Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 16 Sep 2023 6:24 PM GMT

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രായോഗികതയും പ്രത്യാഘാതങ്ങളും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാബല്യത്തില്‍ ആയാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരു സംസ്ഥാന സര്‍ക്കാര്‍ താഴെ വീഴുകയോ അല്ലെങ്കില്‍ വീഴ്ത്തുകയോ ചെയ്താല്‍, അടുത്ത തെരഞ്ഞെടുപ്പ് വരേക്കും കേന്ദ്ര ഭരണം/രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്:
X

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തെ ഏറെ ആകാംക്ഷയോടെയാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഉറ്റുനോക്കുന്നത്. 'ഭരണഘടനാ സഭ മുതലുള്ള 75 വര്‍ഷത്തെ പാര്‍ലമെന്റിന്റെ വിലയിരുത്തല്‍' ആയിരിക്കും പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. എന്നാല്‍, പ്രധാനമായും രാഷ്ട്രത്തിന്റെ പേര് മാറ്റവും 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' എന്നീ അജണ്ടകള്‍ തന്നെയാണ് സമ്മേളനത്തില്‍ ഉണ്ടായിരിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി.യുടെയും എക്കാലത്തെയും ആവശ്യങ്ങളില്‍ പ്രധാനമായ ഒന്നാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത്. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, ഒരു വിശ്വാസം' എന്നിങ്ങനെയുള്ള സംഘ്പരിവാര്‍ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടിയായി വേണം ഈയൊരു ആവശ്യത്തെയും വിലയിരുത്താന്‍.

'ഇന്‍ഡ്യ' കക്ഷികളുടെ രണ്ടാമത്തെ സുപ്രധാന യോഗം മുംബൈയില്‍ ചേരുന്നതിനിടയിലായിരുന്നു 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' എന്ന ആവശ്യം പഠിക്കാനുള്ള സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു കൊണ്ട് ഉത്തരവിറക്കിയത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതിയുടെ അധ്യക്ഷന്‍. സമിതിയുടെ ഘടന തന്നെ വിചിത്രമാണ്. ഒരു മുന്‍ രാഷ്ട്രപതിയെ ഇങ്ങനെയൊരു സമിതി അധ്യക്ഷനായി നിയോഗിക്കുന്ന കീഴ്‌വഴക്കം പൊതുവേയുള്ളതല്ല. മാത്രമല്ല, സഭയിലെ പ്രതിപക്ഷ നേതാവിനെപ്പോലും സമിതിയെക്കുറിച്ചോ പദ്ധതിയെക്കുറിച്ചോ അറിയിച്ചില്ല എന്നത് കൗതുകകരമാണ്.

കോവിന്ദിന് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഫിനാന്‍സ് കമീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍.കെ സിങ്, മുന്‍ ലോക്‌സഭാ ജനറല്‍ സെക്രട്ടറി സുഭാഷ് സി. കശ്യപ്, സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സുപ്രധാന കേസുകളില്‍ ഹാജരാവുകയും ചെയ്യുന്ന ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും സമിതി അംഗമായിരുന്നുവെങ്കിലും തുടരുകയില്ലെന്ന് അറിയിച്ച് അദ്ദേഹം അമിത് ഷാക്ക് കത്തെഴുതിയിരുന്നു. ചൗധരി ഒഴികെ മറ്റെല്ലാവരും ബി.ജെ.പി.യുമായും കേന്ദ്ര സര്‍ക്കാരുമായും ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് എന്നത് തന്നെ സമിതിയുടെ ലക്ഷ്യമെന്തെന്ന് സംശയമേതുമില്ലാതെ പറയാന്‍ സാധിക്കും.

ഒരേസമയം കേന്ദ്ര, സംസ്ഥാന നിയമ നിര്‍മാണ സഭകളിലേക്കും മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഭരണസമിതിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണഘടന ഭേദഗതിയുള്‍പ്പെടെ അനേകം നിയമനിര്‍മാണങ്ങളും വേണ്ടി വരും. പാര്‍ലമെന്റില്‍ ബില്ല് പാസായാല്‍ മാത്രം മതിയാവുകയുമില്ല.

'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രായോഗികമല്ലാത്ത, ദുരുപയോഗം ചെയ്യപ്പെടാന്‍ ഏറെ സാധ്യതയുള്ള ഒരു പദ്ധതിയാണ്. ഭരണഘടനാപരമായി ഒരു മാറ്റങ്ങള്‍ ഇതിനായി കൊണ്ടുവരേണ്ടി വരും. ദൂരവ്യാപകമായ മറ്റൊരു പ്രത്യാഘാതമെന്തെന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം ഒരു സംസ്ഥാന സര്‍ക്കാര്‍ താഴെ വീഴുകയോ അല്ലെങ്കില്‍ വീഴ്ത്തുകയോ ചെയ്താല്‍, അടുത്ത തെരഞ്ഞെടുപ്പ് വരേക്കും കേന്ദ്ര ഭരണം/രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. കേന്ദ്ര സര്‍ക്കാരിന് ഏതെങ്കിലും സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ ഇത് അവസരമൊരുക്കും. ഇത് അപ്രായോഗികവും അനാവശ്യവുമായതിനാലാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഭരണഘടനപരമായി ഇന്ന് നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ നിലനിര്‍ത്തുകയാണ് വേണ്ടത്' മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണമിങ്ങനെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി.യുടെയും എക്കാലത്തെയും ആവശ്യങ്ങളില്‍ പ്രധാനമായ ഒന്നാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത്. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ്, ഒരു വിശ്വാസം' എന്നിങ്ങനെയുള്ള സംഘ്പരിവാര്‍ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടിയായി വേണം ഈയൊരു ആവശ്യത്തെയും വിലയിരുത്താന്‍. എന്നാല്‍, പ്രഖ്യാപനം പോലെ പ്രായോഗികമായി അത്ര എളുപ്പമുള്ള കാര്യമല്ലയിത്. ഒരേസമയം കേന്ദ്ര, സംസ്ഥാന നിയമ നിര്‍മാണ സഭകളിലേക്കും മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഭരണസമിതിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണഘടന ഭേദഗതിയുള്‍പ്പെടെ അനേകം നിയമനിര്‍മാണങ്ങളും വേണ്ടി വരും. പാര്‍ലമെന്റില്‍ ബില്ല് പാസായാല്‍ മാത്രം മതിയാവുകയുമില്ല. അതിനു പുറമെ സംസ്ഥാന നിയമസഭകളിലേക്ക് കൂടി ബില്ല് എത്തും. ഭരണഘടനയുടെ 83, 85, 172, 174, 356 ആര്‍ട്ടിക്കിളുകളില്‍ ഭേദഗതി വരുത്തിയാലേ കേന്ദ്രത്തിന് ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയൂ. ഇതിന് പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനു പുറമെ പകുതി സംസ്ഥാന നിയമസഭകളുടെ പിന്തുണ കൂടി വേണം.


2018 ല്‍ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് നിയമ കമീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ശിരോമണി അകാലി ദള്‍, എ.ഐ.എ.ഡി.എം.കെ, സമാജ്വാദി പാര്‍ട്ടി, തെലങ്കാന (ഭാരത്) രാഷ്ട്ര സമിതി എന്നീ കക്ഷികള്‍ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ, തെലുഗുദേശം പാര്‍ട്ടി, സി.പി.ഐ, സി.പി.ഐ(എം), ഫോര്‍വേഡ് ബ്‌ളോക്, ജെ.ഡി(എസ്) എന്നീ കക്ഷികള്‍ നിര്‍ദേശത്തെ ജനാധിപത്യ വിരുദ്ധമെന്നും ഫെഡറലിസത്തിന് എതിരെന്നും ആരോപിച്ച് തള്ളിക്കളഞ്ഞു.

ഇന്ത്യ എന്നത് ഒരു 'union of states' എന്നാണെന്ന ഭരണഘടനാ മൂല്യത്തെ അട്ടിമറിക്കാനുള്ള നീക്കമായി വേണം കേന്ദ്ര സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള ഈ നീക്കത്തെ വിലയിരുത്താന്‍. വരുന്ന മിസോറം, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലേക്കും അടുത്ത വര്‍ഷത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുമുള്ള ബി.ജെ.പിയുടെ ഒരുക്കം കൂടിയാണ് 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്'. പ്രതിപക്ഷ കക്ഷികള്‍ ഈ നീക്കത്തെ എങ്ങനെ നേരിടുമെന്നത് കാത്തിരുന്നു കാണണം. ഏതായാലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ദേശവ്യാപകമായ പ്രതിഷേധങ്ങളിലേക്കും നിയമ പോരാട്ടങ്ങളിലേക്കും പ്രതിപക്ഷ കക്ഷികള്‍ കടന്നേക്കും.

അവലംബം: ന്യൂസ് ഡീക്കോഡ്

തയ്യാറാക്കിയത്: ഡാനിഷ് അഹ്മദ് എ.കെ

TAGS :