമായ സമരരൂപങ്ങളും ചിഹ്നങ്ങളും വരെ ഉപയോഗിച്ച്' എന്ന് ആക്ഷേപിക്കുന്നത് (എഫ്.ബി പോസ്റ്റ്, 2 നവംബര്‍ 2017). പ്രതിഷേധത്തിന് വര്‍ഗീയ നിറം നല്‍കാന്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് പരസ്യമായി നമസ്‌കാരം നടത്തിയതിനെ കുഞ്ഞിക്കണ്ണന്‍ അതിനുശേഷവും ആക്ഷേപിച്ച് സംസാരിച്ചു. 'പ്രതിഷേധത്തിന് വര്‍ഗീയ നിറം നല്‍കാന്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് പരസ്യമായി നമസ്‌കാരം നടത്തുകയും ഇക്കൂട്ടര്‍ ചെയ്തു'വെന്നായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തിയത് (മീഡിയവണ്‍, മെയ് 30, 2018).

2021ല്‍ ദേശാഭിമാനിയും ഇതേ സംഭവം പരാമര്‍ശിച്ച് 'നടുറോഡില്‍ കൂട്ടപ്രാര്‍ഥന; വിരട്ടല്‍; ഗെയില്‍ പദ്ധതിക്കെതിരേ വര്‍ഗീയ സംഘടനകള്‍ നടത്തിയത് അരാജക സമരം' എന്ന ശീര്‍ഷകത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 'നടുറോഡില്‍ കൂട്ടപ്രാര്‍ഥന നടത്തിയും ഇടവഴികളില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചും പൊതുമുതല്‍ നശിപ്പിച്ചും പൊലീസിനുനേരേ കല്ലെറിഞ്ഞും സമരക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച'തിനെക്കുറിച്ചും അതില്‍ പറയുന്നു. (ദേശാഭിമാനി, ജനുവരി 5, 2021)

സി.പി.എമ്മിലെ മറ്റൊരു പ്രമുഖ നേതാവായ എ.എ റഹീം 2017ല്‍ നവംബര്‍ 5-ാം തിയ്യതി 'നമസ്‌കാരം' സമരമുറയാക്കിയവരോട് ....' എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു: ''100 മീറ്റര്‍ അപ്പുറത്തു സുന്നിയുടെയും മുജാഹിദിന്റെയും രണ്ടു പള്ളികള്‍ ഉണ്ടായിരുന്നിട്ടും തെരുവില്‍ തന്നെ സുജൂദ് ചെയ്യാന്‍ തീരുമാനിച്ചത് വിശ്വാസത്തിന്റെ ആധിക്യം കൊണ്ടല്ല, മതത്തിന്റെ ബിംബം കാട്ടി ഭീഷണിപ്പെടുത്താനാണ്... മുദ്രാവാക്യങ്ങള്‍ക്കു പകരം മതബിംബങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് മതപരമായ വിവേചനം സൃഷ്ടിക്കാനാണ്.'' നടുറോഡില്‍ നമസ്‌കരിക്കാന്‍ വിരിക്കുന്ന പരവതാനിയിലൂടെ ഇവിടേക്ക് ഇരച്ചു കയറുന്നത് സംഘ്പരിവാറാണെന്നും നടുറോട്ടില്‍ സുജൂദ് ചെയ്തുനില്‍ക്കുന്ന ഫോട്ടോ ഇനിയും കാലമത്രയും സംഘ്പരിവാറിന്റെ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളുടെ കവര്‍ഫോട്ടോയായി നില്‍ക്കുമെന്നുംകൂടി അദ്ദേഹം ഓര്‍മിപ്പിച്ചു.

നിയന്ത്രണാധികാരവും ഇസ്‌ലാമോഫോബിയയും

യഥാര്‍ഥത്തില്‍ മതപരതയോടോ മതപരമായ ബിംബങ്ങളോടോ അല്ല സി.പി.എമ്മിന്റെ വിമര്‍ശനം. മറിച്ച്, അത്തരം ബിംബങ്ങളും മുസ്‌ലിംകള്‍തന്നെയും തങ്ങളുടെ നിയന്ത്രണത്തിലും വരുതിയലും നില്‍ക്കാത്തതാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേരത്തേ പറഞ്ഞ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധ'ത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് പ്രസ്താവന പുറത്തുവന്ന സമയത്ത് കുഞ്ഞിക്കണ്ണന്‍ നല്‍കിയ വിശദീകരണം തങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ചല്ല പറഞ്ഞതെന്നും ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാമിന് നേരിടേണ്ടിവന്ന ദുഷ്ടശക്തികളെക്കുറിച്ചാണെന്നുമാണ്: ''പ്രാകൃതമായ ഗോത്രാവസ്ഥയില്‍ നിന്നും കാര്‍ഷിക വാണിജ്യ വ്യവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ നവോത്ഥാനപരവും സമരോന്മുഖമായ പ്രകാശനമായിട്ടാന്ന് ഇസ്‌ലാമിന്റെ ഉദയത്തെ മാര്‍ക്‌സിസ്റ്റുകള്‍ കാണുന്നത്.... ഇസ്‌ലാമിന്റെ ഈ ചരിത്രദര്‍ശനത്തിന് വിരുദ്ധദിശയില്‍ ഭീകരവാദം പടര്‍ത്തുന്ന ഐ.എസ്സും അതിന്റെ ഇന്ത്യന്‍ പതിപ്പുകളും നബി എതിര്‍ത്ത അജ്ഞതയുടെയും പ്രകൃതബോധത്തിന്റെയും പ്രതിനിധികളാണ്...'' (എഫ്.ബി, നവംബര്‍ 4, 2017). ചീത്ത മുസ്‌ലിമിനെതിരേ നല്ല മുസ്‌ലിമിനെ ഉയര്‍ത്തിപ്പിടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഐ.എസ്സിനു സമാനമായ ചീത്ത മുസ്‌ലിം എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സോളിഡാരിറ്റിയും പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഒക്കെയാണ്. ഇസ്‌ലാമോഫോബിയയുടെ ഏറ്റവും ശക്തമായ ഫ്രയിമുകളിലൊന്നാണ് നല്ല മുസ്‌ലിം-ചീത്ത മുസ്‌ലിം വിഭജനം. അതിലൂടെ മുസ്‌ലിംകളെ രാഷ്ട്രീയമായി നിയന്ത്രിക്കാമെന്ന സമീപനമാണ് ഇസ്‌ലാമോഫോബിയ.

ഇസ്‌ലാമോഫോബിയ: ഉത്പാദകരും വാഹകരും

ഏപ്രില്‍-മേയ് മാസങ്ങളിലായി മറുനാടന്‍ മലയാളി മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ മുനീറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് അതു പുറത്തുവന്നത്. രണ്ടാം ഭാഗം മഅ്ദനി, സിമി, എന്‍.ഡി.എഫ്, പി.എഫ്.ഐ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു (ഏപ്രില്‍ 29, 2024). മുസ്‌ലിം സമൂഹത്തില്‍ തീവ്രചിന്താഗതിയുള്ള സംഘടനകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ അവരുടെ വ്യാപകമായ സാന്നിധ്യമുണ്ടെന്നും അഭിമുഖം നടത്തുന്ന സാജന്‍ സ്‌കറിയ പറഞ്ഞപ്പോള്‍ ഡോ. മുനീര്‍ അതിനോട് വിയോജിച്ചില്ല. തീവ്രചിന്താഗതിക്കാരുടെ സാന്നിധ്യം ക്രൈസ്തവ-മുസ്‌ലിം ബന്ധത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന് തൊട്ടുമുമ്പ് പുറത്തുവിട്ട ഒന്നാം ഭാഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനോട് യോജിച്ചുകൊണ്ടാണ് രണ്ടാം ഭാഗത്തും അദ്ദേഹം സംസാരിച്ചത്.

അതിനു പുറമെ മറ്റൊന്നുകൂടി ഡോ. മുനീര്‍ പറഞ്ഞു. തീവ്രചിന്താഗതിക്കാരായ മുസ്‌ലിംകള്‍ ധാരാളമുണ്ടെന്നും ലോകത്ത് ഇസ്‌ലാമോഫോബിയ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമുദായം തന്നെ ഇത്തരം തീവ്രപ്രവണതകളെ തിരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു: ''രണ്ടു തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. ഒന്ന് ഇത്തരത്തിലുള്ള സംഘടനകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒന്ന്. പൊതുവെ ഇസ്‌ലാം എന്നതിനോടുള്ള ഇസ്‌ലാമോഫോബിയ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അത് തിരുത്തേണ്ട ഉത്തരവാദിത്വം കമ്യൂണിറ്റിയുടേതാണ്. കമ്യൂണിറ്റി എന്താണെന്ന് നാം ബോധ്യപ്പെടുത്തിക്കൊടുക്കണം. കമ്യൂണിറ്റി സഹിഷ്ണുതയ്‌ക്കെതിരേയുള്ള പ്രസ്ഥാനമല്ല. ക്ഷുഭിതയൗവനം സമുദായത്തിനകത്തു കയറിക്കഴിഞ്ഞാല്‍... ക്ലാസ്‌ഫൈറ്റ് പോലെയാണ്. നന്മയ്ക്കുവേണ്ടിയുള്ള ക്ഷുഭിത യൗവനം നല്ലതാണ്. തിരുത്താന്‍ അത് വേണം. മതത്തിനകത്ത് ക്ഷുഭിത യൗവനം നടത്തിക്കഴിഞ്ഞാല്‍ അത് കമ്യൂണിറ്റിക്കകത്ത് തന്നെ പ്രശ്‌നമുണ്ടാവും. കമ്യൂണിറ്റിയില്‍ രണ്ട് ധാരകളുണ്ട്. ഒന്ന് അതിതീവ്രമായി കാര്യങ്ങള്‍ ചെയ്യണമെന്നും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടുള്ളവരും''.

ഒരു രാഷ്ട്രീയ-സമുദായ നേതാവെന്ന നിലയില്‍ സ്വന്തം രാഷ്ട്രീയ/സമുദായ നിലപാടുകള്‍ മുന്നോട്ടുവെക്കാനും വിയോജിക്കുന്ന മറ്റു മുസ്‌ലിം സംഘടനകളുമായുള്ള വ്യത്യാസത്തെ ചൂണ്ടിക്കാണിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ നയനിലപാടുകള്‍ തന്നെയാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമെന്ന് വിശദീകരിക്കാനും അതിനായി വിശദീകരണങ്ങള്‍ നല്‍കാനും അഭിപ്രായരൂപീകരണം നടത്താനും കഴിയേണ്ടതുണ്ട്. സമുദായ രാഷ്ട്രീയത്തിന്റെ ബഹുസ്വര മാതൃകയുടെ ഭാഗമാണത്. അത് മാനിക്കപ്പെടേണ്ടതുമാണ്.

എന്നാല്‍, ഇസ്‌ലാമോഫോബിയയുടെ കാരണമായി മുസ്‌ലിം സമുദായത്തിനുള്ളിലെ വിയോജിപ്പിന്റെ ഇടങ്ങളെ ചിത്രീകരിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. വിയോജിപ്പുകള്‍ ഏറെ പ്രധാനമാണ്. എന്നാല്‍, വിയോജിക്കുന്ന മറ്റു മുസ്‌ലിം സംഘടനകളോടു പ്രതികരിക്കുന്ന ഭാഷയും പ്രയോഗങ്ങളും വിശകലന രീതികളും ഇസ്‌ലാമോഫോബിയയുടെ അതേ മാതൃകയിലായതാണ് എം.കെ മുനീറിന്റെ പ്രതികരണത്തിലെ ബലഹീനത. ഇസ്‌ലാമോഫോബിയ നിര്‍മിച്ച 'ചീത്ത' മുസ്‌ലിം മാതൃകകളെ ചൂണ്ടിക്കാണിച്ച് നല്ല മുസ്‌ലിം-ചീത്ത മുസ്‌ലിം ഘടനയെ സ്വയം എടുത്തണിയുന്നത് ഇസ്‌ലാമോഫോബിയയുടെ മറ്റൊരു രൂപമാണ്. ഇസ്‌ലാമോഫോബിയക്ക് കാരണം മുസ്‌ലിംകളോ എന്ന ചോദ്യവുമായാണ് ഇതിനു ബന്ധം.

മുസ്‌ലിംകള്‍ എന്തുചെയ്യുന്നു, പ്രവര്‍ത്തിക്കുന്നു, ചിന്തിക്കുന്നു എന്നതല്ല, മുസ്‌ലിംവിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയയുടെ മൂലകാരണം. ഈ അടിസ്ഥാന സമീപനം ബലികഴിച്ചു ഇസ്‌ലാമോഫോബിയയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. മുസ്‌ലിം സംഘടനകളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മുസ്‌ലിം സംഘടനകള്‍ക്ക് പരസ്പര വിമര്‍ശനത്തിനും വിയോജിപ്പിനും ധാരാളം ഇടമുണ്ട്. എന്നാല്‍, മുസ്‌ലിം സംഘടനകളെ വിമര്‍ശിക്കാന്‍ ഇസ്‌ലാമോഫോബിയ നിര്‍മിച്ച ഭാഷയും വിശകലനരീതികളും ഉപയോഗിക്കുന്നത്, ഇസ്‌ലാമോഫോബിയ ശക്തിപ്പെടാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

വേറൊരു രീതിയില്‍ പറഞ്ഞാല്‍, മുസ്‌ലിംകള്‍ ഇസ്‌ലാമോഫോബിയയുടെ ഉത്പാദകരല്ല. എന്നാല്‍, ശക്തമായ വംശീയപ്രത്യയശാസ്ത്രമെന്ന നിലയില്‍ ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെയും വെറുതേ വിടുന്നില്ല, അത് അറിഞ്ഞോ അറിയാതെയോ ആന്തരവത്കരിച്ച, ഇസ്‌ലാമോഫോബിയയുടെ 'വാഹകരായ' നിരവധി മുസ്‌ലിംകളെ നമുക്ക് കാണാം. ആധിപത്യ വംശീയ അധികാരം എന്ന നിലയിലുള്ള ഇസ്‌ലാമോഫോബിയയുടെ ശക്തിയാണ് അത് കാണിക്കുന്നത്. നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം ദ്വന്ദം സൃഷ്ടിച്ച്, പൊതുബോധത്തിനു പുറത്തുനില്‍ക്കുന്ന വിഭാഗങ്ങളെ നിരന്തരം ചീത്ത മുസ്‌ലിം വിഭാഗമായി നിര്‍വചിച്ച് ഇസ്‌ലാമോഫോബിയയുടെ ഉപഭോക്താക്കളായി 'ഇസ്‌ലാമോഫോബിയ വാഹകര്‍' മാറുന്നു. എന്നാല്‍, തങ്ങളുടെ നിര്‍വചനപരിധിക്കു പുറത്തുള്ളവരെ നിരന്തരം ചീത്ത മുസ്‌ലിം എന്നു നിര്‍വചിക്കാനുള്ള അധികാരം ഇസ്‌ലാമോഫോബിയാ വാഹകരിലല്ല, മറിച്ച് ഇസ്‌ലാമോഫോബിയ ഉത്പാദകരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ നിര്‍വചനാധികാരമാണ് ഇസ്‌ലാമോഫോബിയയുടെ കാതല്‍. അതിനാല്‍ത്തന്നെ ഇന്നത്തെ ഇസ്‌ലാമോഫോബിയ വാഹകര്‍ നാളെ അതിന്റെ ഇരകളായി മാറുന്നതും ഇന്നലെ അതിന്റെ ഇരകളായി മാറിയതും നാം കാണുന്നു. കാരണം, വംശീയഘടനയെന്ന നിലയിലുള്ള ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തനം മുസ്‌ലിംകള്‍ എന്തുചെയ്യുന്നു, പ്രവര്‍ത്തിക്കുന്നു, ചിന്തിക്കുന്നുവെന്നതിനെ ആശ്രയിച്ചല്ല വികസിക്കുന്നത്.

പ്രതിരോധ മാതൃകകള്‍

കഴിഞ്ഞ ഏതാനും കാലമായി പൊതുമാധ്യമങ്ങളില്‍ ഇസ്‌ലാമോഫോബിയയെ ഒരു വിശകലനമാതൃകയായി എടുത്തുകൊണ്ടുള്ള പഠനങ്ങളും കുറിപ്പുകളും പ്രതികരണങ്ങളും ധാരാളമായി വരുന്നുണ്ട്. പത്രങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും വീഡിയോകളിലും ഇത് ധാരാളമായി ഉപയോഗപ്പെടുത്തുന്നു.

വര്‍ഗീയത എന്ന ഫ്രയിം

വടകരയില്‍ ഇടതുപക്ഷവും ഇടതുബുദ്ധിജീവികളും അഴിച്ചുവിട്ട ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന കുറിപ്പാണ് വടകരയിലെ സംഭവവികാസങ്ങളെക്കുറിച്ച് ടി. മുഹമ്മദ് വേളം എഴുതിയ 'വര്‍ഗീയ ധ്രുവീകരണത്തിന്റെ വടകര മോഡല്‍'. 2024 മേയ് നാലിന് മാധ്യമം പത്രത്തിലാണ് അത് അച്ചടിച്ചുവന്നത്: ''സംഘ്പരിവാറും ആഗോള വലതുപക്ഷവും സൃഷ്ടിച്ച ഇസ്‌ലാമോഫോബിയയുടെ സാധ്യതയെതന്നെയാണ് ഇത്തരം ഘട്ടങ്ങളില്‍ ഇടതുപക്ഷവും കത്തിക്കാനും മുതലെടുക്കാനും ശ്രമിക്കുന്നത്. സാമൂഹികമായി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ആയിരം മെഗാവാട്ട് ഇസ്‌ലാമോഫോബിയയാണ് ഈ പ്രചാരണങ്ങളിലൂടെ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്''.

അതേസമയം വര്‍ഗീയതയെന്ന വാക്ക് ശീര്‍ഷകത്തിലുപയോഗിച്ചത് കാരണം ലേഖനം ചില സങ്കീര്‍ണതകള്‍ സൃഷ്ടിച്ചിരിക്കുന്നു. ചരിത്രപരമായി മുസ്‌ലിംവിരുദ്ധ വംശീയതയുടെ ഭാഗമായി നിര്‍മിക്കപ്പെടുകയും പരിണമിക്കപ്പെടുകയും ചെയ്ത പദമാണ് വര്‍ഗീയത. കൊളോണിയല്‍ കാലഘട്ടത്തില്‍ വിശിഷ്യാ, 1906 ല്‍ ആള്‍ ഇന്ത്യ മുസ്‌ലിംലീഗ് രൂപപ്പെട്ടതിന് ശേഷം ഇസ്‌ലാം/മുസ്‌ലിം രാഷ്ട്രീയവും ആധിപത്യ ദേശീയ രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഇന്നു കാണുന്ന അര്‍ഥം ഈ പദത്തിന് ലഭ്യമാവുന്നത് (ശബ്‌നം തേജനി. 2011. ഇന്ത്യന്‍ സെക്കുലറിസം: എ സോഷ്യല്‍ ആന്റ് ഇന്റലക്ച്വല്‍ ഹിസ്റ്ററി. പ്രസാധനം: ഒറിയന്റ് ബ്ലാക്‌സ്വാന്‍, എന്ന പുസ്തകം കാണുക). മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ ഇകഴ്ത്തുന്ന പദാവലിയായി 'വര്‍ഗീയത' മാറി. ഇന്നു ഒരു പര്യായ പദം പോലെ ഏതു മുസ്‌ലിം രാഷ്ട്രീയ ആവിഷ്‌കാരത്തിനും എതിരെ ഈ പദാവലി ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. ബദല്‍ ആരോപണം ഉന്നയിച്ചു മറികടക്കാവുന്നതിനപ്പുറം ന്യൂനപക്ഷ വിരുദ്ധ വ്യാവഹാരിക ശക്തി വര്‍ഗീയത എന്ന പദാവലിക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്‌ലാമോഫോബിയയുടെ വിശകലന മാതൃകയെ വര്‍ഗീയതയെന്ന ദേശീയവാദ വിശകലനമാതൃകയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചല്ലാതെ വിവരിക്കാനും വിശദീകരിക്കാനും വികസിപ്പിക്കാനും ശ്രമിക്കേണ്ടതുണ്ട്.

മെയ് 8-ാം തിയ്യതി തന്നെ 'ഇടതും ഇസ്‌ലാമോഫോബിയയും; ഷാനവാസ് മുതല്‍ ഷാഫി വരെ' എന്ന ശീര്‍ഷകത്തില്‍ വി.ആര്‍ അനൂപും ഇതേ വിഷയത്തില്‍ ലേഖനമെഴുതി. സുപ്രഭാതം പത്രത്തിലാണ് അത് അച്ചടിച്ചുവന്നത്. തലക്കെട്ടില്‍ത്തന്നെ ഇസ്‌ലാമോഫോബിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 'വര്‍ഗീയത' എന്ന പദത്തെ പ്രശ്‌നവത്കരിച്ചുകൊണ്ടാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. 'വര്‍ഗീയത' എന്ന ആശയവും 'മുസ്‌ലിം സംഘാടന'വും തമ്മിലുള്ള ബന്ധവും പരിഗണിച്ചിരിക്കുന്നു. ''മുസ്‌ലിംകള്‍, മുസ്‌ലിം വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ചിഹ്നങ്ങള്‍ ഇവയെ പ്രതി ഉല്‍പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വംശീയമായ മുന്‍വിധി, ഭയം, വെറുപ്പ് എന്നിങ്ങനെയാണ് ഇസ്‌ലാമോഫോബിയ നിര്‍വചിക്കപ്പെടുന്ന''തെന്നും ലേഖനം നിരീക്ഷിച്ചിരിക്കുന്നു. അതേസമയം ഈ ഫ്രയിമിനെ ചോദ്യം ചെയ്യുമ്പോള്‍ത്തന്നെ ലേഖനം വര്‍ഗീയ വിദ്വേഷപ്രചാരണമെന്ന പ്രയോഗവും ഒരേസമയം ഉപയോഗിക്കുന്നു. മാധ്യമം ലേഖനത്തില്‍ കണ്ട വര്‍ഗീയ പരാമര്‍ശം ഈ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. പൊതുഭാഷയെന്ന നിലയില്‍ ഇസ്‌ലാമോഫോബിയയുടെ വിശകലന മാതൃകയും ഭാഷയും ഇനിയും സൂക്ഷ്മമായി വികസിക്കേണ്ടതുണ്ടെന്നു വേണം കരുതാന്‍.

റിപ്പോര്‍ട്ടിംഗ് ഭാഷയും ഇസ്‌ലാമോഫോബിയയും

'തുറന്നടിച്ച് സത്യദീപവും മാര്‍ കൂറിലോസും; ഇസ്‌ലാമോഫോബിയയ്ക്ക് എതിരേ ക്രൈസ്തവ സഭകളില്‍ പ്രതിരോധം' എന്ന പേരില്‍ ദേശാഭിമാനിയുടെ ലെനി ജോസഫ് ആലപ്പുഴയില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു (ദേശാഭിമാനി, മേയ് 4, 2024). ഇസ്‌ലാമോഫോബിയ എന്ന വാക്ക് ശീര്‍ഷകത്തില്‍തന്നെ ഉപയോഗിക്കുക മാത്രമല്ല, ഇസ്‌ലാമോഫോബിയയുടെ വിശകലനമാതൃക ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാമോഫോബിയക്കെതിരേ ക്രൈസ്തവസഭയില്‍ നടക്കുന്ന നീക്കത്തെക്കുറിച്ചാണ് വാര്‍ത്ത: ഇതര സമുദായക്കാരെ തന്റെ ശത്രുവായി കാണുന്നത് ക്രൈസ്തവവിശ്വാസത്തിനു തന്നെ എതിരാണെന്നാണ് കത്തോലിക്കാ പ്രസിദ്ധീകരണമായ സത്യദീപം പറയുന്നത്. ക്രിസ്തുവിന്റെയും ബുദ്ധന്റെയും പ്രഘോഷണങ്ങളായ സ്‌നേഹവും കരുതലും നഷ്ടപ്പെടുമ്പോഴാണ് ക്രിസംഘികളും ക്രിസ്ത്യന്‍ സയണിസ്റ്റുകളും ഉണ്ടാകുന്നതെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറയുന്നു. (ദേശാഭിമാനി, മേയ് 4, 2024).

സത്യദീപത്തില്‍, എം.പി തൃപ്പൂണിത്തുറ എഴുതിയ ലേഖനത്തെക്കുറിച്ചാണ് വാര്‍ത്ത (വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?, ഏപ്രില്‍ 25, 2024). ആ ലേഖനത്തില്‍ ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും ദേശാഭിമാനി ലേഖകന്‍ ഇസ്‌ലാമോഫോബിയാ ഫ്രയിംവര്‍ക്കിലാണ് പ്രശ്‌നത്തെ പഠിക്കാന്‍ ശ്രമിക്കുന്നതെന്നത് പ്രധാനമാണ്.

കല്‍പ്പറ്റ നാരായണന്റെ വടകര-കാഫിര്‍ വിവാദത്തെക്കുറിച്ചുള്ള ലഘു വീഡിയോയെക്കുറിച്ചുള്ള വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തത് 'വടകരയില്‍ നടന്നത് തീകൊണ്ടുള്ള കളി; മോദികാലത്ത് ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഹിന്ദു വര്‍ഗീയപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു-കല്‍പ്പറ്റ നാരായണന്‍' എന്ന ശീര്‍ഷകത്തിലാണ് (മേയ് 1, 2027 മീഡിയവണ്‍). പ്രസ്തുത റിപ്പോര്‍ട്ട് ഇതാണ്: ''യു.പിയിലും ഗുജറാത്തിലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പശുക്കിടാവിനെ ക്ഷേത്രത്തില്‍ നടയിരുത്താനായി പോകുന്ന ഹിന്ദുവിനെ ആരെങ്കിലും വെട്ടിക്കൊന്നാല്‍ അതു പ്രത്യക്ഷബുദ്ധിക്കു മുസ്‌ലിമാണെന്നു തോന്നും. ലഘുബുദ്ധികളായ ജനങ്ങള്‍ അത് ആഘോഷിക്കുകയും പക്ഷപാതികളായ മാധ്യമങ്ങള്‍ അതു കൊണ്ടാടുകയും ചെയ്യും. പക്ഷേ, ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ചെയ്ത ഹിന്ദു വര്‍ഗീയതയാണ് അതിനു പിന്നിലെന്ന് പിന്നീട് അറിയും.'' (മീഡിയവണ്‍, മെയ് 1, 2024).

കെ.എന്‍ ഗണേഷിന്റെ ഇസ്‌ലാമോഫോബിയ

വടകര സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ കെ.എന്‍ ഗണേഷ് ചെയ്ത വീഡിയോയെ വിമര്‍ശിച്ച് വി.കെ സുരേഷ് ദി ക്രിട്ടിക്കില്‍ 'ചരിത്രകാരന്‍ നുണപ്പാടങ്ങളില്‍ വിത്തെറിയുന്ന ആളാകരുത്' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു (മെയ് 19, 2024). നരേന്ദ്ര മോദിയുടെ ഇസ്‌ലാമോഫോബിയ സി.പി.ഐ.എം നേതാക്കളെ ബാധിച്ചതിന് തെളിവായാണ് കെ.എന്‍ ഗണേഷിന്റെ വാക്കുകളെ അദ്ദേഹം പരിഗണിക്കുന്നത്.

സുരേഷിന്റെ പ്രധാന വിമര്‍ശനങ്ങള്‍ ഇങ്ങനെ: വടകരയിലെ 'വര്‍ഗീയ'പ്രചാരണങ്ങളെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായ വീഡിയോയില്‍ ഗണേഷ് നാദാപുരത്തെ 1971 ലെ തലശ്ശേരി കലാപവുമായി ബന്ധിപ്പിക്കുന്നു. എന്നാല്‍, തലശ്ശേരിയില്‍ നടന്നത് മതപരമായ ആക്രമണമല്ല. അതിന് അത്തരമൊരു മാനം നല്‍കിയത് സി.പി.എമ്മാണ്. അക്കാര്യം ഗണേഷ് മറച്ചുവയ്ക്കുന്നു. തലശ്ശേരിയില്‍ ഹിന്ദു-മുസ്‌ലിം മൈത്രിക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. തലശ്ശേരിയില്‍ കൊല്ലപ്പെട്ടവരില്‍ പലരും പാര്‍ട്ടിക്കാരായിരുന്നില്ല. സി.പി.എം പിന്നീട് അവരെ രക്തസാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തലശ്ശേരി സംഭവങ്ങളുടെ തുടര്‍ച്ചയായി നാദാപുരത്തെ പ്രശ്‌നങ്ങളെ കാണുന്നത് ഗണേഷിന് ഇസ്‌ലാമോഫോബിയ ബാധിച്ചതുകൊണ്ടാണ്. ഗള്‍ഫിലേക്ക് പോയി പണമുണ്ടാക്കി വന്ന മുസ്‌ലിംകള്‍ ലീഗുകാരായതിനാലാണ് ചെറുത്തുനിന്നവര്‍ ആര്‍.എസ്.എസ്സിലേക്ക്‌ പോയതെന്ന ഗണേഷിന്റെ വാദം അപകടകരമാണ്. ജന്മി നാടുവാഴിത്തത്തിന്റെ ഭാഗമായ തൊഴില്‍ബന്ധങ്ങളുടെ ഭാഗമാണ് അത്. നാദാപുരത്ത് ലീഗും ആര്‍.എസ്.എസ്സും തമ്മിലല്ല പ്രശ്‌നമുണ്ടായത്. സി.പി.എമ്മും ലീഗും തമ്മിലാണെന്ന് മറക്കരുത്. ഷാഫിയെ മുസ്‌ലിമായി കാണുന്ന ഗണേഷ് മുന്‍ വര്‍ഷം വടകരയില്‍ മത്സരിച്ച എ.എന്‍ ഷംസീറിനെ മുസ്‌ലിമായി കാണുന്നില്ല.

ആരോപണ വസ്തു

ഗണേഷിന്റെ വര്‍ഗീയ ആരോപണത്തെ പ്രശ്‌നവത്കരിച്ച ലേഖകന്‍ പക്ഷേ, എസ്.ഡി.പി.ഐക്കുറിച്ചും മുസ്‌ലിം ലീഗിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ നിലപാട് പരിശോധിക്കുന്നതോടെ ചില സൂക്ഷ്മരാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നു. എസ്.ഡി.പി.ഐയെ സംബന്ധിച്ച ഗണേഷിന്റെ നിലപാട് ഇങ്ങനെയായിരുന്നു: ''എസ്.ഡി.പി.ഐക്ക് സാമാന്യം നല്ലൊരു വേരോട്ടമുള്ള പ്രദേശങ്ങളാണ് വടകര മണ്ഡലത്തിലെ പല ഭാഗങ്ങളും. അവരുടെ നേതൃത്വത്തില്‍ ക്യാമ്പയിന്റെ സ്വഭാവം പൂര്‍ണമായും മാറുകയും ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ ഏത് വിധേനയും ജയിപ്പിക്കുക എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തപ്പോള്‍ അതിന് വളരെ ശക്തയായ ഇടതുപക്ഷ സ്ഥാനാര്‍ഥി അപ്പുറത്ത് നിന്നപ്പോള്‍ അവരെ പരമാവധി ഇകഴ്ത്തി കാണിക്കുന്ന ശ്രമങ്ങള്‍ നടന്നു''.

ഇതിനോടുള്ള സുരേഷിന്റെ പ്രതികരണം ഇതാണ്: ''എസ്.ഡി.പി.ഐയുടെ വോട്ട് എനിക്ക് വേണ്ടെന്ന്' പരസ്യമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് ഷാഫി പറമ്പില്‍ എന്ന വസ്തുത മറച്ചുവെച്ച് നുണയുടെ വിത്തുമായി എല്‍.ഡി.എഫിന്റെ വടകരയിലെ തരിശുപാടത്ത് ഓടി കിതയ്ക്കുന്ന സ്ഥലജലവിഭ്രാന്തിക്കാരനാണ് കെ.എന്‍ ഗണേഷ് എന്ന് സ്വയം അയാള്‍ തെളിയിച്ചു കഴിഞ്ഞു. യു.ഡി.എഫ് ക്യാമ്പയിന്‍ എസ്.ഡി.പി.ഐ ഏറ്റെടുത്തു എന്ന് പറയാനുള്ള വങ്കത്ത വളര്‍ച്ച അപാരം തന്നെ. അപ്പോഴും പണ്ട് തലശ്ശേരിയില്‍ എസ്.ഡി.പി.ഐ പിന്തുണ വാങ്ങി ജയിച്ച കോടിയേരിയെ ഗണേശന്‍ മറന്നാലും വടകരക്കാര്‍ മറക്കില്ല.''.

മുന്‍കാലങ്ങളില്‍ ഇടതുപക്ഷത്തെ എസ്.ഡി.പി.ഐ പിന്തുണച്ചിട്ടുണ്ടെന്നത് ഒരു വസ്തുതയെന്ന നിലയില്‍ മാത്രമല്ല, ആരോപണമെന്ന മട്ടിലാണ് എടുത്തുപറയുന്നത്. ഒപ്പം ഷാഫി എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്നു പറഞ്ഞ വസ്തുതയും എടുത്തുപറയുന്നു. അതോടൊപ്പം ലീഗിനെ എല്‍.ഡി.എഫിലേക്ക് കൂട്ടാന്‍ സി.പി.എം ശ്രമം നടത്തുന്നുവെന്നും വിവരിക്കുന്നു: ''ഒരു ഭാഗത്ത് മുസ്‌ലിം ലീഗിനെ വര്‍ഗീയമുദ്രയടിച്ചും മറുഭാഗത്ത് എല്‍.ഡി.എഫ് മുന്നണിയിലേക്ക് കൊണ്ടുപോകാന്‍ പ്രേമനാടകം ആടിത്തീര്‍ക്കുന്നതും വടകരക്കാര്‍ക്ക് അറിയാം ചരിത്രകാരാ''. നിങ്ങളും പണ്ട് ആ സംഘടനയോട് കൂട്ടുചേര്‍ന്നുവെന്നോ നിങ്ങള്‍ക്ക് കിട്ടാത്ത പിന്തുണ കാരണമാണ് ഈ ആരോപണങ്ങളെന്നോ പറയുന്നതിലൂടെ മാത്രം പ്രസ്തുത ആരോപണത്തില്‍ ഉള്ളടങ്ങിയ ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ഒരു തിരിച്ചിടല്‍ യുക്തി മാത്രമാണിത്. ഒരു കേവല ആരോപണ സ്ഥലമായും വസ്തുവത്കരിച്ചും മുസ്‌ലിം സംഘടനകളെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രശ്‌നം. മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിനു ഒരു ജനാധിപത്യ ഘടനയില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ സാധ്യമാണെന്ന പ്രശ്‌നം വ്യക്തമായി തന്നെ വിശദീകരിക്കുന്നതു ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്. മുസ്‌ലിം ന്യൂനപക്ഷ സംഘാടനത്തോടുള്ള വിയോജിപ്പുകള്‍ അവരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ സാധ്യവുമാണ്.

ഇസ്‌ലാമോഫോബിയക്കെതിരെ ഒരു പുസ്തകം

മേയ് 8-ാം തിയ്യതി കോഴിക്കോട് വച്ച് സുദേഷ് എം. രഘുവും സലീം ദേളിയും ചേര്‍ന്ന് എഡിറ്റ് ചെയ്ത്, ബുക്ക്പ്ലസ്സ് പ്രസിദ്ധീകരിച്ച 'ഇസ്‌ലാമോഫോബിയ: പഠനങ്ങള്‍ സംവാദങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തത് ഇസ്‌ലാമോഫോബിയക്കെതിരേ നടക്കുന്ന നീക്കത്തിലെ പ്രധാന സംഭവമാണ്. ചടങ്ങില്‍ ഡോ. ടി.ടി ശ്രീകുമാര്‍, ഡോ. മോഹന്‍ ഗോപാല്‍, ശരീഫ് സാഗര്‍, പി. അംബിക, ബാബുരാജ് ഭഗവതി തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത് സംസാരിച്ചു.

ഇസ്‌ലാമിനെയും ദൈവശാസ്ത്രത്തെയും രാഷ്ട്രീയ, ഭരണനിര്‍വഹണ ആലോചനകളെയും ഭിന്നതകളെയും വൈജാത്യങ്ങളെയും എല്ലാം തമസ്‌കരിച്ചുകൊണ്ട്, അമൂര്‍ത്തമായ ഒരു ഇസ്‌ലാമിനെ മുന്നില്‍ നിറുത്തി, ആ ഇസ്‌ലാമിന്റെ എല്ലാ രൂപത്തോടും ഭാവത്തോടും സാംസ്‌കാരിക സമീപനത്തോടും ഭീതിയും വെറുപ്പും ശത്രുതയും വിവേചനവും വെച്ചുപുലര്‍ത്തുന്ന ഒരു പ്രത്യയശാസ്ത്രമായാണ് ടി.ടി ശ്രീകുമാര്‍ ഇസ്‌ലാമോഫോബിയയെ നിര്‍വചിച്ചത്.


'' യൂറോപ്പില്‍ ഏഴാം നൂറ്റാണ്ടില്‍ റീ കോണ്‍ക്വിസ്റ്റ എന്നൊരു പ്രതിഭാസം ഉണ്ടായിരുന്നു. ഐബീരിയന്‍ പെനിസ്വലയില്‍ മുസ്‌ലിംകളെ പുറത്താക്കുന്നതിനു വേണ്ടി, മുസ്‌ലിം ഭരണകൂടങ്ങളെ പുറത്താക്കുന്നതിനു വേണ്ടി യൂറോപ്പില്‍ ആരംഭിച്ച യുദ്ധങ്ങളുടെ തുടക്കം. കേവലം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നതിനപ്പുറം സാംസ്‌കാരികമായ, മതങ്ങള്‍ തമ്മിലുള്ള യുദ്ധം എന്ന രീതിയില്‍ തുടക്കം മുതല്‍ തന്നെ ഇതിനെ സ്ഥാനപ്പെടുത്തുകയും അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ പ്രക്രിയയില്‍ തന്നെയാണ് ഇസ്‌ലാമോഫോബിയയുടെയും ആരംഭം നാം കണ്ടത്തേണ്ടത്...'' കൊളോണിയലിസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട അപരഭീതിയുമായാണ് അദ്ദേഹം ഇസ്‌ലാമോഫോബിയയെ ചേര്‍ത്തുവയ്ക്കുന്നത്. കൂട്ടത്തില്‍ വര്‍ഗീയത എന്ന വാക്കിനെ പ്രശ്‌നവത്കരിച്ചുകൊണ്ടുള്ള സമീപനം മുന്നോട്ടുവയ്ക്കുകയും ചെയ്തു.

ഇസ്‌ലാമോഫോബിയയെ വംശീയതയുടെ ഭാഗമായി പരിശോധിച്ചുകൊണ്ടാണ് ഡോ. മോഹന്‍ ഗോപാലും സംസാരിച്ചത്. ഇന്ത്യന്‍ സാഹചര്യത്തെ കേന്ദ്രീകരിച്ചാണ് അദ്ദേഹം തന്റെ വാദങ്ങള്‍ മുന്നോട്ടുവച്ചത്: അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ അധികാരം പിടിച്ചടക്കുമെന്ന ഭീതിയില്‍ നിന്നാണ് ഇസ്‌ലാമോഫോബിയ ഉണ്ടാകുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ അതിന് വേരുകളുണ്ട്. ഹിന്ദു സാമൂഹിക വ്യവസ്ഥയെ ജനാധിപത്യവത്കരിക്കാത്തതിനാലാണ് ഇവിടെ ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നത്. അപ്പോള്‍ ഇതിനെ ജനാധിപത്യവത്കരിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ആലോചന വളരെ പ്രധാനമാണ്. ഇസ്‌ലാമോഫോബിയയെ തടുക്കണമെങ്കില്‍ പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദിനെക്കുറിച്ചൊരു പഠന റിപ്പോര്‍ട്ട്

ഇസ്‌ലാമോഫോബിയ പ്രചാരണത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് ലൗ ജിഹാദ് ആരോപണം. അതിലേക്ക് വെളിച്ചം വീശുന്ന സാമാന്യം ദീര്‍ഘമായ പഠന റിപ്പോര്‍ട്ടാണ് മൃദുല ഭവാനി കേരളീയം ഓണ്‍ലൈനില്‍ എഴുതിയ 'ലൗ ജിഹാദിന്റെ ഉറവിടവും വളര്‍ച്ചയും; ഒരു അന്വേഷണം'. (മേയ് 12, 2024, കേരളീയം ഓണ്‍ലൈന്‍) കര്‍ണ്ണാടകയില്‍ നിന്ന് തുടങ്ങി ദേശീയതലത്തിലേക്ക് വ്യാപിച്ച ആരോപണത്തിന്റെ വിശദാംശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ലൗ ജിഹാദ് ആരോപണം മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയാരോപണമായാണ് അവര്‍ കണക്കാക്കുന്നത്: ''ഇന്ത്യയിലെ ജനസംഖ്യാനുപാതം മാറ്റിയെടുക്കാനുള്ള മുസ്‌ലിം ഗൂഢാലോചനയാണ് ലൗ ജിഹാദ് എന്ന ആരോപണത്തിലൂടെ ഈ പ്രചാരണത്തിന്റെ വംശീയസ്വഭാവമാണ് വെളിപ്പെടുന്നത്. വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടുവന്ന ഇതിന്റെ അടിത്തറ 'വംശീയ അപരര്‍ (racial other) ' ആയ ഒരു ശത്രുവിനെ നിയമപരമായി സൃഷ്ടിച്ച് അതിന് ചുറ്റുമായി ദേശീയ രാഷ്ട്രീയത്തെ നിലനിര്‍ത്തുക എന്നതാണ്.''


(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)


TAGS :