Quantcast
MediaOne Logo

പി.ടി നാസര്‍

Published: 21 July 2023 3:58 AM GMT

റഷ്യയിലേയും പുറത്തേയും മുസ്‌ലിംകളോട്, ലെനിനും സ്റ്റാലിനും

മുസ്‌ലിംകളുടെ അഖില റഷ്യാ കോണ്‍ഗ്രസ്സ് വിളിച്ചുകൂട്ടാന്‍ ബ്യൂറോ തീരുമാനിച്ചു. അതിനുവേണ്ടി കഠിനമായി പ്രയത്‌നിക്കുകയും ചെയ്തു. റഷ്യയിലെങ്ങുമുള്ള എല്ലാത്തരം മുസ്‌ലിം സംഘടനകളയും കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചു. ഏതാണ്ട് എല്ലാ പ്രദേശത്തുമുള്ള സംഘടനകള്‍ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്സിനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. അങ്ങനെ അഖിലറഷ്യാ മുസ്‌ലിം കോണ്‍ഗ്രസ്സിന് അരങ്ങൊരുങ്ങി. | ചുവപ്പിലെ പച്ച - ഭാഗം:10

കമ്മ്യണിസ്റ്റ് പാര്‍ട്ടിയും മുസ്ലിംകളും
X

വിപ്ലവഗവര്‍മെന്റ് അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അങ്ങനെയൊരു കത്ത് പുറത്തുവന്നു. റഷ്യയിലേയും കിഴക്കന്‍ രാജ്യങ്ങളിലേയും മുസ്‌ലിംകള്‍ക്ക് ബോള്‍ഷേവിക് നേതൃത്വം എഴുതിയ തുറന്നകത്ത്. ലെനിനും സ്റ്റാലിനുമാണ് കത്തില്‍ ഒപ്പുവെച്ചിരുന്നത്. ജനകീയ കമ്മീസാര്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ ലെനിനും ദേശീയ ജനവിഭാഗങ്ങളുടെ കമ്മീസാറിയെറ്റിന്റെ തലവന്‍ എന്നനിലയില്‍ സ്റ്റാലിനുമാണ് അഭ്യര്‍ഥന പുറത്തുവിട്ടത്. 1917 ഡിസംബര്‍ ഏഴിനാണ് കത്ത് പുറത്തുവന്നത്. അതിങ്ങനെയാണ്:

സഖാക്കളെ, സഹോദരന്മാരേ...

റഷ്യയില്‍ മഹത്തായ സംഭവവികാസങ്ങള്‍ അരങ്ങേറുകയാണ്. മറ്റുരാജ്യങ്ങളെ വിഭജിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യുദ്ധത്തിന്റെ അന്ത്യം അടുക്കുകയാണ്. ഭൂമിയിലെ ചൂഷകരുടേയും ജനങ്ങളെ അടിമകളാക്കുന്നവരുടേയും ഭരണം അവസാനിക്കുകയാണ്. റഷ്യന്‍ വിപ്ലവത്തിന്റെ പ്രഹരമേറ്റ് അടിമപ്പണിയുടേയും ദാസ്യവേലയുടേതുമായ പഴയ ലോകക്രമം തകരുകയാണ്. പണിയെടുക്കുന്നവരുടേയും സ്വതന്ത്രമനുഷ്യരുടേയും ഒരു പുതിയലോകം പിറക്കുകയാണ്. ഈ വിപ്ലവത്തിന്റെ തലപ്പത്ത് റഷ്യയിലെ അദ്ധ്വാനിക്കുന്നവരുടേയും കര്‍ഷകരുടേയും ഗവര്‍മെന്റാണ് നിലകൊള്ളുന്നത്. ജനകീയസോവിയറ്റുകളുടെ കമ്മീസാര്‍മാരാണ്.

യുദ്ധംചെയ്തു തളര്‍ന്ന യൂറോപ്പിലെ തൊഴിലാളികള്‍ സമാധാനം സൃഷ്ടിക്കുന്ന ഞങ്ങളുമായി കൈകോര്‍ത്തു കഴിഞ്ഞു. പടിഞ്ഞാറുള്ള തൊഴിലാളികളും സൈനികരും സോഷ്യലിസത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നു കഴിഞ്ഞു. അവര്‍ സാമ്രാജ്യത്തത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കാനും തുടങ്ങി - റഷ്യയിലേയും കിഴക്കന്‍ രാജ്യങ്ങളിലേയും മുസ്‌ലിംകള്‍ക്ക് ബോള്‍ഷേവിക് നേതൃത്വം എഴുതിയ തുറന്നകത്തില്‍ ഇങ്ങിനെ പറഞ്ഞു.

തൊഴിലാളികളുടേയും കര്‍ഷകരുടേയും സൈനികരുടേയും പ്രതിനിധികള്‍ നയിക്കുന്ന വിപ്ലവസോവിയറ്റുകള്‍ റഷ്യയിലെല്ലായിടത്തും നിരന്നിട്ടുണ്ട്. രാജ്യത്തിന്റെ അധികാരം ജനങ്ങളുടെ കയ്യിലാണിപ്പോള്‍. റഷ്യയിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ഏറ്റവും വലിയലക്ഷ്യം അഭിമാനപൂര്‍ണമായ സമാധാനം കൈവരിക്കുകയും, ഭൂമിയിലെ അടിച്ചമര്‍ത്തപ്പെട്ട എല്ലാവരേയും അവരുടെ സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ സഹായിക്കുകയും ചെയ്യുക എന്നതാണ്.

പരിപാവനമായ ഈ യത്‌നത്തില്‍ റഷ്യ ഒറ്റയ്ക്കല്ല. സ്വാതന്ത്ര്യത്തിന് വേണ്ടി റഷ്യന്‍വിപ്ലവം മുഴക്കുന്ന ആഹ്വാനം കിഴക്കും പടിഞ്ഞാറും പണിയെക്കുന്ന എല്ലാവരിലും എത്തിയിട്ടുണ്ട്. യുദ്ധംചെയ്തു തളര്‍ന്ന യൂറോപ്പിലെ തൊഴിലാളികള്‍ സമാധാനം സൃഷ്ടിക്കുന്ന ഞങ്ങളുമായി കൈകോര്‍ത്തു കഴിഞ്ഞു. പടിഞ്ഞാറുള്ള തൊഴിലാളികളും സൈനികരും സോഷ്യലിസത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നു കഴിഞ്ഞു. അവര്‍ സാമ്രാജ്യത്തത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കാനും തുടങ്ങി.

അങ്ങകലെ ഇന്ത്യയില്‍, യൂറോപ്പിലെ 'ജ്ഞാനോദയം കിട്ടിയ' കൊള്ളക്കാരാല്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുന്ന ഇന്ത്യയില്‍, കലാപക്കൊടി ഉയര്‍ന്നുകഴിഞ്ഞു. അവര്‍ അവരുടെ സ്വയംനിര്‍ണയാവകാശം സ്ഥാപിക്കുകയും അതിന്റെ കൈകാര്യസ്ഥന്മാരെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് വെറുപ്പുളവാക്കുന്ന അടിമത്തത്തിന്റെ നുകത്തെ സ്വന്തം ചുമലില്‍നിന്ന് തള്ളിമാറ്റിക്കഴിഞ്ഞു. എന്നിട്ടവര്‍ കിഴക്കെങ്ങുമുള്ള ജനങ്ങളെ സ്വാതന്ത്ര്യത്തിന്നായുള്ള സമരത്തിലേക്ക് വിളിച്ചുകൂട്ടുകയാണ്.

ഈ മഹത്തായ സംഭവവികാസങ്ങളുടെ മുഖത്തുനിന്നുകൊണ്ട് ഞങ്ങള്‍ നിങ്ങളിലേക്ക് തിരിയുകയാണ്, റഷ്യയിലും കിഴക്കന്‍ രാജ്യങ്ങളിലുമെങ്ങുമുള്ള പണിയെടുക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന മുസ്‌ലിംകളേ,

റഷ്യയിലെ മുസ്‌ലിംകളുടെ, വോള്‍ഗയിലേയും ക്രീമിയയിലേയും ക്രിര്‍ഗിസിലേയും താര്‍ത്താറിസ്ഥാനിലേയും സൈബീരിയയിലേയും കാക്കസിനപ്പുറത്തെ തുര്‍ക്ക് വംശജരുടേയും ചെച്‌നുകളുടേയും എല്ലായിടത്തേയും എല്ലാ മുസ്‌ലിംകളുടേയും പള്ളികള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും റഷ്യയെ അടിച്ചമര്‍ത്തിയിരുന്ന സാര്‍ ചക്രവര്‍ത്തിയുടെ കാലടിച്ചുവട്ടില്‍ ഞെരിഞ്ഞമരുകയായിരുന്നു.


ഇവിടന്നങ്ങോട്ട്, നിങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും നിങ്ങളുടെ ദേശീയസ്ഥാപനങ്ങളും സാംസ്‌കാരികസ്ഥാപനങ്ങളും സ്വതന്ത്രമായിരിക്കും. അതൊന്നും ചോദ്യം ചെയ്യപ്പെടുകയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ദേശീയജീവിതം സ്വതന്ത്രമായി പടുത്തുയര്‍ത്താം. അത് തടസ്സപ്പെടില്ല. അദ്ധ്വാനിക്കുന്ന തൊഴിലാളികളുടെയും കര്‍ഷകരുടേയും സൈനികരുടെയും സോവിയറ്റുകള്‍ റഷ്യയിലെ മറ്റെല്ലാ ജനങ്ങളുടേയും അവകാശം സംരക്ഷിക്കുന്നതുപോലെ നിങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്ന് അറിയുക.

അതിനാല്‍, ഈ വിപ്ലവത്തേയും ഇതിന്റെ പരമാധികാരമുള്ള സര്‍ക്കാറിനേയും സംരക്ഷിച്ചു നിര്‍ത്തുക! കിഴക്കുള്ള മുസ്‌ലിംകള്‍, പേര്‍ഷ്യക്കാര്‍, തുര്‍ക്കികള്‍, അറബികള്‍, ഹിന്ദുക്കള്‍, തുടങ്ങി സ്വന്തം മണ്ണില്‍ സ്വാതന്ത്ര്യത്തോടെയും സമൃദ്ധിയോടെയും ജീവിച്ചിരുന്ന എല്ലാവരുടേയും എല്ലാ സമ്പത്തും യൂറോപ്പിലെ അത്യാഗ്രഹികളായ കൊള്ളക്കാര്‍ അപഹരിച്ചു. എന്നിട്ട് ഈ നാടുകളെത്തന്നെ ഓഹരിവെച്ചെടുക്കുന്നതിനുള്ള യുദ്ധമാണ് യൂറോപ്യന്‍ കൊള്ളക്കാര്‍ തുടങ്ങിവെച്ചത്.

കോണ്‍സ്റ്റാനിപ്പോള്‍ പിടിച്ചടക്കുന്നതു സംബന്ധിച്ച്, തൂത്തെറിയപ്പെട്ട സാര്‍ ചക്രവര്‍ത്തി ഉണ്ടാക്കുകയും കെരന്‍സ്‌ക്കി ഗവര്‍മെന്റ് അംഗീകരിക്കുകയും ചെയ്ത രഹസ്യക്കരാര്‍ തള്ളിക്കളഞ്ഞതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അതിന് ഒരുവിലയുമില്ല. റഷ്യന്റിപ്പബ്ലിക്കും അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ഗവര്‍മെന്റും വിദേശ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനെ എതിര്‍ക്കുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിംകളുടെ കൈവശം തന്നെയായിരിക്കും.

പേര്‍ഷ്യയെ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ വിലയില്ലാത്തതും തള്ളപ്പെട്ടതുമാണെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. സൈനിക നീക്കങ്ങള്‍ അവസാനിക്കുന്നതോടെ പേര്‍ഷ്യയില്‍ നിന്ന് പട്ടാളക്കാരെ പിന്‍വലിക്കും. പേര്‍ഷ്യക്കാര്‍ക്ക് അവരുടെ ഭാഗധേയം സ്വതന്ത്രമായി നിര്‍ണയിക്കാനുള്ള അവകാശം ഉറപ്പാണ്.

തുര്‍ക്കിയെ വിഭജിക്കുന്നതിനും അര്‍മേനിയയെ തട്ടിയെടുക്കുന്നതിനും വേണ്ടി ഉണ്ടാക്കിയ കരാറുകളും നിലനില്‍ക്കുന്നില്ലെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. സൈനിക നീക്കങ്ങള്‍ അവസാനിക്കുന്നതോടെ അര്‍മേനിയക്കാര്‍ക്ക് അവരുടെ രാഷ്ട്രീയവിധി നിര്‍ണയിക്കുന്നതിനുള്ള അവകാശം ഉറപ്പുകൊടുക്കുന്നു.

സഖാക്കളേ, സഹോദരങ്ങളേ,

നിശ്ചയദാര്‍ഢ്യത്തോടും കരളുറപ്പോടുംകൂടി അഭിമാനപൂര്‍ണവും ജനാധിപത്യപരവുമായ സമാധാനം നേടിയെടുക്കാന്‍ ഞങ്ങളെ അനുവദിക്കുക. നമ്മുടെ കൊടിക്കൂറ ഉയര്‍ത്തിക്കൊണ്ട് ലോകത്തെ മുഴുവന്‍ മര്‍ദ്ദിതജനതയുടേയും വിമോചനം നമ്മള്‍ പ്രഖ്യാപിക്കുകയാണ്.

റഷ്യയുടേയോ റഷ്യയുടെ വിപ്ലവസര്‍ക്കാറിന്റേയോ കൈകള്‍കൊണ്ട് നിങ്ങള്‍ക്കൊരിക്കലും അടിമത്തം അനുഭവിക്കേണ്ടിവരില്ല. അവരുടെ ലാഭക്കൊതിക്കും കോയ്മക്കും വേണ്ടി നമ്മുടെ പിതൃരാജ്യങ്ങളെ കോളനികളാക്കിയ യൂറോപ്യന്‍ സാമ്രജ്യത്ത കൊള്ളക്കാരാണ് ജനങ്ങളെ അടക്കിഭരിച്ചത്. ഈ കൊള്ളക്കാരെയും മര്‍ദ്ദകരെയും നിങ്ങളുടെ രാജ്യങ്ങളില്‍ നിന്ന് പുറംതള്ളുക. ഈ അക്രമികളെ നിങ്ങളുടെ രാജ്യത്തുനിന്ന് പുറന്തള്ളുക.

യുദ്ധവും ഒഴിഞ്ഞുപോക്കും കാരണം പഴയ ലോകക്രമം തകരുകയാണ്. ലോകത്താകമാനം കലാപത്തിന്റെ ജ്വാലകള്‍ ഈ സാമ്രാജ്യത്ത ക്രൂരന്മാര്‍ക്കെതിരെ ആളിപ്പടരുകയാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍പോലും വിദേശചൂഷകരുടെ നുകങ്ങള്‍ തള്ളിമാറ്റി കലാപങ്ങളാരംഭിക്കുമ്പോള്‍ മൗനംപാലിക്കാന്‍ കഴിയില്ല. നമ്മുടെ തോളില്‍ കാലങ്ങളായി അമര്‍ന്നിരിക്കുന്ന അടിമത്തത്തിന്റെ നുകം തള്ളിക്കളയുന്നതിന് ഇനി ഒരു നിമിഷംപോലും പാഴാക്കരുത്. നിങ്ങള്‍ ജനിച്ച വീടുകള്‍ കൊള്ളചെയ്യാന്‍ ഇനിയും അവരെ അനുവദിക്കരുത്. നിങ്ങള്‍ നിങ്ങളുടെ രാജ്യങ്ങളുടെ അധിപന്മാരാകണം. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്തവിധം നിങ്ങള്‍ നിങ്ങളുടെ ജീവിതം പടുത്തുയര്‍ത്തണം. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ വിധി നിങ്ങളുടെ കയ്യില്‍തന്നെയാണുള്ളത്.

സഖാക്കളേ, സഹോദരങ്ങളേ,

നിശ്ചയദാര്‍ഢ്യത്തോടും കരളുറപ്പോടുംകൂടി അഭിമാനപൂര്‍ണവും ജനാധിപത്യപരവുമായ സമാധാനം നേടിയെടുക്കാന്‍ ഞങ്ങളെ അനുവദിക്കുക. നമ്മുടെ കൊടിക്കൂറ ഉയര്‍ത്തിക്കൊണ്ട് ലോകത്തെ മുഴുവന്‍ മര്‍ദ്ദിതജനതയുടേയും വിമോചനം നമ്മള്‍ പ്രഖ്യാപിക്കുകയാണ്.

റഷ്യയിലെ മുസ്‌ലിംകളേ,

കിഴക്കനേഷ്യയിലെ മുസ്‌ലിംകളേ,

പുതിയലോകം പടുത്തുയര്‍ത്താനായുള്ള ഈ യത്‌നത്തില്‍ നിങ്ങളുടെ അനുതാപവും പിന്തുണയും ഞങ്ങള്‍ കാത്തിരിക്കുകയാണ്.

സ്റ്റാലിന്‍ - ദേശീയ ജനവിഭാഗങ്ങളുടെ കമ്മീസാര്‍

ലെനിന്‍ - ജനകീയ കമ്മീസര്‍മാരുടെ കൗണ്‍സിലിന്റെ പ്രസിഡന്റ്


ഭരണം പിടിച്ചെടുത്ത ശേഷമുണ്ടായ സവിശേഷ സാഹചര്യത്തില്‍ യദൃഛ്ചയാ എഴുതപ്പെട്ടതല്ല ആ കത്ത്. ഫെബ്രുവരി വിപ്ലവത്തിന് ശേഷം റഷ്യയില്‍ പൊതുവേയും മുസ്‌ലിംകളില്‍ വിശേഷിച്ചുമുണ്ടായ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ ഫലമാണത്. വിപ്ലവത്തിന്റെ ശത്രുക്കളായ എല്ലാവരും, പഴയ ചക്രവര്‍ത്തിയുടെ അനുഭാവികളും ഇടക്കാല സര്‍ക്കാറിന് നേതൃത്വം കൊടുത്തിരുന്ന ബൂര്‍ഷ്വാ രാഷ്ട്രീയക്കാരും പ്രഭുക്കന്മാരും പഴയ പട്ടാളമേധാവികളും മുതലാളിത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്രമുഖരും എല്ലാവരും ഐക്യപ്പെട്ടിരുന്നു. അവര്‍ ബോള്‍ഷേവിക് വിപ്ലവത്തെ തകര്‍ത്തിടാന്‍ ഒരുങ്ങുകയാണ്. പ്രതിവിപ്ലവത്തിന് ലാക്കുനോക്കുകയാണ്. അവര്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് ബോള്‍ഷേവിക്ക് നേതൃത്വം മുസ്‌ലിംകളെ സ്വാഭാവിക സ്‌നേഹിതരായി കാണുന്നത്. സഹായത്തിന്നായി രാജ്യത്തെ മുസ്‌ലിംകളുടെ നേരെ കൈനീട്ടുന്നത്. സാര്‍ ചക്രവര്‍ത്തിയുടെ ഭരണം ആടാന്‍ തുടങ്ങിയപ്പഴേ മുസ്‌ലിം പ്രദേശങ്ങളില്‍ ഇളക്കങ്ങള്‍ തുടങ്ങിയിരുന്നു. പഴയ ഖാനേറ്റുകളിലും അമീറത്തുകളിലും പാരമ്പര്യഭരണകൂടങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നു. ഏതാണ്ടെല്ലാ മുസ്‌ലിം കേന്ദ്രങ്ങളിലും പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു തുടങ്ങിയിരുന്നു. ഇതിഫാക്കിന്റെ പഴയ നേതാക്കളും ജദീദുകളും പിന്നെയും സജീവമായിരുന്നു.

മുസ്‌ലിംകളുടെ അഖില റഷ്യാ കോണ്‍ഗ്രസ്സ് വിളിച്ചുകൂട്ടാന്‍ ബ്യൂറോ തീരുമാനിച്ചു. അതിനുവേണ്ടി കഠിനമായി പ്രയത്‌നിക്കുകയും ചെയ്തു. റഷ്യയിലെങ്ങുമുള്ള എല്ലാത്തരം മുസ്‌ലിം സംഘടനകളയും കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചു. ഏതാണ്ട് എല്ലാ പ്രദേശത്തുമുള്ള സംഘടനകള്‍ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്സിനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. അങ്ങനെ അഖിലറഷ്യാ മുസ്‌ലിം കോണ്‍ഗ്രസ്സിന് അരങ്ങൊരുങ്ങി.

മുസ്‌ലിംകള്‍ പൊതുവേ ഇടക്കാല സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്നു. ചക്രവര്‍ത്തിയുടെ ഭരണം ഇല്ലാതായ സാഹചര്യത്തില്‍ പുതിയ ഭരണകൂടവുമായി സഹകരിച്ചുപോകാം എന്നതായിരുന്നു മുസ്‌ലിം രാഷ്ട്രീയക്കാരുടെ പൊതുചിന്ത. കാസാന്‍ പോലുള്ള പ്രദേശങ്ങളില്‍ ജദീദുകളില്‍നിന്ന് ഉരുത്തിരുഞ്ഞുവന്ന സോഷ്യലിസ്റ്റുചിന്താഗതിക്കാര്‍ മാത്രമാണ് ഇടക്കാല സര്‍ക്കാരിനെ സംശയത്തോടെ നോക്കിയത്. അവര്‍ക്ക് പ്രതീക്ഷ ബോള്‍ഷേവിക് പാര്‍ട്ടിയിലായിരുന്നു. തുടക്കത്തില്‍ ഇടക്കാലസര്‍ക്കാര്‍ മുസ്‌ലിംകളുടെ ചില ആവശ്യങ്ങളൊക്കെ അംഗീകരിച്ചു കൊടുത്തിരുന്നു. സാര്‍ ചക്രവര്‍ത്തിയുടെ തകര്‍ന്ന പട്ടാളത്തിലെ മുസ്‌ലിംപടയാളികളെ പ്രത്യേകമായി സംഘടിപ്പിച്ച് മുസ്‌ലിംപട്ടാളമായി നിലനിര്‍ത്താന്‍പോലും ഇടക്കാലസര്‍ക്കാര്‍ സമ്മതിച്ചു.

എന്നാല്‍, മാസങ്ങള്‍ക്കകം മുസ്‌ലിംകള്‍ക്ക് ഇടക്കാല സര്‍ക്കാരിനോട് പ്രതിപത്തിയില്ലാതായി. നാലാം ദൂമയില്‍ അംഗങ്ങളായിരുന്ന മുസ്‌ലിം നേതാക്കള്‍ 1917 മാര്‍ച്ച് 15ന് പെട്രോഗ്രാഡില്‍ ഒരു യോഗംചേര്‍ന്നു. പഴയ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ആണല്ലോ പെട്രോഗാര്‍ഡ്. കൊക്കേഷ്യയില്‍ നിന്നുള്ള അഹമ്മദ് ബസാലിക്കോവ് അദ്ധ്യക്ഷതവഹിച്ച ആ യോഗത്തില്‍വെച്ച് മുസ്‌ലിംകളുടെ രാഷ്ട്രീയ ബ്യൂറോവിന് രൂപം നല്‍കി. റഷ്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള പിന്തുണ മുസ്‌ലിംകള്‍ പിന്‍വലിക്കുന്നതായി രാഷ്ട്രീയബ്യൂറോ പ്രഖ്യാപിച്ചു. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് കാരണമായി പറഞ്ഞത്.

മുസ്‌ലിംകളുടെ അഖില റഷ്യാ കോണ്‍ഗ്രസ്സ് വിളിച്ചുകൂട്ടാന്‍ ബ്യൂറോ തീരുമാനിച്ചു. അതിനുവേണ്ടി കഠിനമായി പ്രയത്‌നിക്കുകയും ചെയ്തു. റഷ്യയിലെങ്ങുമുള്ള എല്ലാത്തരം മുസ്‌ലിം സംഘടനകളയും കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചു. ഏതാണ്ട് എല്ലാ പ്രദേശത്തുമുള്ള സംഘടനകള്‍ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്സിനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. അങ്ങനെ അഖിലറഷ്യാ മുസ്‌ലിം കോണ്‍ഗ്രസ്സിന് അരങ്ങൊരുങ്ങി.

മോസ്‌ക്കോവിലാണ് കോണ്‍ഗ്രസ് ചേര്‍ന്നത്. 1917 മെയ് ഒന്നു മുതല്‍ ഒരാഴ്ചക്കാലം. റഷ്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമായി 900 പ്രതിനിധികള്‍ പങ്കെടുത്തു. അതില്‍ 112 സ്ത്രീകളുമുണ്ടായിരുന്നു. സമ്മേളനം നിയന്ത്രിച്ച പന്ത്രണ്ടംഗ പ്രസീഡിയത്തിലും ഒരു വനിതയുണ്ടായിരുന്നു. സലീമാ ജാക്കുയോവ. മുഖ്‌ലീസാ ബൂബി, മറിയം പൊത്തഷേവ, ഫഖറുല്‍ബിന്ദ് അഖ്‌റീന എന്നിവരും പ്രസിഡീയത്തിലേക്കുള്ള പാനലില്‍ മത്സരിച്ചതാണ്. 302 വോട്ട് കിട്ടിയ മുഖ്‌ലീസ തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയവാദികള്‍, പാന്‍ ഇസ്‌ലാമിക് ആശയക്കാര്‍, പാന്‍തുര്‍ക്കി ആശയക്കാര്‍, സോഷ്യലിസ്റ്റുകള്‍, പാരമ്പര്യവാദികള്‍, മതപരിഷ്‌ക്കരണവാദികള്‍ തുടങ്ങി റഷ്യയിലെ മുസ്‌ലിംജനതയുടെ എല്ലാവിഭാഗത്തിന്റെയും പ്രതിനിധികളുണ്ട്. എല്ലാ വിഷയങ്ങളും തലനാരിഴകീറി ചര്‍ച്ചചെയ്തു.

എല്ലാ പ്രദേശങ്ങളിലും മുസ്‌ലിം സൈന്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. മുസ്‌ലിംകളുടെ വിദ്യാഭ്യാസ സമ്പ്രദായം പുനഃസംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. മധ്യേഷ്യയ്ക്ക് പുറത്തുള്ള പഴയ റഷ്യന്‍ സാമ്രാജ്യത്തിനകത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ഇസ്‌ലാമിക കാര്യങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. അതിന് ഗവര്‍മെന്റിനെ കാക്കേണ്ടതില്ലെന്ന് നിശ്ചയിച്ചു. അതിനായി ഒരു സ്വതന്ത്ര ബോര്‍ഡ് രൂപീകരിച്ചു. ഭൂപ്രഭുക്കളില്‍നിന്ന് ഭൂമി പിടിച്ചെടുക്കണമെന്ന പ്രമേയം പാസാക്കി. തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഒന്നിലധികം പ്രമേയങ്ങള്‍ പാസാക്കി. കോണ്‍ഗ്രസ് റഷ്യയിലെ മുസ്‌ലിംകളുടെ കേന്ദ്ര കൂടിയാലോചനാ സമിതിക്ക് രൂപം നല്‍കി. മില്ലീ ശൂറ. മോസ്‌കോവിലാണ് പ്രസിഡന്റിന്റെ ഓഫീസ്. പെട്രോഗ്രാഡില്‍ പ്രവര്‍ത്തന കേന്ദ്രവുമുണ്ടായിരിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഏകീകൃത രാഷ്ട്രീയനയം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. ഭരണസംവിധാനത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ രണ്ടഭിപ്രായം പ്രകടമായിരുന്നു. പ്രതിനിധികള്‍ ഫെഡറലിസ്റ്റുകള്‍ എന്നും യൂണിയനിസ്റ്റുകള്‍ എന്നും രണ്ടായി തിരിഞ്ഞിരുന്നു.

ഒരു കേന്ദ്ര ഭരണസംവിധാനത്തിന് പൂര്‍ണമായി കീഴൊതുങ്ങേണ്ടതില്ല എന്നായിരുന്നു ഫെഡറലിസ്റ്റുകളുടെ വാദം. മധ്യേഷ്യയിലേയും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലേയും പഴയ ഖാനേറ്റുകളില്‍ നിന്നും അമീറത്തുകളില്‍ നിന്നും വന്ന പ്രതിനിധികളാണ് കാര്യമായും ഫെഡറലിസ്റ്റുകളായി നിന്നത്. സ്വതന്ത്രപരമാധികാരമുള്ള മുസ്‌ലിം ഭരണകൂടങ്ങള്‍ സ്ഥാപിച്ച് അയഞ്ഞ ഫെഡറല്‍ വ്യവസ്ഥയില്‍ കേന്ദ്രവുമായി സഹകരിച്ചു പോകാം എന്നായിരുന്നു അവരുടെ വാദം.

എന്നാല്‍, ഭൂമിശാസ്ത്രപരമായി പഴയ റഷ്യക്കകത്ത് കഴിയുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തുള്ളവര്‍, സാംസ്‌കാരിക സ്വാതന്ത്ര്യത്തോടെ ഒരു കേന്ദ്രസര്‍ക്കാരിനെ അംഗീകരിക്കാം എന്ന് വാദിച്ചു. ഇവരാണ് യൂണിയനിസ്റ്റുകള്‍. വോള്‍ഗാ താര്‍ത്താറുകള്‍ ഈ ഭാഗത്തായിരുന്നു. കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഭൂരിപക്ഷ വോട്ടോടെ യൂണിയനിസ്റ്റുകള്‍ വിജയിച്ചു. സാംസ്‌കാരിക സ്വാതന്ത്ര്യത്തോടെ കേന്ദ്ര ഭരണകൂടത്തെ അംഗീകരിക്കാമെന്ന പ്രമേയം പാസായി. അങ്ങനെ അഖില റഷ്യാ മുസ്‌ലിം കോണ്‍ഗ്രസ് യൂണിയന്‍ ഭരണവ്യവസ്ഥ അംഗീകരിച്ചു എന്ന് സാങ്കേതികമായി പറയാവുന്ന അവസ്ഥ കൈവന്നു.

ഒന്നാം അഖിലറഷ്യാ മുസ്‌ലിം കോണ്‍ഗ്രസിലെ ബലാബലം നോക്കി മാത്രമാണ് ബോള്‍ഷേവിക് നേതൃത്വം മുസ്‌ലിംകളോട് പിന്തുണ അഭ്യര്‍ത്ഥിച്ചത് എന്നും പറയാനാവില്ല. റഷ്യയ്ക്കകത്ത് മാത്രമല്ല ആ കാലഘട്ടത്തില്‍ പുറത്ത് നടന്ന ചലനങ്ങളും ബോള്‍ഷേവിക് നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്.

1905 ല്‍ ഇതിഫാക് രൂപീകരിച്ചകാലം മുതല്‍ നേതൃരംഗത്തുണ്ടായിരുന്ന അബ്ദുല്‍റഷീദ് ഇബ്രാഹിമോവ്, യുസഫ് അഖ്ചുറ, മൂസ ബിജേവ്, അലി മര്‍ദാന്‍ തൊപ്പിഷേവ്, ഫത്തീഹ് കരീമി എന്നിവരൊക്കെ കോണ്‍ഗ്രസ്സില്‍ സജീവമായി പങ്കെടുത്തിരുന്നു. അബ്ദുല്ല അഖുന്‍ ബര്‍ദി, മുഹമ്മദ് കോജ ബെഹുന്ദി, മുല്ലാ മുസ്തഫാ ബര്‍സാനി തുടങ്ങിയവര്‍ പ്രസംഗകരില്‍ ചിലരാണ്. മുസ്‌ലിം സോഷ്യലിസ്റ്റുകളും സജീവമായിരുന്നു. പില്‍ക്കാലത്ത് മുസ്‌ലിം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌പോലും രൂപംകൊടുത്ത മിര്‍ സയ്യിദ് സുല്‍ത്താന്‍ ഗലിയേവ്, നരിമാന്‍ നരിമാനോവ്, മുല്ലാ നസറുദ്ദീന്‍ അഖുന്തോവ്, ഗഫൂര്‍ ഗുലാമോവ് തുടങ്ങിയവരാണ് ഇടതുഭാഗത്തെ പ്രമുഖര്‍.

ബോള്‍ഷെവിക് അനുഭാവികള്‍ക്ക് പൊതുവേ കോണ്‍ഗ്രസ്സില്‍ ആധിപത്യം പുലര്‍ത്താനായി എന്നുവേണം മനസ്സിലാക്കാന്‍. യൂണിയനിസ്റ്റ് ഭരണവ്യവസ്ഥക്ക് അനുകൂലമായ പ്രമേയം പാസാക്കാനായത് മാത്രമല്ല കാരണം. ഭൂപ്രഭുക്കളില്‍ നിന്ന് ഭൂമി പിടിച്ചെടുക്കാനുള്ള പ്രമേയം, തൊഴിലെടുക്കുന്ന മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച പ്രമേയങ്ങള്‍ എന്നിവയൊക്കെ സോഷ്യലിസ്റ്റ് മുസ്‌ലിംകളുടെ മേല്‍കയ്യിന് തെളിവാണ്. എന്നാല്‍, ഒന്നാം അഖിലറഷ്യാ മുസ്‌ലിം കോണ്‍ഗ്രസിലെ ബലാബലം നോക്കി മാത്രമാണ് ബോള്‍ഷേവിക് നേതൃത്വം മുസ്‌ലിംകളോട് പിന്തുണ അഭ്യര്‍ത്ഥിച്ചത് എന്നും പറയാനാവില്ല. റഷ്യയ്ക്കകത്ത് മാത്രമല്ല ആ കാലഘട്ടത്തില്‍ പുറത്ത് നടന്ന ചലനങ്ങളും ബോള്‍ഷേവിക് നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്.

റഷ്യക്ക് തൊട്ട് അപ്പുറവും ഇപ്പുറവും കിടക്കുന്ന മുസ്‌ലിം രാജ്യങ്ങളിലെ ചലനങ്ങള്‍ അവരെ ത്രസിപ്പിച്ചിരുന്നു. തുര്‍ക്കി, ഇറാന്‍, അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളിലും ഇന്ത്യ അടക്കമുള്ള കോളനി രാജ്യങ്ങളില്‍ നിന്ന് പുറത്തുകടന്ന് ബര്‍ളിന്‍ പോലുള്ള പടിഞ്ഞാറന്‍ നഗരങ്ങളിലെത്തിയ മുസ്‌ലിം വിപ്ലവകാരികളുടെ കേന്ദ്രങ്ങളിലെ ചലനങ്ങളും ബോള്‍ഷേവിക് നേതാക്കളെ ആവേശഭരിതരാക്കുന്ന തരത്തിലുള്ളതായിരുന്നു. അതിന്റെയൊക്കെ അനുരണനങ്ങള്‍ മധ്യേഷന്‍ പ്രദേശത്ത് അലയടിച്ചപ്പോള്‍

ബോള്‍ഷേവിക്കുകള്‍ നടുങ്ങുകയും ചെയ്തു.

അതിലേക്ക് വരാം.

(തുടരും)

അവലംബം:

1.The bolsheviks and Islam

by Dave Croch

isj.org.uk

2.The Bolsheviks and the muslims of Russia

by Richard Rywkin

published in Cambridge history

3.The All Russia Muslim Congress of 1917: A study of origins of Soviet nationality policy

by Ronald Gigorsuny

Slavic Review vol- 44


TAGS :