Quantcast
MediaOne Logo

എന്‍ കെ ഭൂപേഷ്

Published: 1 March 2022 4:24 AM GMT

ജനാധിപത്യ മൂല്യങ്ങൾ ആന്തരികവൽകരിക്കാത്ത ഭരണകൂടം

'ഇന്ത്യയിലെ ആഭ്യന്തരകലാപങ്ങൾ' എന്ന തന്റെ പുസ്‌തകത്തെക്കുറിച്ച് എൻ.കെ ഭൂപേഷ്

ജനാധിപത്യ മൂല്യങ്ങൾ ആന്തരികവൽകരിക്കാത്ത ഭരണകൂടം
X

കൊളോണിയൽ വിരുദ്ധ ബോധത്താൽ ശക്തിപ്പെട്ട ദേശീയത. മനുഷ്യർക്കിടയിൽ എന്തിന്റെയൊക്കെ അടിസ്ഥാനത്തിൽ വൈജാത്യമുണ്ടാകാമോ, അതത്രയും ഉള്ള ദേശം. ഇത്രയും വൈജാത്യങ്ങളും, സാംസ്കാരിക തനിമകളുമുള്ള 'പല ദേശങ്ങൾ' എങ്ങനെ ഒരു രാജ്യമായാൽ അതിജീവിക്കുമെന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പും പിന്നീട് പലപ്പോഴും പലരും ഉയർത്തിയ സന്ദേഹങ്ങളായിരുന്നു. എന്നാൽ, ഏഴ് പതിറ്റാണ്ടിലേറെ കഴിയുമ്പോൾ ആ സന്ദേഹം പഴയ രീതിയിൽ ഇല്ലാതായിരിക്കുന്നു. പല കാരണങ്ങൾ അതിനുണ്ടാകാം. അന്താരാഷ്ട്ര രംഗത്തെ മാറ്റങ്ങൾ, സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത് തുടങ്ങിയ പലകാര്യങ്ങൾ. എങ്കിലും വെല്ലുവിളികൾ നിയന്ത്രിക്കാൻ രാജ്യത്തിന് വലിയൊരളവുവരെ കഴിഞ്ഞുവെന്നത് ഒരു വസ്തുതയാണ്. ആഭ്യന്തര കലാപങ്ങൾ ഇന്ത്യയിൽ പല രീതിയിലായിരുന്നു. വംശീയ സ്വാഭാവമുള്ളവ, ദേശീയതയിൽ ഊന്നിയുള്ള വെല്ലുവിളികൾ, രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിൽ ഉള്ള പ്രക്ഷോഭങ്ങൾ അങ്ങനെ പലത്.

ഇന്ത്യൻ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനങ്ങളും, പിന്നീട് ഇന്ത്യൻ ഭരണഘടനയും മുന്നോട്ടുവെച്ച മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണോ ഇന്ത്യയ്ക്ക് ആഭ്യന്തരമായ വെല്ലുവിളികളെ മറികടക്കാൻ കഴിഞ്ഞത് എന്ന ചോദ്യവും സംശയവുമാണ് ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്തകത്തിലേക്ക് നയിച്ചത്. ആദ്യമെ പറയേണ്ടത്, പുതിയ ചരിത്ര കണ്ടെത്തലുകൾ ഉള്ള, ഒരു അക്കാദമിക്ക് ചരിത്ര പുസ്തകം അല്ല ഇതെന്നാണ്. അത്തരത്തിൽ ഒരു അവകാശവാദവും ഇല്ല. മറിച്ച് ആഭ്യന്തരമായ വെല്ലുവിളികളെ ജനാധിപത്യ രാജ്യം നേരിട്ടതെങ്ങനെയെന്ന് പരിശോധിക്കുകമാത്രമാണ് ഇതിൽ ചെയ്യുന്നത്. അത് പക്ഷെ രസകരവും അത്ഭുതകരവും ഞെട്ടിപ്പിക്കുന്നതുമായ പലകാര്യങ്ങളും അറിയാനുള്ള സാഹചര്യമൊരുക്കി എന്ന് മാത്രം.

കശ്മീർ, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവ മുന്നോട്ടുവെച്ച പലതരത്തിലുള്ള ദേശീയതാ മോഹങ്ങളെയും ഇന്ത്യയിയലെ കമ്മ്യൂണിസ്റ്റു പാർട്ടികൾ ആദ്യം അവിഭക്ത സി.പി.ഐയും പിന്നീട് നക്സൽബാരി പ്രസ്ഥാനവും ഇപ്പോഴത്തെ മാവോയിസ്റ്റ് പ്രസ്ഥാനവുമെല്ലാം മുന്നോട്ടുവെയ്ക്കുന്ന വിപ്ലവ വെല്ലുവിളികളെയും ഇന്ത്യ നേരിട്ടത്, നേരിട്ടുകൊണ്ടിരിക്കുന്നത് എങ്ങനെയാണ്. ഈ വെല്ലുവിളികൾ ചരിത്രത്തിൽ എങ്ങനെയാണ് ഉയർന്നുവന്നത്? കൊളോണിയൽ വിരുദ്ധ മുന്നേറ്റത്തിൽനിന്നും പിന്നീട് ഇന്ത്യൻ ഭരണഘടനയും സാധ്യമാക്കിയ രാഷ്ട്രീയ മൂല്യങ്ങൾ ആഭ്യന്തരവെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യയുടെ ഭരണകൂടങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആണ് അന്വേഷിക്കാൻ ശ്രമിച്ചത്.

ചരിത്രം തുടർച്ചയാണ്. ഇന്ത്യയുടെ ആഭ്യന്തര വെല്ലുവിളികൾ പലതും സ്വാതന്ത്രപൂർവ കാലത്ത് ആരംഭിച്ച് പിന്നീട് പുതിയ മാനങ്ങൾ കൈവന്നവയാണ്. കശ്മീരാണ് അതിന്റെ ഏറ്റവും നല്ല ഉദാഹരണം. മതേതര രാജ്യമായി ഇന്ത്യയും ഇസ്ലാമിക രാജ്യമായി പാകിസ്താനും വിഭജിക്കപ്പെടുമ്പോൾ തീരുമാനിച്ചത് നാട്ടുരാജ്യങ്ങൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രാജ്യത്ത് ചേരാമെന്നായിരുന്നു. എന്നാൽ, പ്രായോഗികമായി അതിന് പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. സംഭവിച്ചത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പാകിസ്താനിലും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയിലും ചേരുകയായിരുന്നു. ഇതിന് അപവാദമായിരുന്നു കശ്മീർ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ചില പ്രത്യേക രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യയിൽ ചേരുന്നു. പിന്നീട് പലപ്പോഴായി കശ്മീരിലുണ്ടായ കലാപം, അതിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം രക്തപുരണ്ട ചരിത്രം വർത്തമാനകാലത്തും അഭംഗുരം തുടരുന്നു. കശ്മീരിനോടുള്ള ഇന്ത്യൻ സമീപനം 1947 മുതൽ എങ്ങനെ ഘട്ടംഘട്ടമായി മാറിയെന്ന രാഷ്ട്രീയ താൽപര്യത്തോടെയുള്ള അന്വേഷണവും വായനയുമാണ് ഈ പുസ്തകത്തിന് കാരണമായതെന്ന് പറയാം. പിന്നെ കശ്മീർ മാത്രമല്ല, ഇന്ത്യൻ രാഷ്ട്ര ഘടനയെ ചോദ്യം ചെയ്ത് ഉയർന്നുവന്ന വെല്ലുവിളികളും അതിനെ ഇന്ത്യ നേരിട്ടതും അതിജീവിച്ചതുമെങ്ങനെയെന്ന അന്വേഷണമായി ചെറിയ തോതിൽ വികസിപ്പിക്കുകയായിരുന്നു.

കശ്മീരിനെ കുറിച്ച് പറയുമ്പോൾ ഒ.വി വിജയൻ അദ്ദേഹത്തിന്റെ പംക്തിയിൽ എഴുതിയ ഒരു കാര്യം ഈ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ' മുസ്‌ലിം പ്രദേശങ്ങൾ പാകിസ്താനും ഹൈന്ദവഭൂമികൾ ഇന്ത്യയ്ക്കുമായി വേർതിരിക്കുക എന്ന ധാരണ സ്വീകരിച്ചാണല്ലോ നമ്മുടെ ദേശീയ നേതാക്കൾ അധികാരമേറ്റെടുത്തത്. ഈ സംവിധാനത്തിനൊരു അപവാദം ഷെയ്ഖ് അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് എന്ന ജനകീയ പ്രസ്ഥാനമായിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ സഖാവായിരുന്ന ഷെയ്ഖ് അബ്ദുല്ല തന്റെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ഒരു മതേതര പ്രസ്ഥാനത്തിൽ അണിനിരത്തി. ഗാഫർഖാനുപോലും കഴിയാത്ത അത്ഭുതം ഷെയ്ഖ് സാഹേബിന് സാധിച്ചു. അങ്ങനെ വിഭജനത്തിന്റെ തർക്കശാസ്ത്രം ഭേദിക്കപ്പെട്ട് ഇന്ത്യയും പാകിസ്താനും ഹിന്ദുവും മുസ്ലിമും എന്ന വിഭജന വിധിയിൽനിന്ന് കശ്മീർ വേറിട്ടുനിന്നു'.




ഇങ്ങനെ വേറിട്ടുനിന്നെങ്കിലും ലോകത്തിലെ ഏറ്റവും കൂടുതൽ സൈനിക സാന്നിധ്യമുളള പ്രദേശമായി, ഏറ്റവും കാലം ഇന്റർനെറ്റ് നിയന്ത്രിക്കപ്പെട്ട ദേശമായി, കാണാതാവുന്ന ആളുകളുടെ എണ്ണം കൂടുന്ന പ്രദേശമായി, കശ്മീർമാറുകയായിരുന്നു. ഒരു ഘട്ടത്തിൽ ഹിതപരിശോധന നടത്തി മാത്രമെ കശ്മീരിനൈ്റ ഇന്ത്യയുമായുള്ള ലയനം പൂർണമാകൂവെന്ന് പറഞ്ഞ ജനാധിപത്യ ആത്മവിശ്വാസത്തിൽനിന്നും പ്രത്യേക പരിഗണനകൾ നൽകുന്ന നിയമങ്ങൾ എടുത്തുകളഞ്ഞ് സംസ്ഥാന പദവി പോലും ഇല്ലാതാക്കിയ സൈനികബോധ്യത്തിലേക്ക് എങ്ങനെ രാജ്യത്തിന്റെ നിലപാടുകൾ മാറിയെന്ന അന്വേഷണം, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെ അസ്വസ്ഥമാക്കുന്നതാണ്. വിപ്ലവകരമെന്ന് തന്നെ പറയാവുന്ന നിലപാടുകളുണ്ടായിരുന്ന ഷെയ്ഖ് അബ്ദുല്ലയിൽനിന്ന് മകൻ ഫാറൂഖ് അബ്ദുല്ലയിലേക്ക് എത്തുമ്പോൾ നാഷണൽ കോൺഫറൻസിനുണ്ടായ മാറ്റം, അട്ടിമറിക്കപ്പെട്ട 1987 ലെ തെരഞ്ഞെടുപ്പ്, (അന്ന് തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നവരാണ് പിന്നീട് തീവ്രവാദത്തിലേക്ക് നീങ്ങിയ പലരും), ജഗ്മോഹന്റെ കാലത്ത് പണ്ഡിറ്റുകളുടെ വിവാദമായ പലായനം, വാജ്‌പേയിയുടെ കാലത്തെ സമാധാന ശ്രമങ്ങൾ, അവസാന നിമിഷം അട്ടിമറിക്കപ്പെട്ട ആഗ്രാ ഉച്ചകോടി, പെല്ലറ്റ് ആക്രമണങ്ങൾ, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബഹിഷ്ക്കരണത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകൾ, അങ്ങനെ കശ്മീരിന്റെ ചരിത്രവും വർത്തമാനവും പല കാര്യങ്ങളിലും ഇന്ത്യൻ ഭരണകൂടം എത്രത്തോളം ജനാധിപത്യമൂല്യങ്ങളെ ആന്തരിക വല്ക്കരിച്ചിട്ടുണ്ടെന്ന് സംശയം തോന്നിപ്പിക്കുന്നതാണ്.

കശ്മീരിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സംഭവമായിരുന്നു പണ്ഡിറ്റുകളുടെ പലായനം. ജഗ്മോഹൻ ഗവർണറായിരുന്ന കാലത്തു നടന്ന സംഭവം. അതേക്കുറിച്ച് പല അഭിപ്രായങ്ങളും ഉയർന്നുവന്നിട്ടുണ്ട്. പണ്ഡിറ്റുകൾ തീവ്രവാദികളുടെ ആക്രമണത്തിന് വിധേയരായി എന്നത് വസ്തുതായി അവശേഷിക്കുമ്പോഴും അത്ര ലളിതമായി കാണേണ്ടതല്ല കാര്യങ്ങൾ എന്ന് സംശയമുണ്ടാക്കുന്ന ചില കാര്യങ്ങൾ പുസ്തകത്തിന് വേണ്ടിയുള്ള വായനയ്ക്കിടയിൽ കണ്ടു. മൃദു റായ്യുടെ, ഹിന്ദു റൂളേഴ്സ്, മുസ്ലിം സബ്ജക്റ്റ്സ്, ഇസ്‌ലാം റൈറ്റസ് ആന്റ് ദി ഹിസ്റ്ററി ഓഫ് കശ്മീർ എന്ന പുസ്തകത്തിൽ പറയുന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണെന്ന് തോന്നി. അതിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന വജാത് ഹബീബുല്ലയെ ഉദ്ധരിച്ചുകൊണ്ടാണ് അധികാരികളുടെ സങ്കുചിത രാഷ്ട്രീയകളികളെ കുറിച്ച് പറയുന്നത്. പണ്ഡിറ്റുകളുടെ പലായനത്തിന് കശ്മീർ ഭരണകൂടം ചില പദ്ധതികൾ തയ്യാറാക്കിയെന്ന വാദത്തെ അദ്ദേഹം തള്ളിക്കളയുന്നു. എന്നാൽ, പലായനം ചെയ്യുന്ന പണ്ഡിറ്റുകളെ പിന്തിരിപ്പിക്കാൻ അധികാരികൾ ശ്രമിച്ചില്ല. പണ്ഡിറ്റുകളോട് നാട് വിട്ടുപോകരുതെന്ന് പറഞ്ഞു കൊണ്ട് നാട്ടുകാരായ മുസ്‌ലിംകൾ തെരുവിലിറങ്ങി നടത്തുന്ന ശ്രമങ്ങൾക്ക് ടെലിവിഷനിലൂടെ പ്രചാരണം നൽകണമെന്നും അത് പ്രയോജനം ചെയ്യുമെന്ന നിർദേശത്തെ ജഗ് മോഹൻ പരിഗണിച്ചില്ലെന്നാണ് ഹബീബുല്ല പറയുന്നത്. ഇങ്ങനെ അസ്വസ്ഥപ്പെടുത്തുന്ന പലകാര്യങ്ങളും ഇതിന്റെ രചനയുടെ ഭാഗമായി അറിയാൻ കഴിഞ്ഞു.

ആഭ്യന്തര സംഘർഷം നിയന്ത്രിക്കാൻ സ്വന്തം ജനങ്ങൾക്കെതിരെ വ്യോമസേനയെ ഉപയോഗിച്ച സംഭവമുണ്ടായത് മിസ്സോറാമിലാണ്. സ്വന്തം ജനതയ്ക്കെതിരെ യുദ്ധം നടത്തുന്ന വ്യോമസേന. അതും ഇന്ദിരാഗാന്ധിയുടെ കാലത്ത്. അസമിലെ വംശീയത മുസ്‌ലിം വിരുദ്ധ രൂപം ആർജിക്കുന്നതും അതിനെ ഹിന്ദുത്വ വാദികൾ ഉപയോഗിക്കുന്നതും വലിയ പാഠങ്ങൾ നൽകുന്നതാണ്. കേവലമായ സ്വത്വവാദം അപരവിദ്വേഷത്തിന്റെ ആശയപുരകളായി മാറുന്നതെങ്ങനെയെന്നതിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഉദാഹരണങ്ങൾ ഏറെയാണ്. അസമിൽ മാത്രമല്ല, നാഗലാന്റിലും മിസ്സോറാമിലും മണിപ്പൂരിലുമെല്ലാം ഇത് കാണാം.

തെലങ്കാനയിൽനിന്ന് പാർലമെന്ററി പ്രവർത്തനത്തിലേക്ക് മാറിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം, വ്യവസ്ഥിതിയുമായി ചേർന്നുനിന്നു കൊണ്ട് വിപ്ലവാശയങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന സാധ്യതകളും വെല്ലുവിളികളുടെയും ചരിത്രം കൂടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പും തുടർന്ന് കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ തുടർന്ന ഘട്ടത്തിൽ അത് അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പി സുന്ദരയ്യക്ക് ചർച്ച നടത്തേണ്ടി വന്നതുമുതൽ നിരവധി സന്ദർഭങ്ങളിൽ ഇത്തരം പ്രയാസങ്ങൾ പ്രകടമാക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ന് പാർലമെന്ററി രാഷ്ട്രീയത്തിൽ നിലനിൽപ്പിന് വേണ്ടി പൊരുതുകയാണ്.

പാർലമെന്ററി രംഗത്തെ പ്രവർത്തനത്തെ തീരെ മാറ്റി നിർത്തി, ഗറില്ലാ സമരമാർഗങ്ങളിലൂടെ രാഷ്ട്രീയമാറ്റം വരുത്താൻ ശ്രമിക്കുന്നവരെ- മാവോയിസ്റ്റുകളെ-, രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ശത്രുക്കളായി ഒരു കാലത്ത് ഭരണകൂടം വിലയിരുത്തി. സാമൂഹ്യ സാഹചര്യങ്ങളുടെ കൂടി ഫലമാണ് മാവോയിസ്റ്റുകൾക്ക്് ചില മേഖലകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതെന്ന് പല സാമൂഹ്യ ശാസ്ത്രകാരന്മാരും വിലയിരുത്തുന്നുണ്ട്. എന്നാൽ, ദാരിദ്ര്യം മാത്രമാണ് മാവോയിസ്റ്റുകളുടെ സ്വാധീനത്തിന് കാരണമെന്ന വാദത്തെ തള്ളുന്ന സാമൂഹ്യ ശാസ്ത്ര ഗവേഷകരുമുണ്ട്. ഭരണകൂടത്തിന് എതിരെ നിന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെറുവിവരണമാണ് ആഭ്യന്തരകലാപങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതിൽനിന്നൊക്കെ വ്യത്യസ്തമാണ് തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനം. ബ്രഹ്മണിക്കൽ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് അത് തമിഴ്നാട്ടിൽ സ്വാധീനം ചെലുത്തിയത് എന്നതാണ് അതിനെ ശ്രദ്ധേയമാക്കുന്നത്. തമിഴ് ദേശീയതക് പുരോഗമന മുഖം നൽകാൻ പെരിയോർക്കും സിഎൻ അണ്ണാദുരൈയ്ക്കും കഴിഞ്ഞു. അണ്ണാദൂരൈ ആദ്യമായി പാർലമെന്റിൽ നടത്തിയ പ്രസംഗമൊക്കെ ഇന്നത്തെ ഇന്ത്യയിൽനിന്ന് അത്ഭുതത്തൊടെ മാത്രമെ വായിക്കാൻ കഴിയൂ. ഇപ്പോൾ ഇന്ത്യയുടെ ഭാഗമായി നിൽക്കുന്ന തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസംഗം. ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്വാധീനം അഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് ചില പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനും അധികൃതരെ പ്രേരിപ്പിച്ചു.

ഫെഡറലിസത്തിലും ബ്രാഹ്മണ്യ വിരുദ്ധതയിലും അത്രമേൽ ഊന്നികൊണ്ടായിരുന്നു ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രം. പിന്നെ പല പരിണാമങ്ങൾക്കും അത് വിധേയമായെങ്കിലും ഒരു യൂണിറ്ററി സംവിധാനമായി ഇന്ത്യയെ മാറ്റിയെടുക്കാൻ ഇക്കാലത്ത് നടക്കുന്ന ശ്രമങ്ങൾക്ക് ഏറ്റവും വലിയ പ്രതിരോധം ഉയർത്താനുള്ള ശേഷി ദ്രാവിഡ പ്രസ്ഥാനങ്ങൾക്കായിരിക്കുമെന്ന സൂചന അതിന്റെ ചരിത്രം നൽകുന്നുണ്ട്. ഹിന്ദുത്വം ദേശീയ നയമായി മാറുന്ന സമകാലിക സാഹചര്യത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ ദ്രാവിഡ പ്രസ്ഥാനം ഉയർത്തുന്ന പ്രതിരോധങ്ങൾ സവിശേഷ ശ്രദ്ധ ആവശ്യപ്പെടും. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രവഴികൾ ഇന്ത്യയിലെ ഫെഡറലിസത്തിനായുള്ള ചെറുത്തുനിൽപ്പിന്റെ കൂടി കഥയാണ്.

രാജ്യത്ത് ആഭ്യന്തരമായി ഉയരുന്ന വെല്ലുവിളികൾ നേരിടുന്നതിൽ ജനാധിപത്യമെന്ന മൂല്യം എത്രത്തോളം ആത്മവിശ്വാസം നൽകി അല്ലെങ്കിൽ നൽകുന്നുണ്ട് എന്നത് വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ സൈനികമായ യുക്തികൾ തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെയും നയിച്ചത്/നയിക്കുന്നതെന്നതാണ് ആഭ്യന്തര കലാപങ്ങളുടെ ചരിത്രം വെളിപ്പെടുത്തുന്ന വസ്തുത.

TAGS :