Quantcast
MediaOne Logo

ഡോ. രാം പുനിയാനി

Published: 11 Sep 2023 4:04 AM GMT

സനാതന ധര്‍മം ഹിന്ദുത്വ ബ്രാഹ്മണിസത്തിന്റെ പ്രതീകമാണ്

സനാതന എന്ന വാക്കിന് ദീര്‍ഘകാല ചരിത്രമുണ്ട്. ബുദ്ധിസത്തിലും ജൈനിസത്തിലും തുടങ്ങി ഒടുക്കം മനുസ്മൃതിയില്‍ ഇടം കണ്ടെത്തി, ഇന്ന് ഹിന്ദുത്വ ബ്രാഹ്മണിസത്തിന്റെ പ്രതീകമായി അത് മാറിയിരിക്കുന്നു.

ഉദയനിധി സ്റ്റാലിന്‍
X

ഹിന്ദു മതം എന്നത് ഒരു പ്രവാചക മതമോ ഒരേയൊരു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള മതമോ അല്ല. ഹിന്ദു എന്ന വാക്ക് പോലും അതിലെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടതുമല്ല. അതുകൊണ്ടു തന്നെ വിവിധ പരിഷ്‌കര്‍ത്താക്കള്‍ക്കും വ്യാഖ്യാതാക്കള്‍ക്കും വിവിധങ്ങളായ അര്‍ഥതലത്തില്‍ ഹിന്ദു മതത്തെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്രവും ഇത് നല്‍കുന്നു; അതൊരു 'മതമല്ല ജീവിത രീതിയാണ്' എന്ന് വരെ വ്യാഖ്യാനിക്കപ്പെടുന്നു. അതുപോലെ തന്നെ ബ്രാഹ്മണ (വൈദിക, മനുസ്മൃതി, ജാതി, ലിംഗശ്രേണി അടിസ്ഥാനത്തിലുള്ളത്) ശ്രാമണ (നാഥ്, തന്ത്രം, ഭക്തി, ശൈവ, സിദ്ധാന്ത) പാരമ്പര്യങ്ങള്‍ക്ക് കീഴില്‍ തരംതിരിക്കാന്‍ കഴിയുന്ന അനേകം പ്രവണതകളുടെ കൂടിച്ചേരലും കൂടിയാണത്.

സനാതന എന്ന വാക്ക് 'ശാശ്വത മതങ്ങള്‍' എന്നതിനെ സൂചിപ്പിക്കാനും ഉപയോഗിച്ച് പോരുന്നു. ധര്‍മം എന്ന വാക്കും മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റുന്നത് അത്ര എളുപ്പമല്ല. അത് വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് ആത്മീയ ക്രമം, വിശുദ്ധ നിയമങ്ങള്‍, സാമൂഹികവും ധാര്‍മികവും ആത്മീയവുമായ ഐക്യത്തിന്റെ സമ്പൂര്‍ണ്ണത എന്നിവയെക്കൂടി പ്രതിനിധാനം ചെയ്യുന്നു. ശശി തരൂര്‍ അദ്ദേഹത്തിന്റെ 'Why I am a Hindu' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത് ധര്‍മം എന്നത് 'that by which we live' എന്നാണ്. സങ്കീര്‍ണതകള്‍ മാറ്റി നിര്‍ത്തി, സനാതന ധര്‍മം എന്നത് ഹിന്ദു മതത്തെ പ്രത്യേകിച്ച് ജാതി, ലിംഗശ്രേണി അടിസ്ഥാനത്തിലുള്ള അതിന്റെ ബ്രാഹ്മണ രൂപത്തെ കുറിക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ച് പോരുന്നത്. ഹിന്ദുമതം ഒരു ബ്രാഹ്മണ ദൈവിക ശാസ്ത്രമാണെന്ന് ബി.ആര്‍ അംബേദ്കര്‍ പറഞ്ഞതും ഈ അര്‍ഥത്തിലാണ്. ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ പ്രകടനമായ ഹിന്ദുത്വയുടെ വേരുകള്‍ ചെന്നെത്തുന്നതും ഹിന്ദു മതത്തില്‍ തന്നെ. മനുസ്മൃതി ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെ പരമ്പരാഗത ജാതി ശ്രേണിയെയും അത് പിന്താങ്ങുന്നു. ഒരുതരത്തില്‍, സനാതന ധര്‍മം ഇന്ന് ജാതിവ്യവസ്ഥയെ പ്രതിനിധീകരിക്കുന്നു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് സനാതന ധര്‍മമെന്നാണ് ഉദയനിധി പറഞ്ഞു വെച്ചത്. അംബേദ്കറും പെരിയാറും അവരുടേതായ രൂപത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

'സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യുക' എന്ന ഉദയനിധിയുടെ ആഹ്വാനത്തെ ഈയൊരു പശ്ചാത്തലത്തിലാണ് മനസിലാക്കേണ്ടതും. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്റെ മകനും സംസ്ഥാന യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി, ജാതി സമത്വത്തിനു വേണ്ടിയും പുരുഷാധിപത്യത്തിതിരെയും സംസാരിച്ച ആത്മാഭിമാന പ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍ പെരിയാര്‍ രാമസാമി നായ്കരുടെ അതേ പാരമ്പര്യത്തില്‍ നിന്നാണ് വരുന്നത്.

സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തിപ്പോന്ന ബ്രാഹ്മണ വ്യവസ്ഥകളുടെ നിശിത വിമര്‍ശകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് തൊട്ട് മുമ്പ് അംബേദ്കര്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ബാപ്പുസാഹേബ് സഹസ്ത്രബുദ്ധയുമൊത്ത് മനുസ്മ്രിതി കത്തിക്കുന്നതിനു മേല്‍നോട്ടം വഹിച്ചിരുന്നു. അംബേദ്കറുടെ അഭിപ്രായത്തില്‍ ജാതി ഉച്ഛനീചത്വങ്ങളുടെ കലവറയാണ് മനുസ്മൃതി. ബ്രാഹ്മണിസത്തിന്റെ - ഇപ്പോള്‍ സനാതന ധര്‍മം എന്ന് വിളിക്കപ്പെടുന്ന - പിടിയിലകപ്പെട്ട സമൂഹത്തെയോര്‍ത്ത് വേദനിച്ച അംബേദ്കര്‍, 1939 ഒക്ടോബര്‍ 13 ന് നാസിക്കിലെ Yeola യില്‍ നടത്തിയ വിഖ്യാതമായ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത് 'ഞാന്‍ ഹിന്ദുവായി ജനിച്ചു; അതെന്റെ കയ്യിലില്ലാത്ത കാര്യമായിരുന്നു, എന്നാല്‍ ഞാനൊരു ഹിന്ദുവായി മരിക്കില്ല' എന്നായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് സനാതന ധര്‍മമെന്നാണ് ഉദയനിധി പറഞ്ഞു വെച്ചത്. അംബേദ്കറും പെരിയാറും അവരുടേതായ രൂപത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.


'ഉദയനിധി സനാതന ധര്‍മത്തെ മലേറിയയോടും ഡെങ്കിയോടും ഉപമിച്ചു. ചുരുക്കത്തില്‍, സനാതന ധര്‍മത്തെ പിന്തുടരുന്ന ഭാരതത്തിലെ 80% വരുന്ന ജനങ്ങളെ വംശഹത്യ ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്' അദ്ദേഹത്തോട് പ്രതികരിച്ചു കൊണ്ട് ബി.ജെ.പി വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ഉദയനിധി പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കുക മാത്രമല്ല മാളവ്യ ചെയ്തിരിക്കുന്നത്, ഹിന്ദു മതം എന്നത് സനാതന ധര്‍മയുടെ പര്യായമാണെന്ന് സ്ഥിരീകരിക്കുക കൂടിയാണ്. യഥാര്‍ഥത്തില്‍ ഉദയനിധി ആവശ്യപ്പെടുന്നത് ജാതിയുടെ ഉന്മൂലനത്തെയാണ്, ജനങ്ങളുടെയല്ല. ജാതിയെ ഉന്മൂലനം ചെയ്യാന്‍ അംബേദ്കര്‍ ആവശ്യപ്പെട്ടതും വംശീയ ഉന്മൂലന ആഹ്വാനത്തിലൂടെയല്ല. അതുകൊണ്ട് തന്നെ അംബേദ്കറിന്റെ ഉദ്ദേശവും ഉദയനിധിയുടെ അഭിലാഷങ്ങളും ഒന്ന് തന്നെയാണ്. ഡി.എം.കെ, പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ' യുടെ ഭാഗമായതിനാലാണ് ബി.ജെ.പി നേതാക്കള്‍ ബോധപൂര്‍വം അദ്ദേഹത്തിന്റെ പ്രസ്താവനയെ വളച്ചൊടിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചുവെന്നും ഉദയനിധിയുടെ വാക്കുകള്‍ വിദ്വേശ പ്രസംഗത്തിന് തുല്യമാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു പൊതുവേദിയില്‍ പറഞ്ഞത്. യഥാര്‍ഥത്തില്‍ ഒരു അസമത്വ വ്യവസ്ഥയെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത് വിദ്വേഷ പ്രസംഗം ആവില്ല. അംബേദ്കറും പെരിയാറും പറഞ്ഞതിനോട് യോജിച്ചു നില്‍ക്കുന്നത് തന്നെയാണത് - ബ്രാഹ്മണ ഹിന്ദുത്വയെ സനാതന ധര്‍മ്മമായി സ്വയം അവതരിപ്പിക്കുന്നു എന്നതാണ് പ്രധാന കാര്യം.


രാജ്യത്തെ ഒന്നിപ്പിക്കാനും തൊട്ടുകൂടായ്മക്കെതിരെയും ഗാന്ധി പോരാടിയപ്പോള്‍ അദ്ദേഹം സനാതന ധര്‍മത്തിലും ഹിന്ദു മതത്തിലുമാണ് സ്വയം തിരിച്ചറിഞ്ഞത്. 1932നു ശേഷമുള്ള കുറച്ച് വര്‍ഷങ്ങള്‍ തൊട്ടുകൂടായ്മക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും ദലിതരുടെ ക്ഷേത്ര പ്രവേശന അവകാശ സമരങ്ങളിലുമാണ് ഗാന്ധി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ബുദ്ധമതം പോലുള്ള ഇന്ത്യയിലെ വിവിധ മത പാരമ്പര്യങ്ങളും അവയെ സ്വയം പരിചയപ്പെടുത്തുന്നത് 'സനാതന' എന്നോ ശാശ്വതം എന്നോ ആണ്. സനാതന എന്ന വാക്ക് ഹിന്ദു മതത്തിലേക്ക് ചേര്‍ത്ത് ഒരു ബ്രാഹ്മണിസത്തിന്റെയും ദേശീയതയുടെയും മിശ്രിതം സൃഷ്ടിക്കുക എന്നതാണ് ഇന്ന് ആര്‍.എസ്.എസ് പിന്തുടരുന്ന തന്ത്രം. അതിനാല്‍ തന്നെ, ഉദയനിധി ഹീനമായ ജാതിക്രമത്തെ വിശദീകരിക്കാന്‍ ശക്തമായ പ്രതീകംതന്നെ ഉപയോഗിച്ചു. ജാതിശ്രേണിയെ പിന്തുണയ്ക്കുന്ന മൂല്യങ്ങളുടെ നിര്‍മാര്‍ജനത്തിന് വിദ്വേഷ പ്രസംഗത്തിന്റെ ആരോപണം ബാധകമാകില്ല.

ഉദയനിധിയുടെ പ്രസ്താവനയെ മുന്‍ നിര്‍ത്തി വസ്തുത വിരുദ്ധമായ ആരോപണങ്ങളിലൂടെ, കോണ്‍ഗ്രസ്സിനെയും 'ഇന്‍ഡ്യ' സഖ്യത്തെയും ആക്രമിക്കാനാണ് ബി.ജെ.പി നേതാക്കളും വക്താക്കളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനതയെ അവരുടെ വ്യത്യസ്തമായ സംസ്‌കാരങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യ എന്ന കുടക്കീഴില്‍ അണിനിരത്തിയ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി. അതേസമയം വിവിധ സാമൂഹിക പരിഷ്‌കാരങ്ങളെയും അവര്‍ പ്രോത്സാഹിപ്പിച്ചു.

ഏതു വിധേനയും ഭരണം പിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. 'സനാതന ധര്‍മത്തെയും ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും നിങ്ങള്‍ അനാദരിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.

വാസ്തവത്തില്‍ ജാതിവ്യവസ്ഥ ഒരുപാട് കാലമായി നിലനില്‍ക്കുന്നു. അംബേദ്കറിന്റെയും പെരിയാറിന്റെയും ഗാന്ധിയുടെ പോലും സമരങ്ങള്‍ മികച്ച തുടക്കങ്ങളായിരുന്നു, എന്നാല്‍ പാതി വഴിയില്‍ നിന്ന് പോയി. പല നേട്ടങ്ങളും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ റദ്ദ് ചെയ്യപ്പെട്ടു. ഉപയോഗിച്ച പദങ്ങളെ ചൊല്ലി തര്‍ക്കിക്കുന്നതിനു പകരം ജാതിയെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തിന്റെ ദി ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ എഴുതിയത് പോലെ, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഏറ്റവും മികച്ച വശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നതാണ് വസ്തുത. 'She [India] was like some ancient palimpsest on which layer upon layer of thought and reverie had been inscribed, and yet no succeeding layer had completely hidden or erased what had been written previously.'

പ്രശ്‌നം ഇന്ത്യാ സഖ്യം രൂപീകരിക്കുന്ന കക്ഷികളുടേതല്ല. ബി.ജെ.പി.യുടെയും കൂട്ടരുടെയും പ്രശ്നമാണ്, അവര്‍ക്ക് സംസ്‌കാരം എന്നത് ബ്രാഹ്മണ ഭൂതകാലവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമാണ്. വാസ്തവത്തില്‍ ജാതിവ്യവസ്ഥ ഒരുപാട് കാലമായി നിലനില്‍ക്കുന്നു. അംബേദ്കറിന്റെയും പെരിയാറിന്റെയും ഗാന്ധിയുടെ പോലും സമരങ്ങള്‍ മികച്ച തുടക്കങ്ങളായിരുന്നു, എന്നാല്‍ പാതി വഴിയില്‍ നിന്ന് പോയി. പല നേട്ടങ്ങളും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ റദ്ദ് ചെയ്യപ്പെട്ടു. ഉപയോഗിച്ച പദങ്ങളെ ചൊല്ലി തര്‍ക്കിക്കുന്നതിനു പകരം ജാതിയെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സനാതന എന്ന വാക്കിന് തീര്‍ച്ചയായും നീണ്ടൊരു യാത്രയുണ്ട്. ബുദ്ധിസത്തിലും ജൈനിസത്തിലും തുടങ്ങി ഒടുക്കം മനുസ്മൃതിയില്‍ ഇടം കണ്ടെത്തി, ഇന്ന് ഹിന്ദുത്വ ബ്രാഹ്മണിസത്തിന്റെ പ്രതീകമായി അത് മാറിയിരിക്കുന്നു. അതിനെ ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റുന്നതിനുപകരം, ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി സമത്വമുള്ള ഒരു സമൂഹത്തിനായുള്ള പരിഷ്‌കാരങ്ങളാണ് നമുക്ക് വേണ്ടത്. കൂടാതെ, ഒന്നുകൂടെ വ്യക്തമാക്കുവാന്‍ വേണ്ടി പറയുകയാണെങ്കില്‍, ഉദയനിധിയുടെ അഭിപ്രായം 'ഇന്‍ഡ്യ' സഖ്യത്തിന്റേതല്ല, ബി.ജെ.പിക്ക് എത്രത്തോളം ഇതൊരു തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുവാന്‍ കഴിയുമെന്നത് കണ്ടറിയണം. കര്‍ണാടകയില്‍ ബജ്റംഗ്ബലിയെ ഉപയോഗിച്ചതും തിരികെ അവരുടെ തന്നെ മുഖത്ത് വീണതും നമുക്ക് ഓര്‍ക്കുകയും ചെയ്യാം.

കടപ്പാട്: ന്വൂസ്‌ക്ലിക്ക്.ഡോട്‌കോം | വിവര്‍ത്തനം: ഡാനിഷ് അഹ്മദ് എ.കെ


TAGS :