Quantcast
MediaOne Logo

ബി.കെ സുഹൈല്‍

Published: 31 July 2022 2:53 PM GMT

മ്യാന്മര്‍; സ്വന്തം ജനതയെ ചുട്ടുകൊല്ലുന്ന പട്ടാളഭരണം

നാല് പേര്‍ കൊല്ലപ്പെട്ടത് മാത്രമല്ല മ്യാന്മറിലെ വലിയ ക്രൂരത. അധികം തിരിച്ചറിയപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന അരുംകൊലകള്‍ നിരന്തരം മ്യാന്മറിലെ പട്ടാളഭരണകൂടം നടത്തുന്നുണ്ട്.

മ്യാന്മര്‍; സ്വന്തം ജനതയെ ചുട്ടുകൊല്ലുന്ന പട്ടാളഭരണം
X
Listen to this Article

മ്യാന്‍മറിലെ പട്ടാളഭരണകൂടം നാല് ജനാധിപത്യ പ്രവര്‍ത്തകരുടെ വധശിക്ഷ നടപ്പിലാക്കിയത് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കു ശേഷം ലോകത്തിന്റെ ശ്രദ്ധയിലേക്ക് മ്യാന്മറിലെ പട്ടാള ഭരണത്തിന്റെ ക്രൂരചിത്രങ്ങള്‍ ഒന്നുകൂടിയെത്തി. പട്ടാളഭരണത്തിനെതിരെ ശബ്ദിച്ചവരെ തീവ്രവാദ മുദ്രചാര്‍ത്തി തൂക്കിക്കൊല്ലുകയായിരുന്നു സൈന്യം. ആങ് സാന്‍ സൂചിയുടെ അനുയായിയും മുന്‍ എം.പിയുമായ ഫ്യോ സെയ താവാണ് വധശിക്ഷയ്ക്ക് വിധേയരായവരില്‍ പ്രമുഖന്‍.

41 കാരനായ ഫ്യോ സെയ താവ്, മികച്ച പാട്ടുകാരന്‍ കൂടിയായിരുന്നു. സൈന്യത്തിന് നേരെയുള്ള ഒളിയമ്പുകളായിരുന്നു അദ്ദേഹത്തിന്റെ വരികള്‍. 53 കാരനായ കോ ജിമ്മിയാണ് മറ്റൊരു നേതാവ്. 1988ലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ രാജ്യത്തെ സൈനിക ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തി. മുന്‍പ് നിരവധി തവണ ജയിലില്‍ കിടന്നു. 2012ല്‍ മോചിതനായി. രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായപ്പോള്‍ പിന്നെയും പ്രക്ഷോഭം തുടര്‍ന്നു. തൂക്കിക്കൊന്നവരുടെ മൃതദേഹങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുക്കുക പോലും ചെയ്തില്ല.


അട്ടിമറിയും പ്രക്ഷോഭവും

2020 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂചിയുടെ കക്ഷി വന്‍ഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിന് പട്ടാളം അധികാരം പിടിച്ചത്. ആങ് സാന്‍ സൂചിയെ പട്ടാളം തടവിലാക്കി. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായി. ജനാധിപത്യത്തിനായി ജനം തെരുവിലിറങ്ങി. സമാധാനപരമായിരുന്നു സമരമെങ്കിലും പട്ടാളം അതിനെ തോക്കുകൊണ്ടാണ് നേരിട്ടത്. ആയിരക്കണക്കിന് നിരായുധരായ മനുഷ്യരെ സൈന്യം വെടിവെച്ചുകൊന്നു.


പട്ടാളഭീകരതയെ ഭയക്കാതെ ജനം പിന്നെയും വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അതില്‍ ശക്തമായിരുന്നു പണിമുടക്ക് സമരം. സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ള തൊഴിലാളികളും ഉദ്യോഗസ്ഥരും ഈ സമരത്തിന്റം ഭാഗമായി. സമരത്തിലിറങ്ങിയ മുഴുവനാളുകളെയും പിരിച്ചുവിട്ടു. കോവിഡ് കാലത്ത് ഇരട്ടദുരന്തമായിരുന്നു മ്യാന്മറില്‍. ആരോഗ്യ രംഗത്തുള്ളവരെയെല്ലാം ിരിച്ചുവിട്ടതിനാല്‍ പ്രവൃത്തിപരിചയമുള്ള ആരും ആ മേഖലയില്‍ ഉണ്ടായിരുന്നില്ല. ഇതോടെ ആരോഗ്യ സംവിധാനം ആകെ താളം തെറ്റി. പ്രതിരോധ കുത്തിവയ്പ്പും പരിശോധനയും എല്ലാം ഇതോടെ പ്രതിന്ധിയിലായി. കോവിഡ് ബാധിച്ച് എത്രപേര്‍ മരിച്ചു എന്ന കണക്ക് പോലും കൃത്യമായി ഇല്ല.

കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുന്ന സൈന്യം നാല് പേര്‍ കൊല്ലപ്പെട്ടത് മാത്രമല്ല മ്യാന്മറിലെ വലിയ ക്രൂരത. അധികം തിരിച്ചറിയപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന അരുംകൊലകള്‍ നിരന്തരം മ്യാന്മറിലെ പട്ടാളഭരണകൂടം നടത്തുന്നുണ്ട്.

ഗ്രാമങ്ങളെയൊന്നാകെ ചുട്ടുകരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെയടക്കം നിഷ്‌കരുണം വധിക്കുന്നു, പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെുന്നു. പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഇതുവരെ 2,100 പേര്‍ സൈന്യത്തിന്റെയും പൊലിസിന്റെയും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ്(എ.എ.പി.പി) പറയുന്നത്. ബി.ബി.സി ഈയിടെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സൈനികര്‍ തന്നെ അവര്‍ നടത്തിയ ക്രൂരതകള്‍ കുറ്റബോധത്തോടെ തുറന്നുപറയുന്നുണ്ട്.

https://www.youtube.com/watch?v=GzXJWpJL3Pc


''കണ്ടവരെയെല്ലാം വെടിവെക്കാനായിരുന്നു മുകളില്‍ നിന്നുള്ള ഉത്തരവ്. ഗ്രാമത്തിലെ എല്ലാ വീടുകളും കത്തിക്കാനും ഉത്തരവുണ്ടായിരുന്നു. എല്ലാം പാവങ്ങളുടെ പഴയ വീടുകളായിരുന്നു.''

''ഞങ്ങള്‍ ചെന്നിടത്തെല്ലാം തീവെച്ചു. ഗ്രാമത്തിന്റെ നടുവില്‍ എത്തിയപ്പോള്‍ ഞാനൊരു വീട് കണ്ടു.അതിന്റെ ഉള്ളില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു. എന്നെ കൊല്ലരുതേ എന്നവള്‍ കരഞ്ഞുപറഞ്ഞു.

അവളെ രക്ഷിക്കട്ടെയെന്ന് ഞാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് ചോദിച്ചു. എല്ലാവരെയും കൊല്ലണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. എനിക്ക് അവളെയും കൊല്ലേണ്ടി വന്നു. ഇപ്പോഴും അവളുടെ കരച്ചില്‍ എന്റെ ചെവിയില്‍ നിന്ന് പോകുന്നില്ല. എന്റെ മനസ്സില്‍ ഇപ്പോഴും വലിയ തീയായി അവള്‍ കത്തിക്കൊണ്ടേയിരിക്കുന്നു..''


പെണ്‍കുട്ടികളെ കൂട്ടമായി ബലാത്സംഗം ചെയ്യാനും സൈന്യത്തിന് അനുമതിയുണ്ടായിരുന്നു. ഇരകളായവര്‍ ഞെട്ടലോടെയാണ് അനുഭവം വിവരിക്കുന്നത്. ''മൂന്നുദിവസം അവര്‍ ഞങ്ങളെ ഈ മുറിയിലിട്ട് പീഡിപ്പിച്ചു.

സൈനികര്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണും. മദ്യം കഴിച്ച് ഉന്മത്തരായി ഞങ്ങളെ ഉപയോഗിക്കും. ആയുധങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഞങ്ങളെ അവര്‍ ഇവിടെ പിടിച്ചുനിര്‍ത്തിയത്. ഞങ്ങളുടെ മുഴുവന്‍ വസ്ത്രങ്ങളും അവര്‍ ഇവിടെ നിന്ന് മാറ്റിയിരുന്നു. മിണ്ടിപ്പോയാല്‍ കൊന്നുകളയും എന്ന് ഭീഷണി മുഴക്കി.''

കൂട്ടക്കൊലകള്‍ക്കും തീവെപ്പിനും ശേഷം ഓരോ ഗ്രാമങ്ങള്‍ തന്നെയില്ലാതാകുന്ന കാഴ്ചകള്‍. കഴിഞ്ഞ പത്ത് മാസത്തിനിടെ ഇരുന്നൂറിലധികം ഗ്രാമങ്ങളാണ് ഈ രൂപത്തില്‍ ആക്രമിക്കപ്പെട്ടതായി മ്യാന്മര്‍ വിറ്റ്‌നസ് എന്ന സന്നദ്ധസംഘടന മാത്രം ലിസ്റ്റ് ചെയ്തത്. ലോകം കാര്യമായി ഇതൊന്നും കാണുന്നേയില്ല. പട്ടാളഭരണത്തെ പിടിച്ചുകെട്ടാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയുന്നുമില്ല.



TAGS :