Quantcast
MediaOne Logo

ഹാരിസ് നെന്മാറ

Published: 9 Aug 2022 7:04 AM GMT

വംശീയതയുടെ ഗ്യാലറിക്കാഴ്ചകള്‍

ഗ്യാലറികളില്‍ നിന്ന് ഗ്യാലറികളിലേക്ക് ഒരു മഹാമാരിയെന്നോണം വംശീയത പടര്‍ന്നു പിടിച്ചു. അതിന്റെ തീച്ചൂടില്‍ മൈതാനങ്ങള്‍ എരിഞ്ഞു കത്തുകയായിരുന്നു. ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം നടുക്കിക്കളഞ്ഞ ചില വംശീയക്കാഴ്ചകളിലേക്ക്. ലോകമെത്ര വളര്‍ന്നിട്ടും വംശമഹിമയിലും നിറത്തിലും ഊറ്റം കൊളളുന്ന, വെള്ളക്കാരന്റെ, വംശീയഹുങ്ക് നിറഞ്ഞു തുളുമ്പുന്ന ഗാലറിക്കാഴ്ചകള്‍.

വംശീയതയുടെ ഗ്യാലറിക്കാഴ്ചകള്‍
X
Listen to this Article

ഞാന്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, 23 വയസ്സ്. വിതിങ്ടണില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരന്‍. എന്റെ ടീമിന് വേണ്ടി എന്നോട് ആവശ്യപ്പെട്ടത് ഒരു പെനാല്‍റ്റി മാത്രമാണ്. ഒരു പക്ഷേ ഉറക്കത്തില്‍ പോലും എനിക്കത് ചെയ്യാനാവുമായിരുന്നു... പക്ഷെ, അന്ന് എനിക്കെന്താണ് സംഭവിച്ചത് എന്നറിയില്ല. 55 വര്‍ഷത്തെ കാത്തിരിപ്പാണ്.. ഒരു പെനാല്‍റ്റി.. എല്ലാവരോടും മാപ്പ്.. എന്നാല്‍, ഞാന്‍ ആരാണ്, എവിടെ നിന്ന് വരുന്നു എന്നതിന്റെ പേരില്‍ എനിക്കൊരു ഖേദവുമില്ല.. ഒരാളോടും ഞാന്‍ മാപ്പ് പറയാനും പോവുന്നില്ല'


2021 ജൂലൈ 12. ഇംഗ്ലീഷ് ഫുട്ബോള്‍ ആരാധകരുടെ ഹൃദയങ്ങളില്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ജി ഡൊണ്ണറുമ്മ കനല്‍ കോരിയിട്ടത് അന്നാണ്. വെംബ്ലിയില്‍ തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ആരാധകരെ നിശബ്ദതയിലേക്ക് തള്ളിയിട്ട് ഷൂട്ടൌട്ടില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡും ജേഡണ്‍ സാഞ്ചോയും ബുക്കായോ സാക്കയും പെനാല്‍റ്റികള്‍ പാഴാക്കി. തങ്ങളുടെ അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പ് നീളുകയാണെന്ന ബോധ്യത്തിലേക്ക് ഇംഗ്ലീഷ് ആരാധകര്‍ നിരാശയോടെ നടന്നടുക്കുകയായിരുന്നു. തങ്ങളുടെ തട്ടകത്തില്‍ വച്ച് അസൂറികള്‍ 2020 യൂറോ കപ്പില്‍ (യൂറോകപ്പ് 2020: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു) മുത്തമിടുന്നത് നോക്കി നില്‍ക്കാനായിരുന്നു അവരുടെ വിധി.


എന്നാല്‍, കാര്യങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. മത്സരത്തിന് ശേഷം റാഷ്ഫോര്‍ഡും സാക്കയും സാഞ്ചോയും ഇംഗ്ലീഷ് ആരാധകരുടെ ക്രൂരമായ വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായി. ആ മൂന്നു പേരെ ടീമില്‍ നിന്ന് പുറത്താക്കണം എന്ന മുറവിളികള്‍ സോഷ്യല്‍ മീഡിയയില്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേട്ടു. പെനാല്‍റ്റി നഷ്ടമാക്കിയപ്പോഴെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് തനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു എന്നും ഒരു വംശീയാധിക്ഷേപത്തിനും തന്നെ തകര്‍ക്കാനാവില്ല എന്നും ബുക്കായോ സാക്ക പ്രതികരിച്ചു. ഞാനാരാണ് എന്നതിന്റെ പേരില്‍ ഞാനൊരാളോടും മാപ്പ് പറയാന്‍ പോവുന്നില്ലെന്നാണ് മാര്‍ക്കസ് റാഷ്ഫോര്‍ഡ് പ്രതികരിച്ചത്. താരങ്ങള്‍ക്ക് പിന്തുണയുമായി ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ പരസ്യമായി രംഗത്തു വന്നു. പെനാല്‍റ്റി പാഴാക്കുന്നതിന് മുമ്പ് തന്നെ ഫുട്ബോള്‍ ഭ്രമം നിറഞ്ഞ നാടിന്റെ ഹൃദയം കീഴടക്കിയവരാണ് ആ മൂന്ന് പേര്‍ എന്നും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നുമായിരുന്നു ഫുട്ബോള്‍ അസോസിയേഷന്റെ വാക്കുകള്‍.

യൂറോപ്യന്‍ ഫുട്ബോളില്‍ എന്തുകൊണ്ടാകും ഇത്രയേറെ വംശീയ മുറവിളികള്‍ ഉയരുന്നത്?

ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്നൊരു കുഴിബോംബ് പോലെ ആ ഗ്യാലറികളില്‍, അവരുടെ ആരവങ്ങളില്‍ വംശീയത എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരുന്നു. തീവ്രവലതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം വര്‍ധിച്ചുവരുന്ന കാലത്ത് അത് കൂടുതല്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു എന്നുമാത്രം. കറുത്ത വര്‍ഗക്കാര്‍ പന്ത് തട്ടുമ്പോള്‍, ഗോളുകള്‍ നേടി മുന്നേറുമ്പോള്‍ ഗ്യാലറികളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന കുരങ്ങു വിളികള്‍. ഗ്യാലറികള്‍ മൈതാനങ്ങളിലേക്ക് വലിച്ചെറിയുന്ന കുപ്പികള്‍, കറുത്ത വര്‍ഗക്കാരായ കളിക്കാര്‍ സൈഡ് ലൈനിലേക്ക് നടന്ന് നീങ്ങുമ്പോള്‍ ആക്രോശമുയര്‍ത്തി മുരണ്ടടുക്കുന്ന കാണികള്‍. അങ്ങനെയങ്ങനെ ഗ്യാലറികളില്‍ നിന്ന് ഗ്യാലറികളിലേക്ക് ഒരു മഹാമാരിയെന്നോണം വംശീയത പടര്‍ന്നു പിടിച്ചു. അതിന്റെ തീച്ചൂടില്‍ മൈതാനങ്ങള്‍ എരിഞ്ഞു കത്തുകയായിരുന്നു. ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം നടുക്കിക്കളഞ്ഞ ചില വംശീയ കാഴ്ചകളിലേക്കാണിനി. ലോകമെത്ര വളര്‍ന്നിട്ടും വംശമഹിമയിലും നിറത്തിലും ഊറ്റം കൊളളുന്ന, വെള്ളക്കാരന്റെ, വംശീയഹുങ്ക് നിറഞ്ഞു തുളുമ്പുന്ന ഗാലറിക്കാഴ്ചകള്‍.

ഡാനി ആല്‍വസ്: ഗാലറിയിലെ കുരങ്ങു വിളി

2012 ല്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയും വിയ്യാറയലും തമ്മിലുള്ള ലീഗ് മത്സരം നടക്കുന്നു. കളിക്കിടയില്‍ കോര്‍ണര്‍ കിക്കെടുക്കാനായി ബാഴ്സലോണയുടെ ബ്രസീലിയന്‍ ഇതിഹാസം ഡാനി ആല്‍വസ് കോര്‍ണര്‍ കിക്കെടുക്കാനായി സൈഡ് ലൈനിലേക്ക് നടന്നടുത്തു. പെട്ടെന്നാണ് വിയ്യാറയിലിന്റെ ഗാലറിയില്‍ നിന്ന് ഡാനിക്ക് നേരെ വാഴപ്പഴമെറിഞ്ഞത്. യൂറോപ്പിലെ ഗാലറികളില്‍ കുരങ്ങു വിളികള്‍ വ്യാപകമായി കൊണ്ടിരുന്ന കാലത്താണ് ഡാനിക്ക് നേരെ ഇങ്ങനെയൊരു പഴമേറുണ്ടായത്. വംശീയാധിക്ഷേപങ്ങളില്‍ വൈകാരികമായി തകര്‍ന്ന് പോകുന്ന കളിക്കാരെ കണ്ടു ശീലിച്ച യൂറോപ്പിന്റെ ഗ്യാലറികള്‍ക്ക് അന്ന് പിഴച്ചു. കിക്കെടുക്കുന്നതിന് മുമ്പ് തന്റെ നേര്‍ക്കെറിഞ്ഞ പഴം വളരെ ലാഘവത്തില്‍, തൊലിയുരിച്ച് കഴിച്ചശേഷം ഡാനി കിക്കെടുത്തു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ കളി തുടര്‍ന്നു. വെള്ളക്കാരന്റെ വംശീയ ഹുങ്കിന് മുന്നില്‍ ഇതിലും മനോഹരമായൊരു പ്രതിഷേധം യൂറോപ്പ്യന്‍ ഫുട്ബോള്‍ അതിന് മുമ്പൊന്നും കണ്ടിട്ടില്ല.. ലോക ഫുട്ബോളിലെ പല ഇതിഹാസങ്ങളും പിന്നീട് ഡാനിയുടെ പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്ത് വന്നു.


മരിയോ ബലോട്ടെല്ലി

മരിയോ ബലോട്ടെല്ലി: ഗ്യാലറികള്‍ ഇത്രമേല്‍ വേട്ടയാടിയ കളിക്കാരന്‍ വേറെയുണ്ടാവുമോ എന്നറിയില്ല. ഇറ്റാലിയന്‍ ഫുട്ബോളിലെ മിന്നും താരോദയമായി ഉയര്‍ന്നു വന്ന് കളിക്കളങ്ങളെ അടക്കിവാഴുന്ന കാലത്താണ് ഫുട്ബോള്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വംശീയാധിക്ഷേപങ്ങള്‍ക്ക് മരിയോ ഇരയാവുന്നത്. എന്ത് കൊണ്ടാണ് നിങ്ങളെപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്ന മരിയോയുടെ ചോദ്യം യൂറോപ്പിലെ ഗ്യാലറികളില്‍ ഒരിക്കല്‍ ഇടിമുഴക്കം സൃഷ്ടിച്ചിരുന്നു.


കറുത്ത വര്‍ഗക്കാരായ ഇംഗ്ലണ്ട് കളിക്കാര്‍ക്കുനേരെ വംശീയാധിക്ഷേപം

2020 ഒക്ടോബറില്‍ ഇംഗ്ലണ്ടും ബള്‍ഗേറിയയും തമ്മില്‍ നടന്ന മത്സരം രണ്ട് തവണയാണ് അധികൃതര്‍ക്ക് നിര്‍ത്തി വക്കേണ്ടി വന്നത്. ബള്‍ഗേറിയന്‍ ആരാധകര്‍ നാസി സല്യൂട്ട് നടത്തിയതും കറുത്ത വര്‍ഗക്കാരായ ഇംഗ്ലണ്ട് കളിക്കാരെ വംശീയാധിക്ഷേപം നടത്തിയതുമായിരുന്നു കാരണം. സംഭവത്തെ തുടര്‍ന്ന് ബള്‍ഗേറിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജിവച്ചു. പക്ഷേ, സംഘര്‍ഷം എന്നല്ലാതെ വംശീയതയെക്കുറിച്ച് ഒരു പരാമര്‍ശം പോലും യൂറോപ്പ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അന്ന് നടത്തിയില്ല.


സുവാരസ്-പാട്രിക് എവ്റ പോര്

2011ല്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടന്ന ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ താരം പാട്രിക് എവ്റക്കെതിരെ ലിവര്‍പൂള്‍ സൂപ്പര്‍താരം ലൂയി സുവാരസ് വംശീയാധിക്ഷേപം നടത്തിയതായി തെളിഞ്ഞു. അതിനെ തുടര്‍ന്ന് സുവാരസിന് 90,000 ഡോളര്‍ പിഴയും എട്ട് മത്സരങ്ങളില്‍ വിലക്കും ഏര്‍പ്പെടുത്തി. എന്നാല്‍ പിന്നീട് നടന്ന മത്സരങ്ങളിലും സുവാരസ്-പാട്രിക് എവ്റ പോര് തുടര്‍ക്കഥയായി. വിലക്ക് കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷം ആദ്യ മത്സരത്തില്‍ കളിക്കാര്‍ക്ക് കൈ കൊടുത്തു കൊണ്ടിരിക്കെ സുവാരസ് എവ്റക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ചു. ഫുട്ബോള്‍ ലോകത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് എവ്റ കളിക്കളത്തില്‍ വച്ച് തന്നെ മറുപടി നല്‍കി.


ഓസിലിനും ഗുന്‍ഡോകന്നും പിന്െ ഉര്‍ദുഗാനും

ജര്‍മ്മന്‍ മിഡ് ഫീല്‍ഡറായിരുന്ന മെസ്യൂട്ട് ഓസിലിന്റെ പൊടുന്നനെയുളള വിരമിക്കലിന് പിന്നിലും ഇതേ വംശീയതയായിരുന്നു മുഴച്ചുനിന്നത്. തുര്‍ക്കി പ്രസിഡന്റായ റജബ് ത്വയ്യിബ് ഉര്‍ദുഗാനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിന്റെ പേരില്‍ തുര്‍ക്കി വംശജനായ ഓസിലിനും സഹതാരം ഇല്‍ക്കേ ഗുന്‍ഡോകന്നും ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ നിന്നുവരെ കടുത്ത വംശീയാധിക്ഷേപമാണ് നേരിടേണ്ടി വന്നത്. തുടര്‍ന്നായിരുന്നു 2018ല്‍ ഓസിലിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാകുന്നതും.


കളിക്കളം വിട്ട് പോയ മരേഗ

2020ല്‍ പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗിലെ പോര്‍ട്ടോയുടെ ഫോര്‍വേഡുകളില്‍ ഒരാളായ മോസോ മരേഗ കളിക്കളത്തില്‍ വച്ച് ഗാലറിയുടെ വംശീയാധിക്ഷേപത്തിന് ഇരയായി. കളിയുടെ 60-ാം മിനിറ്റില്‍ മനോഹരമായി പന്തുമായി കുതിച്ചു കയറി എതിര്‍ ടീമിന്റെ വലതുളച്ച ശേഷം ഗാലറിക്ക് തന്റെ നിറം കാണിച്ച് കൊടുത്താണ് മരേഗ പ്രതിഷേധിച്ചത്. എന്നിട്ടും അരിശം തീരാത്ത ഗാലറി മരേഗക്ക് നേരെ വീണ്ടും കുപ്പികളെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് കളിക്കളം വിട്ട് പോകുന്ന മരേഗയുടെ ദൃശ്യങ്ങള്‍ ലോക ഫുട്ബോളിനെ വൈകാരികമായി പിടിച്ചുലച്ച കാഴ്ചയായിരുന്നു. അനവധി താരങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞ, ഉളളുപൊളളുന്ന ഓര്‍മ്മകളും നിരാശയും മാത്രം സമ്മാനിക്കുന്ന വംശീയപോര്‍വിളികള്‍ പഴയതിനേക്കാള്‍ വേഗതയില്‍ ഇപ്പോള്‍ കളി മൈതാനങ്ങളെ കീഴടക്കി കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.


വംശീയത യൂറോപിന്റെ കളിമൈതാനങ്ങളെ വിഴുങ്ങിത്തുടങ്ങിയ കാലം മുതല്‍ക്ക് തന്നെ അതിനെതിരെയുള്ള കരുത്തുറ്റ പ്രതിഷേധങ്ങള്‍ക്കും കളിക്കളങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ പ്രതിഷേധങ്ങളൊക്കെ യൂറോപിന്റെ വംശീയ ബോധങ്ങള്‍ക്കെതിരെയുള്ള കരണത്തടികളായിരുന്നു.

2020ല്‍ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി-ഇസ്താംബൂള്‍ ബസക്സര്‍ മത്സരം നടക്കുന്നു. കളിയുടെ 144ാം മിനിറ്റില്‍ ഇരുടീമിലേയും താരങ്ങള്‍ കളി നിര്‍ത്തി പവലിയനിലേക്ക് കയറി. ബസക്സര്‍ സഹപരിശീലകന്‍ പിയറെ വെബ്ബോവിനെ മാച്ച് ഒഫീഷ്യലുകളില്‍ ഒരാള്‍ വംശീയമായി അധിക്ഷേപിച്ചതാണ് ഈ പ്രതിഷേധത്തിന് കാരണം. ബസക്സറിന്റെ മുന്നേറ്റ താരം ഡെംബാബെ റഫറിയോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ അന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.


2005ല്‍ ബാഴ്സലോണ ഇതിഹാസം സാമുവല്‍ ഏറ്റു. 2011ല്‍ ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ്. 2014 ല്‍ സാന്റോസ് ഗോള്‍കീപ്പര്‍ അരാന. 2018ല്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റര്‍ലിങ്. 2019ല്‍ ഇറ്റാലിയന്‍ യുവതാരം മോയിസ് കീന്‍. 2021 ല്‍ നാപോളി താരം കൌലി ബാലി. അങ്ങനെയങ്ങനെ ഗാലറികളുടെ വംശവെറിക്കിരകളായവരുടെ പട്ടിക നീണ്ടു നീണ്ടു പോവുന്നു.

കളിക്കളത്തിലെ വംശവെറിക്കെതിരെ പോരാടുന്ന ബ്രിട്ടീഷ് സംഘടനയായ കിക്ക് ഇറ്റ് ഔട്ടിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം മുന്‍കാലങ്ങളെ അപേക്ഷിച്ച് വംശീയ അധിക്ഷേപങ്ങളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. 2020 സീസണില്‍ മാത്രം 446 സംഭവങ്ങളാണ് ഇത്തരത്തില്‍ ഫുട്‌ബോള്‍ ലോകത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 42 % ശതമാനം വര്‍ധനയാണ് കളിക്കാര്‍ക്കെതിരെയുള്ള വംശീയാധിക്ഷേപങ്ങളില്‍ ഉണ്ടായിട്ടുളളത്. യൂറോപ്പിന്റെ കളിക്കളങ്ങളിലും ഗ്യാലറികളിലും തീപടരുന്ന വേഗതയില്‍ പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന വംശീയതയെ പിടിച്ചു കെട്ടാന്‍ ഫുട്ബോള്‍ ലോകത്ത് ക്യാംപെയിനുകള്‍ക്ക് ഒരുകുറവും ഉണ്ടായിട്ടില്ല.'സേ നോ ടു റാസിസം' എന്ന പേരില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിലും 'നോ റൂം ഫോര്‍ റാസിസം എനിവേര്‍' എന്ന പേരില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ക്യാമ്പയിനുകള്‍ നടക്കുമ്പോഴും വംശീയ അധിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നതാണ് അതില്‍ ഏറെ രസകരം.





TAGS :