Quantcast
MediaOne Logo

വൃന്ദ ടി.എം

Published: 2 Nov 2023 4:32 AM GMT

പത്രപ്രവര്‍ത്തക ആയിരുന്നില്ലെങ്കില്‍ 'ഖബര്‍' എഴുതാന്‍ കഴിയുമായിരുന്നില്ല - കെ ആര്‍ മീര

ആരാച്ചാര്‍ പോലും ഒരു പുരുഷന്‍ ആണ് എഴുതിയിരുന്നതെങ്കില്‍ ഒരുപാട് ശ്രദ്ധ നേടിയേനെ എന്ന് പലരും തന്നോട് പറഞ്ഞിട്ടിണ്ട്. സ്ത്രീ ആയതുകൊണ്ടാവാം പലപ്പോഴും ഒരു പുരുഷന്റെ എഴുത്തുകള്‍ ആഘോഷിക്കപ്പെടുന്നത്രയും തന്റെ എഴുത്തുകള്‍ ആഘോഷിക്കപ്പെട്ടിരുന്നില്ലെന്ന് തുറന്നു പറയുന്നു എഴുത്തുകാരി.

പത്രപ്രവര്‍ത്തക ആയിരുന്നില്ലെങ്കില്‍ ഖബര്‍ എഴുതാന്‍ കഴിയുമായിരുന്നില്ല - കെ ആര്‍ മീര
X

ഇന്നത്തെ മാധ്യമ സംവിധാനങ്ങളില്‍ നിരാശയുണ്ട്. എന്ത് വാര്‍ത്ത വിശ്വസിക്കണം എന്ന അങ്കലാപ്പിലാണ് ഓരോ ദിവസവും കഴിയുന്നത്. പത്രപ്രവര്‍ത്തനമല്ല ടോക്ക് ഷോകളാണ് ഇന്ന് നടക്കുന്നത്. സത്യസന്ധമായ പത്രപ്രവര്‍ത്തനം എന്നൊന്ന് ഇപ്പോള്‍ ഇല്ല. സത്യങ്ങള്‍ മാത്രം പറഞ്ഞില്ലെങ്കിലും, സത്യങ്ങള്‍ മാത്രമേ പറയാവൂ എന്ന ഒരു ശാഠ്യം പോലും ഇന്നത്തെ പത്രങ്ങള്‍ക്ക് ഇല്ല. അങ്ങനത്തെ ഒരു അവസ്ഥ തന്നെയാണ് ഇന്നത്തെ നീതിന്യായ വ്യവസ്ഥകള്‍ക്കും സംഭവിച്ചിട്ടുള്ളത്. അത്തരമൊരു അന്വേഷണത്തെ പറ്റിയാണ് എന്റെ 'ഖബര്‍' എന്ന നോവല്‍. ബാബരി മസ്ജിദ് വിധിയായിരുന്നു ഖബര്‍ എന്ന പുസ്തകത്തിലേക്ക് നയിച്ചത്. ഒരു പക്ഷെ പത്രപ്രവര്‍ത്തക ആയിരുന്നില്ലെങ്കില്‍ തനിക്ക് ആ നോവല്‍ എഴുതാന്‍ കഴിയുമായിരുന്നില്ല. കാരണം, ഭാഷയെ പറ്റിയും, അതിന്റെ കണിശതയെ പറ്റിയും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് പത്ര പ്രവര്‍ത്തനത്തിലൂടെയാണ്.


പത്രപ്രവര്‍ത്തനത്തിലെ അനുഭവം തനിക്ക് സാഹിത്യരചനയില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഭാഷ, എഴുത്ത്, എഡിറ്റിംഗ് എന്നിവ മെച്ചപ്പെടുത്താന്‍ പത്രപ്രവര്‍ത്തകയായിരുന്ന കാലത്തെ പരിചയം സഹായിച്ചിട്ടുണ്ട്. ചെറിയ ഒരു കുഗ്രാമത്തില്‍, കര്‍ക്കശക്കാരനായ അച്ഛന്റെ കീഴില്‍ ജനിച്ചു വളര്‍ന്ന തനിക്ക് ലോകം കാണാനുള്ള ഭാഗ്യം ലഭിച്ചതിന് പ്രധാന കാരണം പത്ര പ്രവര്‍ത്തന ജോലിയായിരുന്നു. അങ്ങനെ പല തരം ജീവിതാവസ്ഥകള്‍ നേരിട്ട് കണ്ട അനുവങ്ങളിലൂടെയാണ് പിന്നീട് എഴുത്തിലേക്ക് തിരിഞ്ഞത്. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ജോലി ഉപേക്ഷിക്കേണ്ടി വന്നു.

ആണ്‍മേല്‍ക്കോയ്മ ഒരു അടുപ്പാണെങ്കില്‍, സ്ത്രീവിരുദ്ധത അതിലെ അഗ്‌നിയാണ്, അതില്‍ വേവുന്ന അത്താഴമാണ് ഫാസിസം. സമൂഹത്തില്‍ സ്ത്രീക്ക് തുല്യ അവകാശങ്ങള്‍ ലഭിക്കാന്‍ പുരുഷ കേന്ദ്രീകൃത സംവിധാനത്തെ ആകെ ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. അധികാരകേന്ദ്രങ്ങള്‍ പങ്കിടാന്‍ സമൂഹം തയ്യാറാകാത്തിടത്തോളം കാലം സംവരണം എന്ന പ്രക്രിയ ആവശ്യമാണ്. പിതൃവാത്സല്യം, ഗുരുനാഥന്റെ വാത്സല്യം എന്നീ വര്‍ണ്ണനകള്‍ നല്‍കി ഒരു പെണ്‍കുട്ടിക്ക് പൗരനെന്ന നിലയില്‍ സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങളാണ് ഇല്ലാതാക്കുന്നത്.


സ്ത്രീ ആയതുകൊണ്ടാവാം പലപ്പോഴും ഒരു പുരുഷന്റെ എഴുത്തുകള്‍ ആഘോഷിക്കപ്പെടുന്നത്രയും തന്റെ എഴുത്തുകള്‍ ആഘോഷിക്കപ്പെട്ടിരുന്നില്ല. ആരാച്ചാര്‍ പോലും ഒരു പുരുഷന്‍ ആണ് എഴുതിയിരുന്നതെങ്കില്‍ ഒരുപാട് ശ്രദ്ധ നേടിയേനെ എന്ന് പലരും തന്നോട് പറഞ്ഞിട്ടിണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് കഴിവുകള്‍ ഉണ്ട്, അവളും പ്രതിഭയാണ് എന്നെല്ലാം ആവര്‍ത്തിച്ച്

ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം. അതിന് അവസരം നല്‍കുന്ന ആഘോഷങ്ങള്‍ പൊതുവെ ആരും സ്ത്രീകളെ വെച്ച് നടത്താറില്ല. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. ഇത്തരം ആഘോഷങ്ങള്‍ സ്ത്രീകളെ വെച്ചും നടത്തപ്പെടണം. എല്ലാവര്‍ക്കും ഇതെല്ലം കണ്ടും കേട്ടും ശീലമാവണം. സ്ത്രീ എന്ത് ചെയ്താലും 'പെണ്ണോ!' എന്ന ആശ്ചര്യ ചോദ്യം അവസാനിക്കും വരെ ഇത് നടന്നുകൊണ്ടേയിരിക്കണം. മലയാളത്തില്‍ മാത്രം എഴുതുന്ന വ്യക്തി എന്ന നിലയില്‍ മലയാള ഭാഷയ്ക്ക് പുറത്തും വായനക്കാര്‍ ഉണ്ടെന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. വരാനുള്ള വായനക്കാര്‍ എന്നെ തേടി വരിക തന്നെ ചെയ്യും.

കേരളം പിന്തുടരുന്ന സാംസ്‌കാരിക-സാഹിത്യ പാരമ്പര്യങ്ങളില്‍ നിന്ന് പിറവിയെടുത്ത സവിശേഷ സംഭവങ്ങളിലൊന്നാണ് കേരള ലെജിസ്ലേച്ചര്‍ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എല്‍.ഐ.ബി.എഫ്). കെ.എല്‍.ഐ.ബി.എഫിന്റെ ആദ്യപതിപ്പിന്റെ ഉജ്ജ്വല വിജയം കേരളത്തിലെ ജനങ്ങളുടെ സാഹിത്യത്തോടും എഴുത്തിനോടുമുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. കേരള ലെജിസ്ലേച്ചര്‍ ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത കെ.എല്‍.ഐ.ബി.എഫ് സാഹിത്യ ഭൂപ്രകൃതിയുടെ മുദ്ര പതിപ്പിക്കുന്നു. ഉത്സവത്തിന്റെ സ്ഥിരം വേദിയായി ആതിഥേയത്വം വഹിക്കുന്ന കേരള നിയമസഭാ സമുച്ചയം അതിന്റെ സ്ഥാനം, അന്തരീക്ഷം, ശാന്തത എന്നിവ സമാനതകളില്ലാത്തതാണ്. വിവിധ സാഹിത്യ വിഭാഗങ്ങള്‍ മാത്രമല്ല, ഈ രൂപങ്ങളിലൂടെ അഭിസംബോധന ചെയ്യപ്പെടുന്ന പ്രസക്തമായ സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെയും വിപുലമായ പരിപാടികളിലൂടെയും കെ.എല്‍.ഐ.ബി.എഫ് സാംസ്‌കാരിക-സാഹിത്യ വൃത്തങ്ങളില്‍ അതിന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു.

(കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന 'മീറ്റ് ദ ഓതര്‍' സെഷനില്‍

നടന്ന ചര്‍ച്ചയുടെ പ്രസ്‌കതഭാഗങ്ങള്‍)

TAGS :