Quantcast
MediaOne Logo

ഗ്രേസ് മുബഷിര്‍

Published: 25 Aug 2023 4:22 AM GMT

ഏക സിവില്‍കോഡിന്റെ നിയമ ചരിത്രം

ഇന്ത്യന്‍ നിയമവ്യവസ്ഥ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അനന്തരാവകാശമാണ്. ഇന്ന് ഇന്ത്യയില്‍ ഉയര്‍ത്തപ്പെടുന്ന ചര്‍ച്ചകളുടെ ആവിര്‍ഭാവം മുഗള്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള സംക്രമണത്തിന്റെ ദശയിലാണ് കാണാന്‍ സാധിക്കുക. ഏകീകൃത സിവില്‍കോഡിന്റെ ചര്‍ച്ചകളും വിവാദങ്ങളും രൂപം കൊണ്ടത് കൊളോണിയല്‍ നിയമവ്യവസ്ഥയുടെ അവ്യക്തമായ ക്രമികമായ വികാസത്തിലാണ്. ഇപ്പോഴത്തെ ചര്‍ച്ചകളുടെ ചരിത്രാന്വേഷണമാണ് ഈ ലേഖനം.

ഏക സിവില്‍കോഡിന്റെ നിയമ ചരിത്രം
X

ഇന്ത്യന്‍ നിയമവ്യവസ്ഥ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അനന്തരാവകാശമാണ്. ഇന്ന് ഇന്ത്യയില്‍ ഉയര്‍ത്തപ്പെടുന്ന ചര്‍ച്ചകളുടെ ആവിര്‍ഭാവം മുഗള്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള സംക്രമണത്തിന്റെ ദശയിലാണ് കാണാന്‍ സാധിക്കുക. ഏകീകൃത സിവില്‍ കോഡിന്റെ ചര്‍ച്ചകളും വിവാദങ്ങളും രൂപം കൊണ്ടത് കൊളോണിയല്‍ നിയമവ്യവസ്ഥയുടെ അവ്യകതമായ ക്രമികമായ വികാസത്തിലാണ്. ഇപ്പോഴത്തെ ചര്‍ച്ചകളുടെ ചരിത്രാന്വേഷണമാണ് ഈ ലേഖനം.

വ്യക്തി നിയമങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയില്‍

മതവിഷയങ്ങളില്‍ കൈകടത്താത്ത, സാമൂഹിക യഥാസ്ഥിതികത സംരക്ഷിക്കുന്ന നിലപാടായിരുന്നു പൊതുവേ ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയില്‍ സ്വീകരിച്ചത്. തങ്ങളുടെ സാമ്രാജത്വ വാണിജ്യ താല്‍പര്യങ്ങളെ ബാധിക്കാത്ത കാര്യങ്ങളില്‍, കീഴടക്കപ്പെട്ടവരുടെ നിയമങ്ങളെ അംഗീകരിച്ചിരുന്ന റോമന്‍ ഭരണകൂട മാതൃക ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയില്‍ സ്വീകരിച്ചു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ദീര്‍ഘായുസ്സിന്റെ ഹേതുവായി നിയമചരിത്രകാരന്മാര്‍ പറയുന്ന കാരണവും ഇതുതന്നെയാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥ രൂപംകൊണ്ട 19, 20 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ട് ഭാഗികമായി ഏകീകൃത സിവില്‍ കോഡിന്റെ അധികാരപരിധിയിലായിരുന്നു. വംശമോ, മതമോ പരിഗണിക്കാതെ ഏകീകൃത കുടുംബ നിയമവ്യവസ്ഥയാണ് ഇന്നും ബ്രിട്ടനിലെ പൊതുനയം. ഏതാനും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകം ചില പരിഗണനയൊഴിച്ച് കല്യാണം, അനന്തരാവകാശം തുടങ്ങിയ സിവില്‍ വിഷയങ്ങളില്‍ പൊതുവായ ഏകീകൃത നിയമമാണ് ഇംഗ്ലണ്ടില്‍ ഇന്നുള്ളത്.

ബ്രിട്ടണിലില്ലാത്ത വ്യക്തി നിയമവ്യവസ്ഥ ഇന്ത്യയില്‍ എങ്ങനെ നടപ്പായി? അതിനു പിന്നിലുള്ള സാമൂഹിക രാഷ്ട്രീയ പ്രേരകങ്ങളെന്തെല്ലാമായിരുന്നു? കച്ചവടക്കാരായി വന്ന് ഇന്ത്യയുടെ ഭരണാധിപര്‍ ആയിമാറിയ കൊളോണിയല്‍ ചരിത്രത്തിന്റെ സങ്കീര്‍ണമായ ദശയിലാണ് ആധുനിക ഇന്ത്യയുടെ ചഞ്ചലമായ ഭാവി രൂപപ്പെട്ടത്. ഈ ചരിത്രം ഓര്‍ത്തത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും.

1757 ലെ പ്ലാസി യുദ്ധത്തിനുശേഷം ബ്രിട്ടീഷുകാരുടെ പെന്‍ഷനരായി കഴിഞ്ഞിരുന്ന മുഗള്‍ രാജാവ് 1765 ലെ ബക്‌സാര്‍ യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തോട് പരാജയപ്പെട്ടതോടെ വണിക്കുകളില്‍ നിന്ന് ഭരണത്തിലേക്കുള്ള വഴി ബ്രിട്ടീഷുകാര്‍ക്ക് തുറന്നു കിട്ടി. അതേ വര്‍ഷം ഏറെ സമ്പന്നമായിരുന്ന ബംഗാള്‍, ബീഹാര്‍ പ്രവിശ്യകളുടെ നികുതി ഭരണം റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്തു. സാമ്പ്രദായിക നിയമങ്ങളും പ്രാദേശിക നിയമ വൈജാത്യങ്ങളും പരിണാമഘട്ടത്തില്‍ കമ്പനി ഉദ്യോഗസ്ഥരെ ഏറെക്കുഴപ്പിച്ചു. അങ്ങനെയാണ് വാണിജ്യ സുരക്ഷയും നികുതി പിരിവിന്റെ സുഗമമാക്കലിനു വേണ്ടി ഇന്ത്യയില്‍ നിയമം ക്രോഡീകരിക്കുന്നതിന് ബ്രിട്ടീഷ് കൊളോണിയലിസം തുടക്കം കുറിക്കുന്നത്.

1772 ല്‍ വാറന്‍ ഹേസ്റ്റിങ്ങ്‌സ് പ്ലാന്‍ (warren Hastings plan 1772 ) ആദ്യമായി അനന്തരവകാശം, കല്യാണം, ജാതി മറ്റു മതകാര്യങ്ങളില്‍ ഖുര്‍ആന്‍ അനുസരിച്ച് മുസ്‌ലിംകള്‍ക്കും ശാസ്ത്രമനുസരിച്ച് ഹിന്ദുക്കള്‍ക്കും സിവില്‍ വ്യവഹാരങ്ങള്‍ നടത്താമെന്ന് വിധിച്ചു. മൗലവിമാരെയും ഹിന്ദു പണ്ഡിതന്മാരെയും ഈ ആവശ്യത്തിന് വേണ്ടി കമ്പനി നിയമിച്ചു. തുടര്‍ന്ന് ഹിന്ദു-മുസ്‌ലിം നിയമ പുസ്തകങ്ങളുടെ തര്‍ജമ ആരംഭിച്ചു.

ലോര്‍ഡ് മിന്റോ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന സമയത്ത് (1791-1813) ബംഗാള്‍ പ്രവശ്യയില്‍ സതി ആചാരത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഏതെങ്കിലും സ്ത്രീ സതി ആചാരപ്രകാരം ചിതയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചാല്‍ അടുത്തുള്ള മജിസ്‌ട്രേറ്റിനെ അറിയിക്കണം എന്ന് ഉത്തരവുണ്ടായി. സ്വമേധയാണ് സതി ആചരിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ആയിരുന്നു ഈ ഉത്തരവ്.

1776 ല്‍ നഥാനിയേല്‍ ബ്രാസി ഹള്‍ഹദ് (Nathaniel Brassey Halhad ) ഹിന്ദു നിയമ പുസ്തകം രചിച്ചു (A Wade of Gentoo Laws ). ഇതിന്റെ മുഖവുരയില്‍ എന്തുകൊണ്ടാണ് വ്യക്തി നിയമങ്ങളില്‍ കമ്പനി ഇടപെടാന്‍ ആഗ്രഹിക്കാത്തത് എന്നതിന്റെ വിശദീകരണമുണ്ട്. 'റോമന്‍ സാമ്രാജ്യത്വ വിജയത്തിന്റെ കാരണം കീഴടക്കപ്പെടുന്ന പ്രജകള്‍ക്ക് സ്വതന്ത്രമായി അവരുടെ വിശ്വാസകര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയതിനാലാണ്. ഈ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയാണ് വാറന്‍ ഹേസ്റ്റിങ്ങ്‌സ് ഹിന്ദുനിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ആവശ്യപ്പെട്ടത്. വിക്ടോറിയന്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത ഇന്ത്യന്‍ ആചാരങ്ങളെ വിരളമായി നിരോധിച്ചുവെങ്കിലും വ്യക്തി നിയമങ്ങളില്‍ കൈകടത്താന്‍ വൈമനസ്യം കാണിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റ് സതി തഗ്ഗി നിരോധനം, വിവാഹപ്രായം വര്‍ധിപ്പിക്കല്‍ തുടങ്ങിയ മാറ്റങ്ങള്‍ ഈ നയത്തിന്റെ ഭാഗമായി കൊണ്ടുവന്നതാണ്. ലത മണി ( Lata mani ) contentions traditions: The debate on Sati in colonia India എന്ന പുസ്തകത്തില്‍ സതി നിരോധന ചര്‍ച്ചകളെ സമഗ്രമായിപ്രതിപാദിച്ചിട്ടുണ്ട്.

വ്യക്തി നിയമങ്ങളില്‍ കൈകടത്തിയാല്‍ ഇന്ത്യന്‍ ജനത അസ്വസ്ഥരാകുമെന്ന് ഭയന്ന് ഹാസ്റ്റിങ്‌സ് പ്ലാന്‍ നടപ്പിലാക്കിയതിനു ഏകദേശം 50 വര്‍ഷം കഴിഞ്ഞ് 1829 ലാണ് സതി ബംഗാള്‍ പ്രവിശ്യയില്‍ ആദ്യമായി നിരോധിക്കപ്പെടുന്നത്. നേരിട്ട് നിരോധിക്കുന്നതിന് പകരം ക്രമേണ നിയന്ത്രിച്ചും, ബോധവത്കരണം നടത്തിയും, ഇന്ത്യന്‍ ജനതയുടെ ഭാഗിക പിന്തുണയോടു കൂടിയായിരുന്നു സതി നിരോധനം. പെട്ടെന്നുള്ള നയവ്യതിയാനം യഥാസ്ഥിതിക ഇന്ത്യക്കാരെ പ്രകോപിപ്പിക്കുമെന്ന ഭയമായിരുന്നു ഇതിനു പിന്നിലെ യുക്തി. ലോര്‍ഡ് മിന്റോ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന സമയത്ത് (1791-1813) ബംഗാള്‍ പ്രവശ്യയില്‍ സതി ആചാരത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഏതെങ്കിലും സ്ത്രീ സതി ആചാരപ്രകാരം ചിതയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചാല്‍ അടുത്തുള്ള മജിസ്‌ട്രേറ്റിനെ അറിയിക്കണം എന്ന് ഉത്തരവുണ്ടായി. സ്വമേധയാണ് സതി ആചരിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ആയിരുന്നു ഈ ഉത്തരവ്. ശേഷം വന്ന ലോര്‍ഡ് ഹാസ്റ്റിങ്‌സ് (1813-1823) സതി ആചാരത്തെ ശക്തമായി എതിര്‍ത്തുവെങ്കിലും പട്ടാള കലാപത്തെ ഭയന്ന് പൂര്‍ണ നിരോധനത്തിന് മുതിര്‍ന്നില്ല.


1829 ഡിസംബര്‍ നാല്, ഹിന്ദു പരിഷ്‌കര്‍ത്താക്കളുടെ സമ്മര്‍ദഫലമായാണ് ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക് സതി നിരോധിക്കുന്നത്. ആദ്യം ബംഗാളില്‍ മാത്രമായിരുന്നു നിരോധനം തൊട്ടടുത്തുള്ള വര്‍ഷങ്ങളില്‍ ബോംബെയിലും മദ്രാസിലും തുല്യമായ നിരോധനം പ്രാബല്യത്തില്‍ വന്നു. ധാരാളം എതിര്‍പ്പുകള്‍ യഥാസ്ഥിതിക ഹിന്ദുക്കളുടെ ഭാഗത്തുനിന്നും ബില്‍ നേരിട്ടു. എങ്കിലും കൊളോണിയല്‍ കാലത്തെ പരമോന്നത നിയമ സംവിധാനമായ പ്രിവി കൗണ്‍സില്‍ (Privy Council ) 1832 നിരോധന ഉത്തരവ് ശരിവെച്ചു.

ബ്രിട്ടീഷ് നൈതിക നയങ്ങളോട് കലഹിക്കാത്ത സാഹചര്യങ്ങളില്‍ വ്യക്തി നിയമങ്ങളെ സംരക്ഷിക്കുന്ന നയം ആയിരുന്നു ബ്രിട്ടീഷ് സര്‍ക്കാറിന്റേത്. നിരോധനം അസ്വസ്ഥതകള്‍ക്ക് തീ പിടിപ്പിക്കുകയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരുന്നു ബ്രിട്ടീഷ് ധാര്‍മികതക്ക് നിരക്കാത്ത ആചാരങ്ങളെ നിരോധിച്ചത്. 1833 -ല്‍ ഇന്ത്യന്‍ ചാര്‍ട്ടര്‍ ആക്റ്റ് ചര്‍ച്ചയ്ക്കിടെ വ്യത്യസ്ത വ്യക്തി നിയമ സംവിധാനം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഏകീകൃത വ്യക്തി നിയമത്തെ ശക്തമായി എതിര്‍ത്തു തോല്‍പ്പിച്ചത് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പ്രധാന നിര്‍മാതാവായ മക്കാല പ്രഭുവായിരുന്നു (Thomas macualay). ' എത്ര അഭികാമ്യമാണ് ഏകീകൃത വ്യക്തി നിയമമെന്ന് നമുക്ക് അറിയാമല്ലോ. പക്ഷേ, ഒരിക്കലും നേടാന്‍ ആവാത്ത പദ്ധതിയാണത്. സാധ്യമായ ഇടങ്ങളില്‍ എല്ലാം - ഏകീകൃത രൂപം, നിര്‍ബന്ധമായ തലങ്ങളില്‍ നിയമവൈവിധ്യം - പക്ഷേ എല്ലായിടത്തും നിയമ വ്യക്തത ഇതായിരിക്കണം നമ്മുടെ നയം'. ( Uniformly where you can have it, divasity where you must have it, but in all cases certainly) 1930 ഇന്ത്യക്കാര്‍ നിയമ സംവിധാനങ്ങളില്‍ എത്തുന്നത് വരെ ബ്രിട്ടീഷ് ഭരണത്തിന്റെ പൊതുനയം ഇതായിരുന്നു.

1857ലെ കലാപാനന്തരം 1858ല്‍ ഇന്ത്യയുടെ ഭരണം കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. 1858ലെ രാജ്ഞിയുടെ വിളംബരം ( Queen proclamation ) വാറന്‍ ഹാസ്റ്റിംഗ്‌സിന്റെയും മക്കാലയുടെ നിര്‍ദേശങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി. 'കൊളോണിയന്‍ ഗവണ്‍മെന്റ് ക്രിസ്ത്യാനിറ്റിയുടെ സത്യത്തെ അംഗീകരിക്കുന്നെങ്കിലും, ഒരു വ്യക്തിയും വിശ്വാസത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയോ പ്രസാദിപ്പിക്കപ്പെടുകയോ ചെയ്യുന്നതായിരിക്കില്ല' രാജ്ഞിയുടെ വിളംബരം ഉറപ്പുനല്‍കി. ഇതിനുശേഷം മതകാര്യങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ വൈസ്രോയിയുടെ മുന്‍ അനുമതിയില്ലാതെ ഒരു നിയമനിര്‍മാണ സഭയിലും അവതരിപ്പിക്കാന്‍ പറ്റാതെയായി.

ഇന്ന് ഇന്ത്യയില്‍ മതവുമായി ബന്ധപ്പെട്ട അടിസ്ഥാന കോടതി തത്വത്തിന്റെ അവ്യക്തമായ തുടക്കമാണ് ലാന്‍സ് ഡൗണിന്റെ മിനുട്ട്‌സില്‍ കാണുന്നത്. 1954ലെ ശിരൂര്‍ മഠ കേസിലാണ് ( shirur matt case) മതവിഷയങ്ങളില്‍ അഭിവാജ ഘടകം എന്ന തത്വം ( essentially principle) പിന്തുടരണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഹിജാബ് കേസിലും, ശബരിമല കേസിലും കോടതി വിധികള്‍ ഈ തത്വം അടിസ്ഥാനമാക്കിയാണ്. 1891 ശൈശവ വിവാഹനിരോധന ബില്‍ പ്രാബല്യത്തില്‍ വന്നു. 1929 ശാരദ ബില്ലിലൂടെ പുരുഷന്‍മാരുടെ കല്യാണപ്രായം 18 ആയും സ്ത്രീകളുടേത് 14 ആയും നിജപ്പെടുത്തി.

വിവാഹപ്രായ നിയമവിവാദം കൊളോണിയല്‍ സര്‍ക്കാരിന്റെ വ്യക്തിനിയമ സംരക്ഷണ നയം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട് 1860 ലെ ഇന്ത്യന്‍ പീനല്‍ കോഡിലെ 375 സെക്ഷന്‍ പ്രകാരം 10 വയസ്സിന് മുകളിലുള്ള ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ലൈംഗികബന്ധം ലൈംഗിക പീഡനമായി അംഗീകരിക്കില്ല. 11 വയസ്സുള്ള ഹുള്‍മാനി ഭായി 1889 ഭര്‍ത്താവിന്റെ ശാരീരിക ബന്ധത്തിനൊടുവില്‍ മരിച്ചതോടെയാണ് വിവാദം തുടങ്ങുന്നത്. 1891ല്‍ വിവാഹപ്രായം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 12 വയസ്സായി ഉയര്‍ത്തണമെന്ന ബില്‍ സഭയില്‍ ആന്‍ഡ്രൂ സ്‌കോബിള്‍ ( andrew scobble ) അവതരിപ്പിച്ചു. സഭയിലെ ഇന്ത്യന്‍ അംഗമായിരുന്ന രൊമേഷ് ചുന്ദര്‍ മിത്തര്‍ (Romesh chundar mittar ) ബില്ലിനെ എതിര്‍ത്തു. വ്യാപകമായി മതകീയ അസ്വാരസ്യങ്ങള്‍ക്ക് ബില്‍ കാരണമാവും എന്നായിരുന്നു എതിര്‍ക്കാനുള്ള കാരണം. 1858 ലെ രാജ്ഞിയുടെ വിളംബരത്തിന് വിപരീതമാണ് പ്രസ്തുത ബില്ലെന്നും അദ്ദേഹം വാദിച്ചു.

ബില്ലിനെ പിന്തുണച്ച് രാജ്ഞിയുടെ വിളംബരത്തില്‍ മാനുഷിക മൂല്യങ്ങള്‍ അടിസ്ഥാനമാക്കി മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് ആന്‍ഡ്രൂ സ്‌ക്കോബിള്‍ വാദിച്ചു. വൈസ്രോയിയായിരുന്ന ലാന്‍സ് ഡൗണ്‍ (Lansdown) രണ്ടു പരിധികള്‍ക്കുള്ളിലാണ് രാജ്ഞിയുടെ വിളംബരം വായിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു. ഒന്നാമതായി മത ആചാരങ്ങള്‍ വ്യക്തിസുരക്ഷയ്‌ക്കോ പൊതുസമാധാനത്തിനോ ഹാനികരമാണെങ്കില്‍ അത്തരം ആചാരങ്ങള്‍ എന്തായാലും ഒഴിവാക്കപ്പെടണം. രണ്ടാമതായി, മത ആചാരങ്ങള്‍ ധാര്‍മികതയുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആചാരം മതത്തിന്റെ അഭിവാജ്യ ഘടകമാണോ അല്ലയോ എന്ന് നിര്‍ണയിക്കേണ്ടതാണ് ( essential or non essential part of religion ). ഇന്ന് ഇന്ത്യയില്‍ മതവുമായി ബന്ധപ്പെട്ട അടിസ്ഥാന കോടതി തത്വത്തിന്റെ അവ്യക്തമായ തുടക്കമാണ് ലാന്‍സ് ഡൗണിന്റെ മിനുട്ട്‌സില്‍ കാണുന്നത്. 1954ലെ ശിരൂര്‍ മഠ കേസിലാണ് ( shirur matt case) മതവിഷയങ്ങളില്‍ അഭിവാജ ഘടകം എന്ന തത്വം ( essentially principle) പിന്തുടരണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഹിജാബ് കേസിലും, ശബരിമല കേസിലും കോടതി വിധികള്‍ ഈ തത്വം അടിസ്ഥാനമാക്കിയാണ്. 1891 ശൈശവ വിവാഹനിരോധന ബില്‍ പ്രാബല്യത്തില്‍ വന്നു. 1929 ശാരദ ബില്ലിലൂടെ പുരുഷന്‍മാരുടെ കല്യാണപ്രായം 18 ആയും സ്ത്രീകളുടേത് 14 ആയും നിജപ്പെടുത്തി.

പൊതുനയത്തിന്റെ ലംഘനങ്ങള്‍

ഇസ്‌ലാം, ഹിന്ദു മത വിശ്വാസ പ്രകാരം വ്യക്തി/കുടുംബ നിയമങ്ങള്‍ മാത്രമല്ല നിലവിലുണ്ടായിരുന്നത്. കച്ചവടം, കരാറുകള്‍, കുറ്റം, തെളിവ്, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ കൂടിവ്യാപൃതമായിരുന്നു ഈ മതങ്ങളിലെ നിയമങ്ങള്‍. വ്യക്തി നിയമങ്ങളില്‍ പൊതുവേ അകല്‍ച്ചയാണ് ( non inteference policy ) പാലിച്ചതെങ്കിലും മറ്റു കാര്യങ്ങളില്‍ മതേതര നിലപാടാണ് കൊളോണിയല്‍ ഗവണ്‍മെന്റ് സ്വീകരിച്ചത്. 1860 ലെ ഇന്ത്യന്‍ പീനല്‍ കോഡ് ( Indian Penal Code) 1861 ക്രിമിനല്‍ നടപടി ക്രമം (Criminal Procedure code ) നിയമങ്ങളിലൂടെ ഹിന്ദു മുസ്‌ലിം ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചു. പകരം ഏകീകൃത ക്രിമിനല്‍ നിയമം കൊണ്ടുവന്നു. 1872ല്‍ കരാര്‍ നിയമത്തിലൂടെ (Indian contract act ) സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് ഏകീകൃത രൂപം കൊണ്ടുവരാന്‍ തുടങ്ങി. ഇത് പ്രകാരം മുഗള്‍ നിയമത്തിലെ മുസ്‌ലിം സ്ത്രീയുടെ സാക്ഷിത്വത്തിനുള്ള അയോഗ്യത നീക്കി. ഹിന്ദു ജാതി നിയമങ്ങളിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള എല്ലാ വിശേഷാധികാരവും നിര്‍ത്തലാക്കി. 1872ലെ തെളിവ് നിയമത്തിലൂടെ ( Indian Evidence Act ) കോടതി നടപടി മുഗള്‍ നാട്ടാരാചാരങ്ങളില്‍ നിന്ന് മുക്തമാക്കി.

1860ലെ ഇന്ത്യന്‍ പീനല്‍ കോഡിലൂടെ മുഗള്‍ നീതിഭരണ വ്യവസ്ഥയില്‍ നിന്നും പരിപൂര്‍ണ്ണമായും ബ്രിട്ടീഷ് ഭരണകൂടം പിന്മാറി. മാറ്റത്തെ പിന്തുണച്ച് ബില്ലിന്റെ രചയിതാവ് ലോര്‍ഡ് മക്കാല, മുഹമ്മദന്‍ നിയമം പൂര്‍ണ്ണമായും വ്യക്തമായിരിക്കുകയാണ് എന്നും മുഹമ്മദര്‍ തന്നെ ഇത്തരം നിയമത്തെ പിന്തുണയ്ക്കുകയില്ലെന്നും പ്രസ്താവിച്ചു. ബോംബെ പ്രവിശ്യയില്‍ ഇത്തരം മാറ്റം വന്നപ്പോള്‍ ഇല്ലാതിരുന്ന അസ്വാരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ മാറ്റം സാമൂഹിക അസന്തുഷ്ടി സൃഷ്ടിക്കില്ലെന്നും ബ്രിട്ടീഷ് നിയമനിര്‍മാണസഭയെ മക്കാല ബോധ്യപ്പെടുത്തി.

എന്തുകൊണ്ടാണ് പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പൊതുമണ്ഡലത്തില്‍ ഹിന്ദു-മുസ്‌ലിം മത നിയമങ്ങള്‍ പരിഗണിക്കാതെ മതേതര നിയമങ്ങള്‍ കൊളോണിയല്‍ ഗവണ്‍മെന്റ് കൊണ്ടുവന്നത്. എന്തുകൊണ്ടാണ് വ്യക്തി നിയമങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടീഷ് ഗവര്‍മെന്റ് വൈമനസ്യം കാണിച്ചത്?

കച്ചവട താല്‍പര്യം ആയിരുന്നു പ്രധാന പ്രേരകം. വ്യത്യസ്ത മത നിയമങ്ങള്‍, പ്രാദേശിക വകഭേദങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നികുതി പിരിവിനെയും മറ്റു കോടതി വ്യവഹാരങ്ങളെയും ബാധിച്ചതിനാലാണ് ഒരൊറ്റ നിയമം ബ്രിട്ടീഷ് ഗവര്‍മെന്റ് കൊണ്ടുവന്നത്. വൈസ്രോയിയുടെ നിയമനിര്‍മാണ കൗണ്‍സിലിലെ അംഗവും വിഖ്യാതനായ ഓറിയന്റലിസ്റ്റുമായ സര്‍ ഹെന്റെ മൈന്‍ (Sir Henry maine) എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് 'ഇന്ത്യയില്‍ ധാരാളം നിയമങ്ങള്‍ നിലവിലുണ്ട്. പല പ്രദേശങ്ങളിലും പല ജനങ്ങള്‍ക്കിടയിലും വ്യത്യസ്ത നിയമങ്ങള്‍. ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളില്‍ പൊതുവായി നടപ്പാക്കാവുന്ന നിയമ വ്യവസ്ഥയുടെ അഭാവവും ശ്രദ്ധേയമാണ്. വ്യക്തമായ നിയമങ്ങളുടെ അഭാവമാണ് ബ്രിട്ടീഷ് ഭരണകൂടത്തെ പൊതുനിയമത്തിലേക്ക് നയിച്ചത്. കച്ചവട താല്‍പര്യങ്ങളും നിയമങ്ങളിലെ അസന്തിഗ്ദധയുമാണ് ബ്രിട്ടീഷ് ഏകീകൃത നിയമങ്ങളുടെ ലക്ഷ്യമെന്ന് ജൂലിയ സ്റ്റീഫന്‍സ് 'Governing Islam' എന്ന പുസ്തകത്തില്‍ വാദിക്കുന്നത്.

വ്യക്തിപരമല്ലാത്ത മണ്ഡലത്തില്‍ എളുപ്പം നിയമം നടത്താനുള്ള അന്നത്തെ സാമൂഹിക അവസ്ഥ മറ്റൊരു കാരണമായിരുന്നു. പൊതുമണ്ഡലങ്ങളിലുള്ള നിയമരൂപീകരണം ഇന്ത്യന്‍ ജനതയില്‍ നിന്ന് കാര്യമായ എതിര്‍പ്പുകള്‍ക്ക് കാരണമായില്ല. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പാവാതിരിക്കാനുള്ള പ്രധാന കാരണം മതപരമായ എതിര്‍പ്പുകള്‍ ആയിരുന്നില്ല, മറിച്ച് കൊളോണിയല്‍ കാലത്ത് സ്വകാര്യതയെ കുറിച്ചും വീടകങ്ങളെ കുറിച്ചുമുള്ള ദേശീയ അവബോധത്തിന്റെ സാന്നിധ്യമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. തെളിവ്, കുറ്റകൃത്യം, കാരാര്‍ തുടങ്ങിയ മേഖലകളില്‍ ബ്രിട്ടീഷുകാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ എതിര്‍ക്കാതിരുന്ന ഹിന്ദുക്കളും മുസ്‌ലിംകള്‍ക്കും വ്യക്തിഗത കാര്യങ്ങളില്‍/കുടുംബ കാര്യങ്ങളില്‍ ഇടപ്പെട്ടപ്പോള്‍ ആവലാതി കാണിച്ചതിന്റെ കാരണവും കൊളോണിയലിസത്തിനെതിരെ വളര്‍ന്നുകൊണ്ടിരുന്ന ദേശീയതയാണ്. കുടുംബം എന്ന അടിസ്ഥാന ഘടകത്തിന്റെ ഭാവന സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് ആധുനിക കീഴാള പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മതവൈരം ആസൂത്രിതമായി വളര്‍ത്തിയെടുക്കാനായി കൊളോണിയല്‍ ഭരണകൂടം നടപ്പാക്കിയ മറ്റൊരു നയം കൂടിയാണ് വ്യത്യസ്ത മതങ്ങള്‍ക്ക് വ്യത്യസ്ത വ്യക്തി നിയമങ്ങള്‍.


1909ല്‍ പ്രത്യേക വോട്ടിംഗ് അവകാശം (Separate electorates ) മുസ്‌ലിംള്‍ക്ക് അനുവദിച്ചു കൊടുത്ത ബ്രിട്ടീഷ് ഗവണ്‍മെന്റ്, രാഷ്ട്രീയമായി ഹിന്ദു-മുസ്‌ലിംകളെ ഭിന്നിപ്പിച്ചു. സാംസ്‌കാരികമായി ഭിന്നിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം പിന്തുണച്ച നടപടിയായിരുന്നു വ്യക്തി നിയമങ്ങള്‍. ബ്രിട്ടീഷുകാര്‍ സംരക്ഷിച്ച വ്യക്തി നിയമങ്ങള്‍ ഹിന്ദു മുസ്‌ലിം മതസത്വകള്‍ക്കെതിരെയായിരുന്നു. മുസ്‌ലിം നിയമവ്യവസ്ഥയുടെ ആവാസവ്യവസ്ഥയെ പരിച്ഛേദിച്ച് ഇംഗ്ലീഷ് 'കോമണ്‍ ലോക്ക്'അനുസരിച്ച് പാകപ്പെടുത്തിയ കൊളോണിയല്‍ കണ്ടുപിടിത്തമാണ് മുസ്‌ലിം വ്യക്തി നിയമം എന്നാണ് വേല്‍ ഹല്ലാഖ് ( Wael Hallaque) അഭിപ്രായപ്പെടുന്നത്. പ്രാദേശിക ആചാരങ്ങളെ (customs) അവഗണിച്ച് ഗ്രന്ഥീകൃതമായ ഇസ്‌ലാമിനെ (scriptural islam) പ്രോത്സാഹിപ്പിക്കുന്ന രീതിയായിരുന്നു ആംഗ്ലോ മുഹമ്മദന്‍ നിയമം. കൊളോണിയല്‍ കാലത്ത് രൂപം കൊണ്ടുവന്ന ആധുനിക ഇസ്‌ലാം, ആധുനിക ഹിന്ദുമതത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞാലേ ഇത്തരം മാറ്റങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കൂ. ആംഗ്ലോ മുഹമ്മദന്‍ നിയമവും ആംഗ്ലോ ഹിന്ദു നിയമവും ഈയൊരു കൊളോണിയല്‍ നിയമപ്രക്രിയകളുടെ പരിണിതഫലമായി രൂപം കൊണ്ടതാണ്.

മാറ്റങ്ങള്‍ ഇന്ത്യക്കാരിലൂടെ

1935-ലെ നിയമം ( Government of India Act 1935) മതകാര്യങ്ങളില്‍ ഇടപെടരുതെന്ന് നയത്തില്‍ അയവ് വരുത്തി. 1935ല്‍ നിര്‍ദേശിച്ച ഭരണക്രമം അനുസരിച്ച് പ്രവിശ്യകളില്‍ ഇന്ത്യന്‍ നേതാക്കള്‍ ഭരണത്തില്‍ എത്തുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഈ നയപരിവര്‍ത്തനം. കൊളോണിയല്‍ മതേതരത്വത്തിന്റെ പതിയെയുള്ള പിന്മാറ്റം തുടങ്ങുന്നത് 1935ലെ ആക്‌റ്റോടുകൂടിയാണ്. 1937 ലെ ശരീഅത്ത് നിയമം ( Muslim personal law shariat application Act 1937) ഈ മാറ്റത്തിന്റെ ഉദാഹരണമാണ്. ആള്‍ ഇന്ത്യ മുസ്‌ലിം ലീഗിന്റെന്‌റെ പ്രതിനിധി ഹാഫിസ് മുഹമ്മദ് അബ്ദുല്ലയാണ് കേന്ദ്ര നിര്‍മാണ സഭയില്‍ ബില്‍ അവതരിപ്പിച്ചത്. മുഹമ്മദലി ജിന്നയുടെ എല്ലാ ആശീര്‍വാദവും ബില്ലിനുണ്ടായിരുന്നു. 1939 മുസ്‌ലിം വിവാഹമോചന നിയമം (Dissolution of Muslim marriage Act) കൊണ്ടുവന്നു. വ്യക്തമാക്കപ്പെട്ട കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിനുള്ള അവസരം ഒരുക്കുന്നതായിരുന്നു ബില്‍. ഹനഫി നിയമമനുസരിച്ച് മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം ദുഷ്‌കരമായിരുന്നതിനാല്‍ വിവാഹമോചനത്തിന് വേണ്ടി മതം മാറുന്ന സാമൂഹികാവസ്ഥ പരിഹരിക്കാനാണ് മൗലാനാ അഫ്‌റഫി താനവിയുടെ ശ്രമഫലമായി ബില്‍ അവതരിപ്പിക്കപ്പെട്ടത്. ഹനഫി നിയമങ്ങള്‍ക്ക് പകരം മാലികി മദ്ഹബിലെ വിവാഹമോചന അവസരം ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഈ ബില്ലിലൂടെ ലഭിച്ചു. സര്‍ ബി.എന്‍ റാവുവിന്റെ നേതൃത്വത്തില്‍ ഹിന്ദു നിയമ ക്രോഡീകരണത്തിനായി സമിതിയെ നിയമിച്ചതും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മാറിയ നിലപാട് വ്യക്തമാക്കുന്നുണ്ട്.

ഭരണഘടന നിര്‍മാണ സഭയില്‍

ഭരണഘടന നിര്‍മാണ സമയത്ത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ മതകാര്യങ്ങളില്‍ രാഷ്ട്രം ഇടപെടില്ലെന്ന് തത്വം ഇന്ത്യന്‍ നേതൃത്വം അംഗീകരിച്ചില്ല. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ( directive principles) 44 ആം വകുപ്പായി ഏകീകൃത സിവില്‍ കോഡ് ഇടം പിടിക്കുന്നത് ഭരണഘടന അസംബ്ലിയില്‍ നടന്ന ചൂടേറിയ ചര്‍ച്ചകളുടെ പര്യവസാനം ആയിട്ടാണ്. ഏകീകൃത സിവില്‍ കോഡിനായി വാദിച്ചെങ്കിലും ക്രമേണ സാമൂഹിക പ്രേരണയോടെ രൂപംകൊള്ളേണ്ടതാണ് എന്നായിരുന്നു അംബേദ്കറുടെ പക്ഷം.

1947 30 മാര്‍ച്ച് ന് മൗലികാവകാശ ഉപകമ്മിറ്റി, ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡിന് വേണ്ടി പരിശ്രമങ്ങള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. കമ്മിറ്റി അംഗങ്ങള്‍ ആയിരുന്ന എം.ആര്‍ മസാനി, ഹന്‍സ മെഹ്ത, അമൃത് കുമാര്‍ ഈ അഭിപ്രായത്തോട് വിയോജിച്ചു. അടുത്ത 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ യു.സി.സി നടപ്പാക്കണം എന്ന് അവര്‍ ശക്തിയുക്തം വാദിച്ചു. ഇന്ത്യയിലെ വര്‍ഗ്ഗീയതയ്ക്ക് നിധാനം വ്യത്യസ്ത വ്യക്തി നിയമങ്ങള്‍ ആണെന്നായിരുന്നു അവര്‍ വാദിച്ചത്. 194719 ഏപ്രിലില്‍ കമ്മിറ്റി വീണ്ടും ചേര്‍ന്നപ്പോള്‍ സിവില്‍ കോഡ് അഭികാമ്യം ആണെന്നും സ്വമേധയാ മാത്രമേ നടപ്പാക്കാവൂ എന്ന് തീരുമാനമെടുത്തു.

23 നവംബര്‍ 1948 ലാണ് ഭരണഘടന അസംബ്ലിക്ക് മുന്നില്‍ ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച വരുന്നത്. മുസ്‌ലിം, ക്രൈസ്തവ, പാര്‍സി അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഭാവി ഭരണഘടനയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കണമെന്നും ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധി മുഹമ്മദ് ഇസ്മായില്‍ സാഹിബ് യു.സി.സി മുസ്‌ലിം ജീവിത രീതിക്ക് തികച്ചും വിപരീതം എന്ന് വാദിച്ചു. ഏകീകരണത്തിലൂടെ ഐക്യമല്ല, മറിച്ച് സാമൂഹിക അസന്തുഷ്ടത ആയിരിക്കും ഫലം എന്നും അദ്ദേഹം സഭയെ ഓര്‍മിപ്പിച്ചു. മദ്രാസില്‍ നിന്നുള്ള മഹബൂബ് അലി ബൈഗും മതേതര ഇന്ത്യയില്‍ വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വാദിച്ചു. വാറന്‍ ഹേസ്റ്റിങ്‌ന്റെ സമയത്തെ ഹള്‍ഹദിനെ ഉദ്ധരിച്ച് ലീഗിലെ പോക്കര്‍ സാഹിബ്, ബ്രിട്ടീഷുകാരുടെ വിജയത്തിനു കാരണം അവര്‍ വ്യക്തി നിയമങ്ങളില്‍ സ്വാതന്ത്ര്യം അനുവദിച്ചതുകൊണ്ടാണെന്ന് വ്യക്തമാക്കി.


ബംഗാളില്‍ നിന്നുള്ള നസീറുദ്ദീന്‍ അഹമ്മദും, ബീഹാറില്‍ നിന്നുള്ള ഹുസൈന്‍ ഇമാമും ബില്ലിനെ നിബന്ധനകളോടെ അംഗീകരിച്ചു. രാജ്യത്ത് സുരക്ഷിത നിരക്ക് വര്‍ധിപ്പിച്ചതിനു ശേഷം, ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതിനു ശേഷം, എല്ലാവരുടെയും യോജിപ്പോടെ ക്രമേണയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് എന്ന പക്ഷക്കാരായിരുന്നു അവര്‍. കരട് ഭരണഘടന നിര്‍മാണ സമിതിയിലെ അംഗങ്ങളായ അംബേദ്കര്‍, കെ.എം മുന്‍ഷി, അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ തുടങ്ങിയവര്‍ യു.സി.സിയെ പിന്തുണച്ചു. തുര്‍ക്കിയുടെയും, ഈജിപ്തിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏകീകൃത സിവില്‍ കോഡില്‍ ഇസ്‌ലാമില്‍ നിയമപരമായി തടസ്സങ്ങള്‍ ഒന്നുമില്ലെന്ന് മുന്‍ഷി വാദിച്ചു. മതത്തിന്റെ ഭാഗമായി വ്യക്തിനിയമത്തെ പ്രതിഷ്ഠിച്ചത് ബ്രിട്ടീഷുകാരാണ്. ഇത് ഹിന്ദുമതത്തിലെ പല വിഭാഗങ്ങളെയും കൂടി ബാധിക്കുന്ന വിഷയം കൂടിയാണ്. അതിനാല്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമാണെന്നും അദ്ദേഹം യുക്തി സഹിതം നിരത്തി.

അല്ലാടി കൃഷ്ണസ്വാമി അയ്യറും ഈ അഭിപ്രായത്തെ പിന്തുണച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ ദേശീയതക്കടിസ്ഥാനം ഒരൊറ്റ നിയമസംഹിതയാണെന്നായിരുന്നു ന്യായം. മുസ്‌ലിംകള്‍ അവരുടെ മതത്തിലെ നിയമങ്ങള്‍, ക്രിമിനല്‍, കച്ചവടം, തെളിവ് തുടങ്ങിയ കാര്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ കൈകടത്തിയപ്പോള്‍ പ്രതികരിക്കാത്തതു പോലെ വ്യക്തി നിയമങ്ങളില്‍ മാറ്റങ്ങള്‍ പുല്‍കണമെന്ന് അഭ്യര്‍ഥിച്ചു. ഹിന്ദു ജാതിവ്യവസ്ഥയിലെ താഴ്ന്ന ജാതിക്കാരുടെ ക്ഷേമം പരിഗണിച്ച് അംബേദ്കറും ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ചു. ഉത്തര മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായം ചൂണ്ടിക്കാണിച്ച് ഹിന്ദു ആചാരങ്ങള്‍ പിന്തുടരാന്‍ മുസ്‌ലിംകള്‍ക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1937 ലെ ശരീഅത്ത് നിയമം വരുന്നതിന് മുമ്പ് മുസ്‌ലിംകള്‍ ഭാഗികമായി ഹിന്ദു ആചാരങ്ങളെ പ്രയോഗവത്കരിച്ചിരുന്നുവെന്ന് ബാലിശമായ ആരോപണവും അദ്ദേഹം ഉയര്‍ത്തി. പക്ഷേ, ഏകീകൃത സിവില്‍ കോഡ് പെട്ടെന്ന് നടപ്പാക്കുന്നതില്‍ അദ്ദേഹം ജാഗ്രത നിര്‍ദേശിച്ചു. ഭാവി പാര്‍ലമെന്റ് ഘട്ടം ഘട്ടമായി സ്വമേധയാ മാത്രമേ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍ എല്ലാം മതത്തിന്റെ ഭാഗമാണ്. മതകാര്യങ്ങളില്‍ ഇടപെടാതിരുന്നാല്‍ സാമൂഹിക പരിഷ്‌കാരം സാധ്യമല്ല. അതിനാല്‍ ജാഗ്രതയോടെ വ്യത്യസ്ത വിഭാഗങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കി ആവണം ഏകീകൃത സിവില്‍ കോഡ് എന്നും അദ്ദേഹം ശഠിച്ചു.

ഹിന്ദു കോഡ് ചര്‍ച്ചകള്‍

1941 ലാണ് ആദ്യമായി ഹിന്ദുനിയമ ക്രോഡീകരണത്തിനായി ബി.എന്‍ റാവു അധ്യക്ഷനായ സമിതി രൂപീകരിക്കപ്പെട്ടത്. 1943ല്‍ ഇതേസമിതി തന്നെ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി നിയമിക്കപ്പെട്ടു. ഭരണഘടന അസംബ്ലിയില്‍ മുഖ്യ ഉപദേശകനായി ബി.എന്‍ റാവു വന്നതോടെ ഹിന്ദു നിയമ പരിഷ്‌കരണം വീണ്ടും ചര്‍ച്ചയ്ക്ക് വന്നു. ഒപ്പം അംബേദ്കറുടെ പിന്തുണയും ലഭിച്ചതോടെ കോണ്‍ഗ്രസിലെ യഥാസ്ഥിതിക വിഭാഗത്തിന് വിഷയം ഗൗരവമായി കാണേണ്ടി വന്നു. അവസാനം കോണ്‍ഗ്രസിലെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അംബേദ്കര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നത്. 1949 ഡിസംബറില്‍ നിയമ മന്ത്രിയായിരുന്ന അംബേദ്കര്‍ ഹിന്ദു കോഡ് ബില്ല് താല്‍കാലിക പാര്‍ലമെന്റിനു മുമ്പില്‍ അവതരിപ്പിച്ചു. ശക്തമായ പ്രതിഷേധം സഭയില്‍ ബില്ലിനെതിരെ ഉയര്‍ന്നു. ഹരി വിനായക് പാടന്‍സ്‌കര്‍ ഹിന്ദുക്കള്‍ക്ക് മാത്രമായ നിയമം കൊണ്ടുവന്നത് എതിര്‍ത്ത്, ഏകീകൃത സിവില്‍ കോഡിനായി ശബ്ദിച്ചു. 1951ല്‍ കോണ്‍ഗ്രസ് സഭയില്‍ വിപ്പ് പ്രഖ്യാപിക്കാത്തതിനാല്‍ ബില്‍ പരാജയപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അംബേദ്കറുടെ രാജി.

1955-56 നിടയില്‍ വ്യത്യസ്ത ഭാഗങ്ങളായി ഹിന്ദു കോഡ് ബില്ല് പാര്‍ലമെന്റ് പാസാക്കി. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന എന്‍.സി ചാറ്റര്‍ജി കോണ്‍ഗ്രസിന്റെ വര്‍ഗീയ നടപടിയായി ബില്ലിനെ പുച്ഛിച്ചു. ഇന്ന് ഇന്ത്യയില്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, പാര്‍സികള്‍, ജൂതന്മാര്‍ എന്നിവര്‍ ഒഴിച്ച് എല്ലാവര്‍ക്കും ബാധകമാണ് ഹിന്ദുക്കോഡ്. പൂര്‍ണ്ണമായി ഇപ്പോഴും ഹിന്ദുകോഡ് ബില്ല് ക്രോഡീകരിക്കപ്പെട്ടിട്ടില്ല. സ്ഖലിതങ്ങളുണ്ടെങ്കിലും സ്റ്റേറ്റിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവന്ന സാമൂഹിക മാറ്റത്തിന്റെ വിജയമുദ്രയാണ് ഹിന്ദു കോഡ് ബില്‍.

ഏകീകൃത സിവില്‍ കോഡ് കോടതിയില്‍

രാഷ്ട്രീയ നേതൃത്വം സാമൂഹിക യഥാസ്ഥികത്തെ പിന്തുണച്ചപ്പോള്‍ സാമൂഹ്യ/വ്യക്തി നിയമങ്ങളില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി മുന്നോട്ടു വന്നിട്ടുള്ളത് കോടതികളാണ്. 1951 ലെ നരസു അപ്പമാലി കേസില്‍ (Narasu Appa Mali case ) വ്യക്തിനിയമങ്ങള്‍ ഭരണഘടന അനുസരിച്ച് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ശബരിമല കേസില്‍ നരസു കേസിലെ വിധിയെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് പൂര്‍ണമായും തള്ളി. ' 1951 ലെ വിധി വികലമായ അനുമാനങ്ങള്‍ അടിസ്ഥാനമാക്കിയാണ്. വ്യക്തി നിയമങ്ങള്‍, മതാചാരങ്ങള്‍, മതവിശ്വാസങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആയ (basic principles) തുല്യ നീതി, ജീവിക്കാനുള്ള അവകാശം, അഭിമാനത്തിനുള്ള അവകാശം എന്നീ തത്വങ്ങള്‍ക്ക് ബാധകം ആയിരിക്കും'. വ്യക്തി നിയമങ്ങള്‍ ആര്‍ട്ടിക്കിള്‍ 13 പ്രകാരം സ്റ്റേറ്റിന് ഇടപെടാന്‍ പറ്റാത്ത നിയമങ്ങള്‍ ആണെന്ന വാദവും ഈ വിധിയിലൂടെ സുപ്രീം കോടതി അസാധുവാക്കി.

1973ല്‍ ഷാബാനു കേസിലാണ് മുസ്‌ലിം വ്യക്തി നിയമത്തിന്റെ സാധ്യത കോടതി ചോദ്യം ചെയ്യുന്നത്. 1973 ക്രിമിനല്‍ കോഡിലെ (code of criminal procedure) സെക്ഷന്‍ 125 പ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് സ്വയം ചിലവിന് പര്യാപ്തമല്ലെങ്കില്‍ ഭര്‍ത്താവ് ചിലവിന് കൊടുക്കണം. കോഡിലെ സെക്ഷന്‍ 127 (3) (b) അനുസരിച്ച് വ്യക്തി നിയമപ്രകാരം ജീവനാംശം കൊടുത്താല്‍ സെക്ഷന്‍ 125 ബാധകമാവില്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. നരസു അപ്പ മാലി കേസിലെ മുന്‍കൂര്‍ വിധി വ്യക്തിനിയമത്തില്‍ ഇടപെടലില്‍നിന്നും കോടതിയെ പിന്തിരിപ്പിച്ചില്ല. ഹൈക്കോടതി വിധി ശരി വെച്ച് സുപ്രീംകോടതി മതത്തിനതീതമായി എല്ലാവര്‍ക്കും സെക്ഷന്‍ 125 ബാധകമാണെന്ന് വിധിച്ചു. ഖുര്‍ആന്‍ സൂക്തങ്ങള്‍ അജ്ഞതയോടെ വ്യാഖ്യാനിച്ച് മഹര്‍ വിവാഹമോചന സമയത്ത് നല്‍കേണ്ട സംഖ്യയല്ല, അതിനാല്‍ വ്യക്തിനിയമത്തെ സംരക്ഷിക്കുന്ന 127 (3) (b) മുസ്‌ലിംകള്‍ക്ക് ബാധകമല്ലെന്ന് കോടതി പറഞ്ഞു. ഇതുവരെ 44 ആം വകുപ്പ് ഇന്ത്യയില്‍ നടപ്പില്‍ വരാത്തതില്‍ കോടതി ഖേദവും പ്രകടിപ്പിച്ചു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയില്‍ യു.സി.സി ദേശീയ അഖണ്ഡത ഉറപ്പുവരുത്തുമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

ശബാനു കേസിന് പുറമേ വ്യത്യസ്ത കേസുകളില്‍ സുപ്രീംകോടതി യു.സി.സിക്ക് വേണ്ടി വാദിച്ചിട്ടുണ്ട്. 1995 സര്‍ല മുഗ്ധല്‍ കേസ് (Sarla mugdal case 1995) 2005ലെ ലിലി തോമസ് (Lily Thomas) ഉദാഹരണങ്ങളാണ്. ഇന്ത്യന്‍ കോടതികള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത സംവിധാനമായതിനാലും പ്രതിനിധി സഭയല്ലാത്തതിനാലും നിയമനിര്‍മാണ സഭകള്‍ക്ക് നിര്‍ദേശം നല്‍കാനേ ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥയില്‍ കോടതികള്‍ക്ക് സാധിക്കുകയുള്ളൂ. ജുഡീഷ്യറി നിയമസഭകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കരുതെന്ന കീഴ്‌വഴക്കവുമുണ്ട്.

മുസ്‌ലിം പ്രതിഷേധം കണക്കിലെടുത്ത് രാജീവ് ഗാന്ധി സര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ തള്ളിപ്പറഞ് മുസ്‌ലിം സ്ത്രീ സംരക്ഷണ ബില്‍ (Muslim women protection of rights on divorce) Act 1986 കൊണ്ടുവന്നു. ബില്‍ പ്രകാരം വിവാഹമോചിതയായ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ഇപ്രകാരമായിരുന്നു. 1) ഇദ്ദ കാലത്തെ ന്യായമായ ജീവനാംശ തുക. 2) രണ്ടു വയസ്സ് ആകുന്നത് വരെ കുട്ടികളുടെ സംരക്ഷണ ചിലവ്. 3) കല്യാണസമയത്ത് ഉറപ്പിച്ച മഹര്‍. 4) വിവാഹ ജീവിതത്തില്‍ ഭാര്യക്ക് നല്‍കിയ എല്ലാ സ്വത്തുക്കളും ഇദ്ദ കാലത്തിനുശേഷം വിവാഹമോചിതയ്ക്ക് ജീവനാംശത്തിനായി സംസ്ഥാന വഖ്ഫ് ബോര്‍ഡുകളെ സമീപിക്കാവുന്നതാണ്. 1986 ലെ ഈ നിയമത്തെ 2001ല്‍ സുപ്രീംകോടതി ഡാനിയല്‍ ലതീഫി (Daniel Latifi ) കേസില്‍ ദുര്‍ബലപ്പെടുത്തി. ശബാനു കേസിന് പുറമേ വ്യത്യസ്ത കേസുകളില്‍ സുപ്രീംകോടതി യു.സി.സിക്ക് വേണ്ടി വാദിച്ചിട്ടുണ്ട്. 1995 സര്‍ല മുഗ്ധല്‍ കേസ് (Sarla mugdal case 1995) 2005ലെ ലിലി തോമസ് (Lily Thomas) ഉദാഹരണങ്ങളാണ്. ഇന്ത്യന്‍ കോടതികള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത സംവിധാനമായതിനാലും പ്രതിനിധി സഭയല്ലാത്തതിനാലും നിയമനിര്‍മാണ സഭകള്‍ക്ക് നിര്‍ദേശം നല്‍കാനേ ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥയില്‍ കോടതികള്‍ക്ക് സാധിക്കുകയുള്ളൂ. ജുഡീഷ്യറി നിയമസഭകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കരുതെന്ന കീഴ്‌വഴക്കവുമുണ്ട്.

നരസു അപ്പ മാലിയുടെ തത്വം തള്ളിക്കളഞ്ഞ ഇന്ത്യന്‍ ജുഡീഷ്യറി വ്യക്തി നിയമങ്ങള്‍ ഭരണഘടന ധാര്‍മികതയ്ക്ക് നിരക്കാത്തതാണെങ്കില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അഭിപ്രായത്തിലാണ്. മുത്തലാഖ് നിരോധിച്ച 2002ലെ ശായറ ബാനു വിധിയില്‍ വിയോജിച്ച ജസ്റ്റിസ്മാരായ ഖേഹര്‍, നസീര്‍ എന്നിവര്‍ ഭരണഘടനയിലെ 25-ാം ആര്‍ട്ടിക്കിളിലെ വ്യവസ്ഥകള്‍ വ്യക്തി നിയമങ്ങള്‍ക്ക് ബാധകമാണെന്ന് വിധിച്ചു. മതസ്വാതന്ത്ര്യം അനുവദിക്കുന്ന 25-ാം ആര്‍ട്ടിക്കിള്‍ പക്ഷേ പൊതുക്രമം (Public order) ധാര്‍മികത, ആരോഗ്യം എന്നീ നിബന്ധനകളോടുകൂടിയാണ് മതസ്വാതന്ത്ര്യത്തിന് സാധുത നല്‍കിയിട്ടുള്ളത്.

ഉപസംഹാരം

പൊതുവേ മതകാര്യങ്ങളില്‍ ബ്രിട്ടീഷ് വിക്ടോറിയന്‍ ധാര്‍മികതയ്ക്ക് വിരുദ്ധമാകാത്തപ്പോഴെല്ലാം ഇടപെടാതെ സാമൂഹിക യഥാസ്ഥികത്വത്തെ അംഗീകരിച്ച നയമായിരുന്നു ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ചത്. പലപ്പോഴും ഈ കൊളോണിയല്‍ മതേതരത്വത്തെ സൗകര്യപൂര്‍വ്വം ബ്രിട്ടീഷ് ഭരണകൂടം ലംഘിച്ചിട്ടുണ്ട്. പൊതുണ്ഡലങ്ങളില്‍ ഏകീകൃത നിയമങ്ങള്‍ കൊണ്ടുവന്ന ബ്രിട്ടീഷ് ഭരണകൂടം മതകാര്യങ്ങളില്‍ ഇടപെട്ടപ്പോഴൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 1935 മുതല്‍ ഇന്ത്യന്‍ നേതാക്കള്‍ ഭരണത്തില്‍ വന്നതോടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇടപെടാതിരിക്കല്‍ നയം (non-interference) നയത്തില്‍ നിന്നും പിന്മാറി.

ആര്‍ട്ടിക്കിള്‍ 44 ഏക സിവില്‍ കോഡ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതോടെ വ്യക്തി നിയമങ്ങളില്‍ സ്റ്റേറ്റ് ഇടപെടില്ലെന്ന കൊളോണിയല്‍ നിലപാടില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്ര്യ ഇന്ത്യ മാറി. ഹിന്ദു കോഡ് ബില്ല് കൊണ്ടുവന്നത് ഈ ഒരു മാറ്റത്തിന്റെ പ്രതിഫലനമാണ്. ഇപ്പോഴും ഭരണഘടനയുടെ 13, 25 വകുപ്പുകള്‍ പ്രകാരം മസ്‌ലിം, ക്രിസ്ത്യന്‍, പാര്‍സി വ്യക്തി നിയമങ്ങള്‍ക്ക് പരിരക്ഷയുണ്ടെങ്കിലും ഭരണഘടന ധാര്‍മികതയ്ക്ക് ഭംഗം വരുത്താതെ ആയിരിക്കണം വ്യക്തി നിയമങ്ങള്‍ എന്നാണ് കോടതിനയം. ചില സിവില്‍ കാര്യങ്ങളില്‍ ഭാഗികമായി ഏക സിവില്‍കോഡ് ഇന്ന് പ്രാബല്യത്തില്‍ ഉണ്ട്. 1954 സ്‌പെഷ്യല്‍ മേരേജ് ആക്ട് ഇത്തരത്തിലുള്ള ഒരു നിയമമാണ്. മതങ്ങള്‍ക്കതീതമായി വിവാഹം, വിവാഹമോചനം, അനന്തരവകാശം തുടങ്ങിയ മേഖലകളില്‍ സ്വമേധയാ ഏകീകൃത നിയമനം തിരഞ്ഞെടുക്കാന്‍ പൗരന് ഇതിലൂടെ സാധിക്കും. 2005ലെ ദത്തെടുക്കല്‍ നിയമം ഗാര്‍ഹിക പീഡന ബില്‍ (domestic violence bill) മത വ്യത്യാസമില്ലാതെ ഏകീകൃത നിയമമാണ് മുന്നോട്ട് വെക്കുന്നത്.

ഏകീകൃത സിവില്‍ കോഡ് പുരോഗമന വാദത്തിനപ്പുറം ഹിന്ദുത്വ ദേശീയതയുമായും ന്യൂനപക്ഷ സത്വവുമായി ഏറെ ബന്ധപ്പെട്ടതാണ്. രാഷ്ട്രീയ മേധാവിത്വം നേടിക്കഴിഞ്ഞ ഹിന്ദുത്വത്തിന് സാംസ്‌കാരിക ആധിപത്യം നേടാനായുള്ള ആയുധമാണ് ന്യൂനപക്ഷങ്ങള്‍ ഇപ്പോഴത്തെ യു.സി.സി ചര്‍ച്ചകളെ കാണുന്നത്. പ്രത്യേകിച്ചും പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യു.സി.സി ആവശ്യമില്ലെന്നും വ്യക്തിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുകയാണ് വേണ്ടതെന്നും വാദിക്കുന്ന സാമൂഹ്യശാസ്ത്രജ്ഞന്മാരുണ്ട്. ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്ന യു.സി.സി അംബേദ്കറും, മുന്‍ഷിയും സ്വപ്നം കണ്ട പദ്ധതി അല്ലെന്ന യഥാര്‍ഥവും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ ഓര്‍ക്കേണ്ടതാണ്.

References:

Elizabeth Kolsky, Colonial Justice in British India: White Violence and the Rule of Law

Janaki Nair, Women and Law in Colonial India: A Social History

Julia Stephens, Governing Islam: Law, Empire, and Secularism in Modern South Asia

Talal Asad, Formations of the secular

Sanjukta Das Gupta, Subjects, Citizens and Law Colonial and independent India

ഗ്രേസ് മുബഷിര്‍: ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ റിസേര്‍ച്ച് സ്‌കോളര്‍. ആധുനിക ഇസ്ലാമിന്റെ രൂപീകരണത്തിലും, കൊളോണിയല്‍ കാലത്ത് ഇസ്ലാമിക നിയമത്തിന്റെ പരിവര്‍ത്തനത്തിലുമുള്ള ഇന്ത്യയുടെ സാമ്രാജ്യത്വ പങ്കിനെക്കുറിച്ച് പഠനം നടത്തുന്നു.




TAGS :