Quantcast
MediaOne Logo

ആര്‍. അനിരുദ്ധന്‍

Published: 17 July 2022 11:06 AM GMT

കെ.ആര്‍ നാരായണന്‍: കാലം വിസ്മരിച്ച രാഷ്ട്രതന്ത്ര പ്രതിഭ

ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള ഐ.കെ ഗുജ്‌റാള്‍ കേന്ദ്രമന്ത്രിയുടെ ശുപാര്‍ശയെയും ബിഹാറിലെ റാബറി ദേവി മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന വാജ്‌പേയ് സര്‍ക്കാരിന്റെ നിര്‍ദേശത്തെയുമാണ് രാഷ്ട്രപതി എന്ന നിലയില്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് കെ.ആര്‍ നാരായണന്‍ നിരാകരിച്ചത്.

കെ.ആര്‍ നാരായണന്‍: കാലം വിസ്മരിച്ച രാഷ്ട്രതന്ത്ര പ്രതിഭ
X
Listen to this Article

ജൂലൈ 17, ഇന്ത്യയിലെ ആദ്യ ദലിത് രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികമാണ്. ഇന്നേക്ക് 25 വര്‍ഷം മുന്‍പ്, 1997 ജൂലൈ 17-ന് ആണ് നയതന്ത്രജ്ഞയുടെ പ്രതീകമായിരുന്ന കൊച്ചേരി രാമന്‍ നാരായണന്‍ എന്ന കെ.ആര്‍ നാരായണന്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍, ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സമാനതകളില്ലാത്ത രാഷ്ട്രതന്ത്ര പ്രതിഭകൊണ്ടും രാഷ്ട്രിയ സമ്മര്‍ദങ്ങള്‍ക്കതീതമായി രാഷ്ടപതി പദത്തിന്റെ ഔന്നിത്യത്തിന് യോജിക്കുംവിധം രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കാനുള്ള ഇച്ഛാശക്തി കൊണ്ടും തന്റെ പിന്‍ഗാമികളില്‍ നിന്നും വേറിട്ടുനിന്ന രാഷ്ട്രപതിയായിരുന്നു. കെ.ആര്‍ നാരയണന്‍. അന്തര്‍ദേശീയ പ്രശസ്തനായ രാഷ്ട്രതന്ത്രജ്ഞന്‍, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, വൈസ് ചാന്‍സിലര്‍, രാഷ്ട്രീയ നേതാവ്, ദലിത് വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെ മലയാളി, പ്രസിഡന്റായിരിക്കെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ മഹത്വം വിളംബരം ചെയ്ത പ്രഥമ പൗരന്‍ തുടങ്ങി ചരിത്രം അടയാളപ്പെടുത്തിയ നിരവധി ഔദ്യോഗിക പദവികളിലൂടെയും അംഗീകാരങ്ങളിലൂടെയും സ്വതന്ത്ര്യ ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തില്‍ കെ.ആര്‍ നാരയണന്‍ തന്റെ പേര് സ്വയം ലിഖിതപ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മുടെ രാഷ്ട്രവും ജനതയും രാഷ്ട്രീയ ചരിത്രകാരന്മാരും രാഷ്ട്രീയ പാര്‍ട്ടികളും ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തുകയോ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്.


രാജ്യത്ത് രാഷ്ടീയ അസ്ഥിരതത്വം നിലനിന്നിരുന്ന സവിശേഷമായൊരു കാലഘട്ടത്തില്‍, പരസ്പരം പോരടിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ കക്ഷികളുടെ ഭൂരിപക്ഷ പിന്തുണയോടെ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായി സത്യപ്രതിജ്ഞ ചെയ്തു. ഭരണകക്ഷിയുടെ വിധേയത്വത്തിനും കീഴ്‌വഴക്കങ്ങള്‍ക്കും വേണ്ടി വിധേയത്വത്തിന്റെ വഴിയേ സഞ്ചരിക്കാതെ ഭരണഘടനാ മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും മതേതരത്വത്തിനും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും നീതിക്കും ക്ഷേമരാഷ്ട്ര നിര്‍മിതിക്കും വേണ്ടി ധീരമായി നിലകൊണ്ടു കെ.ആര്‍ നാരായണന്‍. ഭരണഘടന വിഭാവനം ചെയ്യുന്ന ജനായത്ത ഭരണസംവിധാനത്തിന്റെ നീതിയുക്തമായ നടത്തിപ്പിനും പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട പ്രസിഡന്റായിരുന്നു അദ്ധേഹമെന്ന് നമ്മുടെ പാര്‍ലമെന്ററി ചരിത്രം അവലോകനം ചെയ്താല്‍ ബോധ്യപ്പെടുന്നതാണ്. 'ഒരു എക്‌സിക്യൂട്ടീവ് പ്രസിഡന്റ് എന്നതിനപ്പുറം ഭരണഘടനയുടെ നാലതിര്‍ത്തികള്‍ക്കുള്ളില്‍ നിന്നും പ്രവര്‍ത്തിച്ച ഒരു വര്‍ക്കിംഗ് പ്രസിഡന്റാണ് താന്‍ '' എന്നു സ്വയം വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഭരണഘടനയുടെ കാവലാള്‍ എന്ന നിലയില്‍ രാഷ്ടീയ വിധേയത്വത്തിന്റെ സീമാന്തരങ്ങളെ മറികടന്ന് രാഷ്ട്രപതിയുടെ അധികാരങ്ങള്‍ അദ്ദേഹം വിനിയോഗിച്ചത്.

പ്രസിഡന്റായിരിക്കെ ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യ സംസ്‌കൃതിയുടെ പരിപാലത്തിനും സംരക്ഷണത്തിനും സര്‍വോപരി ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി അദ്ദേഹം അവലംബിച്ച നിലപാടുകളും ഇടപെടലുകളും ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത മാതൃകകളുടെ അടയാളപ്പെടുത്തലുകളാണെന്നതില്‍ സംശയമില്ല. എന്നിട്ടും എന്തുകൊണ്ട് വേണ്ടവിധം അദ്ദേഹം അനുസ്മരിക്കപ്പെടുന്നില്ല എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്.


കോട്ടയം ജില്ലയിലെ ഉഴവൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട പെരുംന്താനം എന്ന കുഗ്രാമത്തില്‍ നാട്ടുവൈദ്യനായിരുന്ന കൊച്ചേരി രാമന്‍ വൈദ്യന്റെയും പാപ്പിയമ്മയുടെയും ഏഴ് മക്കളില്‍ നാലാമനായി പിറന്ന നാരായണന്‍ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും അനിതരസാധാരണമായ ധൈഷണിക വൈഭവവും കൈമുതലാക്കി കൊണ്ടായിരുന്നു പത്രപ്രവര്‍ത്തകനില്‍ നിന്നും രാഷ്ട്രപതി പദത്തിലേക്കുള്ള തന്റെ ജീവിതയാത്ര ആരംഭിക്കുന്നത്. നാട്ടുവൈദ്യന്‍ എന്ന നിലയില്‍ പിതാവിന്റെ തൊഴില്‍ ഉഴവൂര്‍ ദേശക്കാര്‍ക്കിടയില്‍ നാരായണന്റെ കുടുംബത്തിന് പേരും പെരുമയും നേടികൊടുത്തിരുന്നെങ്കിലും ദാരിദ്ര്യത്തോടും കഴ്ഷപ്പാടിനോടും സന്ധി ചെയ്യാനാവതെയാണ് കൊച്ചേരി രാമന്‍ നാരായണന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുറിച്ചിത്താനം സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഉഴവൂര്‍ ഔവര്‍ ലേഡീസ് സ്‌കൂള്‍, കുറവിലങ്ങാട് സെന്റ് ജോണ്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിനഞ്ച് കിലോമീറ്ററോളം നടന്ന് സ്‌കൂളില്‍ എത്തിയിരുന്ന നാരായണന് ഫീസ് അടയ്ക്കാന്‍ കഴിയാത്തത്തിനാല്‍ പലപ്പോഴും ക്ലാസ്സിനു പുറത്ത് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ വന്നപ്പോള്‍ ജേഷ്ഠന്‍ പകര്‍ത്തി നല്‍കിയ പുസ്തകങ്ങളായിരുന്നു ആശ്രയം. സെന്റ് ജോണ്‍സ് സ്‌കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പാസ്സായ നാരായണന്‍ കോട്ടയം സി.എം.എസ് കോളജില്‍ നിന്നാണ് ഇന്റര്‍മീഡയറ്റ് കരസ്ഥമാക്കിയത്. തുടര്‍ന്ന് തിരുവനന്തപുരം മഹാരാജാസ് കോളജില്‍ ബി.എ ഓണേഴ്‌സിന് ചേരുകയും ഒന്നാം റാങ്കോടെ പാസ്സാകുകയും ചെയ്തു. ബി.എ.ക്ക് പഠിക്കുമ്പോള്‍ അധ്യാപകനാകാനായിരുന്നു നാരായണന് മോഹം. ബി.എ പാസ്സായ നാരായണന്‍ തന്റെ ആഗ്രഹവുമായി ദിവാനെ സമീപിച്ചെങ്കിലും ദലിതനായതിനാല്‍ അന്നത്തെ ദിവാന്‍ സാക്ഷാല്‍ സര്‍ സി.പി അദ്ദേഹത്തിന് അധ്യാപകവൃത്തി നിഷേധിക്കപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച നാരായണന്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാതെയും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാതെയും പ്രൊവിഷണല്‍ മാര്‍ക്ക് ലിസ്റ്റുമായി നേരെ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

1944 ല്‍ ഡല്‍ഹിയില്‍ എത്തി പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച നാരായണന്‍ ഹിന്ദു വിലും ടൈംസ് ഒഫ് ഇന്ത്യയിലും കുറച്ചു കാലം ജോലി നോക്കി. ഇക്കാലത്താണ് ബിര്‍ളാ ഹൗസില്‍ വച്ച് നാരായണന്‍ മഹാത്മ ഗാന്ധിയുമായി അഭിമുഖം നടത്തുന്നത്. ശ്രദ്ധേയമായ ഈ അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച നാരായണന്റെ ജീവിത വീക്ഷണത്തെയും കര്‍മ മണ്ഡലത്തെയും നിര്‍വചിക്കുന്നതില്‍ നിര്‍ണായകമാം വിധം സ്വാധീനം ചെലുത്തുകയുണ്ടായി. 1945ല്‍ രത്തന്‍ ടാറ്റയുടെ സ്‌കോളര്‍ഷിപ്പോടെ ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ ലോകപ്രസിദ്ധ രാഷ്ട്രമീമാംസകന്‍ ഹരോള്‍ഡ് ലാസ്‌കിയുടെ ശിക്ഷണത്തില്‍ ഉപരിപഠനം ആരംഭിച്ച നാരായണന്‍ രാഷ്ട്രമീമാംസയില്‍ സെപഷ്യലൈസേഷനോടെ ബി.എസ്.സി ബിരുദം നേടുകയും ഒപ്പം സാമ്പത്തിക ശാസ്ത്രം, ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ വേണ്ടത്ര അവഹാഗം നേടുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങി.

ഡല്‍ഹിയില്‍ മടങ്ങിയെത്തിയ നാരായണന്‍ ഹരോള്‍ഡ് ലാസ്‌കിയുടെ കത്തുമായി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സന്ദര്‍ശിച്ചു. നാരായണന്റെ കഴിവിലും ധൈഷണികതയിലും മതിപ്പ് തോന്നിയ നെഹ്‌റു 1949ല്‍ അദ്ദേഹത്തെ ബര്‍മയിലെ വിദേശകാര്യ മന്ത്രാലത്തില്‍ നിയമിച്ചു. ആഭ്യന്തര സംഘര്‍ഷത്തിന്റെ പിരിമുറുക്കത്തിലായിരുന്ന ബര്‍മയില്‍ എത്തിയ നാരായണന്‍ തന്നെ ഏല്‍പ്പിച്ച ജോലികള്‍ എല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ടോക്കിയോ, തായ്‌ലന്റ്, ടര്‍ക്കി എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്കും അദ്ദേഹത്തിന്റെ സേവനം നീണ്ടു. ഇക്കാലയളവില്‍ ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയില്‍ നാരായണന്‍ തന്റെ വൈദഗ്ധ്യം തെളിയിച്ചിരുന്നു. ബര്‍മയില്‍ സേവനം അനുഷ്ഠിക്കവെ പരിചയപ്പെട്ട മാ ടിന്റ് എന്ന യുവതിയെയാണ് പിന്നീട് കെ.ആര്‍ നാരായണന്‍ തന്റെ ജീവിത പങ്കാളിയാക്കിയത്. 1976ല്‍ ചൈനയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കപ്പെട്ടതോടെ ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ നാരായണന്റെ ഉത്തരവാദിത്തവും ചുമതലയും വര്‍ധിച്ചു. 1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെ വഷളായി തീര്‍ന്ന ഘട്ടത്തില്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം ചൈനയില്‍ എത്തുന്ന ഇന്ത്യന്‍ സ്ഥാനപതി എന്ന നിലയില്‍ വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു നാരായണന്റെ ഔദ്യോഗിക ചുമതലകള്‍. ചൈനയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിക്കവെ നാരായണന്‍ നടത്തിയ നിര്‍ണായക നയതന്ത്ര ഇടപെടലുകളാണ് വഷളായി പോയ ഇന്ത്യ-ചൈനാ ബന്ധത്തെ വീണ്ടും പുഷ്‌കലമാക്കി മാറ്റിയത്.


1978ല്‍ വിദേശകാര്യ വകുപ്പില്‍ നിന്നും വിരമിച്ച നാരായണനെ 1979 ജനുവരി 3 ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വൈസ്ചാന്‍സിലറായി നിയമിച്ചു. ഇതോടു കൂടിയാണ് തന്റെ പൊതുജീവിതം ആരംഭിക്കുന്നതെന്ന് അദ്ദേഹം തന്നെ അനുസ്മരിച്ചിട്ടുണ്ട്. എന്നാല്‍, 1980 ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നപ്പോള്‍ നാരായണനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് തിരിച്ചു വിളിക്കുകയും അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുകയും ചെയ്തതോടെ അദ്ദേഹം വീണ്ടും നയതന്ത്രജ്ഞന്റെ കുപ്പായമണിഞ്ഞു. ഇന്ത്യാ-അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയായിരുന്നു ഈ നിയമനത്തിന്റെ ഉദ്ദേശ്യമെന്ന് പില്‍ക്കാലത്ത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാലത്ത് ഇന്ദിരാഗാന്ധി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം കെ.ആര്‍ നാരായണന്റെ നയതന്ത്ര ഇടപെടലുകളുടെ വിജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിദേശബന്ധം അത്ര സൗഹൃദപരമല്ലാതിരുന്ന കാലത്ത് നടന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം വളരെയേറെ പ്രാധാന്യത്തോടു കൂടിയായിരുന്ന അന്ന് ലോക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.


1984ല്‍ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ നാരായണന്‍ ഇന്ദിരാഗാന്ധിയുടെ അദ്യര്‍ഥന പ്രകാരം സജീവ രാഷ്ടീയത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടിയാണ് അദ്ദേഹത്തിന്റെ പൊതു ജീവിതത്തില്‍ വഴിത്തിരിവ് സംഭവിക്കുന്നത്. 1984 ല്‍ ഒറ്റപ്പാലം സംവരണ മണ്ഡലത്തില്‍ നിന്നും ലോകസഭയില്‍ എത്തിയ നാരായണന്‍ 1989, 1991 വര്‍ഷങ്ങളിലും തുടര്‍ച്ചയായി ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭയില്‍ എത്തി. 1985-89 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആസൂത്രണം, വിദേശകാര്യം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും നാരായണന്‍ സേവനം അനുഷ്ഠിക്കുകയുണ്ടായി. കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രിയായിരിക്കെ ഒരു നയതന്ത്രജ്ഞന്റെ ദീര്‍ഘവീക്ഷണത്തോടെ നാരായണന്‍ രാഷ്ട്രത്തിന് നല്‍കിയ സേവനങ്ങള്‍ അപരിമേയവും ശ്ലാഘനീയവുമായിരുന്നു. ഇത് പൊതുമണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തുകയും കക്ഷി രാഷ്ടീയ ഭേദമെന്യെ അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുകയും പിന്നീട് ഉപരാഷ്ട്രപതിയുടെയും രാഷ്ട്രപതിയുടെയും പദവികളിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 21ന് ഇന്ത്യയുടെ ഒന്‍പതാമത്തെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത കെ.ആര്‍ നാരായണന്‍ മതേതരത്വത്തെയും ഭരണഘടനയുടെ അന്തസത്തയെയും മുറുകെ പിടിച്ചു കൊണ്ടു നിസ്തുലമായ സേവനമാണ് രാഷ്ട്രത്തിന് വേണ്ടി അനുഷ്ഠിച്ചത്. കെ.ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായിരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ റേഡിയോക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ 'മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം ' എന്നാണ് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.


1997 ജൂലൈ 17-ന് ആണ് കെ.ആര്‍ .നാരായണന്‍ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ശിവസേന ഒഴികെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് വോട്ടു രേഖപ്പെടുത്തിയാണ് അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. രേഖപ്പെടുത്തിയ വോട്ടിന്റെ 95 ശതമാനവും അദ്ദേഹത്തിനായിരുന്നു. ദലിത് വിഭാഗത്തില്‍ നിന്നും ആദ്യമായി പ്രഥമ പൗരനായി തീര്‍ന്ന കെ.ആര്‍ നാരായണന്‍ കീഴ്വഴക്കങ്ങള്‍ക്കും രാഷ്ടീയ വിധേയത്വത്തിനും അതീതമായി ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് രാഷ്ട സേവനം മാതൃകാപരമാക്കിയ രാഷ്ട്രതന്ത്രജ്ഞനായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മഹത്വവും. രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ക്ഷേമത്തിനും അപ്പുറം അദ്ദേഹത്തിന് താല്‍പര്യങ്ങള്‍ യാതൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കാലാവധി തീരും വരെ ഭരണഘടനക്കും രാഷ്ട്രത്തിനും വേണ്ടി ഭരണഘടനയുടെ വിനീതദാസനായി അദേഹം തന്റെ പദവിയെ വിനിയോഗിച്ച് തന്റെ പിന്‍ഗാമികള്‍ക്ക് വഴികാട്ടിയായി. കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായിരിക്കുമ്പോഴായിരുന്നു രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അരങ്ങേറിയത്. ജനാധിപത്യത്തിലൂന്നിയ ഒരു ഭരണ സമ്പ്രദായം സാധ്യമായതാണ് സ്വാതന്ത്ര്യം കൊണ്ടുണ്ടായ നേട്ടങ്ങളില്‍ ഒന്നെന്ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്കവെ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. രാജ്യത്ത് ജനായത്ത ഭരണം നിലവില്‍ വന്ന് അന്‍പത് വര്‍ഷം തികയുമ്പോഴും ഭരണഘടന വാഗ്ദത്തം ചെയ്യുന്ന സാമൂഹ്യ-സാമ്പത്തിക നീതിയും വികസനവും ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തത്തില്‍ ഭരണഘടന പരിഷ്‌ക്കരിക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന കാലം കൂടിയായിരുന്നു അത്. രാജ്യത്തെ പരമോന്നത നിയമസംഹിതയായ ഭരണഘടനയുടെ സംരക്ഷകനും പരിപാലകനും എന്ന നിലയില്‍ ഭരണഘടനാ പരിഷ്‌കരണ വാദങ്ങളെ മുഖവിലക്കെടുക്കാതെ തളളിക്കളഞ്ഞു കൊണ്ടു അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. 'ആഴത്തിലുള്ള ചിന്തകള്‍ക്കും ആവശ്യമായ ചര്‍ച്ചകള്‍ക്കും ശേഷമാണ് ഭരണഘടനാ ശില്‍പികള്‍ നിലവിലെ ഗവണ്‍മെന്റിന്റെ രൂപവും ദര്‍ശനവും ഇന്ത്യക്കു വേണ്ടി ചിട്ടപ്പെടുത്തി സ്വീകരിച്ചത്. ഭരണഘടനയുടെ കരടിന്മേല്‍ നടന്ന ചര്‍ച്ചകളെ അഭിസംബോധന ചെയ്തു കൊണ്ടു ഡോ. അംബേദ്കര്‍ ഇപ്രകാരം അവകാശപ്പെടുകയുണ്ടായി 'ഈ ഭരണഘടന ദൃഢത കുറഞ്ഞതെങ്കിലും യുദ്ധകാലത്തും സമാധാനകാലത്തും രാജ്യത്തിന് കരുത്തേകാന്‍ പര്യാപ്തമാണ്. എന്നിരിക്കിലും പുതിയ ഭരണഘടനക്കു കീഴില്‍ കാര്യങ്ങള്‍ മോശമാവുകയാണെങ്കില്‍ അതിന് കാരണം കണ്ടെത്തേണ്ടത് നമ്മുടേത് ഒരു മേശം ഭരണഘടന എന്നതിലല്ല, മറിച്ച് മനുഷ്യരുടെ പിടിപ്പുകേടിലാണ് '. ഇപ്പോള്‍ ഭരണഘടന പരിഷ്‌കരിക്കുന്നതിനെ സംബന്ധിച്ചും ആവശ്യമെങ്കില്‍ ഒരു പുതിയ ഭരണഘടന തന്നെ എഴുതുന്നതിനെപ്പറ്റിയും ധാരാളം ചര്‍ച്ചകള്‍ ഉയര്‍ന്ന വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭരണഘടനയാണോ നമ്മളെ പരാജപ്പെടുത്തിയത് അതോ നമ്മളാണോ ഭരണഘടനയെ പരാജയപ്പെടുത്തിയത് എന്ന കാര്യം തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്. 'വളരെ പ്രവര്‍ത്തനക്ഷമവും സുദൃഢവുമായൊരു ഭരണഘടനയുള്ളപ്പോള്‍, ഭരണഘടന വിഭാവനം ചെയ്യുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി ഭരണഘടനയില്‍ പരിമിതികള്‍ കണ്ടെത്തുന്നതിലെ യുക്തിരാഹിത്യം ഉത്തരവാദിത്ത ബോധത്തോടെ തുറന്നു കാട്ടുകയായിരുന്നു പ്രസിഡന്റ് എന്ന നിലയില്‍ കെ.ആര്‍ നാരായണന്‍


രാഷ്ട്രപതി എന്ന നിലയില്‍ ഭരണഘടന തന്നില്‍ നിക്ഷിപ്തമാക്കിയിരിക്കുന്ന അധികാരങ്ങള്‍ നിക്ഷ്പക്ഷവും സ്വതന്ത്രവും നീതിയുക്തവുമായി നിശ്ചയ ദാര്‍ഢ്യത്തോടെ വിനിയോഗിച്ച പ്രഥമ പൗരനായിരുന്നു കെ.ആര്‍ നാരായണന്‍. അദേഹം രാഷ്ട്രപതിയായിരിക്കുമ്പോള്‍ രണ്ടു തവണ അദ്ദേഹം ലോകസഭ പിരിച്ചുവിടപ്പെട്ടിട്ടുണ്ട്. ഐ.കെ ഗുജ്‌റാളിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ച് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചപ്പോഴായിരുന്നു ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആദ്യം ലോകസഭ പിരിച്ചു വിടാന്‍ ഉത്തരവിട്ടത്. 1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി മന്ത്രി സഭ അധികാരത്തിലേറിയെങ്കിലും അവിചാരിതമായി ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി സഭയില്‍ വിശ്വാസവോട്ടു നേടുന്നതില്‍ പരാജയപ്പെടുകയും ബി.ജെ.പിയും കോണ്‍ഗ്രസും മന്ത്രിസഭ രൂപീകരിക്കാന്‍ മത്സരിച്ച് അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോഴായിരുന്നു രണ്ടാമത് അദ്ദേഹം ലോകസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അടിത്തറയില്‍ വിള്ളല്‍ സൃഷ്ടിക്കും വിധം 356 ാം വകുപ്പ് ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാഷ്ടപതി എന്ന നിലയിലും ശ്രദ്ധേയനാണ് കെ.ആര്‍ നാരായണന്‍. അദ്ദേഹത്തിന്റെ കാലയളവില്‍ ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള ഐ.കെ ഗുജ്‌റാള്‍ കേന്ദ്രമന്ത്രിയുടെ ശുപാര്‍ശയെയും ബിഹാറിലെ റാബറി ദേവി മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന വാജ്‌പേയ് സര്‍ക്കാരിന്റെ നിര്‍ദേശത്തെയുമാണ് രാഷ്ട്രപതി എന്ന നിലയില്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് കെ.ആര്‍ നാരായണന്‍ നിരാകരിച്ചത്. 1999 മേയില്‍ ഇടക്കാല മന്ത്രിസഭയുടെ കാലഘട്ടത്തില്‍ ഉണ്ടായ കാര്‍ഗില്‍ യുദ്ധത്തിന്റെ കാലഘട്ടത്തില്‍ സര്‍വ സൈന്യാധിപന്‍ എന്ന നിലയില്‍ സൈനിക തലവന്മാരുമായി നേരിട്ട് ആശയവിനിമയം നടത്തി യുദ്ധത്തിന്റെ ഗതിവിഗതികള്‍ വിലയിരുത്തിയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലി കള്‍ അര്‍പ്പിച്ചും അദ്ദേഹം രാഷ്ടിപതി പദവിയുടെ ഔന്നിത്യം വിളംബരം ചെയ്തതു. മുന്‍പ് സൂചിപ്പിച്ചതു പോലെ ഭരണഘടനാ പുനഃപരിശോധനയെ ഭരണഘടനയുടെ ആദര്‍ശങ്ങള്‍ കൊണ്ട് തള്ളിക്കളഞ്ഞും സര്‍വര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുന്നതിനു വേണ്ടിയുള്ള വാജ്‌പേയ് ഗവണ്‍മെന്റിന്റെ ശിപാര്‍ശയെ നിരാകരിച്ചതും ഭരണഘടനയുടെ വക്താവും സംരക്ഷകനുമായി നിലകൊണ്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയും ഭരണഘടനാ കീഴ്വവഴക്കങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യ സംസ്‌കൃതിയുടെ പരിപാലനത്തിനും വേണ്ടി അപ്രതിരോധിതമായ പ്രവര്‍ത്തന ശൈലി സൃഷ്ടിച്ചും രാഷ്ടതന്ത്രജ്ഞതയുടെയും ജനായത്ത ഭരണനിര്‍വഹണത്തിന്റെയും രംഗങ്ങളില്‍ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച കെ.ആര്‍. നാരായണന്‍ എന്ന രാഷ്ട്രതന്ത്രജ്ഞന്റെ രാഷ്ടീയ ജീവിതവും വീക്ഷണങ്ങളും ജനാധിപത്യ ഭരണസമ്പ്രദായത്തെ പിന്‍പറ്റുന്ന ജനസമുഹങ്ങള്‍ക്കെല്ലാം ഒരു മാര്‍ഗദീപമായിരിക്കും എന്നതില്‍ സംശയമില്ല.


TAGS :