Quantcast
MediaOne Logo

അഭിലാഷ് പടച്ചേരി

Published: 5 May 2023 2:03 PM GMT

'കേരളീയ പ്രബുദ്ധത'യെ ഞെട്ടിയെഴുന്നേല്‍പിച്ച കേരള സ്‌റ്റോറി

ഇന്ത്യയിലെ പൗരത്വ നിയമത്തിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയപ്പോള്‍, അതിനെ മറികടക്കാന്‍ ജൂഡോ-ക്രിസ്ത്യന്‍ സിവിലൈസേഷന്‍ മുന്നോട്ട് വെക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ഡല്‍ഹിയിലെത്തി ഹിന്ദുത്വ ഫാസിസത്തെ ആഗോളതലത്തില്‍ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചത് നാം കണ്ടതാണ്.

കേരളീയ പ്രബുദ്ധതയെ ഞെട്ടിയെഴുന്നേല്‍പിച്ച കേരള സ്‌റ്റോറി
X

മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യം വച്ച് സംഘ്പരിവാര്‍ ഇന്ത്യയിലെമ്പാടും നടത്തുന്ന നുണപ്രചാരണമാണ് 'ലൗ ജിഹാദ്'. ഇത് ഇങ്ങനെ പറയുമ്പോള്‍ എല്ലാവര്‍ക്കും ദഹിക്കണമെന്നില്ല, അങ്ങിനെ ദഹിക്കാത്തവരില്‍ ഒരു വലിയ 'പ്രബുദ്ധ' വിഭാഗമാണ് യുക്തിവാദികള്‍. സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന മുസ്‌ലിം പേടി ഇന്ന് അതിന്റെ എല്ലാ തോതിലും ഏറ്റെടുത്ത് സമൂഹത്തിലേക്ക് വിതറുന്ന, വിഷം വമിപ്പിക്കുന്ന ഒരു വിഭാഗമായി അവര്‍ മാറിയിട്ടുണ്ട്. 'ദി കേരള സ്റ്റോറി' എന്ന സംഘി സ്‌റ്റോറി റിലീസ് പ്രഖ്യാപിച്ചിരിക്കേ കേരളീയ സമൂഹത്തില്‍ യുക്തിവാദികള്‍ നടത്തുന്ന വാദങ്ങളില്‍ എല്ലാകാലവും അവര്‍ ഉപയോഗിച്ച് പോരുന്ന സ്ഥിരം പല്ലവിയായ 'ആഗോള ഭീകരവാദം' ഇത്തവണയും സംഘ്പരിവാറിനെ രക്ഷിച്ചെടുക്കാന്‍ അവര്‍ എടുത്തുവരുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിം പ്രസ്ഥാനങ്ങള്‍ അനിസ്‌ലാമികമെന്ന് കവല തോറും മൈക്ക് കെട്ടി വിളിച്ചുപറഞ്ഞ സംഘടനയായ ഐസിസിനെ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഈ വാദമുഖം നിരത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഒരു പക്ഷേ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ ഈ കുയുക്തിയെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ മാത്രമേ ആര്‍.എസ്.എസ് ഉള്ളൂ, ഇസ്‌ലാം ആഗോളതലത്തില്‍ ഭീകരവാദം നടത്തുന്നുവെന്ന ഇസ്‌ലാമോ ഫോബിക് കാഴ്ച്ചപ്പാട് സി.പി.എം നേതാക്കളില്‍ നിന്ന് വരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇങ്ങനെയൊരു ആശയ പശ്ചാത്തലം ഇവിടെ രൂപപ്പെട്ടതിന്റെ നേര്‍സാക്ഷ്യമാണ് ഇന്ത്യന്‍ തടവറകള്‍.

നാളെ ഹിന്ദു-ക്രിസ്ത്യന്‍ സിവിലൈസേഷന്‍ എന്ന സാഹചര്യത്തിലേക്ക് ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ മുന്നോട്ട് വന്നാലും അത്ഭുതപ്പെടാനാകില്ല. അതിന്റെ ചെറിയ സൂചനകള്‍ മാത്രമാണ് ക്രിസ്തീയ സഭകളുടെ 'ലൗ ജിഹാദ്' വിഷയത്തിലെ നിലപാടുകള്‍.

ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്‌ലിം വിരുദ്ധ ആശയശാസ്ത്ര പ്രകമ്പനം അന്താരാഷ്ട്ര തലത്തില്‍ വ്യാപിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം യാഥാര്‍ഥ്യങ്ങളെ മനസിലാക്കുവാനോ തിരിച്ചറിയാനോ സാധിക്കുന്നുവെങ്കില്‍ വംശ ശുദ്ധി രാഷ്ട്രീയത്തെ നമുക്ക് നമ്മുടെ ഉള്ളില്‍ നിന്ന് പുറത്തുകടത്താനാകും. അതിലേക്ക് വെളിച്ചം വീശാനുതകുന്ന അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2011 ജുലായില്‍ നോര്‍വേയില്‍ നടന്ന ഒരു കൂട്ടക്കൊലയെ കുറിച്ചാണ് ആദ്യം പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ ശേഷം ഉണ്ടായതില്‍ വച്ച് ഏറ്റവും പ്രഹരശേഷിയുള്ള ഭീകരാക്രമണമായിരുന്നു ജുലായ് 22 ന് നടന്ന ഓസ്‌ലോ-ഉട്ടോയ കൂട്ടക്കൊല. നോര്‍വേയില്‍ മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ താമസിച്ചുവരുന്ന നഗരമാണ് ഓസ്‌ലോ, അന്നേദിവസം ഉച്ച മൂന്ന് മണിയോടെയാണ് നഗരത്തില്‍ കാര്‍ ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഉട്ടോയ ദ്വീപില്‍ നടന്നുകൊണ്ടിരുന്ന നോര്‍വീജിയന്‍ ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പില്‍ പ്രവേശിച്ച് 77 പേരെ വെടിവച്ചു കൊന്നു. ഈ ഭീകര പ്രവര്‍ത്തനം നടത്തിയത് ആന്‍ഡേഴ്‌സ് ബെറിങ് ബ്രവിക് എന്ന നോര്‍വീജിയന്‍ പൗരനായിരുന്നു. നിയോ നാസി- ആന്റി ഇസ്‌ലാമിക് വെബ്‌സൈറ്റ് നടത്തിപോന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ലേബര്‍ പാര്‍ട്ടി യൂത്ത് ക്യാമ്പ് ഭീകരാക്രമണത്തിന് തിരഞ്ഞെടുത്തത് സംഘടനയിലെ മുസ്‌ലിം പ്രാതിനിധ്യം തന്നെയായിരുന്നു.

ഈ ആക്രമണത്തിന് പിന്നാലെ ബ്രവിക് തയാറാക്കിയ മാനിഫെസ്റ്റോ പുറത്തുവന്നിരുന്നു. 2083: എ യൂറോപ്യന്‍ ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്നായിരുന്നു 1515 പേജുള്ള മാനിഫെസ്റ്റോയുടെ പേര്. ഈ മാനിഫെസ്റ്റോ തയാറാക്കാനും ഈ ഭീകരാക്രമണത്തിന് പ്രചോദനമായതും ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മൊഹാലി കാമ്പസിലെ വിസിറ്റിങ് പ്രഫസര്‍ മീര നന്ദ ഇ.പി.ഡബ്‌ളിയു മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ബ്രവികിന്റെ മാനിഫെസ്റ്റോയില്‍ ഇന്ത്യ വളരെ പ്രാധന്യമര്‍ഹിക്കുന്നതായി വിവിധയിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇസ്‌ലാമിനെതിരായ പ്രതിരോധത്തില്‍ സനാതന ധര്‍മ പ്രസ്ഥാനങ്ങളെയാണ് അദ്ദേഹം സഖ്യകക്ഷിയായി അംഗീകരിച്ചത്. ഇസ്‌ലാമും സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളുമാണ് പ്രശ്‌നക്കാരെന്ന് ബ്രവിക് പറയുന്നു. ഈ സംഭവം നടന്ന സമയത്തും ഇവിടുള്ള ബുദ്ധിജീവികള്‍ പറഞ്ഞുകൊണ്ടിരുന്നത് എം.എസ് ഗോള്‍വാള്‍ക്കറുടെ വംശശുദ്ധി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു. എന്നാല്‍, അവിടെ നിന്നും മാറി ഫാസിസം സാംസ്‌കാരിക വംശീയതയിലേക്ക് എത്തിപ്പെട്ടിട്ടുണ്ടൈന്ന കാര്യം കാണാതെ പോവുകയായിരുന്നു. ജൂഡോ-ക്രിസ്ത്യന്‍ സിവിലൈസേഷന്‍ അങ്ങിനെ ഉയര്‍ന്നുവന്ന ഒന്നായിരുന്നു. അതിന്റെ കുന്തമുനയാകട്ടെ ഇസ്‌ലാമിന് നേര്‍ക്കാണ്. ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തെ അത് സഹായിച്ചത് പൗരത്വ പ്രക്ഷോഭ കാലത്തായിരുന്നു. ഇന്ത്യയിലെ പൗരത്വ നിയമത്തിനെതിരേ ബ്രിട്ടിഷ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയപ്പോള്‍, അതിനെ മറികടക്കാന്‍ ജൂഡോ-ക്രിസ്ത്യന്‍ സിവിലൈസേഷന്‍ മുന്നോട്ട് വയ്ക്കുന്ന യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഡല്‍ഹിയിലെത്തി ഹിന്ദുത്വ ഫാസിസത്തെ ആഗോളതലത്തില്‍ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതും നാം കണ്ടതാണ്. ഇതേ ഐക്യമാണ് ബ്രവികിന്റെ കാഴ്ച്ചപ്പാടുകളിലും കാണാനാവുക. അതായത് നാളെ ഹിന്ദു-ക്രിസ്ത്യന്‍ സിവിലൈസേഷന്‍ എന്ന സാഹചര്യത്തിലേക്ക് ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ മുന്നോട്ട് വന്നാലും അത്ഭുതപ്പെടാനാകില്ല. അതിന്റെ ചെറിയ സൂചനകള്‍ മാത്രമാണ് ക്രിസ്തീയ സഭകളുടെ 'ലൗ ജിഹാദ്' വിഷയത്തിലെ നിലപാടുകള്‍.


ലൗ ജിഹാദ് എന്ന നുണക്കഥ

2009-2010 കാലത്താണ് മലയാള മനോരമ, കേരള കൗമുദി, മംഗളം പത്രങ്ങളിലൂടെ 'ലൗ ജിഹാദ്' എന്ന വാക്ക് മലയാളികള്‍ കേള്‍ക്കുന്നത്. കേരളത്തില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ റോമിയോകളായി ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ വലവീശി പിടിച്ച് ചതിയില്‍ പെടുത്തി മതം മാറ്റി വനിതാ ജിഹാദികളാക്കുന്ന പ്രവര്‍ത്തനമാണ് 'ലൗ ജിഹാദ്' എന്നായിരുന്നു സംഘ്പരിവാറിന്റേയും അവരെ താങ്ങിനിര്‍ത്തുന്ന മാധ്യമങ്ങളുടേയും ഭാഷ്യം. അന്ന് ഈ വിഷയം ഉയര്‍ന്ന സമയത്ത് മനോരമയും കേരള കൗമുദിയും ആഞ്ഞിരുന്ന് ലൗ ജിഹാദിനെതിരെ എഴുതി, വെള്ളാപ്പിള്ളി അത് ഏറ്റെടുത്തു, അതിനുള്ള ബന്ധം അദ്ദേഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞത് ഈ പ്രൊപ്പഗണ്ഡയുടെ ഉപജ്ഞാതാക്കളില്‍ നിന്നായിരുന്നു. അതേ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ സഹായത്തോടെയാണ് പിന്നീട് ബി.ഡി.ജെ.എസ് രൂപീകരിക്കുന്നതും ബി.ജെ.പി മുന്നണിയില്‍ എത്തുന്നതും. ആ കാലത്ത് തന്നെ കെ.സി.ബി.സിയും ഇടയലേഖനങ്ങളിറക്കിയിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് അക്കാലത്ത് യുവാക്കളില്‍ ഉണ്ടാക്കിയ ഭയം ചെറുതായിരുന്നില്ല. പന്ത്രണ്ട് വര്‍ഷത്തിനിപ്പുറവും അത്തരം നുണപ്രചാരണം സാമൂഹിക ബന്ധങ്ങളില്‍ പ്രഹരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

മനോരമയിലെയും കൗമുദിയിലെയും മംഗളത്തിലെയും ലേഖകന്മാര്‍ അതിസാഹസികമായി അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങള്‍ എന്ന പേരില്‍ ദിനവും പത്രത്താളുകളിലെ അകവും പുറവും ലൗ ജിഹാദാല്‍ ഇളകി മറിഞ്ഞിരുന്നു അന്ന്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കര്‍ണ്ണാടകത്തിലേക്കും കടത്തിയതും അവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയതുമായ പെണ്‍കുട്ടികളുടെ ദയനീയ അനുഭവ വിവരണവും സാഹസികമായ രക്ഷപ്പെടലും സമൂഹത്തില്‍ മുസ്‌ലിം പേടി അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിച്ചു. മനോരമ അടിച്ചിറക്കിയ 'അന്വേഷണ പത്രപ്രവര്‍ത്തന'ത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതായിരുന്നു, 'ഒരു മുസ്‌ലിം സംഘടനയുടെ' പുതിയ പദ്ധതിയാണു ഈ വശീകരണം, കോളജ് കുമാരിമാരാണു ലക്ഷ്യം, അവരിലേക്കുള്ള മാര്‍ഗം ചെറുപ്പക്കാരും, പെണ്‍കുട്ടികളെ തേടി പിടിക്കാന്‍ ഇഷ്ടം പോലെ പണം-വാഹനം-മൊബൈല്‍ ഫോണ്‍, മറ്റു സൗകര്യങ്ങള്‍ എന്നൊക്കെയായിരുന്നു പ്രചരണം. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒരു സ്‌കോര്‍പ്പിയോയും എട്ട് ബൈക്കുകളുമാണു റോമിയോ ജിഹാദികള്‍ക്ക് ഉള്ളത്, ആവശ്യമായ പണം കൃത്യമായും അക്കൗണ്ടില്‍ എത്തുന്നു, സൂചനകള്‍ ലഭിച്ചെങ്കിലും പൊലിസ് അനങ്ങുന്നില്ല തുടങ്ങിയ കെട്ടുകഥകള്‍ നിര്‍ലജ്ജം അവര്‍ കേരളീയ മനസുകളിലേക്ക് കുത്തിയിറക്കി, പിന്നാലെ അത് രാജ്യമൊട്ടുക്കും വ്യാപിപ്പിച്ചു. ഇതിന്റെയൊക്കെ പ്രതികരണമാണ് 'കേരള കെട്ടുകഥ'യുടെ സംവിധായകന്‍ പറയുന്ന കേരളത്തിലെ ശരീഅത്ത് ഗ്രാമങ്ങള്‍ എന്ന നട്ടാല്‍ മുളക്കാത്ത നുണകള്‍.


കേരളത്തില്‍ മാത്രം 500 കുട്ടികള്‍ ഇരകളായിട്ടുണ്ടെന്നും 120 കുട്ടികള്‍ തിരിച്ചെത്തിയെന്നും പൊലിസ് ഉന്നതര്‍ വ്യക്തമാക്കിയെന്ന റിപ്പോര്‍ട്ടും മനോരമ നല്‍കിയിരുന്നു. തീവ്രവാദത്തിന്റെ നീരാളി കൈകള്‍ പ്രണയത്തിന്റെ രൂപത്തില്‍ തേടിയെത്തുമ്പോള്‍ കാമ്പസിന്റെ മതില്‍കെട്ടിനുള്ളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല! എന്ന പ്രകമ്പനം കൊള്ളിക്കുന്ന ചോദ്യവുമായാണ് മനോരമ ലേഖന പരമ്പര അവസാനിപ്പിച്ചത്. ഈ 'അന്വേഷണാത്മക' പത്രപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന മാധ്യമങ്ങളുടെ കള്ളക്കളി പൊളിഞ്ഞത് അധികമാരും ശ്രദ്ധിക്കാതെ പോയതല്ല. എന്തൊക്കെ പുരോഗമനം പറഞ്ഞാലും, മലയാളികളുടെ ഈ 'അശ്രദ്ധയെ' ഇസ്‌ലാമോഫോബിയ എന്നേ മനസിലാക്കാന്‍ സാധിക്കൂ. ഗോവ ആസ്ഥാനമായി പ്രവ്രര്‍ത്തിക്കുന്ന, സനാതന്‍ സന്‍സ്തയുടെ കീഴിലാണ് ഹിന്ദു ജനജാഗൃതി സമിതി. 'മാര്‍ഗിര്‍ഷ് കൃഷ്ണ' എന്ന സംഘ് പരിവാറുകാരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 'ഹിന്ദു ജനജാഗൃതി' എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്തകള്‍ ഒക്കെയും പുറത്ത് വിട്ടിരുന്നത്. അതില്‍ വന്ന സംഘി കഥകള്‍ കോപ്പി അടിച്ചാണ് മനോരമയും മംഗളവും കൗമുദിയുമെല്ലാം 'അന്വേഷണ കണ്ടെത്തല്‍' എന്ന പേരില്‍ റിപ്പോര്‍ട്ടുകള്‍ നിരത്തിയിരുന്നത്. ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ നടത്തിയ അന്വേഷണത്തിലാണ് മനോരമാദികളുടെ സംഘ് കഥകള്‍ തട്ടിപ്പായിരുന്നു എന്ന് അറിയുന്നത്. തിരുവനന്തപുരം അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ ആയിരുന്ന കെ.എസ് ഗോപകുമാറിനെ കൂട്ട് പിടിച്ച് സംഘ്പരിവാര്‍ നടത്തിയ നാടകമായിരുന്നു 'ലൗ ജിഹാദ്' എന്ന കെട്ടുകഥ.

യൂറോപില്‍ നടക്കുന്ന ജൂഡോ-ക്രിസ്ത്യന്‍ സിവിലൈസേഷനിലൂടെ നടപ്പാക്കുന്ന സാംസ്‌കാരിക വംശീയതയുടെ ഇന്ത്യന്‍ പതിപ്പിനെ തള്ളിക്കളയാന്‍ സാധിക്കില്ല. ക്രിസ്തീയ സഭകളുടെ ആര്‍.എസ്.എസ് വിധേയത്വം കേവലം സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള നയനിലപാടുകളായി മാത്രം കണ്ട് തള്ളിക്കളയുന്നത് ജനാധിപത്യ സമൂഹത്തെ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കാം.

ഇതേകാലത്താണ് കേരളത്തിലെ ആര്‍.എസ്.എസിന് തീവ്രത പോരെന്ന് പറഞ്ഞ് പ്രതീഷ് വിശ്വനാഥ് അടക്കം ചേര്‍ന്ന് കേരളത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ രൂപീകരിക്കുന്നത്. ഇതേ ഹിന്ദു ഹെല്‍പ് ലൈന്‍ പില്‍ക്കാലത്ത് നടത്തിയ പ്രചാരണമായിരുന്നു 'ലൗ ജിഹാദില്‍' നിന്ന് ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കുന്നുവെന്നത്. സത്യത്തില്‍ പ്രണയ വിവാഹം തടയുന്ന ജോലിയായിരുന്നു സംഘം ചെയ്തുകൊണ്ടിരുന്നത്. ഇത് മുസ്‌ലിംകളെ അപരവല്‍കരണത്തിന് വിധേയമാക്കാന്‍ 'ലൗ ജിഹാദ്' എന്ന പദം ഉപയോഗിച്ചു. കോഴിക്കോട് വച്ച് നടന്ന യോഗത്തിലാണ് ഇത്തരം പദപ്രയോഗം ഉപയോഗിക്കേണ്ടതെന്ന്, ആദ്യഘട്ടത്തില്‍ പ്രതീഷിനൊപ്പം സഞ്ചരിക്കുകയും പിന്നീട് ആ വഴി ഉപേക്ഷിക്കുകയും ചെയ്തവര്‍ പലസമയങ്ങളിലായി തുറന്നുപറഞ്ഞിരുന്നെങ്കിലും ഒരു മാധ്യമങ്ങളും മുഖവിലക്കെടുത്തിരുന്നില്ല. പ്രതിസ്ഥാനത്ത് മുസ്‌ലിം മാറി കേരള ആയപ്പോള്‍ പ്രബുദ്ധ ജനത ഞെട്ടിയെഴുന്നേറ്റിട്ടുണ്ട്, അതൊരര്‍ഥത്തില്‍ നല്ലതാണ്, അന്നത്തെ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയും പൊക്കിപ്പിടിച്ച് സംഘ്പരിവാര്‍ നടക്കുമ്പോള്‍ അതിനേയും പ്രതിരോധിക്കേണ്ട ബാധ്യത മുസ്‌ലിംകളുടെ തലയില്‍ ഇടില്ലല്ലോ.

'ലൗ ജിഹാദ്' മുസ്‌ലിം വശഹത്യക്കുള്ള ടൂള്‍ മാത്രമാണ്

ഇന്ന് ഈ 'ലൗ ജിഹാദ്' നുണക്കഥ സംഘ്പരിവാര്‍ സിനിമാ ഫാക്ടറികളില്‍ നിന്ന് പുറത്തുവരുന്നതിന് കൃത്യം ആറ് മാസം മുമ്പ് തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു സംഘടനകള്‍ 'ലൗ ജിഹാദ്' വിരുദ്ധ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളാണ്. രണ്ട് മാസം കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത 40 ലധികം റാലികള്‍ സംഘടിപ്പിച്ചിരുന്നു. ദി വയര്‍ റിപോര്‍ട്ട് പ്രകാരം ഈ റാലികളിലെല്ലാം ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങള്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം നല്‍കുന്നവയായിരുന്നു. മാര്‍ച്ച് 5 ന് പാല്‍ഘറില്‍ നടന്ന റാലിയില്‍ മുസ്‌ലിംകള്‍ക്കെതിരായ പ്രസംഗങ്ങള്‍ കടുത്ത വിദ്വേഷം വമിപ്പിക്കുന്നതായിരുന്നു. 'ശിവജിയുടെ ഭൂമിയില്‍ മസ്ജിദുകളുടെ ആവശ്യം എന്താണ്? തങ്ങളുടെ ഭൂമി കൈയേറിയപ്പോള്‍ എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ മിണ്ടാതിരുന്നത്? ലൗ ജിഹാദിലൂടെയും ലാന്‍ഡ് ജിഹാദിലൂടെയും അവര്‍ നമ്മളെയും നമ്മുടെ ആരാധനാലയങ്ങളും പിടിച്ചെടുക്കുകയാണ്', എന്നാണ് പാല്‍ഘറിലെ ഹിന്ദു ശക്തി പീഠത്തില്‍ നിന്നുള്ള സ്വാമി ഭരതാനന്ദ മഹാരാജ് റാലിയിലെ പൊതുയോഗത്തില്‍ പറഞ്ഞത്. ഈ ഭയം വിതയ്ക്കല്‍ മഹാരാഷ്ട്രയിലെ ചില മേഖലകളില്‍ മുസ്‌ലിംകളുടെ ഇടയില്‍ അരക്ഷിതാവസ്ഥ വര്‍ധിക്കുന്നതിനും, കൂട്ടമായല്ലെങ്കിലും ആഭ്യന്തര പലായനത്തിന് നിര്‍ബന്ധിതരായിട്ടുണ്ട്.

രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ 'ലൗ ജിഹാദ്' ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ജീവനോടെ കത്തിച്ച സംഭവം എല്ലാവര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍, മുസ്‌ലിം യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മംഗലാപുരത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം ആരും ശ്രദ്ധിച്ചുകാണില്ല. ചിക്മാംഗ്‌ളൂര്‍ മുഡിഗരെയുള്ള ബി.കോം വിദ്യാര്‍ഥി ധന്യശ്രീ ജീവനൊടുക്കിയത് 2018 ജനുവരി എട്ടിന് ആയിരുന്നു. കുടുംബസുഹൃത്തും അയല്‍ക്കാരനുമായ മുസ്‌ലിം യുവാവുമായുള്ള ധന്യശ്രീയുടെ സൗഹൃദമാണ് സ്ഥലത്തെ സംഘ്പരിവാറുകാരെ പ്രകോപിപ്പിച്ചത്. മുസ്‌ലിം യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ബെല്‍ത്തങ്ങാടിയിലെ ബജ്‌രംഗ്ദള്‍ നേതാവായിരുന്ന സന്തോഷ് വാട്‌സാപ് വഴി ധന്യയോട് ആവശ്യപ്പെട്ടു. യുവാവുമായി കുടുംബത്തിലെ എല്ലാവര്‍ക്കും നല്ല അടുപ്പമാണെന്നും തെറ്റായ രീതിയിലുള്ള ബന്ധമല്ല തങ്ങളുടേതെന്നും ധന്യ മറുപടി നല്‍കി. മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെല്ലെന്നും എല്ലാവരും ഇന്ത്യക്കാരാണെന്ന് കരുതണമെന്നും ധന്യ പറഞ്ഞു.

പ്രകോപിതനായ സന്തോഷ് ധന്യയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ധന്യയുടെ ചിത്രവും വിവിധ സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ സന്തോഷ് പങ്കുവച്ചു. ഇതേതുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകളുടെ പ്രാദേശിക നേതാക്കളായ അനില്‍, അവിനാശ് ഗൗഡ, ശിവകുമാര്‍, വിനായക എന്നിവര്‍ വീട്ടിലെത്തി മകള്‍ 'ലൗ ജിഹാദി'ന്റെ പിടിയിലാണെന്നും പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഭീഷണിക്കു വഴങ്ങാതിരുന്ന വിദ്യാര്‍ഥിനിയെ മോശമായി ചിത്രീകരിച്ച് ഹിന്ദുത്വ ഭീകരര്‍ പ്രചാരണം നടത്തിയതില്‍ മനംനൊന്താണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്.


ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്, എങ്കിലും നമ്മള്‍ ജാകരൂകരല്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഈ നിസംഗത നേരത്തേ പറഞ്ഞതുപോലെ യൂറോപില്‍ നടക്കുന്ന ജൂഡോ-ക്രിസ്ത്യന്‍ സിവിലൈസേഷനിലൂടെ നടപ്പാക്കുന്ന സാംസ്‌കാരിക വംശീയതയുടെ ഇന്ത്യന്‍ പതിപ്പിനെ തള്ളിക്കളയാന്‍ സാധിക്കില്ല. ക്രിസ്തീയ സഭകളുടെ ആര്‍.എസ്.എസ് വിധേയത്വം കേവലം സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള നയനിലപാടുകളായി മാത്രം കണ്ട് തള്ളിക്കളയുന്നത് ജനാധിപത്യ സമൂഹത്തെ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കാം. 'ലൗ ജിഹാദ്' വിഷയത്തില്‍ ക്രിസ്തീയ സഭകള്‍ക്ക് സംഘ്പരിവാര്‍ നിലപാട് ഉണ്ടെന്നുള്ളതും പകല്‍പോലെ വ്യക്തമാണ്. ഒസ്‌ലോ-ഉട്ടായ കൂട്ടക്കൊല നടത്തിയ ബ്രവികിന്റെ കാഴ്ച്ചപ്പാട് പ്രകാരം മുസ്‌ലിം ഉന്‍മൂലനത്തിന് ഏഷ്യയിലെ നോണ്‍ മുസ്‌ലിം സംഘടനകളെയും ജൂത സംഘടനകളെയും കൂട്ടുപിടിക്കുകയെന്നത് അഭികാമ്യമെന്ന് പറയുന്നുണ്ട്. ഫാസിസ്റ്റുകള്‍ അവരുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ ഏത് വിധേനയും വഴക്കമുള്ളവരാണെന്ന് 2014 മുതല്‍ മാത്രം നടന്നിട്ടുള്ള വിവാദ പശ്ചാത്തലങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാകുന്നതാണ്. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം കേരള സ്റ്റോറിയെന്ന സംഘി കെട്ടുകഥയെ മലയാളികള്‍ പ്രതിരോധിക്കാന്‍. അങ്ങേയറ്റത്തെ അരക്ഷിതാവസ്ഥയിലൂടെ മുസ്‌ലിംകള്‍ ഈ രാജ്യത്ത് കടന്നുപോകുന്നത്, ഈ മുസ്‌ലിം വംശഹത്യാ സൈറന്‍ നാം തിരിച്ചറിയാതെ ജനാധിപത്യവാദിയാണെന്ന് അഹങ്കരിക്കുന്നതില്‍ വലിയ ശരികേടുണ്ട്.

TAGS :