Quantcast
MediaOne Logo

ഹഫീസ പി.കെ

Published: 22 Feb 2023 10:39 AM GMT

ഇരകളാണെന്ന് ബോധ്യമാകുന്നതോടെ അവര്‍ പോരാളികളായി മാറും - കെ.ഇ.എന്‍

നിലവിളി പോലും നല്ലൊരു നാളേക്ക് വേണ്ടിയുള്ള സമരവിളിയായി തീരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി ഫിലിംമേക്കിങ്ങിലെ കാവ്യഭംഗിയും രാഷ്ട്രീയതയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്.

ഇരകളാണെന്ന് ബോധ്യമാകുന്നതോടെ അവര്‍ പോരാളികളായി മാറും - കെ.ഇ.എന്‍
X

ജീവിതത്തോടൊപ്പം തന്നെ നവീകരിക്കപ്പെടേണ്ട ഒന്നാണ് ഭാഷ. ടെറി ഈഗിള്‍ടണ്‍ ഉള്‍പ്പെടെ നിരവധി സാംസ്‌ക്കാരിക വിമര്‍ശകര്‍ വളരെ മുന്‍പേ ചൂണ്ടികാണിച്ച ഒരു വിമര്‍ശനമുണ്ട്, സാമൂഹികബന്ധങ്ങളില്‍ മാറ്റം വരികയും അതേസമയം നമ്മുടെ ഭാഷയില്‍ മാറ്റം വരാതെയിരിക്കുകയും ചെയ്യുകയാണെങ്കില്‍ അത് വളരെ അപൂര്‍ണമായ ഒന്നായിരിക്കും. അതുകൊണ്ടുതന്നെ ഇന്ന് നമ്മള്‍ വളരെ ജാഗ്രത പാലിക്കുന്നുണ്ട്.

ഈ അടുത്തകാലത്ത് കണ്ട ഒരു പഞ്ചാബി സിനിമയില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ ടോയ് എന്നാണ് വിശേഷിപ്പിക്കുന്നത്. സത്യം പറഞ്ഞാല്‍ നെഞ്ചില്‍ നിന്നും വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു. കാരണം, അതുവരെ ആ കുട്ടിയെ ചേര്‍ത്ത് പിടിക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന വലിയ ഒരു ഉള്‍പുളകമുണ്ട്. അതേസമയത്താണ് ഇത് എന്റെ ടോയ് ആണെന്ന് പറയുന്നത്. അപ്പോള്‍ കുട്ടി ഒരു കളിപ്പാട്ടമായി ചുരുങ്ങുമ്പോള്‍, അത് ഒരു മനുഷ്യന്‍ ആണല്ലോ എന്ന് ആലോചിച്ചു പോകും. ഭിന്നശേഷിക്കാര്‍ എന്നുള്ള വാക്ക് നമ്മള്‍ മാറ്റുമ്പോള്‍ ഒരു വാക്കല്ല, മറിച്ച് വാക്കുമായി ബന്ധപ്പെട്ടുവരുന്ന സകല പരികല്‍പനകളിലും അനുയോജ്യമായ പരിവര്‍ത്തനം ഉണ്ടാവണം. പക്ഷേ, അങ്ങനെ ഉണ്ടാവുന്നില്ല. നമ്മള്‍ ഏതു വാക്കാണോ മാറ്റേണ്ടത് അത് മാറ്റും. പക്ഷേ, ആ വാക്കിന്റെ പരികല്‍പനകളുടെ മണ്ഡലത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരും. അതുകൊണ്ടുതന്നെ ഭാഷയുടെ പ്രശ്‌നം വളരെ സങ്കീര്‍ണമാണ്.

ഇരകള്‍ എന്നുള്ള വാക്ക് നേരത്തെ തന്നെ വലിയ സംവാദ വിഷയമായിരുന്നു. പക്ഷെ, നമുക്കറിയാം വിക്ടിമോളജി എന്നറിയപ്പെടുന്ന ശാസ്ത്രശാഖ തന്നെ പല കാരണങ്ങള്‍ കൊണ്ട് നിലവിലുണ്ട്. അത് നമ്മള്‍ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നത് പ്രസക്തമല്ല. കാരണം, ഇരകളാണെന്ന് ബോധ്യമാകുന്നതോടെ അവര്‍ പോരാളികളാവും. അല്ലാതെ ഇര എന്നുപറഞ്ഞാല്‍ നിസ്സഹായനായി നെഞ്ചത്തടിച്ചു നിലവിളിച്ചുക്കൊണ്ട് എന്നെ രക്ഷിക്കണേയെന്ന് യാചിക്കുന്ന ആളുകള്‍ അല്ല. നമ്മുടെ പരിമിതി തിരിച്ചറിയുക എന്നതാണ് അത് പരിഹരിക്കുന്നതിന്റെ ആദ്യപടി. ഞാന്‍ ഇരയാണ് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ കഷ്ടമാണ്. പിന്നീട് ഒരിക്കലും രക്ഷപ്പെടാന്‍ പോകുന്നില്ല.

ബ്രഹ്തിന്റെ ഒരു പഴയ കവിതയുണ്ട്, ആ കവിതയുടെ ചുരുക്കം ഇതാണ്: ഒരു കുട്ടി രണ്ട് കൈയിലും മിഠായി മുറുകെപിടിച്ചു പോവുകയാണ്. അപ്പോള്‍ ഒരാള്‍ ഓടി വന്ന് ഒരു കൈയിലെ മിഠായി തട്ടിപ്പറിച്ചുപോയി. ഈ കുട്ടി ബാക്കിമിഠായിയുണ്ടല്ലോ എന്ന സന്തോഷത്തില്‍ വീണ്ടും പാട്ടുപാടി നടക്കുകയാണ്. അപ്പോള്‍ വീണ്ടും തട്ടിപ്പറിക്കപ്പെടുകയാണ്. ഒന്ന് നിലവിളിക്കാന്‍ പോലും കഴിയാത്തവര്‍ക്ക് ഇത് സൂക്ഷിക്കാനുള്ള യാതൊരു അവകാശവും ഇല്ല. അവര്‍ തട്ടിപ്പറിക്കപ്പെടും. അങ്ങനെ നിലവിളി പോലും നല്ലൊരു നാളേക്ക് വേണ്ടിയുള്ള സമരവിളിയായി തീരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആ അര്‍ഥത്തിലുള്ളവയാണ് ഡോക്യുമെന്ററി ഫിലിമുകളും.

ഡോക്യുഫിലിമുകള്‍ക്കു വലിയ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയും. വളരെ തുടര്‍ച്ചയായി ഡോക്യുഫിലിമുകള്‍ കാണാന്‍ ആഗ്രഹമുണ്ടെകിലും ആ അര്‍ഥത്തില്‍ പല കാരണങ്ങളാല്‍ കഴിയാറില്ല. ഇന്നും ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്, കോഴിക്കോട് സര്‍വകലാശാലയില്‍ ആനന്ദ് പട്‌വര്‍ധന്‍ വന്നത്. ബാബരി മസ്ജിദ് തകര്‍ന്നതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികള്‍ ഇറങ്ങുന്ന സമയമാണത്. അദ്ദേഹം കുറേയധികം സ്റ്റിക്കറുകളുമായാണ് വന്നത്, അതില്‍ ഒരു സ്റ്റിക്കര്‍ 'പ്രേം സെ കഹോ ഹം ഇന്‍സാന്‍ ഹേ' എന്നുള്ളതാണ്. ആ സമയത്ത് 'ഘര്‍ സെ കഹോ ഹം ഹിന്ദു ഹെ' എന്നുള്ളത് വളരെ അലര്‍ച്ചയായി നില്‍ക്കുന്ന ഒരു കാലഘട്ടമാണ്. അതിനെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രതിഷേധം കൈകൊണ്ടത്. പ്രത്യക്ഷത്തില്‍ നിസാരമായി തോന്നുന്ന സകല കാര്യങ്ങളും പ്രസക്തമാണ്. എന്നാല്‍, ഏറ്റവും കുറ്റകരമായ കാര്യം പ്രതിരോധിക്കപ്പെടാതെ പോകുന്നതാണ്.


സന്ദീപ് രവീന്ദ്രന്റെ ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുകയുണ്ടായി, ആന്തം ഫോര്‍ കശ്മീര്‍ നിരോധിക്കപ്പെട്ടപ്പോള്‍ ഒരു ന്യൂക്ലിയര്‍ രാഷ്ട്രം വെറുമൊരു ഒന്‍പത് മിനിറ്റുള്ള ഡോക്യുഫിലിമിന് മുന്‍പില്‍ പതറിപോകുന്നത് എത്ര പരിഹാസ്യമാണെന്ന്. ഇവിടെയാണ് ഏറ്റവും പ്രസക്തമായ കാര്യം ഒന്‍പത് മിനിട്ടേയുളളൂ എന്നത്. പ്രധാനമായും 2019 ആഗസ്റ്റ് 5 നു ശേഷം എന്നുള്ളതാണ് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം. അല്ലാതെ മുദ്രാവാക്യമുണ്ടോ, കൊടിയുണ്ടോ എന്നുള്ളതൊന്നുമല്ല പ്രശ്‌നം. മറിച്ച്, 2019 ആഗസ്റ്റ് 5 ന് 29 സംസ്ഥാങ്ങളില്‍ നിന്ന് പെട്ടെന്നൊരു സംസ്ഥാനം അപ്രതീക്ഷമാകുന്നതാണ്. ആ സംസ്ഥാനം എവിടെപ്പോയി അതിനോടൊപ്പം അപ്രതീക്ഷമായ സൗഹൃദത്തിന്റെയും സംവാദത്തിന്റെയും ഒക്കെ ലോകം എവിടെപ്പോയി എന്നുള്ളതുമാണ്. ഏതൊരു സ്റ്റേറ്റും അപ്രത്യക്ഷമാവുമ്പോള്‍ ഒരു ജനതയുടെ വൈവിധ്യമായ ജീവിതത്തിന് വിള്ളല്‍ വീഴുകയാണ്. അതുപോലെ ഫലസ്തീന്‍ റെസിസ്റ്റന്‍സ് മൂവ്‌മെന്റിന്റെ വളര്‍ച്ചക്ക് ഡോക്യുഫിലിമുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ബി.ബി.സി ഡോക്യുമെന്ററിയുടെ സവിശേഷത, ഗുജറാത്ത് വംശഹത്യ ഇന്ത്യയില്‍ മാത്രമായിട്ട് നില്‍ക്കാന്‍ പോകുന്നില്ല എന്നുള്ള ഒരു സന്ദേശമാണ് നല്‍കുന്നത്. മറിച്ച്, ഇന്ത്യക്ക് അകത്തുതന്നെ ഗുജറാത്ത് വംശഹത്യയെ മായ്ച്ചുകളയാന്‍ ഉള്ള ശ്രമം കൂടിയാണ്. ഇന്ത്യക്ക് അകത്തു മാത്രമല്ല, ലോകത്ത് മുഴുവന്‍ ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനും കൂടിയാണ്.

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡ് സംഭവമുണ്ടാകുന്നതും ഇന്ത്യയില്‍ ഫൈസാന്‍ സംഭവമുണ്ടാകുന്നതും ഒരേ സമയത്താണ്. ജോര്‍ജ് ഫ്‌ലോയിഡിന്റെ പേരില്‍ ഡോക്യുഫിലിം വന്നിരുന്നു. ട്രംപിനെ അധികാരത്തില്‍ നിന്നും തെറിപ്പിക്കുന്നതില്‍ അത് വലിയ പങ്ക് വഹിച്ചു. എന്നാല്‍, അതേസമയത്താണ് ഇന്ത്യയില്‍ ഫൈസാന്‍ സംഭവം, ഒരാളെ കഴുത്തിനു ചവിട്ടിയിട്ട് ജനഗണനമന ചൊല്ലിക്കുകയും കേസില്ലാതെയാവുകയും ചെയ്യുന്നത്. ദി ക്വിന്റില്‍ ഫൈസാന്‍-ഫ്‌ലോയിഡ താരതമ്യ അവതരണം വന്നിട്ടുണ്ട്. ഒരു സമൂഹം രണ്ടു രീതിയിലാണ് വരേണ്ടത് ഒന്ന് ഒരു ജനത ഭ്രാന്തവത്ക്കരിക്കപ്പെടുമ്പോള്‍ രണ്ട് ഭരണകൂടം ജനാധിപത്യത്തെ അടിച്ചമര്‍ത്തുമ്പോള്‍. അടിയില്‍ നിന്നും ഒരു ജനാധിപത്യം വളര്‍ന്നു വരികയും അരികുകളിലെ മനുഷ്യര്‍ പ്രതികരിക്കാന്‍ ആരംഭിക്കുകയും ചെയ്യും. ആ പ്രതികരണത്തിന് ഊര്‍ജം പകരുന്ന രീതിയില്‍ റെസിസ്റ്റന്‍സ് ലിറ്ററേച്ചര്‍ പോലെ പ്രതിരോധം ആയിട്ടുള്ള ഡോക്യുപോരാട്ടങ്ങളും ഉണ്ടായിത്തീരേണ്ടതുണ്ട്.


കൊല്ലപ്പെട്ട മനുഷ്യരും മരിച്ച മനുഷ്യരും കൊല്ലപ്പെട്ടവരും മരിച്ചവരുമാണ്. ജീവിച്ചിരിക്കുന്നവരാണ് അവരുടെ ഭാരം ചുമക്കേണ്ടവര്‍. അവരാണ് മരിച്ചവരുടെ പ്രതിനിധികളായി തുടരേണ്ടത്. അങ്ങനെ തുടരാനുള്ള ഒരു ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുക എന്നുള്ളത് ഏതു ജനാധിപത്യ ഒത്തുചേരലിന്റെയും ഉള്ളടക്കമായി തീരേണ്ടതാണ്.

തയ്യാറാക്കിയത്: ഹഫീസ പി.കെ

TAGS :