ഗാന്ധിയും കോൺഗ്രസും; കെ.ആർ മീരയുടേത് രവിചന്ദ്രൻ യുക്തി
രവിചന്ദ്രൻ ഉയർത്തിവിട്ട ലളിത യുക്തി ബോധം ചരിത്രവിരുദ്ധമായി തീരുകയും ഹിന്ദുത്വ ഫാസിസത്തെ നോർമലൈസ് ചെയ്യപ്പെടുകയും ചെയ്തതായി നമുക്കറിയാം, അത്തരത്തിലുള്ള ഒരു ലളിത വായനയാണ് മീര നടത്തിയത്

കെ.ആർ മീരയുടെ സങ്കല്പത്തിലുള്ള ഗാന്ധിയെ കഴിഞ്ഞ എഴുപത്തി അഞ്ച് വർഷമായി കോൺഗ്രസുകാർ മായിച്ചു കളയാൻ ശ്രമിക്കുന്നു. എന്നിട്ടും ഗാന്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ ഹിന്ദുസമഹാസഭ വിചാരിച്ചാൽ ഗാന്ധിയെ നിഷ്കാസനം ചെയ്യാൻ സാധ്യമല്ല എന്നാണ് മീര പറയാൻ ശ്രമിച്ചത്. ഗാന്ധിയോടുള്ള ഇഷ്ടവും ഗാന്ധിസത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്ന കോൺഗ്രസിനോടുള്ള അവരുടെ ഇഷ്ടക്കേടും നമുക്ക് മനസ്സിലാക്കാം. പക്ഷേ അവിടെ ഹിന്ദു മഹാസഭ കയറി വരുമ്പോൾ മറ്റൊരു ദുരന്തം സംഭവിക്കുന്നു. ഗാന്ധിയെ കൊന്ന കൂട്ടരാണ് ഹിന്ദു മഹാസഭ. അതിനാൽ ഗാന്ധിയുടെ ഓർമ്മകൾ രാജ്യത്തുനിന്ന് തുടച്ചുനീക്കാൻ അവർ ശ്രമിക്കും. അത് അവർ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. എന്ന് മാത്രമല്ല ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായിക് ഗോഡ്സെയെ ആദരിക്കുകയും ഗാന്ധി പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത് കൊണ്ട് ഗാന്ധി വധം പുനരാവിഷ്കരിക്കുകയും ചെയ്യുന്നതായി നാം കാണുന്നു. ഇവർ ഗാന്ധിയെ മായ്ച്ചുകളയുന്നതുപോലെയല്ല കോൺഗ്രസുകാർ ഗാന്ധിയെ മറക്കുന്നത്.
ഗാന്ധിയുടെ ചില ആശയങ്ങളെ കോൺഗ്രസ് എന്നോ വിസ്മൃതിയിലേക്ക് അയച്ചിരുന്നു എന്നത് വസ്തുതയാണ്. ഗാന്ധിയുടെ എല്ലാ ആശയങ്ങളും കോൺഗ്രസിന് ഏറ്റെടുക്കാൻ സാധ്യമല്ല. ഏറ്റെടുത്ത ചില ആശയങ്ങളിൽ വെള്ളം ചേർക്കാതെ പ്രാവർത്തികമാക്കാനും സാധ്യമായിട്ടില്ല. ഗാന്ധിയുടെ സഹിഷ്ണുതയുടെയും മതനിരപേക്ഷതയുടെയും രാഷ്ട്രീയത്തെ വേണ്ടവിധത്തിൽ ഉൾക്കൊള്ളാൻ കോൺഗ്രസിന് സാധ്യമായിട്ടില്ല. ഇത്തരത്തിൽ കോൺഗ്രസ് ഗാന്ധിയൻ ആദർശത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നതിനെ നമുക്ക് വിമർശിക്കാം.
ആ വിമർശനത്തിൽ എത്രയും സാധ്യതയെ നമുക്ക് കണ്ടെത്താം. പക്ഷേ അവിടെ ഹിന്ദുമഹാസഭയുമായി കോൺഗ്രസിനെ സമീകരിച്ചാൽ ഹിന്ദുത്വ ഭീകരതയെ ലെജിറ്റമൈസ് ചെയ്യുന്നതിന് തുല്യമായിരിക്കും. ഗാന്ധിയുടെ സ്ഥൂല ശരീരത്തെ ഈ ഭൂമിലോകത്ത് നിന്ന് പറഞ്ഞയച്ച ഒരു പ്രത്യയശാസ്ത്രമുണ്ട്. ആ പ്രത്യയശാസ്ത്രം ഹിന്ദുമഹാസഭയുടെ, ആർഎസ്എസിന്റെ ഹിന്ദുത്വ തീവ്രവാദമാണ്. ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്സയുടെ പ്രത്യയശാസ്ത്രവും ഗാന്ധിയെ ഏറ്റെടുക്കുകയും അദ്ദേഹത്തിൻറെ ആശയത്തിന് പ്രചരണം നടത്താൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്യുന്ന കോൺഗ്രസും ഒരുപോലെയാണെന്ന് വരുത്തി തീർക്കുന്നത് ശുദ്ധ അസംബന്ധമാണ്. ചരിത്രബോധമില്ലാത്ത ഇത്തരം സമീപനങ്ങൾ കേരളത്തിലെ യുക്തിവാദി എന്ന പേരിൽ അറിയപ്പെടുന്ന സി.രവിചന്ദ്രന്റെ ഗോഡ്സെ ന്യായീകരണ യുക്തി പോലെയാണ്.
രവിചന്ദ്രൻ ഉയർത്തിവിട്ട ലളിത യുക്തി ബോധം ചരിത്രവിരുദ്ധമായി തീരുകയും ഹിന്ദുത്വ ഫാസിസത്തെ നോർമലൈസ് ചെയ്യപ്പെടുകയും ചെയ്തതായി നമുക്കറിയാം. ഇത്തരത്തിലുള്ള ഒരു ലളിത വായനയാണ് മീര നടത്തിയത്.
നമ്മൾ ഒരു വിഷയത്തെ സമീപിക്കുമ്പോൾ അതിന്റെ ടോട്ടാലിറ്റിയിൽ സമീപിക്കണം എന്നത് സാമൂഹ്യശാസ്ത്ര വിശകലനത്തിന്റെ ആദ്യ പാഠമാണ്. വിഷയത്തിന്റെ സമഗ്രമായ വായന ഒഴിവാക്കി ന്യൂനീകരണത്തിലൂടെയുള്ള വായന തെറ്റായ സമീകരണത്തിലേക്കും തീർപ്പിലേക്കും എത്തിച്ചേരും. അത്തരത്തിലുള്ള സമീകരണ തീർപ്പുകൊണ്ട് കേരളീയ സാംസ്കാരിക രംഗം മലീമസമാണ്. അവിടെയാണ് ഗാന്ധി വിലകുറഞ്ഞ രാഷ്ട്രീയക്കാരനും ഗോഡ്സെ ഉന്നതമായ രാഷ്ട്രീയ ബോധം പേറുന്നവനും ആയിത്തീരുന്നത്. ഗാന്ധിയെ കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കുവാനും ഗോഡ്സെയെ കാല്പനികവൽക്കരിക്കുവാനും സാധ്യമായത് ചരിത്രവിരുദ്ധമായി ഗാന്ധിയെയും ഗോഡ്സെയും വായിക്കാൻ സി രവിചന്ദ്രൻ ശ്രമിച്ചപ്പോഴാണ്. ഇത്തരത്തിലുള്ള ഒരു വായനയാണ് മീര നടത്തിയിരിക്കുന്നത്. ഗാന്ധിയെ മായിച്ചു കളയാൻ ഹിന്ദു മഹാ
സഭ നടത്തുന്ന ശ്രമങ്ങൾ കോൺഗ്രസിനോളം വരില്ല എന്ന വായന സത്യത്തിൽ ഹിന്ദുമഹാസഭയെ റൊമാന്റിസൈസ് ചെയ്യുകയും കോൺഗ്രസിനെ താഴ്ത്തുകയും ചെയ്യുന്നതാണ്. എന്ന് മാത്രമല്ല ഹിന്ദു മഹാസഭയുടെ ഗാന്ധി നിഷ്കാസനം ശാരീരികവും പ്രത്യയശാസ്ത്രപരവുമാണ്. എന്നാൽ കോൺഗ്രസിന്റേത് ഗാന്ധിയൻ ആദർശങ്ങൾ പ്രയോഗിക്കാൻ സാധ്യമാവാത്ത കഴിവ്കേടിന്റെ അവസ്ഥാ വിശേഷമാണ്. കഴിവുകേടിനെ നമുക്ക് വിമർശിക്കാം. പക്ഷെ കോൺഗ്രസിനെ ഹിന്ദു മഹാസഭയുമായി കൂട്ടിവായിക്കുന്നത് വലിയ ദുരന്തമാണ്. ഇതുതന്നെയാണ് രവിചന്ദ്രൻ യുക്തി എന്ന് നാം തിരിച്ചറിയണം.
വലിയ എഴുത്തുകാർ എന്ന് അറിയപ്പെടുന്ന ആളുകളിൽ നിന്ന് ഇത്തരത്തിലുള്ള ചരിത്രവിരുദ്ധവും സമീകരണത്തിന് യാതൊരു സാധ്യതയില്ലാത്തതുമായ പ്രസ്താവനകൾ ഉണ്ടാവുന്നത് ഫാസിസത്തിന് ഗുണകരമായി തീരും എന്ന് മനസ്സിലാക്കേണ്ടതാണ്.
മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയ കൂട്ടർ അധികാരത്തിരിക്കുന്ന സന്ദർഭത്തിൽ അവരുടെ ഗാന്ധി നിന്ദയെ ചെറുതായി കാണുകയും കോൺഗ്രസിന്റെ നിസ്സഹായതയെ പൈശാചികവൽക്കരിക്കുകയും ചെയ്യുന്നതിലെ അസംബന്ധത്തിന്റെ സാമൂഹ്യ ബോധം എന്നാണ് വിളിക്കേണ്ടത്.
സാമൂഹ്യശാസ്ത്രബോധത്തിൽ ലളിതയുക്തിയും ഒട്ടും ചേരാത്ത സമീകരണങ്ങളും ഇപ്പോൾ നമ്മുടെ കേരളത്തിൽ നിർലോഭമായി നടക്കുന്നുണ്ട്. അതിലൊന്നാണ് ആർഎസ്എസ് ഈസ് ഈക്വൽ റ്റു ജമാഅത്തെ ഇസ്‍ലാമി, ഭൂരിപക്ഷ വർഗീയത സമം ന്യൂനപക്ഷ വർഗീയത തുടങ്ങിയ അപകടകരമായ സമീകരണങ്ങൾ. ഇടതുപക്ഷമാണ് ഇത്തരത്തിൽ ഒട്ടും സത്യസന്ധമല്ലാത്ത പ്രസ്താവനകൾ നടത്തുന്നതായി നാം കാണുന്നത്. ഇത് ഹിന്ദുത്വയ്ക്ക് ഗുണം ചെയ്യും എന്ന് മനസ്സിലാക്കുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോലും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. അവിടെയാണ് ഇടതുപക്ഷത്തോടൊപ്പം സഞ്ചരിക്കുന്ന കെ.ആർ മീരയെപ്പോലുള്ള എഴുത്തുകാർ കോൺഗ്രസിനെയും ഹിന്ദുമസഭയും സമീകരിച്ച് പ്രസ്താവനകൾ ഇറക്കുന്നത്. ഇടതുപക്ഷം ഇപ്പോൾ സ്വീകരിച്ച ഹിന്ദുത്വ ഫാസിസത്തോടുള്ള സോഫ്റ്റ് കോർണർ സമീപനത്തിൽ കെ.ആർ മീരയും വീണ് പോയതാണോ എന്ന കേരളീയ പൊതുസമൂഹത്തിന്റെ ആശങ്കയ്ക്ക് അവർ മറുപടി പറയും എന്ന് വിചാരിക്കാം.