Quantcast
MediaOne Logo

മുഹമ്മദ് ശമീം

Published: 13 Nov 2023 6:47 AM GMT

സമീഅ് അല്‍ഖാസിമിന്റെയും ഫര്‍ഹയുടെയും 'നക്ബ' കാഴ്ചകള്‍

1948 ഫലസ്തീനികള്‍ക്ക് നക്ബയുടെ വര്‍ഷമാണെങ്കില്‍ ഇസ്രായേല്യര്‍ക്ക് അത് അവരുടെ സ്വാതന്ത്ര്യവര്‍ഷമാണ്. ഫലസ്തീന്‍ കവി സമീഅ് അല്‍ഖാസിമിന്റെയും ഫര്‍ഹ എന്ന സിനിമയിലെയും നക്ബ അനുഭവങ്ങള്‍.

Sami Al Qasim and Farhas Nakba views
X

About Principles and Art എന്ന പുസ്തകത്തില്‍ സമീഅ് അല്‍ഖാസിം ഇങ്ങനെ എഴുതി: 'ഞാന്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് നക്ബ സംഭവിച്ചത്. ആ തീയതിയെയാണ് ഞാനെന്റെ ജനനത്തീയതിയായി കണക്കാക്കുന്നത്. എന്തെന്നാല്‍, എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ആദ്യചിത്രങ്ങള്‍ 1948 ലെ സംഭവങ്ങളുടേതാണ്. എന്റെ ചിന്തകളുടെയും ദൃശ്യങ്ങളുടെയും ഉറവിടം 48 എന്ന സംഖ്യയാകുന്നു.' (ഉദ്ധരിച്ചത്: അബ്ദുല്ലാ അല്‍ഉദരി എഡിറ്ററും വിവര്‍ത്തകനുമായ, അദോനിസ്, മഹമൂദ് ദര്‍വീശ്, സമീഅ് അല്‍ഖാസിം എന്നീ ഫലസ്തീന്‍ കവികളുടെ കൃതികളുടെ സമാഹാരമായ 'Victims of a Map: A Bilingual Anthology of Arabic Poetry' എന്ന പുസ്തകത്തില്‍ നിന്ന്)

ഇന്നത്തെ ജോര്‍ദാനിലെ സര്‍ഖയില്‍ ഒരു ഫലസ്തീനിയന്‍ ദ്രൂസ് കുടുംബത്തിലാണ് ഇസ്രായേലി-ഫലസ്തീനിയന്‍ കവി അല്‍ഖാസിം ജനിച്ചത്. 1967ലെ Six-Day Warന് മുമ്പ് പാന്‍-അറബ് നാഷണലിസത്തില്‍ ആകൃഷ്ടനായി കടുത്ത നാസിറിസ്റ്റ് ആയി ജീവിച്ച അദ്ദേഹം യുദ്ധാനന്തരം MAKI യില്‍ ചേര്‍ന്നു. മാര്‍ക്‌സിസം-ലെനിനിസം പിന്തുടരുന്ന ആന്റി സയനിസ്റ്റ് സംഘടനയായ HaMiflega HaKomunistit HaYisraelit അഥവാ Israeli Communist Patryയാണ് മാകി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടത്. 1948 ഫലസ്തീനികള്‍ക്ക് നക്ബയുടെ വര്‍ഷമാണെങ്കില്‍ (The Palestinian Catastrophe 1948) ഇസ്രായേല്യര്‍ക്ക് അത് അവരുടെ സ്വാതന്ത്ര്യവര്‍ഷമാണ്. കുടിയേറ്റം വ്യാപകമായതിന് ശേഷം പ്രദേശത്തെ ജനസംഖ്യയില്‍ 66% വരുന്ന ഫലസ്തീനികള്‍ക്ക് പ്രദേശത്തിന്റെ 44% ഭൂമി 'അനുവദിച്ചു'കൊണ്ട് ('ഔദാര്യപൂര്‍വം' ഫലസ്തീനികളുടെ ഭൂമി അവര്‍ക്ക് തന്നെ!) യു.എന്നിന്റെ വിഭജന പദ്ധതി വരുന്നത് 1947ലാണ്. നിര്‍ദ്ദിഷ്ട യൂദ രാഷ്ട്രത്തിന്റെ എണ്‍പത് ശതമാനത്തോളം ഭൂമി അപ്പോള്‍ അറബികളുടെ (അവരില്‍ മുസ്‌ലിംകളും ക്രൈസ്തവരും ദ്രൂസികളും ഇതൊന്നുമല്ലാത്തവരുമൊക്കെയുണ്ട്) കൈയിലായിരുന്നു. തുടര്‍ന്നാണ് നക്ബ ഉണ്ടാകുന്നത്. ഏഴ് ലക്ഷത്തിലധികം ഫലസ്തീന്യരാണ് അതില്‍ അഭയാര്‍ഥികളായത്. ജിയോഗ്രഫിക്കല്‍ ഇറേഷര്‍ എന്നറിയപ്പെടുന്ന പ്രക്രിയയും അതോടനുബന്ധിച്ച് നടന്നു. സ്ഥലപ്പേര് മാറ്റിയും മറ്റുമൊക്കെ അറബ് ജീവിതത്തിന്റെ ഭൂശാസ്ത്രപരമായ അടയാളങ്ങള്‍ തുടച്ചു നീക്കിയതിനെയാണ് geographical erasure എന്ന് പറയുക. നിരവധി പേര്‍ കൊല്ലപ്പെട്ടു. പൂര്‍ണാര്‍ഥത്തില്‍ വംശീയോന്മൂലനം (ethnic cleansing) തന്നെ.


***** ***** *****

ഇരുട്ടുള്ള ഒരൊറ്റമുറിയില്‍ കുടുങ്ങിക്കിടന്ന് വാതിലിന്റെ ചെറുപഴുതിലൂടെ പുറം കാഴ്ചകളിലേക്ക് നോക്കുമ്പോള്‍, സ്വന്തം ജനത ആട്ടിയോടിക്കപ്പെടുകയും വെടിയേറ്റ് വീഴുകയും ചെയ്യുന്നത് കാണേണ്ടി വരുന്ന ഒരു പതിനാലുകാരിയുടെ മാനസികാവസ്ഥയെപ്പറ്റി നിങ്ങളെന്ത് വിചാരിക്കുന്നു? രാപ്പകല്‍ ഭേദമില്ലാതെ വെടിയൊച്ചകളും സ്‌ഫോടന ശബ്ദങ്ങളും ആ മുറിക്കകത്തേക്കും കടന്നു വരുന്നുമുണ്ട്. റാദിയയുടെ കഥ അതാണ്. എങ്ങനെയൊക്കെയോ ആ നിലവറയില്‍ നിന്ന് പുറത്തിറങ്ങിയ റാദിയ മൃത്യുനിലത്തിലൂടെ അലഞ്ഞലഞ്ഞ്, ഒടുക്കം സിറിയയിലെത്തിച്ചേരുന്നു. തന്റെ അനുഭവങ്ങള്‍ മുഴുവനും അവള്‍ മറ്റൊരു പെണ്‍കുട്ടിയുമായി പങ്കുവെച്ചു. കഥ കേട്ട പെണ്‍കുട്ടി വളര്‍ന്നു വലുതായി, വിവാഹം കഴിഞ്ഞ് ഒരു മകളെ പ്രസവിച്ചു. അവളാക്കഥ തന്റെ മകള്‍ക്ക് പറഞ്ഞു കൊടുത്തു.

ആ മകള്‍ താനാണെന്ന് കുവൈത്തി-ജോര്‍ദാനിയന്‍ ചലച്ചിത്രകാരി ദാരിന്‍ ജെ സല്ലാം സാക്ഷ്യപ്പെടുത്തുന്നു (Iain Akerman, arabnews online 29 December 2021). റാദിയയുടെ കഥ ദാരിന്റെ മനസ്സില്‍ വളര്‍ച്ച പ്രാപിച്ചു. അത് 'ഫര്‍ഹ' എന്ന, അവരുടെ കടിഞ്ഞൂല്‍ സന്തതിയായി പുനര്‍ജനിക്കുകയും ചെയ്തു (Farha/ 2021/ Jordan- Sweden- Saudi Arabia). അക്കൊല്ലം സെപ്തംബറില്‍ ടോറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രിമിയര്‍ ചെയ്ത ഫര്‍ഹയുടെ റീജ്യനല്‍ പ്രിമിയര്‍ അതേവര്‍ഷം ഡിസംബറില്‍ ജിദ്ദയിലെ റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കുമ്പോഴാണ് ദാരിന്‍ അറബ് ന്യൂസുമായി സംസാരിച്ചത്.


'എന്നിലേക്കെത്താന്‍ ആ കഥക്ക് വര്‍ഷങ്ങളോളം സഞ്ചരിക്കേണ്ടി വന്നു' ദാരിന്‍ പറയുന്നു: 'എന്നാല്‍ പിന്നീടതെന്നോടൊട്ടിനിന്നു. അടഞ്ഞതും ഇരുണ്ടതുമായ സ്ഥലങ്ങള്‍ കുട്ടിക്കാലത്തെന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ആ പെണ്‍കുട്ടിയെക്കുറിച്ചും അവള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചുമുള്ള ചിന്തകള്‍ എന്നെ വിടാതെ പിന്തുടര്‍ന്നു. അങ്ങനെ ഒരു സിനിമാക്കാരി എന്ന നിലയിലേക്ക് ഞാന്‍ വളര്‍ന്നപ്പോള്‍, എന്റെ ഡെബ്യൂ ഫീച്ചര്‍ അതായിരിക്കണമെന്ന് ഞാനുറച്ചു.' അന്തര്‍ദ്ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട, ഫര്‍ഹ എന്ന സിനിമയുടെ ജനനത്തെപ്പറ്റി അവര്‍ വിവരിക്കുകയാണ്.

തീര്‍ച്ചയായും ആ സിനിമ കണ്ടു കഴിഞ്ഞാല്‍ കുറച്ചു ദിവസത്തേക്കെങ്കിലും നിങ്ങളും ബാധാവിഷ്ടര്‍ (haunted) ആയിത്തീരും. താത്കാലികമായെങ്കിലും ബന്ധനഭീതിയും (claustrophobia) നിങ്ങളെ പിടികൂടിയേക്കാം. സിനിമയില്‍ പാതിയിലധികം സമയവും ഇരുട്ടാണ്. ഇരുട്ടുമുറിയില്‍ നിന്ന് വാതില്‍പ്പഴുതിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചവും ആ പഴുതിലൂടെ കാണാന്‍ പറ്റുന്ന ദൃശ്യവും മാത്രമാണ് ആ സമയത്ത് നമ്മളും കാണുക.

***** ***** *****

ഫര്‍ഹയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ അതേ ദിവസം തന്നെയാണ് സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം കീഴ്‌മേല്‍ മറിച്ച ദുരന്തവും ഉണ്ടാകുന്നത്. ആ ദുരന്തത്തെത്തന്നെയാണ് പിന്നീട് ഫലസ്തീനികള്‍ നക്ബ (catastrophe) എന്ന് വിളിച്ചതും. ബന്ധുവും ചങ്ങാതിയുമായ ഫരീദയെപ്പോലെ നഗരത്തിലെ സ്‌കൂളില്‍ നിന്ന് ഗണിതവും ഭൗതികവും പഠിക്കണമെന്ന് അവള്‍ കൊതിച്ചു. ഉമ്മയില്ലാത്ത മകളെ വിവാഹം കഴിപ്പിക്കാന്‍ കാലമായി എന്ന് വിശ്വസിക്കുന്ന, സ്‌നേഹനിധിയായ പിതാവിനോടവള്‍ കലഹിച്ചു. അവള്‍ ഖുര്‍ആന്‍ പഠനം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഗണിതത്തിലും ഭൗതികത്തിലുമുള്ള പരിജ്ഞാനം ഖുര്‍ആന്റെ ധാര്‍മികതത്വശാസ്ത്രത്തെ പൂര്‍ണമായറിയുന്നതിന് അനിവാര്യമാണെന്ന് അവള്‍ മനസ്സിലാക്കിയിട്ടുണ്ടാകാം. പിതാവിനോട് തികഞ്ഞ ആദരവും അനുസരണയുമുള്ളവളായതിനാല്‍ തന്റെ തീരുമാനത്തിന് അവള്‍ വഴങ്ങുമെന്ന് പൂര്‍ണമായും അറിയാമായിരുന്നിട്ടും ഗ്രാമമുഖ്യനും മുതിര്‍ന്ന നാട്ടുകാരണവരുമായ അബൂ ഫര്‍ഹ സ്വന്തം തീരുമാനം മാറ്റി, മകളുടെ ഇഷ്ടത്തിന് വഴങ്ങി. അത്യധികം ആഹ്ലാദത്തോടെ ഈ വിവരം കൂട്ടുകാരിയുമായി പങ്കുവെക്കുന്ന സമയത്താണ് വെടിയൊച്ചകളും സ്‌ഫോടന ശബ്ദങ്ങളും മുഴങ്ങിത്തുടങ്ങിയത്. ഏതൊരു ഹോളോകോസ്റ്റിനെക്കാളും ഭീകരമായ വംശഹത്യയുടെ ചരിത്രത്തിലെ അത്യധികം ഭയാനകമായ സംഭവങ്ങളിലൊന്ന് അരങ്ങേറുകയായിരുന്നു.


***** ***** *****

ചവിട്ടിക്കൊല്ലാന്‍ കാലുയര്‍ത്തിയ ശേഷം, പെട്ടെന്നുണ്ടായൊരലിവാല്‍ സയണിസ്റ്റ് സൈനികന്‍ വിട്ടേച്ചു പോയ ആ കുഞ്ഞിന്റെ കരച്ചില്‍ നിങ്ങളെ വിടാതെ പിന്തുടരും, ഉറുമ്പരിച്ചും ഈച്ചയാര്‍ത്തും കിടക്കുന്ന അവന്റെ മൃതശരീര ദൃശ്യവും. ജീവിതത്തിലൊരിക്കലും ഫര്‍ഹയും അത് മറക്കില്ല. നിലവറയുടെ വാതിലിന്റെ ദ്വാരത്തിലൂടെ പല കാഴ്ചകളും കാണുന്നുണ്ടവള്‍. റാദിയയുടെ കണ്ണില്‍ പതിഞ്ഞതല്ല ആ കാഴ്ചകള്‍. എന്നാല്‍, അത് ഫര്‍ഹയുടെ മതിഭ്രമമോ സല്ലാമിന്റെ ഭാവനയോ അല്ല താനും. ഫലസ്തീനില്‍ 1948ല്‍ സംഭവിച്ചതും ഇപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കുന്നതുമൊക്കെ അത് തന്നെയാണ്. നിലനില്‍ക്കാനുള്ള ഒരു ജനതയുടെ അവകാശത്തെ, അവരുടെ ആത്മാഭിമാനത്തെപ്പോലും കൊളോണിയല്‍ ശക്തികളുടെ പിന്തുണയാല്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വംശീയ മുഷ്‌കിന്റെ നേര്‍ച്ചിത്രങ്ങള്‍.

***** ***** *****

അല്‍ഖാസിമിന്റെ ഒരു കവിത ഇങ്ങനെ വായിക്കാം.

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

പ്രപഞ്ചങ്ങളുടെ ഉടയവനേ..

നിന്നെ വിശ്വസിക്കുന്നു ഞങ്ങള്‍, ഒരായിരം മടങ്ങ്

ക്ലേശങ്ങളുടെ വിളഭൂമിയില്‍ നിന്ന്

ഈ പദങ്ങള്‍ നിന്നിലേക്കയക്കുന്നു

പട്ടിണിയാല്‍ മെലിഞ്ഞ മലകളുടെ താഴ്‌വാരങ്ങളില്‍ നിന്ന്

മുള്‍പ്പടര്‍പ്പില്‍ വീണു മരിച്ച കഴുകന്‍

ഇച്ഛാഭംഗത്താല്‍ പറന്നുയര്‍ന്ന ഉച്ചിയില്‍ നിന്ന്

വേദനിപ്പിക്കുന്ന ഓര്‍മകളുടെ പായ്ക്കപ്പലുകള്‍ മാത്രമുള്ള,

ദ്വീപുകളില്ലാത്ത സമുദ്രങ്ങളില്‍ നിന്ന്

ജീവന്‍ ചങ്ങലക്കിടപ്പെട്ട ഒരു ഭ്രൂണത്തില്‍ നിന്ന്

എഴുതപ്പെടുന്ന വരികള്‍..

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

അനാഥര്‍ തങ്ങളുടെ പ്രാര്‍ത്ഥനകളാല്‍ ക്ഷീണിതരാണ്

സ്വര്‍ഗസ്ഥനായ പിതാവേ,

വര്‍ഷങ്ങളൊട്ടേറെയായിട്ടും

ഇപ്പോഴും പ്രാര്‍ത്ഥന തുടരുന്നു ഞങ്ങള്‍

സ്വര്‍ഗസ്ഥനായ പിതാവേ,

എന്നിട്ടും ഞങ്ങളിപ്പോഴും പട്ടിണിയാണ്, നഗ്‌നരുമാണ്

സ്വര്‍ഗസ്ഥനായ പിതാവേ,

ഇപ്പോഴും ഞങ്ങള്‍ അഭയാര്‍ത്ഥികളുടെ ശേഷിപ്പുകള്‍...'

***** ***** *****

1948ലെ സംഭവങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് ഫലസ്തീന്‍ പ്രശ്‌നത്തെ വിശകലനം ചെയ്യാന്‍ പറ്റില്ല. ഒരു ജനതയെ പൂര്‍ണമായും പുറത്താക്കിയും ഒരു പ്രദേശത്തെയും സംസ്‌കാരത്തെയും തുടച്ചു നീക്കിയും വന്‍ശക്തികളുടെ പിന്തുണയോടെ മറ്റൊരു രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രമാണത്. ഹൈഫ, ജാഫ, ദയ്ര്‍ യാസീന്‍, ഏക്ര, റാമല്ല, ലിദ്ദ, തുടങ്ങി യരുശലേം വരെയുള്ള സ്ഥലങ്ങളിലെ സംഭവങ്ങളിലൂടെ കടന്നുപോയ ഫലസ്തീനികളുടെ (ഇസ്രായേല്യരുടെയും) കഥകള്‍ കേള്‍ക്കുക.

ചരിത്രത്തില്‍ അല്‍പമെങ്കിലും ഇതിനോട് സാദൃശ്യമുള്ള സംഭവം, ക്രിസ്റ്റഫര്‍ കൊളംബസിന് ശേഷം നടന്ന അമേരിക്കന്‍ കുടിയേറ്റമാണ്.

രക്തം ഉറഞ്ഞു പോകുന്ന ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് നടക്കുന്ന വംശഹത്യയും. പലരും പ്രചരിപ്പിക്കുന്നത് പോലെ ഹമാസിന്റെ ആക്രമണത്തിനുള്ള തിരിച്ചടിയല്ലത്.


ആന്‍ഡി ട്രിംലെറ്റ്, അഹ്‌ലാം മുഹ്തസബ് എന്നിവര്‍ തയ്യാറാക്കിയ 1948: Creation and Catastrophe എന്ന ഡോക്യുമെന്ററി അവി ശ്ലൈം, ബെന്നി മോറിസ്, ഇലാന്‍ പപ്പെ എന്നീ ചരിത്ര പണ്ഡിതരുടെ നിരീക്ഷണങ്ങളിലൂടെ സഞ്ചരിക്കുന്നു. രാഷ്ട്രതന്ത്ര പണ്ഡിതനായ ഫരീദ് അബ്ദുന്നൂറും ഇതില്‍ വരുന്നുണ്ട്. ബെന്നി മോറിസിന്റെ The Birth of the Palestinian Refugee Problem, 1947-1949 എന്ന പുസ്തകത്തെ അവലംബിച്ച് ബെന്നി ബ്രണ്ണറും അലെക്‌സാന്ദ്ര ജാന്‍സീയും ചേര്‍ന്ന് Al-Nakba: The Palestinian Catastrophe 1948 എന്ന പേരില്‍ ചെയ്ത ഡോക്യുമെന്ററിയും വിഖ്യാതമാണ്. അതില്‍ അല്‍ഖാസിമിന്റെ മേല്‍ക്കുറിച്ച കവിതയും വരുന്നുണ്ട്.

Al-Nakba: the Palestinian Catastrophe എന്ന പേരില്‍ റവാന്‍ ദാമന്‍ എന്ന അറേബ്യന്‍ ചലച്ചിത്രകാരി നിര്‍മിച്ച, അല്‍ജസീറയുടെ ഒരു ഡോക്യുമെന്ററി സീരീസ് ഉണ്ട്. സയനിസ്റ്റ് വംശീയതയുടെ ഫലസ്തീന്‍ അധിനിവേശത്തിന്റെയും അതിലെ സാമ്രാജ്യത്വ ജിയോപൊളിറ്റിക്കല്‍ താത്പര്യങ്ങളുടെയും ആഖ്യാനമാണത്.

TAGS :