Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 30 Sep 2023 3:51 PM GMT

എം.എസ്. സ്വാമിനാഥനെ ഓര്‍ക്കുമ്പോള്‍

ജലസേചന പദ്ധതികളും ജനിതക വൈവിധ്യമുള്ള വിളകളുടെ ഉപയോഗവും ഊര്‍ജോപയോഗം കുറച്ചു കൊണ്ടുള്ള കാര്‍ഷിക മാര്‍ഗങ്ങളും കൃഷിയെ പാരിസ്ഥിതിക സൗഹൃദമാക്കുകയും കര്‍ഷകരെ വളരെയധികം സഹായിക്കുകയും ചെയ്യുമെന്ന് സ്വാമിനാഥന്‍ പറയുന്നു.

നിത്യഹരിത വിപ്ലവം
X

നെഹ്റുവിന്റെ മരണ ശേഷം 1964 ല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്ത്യയുടെ പ്രധാന മന്ത്രിയായി ചുമതലയേറ്റു. അന്ന് കൃഷിവകുപ്പിന്റെ ചുമതല ഏറ്റെടുക്കാന്‍ പലരും മടി കാണിച്ചു. അത്രക്ക് രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു രാജ്യം. ലോക രാജ്യങ്ങളോട് പ്രതിസന്ധി മറികടക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ക്ക് വേണ്ടി യാചിക്കുകയെന്ന കര്‍ത്തവ്യമായിരുന്നു വകുപ്പിന്റെ പ്രധാന ചുമതല. നെഹ്റു മന്ത്രിസഭയിലെ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സി. സുബ്രഹ്മണ്യത്തെ പ്രധാനമന്ത്രി ശാസ്ത്രി കൃഷി വകുപ്പിന്റെ ചുമതലയേല്‍പ്പിച്ചു. ചുമതലയേറ്റയുടന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനു പകരം ന്യൂഡല്‍ഹിയിലെ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുമായാണ് അദ്ദേഹം സംസാരിച്ചത്. ആ കൂട്ടത്തിലെ ഒരംഗമായിരുന്നു എം.എസ് സ്വാമിനാഥന്‍. ആ കൂടിക്കാഴ്ച ഇന്ത്യയിലെ കാര്‍ഷിക രംഗത്ത് ഒരു വഴിത്തിരിവായി.

ഹരിതവിപ്ലവം പരിസ്ഥിതിക്കും ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും അനുകൂലമായ (Pro-nature, Pro-poor, Pro-women) രീതിയിലായിരിക്കണമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യയിലെ ഭീതിജനകമായ കര്‍ഷക ആത്മഹത്യകളുടെ റിപോര്‍ട്ടുകള്‍ പുറത്തു വന്ന വേളയില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിയോഗിച്ച ഒന്നാം ദേശീയ കര്‍ഷക കമീഷനെ നയിച്ചത് സ്വാമിനാഥനായിരുന്നു.

ഉയര്‍ന്ന വിളവ് നല്‍കുന്ന ഇനം വിത്തുകള്‍ കാര്‍ഷിക രംഗത്ത് ഉപയോഗിക്കാനുള്ള നിര്‍ദേശമാണ് സ്വാമിനാഥന്‍ അന്ന് മുന്നോട്ടുവെച്ചത്. മെക്‌സിക്കന്‍ 'കുള്ളന്‍ ഇനം' (Mexican Dwarf) വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതി പരീക്ഷിക്കാനായിരുന്നു പദ്ധതി. ലോക ഹരിത വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന നോര്‍മന്‍ ഏര്‍ണെസ്‌റ് ബോര്‍ലോഗ് ആയിരുന്നു ഈ വിത്തിനത്തിന്റെ കണ്ടുപിടുത്തക്കാരന്‍. മെക്‌സിക്കോയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലംകണ്ടിരുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഹരിയാന, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നെല്ലിന്റെയും ഗോതമ്പിന്റെയും ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തിനങ്ങള്‍ പരീക്ഷിച്ചു. പദ്ധതി വലിയ വിജയമായി. ഇന്ത്യയിലും ഹരിത വിപ്ലവം സാധ്യമാക്കാന്‍ സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിന് സാധിച്ചു. ഒന്നാം ഇന്ദിര സര്‍ക്കാരിന്റെ കാലമാവുമ്പോഴേക്ക് തന്നെ ഇന്ത്യക്ക് കാര്‍ഷിക ഉല്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിച്ചു. 1971 ല്‍ അമേരിക്കയുമായുള്ള PL480 കരാര്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ധാക്കി. അമേരിക്കയില്‍ നിന്നും ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള കരാര്‍ ആയിരുന്നു PL480.

1970 ല്‍ ബൊര്‍ലോഗ് ലോക സമാധാന പുരസ്‌കാര ജേതാവായി. പുരസ്‌കാരമേറ്റു വാങ്ങിക്കൊണ്ട് അദ്ദേഹം നടത്തിയ സംസാരത്തില്‍ സ്വാമിനാഥന് നന്ദിയര്‍പ്പിച്ചിരുന്നു. 'ഡോക്ടര്‍ സ്വാമിനാഥന്‍, മെക്‌സിക്കന്‍ കുള്ളന്‍ (Mexican Dwarf) ഇനങ്ങളുടെ സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞതിന് വളരെയധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഇത് സംഭവിച്ചില്ലായിരുന്നെങ്കില്‍, ഏഷ്യയില്‍ ഹരിത വിപ്ലവം ഉണ്ടാകില്ലായിരുന്നു എന്ന് നിസ്സംശയമായും പറയാം' എന്നായിരുന്നു ബൊര്‍ലോഗിന്റെ വാക്കുകള്‍.


ജലസേചന പദ്ധതികളും ജനിതക വൈവിധ്യമുള്ള വിളകളുടെ ഉപയോഗവും ഊര്‍ജോപയോഗം കുറച്ചു കൊണ്ടുള്ള കാര്‍ഷിക മാര്‍ഗങ്ങളും കൃഷിയെ പാരിസ്ഥിതിക സൗഹൃദമാക്കുകയും കര്‍ഷകരെ വളരെയധികം സഹായിക്കുകയും ചെയ്യും എന്ന് സ്വാമിനാഥന്‍ അദ്ദേഹത്തിന്റെ 'From Green to Evergreen Revolution' എന്ന പുസ്തകത്തില്‍ പറയുന്നു. 'നിത്യഹരിത വിപ്ലവം' (Evergreen Revolution) എന്നത്തിലേക്കെത്താന്‍ ജലസേചനത്തിനും ഭൂമിക്കും ആദ്യ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി തകര്‍ന്നാല്‍ നമ്മുടെ രാജ്യത്ത് മറ്റൊന്നും ശരിയാകില്ല (If agriculture go wrong, nothing will go right in our country) എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്ന ഈ വേളയില്‍ സുപ്രധാനമാണ്. കര്‍ഷക ആത്മഹത്യകളും കാര്‍ഷിക രംഗത്തെ ദുരന്തപൂര്‍ണ്ണമായ അവസ്ഥകളും നാം കണ്ടുകൊണ്ടേയിരിക്കുന്നു. നാള്‍ക്കുനാള്‍ കൃഷി ഒരു ലാഭകരമല്ലാത്ത തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഹരിതവിപ്ലവം പരിസ്ഥിതിക്കും ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും അനുകൂലമായ (Pro-nature, Pro-poor, Pro-women) രീതിയിലായിരിക്കണമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യയിലെ ഭീതിജനകമായ കര്‍ഷക ആത്മഹത്യകളുടെ റിപോര്‍ട്ടുകള്‍ പുറത്തു വന്ന വേളയില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിയോഗിച്ച ഒന്നാം ദേശീയ കര്‍ഷക കമീഷനെ നയിച്ചത് സ്വാമിനാഥനായിരുന്നു. അദ്ദേഹത്തിന്റെ പഠന റിപ്പോര്‍ട്ട് (Swaminadhan Report) യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടത് ചെയ്യാനും കൂടുതല്‍ ലാഭകരമായ ഒരു തൊഴിലായി കൃഷിയെ മാറ്റാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും നിര്‍ദേശിക്കുകയുണ്ടായി. വിളവുകള്‍ക്ക് മിനിമം താങ്ങുവില (Minimum Support Price) ഏര്‍പ്പെടുത്താനും ആവശ്യമുന്നയിച്ചു. ഉല്‍പാദന ചിലവിന്റെ പകുതിയിലധികം എങ്കിലും ആയിരിക്കണം തുകയെന്നും നിര്‍ദേശിച്ചു. ഇന്ന് ഇന്ത്യയിലെ കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും പ്രഥമ ആവശ്യം വിളവുകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുക എന്നതാണ്. 'സ്വാമിനാഥന്‍ ഫോര്‍മുല' നടപ്പാക്കണമെന്നത് കര്‍ഷകരുടെ എക്കാലത്തെയും ആവശ്യവുമാണ്.


1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ആയിരുന്നു സ്വാമിനാഥന്‍. 1979-80 വര്‍ഷം കേന്ദ്ര കാര്‍ഷിക - ജലസേചന വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയും, 1982 മുതല്‍ 1988 വരെ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1984 മുതല്‍ 1990 വരെ International Union for Conservation of Nature and Natural Reosurces ന്റെ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

TAGS :