Quantcast
MediaOne Logo

ജെ. രഘു

Published: 23 Aug 2022 7:38 AM GMT

നമ്പൂതിരിയരങ്ങും കമ്മ്യൂണിസ്റ്റ് ചാക്യാര്‍മാരും

നമ്പൂതിരിയുടെ അസാന്നിദ്ധ്യം ഈഴവ-തീയ്യ കയ്യാങ്കളിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ചാക്യാന്മാരെ അവര്‍ വരുതിയിലാക്കി. പാട്ടിനും കൂത്തിനും പകരം അടിപിടിയും വെട്ടും അരങ്ങത്തവതരിപ്പിക്കാന്‍ തുടങ്ങി. 'ഊരിപ്പിടിച്ച വടിവാളുകള്‍ക്ക് നടുവിലൂടെ പൊലീസ് അകമ്പടിയോടെയുള്ള നടത്തം, '51 വെട്ടുകള്‍', തുടങ്ങിയ കലാരൂപങ്ങളെ അവര്‍ ജനകീയമാക്കി.

നമ്പൂതിരിയരങ്ങും കമ്മ്യൂണിസ്റ്റ് ചാക്യാര്‍മാരും
X

കേരളത്തിലെ ബൗദ്ധര്‍ അവതരിപ്പിച്ചിരുന്ന ഒരു രംഗകലാരൂപത്തെ, കൂത്ത്, കൂടിയാട്ടം എന്നീ വിദൂഷക കലാരൂപങ്ങളാക്കി മാറ്റിയത് തോലന്‍ എന്ന നമ്പൂതിരിയാണെന്ന് ഐതിഹ്യം. വിദൂഷകവേഷം കെട്ടുന്ന ചൂദ്ര-നായര്‍മാര്‍ ചാക്യാര്‍ എന്നറിയപ്പെടുന്നു. പണ്ടുകാലങ്ങളില്‍ 'ശാക്യാര് കൂത്ത്' എന്നും 'ശാക്യര്' എന്നും നമ്പൂതിരിമാര്‍ വിളിച്ചുപോന്നു. നമ്പൂതിരിമാര്‍ അവരുടെ നേരമ്പോക്കിനായി കണ്ടുപിടിച്ച ചാക്യാര്‍ കൂത്തും കൂടിയാട്ടവും, പി.കെ. ബാലകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'മണിപ്രവാള നമ്പൂതിരിമാരുടെ വികടഭാവനാകമ്പക്കെട്ടുകളാ'യിരുന്നു. നമ്പൂതിരി അമ്പലങ്ങളിലെ കൂത്തമ്പലങ്ങളില്‍ രാത്രികാലങ്ങളില്‍ അവതരിപ്പിച്ചിരുന്ന ഈ വിദൂഷകകൂത്തിന്റെ കാണികള്‍ നമ്പൂതിരിമാരും നായന്മാരുമായിരുന്നു.

കേരളത്തിലെ നമ്പൂതിരിമാര്‍ക്ക് രണ്ടുതരം നിശാതൊഴിലുകളുണ്ടായിരുന്നു. ഒന്ന്, സംബന്ധം അഥവാ നായര്‍ വീടുകളിലെ നിശാവേളി. 19-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ കേരളം സന്ദര്‍ശിച്ച ബുക്കാനന്‍, ചില നമ്പൂതിരിമാരോട് തൊഴിലെന്താണെന്ന് ചോദിച്ചപ്പോള്‍, 'കോവിലകങ്ങളിലും പ്രഭുകുടുംബങ്ങളിലും കയറി ഉറങ്ങുകയാണെ'ന്നായിരുന്നു മറുപടിയെന്ന് 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള'ത്തില്‍ പി. ഭാസ്‌കരനുണ്ണി പറയുന്നു. ഈ ഉറക്കത്തിന് പോകാത്ത നമ്പൂതിരിമാരായിരിക്കാം കാണികളേറെയും. കൂത്തും കൂടിയാട്ടവും വികാരവിരേചനകലാരൂപ (Cathartic art forms) ങ്ങള്‍ കൂടിയാണ്. അപമാനത്തിനും അവമതിപ്പിനും വിധേയരാകുന്നവര്‍ അവരുടെ വികാരങ്ങളെ ബോധതലത്തിലേക്ക് കൊണ്ടുവരുകയും അവ പരസ്യമായി പ്രകാശിപ്പിക്കുകയും ചെയ്യുന്ന മാനസിക പ്രക്രിയയെന്നാണ് ഫ്രോയ്ഡ് കതാര്‍സിസിനെ നിര്‍വചിച്ചത്.


കേരളത്തില്‍ നമ്പൂതിരിമാരാല്‍ ഓരോ നിമിഷവും ഇത്രയധികം അപമാനിക്കപ്പെട്ടിരുന്നവര്‍ നായന്മാരാല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഈഴവര്‍ക്കു ദലിതര്‍ക്കും നമ്പൂതിരിമാരുമായി നിത്യ ജീവിതസമ്പക്കങ്ങള്‍ക്കുള്ള അവസരമില്ലായിരുന്നതുകൊണ്ടുതന്നെ, നേരിട്ടുള്ള അപമാനം അധികം സഹിക്കേണ്ടി വന്നിട്ടുണ്ടാവില്ല. തങ്ങളുടെ വാലിയക്കാരായ നായന്മാരെ നന്ദിക്കുകയെന്നത് നമ്പൂതിരിമാരുടെ വിനോദമായിരുന്നു. നായന്മാരാകട്ടെ, ഈ അധമത്വത്തെ കേമത്തമായി കാണുകയും തിരുമുഖത്തുനിന്ന് ഒരു പത്ത്, 'ഏഭ്യന്‍' വിളികളെങ്കിലും കേട്ടില്ലെങ്കില്‍ ഉറക്കം വരാത്തവരായി സ്വയം പരിണമിക്കുകയും ചെയ്തിരുന്നു. എങ്കിലും സ്വന്തം പുരകളെ വേശ്യാപ്പുരകളാക്കുന്നതിനും ഏഭ്യന്‍ വിളികളുടെ പൂരപ്പാട്ടിനുമെതിരെ അബോധതലത്തിലെങ്കിലും ഉണ്ടാകാനിടയുള്ള പ്രതിഷേധ-പ്രതികാരവികാരങ്ങളെ നമ്പൂതിരിമാര്‍ ഭയന്നിരുന്നു. അതിനെ നിര്‍വീര്യമാക്കുന്നതിനുവേണ്ടി നമ്പൂതിരിമാര്‍ ഭാവന ചെയ്യുകയും ഏഭ്യന്‍മാരെകൊണ്ട് തന്നെ രംഗാവതരണം നിര്‍വഹിപ്പിക്കുകയും ചെയ്ത കതാര്‍ട്ടിക് കലാരൂപങ്ങളാണ് ചാക്യാര്‍ കൂത്ത്, നങ്ങിയാര്‍കൂത്ത്, കൂടിയാട്ടം എന്നിവ. കൂത്തച്ചിമാരായിരുന്നു നങ്ങിയാര്‍കൂത്തിലെ നങ്ങയാര്‍മാര്‍. ക്രമേണ ചാക്യാര്‍കൂത്തിന്റെ പ്രചാരത്തോടെ നങ്ങിയാര്‍ കൂത്ത് ക്ഷയിക്കുകയും നങ്ങയാര്‍മാര്‍, കൂത്തിലെ പാട്ടുകാരികളായി മാറുകയും ചെയ്തു.

ഇ.എം.എസിന്റെ നമ്പൂതിരിയരങ്ങ്

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 'ബുദ്ധിരാക്ഷനാ'യി സ്വയം അവരോധിച്ച ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, പാര്‍ട്ടിയെ ഒരു നമ്പൂതിരിയങ്ങായി മാറ്റുകയാണുണ്ടായത്. പ്രധാന കലാരൂപം ചാക്യാര്‍കൂത്തുതന്നെ! കമ്മ്യൂണിസ്റ്റായ ശങ്കരന്‍, നമ്പൂതിരിയരങ്ങിനെ കൂടുതല്‍ ജനകീയമാക്കി. നമ്പൂതിരിയരങ്ങിന്റെ 'മൂള' ശങ്കരന്‍ നമ്പൂതിരിപ്പാടും ശരീരം നായര്‍-നമ്പ്യാര്‍ ചാക്യാന്മാരുമായിരുന്നു. പക്ഷെ, നമ്പൂതിരിപ്പാട് നടത്തിയ അരങ്ങ് വിപ്ലവത്തിന്റെ ഫലമായി, കുറെ ഈഴവരെയും ദലിതരെയും നമ്പൂതിരിയരങ്ങിന്റെ പിന്നാമ്പുറങ്ങളില്‍ ചൂട്ടുപിടുത്തക്കാരായും അംഗരക്ഷകരായും നിയമിച്ചു. നമ്പൂതിരിമാരുടെയും ചാക്യാന്മാരുടെയും വയറ്റുപിഴപ്പിനും കൂത്ത് നടത്തിപ്പിനും വേണ്ട പണസമാഹരണം (പാര്‍ട്ടി ഫണ്ട്) അരങ്ങിനുകല്ലെറിയുന്ന 'ജാതിവിരുദ്ധകുട്ടിച്ചാത്തന്മാ'രെ തല്ലി ഓടിക്കുക, വേണ്ടിവന്നാല്‍ കൊല്ലുക, തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഗുണ്ടാപ്പണിയും ഇവര്‍ക്ക് നല്‍കി. നമ്പൂതിരിപ്പാടിന്റെ അരങ്ങ് വിപ്ലവം ഇതുകൊണ്ടവസാനിച്ചില്ല. പ്രഹ്ലാദചരിതം, ഭാസനാടകങ്ങള്‍, മത്തവിലാസം, ആശ്ചര്യചൂഢാമണി, രാമായണ-ഭാരതങ്ങള്‍, പുരാണങ്ങള്‍, കാളിദാസ കൃതികള്‍ തുടങ്ങിയ പരമ്പരാഗത സ്‌ക്രിപ്റ്റു

കളുടെ സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം, എന്ത് ചെയ്യണം?, ഭരണകൂടവും വിപ്ലവവും തുടങ്ങിയ ക്ലാസിക് മാര്‍ക്സിസ്റ്റ് തിരക്കഥകള്‍ സ്ഥാപിച്ചു.

ദേവാസുരയുദ്ധത്തിന് പകരം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍, ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങിയവ നമ്പൂതിരിയരങ്ങില്‍ ചാക്യാന്‍മാര്‍ തുള്ളിയാടി. രാമന്‍, കൃഷ്ണന്‍, ഭക്തപ്രഹ്ലാദന്‍ തുടങ്ങിയ നായകരെ പിന്‍വലിച്ച്, മാര്‍ക്സ്, ലെനിന്‍, ചെഗുവേര, ഫിഡല്‍കാസ്ട്രോ തുടങ്ങിയവരെ വീരനായകവേഷം കെട്ടിച്ചു. രാവണന്‍, ഹിരണ്യകശിപു തുടങ്ങിയ വില്ലന്മാര്‍ക്ക് പകരം നമ്പൂതിരിപ്പാട് സാമ്രാജ്യത്വം, മൂലധനശക്തി, നാടുവാഴി ജന്മിത്തം, ബൂര്‍ഷ്വാ-ഭൂപ്രഭുത്വം എന്നിങ്ങനെ ഘോരദുഷ്ടശക്തികളെ കുടിയിരുത്തി. പരമ്പരാഗത കൂത്തുപാട്ടുകളിലേക്ക് തൊഴിലാളി-കര്‍ഷകാദി ബഹുജനസമരത്തിന്റെ വീരഗാഥകള്‍, കയ്യൂരിന്റെയും കരിവള്ളൂരിന്റെയും ചോരയിറ്റും പാട്ടുകള്‍, എന്നിവ പ്രവേശിച്ചു. നമ്പൂതിരിപ്പാടിന്റെ കൂത്തരങ്ങിലേക്ക് വഴിതടയല്‍, ധര്‍ണ, പിക്കറ്റിംഗ്, ഘെരാവോ, ഹര്‍ത്താര്‍, ബന്ദ്, ചെയ്യാത്ത പണിയുടെ മുടക്ക്, നോക്കുകൂലി എന്നിവയും കടന്നുവന്നു. ഈ കമ്മ്യൂണിസ്റ്റ് കലാപരപാടികള്‍ നമ്പൂതിരിയരങ്ങ് കയ്യടക്കിയതോടെ, വാചിക-ആഹാര്യ-സ്വാതിക വിഭാഗങ്ങളെക്കാല്‍ പ്രാധാന്യം ആംഗിക വിദഗ്ധര്‍ക്ക് ലഭിച്ചു. നമ്പൂതിരിപ്പാട് പുതുതായി റിക്രൂട്ട് ചെയ്ത ഈഴവ-ദലിത് വിഭാഗങ്ങളെയാണ് ആംഗികപ്പണി ഏല്‍പ്പിച്ചത്. മിഴാവ് കൊട്ടിയിരുന്നത് അമ്പലങ്ങളിലെ അടിച്ചുതളി ജാതിക്കാരായ നമ്പ്യാന്മാരും കൂത്താടിയിരുന്നത് നായര്‍ ചാക്യാന്മാരും തന്നെയായിരുന്നു. നായന്മാരില്‍ വിദുഷക-ദാസ്യബോധം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി, പുരാണശൈലിയില്‍ അവതരിച്ചുവന്ന ചാക്യാര്‍കൂത്തിനെ, നമ്പൂതിരിപ്പാട് ആധുനിക-മാര്‍ക്സിസ്റ്റ് ശൈലിയിലേക്ക് മാറ്റി എന്നതാണ് നമ്പൂതിരിയരങ്ങിന്റെ പ്രത്യേകത. കമ്യൂണിസത്തിന് കീഴിലും നമ്പൂതിരിസത്തിന് പരുക്ക് പറ്റാതിരിക്കുക തന്നെയായിരുന്നു ലക്ഷ്യം. അക്കാര്യത്തില്‍ നമ്പൂതിരിപ്പാട് വിജയിക്കുകയും ചെയ്തു.

1998-ല്‍ നമ്പൂരിതിപ്പാട് തീപ്പെട്ടതോടെ നമ്പൂതിരിയരങ്ങിന്റെ ഘടനയ്ക്ക് വലിയമാറ്റങ്ങളുണ്ടായി. അതുവരെ നമ്പൂതിരിയരങ്ങിലെ ചൂട്ടുപിടിത്തക്കാരും അംഗരക്ഷകരും ആംഗികരുമായിരുന്നവര്‍ കൂടുതല്‍ സ്വതന്ത്രരായി. നമ്പൂതിരിയരങ്ങ് എന്ന കേരള കമ്യൂണിസത്തില്‍നിന്ന് കൂത്ത് പയ്യെപ്പയ്യെ പടിയിറങ്ങുകയും കയ്യാങ്കളി പ്രമുഖമാവുകയും ചെയ്തു. നമ്പൂതിരിയുടെ അസാന്നിദ്ധ്യം ഈഴവ-തീയ്യ കയ്യാങ്കളിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ചാക്യാന്മാരെ അവര്‍ വരുതിയിലാക്കി. പാട്ടിനും കൂത്തിനും പകരം അടിപിടിയും വെട്ടും അരങ്ങത്തവതരിപ്പിക്കാന്‍ തുടങ്ങി. 'ഊരിപ്പിടിച്ച വടിവാളുകള്‍ക്ക് നടുവിലൂടെ പൊലീസ് അകമ്പടിയോടെയുള്ള നടത്തം, '51 വെട്ടുകള്‍', തുടങ്ങിയ കലാരൂപങ്ങളെ അവര്‍ ജനകീയമാക്കി.

നായന്മാരില്‍ വിദുഷക-ദാസ്യബോധം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി, പുരാണശൈലിയില്‍ അവതരിച്ചുവന്ന ചാക്യാര്‍കൂത്തിനെ, നമ്പൂതിരിപ്പാട് ആധുനിക-മാര്‍ക്സിസ്റ്റ് ശൈലിയിലേക്ക് മാറ്റി എന്നതാണ് നമ്പൂതിരിയരങ്ങിന്റെ പ്രത്യേകത. കമ്യൂണിസത്തിന് കീഴിലും നമ്പൂതിരിസത്തിന് പരുക്ക് പറ്റാതിരിക്കുക തന്നെയായിരുന്നു ലക്ഷ്യം. അക്കാര്യത്തില്‍ നമ്പൂതിരിപ്പാട് വിജയിക്കുകയും ചെയ്തു.

നമ്പൂതിരിപ്പാട് ജനകീയമാക്കിയ തൊഴിലാളി-കര്‍ഷകാദി ബഹുജനസമരങ്ങളുടെ-നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ-പടപ്പാടുകള്‍ നിലക്കുകയും ഒരു കീടഫാസിസ്റ്റിനെ സ്തുതിക്കുന്ന തുക്കടാപ്പാട്ടുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഒ.വി വിജയന്റെ ധര്‍മപുരാണത്തിലെ പ്രജാപതിയെ ഓര്‍മിപ്പിക്കുംവിധം കേരളത്തിലെ പ്രജാപതിയായി അവരോധിക്കപ്പെട്ട ഈ കീടഫാസിസ്റ്റിന്റെ ചിത്രവും സ്തുതിഗീതികളും നിറഞ്ഞ ഫ്ളെക്സ് ബോര്‍ഡുകള്‍ പൊതുവിടങ്ങള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നു. കേരള പ്രജാപതിയുടെ തൂറ്റല്‍ ശ്ലോകരചനാമത്സരത്തിലെ വിജയികള്‍ക്ക് പ്രജാപതി നേരിട്ട് കീര്‍ത്തിപത്രം സമ്മാനിക്കും.


നമ്പൂതിരിയരങ്ങില്‍ നിന്ന് പുറത്തായ ചാക്യാന്മാരുടെ ജോലി ഇപ്പോള്‍ നിര്‍വ്വഹിക്കുന്ന ഒരു ആളില്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍, ചാക്യാര്‍കൂത്തിന് സംഭവിച്ച ക്ഷീണത്തെക്കുറിച്ചുള്ള വിലാപവേദികളായിമാറിയിക്കുകയാണ്. നമ്പൂതിരിദാസ്യവും വിദൂഷകത്വവും ജനിതകമുദ്രയായ ചാക്യാന്മാര്‍ക്ക് ഇങ്ങനെ സ്വന്തം പാര്‍ട്ടിവേദികളില്‍ 'ഒളി വിലാപം' നടത്താനുള്ള ധൈര്യമേ ഉള്ളൂ. ഒരു മന്ത്രിസഭായോഗത്തില്‍ മുഖ്യഗുമസ്തന്റെ സാന്നിദ്ധ്യത്തില്‍ പ്രജാപതി പരസ്യമായി ശാസിച്ചിട്ടും തിരിച്ചുരിയാടാന്‍ നാവുപൊങ്ങാത്ത മന്ത്രിമാരുടെ ഈ ആളില്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഇപ്പോള്‍ ശക്തമായ വിമര്‍ശനത്തിന് പകരം, 'വിനീത വിലാപ'കല വികസിപ്പിക്കുന്നു. കലാപകാരികളാകേണ്ടവര്‍ 'വിലാപകാരി'കളാകുന്ന അവസ്ഥയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.

TAGS :