Quantcast
MediaOne Logo

കിരണ ഗോവിന്ദന്‍

Published: 9 Feb 2023 2:06 AM GMT

നന്‍പകല്‍ നേരത്ത് മയക്കം: ക്ഷണികമായൊരു പരകായപ്രവേശം

തോന്നലുകളെയൊക്കെ സിനിമയാക്കി പരീക്ഷിക്കാന്‍ അസാധാരണ ധൈര്യം വേണം. സിനിമയുടെ ജയ പരാജയങ്ങളെ കുറിച്ച് ഒട്ടും സന്ദേഹമില്ലാതെ അതേറ്റെടുക്കലും അത്ഭുതമാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരു അത്ഭുതമാണ്.

നന്‍പകല്‍ നേരത്ത് മയക്കം: ക്ഷണികമായൊരു പരകായപ്രവേശം
X

നിഗൂഢമായ യാഥാര്‍ഥ്യങ്ങളാണ് സ്വപ്നങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; Misterious reality. ഉപബോധമനസ്സില്‍ സൂക്ഷിച്ചു വെക്കുന്ന ഓര്‍മകളാണ് നമ്മുടെ തന്നെ ഭാവനക്ക് അനുസരിച്ച് സ്വപ്നങ്ങളില്‍ കടന്നുവരാറുള്ളത്. ചെറിയൊരു കാര്യം ആയിരിക്കും. സ്വപ്നത്തിലെത്തുമ്പോള്‍ അതൊരു സിനിമ കാണുന്ന അനുഭവം ഉണ്ടാക്കും. അത് ചിലപ്പോള്‍ ഒരു ദുരന്തമാകാം, പ്രണയമാകാം, സന്തോഷമാവാം. ഒരു വ്യക്തിയുടെ ജീവിത സാഹചര്യത്തിന്റെ ആകെ തുകയായിരിക്കും സ്വപ്നം.

ജീവിതത്തെ നന്നായി കണക്ട് ചെയ്യുന്ന സ്വപ്നങ്ങള്‍ കാണാറുണ്ട്. അത്തരം സ്വപ്നങ്ങളില്‍ കഥാപാത്രങ്ങള്‍ ചുറ്റുമുള്ളവര്‍ തന്നെയാകും. പക്ഷെ, ജീവിതത്തില്‍ ഒരു കണക്ഷനും ഇല്ലാത്ത സാഹചര്യങ്ങളും മനുഷ്യരും സ്വപ്നത്തില്‍ വന്നാലോ. അതൊരു പുതിയ അനുഭവം ആയിരിക്കും. ഒരിക്കലും നമ്മള്‍ ആലോചിക്കുക പോലും ചെയ്യാത്ത കാര്യങ്ങളായിരിക്കും സ്വപ്നം കണ്ടതെന്ന് കരുതി ഞെട്ടാറുണ്ട്. പക്ഷെ, അതിന്റെ റൂട്ട് ശരിക്കും നമ്മുടെ ജീവിതത്തില്‍ സംഭവിച്ച എന്തെങ്കിലും ഒരു കാര്യം ആയിരിക്കും. അങ്ങനെയൊരു സ്വപ്നത്തെ സിനിമയാക്കിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും എസ്. ഹരീഷും നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ.

മൂവാറ്റുപുഴക്കാരനായ ജെയിംസ് എന്ന പ്രധാന കഥാപാത്രം തമിഴ്‌നാട്ടിലൂടെയുള്ള ഒരു യാത്രയില്‍ ഉച്ചനേരത്തെ (നന്‍പകല്‍ നേരത്തെ) മയക്കത്തിനിടെ പെട്ടെന്ന് വണ്ടി നിര്‍ത്തി ഒരു ഗ്രാമത്തിലേക്ക് നടക്കുന്നു. മുന്‍പ് അവിടെ പരിചിതമായ ഒരാളെന്ന പോലെയാണ് അയാളുടെ നടത്തം. ഒരു വീട്ടിലെത്തി ഉടുത്തിരുന്ന വെള്ള മുണ്ട് അഴിച്ചുമാറ്റി ലുങ്കി എടുത്തുടുക്കുന്നു. സ്വിച്ചിട്ടത് പോലെ അതുവരെയുള്ള ആള്‍ മാറുന്നു. ജെയിംസില്‍ നിന്നും അയാള്‍ തമിഴനായ സുന്ദരം എന്ന കഥാപാത്രമാകുന്നു. വളരെ നന്നായി തമിഴ് പറയുന്നു. ആ വീട്ടിലെ മരിച്ചുപോയ ആളെ പോലെ പെരുമാറുന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അയാളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ചുറ്റുമുള്ളതിനെയൊന്നും കാര്യമാക്കാതെ അയാള്‍ ജീവിതം ആസ്വദിക്കുന്നു. തമിഴ് പാട്ടുകളും, ഭക്ഷണവും, സാഹചര്യങ്ങളും, ഇഷ്ടപ്പെടാത്ത ഒരാള്‍ എങ്ങനെയാണ് തമിഴ്‌നാട്ടുകാരന്‍ സുന്ദരമാകുന്നതെന്ന് അന്തം വിട്ടിരുന്ന് കാണാനേ നമുക്ക് പറ്റൂ. ശ്വാസം പോലെ ക്ഷണികമായൊരു പരകായ പ്രവേശം.


സ്വപ്നമല്ലാതെ മറ്റൊരു സാധ്യത മണിച്ചിത്രത്താഴ് സിനിമയിലെ ശോഭനയുടെ കഥാപാത്രം പോലെ ഒരു വ്യക്തിയില്‍ തന്നെ ഗംഗയും നാഗവല്ലിയും ജീവിക്കുന്ന മാനസികാവസ്ഥയാണ്. ജെയിംസ് എന്ന വ്യക്തിയിലുണ്ടാകുന്ന കടുത്ത ഉറക്കമില്ലായ്മയും മാനസിക പിരിമുറുക്കങ്ങളും അയാളെ മറ്റൊരാളാക്കി മാറ്റിയെന്നും ചിന്തിക്കാം.

സിനിമക്കുള്ളിലെ നാടകമാകാം എന്നതാണ് മറ്റൊരു സാധ്യത. നാടകക്കാരനായ ജെയിംസിന്റെ സുന്ദരമായുള്ള പകര്‍ന്നാട്ടം. സിനിമ അവസാനിക്കുന്ന സമയം ബസിന്റെ മുകളില്‍ 'ഒരിടത്ത്' എന്ന നാടകത്തിന്റെ പേര് കാണിക്കുന്നുണ്ട്. കഥ പ്രേക്ഷകന് തീരുമാനിക്കാന്‍ വിട്ടുകൊടുക്കുന്ന പതിവ്

എല്‍.ജെ.പി സിഗനേച്ചര്‍ ഈ സിനിമയിലും കാണാം. ഓരോരുത്തരുടെയും ജീവിത സാഹചര്യമനുസരിച്ച് അതിനെ നിര്‍വചിക്കാം. ധാരാളം സ്വപ്നങ്ങള്‍ കാണുന്ന ആളെന്ന നിലയില്‍ ജെയിംസ് കാണുന്ന ഒരു സ്വപ്നം ആയിട്ടാണ് ലേഖികക്ക് തോന്നിയത്.

സിനിമയുടെ ടൈറ്റില്‍ തന്നെ ഉറക്കമാണ്. മയക്കത്തില്‍ നിന്നും ജെയിംസ് ഞെട്ടി ഉണരുന്ന ഷോട്ടും സിനിമയുടെ ക്ലൈമാക്‌സില്‍ ബസില്‍ നിന്നും പാടത്തേക്ക് നോക്കുന്ന ഷോട്ടും സ്വപ്നം തന്നെയാണ് സിനിമയുടെ കഥാഗതി എന്ന് തെളിയിക്കാനുള്ള സൂചന യാണ്. സുന്ദരത്തില്‍ നിന്നും ജെയിംസിലേക്കുള്ള വിടുതലും മറ്റൊരു ഉദാഹരണം. നമ്മളൊരു സ്വപ്നം കാണുമ്പോള്‍ അതിന്റെ ആദ്യ ഘട്ടത്തില്‍ സ്വപ്നത്തില്‍ അങ്ങനെ മുഴുകും. ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ നമ്മള്‍ തന്നെ തിരിച്ചറിയും ഇത് സ്വപ്നമാണെന്ന്. പക്ഷെ, കണ്ണ് തുറക്കാന്‍ പറ്റിയെന്നു വരില്ല. വീണ്ടും മയങ്ങിയ ശേഷമായിരിക്കും ആ സ്വപ്നത്തില്‍ നിന്നും പൂര്‍ണമായി ഉണരുക. സുന്ദരം താനല്ല എന്ന് ജെയിംസ് മനസ്സിലാക്കുന്ന ചില രംഗങ്ങളുണ്ട്. എനിക്കെന്തെങ്കിലും പറ്റിയോ എന്ന് സുന്ദരം അച്ഛനോട് ചോദിക്കുന്നത്, കോവിലിന്റെ പണി തുടങ്ങിയത് അറിയാത്തത്, മുടിവെട്ടാന്‍ പോയപ്പോള്‍ അവിടത്തെ ആള്‍ മരിച്ചത് അറിയാതെ പോയത്.

യഥാര്‍ഥ ജീവിതത്തില്‍ നിന്നും ഒന്ന് മാറി ജീവിക്കാന്‍ ആഗ്രഹിക്കാത്ത ഏത് മനുഷ്യനാണുള്ളത്. സ്വപ്നത്തിലൂടെ ചിലപ്പോഴൊക്കെ അത് സാധ്യമാണ്. മുരടനായ ജെയിംസില്‍ നിന്നും സുന്ദരമാകാന്‍ ജെയിംസിന്റെ ഉപബോധമനസ്സില്‍ എന്നെങ്കിലും സുന്ദരം കയറിയിട്ടുണ്ടാകണം.

സ്വപ്നങ്ങളെ അല്ലെങ്കില്‍ ഹലൂസിനേഷനെ ഇത്രയും നന്നായി അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ വേറെ ഒരു ചലച്ചിത്രകാരന് പറ്റുമെന്ന് തോന്നുന്നില്ല. ലോക പ്രശസ്ത സംവിധായകന്‍ കിംകിം ഡൂക്കിന്റെ അഖ്യാന രീതിയോട് ചേര്‍ത്തുവെക്കാന്‍ തോന്നിയവയാണ് എല്‍.ജെ.പിയുടെ പല സൃഷ്ടികളും. വൈകാരികതകളെ അതിര്‍വരമ്പുകള്‍ ഇല്ലാതെ പ്രകടിപ്പിക്കുന്നതില്‍ ഇരുവരും സമാനചിന്താഗതിക്കാരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രേക്ഷകന്റെ മനസ്സും കൊണ്ട് രണ്ടാളുടെയും ഒരു പോക്കുണ്ട്. ലോജിക്കലി ചിലപ്പോള്‍ എത്തും പിടിയും കിട്ടാത്ത മനുഷ്യ മനസ്സിന്റെ സംഗീര്‍ണതകളെ തീവ്രമായി അതിന്റെ ഉച്ചസ്ഥായില്‍ എത്തിക്കാന്‍ കഴിയുന്ന സംവിധാന വൈഭവം തന്നെയാണ് ആ താരതമ്യത്തിന് പിന്നില്‍. സമാന പരീക്ഷണത്തില്‍ വിജയം കണ്ട പഴയ ഒരു മലയാള സിനിമ ഓര്‍ക്കാതെ വയ്യ. ലിജോ ജോസ് പെല്ലിശ്ശേരി പോലും പലയിടത്തും പറഞ്ഞ ഭൂതകണ്ണാടി എന്ന സിനിമ. ഒരു തടവുകാരന്റെ മനസ്സില്‍ ഉരുതിരിയുന്ന മറ്റൊരു ലോകം.


എല്‍.ജെ.പിയുടെ തന്നെ ചുരുളിയില്‍ കണ്ട ഹലൂസിനേഷന്‍ ഈ സിനിമയിലും ഉണ്ട്. പ്രേക്ഷകരെ മിസ്റ്റീരിയസ് ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെയുള്ള കാഴ്ചകള്‍ കാണിക്കുന്നു. ആ സാഹചര്യം പ്രേക്ഷകനോട് സംവദിക്കുന്നത് എന്തും ആയിക്കൊള്ളട്ടെ, അവിടത്തെ കഥാപാത്രങ്ങള്‍ ആരായാലും അവരുടെ ഭാഷ എന്തായാലും കയ്യില്‍ കിട്ടുന്ന നടന്മാരെ അത് സൂപ്പര്‍ താരങ്ങളായാലും തുടക്കക്കാരായാലും എല്‍.ജെ.പി അവരെ അതിലേക്ക് ആവാഹിക്കും.

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ ഒരേ സമയം റിയലിസ്റ്റിക്കായും ഡ്രാമാറ്റിക്കായും ആസ്വദിക്കാമെന്നത് എടുത്തുപറയേണ്ടതാണ്. ഒരു മുണ്ട് മാറിയെടുക്കുന്ന ലാഘവത്തോടെയാണ് ജെയിംസില്‍ നിന്നും സുന്ദരത്തിലേക്ക് മാറുന്നത്. ജെയിംസിന്റെ പ്രണയമല്ല സുന്ദരത്തിനുള്ളത്. റിയലിസത്തില്‍ നിന്നും നാടകീയതയിലേക്കുള്ള മാറ്റത്തിന് ഉദാഹരണമാണ് രണ്ട് കഥാപാത്രങ്ങളുടെയും പ്രണയങ്ങള്‍.

നമ്മുടെ ചിന്തകള്‍ക്ക് ഒരിക്കലും പിടിതരാത്ത ഒന്നാണ് മനുഷ്യ മനസ്സ്. സ്വന്തമെന്ന് ഉറപ്പുള്ള ഒന്ന് പൊടുന്നനെ മറ്റൊരാളിലേക്കായി വഴുതി പോകുന്ന കാഴ്ച നിസംഗതയോടെ നോക്കി നില്‍ക്കുകയാണ് ഒരു സ്ത്രീ. ജെയിംസിന്റെ ഭാര്യയായി അഭിനയിച്ച നടി ആ ഇമോഷണല്‍ സീനുകളെ കയ്യടക്കത്തോടെ മികച്ചതാക്കി. നഷ്ടപെട്ടെന്നുറപ്പിച്ച ഒരാളെ ഒരു നിമിഷത്തേക്കെങ്കിലും തിരിച്ചു കിട്ടിയിട്ടും അതിനെ സ്വന്തമാക്കാതെ വിട്ടുകൊടുക്കുന്ന സുന്ദരത്തിന്റെ ഭാര്യ. ഹൃദയ ഭാരം പേറുന്ന രണ്ട് നായികമാര്‍.

ഫാന്റസിയിലൂടെ ഫിക്ഷന്‍ പറഞ്ഞ മറ്റൊരു എല്‍.ജെ.പി ചിത്രമാണ് ആമേന്‍. ഇന്ദ്രജിത്തിന്റെ കഥാപാത്രം ഫാന്റസി ആയിരുന്നോ യാഥാര്‍ഥ്യമായിരുന്നോ എന്ന് ചിന്തിക്കാനാകാത്തവണ്ണമായിരുന്നു കഥാപാത്രത്തിന്റെ ക്രാഫ്റ്റ്. ഒരു നാടിനെ രക്ഷിക്കാന്‍ ക്രിസ്തു ശരിക്കും അവതരിച്ചു എന്ന് തന്നെ വിശ്വസിക്കാനാണ് ആമേന്‍ കണ്ടപ്പോള്‍ തോന്നിയത്. ഫിക്ഷനും ഫാന്റസിയും ഇഴചേര്‍ന്ന കല അമേനില്‍ അന്ന് ആസ്വദിച്ചു.

മായാകാഴ്ചകള്‍ അഭ്രപാളിയില്‍ പകര്‍ത്താനുള്ള മമ്മൂട്ടിയുടെ അഭിനയ മികവ് മലയാളികള്‍ക്ക് പുതുമയുള്ളതല്ല. ഭൂതക്കണ്ണാടി, മുന്നറിയിപ്പ് എന്നീ സിനിമകളുടെ തുടര്‍ച്ചയാണ് നന്‍പകല്‍ നേരത്ത് മയക്കം. ഒരു സിനിമയില്‍ തന്നെ രണ്ടു കഥാപാത്രമായി അഭിനയിക്കണമെങ്കില്‍ അതൊരു നല്ല നടനെ പറ്റൂ. അഭിനയ ജീവിതത്തിലെ വേറൊരു ഘട്ടത്തിലാണിപ്പോള്‍ മമ്മൂട്ടി. താര-വല്യേട്ടന്‍ പദവിയില്‍ നിന്നൊക്കെ ഒരു ബ്രേക്ക് എടുത്ത് അയാള്‍ വിശാലമായ അഭിനയത്തിന്റെ പാടത്തിലേക്ക് അങ്ങനെ നടന്നു നീങ്ങുകയാണ്. ജെയിംസില്‍ നിന്നും സുന്ദരം പരിണമിച്ചത് പോലെ. ഇത് എന്റെ ഊര് എന്ന് പറയുന്ന ഇമോഷണല്‍ സീനൊക്കെ മമ്മൂട്ടി ഈ സിനിമയെ വേറെ തലത്തില്‍ എത്തിക്കുന്നു.


കഥാഗതിയും ഫ്രെയിമുകളും സിനിമയെ ലോകനിലവാരത്തിലേക്ക് എത്തിക്കുന്നുണ്ട്. രണ്ട് സ്ത്രീകളുടെ വൈകാരികത ഒരേ സമയം ഒരൊറ്റ ഫ്രെയ്മില്‍ കാണിച്ച ഷോട്ട് ഗംഭീരമാണ്. തോന്നലുകളെയൊക്കെ സിനിമയാക്കി പരീക്ഷിക്കാന്‍ അസാധാരണ ധൈര്യം വേണം. സിനിമയുടെ ജയ പരാജയങ്ങളെ കുറിച്ച് ഒട്ടും സന്ദേഹമില്ലാതെ അതേറ്റെടുക്കലും അത്ഭുതമാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരു അത്ഭുതമാണ്. മലയാള സിനിമക്ക് അഭിമാനിക്കാവുന്ന അത്ഭുതം.

TAGS :