Quantcast
MediaOne Logo

ആഖ്യാനവും ഹിംസയും; ഭാഷയുടെ വംശീയ തരംതിരിവുകള്‍ - ഇസ്ലാമോഫോബിയ: ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്

ചില സംഭവങ്ങളെയും സമൂഹങ്ങളെയും നിസ്സാരമാക്കി മാറ്റാനും മറ്റു ചിലതിനെ ഗുരുതരമായ കുറ്റകൃത്യമാക്കി മാറ്റാനും തരം തിരിവുള്ള വംശീയമായ ആഖ്യാന അധികാരത്തിന് കഴിയുന്നു. ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന പ്രഭവകേന്ദ്രവും ഭാഷാ അവതരണങ്ങളാണ്. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03)

ആഖ്യാനവും ഹിംസയും; ഭാഷയുടെ വംശീയ തരംതിരിവുകള്‍ - ഇസ്ലാമോഫോബിയ: ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്
X

ഹിംസയും ഹിംസയെക്കുറിച്ചുള്ള ഭാഷാപരമായ അവതരണവും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ഭാഷാപരമായ അവതരണം ഹിംസയെക്കുറിച്ചുള്ള ബോധ്യങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുന്നു. മാധ്യമങ്ങള്‍, ബുദ്ധിജീവികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊക്കെ ഹിംസയുടെ ഭാഷാപരമായ അവതരണത്തില്‍ പങ്കുണ്ട്. തെരുവില്‍ നടക്കുന്ന സംഘട്ടനങ്ങളായാലും ബോംബ്് സ്ഫോടനങ്ങളായാലും ഹിംസയുടെ ആഖ്യാനം അതിന്റെ സംഭവ വിവരണത്തെ അതിനിര്‍ണയിക്കുന്നുണ്ട്. താരതമ്യേന നിസാരം എന്നു കരുതുന്ന രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഷയും സാഹിത്യ വിമര്‍ശനത്തിന്റെയും വിശകലനത്തിന്റെയും ഭാഷയും അതിന്റെ അവതരണ അധികാരങ്ങളിലൂടെയാണ് സ്വയം പ്രതിഷ്ഠിക്കുന്നത്. ചില സംഭവങ്ങളെയും സമൂഹങ്ങളെയും നിസ്സാരമാക്കി മാറ്റാനും മറ്റു ചിലതിനെ ഗുരുതരമായ കുറ്റകൃത്യമാക്കി മാറ്റാനും തരം തിരിവുള്ള വംശീയമായ ആഖ്യാന അധികാരത്തിന് കഴിയുന്നു. ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന പ്രഭവകേന്ദ്രവും ഭാഷാ അവതരണങ്ങളാണ്.

സ്‌ഫോടനത്തിന്റെ ഭാഷ

ഏപ്രില്‍ ആദ്യവാരത്തില്‍ കണ്ണൂരിലും തിരുവനന്തപുരത്തും സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സ്ഫോടക ശേഖരങ്ങള്‍ പിടികൂടിയിരുന്നു. സ്ഫോടനങ്ങളും നടന്നു. പരിക്കും അംഗഭംഗവും സംഭവിച്ചു. പതിവു കക്ഷിരാഷ്ട്രീയ ചര്‍ച്ചക്കും കോലാഹലങ്ങള്‍ക്കും പരസ്പരം പഴിചാരലിനും ശേഷം ഈ സംഭവവും ഏറെ താമസിയാതെ മറവിയിലേക്ക് പിന്‍വാങ്ങി. മുന്നോട്ടുപോകാന്‍ മാധ്യമങ്ങളും ശ്രമിച്ചില്ല. മുഖ്യധാരാ പാര്‍ട്ടികള്‍ മുതല്‍ ഹിന്ദുത്വര്‍ വരെ ഉള്‍പ്പെട്ട അക്രമസംഭവങ്ങളുടെ പൊതുരീതി ഇതാണ്. ഭാഷാപരമായ അവതരണത്തിന്റെ പ്രത്യേകതകൊണ്ടുകൂടിയാണ് ഈ 'മറവി' സുസാധ്യമാകുന്നത്.

ഇരകള്‍ കൊല്ലപ്പെട്ടാലും ഇല്ലെങ്കിലും ബോംബ് സ്ഫോടനങ്ങളെക്കുറിച്ചും ബോംബ് ശേഖരം പിടികൂടുന്നതിനെക്കുറിച്ചുമുള്ള മാധ്യമവാര്‍ത്താ അവതരണങ്ങളില്‍ ചില പാറ്റേണുകള്‍ കണ്ടെത്താന്‍ കഴിയും. 2022 - 2024 കാലയളവില്‍ ബോംബ് സ്ഫോടനം എന്ന തലക്കെട്ടില്‍ വന്ന ചില വാര്‍ത്തകള്‍ പട്ടികയായി കൊടുത്തിരിക്കുന്നു. മിക്കവാറും എല്ലാ സംഭവങ്ങളിലും പ്രതിസ്ഥാനത്തുള്ളത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണ്. സ്ഥാപനവത്കരിക്കപ്പെട്ടതും പൊതുസ്വീകാര്യതയുളളതുമായ ഹിംസയാണ് ഇതെന്ന് ഇവയുടെ അവതരണം തെളിയിക്കുന്നു. സ്ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയാധികാരമുള്ള വിഭാഗങ്ങള്‍ക്ക് ഇത്തരമൊരു ഹിംസയുടെ ആവിഷ്‌കാരം നിരന്തരം ആവശ്യമായി വരുന്നുവെന്നാണ് ഇതിന്റെ നൈരന്ത്യരം സൂചിപ്പിക്കുന്നത്.


ഈ പട്ടികയില്‍നിന്ന് വ്യക്തമാകുന്ന ചില വസ്തുതകള്‍ ഇവയാണ്:

1. ഇത്തരം സംഭവങ്ങള്‍ പൊതുചര്‍ച്ചയാവാറില്ല.

2. സ്ഫോടനം, പൊട്ടിത്തെറി എന്നീ വാക്കുകള്‍ ഉപയോഗിച്ചാണ് ആര്‍.എസ്.എസ്, സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ ഉള്‍പ്പെട്ട ബോംബ് കേസുകളെ മാധ്യമങ്ങള്‍ വിവരിക്കുന്നത്.

3. പാര്‍ട്ടികളുടെ പൊതു ഉത്തരവാദിത്തം എന്നതിലുപരി പ്രവര്‍ത്തകരുടെ മാത്രം ഉത്തരവാദിത്തമായി

സ്ഫോടനങ്ങളും പൊട്ടിത്തെറികളും ചിത്രീകരിക്കുന്നു.

4. ഹിന്ദുത്വ, ഭീകരത, തീവ്രവാദം, വര്‍ഗീയത പോലുള്ള പദങ്ങള്‍ ഒരിക്കലും ഈ റിപ്പോര്‍ട്ടുകളില്‍ കടന്നുവരുന്നില്ല.

5. കണ്ണൂര്‍, കോഴിക്കോട്, ജില്ലകളില്‍ നടക്കുന്ന സംഭവത്തെ അതതു ജില്ലകളിലെ പ്രദേശങ്ങളുമായി (പാനൂര്‍, ഇരിട്ടി, നാദാപുരം, നേമം) മാത്രം ബന്ധപ്പെടുത്തി വിവരിക്കുന്നു.

6. വ്യക്തിവത്കരണം, പ്രാദേശികവത്കരണം, സംഭവത്തിന്റെ സൂക്ഷ്മ വിശദീകരണം ഇവയിലൂടെ വികസിക്കുന്ന ആഖ്യാനം ഈ ഹിംസകളെ ഒട്ടും ഗൗരവമില്ലാത്ത ചില പ്രത്യേക സംഭവങ്ങളാക്കി ചുരുക്കുന്നു.

7. ഇതിലുള്‍പെട്ട പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രം വാര്‍ത്തകളില്‍ കടന്നുവരുന്നില്ല.

8. പ്രതികളുടെ സാമൂഹിക-കുടുംബ-തൊഴില്‍-പ്രത്യയശാസ്ത്ര പശ്ചാത്തലം ചര്‍ച്ചയിലില്ല.

9. സ്ഫോടനങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍ 'രാഷ്ട്രീയ'മെന്ന വാക്ക് നിരന്തരം കടന്നുവരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി വ്യക്തികള്‍ക്ക് പരിക്കു പറ്റുകയോ കൊല്ലപ്പെടുകയോ ചെയ്ത അനേകം ബോംബ് സ്ഫോടനങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. 'ദേശാഭിമാന പ്രചോദിതനായ' വ്യക്തിയെന്നു സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ നടത്തിയ കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ (2023 ഒക്ടോബര്‍ 29) 8 പേര്‍ കൊല്ലപ്പെട്ടത് ഉദാഹരണം. മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതോ അംഗഭംഗം വരുന്നതോ ആയ മുസ്ലിമേതര വിഭാഗങ്ങള്‍ നടത്തിയ സ്‌ഫോടനങ്ങള്‍ക്ക് 'ഭീകരത', 'തീവ്രവാദം' തുടങ്ങിയ ഗുണവിശേഷം മാധ്യമങ്ങള്‍ നല്‍കാറില്ലെന്ന് ഈ പതിനാറ് സ്ഫോടനങ്ങളുടെ മാധ്യമ വിവരണം സൂചിപ്പിക്കുന്നു.

രാഷ്ട്രീയം എന്ന അവകാശം: മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട മിക്കവാറും എല്ലാ സ്ഫോടനങ്ങളുടെ അവതരണത്തിലും 'രാഷ്ട്രീയ'മെന്ന വാക്ക് നിരന്തരം കടന്നുവരുന്നു. 'രാഷ്ട്രീയ വൈരം', 'ബോംബ് രാഷ്ട്രീയം', 'അക്രമ രാഷ്ട്രീയം', 'അക്രമ രാഷ്ട്രീയക്കാര്‍', 'പ്രതികാര രാഷ്ട്രീയം', 'കൊലപാതക രാഷ്ട്രീയം' തുടങ്ങിയവയാണ് മറ്റ് വാക്കുകള്‍. ഏപ്രില്‍ 8ന് മലയാള മനോരമ 'ബോംബ് രാഷ്ട്രീയം ആര്‍ക്കുവേണ്ടി?' യെന്ന ശീര്‍ഷകത്തില്‍ എഴുതിയ എഡിറ്റോറിയല്‍ ഇക്കാര്യത്തില്‍ ഒരു മാതൃകയാണ്. ഇപ്പറഞ്ഞ എല്ലാ വാക്കുകളും ഈ വാര്‍ത്തയില്‍ തരം പോലെ ഉപയോഗിച്ചിരിക്കുന്നു. കേരളീയ സമൂഹത്തിലെ ആഭ്യന്തര പ്രശ്നമായി ഈ സ്ഫോടനങ്ങളെ ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ പ്രാപ്തരാക്കുന്നത് 'രാഷ്ട്രീയ'മെന്ന വാക്കിന്റെ വിവിധ കോമ്പിനേഷനുകളിലുള്ള ഉപയോഗമാണ്. അതായത് 'രാഷ്ട്രീയ'മെന്ന വാക്കിന്റെ അകമ്പടിയോടെ സംഭവങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെത്തന്നെ പ്രതികള്‍ക്കും അവരുള്‍പ്പെട്ട പാര്‍ട്ടികള്‍ക്കും ആഭ്യന്തരമായ ലൊക്കേഷനോ സൂചനയോ ലഭിക്കുന്നു.


'തീവ്രതയുള്ള' ഹിംസ: ഈ പട്ടികയില്‍, വിജനമായ സ്ഥലത്തു നടന്നതും ആര്‍ക്കും ജീവന്‍ നഷ്ടപ്പെടാത്തതും പരിക്കു പറ്റാത്തതും ആയ ഒരു സ്ഫോടനമായിരുന്നു കോഴിക്കോട് ജില്ലയിലെ വളയത്ത് 2022 സെപ്തംബര്‍ പത്തിലേത്. കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന സ്ഫോടനങ്ങളില്‍ 'തീവ്രത' എന്ന വിശേഷണത്തോടെ കടന്നു വന്ന ഏക സ്ഫോടനമാണിത് (ഏഷ്യാനെറ്റ്, 2022 സെപ്തംബര്‍ 10). 'തീവ്രത പരിശോധിക്കാനുളള പരീക്ഷണമാണെന്നും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടച്ചയായി കാണുന്നില്ലെന്നും പൊലീസ് അറിയിച്ചു'. 'തീവ്രതയുള്ള സ്ഫോടനങ്ങള്‍' എന്നും 'രാഷ്ട്രീയ സ്ഫോടനങ്ങ'ളെന്നും രണ്ടായി സ്ഫോടനങ്ങളെ തരംതിരിക്കുന്നത് ശ്രദ്ധിക്കുക. ആളുകള്‍ കൊല്ലപ്പെട്ടാലും അംഗഭംഗം വന്നാലും 'രാഷ്ട്രീയ സ്ഫോടന'ങ്ങള്‍ 'തീവ്രത'യില്ലാതെ നോര്‍മലൈസ് ചെയ്യപ്പെടുന്നതിന്റെ മാതൃകയാണിത്.

മുസ്‌ലിം എന്ന പ്രശ്‌നം: മുസ്‌ലിം വ്യക്തികളോ സംഘങ്ങളോ ഇത്തരമൊരു ഹിംസയില്‍ ഉള്‍പ്പെട്ടാല്‍ വ്യക്തിയുടെ മതം, ഭീകരത-തീവ്രവാദം തുടങ്ങിയ പദാവലി, പ്രത്യയശാസ്ത്ര പരിസരം, അവര്‍ ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത, ഇസ്ലാമിക ഹിംസയുടെ സ്ഥൂല വിശദീകരണം തുടങ്ങിയവ ആഖ്യാനങ്ങളുടെ ഭാഗമായി മാറുന്നു. മുസ്ലിംകള്‍ നടത്തുന്ന അക്രമങ്ങള്‍ ആഭ്യന്തര രാഷ്ട്രീയഘടനയുടെ ഭാഗമായി കരുതപ്പെടുന്നില്ലെന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ ഇവയെ ചിത്രീകരിക്കാന്‍ 'രാഷ്ട്രീയ'മെന്ന വാക്ക് വിരളമായേ ഉപയോഗിക്കാറുള്ളൂ. വല്ലപ്പോഴും ഉപയോഗിക്കുകയാണെങ്കില്‍ത്തന്നെ 'ഭീകരത', 'തീവ്രത' പോലുള്ള വാക്കുകളുടെ അകമ്പടിയോടെയായിരിക്കുമത്. 'രാഷ്ട്രീയ'ത്തോടൊപ്പം ചേര്‍ക്കുന്ന ഈ വാക്കുകള്‍ മുസ്ലിംകളെയും മുസ്ലിം പ്രസ്ഥാനങ്ങളെയും ആഖ്യാനപരമായി ആഭ്യന്തര രാഷ്ട്രീയത്തില്‍നിന്ന് പുറത്താക്കുന്നു. 'രാഷ്ട്രീയ'മെന്ന വാക്ക് മുസ്ലിംകളെ പുറത്തുനിര്‍ത്തി നിര്‍വചിക്കപ്പെട്ടിരിക്കുകയാണ്.

ഇത്തരമൊരു ഭാഷാ നിര്‍മിതിയുടെ ഫലവും വ്യത്യസ്തമാണ്. 2013 ഏപ്രില്‍ 23നു നാറാത്ത് ആയുധ പരിശീലനം നടത്തിയെന്ന പേരില്‍ അന്നു പ്രവര്‍ത്തനത്തിലുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തപ്പോള്‍ പ്രധാനപ്പെട്ട ഒരു ചാര്‍ജ് നാടന്‍ ബോംബ് കണ്ടെത്തിയതായിരുന്നു. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി 21 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഒടുവില്‍ ഹൈക്കോടതി യു.എ.പി.എ ഒഴിവാക്കി 21 പേര്‍ക്ക് ആറു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഹിംസ പൊതുവായതും സാര്‍വലൗകികവുമാണ്. പക്ഷെ, ആഖ്യാനം എന്നത് വംശീയമായ തരംതിരിവിലൂടെ ഇസ്ലാമോഫോബിയയുടെ ഭാഗമായി മാറുകയും പൗരാവകാശങ്ങളുടെ ലംഘനത്തില് കലാശിക്കുകയും ചെയ്യുന്നു.

ആള്‍കൂട്ട ഹിംസയുടെ ഭാഷ

കഴിഞ്ഞ മാസത്തെ (മാര്‍ച്ച്) റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലയിലെ അരീക്കോട്ടു ഫുട്ബാള്‍ കളിക്കിടെ ഒരു ആഫ്രിക്കന്‍ ഫുട്ബാളര്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണവും അതിനോടുള്ള പ്രതികരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ മലപ്പുറത്തുകാര്‍ മാപ്പു പറയണമെന്നായിരുന്നു അന്നത്തെ ആവശ്യം.

Read Alsoഅഭിമന്യു വധം, മലപ്പുറം'നെന്മ': ഇസ്‌ലാമോഫോബിയയുടെ കേരളീയ മാതൃക; 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത്

എറണാകുളം ജില്ലയിലെ മുവാറ്റുപുഴയില്‍ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിനെ പത്തുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത് ഈ മാസം ആദ്യ വാരത്തിലാണ്. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകള്‍ താമസിക്കുന്ന വാടകവീട്ടില്‍ എത്തിയപ്പോഴാണ് അശോക് ദാസിനെ ഏതാനും പേര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുകയും മര്‍ദിച്ചശേഷം കെട്ടിയിടുകയും ചെയ്തത്. പൊലിസ് എത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്നതിനെത്തുടര്‍ന്ന് താമസിയാതെ മരിച്ചു. കേസില്‍ ആദ്യം ആറു പേര്‍ക്കെതിരേ കേസെടുത്തു.

പിന്നീട് നാല് പേരെകൂടി പ്രതി ചേര്‍ത്തു. പത്തു പേര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെ മാധ്യമങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം (24 ന്യൂസ് 5 ഏപ്രില്‍ 2024) എന്നു വിശേഷിപ്പിച്ചെങ്കിലും ഒരു ജില്ലയുടെ മൊത്തം ബാധ്യതയായി ചിത്രീകരിക്കാന്‍ ആരും തുനിഞ്ഞില്ല. മാത്രമല്ല 'മലപ്പുറത്തു സെവന്‍സ് ഗ്രൗണ്ടിലെ ആള്‍ക്കൂട്ട മര്‍ദനം' (ഏഷ്യാനെറ്റ് 13 മാര്‍ച്ച് 2024) പോലുള്ള തലക്കെട്ടുകള്‍ മുവാറ്റുപുഴ ആള്‍കൂട്ട കൊലപാതകത്തിന്റെ കാര്യത്തില്‍ കണ്ടതുമില്ല.


മുവാറ്റുപുഴ ആള്‍കൂട്ട ആക്രമണം എന്നാണ് ജനയുഗം വാര്‍ത്തയുടെ തലക്കെട്ട് (6 ഏപ്രില്‍ 2024). അഴിമുഖം വെബ് പോര്‍ട്ടലിന്റെ തലക്കെട്ട് (11 ഏപ്രില്‍ 2024 ) കൂടുതല്‍ സ്‌പെസിഫിക്കായിരുന്നു: 'വാളകത്തു നടന്നത് ആള്‍ക്കൂട്ട കൊലയോ?'.

നാട്ടുകാര്‍ കെട്ടിയിട്ട മറുനാടന്‍ തൊഴിലാളി മരിച്ചുവെന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 6ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വിശദാംശങ്ങള്‍ പ്രത്യേകരീതിയില്‍ വിന്യസിക്കുക വഴി ആള്‍ക്കുട്ട ആക്രമണമെന്ന ആരോപണത്തെ മയപ്പെടുത്തുന്നുണ്ട്. സ്ത്രീകള്‍ താമസിക്കുന്നിടത്ത് രാത്രിയില്‍ എത്തിയതുകൊണ്ടാണ് തടഞ്ഞതെന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതുകൊണ്ടാണ് കെട്ടിയിട്ടതെന്നും വാര്‍ത്തയില്‍ പറയുന്നു. മുറിവുണ്ടായത് മര്‍ദനത്തിലൂടെയല്ല, വാടകവീട്ടിലെ അലമാരച്ചില്ലുകള്‍ ഇയാള്‍തന്നെ തകര്‍ത്തപ്പോള്‍ സംഭവിച്ചതാണെന്നും പറഞ്ഞിട്ടുണ്ട്. വാര്‍ത്ത തയ്യാറാക്കിയതില്‍ ഒരു മയം ദൃശ്യമാണ്.

അരീക്കോട്ടെ ചെമ്രകാട്ടൂരില്‍ നടന്ന വംശീയ ആക്രമണത്തെ മലപ്പുറത്തെ വംശീയ ആക്രമണമാക്കുന്നതും, എറണാകുളം ജില്ലയിലെ മുവാറ്റുപുഴയിലെ വാളകത്തു നടന്ന കൊലപാതകത്തെ മറ്റൊരു പ്രാദേശിക വിശേഷണം കൊണ്ട് ചിത്രീകരിക്കുന്നതിലുമുള്ള വ്യത്യാസം ശ്രദ്ധേയമാണ്. അരീക്കോട് സംഭവത്തില്‍ മലപ്പുറം ജില്ല മൊത്തം ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പു പറയണമെന്ന തരത്തിലുണ്ടായ പ്രചാരണം, എറണാകുളം ജില്ലക്കോ മുവാറ്റുപുഴ പ്രദേശത്തിനോ എതിരെ നടന്നില്ല. ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം അനുഭവിക്കുന്ന റിപ്പോര്‍ട്ടിംഗിലെ വിവേചനമാണിത്.

വിമര്‍ശനത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഷ

മുസ്ലിം രാഷ്ട്രീയ/സാമൂഹിക സംഘാടനത്തെ മറച്ചുവെക്കുന്നതിലും ദൃശ്യമാക്കുന്നതിലും ഇസ്‌ലാമോഫോബിയയുടെ ഒരു ആഖ്യാന മാതൃക കാണാം. സമൂഹം പ്രധാനമെന്നു കരുതുന്ന ഒരു സാമൂഹിക-രാഷ്ട്രീയപ്രശ്നത്തില്‍ ഇടപെടുമ്പോള്‍ മുസ്ലിം സംഘടനകളെ അദൃശ്യമാക്കി മുസ്ലിംകളെ വ്യക്തികളായി ചിത്രീകരിക്കുകയാണ് ഒരു രീതി. മുസ്ലിം സംഘടനകള്‍ക്കനുകൂലമായി ഉണ്ടായേക്കാവുന്ന രാഷ്ട്രീയ അന്വേഷണങ്ങളെ അത് ഫലപ്രദമായി തടയും. എന്നാല്‍, വിമര്‍ശനത്തിനോ ഇകഴ്ത്താനോ വേണ്ട ഉപാധിയായി മുസ്ലിം സംഘാടനത്തിലെ ചെറു സൂചനപോലും പെരുപ്പിച്ചു ഉപയോഗപ്പെടുത്തുകയും മുസ്‌ലിം സംഘടനാബന്ധം ഒരു കുറ്റാരോപണമാക്കി പുറത്തുവിടുകയും ചെയ്യും. എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും പലപ്പോഴും ആഖ്യാനത്തിന്റെ പൊതുശൈലി സ്വീകരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഈ പ്രക്രിയയുടെ ഭാഗമായി തീരുന്നു. ഏപ്രില്‍ മാസം ശ്രദ്ധയില്‍പ്പെട്ട അത്തരം രണ്ടു എഴുത്തു രീതികള്‍ പരിചയപ്പെടാം. തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ലിബറല്‍ ബുദ്ധിജീവിയായ രാമചന്ദ്ര ഗുഹയുടെ മാതൃഭൂമി ആഴ്ചപതിപ്പിലെ (ഏപ്രില്‍ 21 ) സ്ഥിരം പംക്തിയില്‍ വന്ന ഇസ്‌ലാമോഫോബിയ ശ്രദ്ധയില്‍പ്പെടുത്താം.

മുസ്‌ലിം സംഘടനകള്‍ക്ക് ബാധമാകാത്ത മനുഷ്യാവകാശം: ഒരു സംഘം എഴുത്തുകാര്‍ ചേര്‍ന്നാണ് കഴിഞ്ഞ ഏപ്രിലില്‍ 'മുറിവേറ്റ രാഷ്ട്രം, മോദി ദശകം' എന്ന പുസ്തകം പുറത്തിറക്കിയത്. ട്രാന്‍സിഷന്‍ സ്റ്റഡീസാണ് പ്രസാധകര്‍. മറ്റു ചില പ്രസിദ്ധീകരണ സ്ഥാപനങ്ങളും സഹകരിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരായ മോദി സര്‍ക്കാരിന്റെയും ഹിന്ദുത്വശക്തികളുടെയും അതിക്രമങ്ങള്‍ നിരന്തരം കടന്നുവരുന്ന ഒരു പുസ്തകമാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.


ഈ പുസ്തകത്തില്‍ മോദി കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ശഫീഖ് താമരശ്ശേരി എഴുതിയ ലേഖനത്തില്‍ സംഘ്പരിവാര്‍ ഭരണകൂടം ജയലിലടച്ച വ്യക്തികളെ രണ്ട് തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ആക്റ്റിവിസ്റ്റുകളെ അവതരിപ്പിക്കുമ്പോള്‍ അവരുടെ സംഘടനാബന്ധം കൂടി ലേഖകന്‍ എടുത്തു പറയുന്നുണ്ട്. എന്നാല്‍, മുസ്ലിം സംഘടനകളുമായി ബന്ധപ്പെട്ട ആക്റ്റിവിസ്റ്റുകളുടെ കാര്യത്തില്‍ അവരുടെ പേര് മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്. അവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന കാര്യം മറിച്ചുവെച്ചിരിക്കുകയാണ്.

ലേഖനത്തിലെ ഒരു അവതരണം ശ്രദ്ധിക്കുക: ''ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ്, ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ശിഫാഉര്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിങ്ങനെ നിരവധി പേരെ യു.എ.പി.എ അടക്കമുള്ള ഭീകരനിയമങ്ങള്‍ ചുമത്തി ജയിലിലടച്ചു. ഷാഹീന്‍ബാഗ് മാതൃകയില്‍ ഡല്‍ഹിയിലെ ജാഫറാ ബാദില്‍ പൗരത്വ സമരത്തിന് സ്ത്രീകളെ നയിച്ചതിന് പിഞ്ചു തോഡ് എന്ന സ്ത്രീപക്ഷ സംഘടനയിലെ ഗുല്‍ഷിഫാന്‍, സുഹാസിനി, ദേവാംഗന, കവിത, തരോമ റാവു, നടാഷ എന്നിവരുടെയെല്ലാം പേരില്‍ കേസ്സെടുത്തു ജയിലിലടച്ചു. യുനൈറ്റഡ് എഗയിന്‍സ്റ്റ് ഹേറ്റിന്റെ പ്രവര്‍ത്തകനും മുന്‍ ആം ആദ്മി പാര്‍ട്ടിക്കാരനുമായ ഖാലിദ് സൈഫി, കോണ്‍ഗ്രസിന്റെ വനിത നേതാവ് ഇഷ്‌റത്ത് ജഹാന്‍, ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം തുടങ്ങിയവരെയും ജയിലിലടച്ചു' (പേജ് 421-422).

നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) മുതല്‍ കോണ്‍ഗ്രസ്, ആം ആദ്മി, പിഞ്ച്ര തോഡ് വരെയുള്ള ഇടതുപക്ഷ, ഫെമിനിസ്റ്റ്, സവര്‍ണ ഹിന്ദു ഉള്ളടക്കമുള്ള സംഘടനകളെ പരാമര്‍ശിക്കുന്ന ലേഖകന്‍ രണ്ട് മുസ്ലിം സംഘടനകളുടെ പേര് വിട്ടുകളഞ്ഞിരിക്കുന്നു. ഇതിലേറെ എണ്ണം മുസ്‌ലിം സംഘടനാ പ്രവര്‍ത്തകര്‍ ഇക്കാലയളവില്‍ ജയില്‍വാസം അനുഭവിക്കുന്നുവെന്നതു വേറെ കാര്യം.

സി.പി.ഐ എം.എല്ലിന്റെ വിദ്യാര്‍ഥി വിഭാഗമായ 'ഐസ'യുടെ ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിഷേധിച്ചുകൊണ്ടു 'മുസ്‌ലിം സ്റ്റുഡന്‍സ് ഓഫ് ജെ.എന്‍.യു' എന്ന സ്വതന്ത്ര സംഘടനയുടെ നേതാവായിരുന്നു ഷര്‍ജീല്‍ ഇമാം (തന്‍സീന്‍ ജുനൈദ് എഴുതി പോളിസ് പ്രൊജക്റ്റ് പുറത്തിറക്കിയ ഷര്‍ജീല്‍ ഇമാമിന്റെ ബയോ കാണുക, 21 സെപ്തംബര്‍ 2020). എസ്.ഐ.ഒവിന്റെ ജാമിഅ മില്ലിയ ഘടകം നേതാവായിരുന്ന ആസിഫ് തന്‍ഹ. ഈ രണ്ടു മുസ്‌ലിം വ്യക്തികളുടെയും സംഘടനാ ബന്ധം ആഖ്യാനത്തില്‍ നിന്നു അദൃശ്യമായി.

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെ അനുഭവങ്ങള്‍ കേരളം കണ്ടതാണല്ലോ. 2022 സെപ്തംബറില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുകയും കേരളത്തില്‍ നിന്നു മാത്രം ഒരു ഡസനിലേറെ മുസ്‌ലിം ആക്ടിവിസ്റ്റുകളെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലിലടച്ചത് ഒരു പരാമര്‍ശം പോലും അര്‍ഹിക്കാത്ത മനുഷ്യാവകാശ/രാഷ്ട്രീയ അവകാശ നിഷേധമായി പൊതുവ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്നു. നമുക്കിഷ്ടമില്ലാത്ത മനുഷ്യാവകാശമാണ് അത്.

വിമര്‍ശനത്തിലെ വിയോജിപ്പുകള്‍: മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തോടുള്ള വിമര്‍ശനം ഒരു അവകാശ പ്രശ്‌നം ആയി പരിഗണിക്കാന്‍ ഏറെ പ്രയാസമാണ്. എന്നാല്‍, ഒരു കുറ്റാരോപണമായി മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തോടുള്ള വിമര്‍ശനം വളരെ എളുപ്പം തന്നെ ആഖ്യാനത്തിന്റെ പ്രബല മാതൃകകളില്‍ പ്രത്യക്ഷപ്പെടുന്നു.

ആടുജീവിതം നോവലും വിമര്‍ശനങ്ങളും

ആടുജീവിതം എന്ന നോവലും സിനിമയും മാര്‍ച്ച് മാസം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ദലിത്, പിന്നാക്ക, ന്യൂനപക്ഷ, ഇടതുപക്ഷ എഴുത്തുകാരില്‍ പലരും നോവലിന്റെയും സിനിമയുടെയും ഇസ്‌ലാമോഫോബിയയെക്കുറിച്ചു എതിര്‍ത്തും അനുകൂലിച്ചും എഴുതുകയുണ്ടായി. കവിയും വിവര്‍ത്തകനുമായ ബഷീര്‍ മിസ്അബ്, ഗവേഷകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എ.കെ വാസു തുടങ്ങിയവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നോവല്‍ വായനയുടെ ഇസ്‌ലാമോഫോബിയ എന്ന പ്രശ്നം ശക്തമായി ഉന്നയിച്ചത്. അത് പിന്നീട് പലരും ഏറ്റെടുത്തു. നീണ്ട വാദപ്രതിവാദങ്ങള്‍ നടന്നു.

ഏപ്രില്‍ രണ്ടിനു അധ്യാപകനും എഴുത്തുകാരനുമായ വി. അബ്ദുല്‍ ലത്തീഫ് ഫെയ്സ്ബുക്കില്‍ എഴുതിയ നീണ്ട കുറിപ്പില്‍ ഇസ്ലാമോഫോബിയ ആരോപണത്തിന്റെ ഉത്തരവാദിത്തം 'സംഘ്പരിവര്‍ ഫണ്ടഡ് പൊളിറ്റിക്കല്‍ ഇസ്ലാമിക് ഗ്രൂപ്പുകളുടെ' കയ്യിലേല്‍പിച്ചു. ലത്തീഫ് എഴുതുന്നു. ''ഒരുപക്ഷേ സംഘ്പരിവാര്‍ ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നത് എന്നുപോലും സംശയിക്കാവുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിക് ഗ്രൂപ്പുകളാണ് ഇസ്ലാമോഫോബിയ എന്ന ആരോപണവുമായി വരുന്നത്. ഇതില്‍ ചില സാധാരണ മനുഷ്യരും വീണുപോയിട്ടുണ്ട്. പതിയെ ചെമ്പു തെളിയുമ്പോള്‍ ആ പ്രശ്നം തീരുമെന്നു തോന്നുന്നു. ഇസ്ലാമിക് ഫോബിയ ഉണ്ടാക്കിയെടുക്കാനുള്ള ബോധപൂര്‍വമുള്ള ഫണ്ടഡ് ശ്രമങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട് എന്നത് പകല്‍വെളിച്ചം പോലെ വ്യക്തമായ കാര്യമാണ്. അത്തരമൊരു പണി ബെന്യാമിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല, ഉണ്ടാവുകയും ഇല്ല'.''

എന്നാല്‍, വസ്തുത എന്താണ്? നോവലിന്റെ ഉള്ളടക്കത്തെക്കുറിച്ചു ചോരണം മുതല്‍ ഇസ്‌ലാമോഫോബിയ വരെ ഉന്നയിച്ചവര്‍ ലത്തീഫ് പറയുന്നതുപോലെ ഒരേ തരക്കാരല്ല, അവര്‍ പല ഐഡന്റിറ്റിയിലുള്ളവരാണ്. ഇസ്ലാമോഫോബിയ ഇല്ലെന്നു വാദിച്ചവരിലും പല തരക്കാരുണ്ട്. ഇടതുപക്ഷ എഴുത്തുകാരനും പ്രഭാഷകനുമായ എ.പി അഹമ്മദ് 2021ല്‍ 'ബെന്യാമിന്‍ നേരിടുന്ന വെല്ലുവിളി' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം (മലയാളം ന്യൂസ്, 9 മെയ് 2021) എഴുതിയിരുന്നു. ചോരണ ആരോപണം ഉന്നയിച്ചത് അന്നത്തെ ബാലുശ്ശേരി എം.എല്‍.എയും സി.പി.എം നേതാവുമായ പുരുഷന്‍ കടലുണ്ടിയുടെ ഫെയ്സ്ബുക്ക് അഡ്മിന്‍ ശംസ് ബാലുശ്ശേരി എന്ന സി.പി.എം പ്രവര്‍ത്തകനായിരുന്നുവെന്നാണ് അഹ്മദ് ആ കുറിപ്പില്‍ പറയുന്നത്.


അഹമ്മദ് എഴുതുന്നു. ''എന്നാല്‍ ബെന്യാമിന്‍ തന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. 'ആടുജീവിത'ത്തിലെ ഒട്ടേറെ ഭാഗങ്ങള്‍ മുഹമ്മദ് അസദിന്റെ 'ദ റോഡ് റ്റു മെക്ക' എന്ന വിഖ്യാത ഗ്രന്ഥത്തില്‍ നിന്നുള്ള നേര്‍ പകര്‍പ്പാണ് എന്ന കണ്ടെത്തലാണത്. ബഹ്റൈന്‍ പ്രവാസിയും ബെന്യാമിന്റ സുഹൃത്തുമായ ശംസ് ബാലുശ്ശേരിയാണ് ഈ വെല്ലുവിളിയുമായി രംഗത്തെത്തിയത്. സുഹൃത്ത് നേരിട്ട് ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ബെന്യാമിന്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയപ്പോഴാണ്, അക്കമിട്ട് തെളിവുകള്‍ നിരത്തി ബെന്യാമിന്റെ സാഹിത്യ മോഷണം സമൂഹമാധ്യമങ്ങളിലൂടെ ശംസ് വെളിപ്പെടുത്തിയത്.. ശംസിന്റെ കണ്ടെത്തലുകള്‍ വൈറലായപ്പോള്‍ ബെന്യാമിനെ പ്രതിരോധിക്കാനായി പലരും കക്ഷിരാഷ്ട്രീയം പ്രയോഗിച്ചു നോക്കി. ഇടതുപക്ഷക്കാരനായ ബെന്യാമിനെ അപമാനിക്കാന്‍ സംഘ്പരിവാര്‍ പടച്ചുവിട്ട ആരോപണമാണത്രെ! സജീവ സി.പി.എം പ്രവര്‍ത്തകനും ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ ഫെയ്സ് ബുക്ക് അഡ്മിനുമായ ശംസ് ബാലുശ്ശേരി ഇത് കേട്ട് ചിരിക്കുകയല്ലാതെ എന്ത് ചെയ്യും!''

ആടുജീവിതം എന്ന സിനിമയും നോവലും വിമര്‍ശിക്കാനോ വായിക്കാനോ വിമര്‍ശിക്കുന്നവരെ വിമര്‍ശിക്കാനോ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, വിമര്‍ശനത്തിന്റെ ശക്തികൂട്ടാനൊ അല്ലെങ്കില്‍ ആഖ്യാനം അറിയാതെ സ്വീകരിച്ച ഒരു അബോധ മാതൃകയായോ, 'സംഘ്പരിവാര്‍ ഫണ്ടു വാങ്ങുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിക് ഗ്രൂപ്പുകള്‍' എന്ന പ്രയോഗം മാറുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തോടുള്ള വിമര്‍ശനം ഒരു കുറ്റാരോപണ സ്ഥലമായി രൂപാന്തരപ്പെടുന്നു. വിവിധ രീതിയിലുള്ള മുസ്ലിം സംഘാടനത്തോടുള്ള യുക്തിരഹിതമായ എതിര്‍പ്പും വെറുപ്പുമാണ് ഇസ്ലാമോഫോബിയയുടെ പ്രധാന പ്രത്യേകത.

രാമചന്ദ്ര ഗുഹയുടെ എഴുത്ത്: മുസ്‌ലിം പ്രദേശവും വ്യക്തിയും

എഴുത്തുകാരനും വിവര്‍ത്തകനുമായ എ.പി കുഞ്ഞാമു ഏപ്രില്‍ 29 ന് എഴുതിയ ഫേസ്ബുക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം:

''കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഏപ്രില്‍ 21) പ്രശസ്ത സാമൂഹ്യ ചിന്തകനായ രാമചന്ദ്ര ഗുഹയുടെ ഒരു ലേഖനമുണ്ട് (മിസോകളില്‍ ഒരുവനായി - ഭൂതവും വര്‍ത്തമാനവും എന്ന പംക്തി). അതില്‍ ഇങ്ങനെ കാണുന്നു: 'കോളേജില്‍ ധാരാളം പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ട്. ഉത്തര്‍പ്രദേശിലെ ചില ഹിന്ദു ആധിപത്യ പ്രദേശങ്ങളിലോ കേരളത്തിലെ ചില ഇസ്‌ലാമികാധിപത്യമുള്ള ജില്ലകളിലോ തികച്ചും അസാധ്യമായ വിധത്തില്‍ അവര്‍ സ്വതന്ത്രമായി ഒത്തുചേരുന്നു.'

''കേരളത്തിലെ ഇസ്‌ലാമികാധിപത്യമുള്ള ജില്ല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുസ്‌ലിം ഭൂരിപക്ഷ ജില്ല എന്നാവാം (മുസ്‌ലിം ഡൊമിനേറ്റഡ് എന്ന പ്രയോഗം തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവ്) മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണെങ്കില്‍ തന്നെ മലപ്പുറം ജില്ലയെ ആയിരിക്കാം രാമചന്ദ്രഗുഹ ഉദ്ദേശിക്കുന്നത്. മലപ്പുറത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വതന്ത്രമായി ഒത്തുചേരാന്‍ അസാധ്യമായ സാഹചര്യങ്ങളാണോ നിലനില്‍ക്കുന്നത്? മലപ്പുറത്തല്ലെങ്കില്‍ വേറെയെവിടെയെങ്കിലും ഇങ്ങനെയൊരവസ്ഥയുണ്ടോ? ഞാനറിഞ്ഞേടത്തോളം കേരളത്തിലൊരിടത്തും' താലിബാന്‍ വാഴ്ച' ഇല്ല.''

''യു.പിയോ ഹിന്ദി ഹൃദയഭൂമിയിലെ ഏതെങ്കിലും സംസ്ഥാനമോ അല്ല ഇത്, മറിച്ച് പ്രബുദ്ധകേരളമാണ് എന്ന് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മറ്റും കാര്യം വരുമ്പോള്‍ ഉച്ചൈസ്തരം നാം ഉദ്‌ഘോഷിക്കാറുമുണ്ട്. ഈ കേരള മോഡലിനെ അപ്പാടെ തള്ളിക്കളയുന്ന നിരീക്ഷണമാണ് രാമചന്ദ്ര ഗുഹയുടേത്. പക്ഷേ, സാംസ്‌കാരിക പ്രവര്‍ത്തകരാരും ഒന്നും മിണ്ടിക്കാണുന്നില്ല. അവര്‍ ഈ ലേഖനം വായിച്ചില്ലെന്നുണ്ടോ? അതോ രാമചന്ദ്ര ഗുഹയുടെ നിലപാടിനെ അവര്‍ ശരിവെക്കുന്നു എന്നാണോ?''

''മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടു മാത്രം മലപ്പുറം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പഴികളുടെ തുടര്‍ച്ചയാണ് രാമചന്ദ്ര ഗുഹയുടെ ഈ ധൃതിപിടിച്ച സാമാന്യവത്കരണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കോപ്പിയടിച്ചു പരീക്ഷ ജയിക്കുന്ന മലപ്പുറം, കള്ളക്കടത്തു നടത്തി പണം സമ്പാദിക്കുന്ന മലപ്പുറം, സിനിമാ തിയേറ്റര്‍ കത്തിക്കുന്ന മലപ്പുറം, നോമ്പുകാലത്ത് മുസ്‌ലിംകളല്ലാത്തവര്‍ക്ക് ദാഹജലം കിട്ടാത്ത മലപ്പുറം, വര്‍ഗീയ വിദ്വേഷം ആളിക്കത്തുന്ന മലപ്പുറം,' ക്രൂര മുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴും' മലപ്പുറം -- ഇങ്ങനെ ഒരു പാട് ആഖ്യാനങ്ങളില്‍ പെട്ടു കരളു പിടയുന്ന നാടാണ് മലപ്പുറം. കുമാരനാശാന്‍ മുതല്‍ വി.എസ്. അച്ചുതാനന്ദന്‍ വരെ ഈ നരേറ്റീവുകള്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചിട്ടുണ്ട്. അവയുണ്ടാക്കുന്ന ചീത്തപ്പേരുകളില്‍ നിന്ന് മുക്തി നേടാനും മലപ്പുറത്തിന്നൊരു മറുപുറമുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും സൗമനസ്യത്തിന്റെ ഏതെല്ലാമോ വഴികളിലൂടെ ശ്രമിക്കുമ്പോഴും പാവപ്പെട്ട മലപ്പുറത്ത് കാരുടെ തലയിലേക്ക് ഈ പാപഭാരം വന്നു വീഴുകയാണ്.''

''ഇന്ത്യയിലെ ലിബറല്‍ ബുദ്ധിജീവികളില്‍ ഏറ്റവും പ്രമുഖരിലൊരാളായ രാമചന്ദ്ര ഗുഹപോലും വളരെ സ്വാഭാവികമായി ഈ വ്യാജ പ്രചരണങ്ങളെ ഉള്‍ക്കൊള്ളുന്നു എന്നു വരുമ്പോള്‍ ദേശീയ തലത്തില്‍ അന്തരീക്ഷം എത്രത്തോളം വിഷമയമായിട്ടുണ്ട് എന്നോര്‍ത്ത് സങ്കടപ്പെടുകയാണ് ഞാന്‍.''

ഗുഹയുടെ ഇസ്‌ലാം വായനകള്‍: ഇര്‍ഫാന്‍ അഹ്മദ് അദേഹത്തിന്റെ 'റിലീജ്യന്‍ ആസ് ക്രിട്ടിക്: ഇസ്‌ലാമിക് ക്രിറ്റിക്കല്‍ തിങ്കിങ് ഫ്രം മെക്ക ടു മാര്‍കറ്റ് പ്ലേസ്' (2014, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന പ്രസ്) എന്ന പുസ്തകത്തില്‍ ഗുഹയുടെ ഇസ്‌ലാം വായനയുടെ ചില പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചിരുന്നു. അത് തുടങ്ങുന്നത് അമര്‍ത്യാസെന്നിന്റെ 'ദ ആര്‍ഗ്യുമെന്റ്റ്റീവ് ഇന്ത്യന്‍: റൈറ്റിംഗ്‌സ് ഓണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍, ഹിസ്റ്ററി ആന്‍ഡ് ഐഡന്റിറ്റി' എന്ന പ്രശസ്ത പുസ്തകം (2005, പെന്‍ഗ്വിന്‍) പരിശോധിച്ചാണ്. നിരവധി വിമര്‍ശനങ്ങളും കൂട്ടിച്ചേര്‍ക്കലും സെന്നിന്റെ പുസ്തകത്തെക്കുറിച്ച് 2005-നു ശേഷം നടന്നു. അമലേന്ദു മിശ്രയുടെ അഭിപ്രായ പ്രകാരം ഇന്ത്യന്‍ ലിബറല്‍ പാരമ്പര്യത്തിന്റെ പ്രതീകമായി അമര്‍ത്യാ സെന്‍ അവതരിപ്പിക്കുന്നത് രാജാറാം മോഹന്‍ റോയിയെയാണ്. സെന്നിനെ സംബന്ധിച്ചിടത്തോളം മോഹന്‍ റോയിയാണ് ആദ്യത്തെ ഇന്ത്യന്‍ ലിബറല്‍. പക്ഷേ, ഒരിക്കലും രാജാറാം മോഹന്‍ റോയിയുടെ മുസ്ലിം വിരുദ്ധതയോ ബ്രിട്ടീഷ് കൊളോണിയല്‍ പ്രതിപത്തിയോ അമര്‍ത്യാ സെന്നിന്റെ ആഖ്യാനത്തില്‍ വരുന്നേയില്ല.


എന്നാല്‍, ഇന്ത്യന്‍ ലിബറലിസത്തിന്റെ ആസ്ഥാനമായി ബംഗാളിനെ അമര്‍ത്യാ സെന്‍ ചുരുക്കുന്നു എന്ന് മാത്രമാണ് വിമര്‍ശകനായ രാമചന്ദ്ര ഗുഹയുടെ ആകെയുള്ള പരാതി. പകരം, ദക്ഷിണേന്ത്യകൂടി ഉള്‍പ്പെടുന്ന വിശാലമായ ഒരു ഇന്ത്യന്‍ ലിബറല്‍ സെക്കുലര്‍ വ്യവഹാരത്തെകുറിച്ചാണ് ഗുഹ സൂചിപ്പിക്കുന്നത്. രാമചന്ദ്ര ഗുഹ സെന്നില്‍ കാണുന്ന പ്രശ്‌നം ഭൂമിശാസ്ത്രപരമായ ന്യൂനീകരണമാണ്. മതമോ ജാതിയോ ലിംഗമോ ഗുഹക്ക് ഒരു അധികാര പ്രശ്‌നമായി തോന്നുന്നില്ല. ഗാന്ധിയേയോ എന്‍.കെ ബോസ്സിനേയോ ഡി.പി മുഖര്‍ജിയേയോ ഡി.ആര്‍ ഗാഡ്ഗിലിനേയോ ഡി.ഡി കൊസാമ്പിയേയോ അമര്‍ത്യസെന്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന് പരാതി പറയുന്ന ഗുഹ, പക്ഷേ ഒഴിവാക്കപ്പെട്ട ലിസ്റ്റില്‍ ഇനിയും ആളുകളെ ഉള്‍പ്പെടുത്തണം എന്ന് പറയുമ്പോള്‍ ഇവരുടെ സമകാലികരായ ഒരൊറ്റ മുസ്ലിമിനേയും സൂചിപ്പിക്കുന്നില്ല. ഗുഹ ഇസ്ലാമിനെ പറ്റി സൂചിപ്പിക്കുന്നതാകട്ടെ മധ്യകാലത്തെ ചില സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു മാത്രം. എന്തുകൊണ്ട് തന്റെ മതേതര വര്‍ത്തമാനത്തിന്റെ ഭാഗമായി ഗുഹക്ക് കര്‍തൃത്വമുള്ള മുസ്ലിമിനെ കാണാന്‍ കഴിഞ്ഞില്ല എന്നാണ് ഇര്‍ഫാന്‍ അഹമ്മദിന്റെ ചോദ്യം.

2010-ല്‍ രാമചന്ദ്ര ഗുഹ പുറത്തിറക്കിയ 'മേക്കേഴ്‌സ് ഓഫ് ഇന്ത്യന്‍ മോഡേണ്‍ ഇന്ത്യ' (പെന്‍ഗ്വിന്‍) എന്ന പുസ്തകം ഇര്‍ഫാന്‍ അഹമ്മദ് ഉന്നയിച്ച പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ ജീവിച്ച രണ്ടു പേര്‍ ആ ലിസ്റ്റിലുണ്ട്: മുഹമ്മദലി ജിന്നയും സര്‍ സയ്യിദ് അഹ്മദ് ഖാനും. ഗുഹയുടെ അഭിപ്രായത്തില്‍ ജിന്ന മുസ്ലിം സെപറേറ്റിസ്റ്റാണ്. സര്‍ സയ്യിദ് മുസ്ലിം മോഡേണിസ്റ്റും. കാതറിന് പെര്‍നൗ എഴുതിയ 'ഇമോഷന്‍സ് ആന്റ് മോഡേണിറ്റി ഇന്‍ കൊളോണിയല്‍ ഇന്ത്യ: ഫ്രം ബാലന്‍സ് ടു ഫ്രിവര്‍' എന്ന പുസ്തകത്തില്‍ (2019 ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ) പറയുന്നതു പ്രകാരം ആധുനികം എന്നോ മോഡേണ്‍ എന്നോ കരുതുന്ന പ്രത്യയശാസ്ത്ര പദാവലികള്‍ ഗൗരവത്തില്‍ ഉപയോഗിക്കാത്ത മുസ്‌ലിം ചിന്തകനാണ് സര്‍ സയ്യിദ് അഹ്മദ് ഖാന്‍. സര്‍ സയ്യിദ് ഉപയോഗിച്ച നയ (ന്യൂ), ജദീദ് (റിന്യൂവല്‍) തുടങ്ങിയ ഉറുദു പദങ്ങളുടെ മേലെ നടത്തിയ ഒരു ആരോപണം മാത്രമായിരുന്നു മോഡേണ്‍ എന്ന വിവര്‍ത്തനം. പില്‍കാലത്തു ചരിത്രകാരന്‍മാര്‍ കണ്ടെടുത്ത പ്രത്യയശാസ്ത്ര വിശേഷണങ്ങളിലൂടെയാണ് സര്‍ സയ്യിദ് അഹ്മദ് ഖാനേ 'ആധുനിക മുസ്‌ലിം' എന്ന പദവി കൈവരുന്നത്.


1947 നു ശേഷമുള്ള ഇന്ത്യയില്‍ നിന്നു ആകെ ഒരു മുസ്‌ലിം മാത്രമാണ് ഗുഹയുടെ ലിസ്റ്റിലുള്ളത്. പേര്: ഹാമിദ് ദല്‍വായി (അതേ പുസ്തകം, പേജ് 491). മുംബെയില്‍ ജീവിച്ചു മരിച്ച ദല്‍വായി (1932-1977) പറയുന്നതു നോക്കൂ: ''ഞാന്‍ നിസ്‌കരിക്കാറില്ല, നൊമ്പെടുക്കാറില്ല, ഖുര്‍ആനിലോ അന്ത്യനാളിലോ വിശ്വസിക്കുന്നില്ല, ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ചുവെന്നതിനാല്‍ ഞാനൊരു മുസ്‌ലിം ആണെന്നാണ്'' ( മറാത്തി ആഴ്ചപ്പതിപ്പായ മനോഹറില്‍ 1973 ആഗസ്റ്റ് 26 നു വന്ന അഭിമുഖം, അവലംബം: ദി വയര്‍, 23 മെയ് 2023). വിശ്വാസപരമായി സ്വയം മുസ്‌ലിമായി കരുതാത്തയാളും എന്നാല്‍ ജീവശാസ്ത്രപരവും കുടുംബപരവും ആയി മാത്രം മുസ്ലിം ഐഡന്റിഫിക്കേഷനുള്ള ഒരു വ്യക്തിയാണ് രാമചന്ദ്ര ഗുഹ കണ്ടെത്തിയ 'അവസാന ആധുനിക ഇന്ത്യന്‍'. ആ പുസ്തകത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ ജീവിച്ച ഏക മുസ്‌ലിം സാന്നിധ്യം. ഇന്ത്യന്‍ ന്യൂനപക്ഷ മുസ്‌ലിംകളില്‍ നിന്നു വിശ്വാസ ജീവിതമുള്ള ഒരാളെയും ആധുനിക ഇന്ത്യയെ നിര്‍മിച്ചവരായി കണക്കാക്കാന്‍ ഗുഹയ്ക്ക് കഴിഞ്ഞില്ല.

(തുടരും - സമുദായം, ഭരണകൂടം: വീണ്ടും ചില കേരളീയ അനുഭവങ്ങള്‍ - നാലാം ഭാഗത്തില്‍ വായിക്കാം)

(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)

ഒന്ന്, രണ്ട് ഭാഗങ്ങള്‍ വായിക്കാം..


TAGS :