Quantcast
MediaOne Logo

ഫായിസ ഫർസാന

Published: 21 Feb 2023 10:25 AM GMT

പ്രതിരോധ സംഗീതത്തിന്റെ സംവേദനക്ഷമത വര്‍ധിച്ചു

സംഗീതം ശ്രോതാക്കളെ ത്രസിപ്പിക്കുമ്പോള്‍ രാഷ്ട്രീയം ഉച്ചത്തില്‍ പാടുന്നു. സാധാരണക്കാരന്റെ ഭാഷയിലൂടെ അവനുള്‍ക്കൊള്ളുന്ന രാഷ്ട്രീയഗതിയെ പാടികേള്‍പ്പിക്കുകയാണ് ഇന്നത്തെ പല പാട്ടുകളും. ജനങ്ങളുമായി നല്ല രീതിയില്‍ സംവദിക്കാന്‍ സംഗീതം കൊണ്ട് സാധിക്കും. അത് പ്രണയം മുതല്‍ പ്രതിരോധം വരെ. ജനകീയ പ്രതിരോധങ്ങളും സംഗീത ആവിഷ്‌കാരങ്ങളും എന്ന തലക്കെട്ടില്‍ മീഡിയ വണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവെലില്‍ നടന്ന സെമിനാര്‍.

പ്രതിരോധ സംഗീതത്തിന്റെ സംവേദനക്ഷമത വര്‍ധിച്ചു
X

മുജീബ് റഹ്മാന്‍

സംഗീതം ഒരു പ്രതിരോധമായി മാറുന്ന ഈ കാലഘട്ടത്തില്‍, സംഗീതം എങ്ങനെ അതിനുള്ള ആയുധമായി എന്നുള്ള ചര്‍ച്ചയില്‍ അകാലത്തില്‍ നമ്മളെ വിട്ട് പിരിഞ്ഞ വിഖ്യാത സംവിധായകനും ആക്ടിവിസ്റ്റുമായ കെ. പി ശശിയുടെ കലാ സൃഷ്ടികളായ 'അമേരിക്ക അമേരിക്ക, ഗവോം ചോടബ് നഹീ, പുതിയതായി ഇറങ്ങിയ പയ്യ് ' ഇവയെ കുറിച്ച് പറയാതെ പോവാന്‍ കഴിയില്ല. 2005 ല്‍ റിലീസ് ആയ കെ.പി ശശിയുടെ 'അമേരിക്ക അമേരിക്ക' എന്ന മ്യൂസിക് വീഡിയോ ദേശാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ 2008 ല്‍ റിലീസ് ആയ 'ഗവോം ചോടബ് നഹീം' എന്ന സംഗീത ആവിഷ്‌കാരം ഇന്ത്യയിലെ ആദിവാസി വിഭാഗം ഒന്നടങ്കം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒന്നാണത്.

ഡല്‍ഹിയിലൂടെ ഒരു കാറില്‍ ഞാന്‍ സഞ്ചരിക്കുമ്പോള്‍ ഈ പാട്ട് പെട്ടന്ന് കേള്‍ക്കാനിടയാവുകയും ജന്മം കൊണ്ട് സവര്‍ണ്ണ ജാതിക്കാരനായ വണ്ടി ഡ്രൈവര്‍ പെട്ടന്ന് വണ്ടി നിര്‍ത്തുകയും അധിക്ഷേപ ഭാവത്തോടെ നോക്കുകയും ചെയ്തു. അവിടെ ശശിയേട്ടന്‍ വിജയിക്കുകയാണ് ചെയ്തത്. ഏറ്റവും അവസാനമായി 2020 ല്‍ റിലീസ് ചെയ്ത പയ്യ് എന്ന സംഗീത ആവിഷ്‌കാരം സമകാലിക രാഷ്ട്രീയത്തെ വിളിച്ചോതുന്നതുമായിരുന്നു. ഇവയെല്ലാം പ്രതിരോധത്തിന്റെ വിവിധ തലങ്ങള്‍ നമുക്ക് കാണിച്ചു തന്നു.

ശ്രീമിത്ത്

സംഗീതത്തിന്റെ ഉള്ളടക്കവും രൂപവും ഒരു വരേണ്യമായ അവസ്ഥയിലാണ് ഇത്രയും കാലം നിലനിന്ന് പോന്നിരുന്നത്. പണ്ടുക്കാലങ്ങളില്‍ സ്വന്തം വിശ്വാസങ്ങളെ അടിയറ വെക്കാതെ, മറ്റു മതങ്ങളില്‍ ജനപ്രീതി നേടിയ കര്‍ണാട്ടിക് സംഗീതം പോലുള്ള പാട്ടുകള്‍ പാടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സംഗീത ലോകം. പത്തൊന്‍മ്പതാം നൂറ്റാണ്ടിലെ ജനപ്രിയ പ്രധിഷേധ ഗാനങ്ങള്‍, അക്കാലത്തെ മറ്റ് ജനപ്രിയ ഗാനങ്ങളെ പോലെ അറിയപ്പെടുന്ന ഈണങ്ങളില്‍ മാത്രം ഒതുങ്ങിയതായിരുന്നു.

ഗന്ധര്‍വ്വ സംഗീതജ്ഞന്‍ എന്നറിയപ്പെടുന്ന അരയ വിഭാഗത്തില്‍ പെടുന്ന യേശുദാസിന് അതിജീവനത്തിന് സവര്‍ണ്ണ പാട്ടുകള്‍ പാടേണ്ടതായി വന്നു എന്നതാണ് സത്യം. കാലം മുന്നോട്ട് വന്നപ്പോള്‍ സംഗീതത്തിന്റെ ഉള്ളടക്കവും രീതിയും മാറി. ജാസി ഗിഫ്റ്റിനെ പോലെയുള്ളവര്‍ വേദിയിലെത്തിയപ്പോള്‍ സവര്‍ണ്ണരില്‍ അസ്വസ്ഥതയുണ്ടാവാന്‍ തുടങ്ങി. എന്നാല്‍, ശക്തമായ രാഷ്ട്രീയം പറയുന്ന, പ്രത്യേകിച്ച് ദലിത് രാഷ്ട്രീയവും ജാതീയതയും കപട ദേശീയതയും പറയുന്ന ഒരു സംഗീത ലോകം നമുക്കിന്നുണ്ട്.

കെ.പി ശശിയുടെ ആന്റി വാര്‍ മ്യൂസിക് വീഡിയോ ആയ 'അമേരിക്ക അമേരിക്ക' എന്ന പാട്ട് അമേരിക്കയിലെ ആന്റി വാര്‍ മൂവ്‌മെന്റിന് വേണ്ടി അവിടത്തെ യൂണിവേഴ്‌സിറ്റികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്ന് കേസുകള്‍ വരെ ഉണ്ടായിട്ടുണ്ട് .ഇംഗ്ലീഷ് ഭാഷയെ കളിയാക്കി കൊണ്ടുള്ള ഈ പാട്ടിന്റെ വീഡിയോ വളരെ ശ്രദ്ധേയമാണ്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോ, ലോക സംഘര്‍ഷം വര്‍ധിപ്പിക്കുന്നതില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള ആക്ഷേപഹാസ്യവും എന്നാല്‍, കഠിനവുമായ കുറ്റാരോപണമാണ്.

'ഗവോം ചോടബ് നഹീ' എന്ന മ്യൂസിക്കല്‍ വീഡിയോ യഥാര്‍ഥത്തില്‍ ഭഗവാന്‍ മാഞ്ചി എഴുതിയ പ്രതിരോധ പാട്ടിന്റെ ദൃശ്യ സംഗീതാവിഷ്‌കാരമാണ്. അതിന്റെ ദൃശ്യാവിഷ്‌കാരം തന്നെയാണ് ആ വീഡിയോ ശ്രദ്ധേയമാകാന്‍ കാരണം. ഇതിലെല്ലാം ജനകീയമായ ഘടകങ്ങള്‍ ഉപയോഗിച്ചു എന്നുള്ളതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.


ബോബ് ഡിലനും ബോബ് മാര്‍ലിനും പാടുന്നത് വ്യത്യസ്ത രീതികളിലാണ്. മൈക്കിള്‍ ജാക്‌സന്‍ പാടുന്നത് മറ്റൊരു രീതിയിലായിരുന്നു. അതിലെല്ലലാം പൊളിറ്റിക്കല്‍ കണ്ടെന്റ് ഉണ്ടായിരുന്നു. മൈക്കിള്‍ ജാക്‌സന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് പറയുന്നിടത്ത് ക്രിത്യമായി റേസിസത്തെ അഡ്രസ്സ് ചെയ്തിട്ടുള്ളതായിരുന്നു. പരിസ്ഥിതിയെ കുറിച്ചും ലോക സമാധാനത്തെ കുറിച്ചും അദ്ധേഹം പാടിയിട്ടുണ്ട്.

സമീര്‍ ബിന്‍സി

പ്രതിരോധത്തിന്റെ പാട്ടുകള്‍ അല്ലെങ്കില്‍ നിലനില്‍പ്പിന്റെ പാട്ടുകളെ കുറിച്ച് പറയുമ്പോള്‍, സൂഫി സംഗീതം പറയുന്നത് മണ്ണില്‍ നിന്നുകൊണ്ടാണ് വിണ്ണിനെ കുറിച്ച് പറയേണ്ടത് എന്നാണ്. വെറും വിണ്ണിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുക എന്നത് വെറുമൊരു രസകരമായ കാര്യം മാത്രമാണ്. അതില്‍ ഒരു ആരാധന ഭാവമാണ് വരുന്നത്, ഭക്തിയെ പൊട്ടിച്ചെറിഞ്ഞുക്കൊണ്ട് ദൈവത്തെ തന്നില്‍ തന്നെ അറിയുകയുമാണ് ചെയ്യണ്ടത്. ദൈവത്തെ തന്നില്‍ അറിയുക എന്ന് പറയുമ്പോള്‍ സൂഫികള്‍ പറയുന്നത് തന്നിലേക്ക് നോക്കുക എന്നതാണ്. അപ്പോള്‍ താനാരാണ് എന്നുള്ളത് ഒരു ഫിലോസഫിയുടെ പുറത്ത് പ്രണയാതുരമായ ഒരു ചോദ്യമായി നില്‍ക്കുന്നുണ്ട്. റഹ്മത്ത് (കരുണ) എന്നതു കൊണ്ടാണ് എന്റെ നിലനില്‍പ്പ്, ഈ റഹ്മത്ത് എന്നില്‍ നിന്ന് അനുകമ്പയും കരുണയുമായി പുറത്തേക്ക് പ്രപഞ്ചത്തിലേക്ക് വരേണ്ടതുണ്ടെന്ന് ഒരു സൂഫി പറയും. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവും, സമരങ്ങള്‍ ഉണ്ടാവും. ഇതിനര്‍ഥം ഇത്തരത്തിലുള്ള ആളുകളുടെ പണി പ്രതിസന്ധിയുള്ളതാണെന്നല്ല, മറിച്ച് പ്രതിസന്ധി അല്ലങ്കില്‍ പ്രതിരോധം കത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു എന്നതാണ്.

ഹാരിസ്

വളച്ചുകെട്ടില്ലാതെ പറയാനുള്ളത് പാട്ടിലൂടെ പാടി പറയാന്‍ ഇന്ന് റാപ് സോങ്ങുകള്‍ക്ക് സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് 1973 യില്‍ രംഗത്ത് വന്ന ഹിപ് ഹോപ്പ് സോങ്ങുകള്‍ക്ക്. ശക്തമായ രാഷ്ട്രീയം വിളിച്ചോതാനും പ്രതിരോധിക്കാനും അവയ്ക്ക് പറ്റുന്നുണ്ട്. മാത്രമല്ല, ആദ്യകാലങ്ങളില്‍ സമൂഹം കോലാഹലം എന്ന് വിശേഷിപ്പിച്ചിരുന്ന ഇത്തരം പാട്ടുകളെ അതേസമൂഹം തന്നെ ഇന്ന് ഏറ്റെടുക്കാന്‍ തുടങ്ങിയിരിക്കുന്നു.

തയ്യാറാക്കിയത്: ഫായിസ സിദ്ധീഖ്

TAGS :