Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 1 March 2024 3:06 PM GMT

പൊങ്കാലക്ക് രഥമോടിച്ച് പട്ടിഷോ കാണിച്ചവരെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പൊളിച്ചടക്കുന്നത്

വീടുകള്‍ എന്ന ജാതി നിര്‍മിതവും കൂടി ആയ വിവിധ ജ്യോഗ്രഫി സ്‌പേസുകളില്‍, മഞ്ഞുമ്മല്‍ ബോയ്‌സിലെ ചെറുപ്പക്കാര്‍ കൂടിച്ചേരുമ്പോള്‍ അവരുടെ ശരീരങ്ങളുടെ ദൂരം കുറയുകയാണ്. കേരളത്തില്‍ ഒരു കാലത്ത് ജാതി പ്രവര്‍ത്തിച്ചത് ഇത്തരം ശരീരങ്ങളുടെ ദൂരങ്ങളില്‍ കൂടി ആയിരുന്നു.

പൊങ്കാലക്ക് രഥമോടിച്ച് പട്ടിഷോ കാണിച്ചവരെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പൊളിച്ചടക്കുന്നത്
X

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ - ഓര്‍മ ശരിയാണെങ്കില്‍, അന്ന് തമിഴില്‍ 'ദളപതിയും', 'ഗുണ'യും ഒരേദിവസം ആയിരുന്നു റിലീസ് ആയത്. രജനികാന്തിന്റെ തീ, കൊടി പറക്കൂത്, അണ്ണാമലൈ ഒക്കെ കണ്ട ഞങ്ങള്‍ക്ക് ക്ലാസ് ആയ കമല്‍ഹാസനെക്കാളും മാസ്സ് ആയ രജനിയെ തന്നെ ആയിരുന്നു കൂടുതല്‍ ഇഷ്ടം. അന്ന് 'ഗുണ' എന്ന സിനിമ കാണുന്നതിനേക്കാള്‍ ഒമ്പതാം ക്ലാസിലായിരുന്ന തറ ടിക്കറ്റുകാരായ ഞങ്ങള്‍ 'ദളപതി' കാണാന്‍ ആയിരുന്നു ആഗ്രഹിച്ചത്. അന്ന് മുതല്‍ ഇതുവരേക്കും ഗുണ എന്ന സിനിമ കണ്ടിട്ടുമില്ല. എന്തോ കാണാന്‍ തോന്നിയില്ല. പക്ഷേ, 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമ 'ഗുണ' എന്ന സിനിമക്ക് ഒരു ട്രിബ്യൂട്ട് എന്ന രീതിയില്‍ അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആദരിക്കുമ്പോഴും ദളപതി എന്ന സിനിമയിലെ സൗഹൃദങ്ങളുടെ കൂടെ ഒരു സ്പിന്‍ഓഫ് ആയി കൂടെ ഈ സിനിമയെ കാണാനാണ് എനിക്ക് തോന്നിയത്. കൊച്ചിയിലെ മച്ചാന്മാരുടെ ജീവന്‍ കൊടുത്തുള്ള മഞ്ഞുമ്മല്‍ സ്‌നേഹം നമ്മളെ റിഫ്രഷ് ചെയ്യിക്കും. അതുപോലെ ഗുണ എന്ന സിനിമയിലെ ''കണ്മണി അന്‍പൊടു കാതലന്‍'' എന്ന പാട്ടും അതി മനോഹരമായി റീ ക്രിയേറ്റ് ചെയ്യുമ്പോള്‍ ഭാഷയുടെ അതിരുകള്‍ വിട്ടുകൊണ്ട് ഒരു ചങ്ങല പോലെ സഹോദര സംസ്‌കാരങ്ങളെ കൂട്ടി ഇണപ്പിക്കുന്ന രസകരമായ കാര്യവും ഈ സിനിമ ചെയ്യുന്നുണ്ട്. താരങ്ങളെ കൈമാറി പാന്‍ ഇന്ത്യന്‍ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ സമൂഹങ്ങളെ ഇഴചേര്‍ത്ത് കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് പാന്‍ ഇന്ത്യന്‍ ലെവലില്‍ പൊളിക്കുകയാണ്. ഒരു സര്‍വൈവല്‍ ത്രില്ലര്‍ എന്ന രീതിയില്‍ ഈ സിനിമ മുന്നോട്ട് പോകുമ്പോഴും അത്തരം സിനിമകളില്‍ ഹുക്ക് ചെയ്യിക്കുന്ന ഇമോഷന്‍സ് ക്രിയേറ്റ് ചെയ്‌തെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യം ആണെന്ന് തോന്നുന്നില്ല. പക്ഷേ, ഈ സിനിമ നമ്മളെ കണ്ണീരിലൂടെ ചിരിപ്പിച്ചു കൊണ്ട് കൂടെ പോരും.

തന്റെ കയ്യില്‍ ടൂറിന് പോകാന്‍ വകുപ്പില്ല എന്നു സുഭാഷ് എന്ന പകുതി തേച്ച വീട്ടില്‍ ജീവിക്കുന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രം പറയുമ്പോള്‍ 'അതൊന്നും സാരമില്ല നീ വാ' എന്നു പറയുന്നത് വളരെ സൗന്ദര്യമുള്ള സീനുകള്‍ ആണ്. കേരളത്തിലെ ബുദ്ധിജീവി ആക്റ്റിവിസ്റ്റ് സെമിനാര്‍ പൊളിറ്റിക്‌സില്‍ നിന്നുമൊക്കെ വ്യത്യസ്തമായി വളര്‍ന്നുവരുന്ന ചെറുപ്പക്കാരില്‍ ഇത്തരം വൈബുകള്‍ രാഷ്ട്രീയമായി തന്നെ ചില യുവതകളെ ഒന്നിപ്പിച്ചിരുന്നു എന്നു കാണുന്നതും രസമാണ്.

ഇതിന് മുമ്പ് മലയാളത്തില്‍ ഉണ്ടായ സര്‍വൈവല്‍ ത്രില്ലര്‍ ആയ മാളൂട്ടിയില്‍ നിന്നു വളരെ വ്യത്യസ്തമായി കീഴാളരായ മനുഷ്യരുടെ അതിഗംഭീരമായ ബോണ്ടിങ് ഈ സിനിമയുടെ മനോഹാരിതയാണ്. രണ്ടായിരത്തി ആറിലെ കേരളത്തിലെ കൊച്ചി എന്ന സ്ഥലത്തെ പലതരം ഐഡന്റിറ്റിയില്‍ ഉള്ള മനുഷ്യരുടെ, പ്രത്യേകിച്ച് ആണ്‍കൂട്ടങ്ങളുടെ കൂടിച്ചേരലുകള്‍ കാണാന്‍ രസമാണ്. സി.ഐ.ടി.യുവിന്റെയോ മറ്റോ ചുമര്‍ എഴുതിയ ദര്‍ശന ക്ലബ്ബില്‍ ഇരുന്ന് കള്ള് കുടിച്ചു കാരംസ് കളിക്കുന്ന ആണ്‍ കൂട്ടങ്ങള്‍. അതിലൂടെ കൂടിച്ചേരുന്ന സ്‌നേഹങ്ങള്‍ ബോണ്ടുകള്‍ ഒക്കെ കാണാന്‍ രസമാണ്. തന്റെ കയ്യില്‍ ടൂറിന് പോകാന്‍ വകുപ്പില്ല എന്നു സുഭാഷ് എന്ന പകുതി തേച്ച വീട്ടില്‍ ജീവിക്കുന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രം പറയുമ്പോള്‍ 'അതൊന്നും സാരമില്ല നീ വാ' എന്നു പറയുന്നത് വളരെ സൗന്ദര്യമുള്ള സീനുകള്‍ ആണ്. കേരളത്തിലെ ബുദ്ധിജീവി ആക്റ്റിവിസ്റ്റ് സെമിനാര്‍ പൊളിറ്റിക്‌സില്‍ നിന്നുമൊക്കെ വ്യത്യസ്തമായി വളര്‍ന്നു വരുന്ന ചെറുപ്പക്കാരില്‍ ഇത്തരം വൈബുകള്‍ രാഷ്ട്രീയമായി തന്നെ ചില യുവതകളെ ഒന്നിപ്പിച്ചിരുന്നു എന്നു കാണുന്നതും രസമാണ്.

വീടുകള്‍ എന്ന ജാതി നിര്‍മിതവും കൂടി ആയ വിവിധ ജ്യോഗ്രഫി സപേസുകളില്‍ നിന്നു ഈ ചെറുപ്പക്കാര്‍ ആ ക്ലബ്ബില്‍ കൂടിച്ചേരുമ്പോള്‍ അവരുടെ ശരീരങ്ങളുടെ ദൂരം കുറയുകയാണ്. കേരളത്തില്‍ ഒരു കാലത്ത് ജാതി പ്രവര്‍ത്തിച്ചത് ഇത്തരം ശരീരങ്ങളുടെ ദൂരങ്ങളില്‍ കൂടി ആണല്ലോ. ഓരോ ജാതി സമൂഹങ്ങള്‍ക്കും ദൂരങ്ങള്‍ കൂട്ടി കൂട്ടി ആണ് അതിന്റെ നിര്‍ണയന രീതികള്‍. പക്ഷേ, ഈ സിനിമയില്‍ ഓരോ ഇടങ്ങളിലും ശരീരങ്ങളുടെ ദൂരങ്ങള്‍ കുറഞ്ഞു വരികയാണ്. ഈ സിനിമ തുടങ്ങുന്നത് പഴനിയിലെ മൊട്ടയടിയില്‍ നിന്നും അവിടത്തെ ഒരു ഹോട്ടലില്‍ നിന്നുമാണ്. അവിടെ നിന്നും നേരെ ഷിഫ്റ്റ് ചെയ്തു കൊച്ചിയിലെ ഒരു കല്യാണ വീട്ടിലേക്കാണ്. അവിടെ ആണ് മനുഷ്യരുടെ അല്ലെങ്കില്‍ പലതരം ഐഡന്റിറ്റിയില്‍ പെട്ട ചെറുപ്പക്കാരുടെ ശരീരം തൊട്ടുരുമ്മിയുള്ള മോഡേണിറ്റിയില്‍ നിന്നുള്ള റാപ് അല്ലെങ്കില്‍ റോക്ക് സോങ്ങിനു അനുസരിച്ച് ഡാന്‍സുകളിലൂടെ തകര്‍ക്കുന്നത്. വേടന്റെ സോങ് ഒക്കെ അവിടെ പൊളിച്ചടുക്കുന്നുണ്ട്. ഈ കൂടിച്ചേരലില്‍ ആണ്, ശരീരങ്ങളുടെ കെട്ടിമറിയലില്‍ നിന്നാണ് ഒരു പക്ഷേ ഈ സിനിമ ഫിലോസഫിക്കല്‍ ആയി പോലും തുടങ്ങുന്നത്.

പലതരം വീടുകളിലെ ആ വീടുകള്‍ നില നില്‍ക്കുന്ന കോളനി മറ്റ് ഇടങ്ങള്‍ തുടങ്ങിയ അധികാര വ്യത്യസ്തതകളില്‍ നിന്നും കല്യാണ വീട്ടിലെ ഒരു റോക്ക് പാര്‍ട്ടിയില്‍ മനുഷ്യര്‍ അങ്ങ് കൂടിച്ചേരുകയാണ്. വൃത്തി പ്രശ്‌നമുള്ള ദീപക്കിന്റെ കോണ്ട്രാക്റ്റര്‍ കഥാപാത്രം പോലും അതുകണ്ടു രസിക്കുകയോ ഭാഗമാവുകയോ ചെയ്യുന്നുമുണ്ട്. അതിനു പിന്നിലെ വൈബ് എന്നത് റാപ്പും റോക്കും ജീന്‍സും ടീ ഷര്‍ട്ടും എല്ലാം ആകുമ്പോള്‍ മലയാളിത്തം എന്ന സംഗതിയെ വിട്ടുകൊണ്ട് ഈ ചെറുപ്പക്കാര്‍ അറുമാദിക്കുന്നുമുണ്ട്. ഈ ഒരു സ്‌പേസില്‍ നിന്നു അവര്‍ ഒമ്പത് പേര്‍ ചേര്‍ന്നു ആ ക്വാളിസില്‍ യാത്ര ചെയ്യുമ്പോഴാണ് ശാരീരികമായി തിങ്ങി നിറഞ്ഞു ഒട്ടി ഒരുമിക്കുന്നത്. ആ വണ്ടി ഒരു പക്ഷേ കേരളത്തിന്റെ പലതരം വേര്‍തിരിക്കലുകളുടെ മാറ്റി നിര്‍ത്തലുകളുടെ അയിത്തങ്ങളെ ഒക്കെ പൊളിച്ചുകൊണ്ട് തിങ്ങി നിറഞ്ഞു ആഹ്‌ളാദിച്ചു ഒരൊറ്റ കൂട്ടം ആയി മാറുകയാണ്. അങ്ങനെ ഈ സിനിമയില്‍ കാണുന്ന വീട്, ക്ലബ്ബ്, വാഹനം തുടങ്ങിയ പല തരം സ്‌പേസുകള്‍ മനുഷ്യരുടെ പലതരം കൂടിച്ചേരലുകള്‍ക്കു കൂടി ഇടം നല്‍കുന്നുമുണ്ട്. കേരളത്തില്‍ രഥം ഓടിച്ചു നമ്മള്‍ ഭയങ്കരമാണെന്ന് പൊങ്കാലക്ക് പട്ടി ഷോ കാണിക്കുന്ന ഊളകളെ ഈ ക്വാളിസില്‍ യാത്ര ചെയ്യുന്ന ചെറുപ്പക്കാര്‍ മുട്ടിയൂരുമ്മി ഇരുന്നു പൊളിച്ചു അടുക്കുന്നുണ്ട്.

തുറന്ന ജീപ്പില്‍ ആറ്റുകാല്‍ പൊങ്കാല കാണാനെത്തിയ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍

കേരളത്തിന്റെ ചരിത്രത്തില്‍ പല തരത്തിലുള്ള യാത്രകള്‍ ഇതിന് മുമ്പെയും ഉണ്ടായിട്ടുണ്ട്. ബോംബെയിലേക്കും ശ്രീലങ്കയിലേക്കും ദുബായിലേക്കും ഉള്ള പ്രവാസങ്ങള്‍, ഗുരുവായൂര്‍, വേളാങ്കണ്ണി, ശബരിമല പോലുള്ള തീര്‍ഥാടനങ്ങള്‍, ദലിത് മിഡില്‍ ക്ലാസുകളുടെ ഉദ്യോഗ സംബന്ധങ്ങളായ യാത്രകള്‍, വയനാട് പോലുള്ള സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍, സ്‌കൂള്‍-കോളജ് വിനോദ യാത്രകള്‍ അങ്ങനെ പലതരം യാത്രകള്‍. പക്ഷേ, കേരളം ചെറുപ്പക്കാരുടെ സില്ലിനെസ്സ് എന്ന രീതിയിലാണ് ഒരു പക്ഷേ മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള യാത്രകളെ നിസ്സാരവത്കരിച്ചത്. ഇവിടത്തെ കോളനികളിലെ കീഴാള ജീവിതങ്ങളിലെ പല ചെറുപ്പക്കാരും കൂലി പണി എടുത്തു സ്വരൂപിച്ചുകൂട്ടുന്ന പൈസക്ക് മംഗലാപുരത്തേക്കും മൂന്നാറിലേക്കും വാഗമണിലേക്കും കൊടൈക്കനാലിലേക്കും നടത്തിയ യാത്രകള്‍ വേറെ ഒരു സാംസ്‌കാരിക രൂപങ്ങള്‍ തന്നെ ആയിരുന്നു. ഇത്തരം യാത്രകളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള ചെറുപ്പക്കാര്‍ എടുത്ത ഫോട്ടോകള്‍ ആണ് ഇന്നത്തെ ട്രാവല്‍ വ്‌ളോഗുകളുടെ പ്രാഥമിക രൂപങ്ങള്‍ എന്നൊക്കെ പറയാം. ഈ സിനിമയിലെ ഫോട്ടോ ആല്‍ബങ്ങള്‍ ഇത്തരം യാത്രകളുടെ ചരിത്ര രൂപങ്ങള്‍ ആയിരുന്നു എന്നതാണ്. മറ്റ് സംസ്‌കൃതികളിലേക്ക് ചേക്കേറിയ, അല്ലെങ്കില്‍ അവരോടു ബന്ധപ്പെടുന്നതില്‍ ഇത്തരം യാത്രകളുടെ സാംസ്‌കാരിക രൂപങ്ങള്‍ വലിയ പങ്ക് വഹിച്ചിരുന്നു. പക്ഷേ, കേരളം അന്നും ഇന്നും അത് പിള്ളേരുടെ കളികള്‍ ആയാണ് ഒരുകാലത്ത് കണ്ടത്. ഇന്ന് പിള്ളേര്‍ യാത്ര ചെയ്തു യൂറ്റൂബില്‍ നിന്നു ലക്ഷങ്ങള്‍ വരുമാനം ഉണ്ടാക്കിയപ്പോഴാണ് ഇഞ്ചി കടിച്ചു തുടങ്ങുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള റീലുകളിലൂടെ പുതിയ ദൃശ്യഭാഷയും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. അതിനെ ഒക്കെ മറികടന്നുകൊണ്ട് അതിലും രസകരമായി പല ഘടകങ്ങളും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് തിയേറ്ററില്‍ ആളെ കയറ്റുന്ന സിനിമകള്‍ സൃഷ്ടിക്കുന്നതിന് സിനിമയുടെ സെമിയോട്ടിക് ഭാഷകളില്‍ തന്നെ വലിയ പരീക്ഷണങ്ങള്‍ നടത്തേണ്ടതായി വരുന്നു. പക്ഷേ, അതിനെ ഒക്കെ മറികടന്നു കൊണ്ട് തിയേറ്ററില്‍ ആളെ കയറ്റുന്ന സിനിമ ആയും ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് മാറുന്നുണ്ട്.

ചരിത്ര സംഭവമായ ഒരു യാത്രയെ അതില്‍ നിന്നു രൂപപ്പെടുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ നിര്‍മിച്ചെടുക്കുമ്പോള്‍ ഡോക്യുമെന്ററി സ്വഭാവം ഉണ്ടായിപ്പോവുക സ്വാഭാവികമാണ്. അവിടെ ആണ് സിനിമാറ്റിക് എലമെന്റുകളും ഇമോഷനുകളും ചേര്‍ത്തുവെച്ച് ഫിക്ഷണലൈസ് ചെയ്തു രസകരമായി ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ''വെള്ളമടിക്കുമ്പോള്‍ കുറച്ച് അടിക്കണേടാ'' എന്നു പറയുന്ന അച്ഛന്‍ ഒക്കെ വേറെ ഒരു ജാതി പൊളിയാണ്. സര്‍വൈവല്‍ സീനുകളില്‍ ഇമോഷന്‍സ് ചേര്‍ത്ത് വെക്കുന്ന വളരെ വിഷമം പിടിച്ച ഒരു സിനിമാറ്റിക് ഭാഷ വളരെ രസകരമായി ചെയ്യാന്‍ അതിന്റെ മേക്കേഴ്‌സും ശ്രദ്ധിച്ചിട്ടുണ്ട്. കൂട്ടുകാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുക എന്നത് ഈ സിനിമ കാണിക്കുന്നത് ഉള്ളിലേക്ക് കയറുകയും ചെയ്യും. ഇവിടെ ശരിക്കും ജീവിച്ച ചില കൂട്ടുകാരുടെ ഇമോഷന്‍സ് അതിഗംഭീരമായി ഈ സിനിമ വിഷ്വലൈസ് ചെയ്യുകയും ചെയ്തു. ഈ സിനിമയുടെ പുറത്തുള്ള പ്രൊമോഷന്‍ പരിപാടികളിലൂടെ ആ റിയല്‍ ചെറുപ്പക്കാരുടെ കഥകള്‍കൂടി കേള്‍ക്കുമ്പോള്‍ സിനിമയും മീഡിയയും യാഥാര്‍ഥ്യവും ചേര്‍ന്ന് കൊണ്ടുള്ള മെറ്റാവേള്‍ഡും രൂപപ്പെടുന്നത് കാണാന്‍ രസമാണ്.

പുതിയ കാലത്തെ സിനിമാ കാഴ്ചകളില്‍, അത് സ്‌ക്രീനില്‍ ആയാലും ടി.വിയില്‍ ആയാലും മൊബൈല്‍ ഫോണുകളില്‍ ആയാലും അതിന്റെ സിങ്ക് സൗണ്ടുകള്‍, ബി.ജി.എം ഷോട്ട്‌സിന്റെ രൂപഘടനകള്‍, കളറിങ് എല്ലാം ശ്രദ്ധിച്ചു കൊണ്ട് കാഴ്ചക്കാരാകുന്ന ഒരു തലമുറ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള റീലുകളിലൂടെ പുതിയ ദൃശ്യഭാഷയും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. അതിനെ ഒക്കെ മറികടന്നുകൊണ്ട് അതിലും രസകരമായി പല ഘടകങ്ങളും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് തിയേറ്ററില്‍ ആളെ കയറ്റുന്ന സിനിമകള്‍ സൃഷ്ടിക്കുന്നതിന് സിനിമയുടെ സെമിയോട്ടിക് ഭാഷകളില്‍ തന്നെ വലിയ പരീക്ഷണങ്ങള്‍ നടത്തേണ്ടതായി വരുന്നു. പക്ഷേ, അതിനെ ഒക്കെ മറികടന്നു കൊണ്ട് തിയേറ്ററില്‍ ആളെ കയറ്റുന്ന സിനിമ ആയും ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് മാറുന്നുണ്ട്.

സിനിമ എന്നാല്‍ അഭിനയം, സംവിധാനം, സംഗീതം, ക്യാമറ എന്ന രീതിക്ക് പുറത്തു നിന്നു പ്രൊഡക്ഷന്‍ ഡിസൈന്‍ എന്ന ഡിപാര്‍ട്‌മെന്റ് പോലെ അനേകം സാങ്കേതികതകളുടെ വ്യാപകമായ ചര്‍ച്ചകള്‍ ഇവിടെ രൂപപ്പെടുത്തുന്നു എന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകളുടെ പ്രത്യേകതയാണ്. ഗുണ കേവ് എന്നത് കേരളത്തില്‍ ഡിസൈന്‍ ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാന്‍ സാധിപ്പിച്ചു എന്നത് അജയന്‍ ചാലിശ്ശേരി എന്ന പ്രൊഡക്ഷന്‍ ഡിസൈനറുടെ കഴിവ് തന്നെയാണ്. സിനിമയുടെ രസച്ചരട് ഒട്ടും പൊട്ടിപ്പോകാതെ അത് വിജയിപ്പിച്ചെടുത്തു എന്നതിന് ആ മനുഷ്യന് ഒരു ഹാറ്റ്‌സ് ഓഫ് കൊടുക്കേണ്ടതാണ്.

അജയന്‍ ചാലിശ്ശേരി

സി.ബി.ഐ സിനിമയില്‍ ബോറടിപ്പിച്ച സൗബീന്‍ ഒക്കെ തിരിച്ചുവന്നതും ദീപക്, ശ്രീനാഥ് ഭാസി എന്നിവര്‍ പൊളിച്ചതും ഖാലിദ് റഹ്മാന്‍ അഭിനേതാവായി രസമാക്കിയതും മനോഹരമായി. അതുപോലെ തമിഴ് നടന്മാരും അവരുടെ ഫ്രെഷ്‌നെസ്സും ഈ സിനിമയെ കാണാന്‍ പ്രേരിപ്പിക്കുന്നു. ''എന്നെ ഇവിടെ ഇട്ടു കത്തിച്ചാലും ഞങ്ങള്‍ ഇവിടെ നിന്നു പോകയില്ല സാറേ ..'' എന്നു പറയുന്നത് ഒക്കെ ആണ് ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ ഈ സിനിമ നല്‍കുന്ന മനുഷ്യരില്‍ ഉള്ള പ്രതീക്ഷയും.

TAGS :