Quantcast
MediaOne Logo

ഡോ. പി.കെ പോക്കര്‍

Published: 15 Aug 2022 2:18 PM GMT

അട്ടപ്പാടിയിലെ ആള്‍കൂട്ടക്കൊലയും ഉത്തരേന്ത്യയിലെ പശുക്കൊലകളും തമ്മിലെന്ത്

ഇരയെ പ്രതിയാക്കുന്ന വിധത്തില്‍ ദലിത് ആദിവാസി വിരുദ്ധ വ്യവഹാരങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും ഇപ്പൊഴും പ്രബുദ്ധ കേരളത്തില്‍ നിലനിക്കുന്നു എന്നെങ്കിലും നമ്മള്‍ തിരിച്ചറിയണം. വാസ്തവത്തില്‍ ഇത് മധുവിനോടു മാത്രമുള്ള അനീതിയല്ല. നമ്മുടെ പൊതു സമ്മതിയില്‍ നിന്നും പുറത്താക്കപ്പെടുന്നവരോടുള്ള സമീപനത്തിന്റെ ഭാഗമാണ്. ഇന്ന് മധുവാണെങ്കില്‍ നാളെ ഇത് മാറ്റാരുമാകും.

അട്ടപ്പാടിയിലെ ആള്‍കൂട്ടക്കൊലയും ഉത്തരേന്ത്യയിലെ പശുക്കൊലകളും തമ്മിലെന്ത്
X

എന്റെ ശരീരമേ എപ്പോഴും ചോദ്യം ചെയ്യുന്ന ഒരു മനുഷ്യനാക്കി എന്നെ മാറ്റണമേ-ഫ്രാന്‍സ് ഫാനോന്‍

ആദിവാസി യുവാവിനെ അട്ടപ്പാടിയില്‍ ആള്‍കൂട്ടം അടിച്ചുകൊന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവല്ലോ. അന്ന് ആരും പരിഗണിക്കാത്ത മുഷിഞ്ഞ വസ്ത്രം ധരിച്ച യുവാവായ മധു ഹീനമായി കൊലചെയ്യപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമങ്ങളാണ് പ്രതികരണത്തില്‍ മുന്നിലുണ്ടായിരുന്നത്. മധുവിന്റെ ആള്‍കൂട്ടക്കൊല ഉത്തരേന്ത്യയില്‍ നടക്കാറുള്ള പശുക്കൊലകള്‍ പോലെയല്ല. പശുക്കൊല ബോധപൂര്‍വം രൂപപ്പെടുത്തിയ വെറുപ്പിന്റെ വ്യാപാരികള്‍ നടത്തുന്നതാണ്. പശു, കാള, ബീഫ് മുതലായവയെല്ലാം മുസ്‌ലിംകളെയും ദലിതരേയും അപരവല്‍കരിക്കുന്നതിന് വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത ചിന്നങ്ങളാണ്. പശു, കാള മുതലായ മൃഗങ്ങളെ വളര്‍ത്തുന്നതും, തിന്നുന്നതും തൊലിയുരിയുന്നതുമെല്ലാം അവിടങ്ങളില്‍ മുഖ്യമായും മുസ്‌ലിംകളും ദലിതരുമാണ്. വളരെക്കാലമായി വംശീയ വിദ്വേഷത്തിന്റെ ഇരകളാണ് ഈ സമുദായങ്ങള്‍. അവരെ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന പശുസംരക്ഷണ സേന പ്രത്യേകം രംഗത്തുമുണ്ട്. അങ്ങിനെ ആസൂത്രണം ചെയ്തു നടക്കുന്ന കൊലകളും വംശഹത്യകളും ആക്രമണങ്ങളില്‍ നിന്നും യാദൃച്ഛികമായി ഉണ്ടാവുന്ന സംഘര്‍ഷാത്മക ഹിംസകളെ വേറിട്ട് കാണേണ്ടതുണ്ട്. അതേസമയം ഇത്തരം യാദൃച്ഛിക ആക്രമണങ്ങള്‍ സാംസ്‌കാരികമായ ചികിത്സ കൂടി ആവശ്യപ്പെടുന്ന മാരക രോഗമാണെന്നും തിരിച്ചറിയണം.

അട്ടപ്പാടിയില്‍ നടന്ന ഹീനമായ ആക്രമണവും കൊലയും സാമൂഹിക ബോധത്തിലേ തിരിച്ചറിവില്ലായ്മ കൊണ്ടും പൊതുബോധത്തിലെ മാലിന്യം കൊണ്ടും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന അധീശ പ്രത്യയശാസ്ത്രത്തിന്റെ പ്രവര്‍ത്തനം കൊണ്ടും ഉണ്ടായതാണ്.

മുസ്‌ലിംകളും ദലിതരും വടക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവേ നിര്‍ധനാരായ തൊഴിലാളികളാണ്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്‌ലിംകള്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതരേക്കാള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കമാണെന്ന് പറയുന്നുണ്ട്. മുഖ്യധാരയിലെ പൊതുബോധം സാധാരണഗതിയില്‍ വരേണ്യ ധാരണയായിരിക്കും. അതിനാല്‍ മുസ്‌ലിം ദലിത് വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് എളുപ്പം അവിടെ സ്വീകാര്യത ഉണ്ടാക്കാന്‍ കഴിയുന്നു. മുഹമ്മദ് അഖ്‌ലാക്കില്‍ തുടങ്ങി ഇരുപത്തി നാലു പേര്‍ ഇങ്ങിനെ പശു സേനയാല്‍ ആക്രമിക്കപ്പെട്ടു മരിക്കുകയും 124 പേര്‍ പരുക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു പക്ഷേ യഥാര്‍ഥ ആക്രമണങ്ങള്‍ ഇതിലും എത്രയോ അധികമാകാം. കാരണം, ഇരകള്‍ ദുര്‍ബലരും താരതമ്യേന ഔപചാരിക പിന്തുണ ലഭിക്കാത്തവരുമാണ്. മാത്രമല്ല, ഇപ്പോള്‍ അതിനു ഭരണകൂടത്തിന്റെ പിന്തുണയും ഉണ്ട്. പശുക്കൊലകള്‍ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടക്കുന്നതും സ്ഥിര സംവിധാനത്തിന്റെ ഭാഗവുമാണ്. അതേസമയം അട്ടപ്പാടിയില്‍ നടന്ന ഹീനമായ ആക്രമണവും കൊലയും സാമൂഹിക ബോധത്തിലേ തിരിച്ചറിവില്ലായ്മ കൊണ്ടും പൊതുബോധത്തിലെ മാലിന്യം കൊണ്ടും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന അധീശ പ്രത്യയശാസ്ത്രത്തിന്റെ പ്രവര്‍ത്തനം കൊണ്ടും ഉണ്ടായതാണ്. ആസൂത്രിതമല്ലെങ്കിലും ഇതരത്തിലുള്ള ആള്‍കൂട്ട ഹിംസകള്‍ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്.


ഇപ്പോള്‍ നടക്കുന്ന പശുക്കൊല ഒരു രാഷ്ട്രീയ പ്രസ്ഥാനം നിലപാട് മാറ്റിയാല്‍ അവസാനിക്കുന്നതാണ്. അല്ലെങ്കില്‍ അതിനെതിരായ കര്‍ശന നിലപാട് സ്വീകരിക്കുന്ന ഭരണകൂടം ഉണ്ടായാല്‍ മതി. എന്നാല്‍, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനോടുള്ള സമീപനവും അത്തരം ഹിംസകളും അവസാനിക്കണമെങ്കില്‍ നാം നമ്മോടു തന്നെ സമരം ചെയ്യേണ്ടിവരും. കാരണം, അട്ടപ്പാടിയിലെ കൊല പൊതുസമൂഹം ദീര്‍ഘകാലമായി സൂക്ഷിക്കുന്ന ധാരണകളുടെ കൂടി പ്രതിഫലനമാണ്. ആരുമില്ലാത്തവരോടും, മുഷിഞ്ഞവരോടും, മാനസികമായി വ്യതിരക്തത പ്രകടിപ്പിക്കുന്നവരോടും, അനാഥരോടും, ഭിന്ന ലിംഗക്കാരോടും എന്തിന് പതിവ് കാഴ്ചയില്‍ നിന്നും വ്യത്യസ്തമായ അടയാളങ്ങളോ, രൂപമോ ഉള്ള മനുഷ്യരോടും പൊതുസമൂഹം സ്വീകരിക്കുന്ന നിലപാട് പരമ്പരാഗതമായി ആണിയിട്ടു ഉറപ്പിച്ച ബോധത്തില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത്. കനേഡിയന്‍ ഫെമിനിസ്റ്റ് കഥാകാരി ആലീസ് മണ്‍റോ എഴുതിയ മുഖം (Face) എന്ന കഥയില്‍ പ്രസവാനന്തരം ഒറ്റത്തവണ കുഞ്ഞിനെ നോക്കിയ അച്ഛന്റെ സൗന്ദര്യ സങ്കല്‍പ്പത്തെയാണ് ആവിഷ്‌കരിക്കുന്നത്. കഥ തുടങ്ങുമ്പോള്‍ കുട്ടി പറയുന്നതിങ്ങനെയാണ്, ''എനിക്കു ബോധ്യമുണ്ട് എന്റെ അച്ഛന്‍ ഒറ്റത്തവണയെ എന്റെ മുഖത്ത് നോക്കിയിട്ടുണ്ടാവുകയെന്ന്. അതിനു ശേഷം അയാള്‍ക്കറിയാം അവിടെ എന്താണുള്ളതെന്ന്.'' അമ്മയുടെ കൂടെ പ്രസവാനന്തരം കിടക്കുമ്പോള്‍ ആദ്യ നോട്ടത്തില്‍ മുഖത്തെ വലിയ പാട് കണ്ടപ്പോള്‍ ഷോക്കേറ്റ പോലെ തിരിച്ചു നടന്ന അച്ഛന്‍ പിന്നീട് ഒരിയ്ക്കലും ആ കുട്ടിയെ നോക്കുകയോ പരിരക്ഷിക്കുകയോ ചെയ്തില്ല. എങ്കിലും ആ കുട്ടിയെ സ്‌നേഹിക്കാനോ സംരക്ഷിക്കാനോ അമ്മക്കു ഒരു മാനസിക തടസ്സവും ഉണ്ടായിരുന്നില്ല. വരേണ്യവും പുരുഷാധിപത്യപരവുമായ ആശയ ലോകമാണ് നമ്മുടെ സാമാന്യ ബോധമായി പൊതുവേ പരിവര്‍ത്തിക്കപ്പെടുന്നത്. സൗന്ദര്യ സങ്കല്‍പ്പത്തിലെ ശീലങ്ങള്‍ എങ്ങിനെ സാമൂഹിക വിരുദ്ധവും ക്രൂരവും ആണ്‍ കൊയ്മാപരവും ആയി മാറുന്നു എന്നതാണ് കഥയിലെ പ്രമേയം. മധുവിന്റെ ശരീരവും വസ്ത്രവും വര്‍ണവും എങ്ങിനെ ക്രൂരമായ അന്യപ്പെടലിന് കാരണമാവുന്നു എന്നത് കൂടി കാണേണ്ടതുണ്ട്.


അരുന്ധതി റോയിയുടെ സന്തോഷാധിക്യത്തിന്റെ മന്ത്രാലയം (The Ministry Of Utmost Happin-ess) എന്ന നോവലില്‍ മുലാക്കത്ത് അലിയുടെയും ജഹാനാര ബീഗത്തിന്റെയും മകന്‍ അഫ്താബ് യഥാര്‍ഥത്തില്‍ ഭിന്ന ലിംഗമാണെന്ന് തിരിച്ചറിഞ്ഞപ്പോളുണ്ടായ അവരുടെ അന്ധാളിപ്പും ഞെട്ടലും സ്വാഭാവികമാണ്. എന്നാല്‍, ആ ഞെട്ടല്‍ അവിടെ നില്‍ക്കുന്നില്ല എന്നതാണു പ്രശ്‌നം. നമ്മുടെ ശീലങ്ങള്‍ ശാശ്വത സത്യമായി കണക്കാക്കി വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളാനോ തുല്യമായി പരിഗണിക്കാനോ കഴിയാത്തിടത്താണു നമ്മുടെ സാമൂഹിക വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും കുടികൊള്ളുന്നത്. വ്യത്യസ്തരായി ജനിച്ചു വീഴുന്നവരേക്കാള്‍ പ്രയാസം മറ്റുള്ളവരാണ് പ്രകടിപ്പിക്കുന്നത്. കോളനീകരണ കാലത്ത് തദ്ദേശീയരെ വിദേശികള്‍ കണ്ടത് പോലെ സ്വന്തം കുട്ടികളെപ്പോലും കാണുന്ന സമീപനമാണ് മാറേണ്ടതും മാറ്റേണ്ടതും. അപനിര്‍മാണ യുക്തിയുടെ കാലത്ത് പോലും നമ്മുടെ പൊതുബോധം സാമ്പ്രദായിക ധാരണകളില്‍ കുടുങ്ങി കറങ്ങുകയാണ്. മാനവികതയുടെയും സൗഹൃദാത്മകതയുടെയും അടിത്തറ വികസിക്കേണ്ടത് വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളാന്‍ പരിശീലിച്ചു കൊണ്ടാണ്. ബഹുസ്വരതയെന്നത് വാചകമടിയില്‍ ഒതുങ്ങേണ്ട ഒരു സൂത്രവാക്യമല്ല. വ്യത്യസ്ത സമുദായങ്ങള്‍ മാത്രമല്ല വ്യത്യസ്തരായ വ്യക്തികളും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. ഹിംസാത്മകമാകാത്ത ഏത് വ്യത്യാസത്തെയും ഉള്‍ക്കൊള്ളാനുള്ള പരിശീലനമാണ് യഥാര്‍ഥത്തില്‍ ജനാധിപത്യം സാക്ഷാല്‍കരിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഒരു വീട്ടിനകത്ത് പോലും ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവുമെന്ന യാഥാര്‍ഥ്യം ഇന്ന് ഏതാണ്ട് അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ സമൂഹത്തിന്റെ അംഗീകാരത്തെയാണ് രക്ഷിതാക്കള്‍ ഭയപ്പെടുന്നത്. ഓട്ടിസം പോലുള്ള ജന്മനാ ഉണ്ടാവുന്ന ശാരീരികമോ മാനസികമോ ആയ വ്യത്യാസങ്ങളോടുകൂടിയ കുട്ടികളോടുള്ള സമീപനത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. അവരെ അദൃശ്യമായി മാത്രം നിലനിര്‍ത്തുന്നവര്‍ പോലുമുണ്ട്.


പാരീസ് നഗരത്തെ കുലുക്കിയ കള്ളനായിരുന്നു എഴുത്തുകാരനായ ഷെനെ. ജയിലില്‍ കിടന്നു സാഹിത്യവും നാടകവും രചിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ഷെനെ വേറിട്ട പ്രതിഭയായി അറിയപ്പെട്ടത്. ഷെനെയുടെ കൃതികള്‍ വായിച്ചാണ് പ്രസിദ്ധ ദാര്‍ശനികന്‍ സാര്‍ട്രേ പുണ്യവാളനാനായ ഷെനെയെന്ന (Jean Paul Sartre, Saint Genet) ഭീമന്‍ പുസ്തകം എഴുതിയത്. അങ്ങിനെയാണ് മനുഷ്യാവകാശ പ്രവര്‍ത്തനത്തിന് പാരീസില്‍ പുതിയ രൂപവും ഭാവവും ലഭിച്ചത്. തുടര്‍ന്നാണ് കോക്ത്തുവിനെ പോലുള്ള പ്രസിദ്ധരായ സിനിമാ സംവിധായകരും സാര്‍ത്തൃനൊപ്പം ചേര്‍ന്ന് ഷെനെയെ ജയിലില്‍നിന്നും മോചിപ്പിച്ചത്. ബാലനായ ഷെനെ എങ്ങിനെ അനാഥനായെന്ന് ആരും മുന്‍പ് ഓര്‍ത്തിരുന്നില്ല. എങ്ങിനെ അവന്‍ കള്ളനാക്കപ്പെട്ടെന്നും ഓര്‍ക്കാറില്ല. വെറുമൊരു കളിപ്പാട്ടം എടുത്തതിനാണ് വീടുടമ ബാലനായ ഷെനെയേ കള്ളനാക്കിയത്. നമുക്ക് അമ്മ തൊട്ടിലുകളും യത്തീംഖാനകളുമുണ്ട്. എന്നാല്‍, എന്തുകൊണ്ട് അനാഥര്‍ ഉണ്ടാവുന്നു എന്ന മൗലീകമായ ചോദ്യം നമ്മള്‍ ചോദിക്കാറില്ല. അച്ഛനില്ലാതെ ജനിച്ച കുഞ്ഞിന്റെ അച്ചനെക്കുറിച്ച് ആരും അധികം അന്വേഷിക്കാറില്ല. കുട്ടിയെ ഉപേക്ഷിച്ച അമ്മമാരെ കണ്ടെത്തി തടവിലാക്കാനാണ് ഉത്സാഹിക്കാറുള്ളത്.

ഇപ്പൊഴും കേരളത്തില്‍ പുറത്താക്കപ്പെടുന്ന അടിത്തട്ട് മനുഷ്യരായി ദലിത്-ആദി വാസി കോളനികള്‍ നില്‍നില്‍ക്കുന്നു എന്നതാണ് ഇത് നല്‍കുന്ന മറ്റൊരു പ്രധാന പാഠം. പല നിറങ്ങള്‍, പല രൂപങ്ങള്‍, പല രുചികള്‍, പല വാസനകള്‍ എല്ലാം ചേര്‍ന്ന നമ്മുടെ ചുറ്റുപാടില്‍ ഒരിടമാണ് ഓരോരുത്തര്‍ക്കുമെന്ന് തിരിച്ചറിയണം.

അട്ടപ്പാടിയിലെ മധുവിന്റെ ആവാസവ്യവസ്ഥ മുഴുവന്‍ കൊള്ളയടിച്ചത് എങ്ങിനെ, ആരാണ്എന്നൊന്നും നമ്മുടെ ചിന്തകളില്‍ തെളിയില്ല. മധു കള്ളനായി ജനിച്ചുവീണ കുട്ടിയല്ല. അവന് ലഭിക്കേണ്ട വിഭവങ്ങള്‍ ആരാണ് കൊണ്ടുപോയത്. എത്രയെത്ര ആദിവാസികളെ ഇവിടെ കൊലചെയ്തിട്ടുണ്ട്. അവരുടെ ആവാസ വ്യവസ്ഥ തട്ടിയെടുക്കുന്നതിലൂടെ, അവരെ ജീവിക്കാന്‍ അനുവദിക്കാതെ കൊല്ലാക്കൊല ചെയ്തില്ലേ? അതിന്റെ തുടര്‍ച്ചയിലാണ് മധുവിന്റെ ആള്‍കൂട്ടക്കൊല കാണേണ്ടത്. മധു ആരെയും വെല്ലുവിളിച്ച വ്യക്തിയല്ല. ഷെനെ പാരീസ് നഗരത്തെ പോലും വെല്ലുവിളിച്ച വ്യക്തിയായിരുന്നു. എങ്കിലും ഷെനെയേ അങ്ങിനെ ആക്കിത്തീര്‍ത്ത കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ ഷെനെയേ തടവിലിടുന്നതില്‍ അന്തര്‍ഭവിച്ച അനീതി പാരീസിലെ കോടതിക്ക് ബോധ്യപ്പെട്ടു. രൂപപരമായ യുക്തിയില്‍ നിന്നും ഉള്ളടക്കത്തിലേക്ക് പോകാന്‍ അവിടെ കോടതിക്ക് തടസ്സമുണ്ടായില്ല. നമ്മുടെ കോടതികള്‍ക്കും ഉള്ളടക്കങ്ങളിലേക്ക് പോകാന്‍ കഴിയേണ്ടതുണ്ടെന്ന കാര്യം അടുത്ത കാലത്ത് സുപ്രീം കോടതി അഭിഭാഷകനായ കാളീശ്വരം രാജ് ആള്‍ടെര്‍ മീഡിയ സ്ഥാപകന്‍ സുബൈറിന്റെ തടവുമായി ബന്ധപ്പെട്ട് ദി ഹിന്ദുവില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ മധുവിന്റെ ആള്‍കൂട്ട കൊലയുടെ സാക്ഷികള്‍ ഏതാണ്ട് പൂര്‍ണമായി കൂറു മാറിയെന്നാണ് വാര്‍ത്ത. മധുവിന്റെ കളവിനെക്കുറിച്ച് കോടതിവളപ്പില്‍ അടക്കം പറച്ചിലുകള്‍ കേട്ടെന്നാണ് അവിടെ ഉണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ പറഞ്ഞത്. മധുവിന്റെ മാത്രമല്ല, ആദിവാസികളുടെ ഭൂമിയും വന സമ്പത്തും വര്‍ഷങ്ങളോളം കൊള്ളയടിക്കുന്നതിനെപ്പറ്റി അടക്കം പറച്ചിലുകളില്ല. ആരെയും ആദിവാസി ഭൂമിതട്ടിപ്പില്‍ ഇതുവരെ ശിക്ഷിച്ചിട്ടുമില്ല. ഇപ്പൊഴും കേരളത്തില്‍ പുറത്താക്കപ്പെടുന്ന അടിത്തട്ട് മനുഷ്യരായി ദലിത്-ആദി വാസി കോളനികള്‍ നില്‍നില്‍ക്കുന്നു എന്നതാണ് ഇത് നല്‍കുന്ന മറ്റൊരു പ്രധാന പാഠം. പല നിറങ്ങള്‍, പല രൂപങ്ങള്‍, പല രുചികള്‍, പല വാസനകള്‍ എല്ലാം ചേര്‍ന്ന നമ്മുടെ ചുറ്റുപാടില്‍ ഒരിടമാണ് ഓരോരുത്തര്‍ക്കുമെന്ന് തിരിച്ചറിയണം.

എന്തു കൊണ്ട് മധുവിന്റെ കേസില്‍ ഇങ്ങിനെ കൂട്ടമായി സാക്ഷികളുടെ കൂറുമാറ്റമുണ്ടാകുന്നു? ആര്‍ക്കും എപ്പോഴും ചവിട്ടി മെതിക്കാവുന്നവരായി അടിത്തട്ട് മനുഷ്യരെ കണക്കാക്കുന്ന പൊതു സമീപനമാണ് ഇതില്‍ കാണുന്നത്. ആര്‍ക്കും എങ്ങിനെയും ''ഉപയോഗിക്കാവുന്ന'' ഒരു ''വാസ്തു വായി'' ജാതി വ്യവസ്ഥയുടെ അടിത്തട്ടില്‍ നിലനിര്‍ത്തിയ വിഭാഗങ്ങളോടുള്ള സമീപനമാണ് ഇവിടെയും പ്രകടമാവുന്നത്. ആര്‍ക്കും കൂറില്ലാത്ത വിധം ആദിവാസി സമൂഹം ഇന്നും ഒറ്റപ്പെട്ടാണോ കഴിയുന്നത്? തല്ലാനും കൊല്ലാനുമുള്ള മുഖ്യധാരയുടെ അവകാശമാണ് ഇവിടെ വീണ്ടും വീണ്ടും സ്ഥാപിക്കപ്പെടുന്നത്. ഇരയെ പ്രതിയാക്കുന്ന വിധത്തില്‍ ദലിത് ആദിവാസി വിരുദ്ധ വ്യവഹാരങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും ഇപ്പൊഴും പ്രബുദ്ധ കേരളത്തില്‍ നിലനിക്കുന്നു എന്നെങ്കിലും നമ്മള്‍ തിരിച്ചറിയണം. വാസ്തവത്തില്‍ ഇത് മധുവിനോടു മാത്രമുള്ള അനീതിയല്ല. നമ്മുടെ പൊതു സമ്മതിയില്‍ നിന്നും പുറത്താക്കപ്പെടുന്നവരോടുള്ള സമീപനത്തിന്റെ ഭാഗമാണ്. ഇന്ന് മധുവാണെങ്കില്‍ നാളെ ഇത് മാറ്റാരുമാകും. അതിനാല്‍ മൗലീകമായ ചോദ്യങ്ങള്‍ നാം നമ്മോടു തന്നെയും അധികാരികളോടും ചോദിക്കാന്‍ സന്നദ്ധരാവനം. എങ്കില്‍ മാത്രമേ ഒരു ബഹുസ്വര ജനാധിപത്യ സാമൂഹിക ജീവിതം നമുക്ക് വിഭാവനം ചെയ്യാനാവുകയുള്ളൂ.

TAGS :