കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, മലപ്പുറത്തെ കലാപക്കാര്‍, അസൂയ: ഇസ്‌ലാമോഫോബിയ 2024 ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07.
രണ്ടു രീതിയില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നു. ഒന്നാമത്, നഗ്‌നവും തുറന്ന ആക്രമണങ്ങളിലൂടെയും വികസിക്കുന്നതാണ്. ഇതിനുദാഹരണമായ ഹിന്ദുത്വരുടെ ഇസ്ലാമോഫോബിയ എല്ലാ പരിധികളും ലംഘിച്ചു മുന്നേറുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. മറ്റേത്, ഭരണകൂടത്തിന്റെ ഭാഗമാവുമ്പോഴും ഇലക്ഷന്‍ രാഷ്ട്രീയത്തിലിടപെടുമ്പോഴും മറ്റും പുരോഗമന വ്യവഹാരങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമൊക്കെ സ്വീകരിക്കുന്ന നയനിലപാടുകള്‍ ഇസ്ലാമോഫോബിയയുടെ മാതൃകകള്‍ സ്വീകരിക്കുന്നതാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടു വിവാദവും മലപ്പുറത്തു പ്ലസ് വണ്‍ സീറ്റ് ആവശ്യമുയര്‍ത്തിയവരെ ദേശാഭിമാനി ദിനപത്രം കലാപക്കാരാക്കി മാറ്റിയതും ഉദാഹരണം. ചൂണ്ടിക്കാട്ടിയാല്‍ ഇസ്ലാമോഫോബിയയെക്കുറിച്ചു ജാഗ്രത പുലര്‍ത്താനും സ്വയം വിമര്‍ശനം നടത്താനും ശ്രമങ്ങള്‍ നടത്തുന്നവരാണിത്തരക്കാര്‍. ഇസ്ലാമോഫോബിയക്കെതിരായ വിവിധങ്ങളായ പ്രതിരോധ രീതികളെക്കുറിച്ചു കേരളത്തില്‍ അന്വേഷണം നടക്കുന്നു. അതിന്റെ ചില മാതൃകകള്‍ ഈ കുറിപ്പിന്റെ അവസാനം വായിക്കാം.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് തുടര്‍ച്ച:
കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ ഷൈലജ ടീച്ചറും ഏറ്റുമുട്ടിയ വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണ് ആദ്യമെത്തിയതെന്ന് ആഗസ്റ്റ് രണ്ടാം വാരത്തില്‍ പൊലിസ് ഹൈകോടതിയെ അറിയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന സന്ദേശമുള്ളതാണ് സ്‌ക്രീന്‍ഷോട്ട്. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി കുറ്റാരോപിതനായ മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം. മുഹമ്മദ് കാസിമല്ല സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പൊലീസ് നേരത്തെത്തന്നെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കാസിം ഹൈകോടതിയെ സമീപിച്ചത്.
വടകര സിഐ സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. പൊലിസ് ഹൈകോടതിയില്‍ നല്‍കിയ വിവരങ്ങള്‍ ഇവയാണ്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍. 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക്് പേജിലാണ് സ്‌ക്രീന്‍ഷോട്ടാദ്യം പ്രചരിച്ചതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പക്ഷേ, മതവിദ്വേഷം വളര്‍ത്തുന്ന 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് 'റെഡ് എന്‍കൗണ്ടേഴ്‌സ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ്. ഇത് 'അമ്പലമുക്ക് സഖാക്കള്‍' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. 'പോരാളി ഷാജി' എന്ന ഫെയ്‌സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണ്. മതസ്പര്‍ധവളര്‍ത്തുകയാണ് സ്‌ക്രീന്‍ ഷോട്ടിന്റെ ലക്ഷ്യം. പോരാളി ഷാജി, അമ്പലമുക്ക് സഖാക്കള്‍ എന്നീ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഈ സ്‌ക്രീന്‍ ഷോട്ട് എങ്ങനെയെത്തിയെന്നാണ് അന്വേഷിച്ചത്. റെഡ് ബറ്റാലിയന്‍ എന്നും റെഡ് എന്‍കൗണ്ടേഴസ് എന്നും പേരുള്ള രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്ന പോസ്റ്റാണ് ഈ ഫെയ്‌സ്ബുക്ക് പേജുകളില്‍ അതിന്റെ അഡ്മിന്‍മാര്‍ പോസ്റ്റ് ചെയ്തത്.
2024 ഏപ്രില്‍ 25-ന് വൈകിട്ട് മൂന്നിനാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ 'റെഡ് ബറ്റാലിയന്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്ന് മനസ്സിലായി. ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല്‍ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി.
ഏപ്രില്‍ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് അവിടെ പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോണ്‍ വിശദമായ പരിശോധനക്ക് നല്‍കിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് (മീഡിയവണ്‍, മാതൃഭൂമി, ആഗസ്റ്റ് 13, 2024). ഇതിന്റെ വാര്‍ത്ത പുറത്തുവന്ന് തൊട്ടുപിന്നാലെ അന്വേഷണത്തിന് മേല്‍നോട്ടംവഹിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് റൂറല്‍ എസ്.പി അരവിന്ദ് സുകുമാറിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിയതാണ് കാരണമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു (മനോരമന്യൂസ്, ആഗസ്റ്റ് 14, 2024).
സിപിഎമ്മിന്റേത് ഭീകരപ്രവര്‍ത്തനം: വി.ഡി സതീശന്‍
കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളും മുന്‍മാസത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടുനു പിന്നില്‍ ഇടത് ഹാന്‍ഡിലുകളാണെന്ന വിവരം പൊലിസ് കോടതിയെ അറിയിച്ചതോടെ പുതിയൊരു ആഖ്യാനപരമ്പരക്ക് തുടക്കം കുറിച്ചു. സിപിഎമ്മിന്റേത് ഭീകരപ്രവര്‍ത്തനത്തിന് തുല്യമാണെന്നാണ് ഇതേക്കുറിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് സിപിഎമ്മിന്റെ നടപടി. മുന്‍ എംഎല്‍എ കെ.കെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണ്. പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പറയാത്തതാണ്. യഥാര്‍ഥ പ്രതികളെ പുറത്തെത്തിക്കുംവരെ നിയമപോരാട്ടം തുടരും (എഷ്യാനെറ്റ്, ആഗസ്റ്റ് 14, 2024). സമൂഹത്തെ രണ്ടാക്കി വെട്ടിമുറിക്കാനായിരുന്നു സിപിഎം ശ്രമം. ഹൈകോടതി ചെവിക്ക് പിടിച്ചതുകൊണ്ടാണ്ട് ഇപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇല്ലെങ്കില്‍ ഷാഫി പറമ്പില്‍ എംപിയെയും യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിമിനെയും ഈ കേസില്‍ പ്രതികളാക്കി ആഘോഷിച്ചേനെ. കൂടുതല്‍ അന്വേഷണം വന്നാല്‍ അത് ചില കുടുംബങ്ങളില്‍ എത്തിനില്‍ക്കും (മീഡിയവണ്‍, ആഗസ്റ്റ് 14, 2024).
ലതിക ചെയ്തത് ശരിയല്ല: ശൈലജ ടീച്ചര്‍
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പുറത്തുവന്ന വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സിപിഎം നേതാവ് കെ.കെ ലതിക സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത് ശരിയായില്ലെന്നും അക്കാര്യം അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും മുന്‍മന്ത്രിയും വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന കെ.കെ ശൈലജ: സ്‌ക്രീന്‍ ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ 'ഇങ്ങനെയെല്ലാം നടക്കുന്നുണ്ടെന്ന് പൊതുജനം അറിയണ്ടേ' എന്നാണ് അന്ന് ലതിക എന്നോട് പറഞ്ഞത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ഥ ഇടതുപക്ഷക്കാര്‍ ഇങ്ങനെയൊന്നും ചെയ്യില്ല. ഇടതുപക്ഷമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ ഇടതുപക്ഷത്തിനെതിരേ തെറ്റായ പ്രചാരണങ്ങള്‍ വന്നിട്ടുണ്ട്. ഇക്കാര്യം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ നേരത്തേ പറഞ്ഞതാണ്. സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡില്‍ അദ്ദേഹം തനിക്കെതിരേ പറഞ്ഞുവെന്ന തരത്തില്‍ വ്യാജപ്രചാരണം വന്നിരുന്നു. കുടുംബസദസ്സുകളിലാണ് ഇത് പ്രചരിപ്പിച്ചത്. മാതൃഭൂമി പത്രത്തിന്റെ മാതൃക വ്യാജമായി നിര്‍മിച്ച് ലൗ ജിഹാദ് ഉണ്ടെന്ന് ഞാന്‍ പറഞ്ഞുവെന്ന തരത്തിലും പ്രചരിപ്പിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് ആ കേസ്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്നതാണ് കാഫിര്‍ പ്രയോഗം (ന്യൂസ് 18, ആഗസ്റ്റ് 14, 2024).
നുണബോംബ്: സുധാകരന്‍
വര്‍ഗീയവിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ആരോപിച്ചു: നുണ ബോംബ് സൃഷ്ടിച്ച് മതവര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കാന്‍ സിപിഎമ്മും പൊലീസും ശ്രമിക്കുകയാണ്. നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ കോണ്‍ഗ്രസിന് മടിയില്ല. നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസെടുക്കണം. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയപ്രചരണത്തിന്റെ സ്രഷ്ടാവ് സിപിഎമ്മാണെന്ന് തെളിഞ്ഞു. ബിജെപിയുമായുള്ള രഹസ്യസഹവാസം സിപിഎമ്മിനെ വര്‍ഗീയവിഷം ബാധിച്ച രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റി. തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി നാട്ടില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഹീനമായ നയം പിന്തുടരുന്ന സിപിഎമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. സിപിഎമ്മിനുള്ളത് കപട മതേതര മുഖമാണ്. നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീര്‍ണ്ണതയും സിപിഎമ്മിനെ വര്‍ഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു. സ്വാര്‍ഥ രാഷ്ട്രീയ നേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവര്‍ഗീയത പ്രചരിപ്പിച്ച സിപിഎം കേരളീയ സമൂഹത്തോട് മാപ്പുപറയണം (ഏഷ്യാനെറ്റ്, ആഗസ്റ്റ് 14, 2024).
റിബേഷിനെ പുറത്താക്കണമെന്ന് ലീഗ്:
ഇടത് അനുകൂല വാട്സാപ് ഗ്രൂപ്പായ റെഡ് എന്‍കൗണ്ടറിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. റിബേഷാണ് അഡ്മിന്‍. സിപിഎം തന്നെയാണ് സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്ന യുഡിഎഫ് ആരോപണം ശരിവയ്ക്കുന്നതാണ് പൊലീസ് കണ്ടെത്തലെന്ന് കാസിം പറയുന്നു.
വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ ഭാഗമായ റിബേഷിനെ അറസ്റ്റ് ചെയ്യണമെന്നും സ്‌കൂളില്‍നിന്ന് പുറത്താക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. റെഡ് എന്‍കൗണ്ടറിന് പിന്നാലെ റെഡ് ബറ്റാലിയന്‍, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ വാട്സാപ് ഗ്രൂപ്പുകളിലും സ്‌ക്രീന്‍ഷോട്ട് വന്നിരുന്നു. ആര് നിര്‍മിച്ചുവെന്ന് വ്യക്തമല്ലാത്തതിനാല്‍ അഡ്മിന്‍മാരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രചരിപ്പിച്ചവരെ കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാത്തതിലും ദുരൂഹതയുണ്ട്. അതിനിടയില്‍ തനിക്കെതിരേ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് റിബേഷ്, ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ലയ്ക്ക് വക്കീല്‍ നോട്ടിസും അയച്ചു (കേരള കൗമുദി, ആഗസ്റ്റ് 18, 2024). തന്നെ ആളുകള്‍ തെറ്റിദ്ധരിച്ചതായും സംശയത്തോടെ വീക്ഷിക്കുന്നതായും റിബേഷിന് പരാതിയുണ്ട്. ഒപ്പം നുണപരിശോധനക്ക് തയ്യാറാണെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു.
അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍:
ലോക്സഭാ തെരഞ്ഞെടുപ്പുസമയത്ത് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടിലെയും അന്വേഷണം ഒരാളിലായിരിക്കും എത്തുകയെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത് (മാതൃഭുമി, ആഗസ്റ്റ് 14, 2024).
കേസ് സ്വമേധയാ എടുത്തതല്ലെന്ന് ലീഗ്:
തുടക്കം മുതല്‍ ഞങ്ങള്‍ പറഞ്ഞിരുന്നു സിപിഎം ആണ് ഇതിന് പിറകില്‍ എന്ന്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പൊലീസ് സ്വമേധയാ കൊടുത്തതല്ല. ഞങ്ങള്‍ കോടതിയില്‍ പോയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്. തെരഞ്ഞെടുപ്പില്‍ ജയിച്ചത്കൊണ്ട് മാത്രം ഈ കേസ് അവസാനിപ്പിക്കുക എന്ന നിലപാട് ഞങ്ങള്‍ക്കില്ല. ആരാണ് ഇതിനുപിറകില്‍ എന്നത് അറിയാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്. നാടിനെ വര്‍ഗീയമായി വിഭജിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് (മീഡിയവണ്‍, ആഗസ്റ്റ് 13 2024).
സ്‌ക്രീന്‍ഷോട്ട് നിര്‍മാതാവ് റിബേഷല്ലെന്ന് ഡിവൈഎഫ്ഐ
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു മീഡിയവണിനോട് പ്രതികരിച്ചത്: റിബേഷ് സ്‌ക്രീന്‍ഷോട്ട് ഫോര്‍വേഡ് ചെയ്തെന്നാണ് പൊലിസ് കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, ആരാണ് നിര്‍മിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. അതിന് ശാസ്ത്രീയമായ അന്വേഷണം നടക്കണം. പൊലിസ് റിബേഷിനെ വിളിപ്പിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ ഫോര്‍വേഡ് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ആരാണ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ റിബേഷും പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. പല മെസേജുകളും പല ഗ്രൂപ്പുകളിലും വരുന്നു. അതാണ് ഫോര്‍വേഡ് ചെയ്തത്. എവിടെനിന്നോ വന്നതാണ് ഈ വാട്സ്ആപ്പ് ഫോര്‍വേഡ്. മതവിശ്വാസികള്‍ക്കിടയലും ജനങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണിത് ഫോര്‍വേര്‍ഡ് ചെയ്തതെന്നാണ് റിബേഷ് പറയുന്നത്. റിബേഷ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്ന നിലയില്‍ നല്‍കിയ മറുപടിയാണ് ഇത്. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചയാളെ കണ്ടെത്തിയാല്‍ യുഡിഎഫാണ് അതിനു പിന്നിലെന്ന് തെളിയും. ഇതിനു മുമ്പ് 17ഓളം കേസുകളുണ്ടായിട്ടുണ്ട്. അതില്‍ യുഡിഎഫുകാര്‍ പ്രതികളാണ്. അതില്‍നിന്ന് യുഡിഎഫാണ് ഇതിലും പ്രതികളെന്ന് മനസ്സിലാവും (മീഡിയവണ്‍, ആഗസ്റ്റ് 15, 2024).
മറുനാടന്‍ മലയാളി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തിയത് യുഡിഎഫ് ആണ്. റിബേഷിനെ പൊലീസ് സാക്ഷിയാക്കിയതാണ്. പൊലീസ് റിബേഷിന്റെ ഫോണ്‍ പിടിച്ചെടുത്തതല്ല, പരിശോധിക്കാനായി റിബേഷ് കൈമാറിയതാണ്. അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ കൈമാറിയതെന്ന് ഷൈജു പറഞ്ഞു (മറുനാടന്‍ മലയാളി, ആഗസ്റ്റ് 15, 2024).
പ്രചരിപ്പിച്ചത് അബദ്ധത്തില്‍: വി. വസീഫ്
വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കപ്പെട്ടത് യുഡിഎഫ് കേന്ദ്രങ്ങളില്‍ തന്നെയെന്നും ഫോര്‍വേഡ് ചെയ്തത് അബദ്ധത്തിലെന്നും ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് പറഞ്ഞു: അന്വേഷണം പൂര്‍ണതയില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. അന്വേഷണത്തിന് വിധേയനായ ഡിവൈഎഫ്‌ഐ നേതാവ് മൊബൈല്‍ ഹാജരാക്കിയിട്ടുണ്ട്. അബദ്ധത്തില്‍ ചില ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, ഇത് നിര്‍മിച്ചവരെയാണ് പിടിക്കേണ്ടത്. ആരാണോ നിര്‍മിച്ചത് അവരെ പിടിക്കണം. സമഗ്രമായി അന്വേഷിക്കണം. പിന്നില്‍ യുഡിഎഫിലെ ചിലരുടെ അജണ്ടയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ ഇല്ലാത്ത തരത്തിലുള്ള പ്രചാരണ കോലാഹലം വടകരയിലുണ്ടായിരുന്നു. സോഷ്യല്‍മീഡിയയില്‍ അഭിരമിക്കുന്ന ഒരു ഗ്രൂപ്പ് വടകരയിലെ തെരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്തു. അത് സത്യമാണ്. അതിന്റെ പിന്നില്‍ യുഡിഎഫിലെയും യൂത്ത് ലീഗിലെയും യൂത്ത് കോണ്‍ഗ്രസിലെയും ചിലരാണ് (റിപ്പോര്‍ട്ടര്‍ ടിവി, ആഗസ്റ്റ് 15, 2024).
'കാഫിറി'നെ ഒറ്റതിരിച്ച് കാണരുത്: എം.വി ഗോവിന്ദന്‍:
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളി. സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു: വടകരയില്‍ നടന്നത് തെറ്റായ യുഡിഎഫ് സംസ്‌കാരം. കാഫിര്‍ പരാമര്‍ശം യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി വന്നതാണ്. വടകരയില്‍ ആദ്യം മുതല്‍ ഉണ്ടായ സംഭവങ്ങള്‍ വിശകലനം ചെയ്യണം. ഒറ്റപ്പെട്ട സംഭവമായി വിഷയത്തെ ചുരുക്കി കാട്ടാനാണ് ശ്രമിക്കുന്നത്. ആദ്യം നടന്നത് ടീച്ചര്‍ക്കെതിരേ 'ടീച്ചറമ്മ' എന്ന പേരിനെ പരിഹസിച്ചുള്ള പ്രചാരണമാണ്. വ്യക്തിപരമായ അശ്ലീല അധിക്ഷേപമാണ് ഉണ്ടായത്. അതിന് പിന്നാലെയാണ് ഓരോന്നോരോന്നായി പ്രചരിപ്പിച്ച് തുടങ്ങിയത്. മുസ്‌ലിംകള്‍ തീവ്രവാദികളാണ് എന്ന് ശൈലജ ടീച്ചര്‍ പറഞ്ഞുവെന്നാണ് പിന്നീട് പ്രചരിപ്പിച്ചത്. ലൗ ജിഹാദ് നിലനില്‍ക്കുന്നതായി ശൈലജ ടീച്ചര്‍ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചു. പിന്നീട് പാനൂര്‍ സ്ഫോടനക്കേസിലെ പ്രതികളുമായി നില്‍ക്കുന്ന ഫോട്ടോ വ്യാജമായി പ്രചരിപ്പിച്ചു. തെറ്റായ വാര്‍ത്തയുടെ പ്രചാരണം എഐ സംവിധാനത്തോടെ കൂടുതല്‍ സജീവമായി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളില്‍ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്ന് സിപിഐ എം ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടി മുന്നോട്ടുപോകും. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ നിലപാട് എക്കാലത്തും സിപിഐ എം തുടര്‍ന്നുപോകും. ജമാഅത്തെ ഇസ്‌ലാമിയുടെയും, എസ്ഡിപിഐയുടെയും കൂട്ടുകക്ഷികളെ പോലെയാണ് കോണ്‍ഗ്രസും ലീഗും പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ അശ്ലീലവും വര്‍ഗീയവുമായ വ്യാജപ്രചാരണമാണ് നടന്നത്. വിഷയത്തില്‍ ആദ്യം പരാതി നല്‍കിയത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. പോരാളി ഷാജിയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഇടതുപക്ഷം അല്ല. അത്തരം ആളുകളുടെ സഹായം സിപിഐ എമ്മിന് ആവശ്യമില്ല. ഇത്തരം ഗ്രൂപ്പുകളെ സിപിഐ എം നേരത്തെ തന്നെ തള്ളിപ്പറഞ്ഞതാണ്. (ദേശാഭിമാനി, ആഗസ്റ്റ് 16, 2024)
'വിടാതെ കാഫിറും' സി ദാവൂദും:
ഇതിനിടയിലാണ് മീഡിയവണിലെ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിനെതിരേ വലിയ തോതിലുള്ള സൈബര്‍ ആക്രമണം തുടങ്ങിയത്. മീഡിയവണിലെ ജനപ്രിയ പരിപാടിയായ ഔട്ട് ഓഫ് ഫോക്കസിലൂടെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ പേരില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതായിരുന്നു പ്രകോപനം. അദ്ദേഹം പറഞ്ഞത് ഇതാണ്: സ്‌ക്രീന്‍ഷോട്ട് വന്ന വഴി കൃത്യമായി പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസരിച്ച റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. പൊലിസ് റിപ്പോര്‍ട്ട് പ്രകാരം സ്‌ക്രീന്‍ഷോട്ട് ഒറിജിനേറ്റ് ചെയ്തിരിക്കുന്നത് റിബേഷെന്ന് പറയുന്ന ഡിവൈഎഫ്ഐയുടെ മേഖലാ പ്രസിഡന്റില്‍നിന്നാണ്. ഇവരത് നിര്‍മിക്കണമെന്നില്ല, ഷെയര്‍ ചെയ്യുന്നതുതന്നെ നമ്മുടെ നിയമപ്രകാരം കുറ്റകരമാണ്. കാരണം, വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന കണ്ടന്റാണ് അത്. ഗോവിന്ദന്‍ മാഷ് പറയുന്നതുപോലെ പതിനേഴ് കേസെടുത്തിട്ടുണ്ടെങ്കില്‍ റിബേഷിനെതിരേ കേസെടുക്കാത്തത് എന്തുകൊണ്ടാണ്. സ്‌ക്രീന്‍ഷോട്ട് എവിടെനിന്ന് കിട്ടിയെന്ന് പറയാന്‍ റിബേഷ് സന്നദ്ധമല്ലെന്ന് പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ ഉത്തരവാദിത്തമുള്ളയാളാണല്ലോ അദ്ദേഹം. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റും സിപിഎം അംഗവുമാണ്. പാര്‍ട്ടിക്ക് ചോദിക്കാലോ എവിടെനിന്ന് കിട്ടിയെന്ന്. ഇക്കാര്യത്തില്‍ സ്‌ക്രീന്‍ഷോട്ട് എവിടെനിന്ന് കിട്ടിയെന്ന് പറയാന്‍ സാധിക്കുന്ന ഏകയാള്‍ റിബേഷാണ്. അദ്ദേഹമത് പറഞ്ഞാല്‍ തീരുന്ന പ്രശ്നമാണ് അത്. ഒരു നുണ പറയുമ്പോള്‍ നുണയാണെന്ന് ആളുകള്‍ക്ക് മനസ്സിലാവും. ആ നുണ സ്ഥാപിക്കാന്‍ പുതിയ നുണകള്‍ പറയണം. ഈ പ്രസ്ഥാനം നാണംകെട്ടുനില്‍ക്കുകയാണ്. സമൂഹത്തില്‍ വിഭജനമുണ്ടാക്കുന്ന കുഴപ്പത്തിലാക്കുന്ന അങ്ങേയറ്റം വര്‍ഗീയവും വഷളുമായിട്ടുള്ള ഒരുകാര്യത്തിന്റെ പേരില്‍. സിപിഎം ഇതില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല എന്നതിന്റെ തെളിവാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പത്രസമ്മേളനം (മീഡയവണ്‍, ഔട്ട് ഓഫ് ഫോക്കസ്, ആഗസ്റ്റ് 16, 2024).
ആരാണ് ദാവൂദ്?:
തൊട്ടടുത്ത ദിവസം സിപിഎം അനുഭാവികളില്‍നിന്ന് ദാവൂദിനെതിരേ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. മീഡിയ വണ്‍ ചാനലില്‍ ഇരുട്ട് മുറി ചര്‍ച്ച നടത്തുന്ന സി. ദാവൂദ് ആരാണെന്ന് രഹസ്യം വെളിപ്പെടുത്തുന്ന മട്ടിലായിരുന്നു പോസ്റ്റിന്റെ വരവ്. തുടര്‍ന്ന്, ജമാഅത്തും മീഡിയവണ്ണും തമ്മിലുള്ള ബന്ധം 'പുറത്തുകൊണ്ടുവന്നു'. കുറിപ്പ് അവസാനിച്ചത് ഇങ്ങനെ: മതരാഷ്ട്രവാദികളായ ജാമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന സമിതി അംഗവും, പ്രാദേശിക അമീറുമായ സി. ദാവൂദാണ് വൈകീട്ട് മീഡിയവണില്‍ ഇരുന്നുകൊണ്ട് മലയാളിക്ക് മതേതരത്വവും, ജനാധിപത്യവും, ബഹുസ്വരതയും എല്ലാം ക്ലാസ് എടുക്കുന്നത് (അനീഷ് ജി, എഫ്ബി, ആഗസ്റ്റ് 17, 2024).
സി. ദാവൂദിനെതിരേ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധമുയര്‍ന്നു. ഇതേക്കുറിച്ച് അടുത്ത ദിവസം ഇതേ ഐഡി ഇങ്ങനെ കുറിച്ചു:
മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിന്റെ യഥാര്‍ഥ പ്രൊഫൈല്‍ എന്താണ് എന്ന് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ തുറന്നുകാണിച്ചത് ജമാത്തെ ഇസ്‌ലാമിക്കാര്‍ക്ക് കൊള്ളേണ്ടിടത്തുതന്നെ കൊണ്ടിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ജമാത്തെ ഇസ്ലാമിയുടെ ശ്രീജിത്ത് പണിക്കാര്‍ ആണ് മീഡിയവണ്ണില്‍ ഇരുട്ട് മുറി ചര്‍ച്ച നയിക്കുന്ന മൗദൂദികളുടെ പ്രാദേശിക അമീര്‍ ആയ സി. ദാവൂദ്. മീഡിയവണ്‍ ഒരു നിഷ്പക്ഷ ചാനല്‍ അല്ല. ജമാത്തെ ഇസ്‌ലാമിയുടെ ചാനല്‍ ആണ് എന്ന യാഥാര്‍ഥ്യം എല്ലാവരിലേക്കും എത്തണം എന്നതായിരുന്നു ഇന്നലെ ഇങ്ങേരെ തുറന്ന് കാണിച്ചതിന്റെ ലക്ഷ്യം. പലപ്പോഴും പലരും ഇതിനെ ഒരു നിഷ്പക്ഷ ചാനല്‍ ആയി അവതരിപ്പിക്കാറുണ്ട്. ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ ആയ സി. ദാവൂദ് എന്നയാള്‍ ജമാത്തെ ഇസ്ലാമിയുടെ ഉന്നത സമിതിയായ സംസ്ഥാന സമിതി അംഗവും, ജമാത്തെ ഇസ്‌ലാമിയുടെ മീഡിയ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചവനും ആണ്. എന്ന് വെച്ചാല്‍ ജമാത്തെ ഇസ്ലാമി മീഡിയ കണ്‍വീനര്‍ ആയിരുന്ന ആളാണ് മീഡിയവണ്ണിന്റെ മാനേജിങ് എഡിറ്റര്‍. ഈ ചാനലും അതിലെ ചര്‍ച്ചകളും എത്രമാത്രം നിഷ്പക്ഷവും, മതേതരവും ആയിരിക്കും എന്ന് ഇതിലൂടെ തന്നെ നമുക്ക് ഊഹിക്കാം.
സി. ദാവൂദ് ആരാണെന്നും ജമാഅത്തുമായുള്ള ബന്ധവും മീഡിയവണിന് ആ സംഘടനയുമായ ബന്ധവും എന്താണെന്ന് അദ്ദേഹത്തെ കേള്‍ക്കുന്നവര്‍ക്കൊക്കെ അറിയാം. എന്നാല്‍, ഇത് വലിയൊരു കണ്ടെത്തലായി അവതരിപ്പിക്കുന്നതിനു പിന്നില്‍ വംശീയമായ ചില ഉദ്ദേശ്യങ്ങളുണ്ട്. പെട്ടെന്നുള്ള കണ്ടെത്തലും വെളിപ്പെടുത്തലും ഇസ്‌ലാമോഫോബിക് താല്‍പര്യത്തിന്റെ ഭാഗമാണ്. മുസ്‌ലിംകളുടെ ഏത് പ്രവര്‍ത്തിക്കു പിന്നിലും ചില ഗൂഢഉദ്ദേശ്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമോഫോബുകള്‍ കരുതുന്നത്. മുസ്ലിംകള്‍ ഈ നാടിനെയും മതേതരത്വത്തെ തകര്‍ക്കാന്‍ വന്നവരാണ്. പക്ഷേ, അവരത് മറ്റുള്ളവരില്‍ നിന്ന് മറച്ചുവച്ചിരിക്കുന്നു. സമൂഹത്തിലെ മിക്കവാറും മുസ്‌ലിംകള്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാണ്. അത് പുറമെനിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റണമെന്നില്ല. ചിലപ്പോള്‍ മനസ്സിലായാലും ചിരപരിചിതത്വം കൊണ്ട് ശ്രദ്ധിച്ചില്ലെന്നും വരാം. അങ്ങനെ ശ്രദ്ധിക്കാത്തവര്‍ക്കുവേണ്ടിയാണ് ഈ പരിചയപ്പെടുത്തല്‍.
ഇതേക്കുറിച്ച് വാഹിദ് ചുള്ളിപ്പാറ ഇങ്ങനെ എഴുതി: സി. ദാവൂദ് സാഹിബിനോട് സഖാക്കന്മാര്‍ക്ക് എന്താണിത്ര ചൊറിച്ചില്‍ എന്നതിന് ഞാന്‍ കാണുന്ന ഉത്തരം ദാവൂദ് സാഹിബ് കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിറകില്‍ സിപിഎം ആണെന്ന് നേരത്തേ പറഞ്ഞു എന്നത് മാത്രമല്ല. ഇത് സിപിഎമ്മിന്റെ ആസൂത്രിതവും കാലങ്ങളായി തുടര്‍ന്നു പോരുന്നതുമായ തന്ത്രമാണ് എന്ന് വ്യക്തമായും കൃത്യമായും ദാവൂദ് സാഹിബ് പറഞ്ഞതാണ് സിപിഎമ്മുകാര്‍ക്ക് ഇത്ര ഹാലിളകുന്നതിന്റെ കാരണം. സിപിഎമ്മിന്റെ സമീപനങ്ങളെ ഒരു സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുകയാണെങ്കില്‍ ഇത് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ദാവൂദ് സാഹിബിനെതിരേ ഏറ്റവും മോശം രീതിയിലുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആണ് സഖാക്കള്‍ കുറച്ചു ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം ചെയ്ത ഏറ്റവും വൃത്തികെട്ട ഒരു പ്രവൃത്തിയെ കയ്യോടെ പിടികൂടിയപ്പോള്‍ ഏറ്റവും നാണംകെട്ട രീതിയില്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം (എഫ്ബി, ആഗസ്റ്റ് 18, 2024).
അന്‍സാരി ചുള്ളിപ്പാറയുടെ വിശദീകരണം ഇങ്ങനെ: മാധ്യമവും മീഡിയവണും മൗദൂദി ചാനലാണെന്ന് നിരന്തരം പറയുന്നവര്‍ ദാവൂദിനെ ഇങ്ങനെ ഇപ്പോള്‍ എടുത്തുകാട്ടുന്നതിന് കാരണം ഒന്നേ ഉള്ളൂ. അവരെ ഡെമണൈസ് ചെയ്യുന്നത് പണ്ട് വി.എസ് അച്യുതാനന്ദന്‍ തുടങ്ങിവച്ച ലൗജിഹാദ്, മതപരിവര്‍ത്തന 'ഗൂഢാലോചനവാദ'ത്തിന്റെ ഇന്നും തുടരുന്ന ഇസ്ലാമോഫോബിയയുടെ പ്രകടനങ്ങളാണെന്ന് പറയേണ്ടി വരും എഫ്ബി, ആഗസ്റ്റ് 20, 2024).
മലപ്പുറത്തെ കലാപക്കാര്‍:
മലബാറിലെ പ്ലസ് വണ്‍ സീറ്റിന്റെ അപര്യപ്തത വലിയ ചര്‍ച്ചയായ സംഭവമാണ്. ഈ കോളത്തിലും അതേക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. നീണ്ട സമരങ്ങള്‍ക്കൊടുവില്‍ കുറച്ച് സീറ്റുകള്‍ അനുവദിച്ച് ഉത്തരവായി. പ്ലസ് ടു പ്രവേശനം പൂര്‍ത്തിയാക്കിയ ശേഷം ആഗസ്റ്റ് 14ന് ദേശാഭിമാനി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. 'പ്ലസ് വണ്‍: നിശബ്ദരായി 'കലാപക്കാര്‍'; മലപ്പുറത്ത് മാത്രം 7642 സീറ്റ് ബാക്കി'. പ്ലസ് വണ്‍ സീറ്റ് ആവശ്യത്തിനുവേണമെന്ന് ആവശ്യമുയര്‍ത്തിയവരെയാണ് ദേശാഭിമാനി കലാപക്കാരാക്കി മാറ്റിയത്: സീറ്റിന്റെ പേരില്‍ അനാവശ്യ കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനനടപടികള്‍ പൂര്‍ത്തിയായി. 53,253 സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി ഈ വര്‍ഷം 3,88,634 പേര്‍ പ്രവേശിച്ചു. മൊത്തം 4,66,071 അപേക്ഷകരില്‍ 44,410 വിദ്യാര്‍ഥികള്‍ ഒന്നിലധികം സീറ്റുകളിലേക്ക് അപേക്ഷിച്ചവരായിരുന്നു (ദേശാഭിമാനി, ആഗസ്റ്റ് 14, 2024).
തുടര്‍ന്നുള്ള ഖണ്ഡികകളില്‍ ആരാണ് കലാപക്കാരെന്നും വാര്‍ത്ത വ്യക്തമാക്കി. സമരത്തെ സമരാഭാസമെന്നും വിശേഷിപ്പിച്ചു. കുട്ടികളില്ലാത്ത അണ്‍എയ്ഡഡ് സീറ്റുകളുടെ കണക്ക് നിരത്തി മലപ്പുറം ഉള്‍പ്പെടെ മലബാര്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നും സീറ്റിനായുള്ള സമരങ്ങള്‍ അനാവശ്യമായിരുന്നെന്നും വരുത്താനായിരുന്നു വ്യാജപ്രചാരണം നടത്തിയത്.
വസ്തുത:
വാര്‍ത്തയിലെ വസ്തുത 'മാധ്യമം' പുറത്തുകൊണ്ടുവന്നു: മലപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്ന 7642 സീറ്റുകളില്‍ 5173ഉം സര്‍ക്കാര്‍ പ്രവേശനം നടത്താത്തതും ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കേണ്ടതുമായ അണ്‍എയ്ഡഡ് സ്‌കൂള്‍ സീറ്റുകളാണ്. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് 4295 സീറ്റുകള്‍ അണ്‍എയ്ഡഡില്‍ ഒഴിവുണ്ടായിരുന്നു.
ഗവ. സ്‌കൂളുകളില്‍ 2133ഉം എയ്ഡഡ് സ്‌കൂളുകളില്‍ 336 സീറ്റും ഉള്‍പ്പെടെ 2469 മെറിറ്റ് സീറ്റ് മാത്രമാണ് ജില്ലയില്‍ അവശേഷിക്കുന്നത്. 120 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതോടെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ 5878ന്റെ വര്‍ധനയുണ്ടായി. താല്‍ക്കാലിക ബാച്ചുകളില്‍ ഒന്നുപോലും സയന്‍സ് ബാച്ചില്‍ ആകാതിരുന്നത് സീറ്റൊഴിവിനുള്ള കാരണങ്ങളിലൊന്നാണ്. സീറ്റ് ക്ഷാമം ഏതെല്ലാം മേഖലകളിലാണെന്ന പരിശോധന നടത്താതെയായിരുന്നു താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്. മറ്റൊന്ന് വൈകി അനുവദിച്ചതിലെ പാളിച്ചയാണ്. സപ്ലിമെന്ററി അലോട്ട്മെന്റും കഴിഞ്ഞ ശേഷമാണ് താല്‍ക്കാലിക ബാച്ച് അനുവദിച്ചത് (മാധ്യമം, ആഗസ്റ്റ് 14, 2024).
മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ല എന്നു മാത്രമല്ല, അത് മറച്ചുവയ്ക്കുകയും ചൂണ്ടിക്കാട്ടിയവരെ വിദ്വേഷജനകമായ വാക്കുകളിലൂടെ അപഹസിക്കുകയും ചെയ്യുന്ന ഈ രീതിയാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ അനുവര്‍ത്തിച്ചത്. മാത്രമല്ല, മലപ്പുറത്തെ വിദ്യാര്‍ഥികള്‍ തങ്ങളുടെ അഭിരുചിയ്ക്കനുസരിച്ചല്ല, ഉള്ള സീറ്റിനനുസരിച്ചാണ് പഠിക്കേണ്ടതെന്നും സര്‍ക്കാര്‍ കരുതുന്നു.
ഇസ്‌ലാമോഫോബിയയും അസൂയയും: ജോണി എം.എല്‍
ഇസ്‌ലാമോഫോബിയയുടെ സാമ്പത്തിക കാരണങ്ങളിലേക്ക് കണ്ണയക്കുന്ന ശ്രദ്ധേയമായൊരു ലേഖനമാണ് ജോണി എം.എല്‍, ദി ഫോര്‍ത്തില്‍ എഴുതിയ 'കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ സാമ്പത്തിക കാരണങ്ങള്‍'. (ആഗസ്റ്റ് 3, 2024). മുസ്‌ലിം സമൂഹത്തോടുള്ള അസൂയയാണ് ഹിന്ദു സമൂഹത്തിന്റെ ഇസ്‌ലാമോഫോബിയയുടെ കാരണമായി അദ്ദേഹം കണ്ടെത്തുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രബുദ്ധ കേരളം ഇസ്‌ലാമോഫോബിയയ്ക്ക് വഴിപ്പെടില്ല എന്നും എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടായാലും അതൊക്കെ കേരളത്തിലെ പ്രബുദ്ധ സമൂഹം ഒറ്റക്കെട്ടായി ചെറുക്കും എന്നുമൊക്കെയുള്ള ഉറപ്പ് കേരളീയര്‍ക്കിടയില്‍ ശക്തമായിരുന്നു. ഈ ഉറപ്പുകള്‍ നിലനില്‍ക്കവേത്തന്നെയാണ്, കേരള സംസ്ഥാനത്തിന്റെ ഭരണത്തില്‍ എല്ലായ്‌പ്പോഴും മുസ്‌ലിം സമുദായത്തിന് ശക്തമായ പ്രാതിനിധ്യം ഉണ്ടായിരിക്കുന്ന വേളയിലും, ക്രമേണ ഇസ്‌ലാമോഫോബിയ ഉണ്ടായിവന്നത്. കര്‍ണാടകത്തിലെ ഹിജാബ് വിഷയം ഒരുപക്ഷേ ആ സംസ്ഥാനത്തെക്കാള്‍ ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഫലിക്കുകയും ചെയ്തത് കേരളത്തിലായിരുന്നു. ഇതിനെയൊക്കെ ബൗദ്ധികതലങ്ങളില്‍ പ്രതിരോധിയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞു എന്നതായിരുന്നു, ഇന്നും ചിലരെങ്കിലും പുലര്‍ത്തുന്ന ശുഭാപ്തിവിശ്വാസത്തിന് ആധാരം.
എന്നാല്‍, ഇതിനെയൊക്കെ തകര്‍ത്തുകൊണ്ടാണ് ഇസ്ലാമോഫോബിയ കടന്നുവന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതിന്റെ പ്രധാന കാരണം ലൗ ജിഹാദോ, രാഷ്ട്രീയ ഇസ്‌ലാമുകള്‍ എന്ന് അടയാളപ്പെടുത്തപ്പെട്ട ഇസ്‌ലാമിക തീവ്രവാദികളോ, ഹിജാബ് നല്‍കുന്ന ദൃശ്യപരമായ അപരിചിതത്വമോ മാത്രമല്ല, അത് മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികമായ ഉന്നമനത്തെ അസൂയയോടെ വീക്ഷിക്കുന്ന ഹിന്ദു അപകര്‍ഷതാ ബോധം കൂടിയാണ്. ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും അപകര്‍ഷതാബോധം കുറവാണ്.
പല കാരണംകൊണ്ടും ഹിന്ദുക്കളില്‍ ഒരു വിഭാഗം തകര്‍ന്നെങ്കിലും ഗള്‍ഫിന്റെ ബലത്തില്‍ മുസ്ലിംകള്‍ പിടിച്ചുനിന്നു. അവര്‍ വളര്‍ന്നു. ഈ വളര്‍ച്ചയ്ക്കു പിന്നില്‍ അവരുടെ ജീവിതത്തോടുള്ള മനോഭാവവും കുടുംബ സങ്കല്‍പ്പങ്ങളും പരസ്പര സഹകരണവുമൊക്കെയുണ്ട്. മുസ്‌ലിംകള്‍ പല തരത്തില്‍ പരസ്പരം താങ്ങായി നിലകൊള്ളുമ്പോള്‍ ഹിന്ദുക്കള്‍ വിഘടിച്ചുപോകാനാണ് ശ്രമിച്ചത്.
മുസ്‌ലിംകളുടെ വളര്‍ച്ചയെ ഹിന്ദു സമൂഹം കാവിക്കൈലിയും ചന്ദനക്കുറിയും കൊണ്ട് പ്രതിരോധിച്ചെങ്കിലും സാമ്പത്തികമായി അവര്‍ക്കതിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അപകര്‍ഷതാബോധം വളര്‍ന്നത്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ തെറ്റായ രീതിയിലാണ് പണം ഉണ്ടാക്കുന്നതെന്ന നിഗമനത്തിലേക്ക് അവര്‍ എത്തിയത്. അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ: ''ഇന്ന് കേരളത്തില്‍ കാണുന്ന ഇസ്‌ലാമോഫോബിയയുടെ ഒരു പ്രധാനകാരണം ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തിന് സാമൂഹികമുന്നേറ്റം നടത്തിയ മുസ്‌ലിംകളുടെ സാന്നിധ്യത്തില്‍ തങ്ങള്‍ അപര്യാപ്തരാണ് എന്ന ബോധമാണ്. അതാണ് മുസ് ലിംകള്‍ എന്തോ തെറ്റായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കുന്നവരാണെന്ന് മലയാളികളില്‍ പലര്‍ക്കും തോന്നുന്നത്. സാമ്പത്തികമായ മുസ്‌ലിം മുന്നേറ്റത്തില്‍ ഉണ്ടായിരിക്കുന്ന അസൂയ ക്രമേണ വെറുപ്പും വിദ്വേഷവുമായി മാറുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഇസ്‌ലാമോഫോബിയ അതുകൊണ്ടുതന്നെ അപകടകരവുമാണ്. മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു സംഘര്‍ഷം ഉടലെടുത്താല്‍ ഗുജറാത്തിലെ ഗോധ്രയിലും ബോംബെയിലും ഇപ്പോള്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമൊക്കെ സംഭവിച്ചത് പോലെ മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കുന്ന കൊള്ളയും കൊള്ളിവെപ്പും ആയിരിക്കും കേരളത്തില്‍ ഉണ്ടാവുക. അതിനാല്‍ പ്രബുദ്ധമലയാളികള്‍ ജാഗരൂകരാകേണ്ടതുണ്ട്.''
ഇസ്‌ലാമോഫോബിയക്കെതിരേ ഐക്യമുന്നണി:
ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാവുകയും അതൊരു യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞാല്‍ അടുത്തപടി അതിനെതിരായ ഐക്യമുന്നണി രൂപപ്പെടുത്തുകയാണ്. അതിനുള്ള ശ്രമത്തിലാണ് സോളിഡാരിറ്റി. മലപ്പുറത്ത് നടന്ന പ്രവര്‍ത്തക സംഗമത്തിലാണ് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഈ പ്രഖ്യാപനം നടത്തിയത്. ''വലിയ പ്രതീക്ഷകള്‍ നല്‍കിയ 2024ലെ ലോക്‌സഭാ ഇലക്ഷനുശേഷവും മുസ്‌ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട കൊലകളും അതിക്രമങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കടുത്ത ഇസ്‌ലാമോഫോബിയക്കെതിരായ ഐക്യമുന്നണി രൂപപ്പെടണമെന്നാണ്'' സോളിഡാരിറ്റി നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത് (പ്രബോധനം ആഗസ്റ്റ് 2, പേജ് 45).
ഇസ്‌ലാമോഫോബിയക്കെതിരേ സ്വയം ജാഗരൂകരാവുക:
'സഖാക്കളാണ് ജാഗരൂകരാവേണ്ടത്' എന്ന പേരില്‍ ബശീര്‍ ഉളിയില്‍ പ്രബോധനത്തിലെഴുതിയ ലേഖനം, ഇസ്‌ലാമോഫോബിക് അന്തരീക്ഷം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള ഇടത് ശ്രമത്തെ തുറന്നുകാട്ടുന്നു (ആഗസ്റ്റ് 2, 2024, പ്രബോധനം, പേജ് 44). ഹിന്ദു രാഷ്ട്രവാദത്തെ എതിര്‍ക്കുമ്പോള്‍ മുസ്‌ലിംരാഷ്ട്രവാദത്തെയും എതിര്‍ക്കേണ്ടിവരുമെന്ന ശൈലജടീച്ചറുടെ നിയമസഭാ പ്രസംഗത്തെ (ജൂലൈ 7, 2024) വിശകലനംചെയ്യുന്ന ലേഖനം ഭൂരിപക്ഷ വര്‍ഗീയത സമം ന്യൂനപക്ഷ വര്‍ഗീയതയെന്ന സമവാക്യത്തിന്റെ ആന്തരാര്‍ഥങ്ങളും വെളിപ്പെടുത്തുന്നുണ്ട്. മൃദുഹിന്ദത്വത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഈ സമവാക്യം ഇസ്‌ലാമിനെ ആക്രമിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ആക്രമിക്കുന്ന സൃഗാലതന്ത്രമാണ്. സംഘ്പരിവാറിന്റെ ഇസ്‌ലാമോഫോബിക്കായ വംശീയാക്രമണത്തിനും, വിദ്വേഷരാഷ്ട്രീയത്തിനും എതിരേയുള്ള പ്രതിരോധങ്ങളെയാണ് മുസ്‌ലിം സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ നാളിതുവരെ നടത്തിയിട്ടുള്ളത്. യഥാര്‍ഥത്തില്‍, മുസ്‌ലിംകളോടൊപ്പം ആര്‍എസ്എസ്സിന്റെ മുഖ്യ ശത്രുപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള കമ്യൂണിസ്റ്റുകാര്‍ അപരവത്കരിക്കപ്പെട്ട ഇരകളോടൊപ്പം ചേര്‍ന്നു ഹിന്ദുത്വഫാഷിസത്തിനെതിരേ ഐക്യമുന്നണി തീര്‍ക്കുകയാണ് വേണ്ടതെന്നാണ് ലേഖകന്‍ ഇടതുപക്ഷത്തിനു നല്‍കുന്ന ഉപദേശം.
ഇരുണ്ട സ്വാതന്ത്ര്യം!
രാത്രിയില്‍ കിട്ടിയതുകൊണ്ടാണോ നമ്മുടെ സ്വാതന്ത്ര്യമിപ്പോഴും ഇരുണ്ടിരിക്കുന്നത്? എന്ന ശീര്‍ഷകത്തില്‍ കോട്ടയം സെന്റ് തോമസ് അപ്പോസ്റ്റോലിക് സെമിനാരിയിലെ ഡോ. മാര്‍ട്ടിന്‍ ശങ്കുരിക്കല്‍, എഴുത്ത് മാസികയിലെ ആഗസ്റ്റ് ലക്കത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു (എഴുത്ത്, ആഗസ്റ്റ് , 2024). പൊളിറ്റിക്കല്‍ ഹിന്ദുത്വയെ ഇന്ത്യന്‍ ദേശീയതയായി അവതരിപ്പിക്കുകയും അതിനെ സ്വന്തം സംസ്‌കാരമായി സ്വീകരിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയുംചെയ്യുന്ന നവഹിന്ദുത്വ കൊളോണിയലിസം ഇന്ത്യയില്‍ സജീവമാണെന്നാണ് അദ്ദേഹം കരുതുന്നത്. ഇന്ത്യന്‍ ജനാധിപത്യം അനുഭവിക്കുന്ന ഒരു പ്രധാന വെല്ലുവിളിയായും അദ്ദേഹമതിനെ കാണുന്നു. ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ സംസ്‌കൃതി എന്നൊക്കെയാണ് ഇതിനെ വിളിക്കുന്നത്.
ഭൂരിപക്ഷ വര്‍ഗീയതയെ ദേശീയതയായും ന്യൂനപക്ഷ വര്‍ഗീയതയെ തീവ്രവാദമായും തെറ്റിദ്ധരിക്കാമെന്ന നെഹ്രുവിന്റെ ഒരു ഉദ്ധരണിയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ലേഖനത്തിന്റെ കേന്ദ്രപ്രമേയവും അതാണ്. അതേസമയം വര്‍ഗീയതയെന്ന വാക്കിന്റെ അര്‍ഥവും ചരിത്രപരതയും സങ്കീര്‍ണതയും അവഗണിച്ചാണ് അദ്ദേഹം തന്റെ വിശകലനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന പരിമിതിയുണ്ടെങ്കിലും ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയത്തെയാണ് അദ്ദേഹം കടന്നാക്രമിച്ചിരിക്കുന്നത്.
'ഇസ്‌ലാമോഫോബിയയെ ഫാസിസ്റ്റ് പ്രചാരണോപാധിയാക്കുമ്പോള്‍'
സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ മുഖപത്രമായ സഖാവ് മാസികയുടെ ജൂണ്‍ അവസാനത്തെ എഡിറ്റോറിയല്‍ ഇസ്ലാമോഫോബിയയെ വിശദമായി പരിശോധിക്കുന്നുണ്ട്. ആഗോളതലത്തിലെ ഇസ്‌ലാമോഫോബിയയെയും ഇന്ത്യന്‍ പശ്ചാത്തലത്തിലെ അതിന്റെ പ്രത്യേകതകളെയും എഡിറ്റോറിയല്‍ വേര്‍തിരിച്ചു കാണിക്കുന്നു. 'ഇസ്‌ലാമോഫോബിയയെ പ്രധാന ഫാസിസ്റ്റ് പ്രചാരണ ഉപാധിയാക്കുമ്പോള്‍' എന്നാണ് ശീര്‍ഷകം: കമ്യൂണിസ്റ്റ് വിരുദ്ധതയ്‌ക്കൊപ്പം, ഇസ്‌ലാമോഫോബിയ യൂറോപ്പിലുടനീളമുള്ള തീവ്ര വലതുപക്ഷ, നവഫാസിസ്റ്റ് പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു. ആഗോള ഇസ്‌ലാമോഫോബിയയെ ശീതയുദ്ധാനന്തര പ്രവചനത്തിന്റെ വിശാലമായ ഭൂപ്രദേശത്ത് വീക്ഷിക്കണം. ഇസ്‌ലാമിനെ ഭീകരതയുടെ ഉറവിടമായി കണക്കാക്കുന്ന, അമേരിക്കന്‍ സാമ്രാജ്യത്വം വളരെ അവധാനതയോടെ വളര്‍ത്തിയെടുത്ത ഒരു ചിന്താപദ്ധതിയാണ്.
ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് വരുമ്പോള്‍, ചരിത്രപരവും രാഷ്ട്രീയവുമായ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഇപ്പോള്‍ ഫലപ്രദമായി നടപ്പാക്കുന്ന ഇസ്‌ലാമോഫോബിയ അടിസ്ഥാനമാക്കിയുള്ള നവഫാസിസത്തിന്റെ തഴച്ചുവളരാനുള്ള വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. നീണ്ട കാലത്തെ കാവിവത്കരണത്തിന്റെ പശ്ചാത്തലത്തില്‍, ഹിന്ദുത്വ അവബോധം സാമൂഹികഘടനയിലുടനീളം വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസ് മുതല്‍ സിപിഐ (എം) വരെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍പ്പോലും ആര്‍എസ്എസ്സിന്റെ വിഷലിപ്തമായ ഇസ്‌ലാമോഫോബിയയെ നേരിടുന്നതില്‍ കഴിവില്ലാത്തവരും ഭയപ്പെടുന്നവരുമാണ്.
ഇന്നത്തെ നവഫാസിസ്റ്റ് സാഹചര്യത്തില്‍ കമ്യൂണിസത്തിനൊപ്പം ഇസ്‌ലാം വിരുദ്ധതയും ഫാസിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയായി മാറിയിരിക്കുന്നു. ഈ ഇരുണ്ട കാലഘട്ടത്തില്‍, എല്ലാ പുരോഗമന-ജനാധിപത്യ ശക്തികളും ഫാസിസത്തിന്റെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര-സാംസ്‌കാരിക അടിത്തറകള്‍ക്കെതിരേ ഉയര്‍ന്നുവരാനും മൂര്‍ത്തമായ സാഹചര്യത്തിനനുസരിച്ച് ഉചിതമായ ഇടപെടലുകള്‍ നടത്താനും സമയമായിരിക്കുന്നുവെന്ന് (ജൂണ്‍ 2024, സഖാവ് മാസിക) ആഹ്വാനം ചെയ്താണ് എഡിറ്റോറിയല്‍ ഉപസംഹരിച്ചിരിക്കുന്നത്.
കാഫിര്‍ പ്രയോഗത്തിലെ ഇസ്‌ലാമോഫോബിയ
കാഫിര്‍ വിവാദം കേരളീയ ഇസ്‌ലാമോഫോബിയയുടെ ബലതന്ത്രങ്ങളെ പുറത്തുകൊണ്ടുവന്ന സംഭവമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങുകയും അതുകഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരൂഹതയുടെ പുകപടലങ്ങള്‍ വമിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ ദുരന്തത്തിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും പരിശോധിക്കുന്ന ഹാമിദ് ടി.പിയുടെ കുറിപ്പ് മഖ്ദൂബ് മീഡിയ പ്രസിദ്ധീകരിച്ചു How a false flag 'kafir' screenshot reaffirms CPI(M) Kerala's Islamophobia (ആഗസ്റ്റ് 18, 2024, മഖ്തൂബ് മീഡിയ). കാഫിര്‍ പ്രയോഗത്തിന്റെ ഇസ്ലാമിക ധാരണയും അതിനെ വികലമായി അവതരിപ്പിക്കുന്നവരുടെ വംശീയധാരണയും ലേഖനം പരിശോധിക്കുന്നുണ്ട്.
(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര)