Quantcast
MediaOne Logo

മുഹമ്മദ് ഷമീം

Published: 3 Dec 2023 3:20 AM GMT

ശാസ്ത്രീയ വിജ്ഞാനത്തിന്റെ പത്തിലൊന്ന് ഭാഗം പോലും മലയാളത്തില്‍ സാഹിത്യമാകുന്നില്ല - കെ.പി രാമനുണ്ണി

മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന മലയാള നോവലുകളിലേക്ക് പുതിയ ഭാവുകത്വങ്ങളെ ഉള്‍ക്കൊള്ളിച്ച എഴുത്തുകാരിലൊരാളാണ് കെ.പി രാമനുണ്ണി. ദൈവത്തിന്റെ പുസ്തകവും, ജീവിതത്തിന്റെ പുസ്തകവും മലയാളി എഴുത്തുകാരിലേക്ക് വൈജ്ഞാനിക പ്രസരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി തുറന്നുവെക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ നോവലെഴുത്തിന്റെ പുതുഭാവനകളെ കുറിച്ച് സംസാരിക്കുന്നു കെ.പി രാമനുണ്ണി. | MLF 2023 | റിപ്പോര്‍ട്ട്: മുഹമ്മദ് ഷമീം

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
X

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മലയാള നോവലിനുണ്ടായ പുതിയ ഭാവുകത്വം പല വിജ്ഞാന സരണികളേയും സംവദിക്കല്‍ തുടങ്ങി എന്നുള്ളതാണ്. അതിന് മുമ്പുള്ളത് നവോത്ഥാനകാല നോവലുകളാണ്. ഇപ്പോഴത് ആധുനിക നോവലുകളായി മാറിയിരിക്കുകയാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും, കഥാപാത്രങ്ങളും-സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളുമായിരുന്നു നവോത്ഥാന നോവലുകളില്‍ മുഴച്ചു നിന്നിരുന്നത്. 2000 ത്തിന് ശേഷം കഥാപാത്രങ്ങള്‍ ജീവിക്കുന്ന കള്‍ച്ചറല്‍ രജിസ്‌ട്രേഷന്‍ ആയിരിക്കുന്നു.

തീരദേശത്തുള്ള കഥാപാത്രമാണെങ്കില്‍ തീരദേശത്തുള്ളവരുടെ സാംസ്‌കാരിക സവിശേഷതകള്‍, പ്രമേയം ആവശ്യപ്പെടുന്ന വിജ്ഞാനങ്ങള്‍ എന്നിവ നോവലില്‍ ഉള്‍ക്കൊള്ളിക്കണം. മനഃശാസ്ത്രവും, ന്യൂറോളജിയും, ഗൈനക്കോളജിയും പ്രതിപാദിക്കുന്ന പാശ്ചാത്യരീതിയായിരുന്നു ജീവിതത്തിന്റെ പുസ്തകത്തില്‍ ഞാന്‍ സ്വീകരിച്ചത്. അതിനെ മലയാള പശ്ചാത്തലത്തില്‍ എത്തിക്കാനുള്ള ശ്രമമായിരുന്നു എന്റെ നോവലുകളിലുണ്ടായത്.


കുന്ദേര പറയുകയുണ്ടായി: 'മൂന്നാം ലോക രാജ്യങ്ങളോട് ചെയ്ത കൊടുംപാപം കൊണ്ട് പാശ്ചാത്യര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, അധവാ ദൈവം സ്വര്‍ഗ പ്രവേശനം നല്‍കുകയാണെങ്കില്‍ അത് നോവല്‍ കണ്ട് പിടിച്ചതു കൊണ്ടായിരിക്കും'. ചെക്കോസ്ലോവ്യക്കാരനായ കുന്ദേരയുടെ വാചകത്തില്‍ താനൊരു പശ്ചാത്യനായിരുന്നിട്ടും സ്വയം കുറ്റപ്പെടുത്തുകയും പിന്നീട് നോവലിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന നോവലിന്റെ മൂല്യം അത്രമേല്‍ പവിത്രമാണ്. കൊക്കകോളയും പെപ്സിയും പോലെ ഒരു കോപ്പിയടിയായിരുന്നില്ല നോവലിന്റെ കാര്യത്തില്‍ മലയാളി സ്വീകരിച്ചത്. മറിച്ച് നോവലിനെ മലയാള തനിമയിലേക്ക് കൊണ്ടുവരികയായിരുന്നു.

തനിമ എന്നത് തനിച്ചിരിക്കുക എന്നതാണ്. ആ അര്‍ഥത്തില്‍ മലയാള നോവലിനെ എഴുത്തുകാര്‍ തനിപ്പിച്ചെടുക്കുകയാണുണ്ടായത്. ആധുനിക ലോകത്തിന്റെ മഹാ കാവ്യമാണ് നോവല്‍. സി.വി രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ പാശ്ചാത്യ എഴുത്തുകളെ പോലും വെല്ലുവിളിക്കും വിധേനെ ഉള്ളതായിരുന്നു. ശാസ്ത്രീയ വിജ്ഞാനങ്ങളെ നോവലിലേക്ക് കൊണ്ടു വരികയായിരുന്നു അദ്ദേഹം ചെയ്തത്.


ആര്‍തര്‍ ഹെയ്ലിയുടെ എയര്‍പോര്‍ട്ട് എന്ന നോവല്‍ വായിച്ചാല്‍ വിമാനം ഓടിക്കാന്‍ കൂടി പഠിക്കാം എന്ന് തമാശ രൂപേനെ പറയാറുണ്ട്. അത്തരത്തിലുള്ള വിജ്ഞാന സ്വാംശീകരണം മലയാളി എഴുത്തുകാര്‍ നടത്തിയതിന്റെ ഫലമാണ് ഇന്നത്തെ നോവലുകള്‍. കാരണം, നമ്മുടെ ഭാഷക്ക് കൂടി വിജ്ഞാനത്തെ സംവദിക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കണമായിരുന്നു.

മലയാളത്തിലൂടെ എല്ലാ വിജ്ഞാനങ്ങളും ഉല്‍പാദിപ്പിക്കാന്‍ വേണ്ടിയാണ് മലയാള സര്‍വകലാശാല രൂപം കൊള്ളുന്നത്. അതിന് പ്രയോജനമായ ഒരു കാര്യമാണ് മനഃശാസ്ത്രവും, ഗെയ്‌നക്കോളജിയും, കോസ്‌മോളോജിയും, ചരിത്രവും ഉള്‍പ്പെടെ വൈജ്ഞാനിക മേഖലകള്‍ സാഹിത്യത്തില്‍ കൊണ്ടുവരിക എന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ വെള്ളത്തില്‍ മീനിനെ പോലെ ശാസ്ത്രവുമായി മനുഷ്യന്‍ ഇണങ്ങി ചേര്‍ന്ന് ജീവിക്കുമ്പോഴും ശാസ്ത്രീയ വിജ്ഞാനത്തിന്റെ പത്തിലൊന്ന് ഭാഗം പോലും സാഹിത്യവത്കരിക്കപ്പെടുന്നില്ല എന്ന യാഥാര്‍ഥ്യം കൂടിയുണ്ട്.

(കെ.പി രാമനുണ്ണി മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'മലയാള നോവല്‍ പുതിയ ഭാവനാഭൂപടങ്ങള്‍' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം.)

തയ്യാറാക്കിയത്: മുഹമ്മദ് ഷമീം

TAGS :