Quantcast
MediaOne Logo

ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് ഈരാറ്റുപേട്ട ഇന്ധനമാക്കുന്ന വിധം

മുഖ്യമന്ത്രി പിണറായി വിജയന്റെതടക്കം ഇരാറ്റുപേട്ട സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍നിന്നും ഉണ്ടായ പരാമര്‍ശങ്ങളെയും റിപ്പോര്‍ട്ടുകളെയും സംബന്ധിച്ചുള്ള വിശകലനം.

ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് ഈരാറ്റുപേട്ട ഇന്ധനമാക്കുന്ന വിധം
X

2024 ഫെബ്രുവരി 23-ാം തിയ്യതി ഉച്ചയോടെ ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന അനിഷ്ട സംഭവങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ പ്രസ്താവന ചര്‍ച്ചയായിരിക്കുകയാണ്. നവകരേള സദസ്സിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് നിയമസഭാ ഹാളില്‍ നടന്ന മുസ്‌ലിം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലാണ് പൂഞ്ഞാര്‍/ ഈരാറ്റുപേട്ട സംഭവത്തില്‍ മുസ്‌ലിം വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്.

' എന്ത് തെമ്മാടിത്തമാണ് അവിടെ കാണിച്ചത് . ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. ചെറുപ്പക്കാരുടെ സെറ്റെന്നുപറയുമ്പോള്‍ അതില്‍ എല്ലാരും ഉണ്ടാകുമെന്നാണ് നമ്മള്‍ കരുതുക. എന്നാല്‍, അതില്‍ മുസ്‌ലിം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത് '' - എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയ മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂരിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹുസൈന്‍ മടവൂരിനെപ്പോലെ വലിയ സ്ഥാനങ്ങളിലിരിക്കുന്നവര്‍ തെറ്റായ ധാരണ വച്ചുപുലര്‍ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകം. അത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയെടുക്കാമെന്നും ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കേസില്‍ 27 വിദ്യാര്‍ഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.


മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വിവാദപരാമര്‍ശം രാഷ്ട്രീയ-അധികാര മേഖലകളിലെ ഉന്നതരിലെ ഇസ്‌ലാമോഫോബിയയുടെ ഉദാഹരണമായി കണക്കാക്കാം. ഇരാറ്റുപേട്ട സംഭവവുമായി ബന്ധപ്പെട്ട് വിവിദ കോണുകളില്‍നിന്നും ഉണ്ടായ പരാമര്‍ശങ്ങളെയും റിപ്പോര്‍ട്ടുകളെയും സംബന്ധിച്ച് ബാബുരാജ് ഭഗവതിയും കെ. അഷ്‌റഫും ചേര്‍ന്ന് മീഡിയാവണ്‍ ഷെല്‍ഫില്‍ പ്രസിദ്ധീകരിച്ച ഡോകുമെന്റേഷന്‍-ലേഖനത്തില്‍ നിന്ന്.

പ്രാദേശിക സംഭവങ്ങളുടെ ആഖ്യാനം

മുസ്ലിംകള്‍ ഉള്‍പ്പെട്ട പ്രാദേശിക സംഭവങ്ങളെ വലുതാക്കുകയും അതിനെ ഒരു വ്യാപക പ്രചാരണ ഉപാധിയാക്കുകയും ചെയ്യുകയെന്നത് സമകാലിക ഇസ്ലാമോഫോബിയയുടെ വലിയൊരു പ്രത്യേകതയാണ്. മുസ്ലിംകള്‍ എന്നു കരുതുന്നവരുടെ കയ്യില്‍നിന്നു വരുന്ന അബദ്ധങ്ങള്‍പോലും വലിയൊരു കുറ്റകൃത്യം എന്ന രീതിയില്‍ വ്യാഖ്യാനിച്ചു കൈകാര്യം ചെയ്യുന്ന പ്രവണത ഇസ്ലാമോഫോബിയയുടെ ഭാഗമായി വികസിച്ചിരിക്കുന്നു.

ഫെബ്രുവരി 23-ാം തിയ്യതി ഉച്ചയോടെ ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ ഫെയര്‍വെല്‍ ആഘോഷങ്ങളുടെ ഭാഗമായി പൂഞ്ഞാര്‍ ഫെറോന പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറും ബൈക്കുമടക്കമുള്ള തങ്ങളുടെ വാഹനങ്ങളുമായെത്തി. ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു ഉദ്ദേശ്യം. ആരാധന നടക്കുന്ന സമയമായതിനാല്‍ ശബ്ദശല്യമുണ്ടാക്കുന്ന രീതിയില്‍ ബൈക്ക് സ്റ്റന്‍ഡ് നടത്തിയ വിദ്യാര്‍ഥികളോട് മൈതാനം വിട്ടുപോകാന്‍ പള്ളിയിലെ കൊച്ചച്ചന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ അനുസരിച്ചില്ല. കൊച്ചച്ചന്‍ മൈതാനത്തിന്റെ ഗേറ്റുകളടക്കാന്‍ തുനിഞ്ഞു. പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി ഉടന്‍ മൈതാനം വിട്ട് പുറത്തുപോയി. എന്നാല്‍, വെപ്രാളത്തിനിടയില്‍ ഒരു ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി കൊച്ചച്ചന്‍ വീഴുകയും അദ്ദേഹത്തിന് പരിക്കുപറ്റുകയും ചെയ്തു.

സംഭവം നടന്ന അന്നു വൈകീട്ട് പള്ളിയില്‍നിന്ന് കൂട്ടമണി ഉയര്‍ന്നു. കൊച്ചച്ചന്റെ ജീവന്‍ അപായപ്പെടുത്തുന്ന രീതിയില്‍ യുവാക്കളായ അക്രമികള്‍ വാഹനമോടിച്ചുവെന്നായിരുന്നു അന്ന് വൈകീട്ട് പള്ളിയില്‍നിന്ന് പുറത്തുവിട്ട ആദ്യ വിശദീകരണത്തില്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് പൊലിസും ജനപ്രതിനിധികളും സജീവമായി. പ്രായപൂര്‍ത്തിയാവാത്തവരുള്‍പ്പെടെ 27 കുട്ടികളെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.

മാധ്യമങ്ങള്‍ പല തരത്തിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി പരിക്കുപറ്റിയെന്നാണ് ആദ്യം വന്ന മിക്കവാറും വാര്‍ത്തകളില്‍ കണ്ടിരുന്നത്. എന്നാല്‍, സംഭവം നടന്ന അന്ന് രാത്രി ന്യൂസ് 18 നല്‍കിയ വാര്‍ത്തയില്‍ അക്രമാസക്തരായ യുവാക്കള്‍ രണ്ട് തവണ ബൈക്കുപയോഗിച്ച് ഇടിപ്പിച്ചതായി അവകാശപ്പെട്ടു (പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, ന്യൂസ് 18, ഫെബ്രുവരി 23). ഇടിച്ചത് ബൈക്കാണെന്നുതന്നെയാണ് മനോരമ ന്യൂസ് ഫെബ്രുവരി 24 ലെ വാര്‍ത്തയിലുള്ളത് (പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, ഫെബ്രുവരി 24, മനോരമ ന്യൂസ് ടി വി). എന്നാല്‍, അടുത്ത ദിവസം ഇടിപ്പിച്ച വാഹനം കാറായി മാറി. (വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 27 പേര്‍ അറസ്റ്റില്‍ ഫെബ്രുവരി 25 മനോരമ ഓണ്‍ലൈന്‍). നടന്നത് മനഃപൂര്‍വമായ ആക്രമണമായി ചിത്രീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വാഹനങ്ങളെക്കുറിച്ചുള്ള ഈ ആശയക്കുഴപ്പം.

ഈരാറ്റുപേട്ടയെ ലക്ഷ്യം വച്ചവരില്‍ പ്രധാനി പി.സി ജോര്‍ജ്ജാണ്. ഈരാട്ടുപേട്ട തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു വിഭാഗം രാജ്യദ്രോഹികളായി വളര്‍ന്നുവരികയാണ്. ഈരാട്ടുപേട്ട അപകടകരമായ നിലയിലാണ്. അക്രമം നടത്തിയത് കുട്ടികളാണെങ്കിലും കാരണവന്മാര്‍ അറിയാതെയല്ല അവരത് ചെയ്തത്. അവരുടെ തന്തമാരെക്കൂടി കേസില്‍ പ്രതിയാക്കണം. വലിയ ഭീകരന്മാര്‍ വളരുന്ന നാടായി ഈരാട്ടുപേട്ട മാറിക്കഴിഞ്ഞു. (പൂഞ്ഞാര്‍ ആക്രമണം, വന്‍ വെളിപ്പെടുത്തലുകളുമായി പിസി, ഷേക്കിന ന്യൂസ്, ഫെബ്രുവരി 26, 2024). അവിശുദ്ധമായ മുസ്‌ലിം മൂലധനത്തെക്കുറിച്ചുള്ള സൂചനയും പി.സി ജോര്‍ജ്ജ് നല്‍കി.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ മാറ്റം വന്നു. 'സാമൂഹ്യവിരുദ്ധര്‍', 'അക്രമികള്‍' തുടങ്ങി 'സുഡാപ്പി'കളെന്നു വരെ വിശേഷണങ്ങളുണ്ടായി. 'വധശ്രമ'മെന്ന വാക്കാണ് സംഭവത്തെ കുറിക്കാന്‍ ഉപയോഗിച്ചത്. ചില വാക്കുകള്‍ മാധ്യമങ്ങള്‍ സ്വന്തമായി ഉപയോഗിച്ചപ്പോള്‍ മറ്റു ചിലത് മറ്റുള്ളവരുടെ അഭിപ്രായമെന്ന മട്ടിലായിരുന്നു.

ഫെബ്രുവരി 26ലെ മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ (പുരോഹിതനെ വാഹനമിടിപ്പിച്ച സംഭവം: പ്രതിഷേധം ശക്തം) 'പളളി അസി. വികാരിയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവ'മെന്നാണ് പറഞ്ഞിരിക്കുന്നത്. പത്രത്തിന്റെ അഭിപ്രായമെന്ന മട്ടില്‍തന്നെയാണ് വാര്‍ത്ത ചെയ്തിരിക്കുന്നത്. 'സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ട'മാണെന്ന് പാലാ രൂപത എസ.്എം.വൈ.എം, എ.കെ.സി.സി, പിതൃവേദി എന്നിവര്‍ പൂഞ്ഞാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. കോട്ടയം എം.പി തോമസ് ചാഴിക്കാടനും വിദ്യാര്‍ഥികളെ അക്രമികളെന്ന് വിശേഷിപ്പിച്ചു. (പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, ന്യൂസ് 18, ഫെബ്രുവരി 23).

അധികം താമസിയാതെ കാര്യങ്ങള്‍ വധശ്രമമെന്നിടത്തുനിന്നും മുന്നോട്ടുപോയി. ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നപരിസരത്തുനിന്നായി ചില പ്രതികരണങ്ങള്‍. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമീഷന്‍ ഫെബ്രുവരി 24ന് നല്‍കിയ പ്രസ്താവനയില്‍ സംഭവത്തെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിനും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമായും വിശേഷിപ്പിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മതസ്പര്‍ധ ലക്ഷ്യംവച്ചുള്ള ആസൂത്രിതപദ്ധതിയാണെന്നുമാണ് ഈ പ്രസ്താവനയില്‍ പറയുന്നത്.


വാര്‍ത്തകളുടെ തുടക്കം മുതല്‍തന്നെ ഈരാറ്റുപേട്ടയിലെ മുസ്‌ലിം സമൂഹത്തെ നേരിട്ട് കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 'ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെ'ന്നാണ് ബ്രേവ് ഇന്ത്യ നല്‍കിയ വാര്‍ത്ത (പൂഞ്ഞാറില്‍ വൈദികനെതിരേ വധശ്രമം; നടത്തിയത് ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ സാമൂഹ്യവിരുദ്ധര്‍, ബ്രേവ് ഇന്ത്യ, ഫെബ്രുവരി 24, 2024).

ഈരാറ്റുപേട്ടയെ ലക്ഷ്യം വച്ചവരില്‍ പ്രധാനി പി.സി ജോര്‍ജ്ജാണ്. ഈരാട്ടുപേട്ട തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു വിഭാഗം രാജ്യദ്രോഹികളായി വളര്‍ന്നുവരികയാണ്. ഈരാട്ടുപേട്ട അപകടകരമായ നിലയിലാണ്. അക്രമം നടത്തിയത് കുട്ടികളാണെങ്കിലും കാരണവന്മാര്‍ അറിയാതെയല്ല അവരത് ചെയ്തത്. അവരുടെ തന്തമാരെക്കൂടി കേസില്‍ പ്രതിയാക്കണം. വലിയ ഭീകരന്മാര്‍ വളരുന്ന നാടായി ഈരാട്ടുപേട്ട മാറിക്കഴിഞ്ഞു. (പൂഞ്ഞാര്‍ ആക്രമണം, വന്‍ വെളിപ്പെടുത്തലുകളുമായി പിസി, ഷേക്കിന ന്യൂസ്, ഫെബ്രുവരി 26, 2024). അവിശുദ്ധമായ മുസ്‌ലിം മൂലധനത്തെക്കുറിച്ചുള്ള സൂചനയും പി.സി ജോര്‍ജ്ജ് നല്‍കി. പണ്ട് ഈരാട്ടുപേട്ടക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ കള്ളക്കടത്തും പിടിച്ചുപറിയും നടത്തി കാശൊക്കെയായപ്പോള്‍ എന്തുമാവാമെന്നായിരിക്കുകയാണ്. പൂഞ്ഞാര്‍ സംഭവത്തിന്റെ സാമ്പത്തികശാസ്ത്രം വിശകലനം ചെയ്യുന്നത് അങ്ങനെയാണ്.

പൂഞ്ഞാര്‍ വിഷയത്തിന്റെ സാഹചര്യത്തില്‍ ഈരാറ്റുപേട്ട ഇസ്‌ലാമിക രാജ്യമായി മാറിയെന്ന് അത് അപകടമാണെന്നും എക്‌സ് മുസ്‌ലിം ആരിഫ് ഹുസൈന്‍ തെരുവത്തും തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിപ്രായപ്പെട്ടു. (ഈരാറ്റുപേട്ട ഇസ്‌ലാമിക രാജ്യമായി. ഇത് അപകടം, ഫെബ്രുവരി 26). ഒരു പ്രദേശത്ത് മുസ്ലിംകളുടെ എണ്ണം വര്‍ധിച്ചാല്‍ അവിടെ ഇസ്ലാമിക രാജ്യമാക്കാനുള്ള സാധ്യത വര്‍ധിക്കും. അതിന് ഉദാഹരണവും അദ്ദേഹം നല്‍കുന്നു; കശ്മീര്‍, ലബനോന്‍. തല്‍സ്ഥലങ്ങളില്‍കാണുന്ന അതേ പ്രവണത ഈരാറ്റുപേട്ടയിലും ഉണ്ടത്രെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈരാറ്റുപേട്ടയെ അങ്ങനെ വിശേഷിപ്പിക്കുന്നതിനു കാരണം ഇവയാണ്: ഉയര്‍ന്ന കുറ്റകൃത്യങ്ങള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ഇസ്‌ലാമിക തീവ്രവാദത്തിന്റെ വിളനിലം, പൊലീസിനെ കൂസാത്ത ജനങ്ങള്‍.


ഈരാറ്റുപേട്ടയിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ നടത്തിയ ഫെയര്‍വെല്‍ ആഘോഷത്തിനിടെ വൈദികനെ ആക്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത.

പി.സി ജോര്‍ജ്ജ്, സംഭവത്തെ പോപുലര്‍ ഫ്രണ്ടുകാരുമായും ബന്ധപ്പെടുത്തി. പള്ളി പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബൈക്ക് സ്റ്റന്‍ഡ് നടത്തി അറസ്റ്റിലായവരിലൊരാള്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള പോപുലര്‍ ഫ്രണ്ടുകാരന്റെ മകനാണെന്നാണ് അദ്ദേഹം ആരോപിച്ചത്. പൂഞ്ഞാര്‍ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടയില്‍ ചില അക്രമസംഭവങ്ങളും നടന്നിരുന്നു. അതില്‍ ക്രൈസ്തവവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരേ കേസുമെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു മുസ്‌ലിം ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു നടപടി. അദ്ദേഹത്തിനെതിരേയും ജോര്‍ജ് ആക്രമണമഴിച്ചുവിട്ടു. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ സഹോദരനാണ് പരാതിക്കാരനായ പൊലിസുകാരനെന്നായിരുന്നു കണ്ടെത്തല്‍. ജോര്‍ജ്ജിന്റെ അഭിപ്രായത്തില്‍ ഈരാറ്റുപേട്ടയില്‍ ഏറ്റവും വലിയ നിയമലംഘനം നടക്കുന്ന രണ്ടിടമാണുള്ളത്. അവിടെയാണ് എല്ലാ നിയമലംഘനങ്ങളും വ്യത്തികേടുകളും നടക്കുന്നത്. എന്നാല്‍, കാമറ വച്ചിരിക്കുന്നത് നിയമലംഘനം പൊതുവെ കുറഞ്ഞ മറ്റൊരിടത്ത്. പോപ്പുലര്‍ ഫ്രണ്ടുകാരനായ പൊലിസുകാരന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് അതിനു കാരണം. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം പോപുലര്‍ ഫ്രണ്ടുകാരാണെന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം ആരോപിക്കുന്നുണ്ട്.

രാജ്യദ്രോഹം, മുസ്‌ലിം അക്രമം, മതസ്പര്‍ധ, പോപുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം തുടങ്ങിയവ മുന്നിലേക്ക് വന്നതോടെ ചിലര്‍ എന്‍.ഐ.എ അന്വേഷണവും ആവശ്യപ്പെട്ടു. ഫെബ്രുവരി 25ന് പൂഞ്ഞാര്‍ ഇടവക യോഗം ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തില്‍ കേസ് എന്‍.ഐ.എക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. (വൈദികനെ ആക്രമിച്ച കേസ്, എന്‍.ഐ.എ അന്വേഷണം പ്രമേയം പാസ്സാക്കി പൂഞ്ഞാര്‍ ഇടവക, ഗുഡ്‌നെസ് ടി.വി, ഫെബ്രുവരി 25, 2024)



TAGS :