Quantcast
MediaOne Logo

ഗീതു രാജേന്ദ്രന്‍

Published: 18 Oct 2022 2:36 PM GMT

സര്‍ഫാസിയുടെ നീരാളിപ്പിടുത്തം

ഇരുപത് വര്‍ഷമായി വായ്പയെടുത്തവരുടെ തലയ്ക്കുമീതെ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങുന്ന സര്‍ഫാസിയെ പിടിച്ചുകെട്ടാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. വന്‍കിടക്കാര്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിക്കുന്ന സാഹചര്യത്തിലാണ് സര്‍ഫാസി കൊണ്ടുവന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, വന്‍ക്കിടക്കാരെ ഒന്നും ചെയ്യാത്ത സര്‍ഫാസി ഊരാക്കുടുക്കിലാക്കുന്നത് ഇടത്തരക്കാരെയും പാവപ്പെട്ടവരെയുമാണ്. വന്‍ക്കിടക്കാരുടെ കോടാനുകോടിവരുന്ന ബാധ്യതകള്‍ കിട്ടാക്കടമായി എഴുതി തള്ളിയ ബാങ്കുകള്‍ സര്‍ഫാസിയെ കൂട്ടൂപിടിച്ച് കുരുക്കിലാക്കിയത് പാവപ്പെട്ടവരെയാണ്.

സര്‍ഫാസിയുടെ നീരാളിപ്പിടുത്തം
X

2018 നവംബറില്‍ ഇടുക്കി കീരിത്തോട് പുന്നയാര്‍ പെട്ടിക്കാപ്പിള്ളിയില്‍ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു...

2019 മേയില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് വീട് ജപ്തി ചെയ്യാനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ചു...

മൂവാറ്റുപുഴ പായിപ്രയില്‍ അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ പുറത്താക്കി ബാങ്ക് ഉദ്യോഗസ്ഥര്‍ വീടു ജപ്തി ചെയ്തത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്...

സെപ്റ്റംബറില്‍ വീടിന് മുന്നില്‍ ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം ഇതില്‍ ഒടുവിലെത്തേത്...

ഇത്തരം സംഭവങ്ങള്‍ ഇനിയും തുടരാം. ബാങ്ക് വായ്പകളെടുക്കുന്നവരെ ആത്മഹത്യാ മുനമ്പിലേക്കും കുടുംബങ്ങളെ തീരാദുഃഖങ്ങളിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ് സര്‍ഫാസി നിയമം. 20 വര്‍ഷമായി വായ്പയെടുത്തവരുടെ തലയ്ക്കുമീതെ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങുന്ന സര്‍ഫാസിയെ പിടിച്ചുകെട്ടാന്‍ മാറിവന്ന സര്‍ക്കാരുകള്‍ക്കും സാധിക്കുന്നില്ല. വന്‍കിടക്കാര്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിക്കുന്ന സാഹചര്യത്തിലാണ് സര്‍ഫാസി കൊണ്ടുവന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, വന്‍ക്കിടക്കാരെ ഒന്നും ചെയ്യാത്ത സര്‍ഫാസി ഊരാക്കുടുക്കിലാക്കുന്നത് ഇടത്തരക്കാരെയും പാവപ്പെട്ടവരെയുമാണ്. വന്‍ക്കിടക്കാരുടെ കോടാനുകോടിവരുന്ന ബാധ്യതകള്‍ കിട്ടാക്കടമായി എഴുതി തള്ളിയ ബാങ്കുകള്‍ സര്‍ഫാസിയെ കൂട്ടൂപിടിച്ച് കുരുക്കിലാക്കിയത് പാവപ്പെട്ടവരെയാണ്.

എളുപ്പത്തില്‍ തോന്നും പോലെ ബാങ്കുകള്‍ക്ക് ജപ്തിയിലേക്ക് കടക്കാന്‍ സാധിക്കില്ല. ഇതിന് കൃത്യമായ നടപടിക്രമം പാലിക്കണം. റിസര്‍വ് ബാങ്ക് ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പിടുവിച്ചിട്ടുണ്ട്. താത്കാലികമായി സംഭവിച്ച വീഴ്ചകളുടെ അടിസ്ഥാനത്തില്‍ കിട്ടാക്കടം പ്രഖ്യാപിക്കാന്‍ സാധിക്കില്ല. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചാല്‍ പോലും ബാങ്കുകള്‍ക്ക് ഉടനെ ജപ്തിയിലേക്ക് കടക്കാന്‍ സാധിക്കില്ല. നിഷ്‌ക്രിയ ആസ്തി ഒരുലക്ഷത്തിന് മുകളിലുള്ള സെക്വേഡ് വായ്പകള്‍ക്കാണ് ഈ നിയമം ബാധകം.

എന്താണ് സര്‍ഫാസി നിയമം?

സര്‍ഫാസി നിയമം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സെക്ക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് ഇന്ററസ്റ്റ് ആക്ട് 2002-ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത്. വസ്തു പണയപ്പെടുത്തിയെടുക്കുന്ന വായ്പയുടെ തിരിച്ചടവ് തുടര്‍ച്ചയായി മൂന്ന് തവണ മുടങ്ങിയാല്‍ ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരമാണ് സര്‍ഫാസി നിയമം നല്‍കുന്നത്. തുടര്‍ച്ചയായി മൂന്ന് ഗഡുക്കള്‍ കുടിശ്ശിക വരുത്തുന്ന അക്കൗണ്ടിനെ നിഷ്‌ക്രിയ ആസ്തി അഥവാ കിട്ടാക്കടമായി പ്രഖ്യാപിക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ഫാസി വഴി സാധിക്കും. അതോടെ ഈടുവസ്തു ബാങ്കുകള്‍ക്ക് നേരിട്ട് പിടിച്ചെടുക്കാനും വില്‍ക്കാനും നിയമം അധികാരം നല്‍കുന്നു. സിവില്‍ കോടതി, ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണലുകള്‍, ഡെബ്റ്റ്സ് റിക്കവറി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ വഴിയാണ് സര്‍ഫാസിക്ക് മുമ്പ് നിഷ്‌ക്രിയ ആസ്തിയായ അക്കൗണ്ടിലെ കിട്ടാക്കടം തിരിച്ചെടുക്കാന്‍ ബാങ്കുകള്‍ സമീപിച്ചിരുന്നത്. വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമായിരുന്നു ട്രിബ്യൂണലുകളും കോടതികളും വഴി കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍. ധാരാളം അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായാല്‍ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുക്കുത്തുകയും രാജ്യത്തിന്റെ വരെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തിലാണ് കാര്യമായ ഒച്ചപ്പാടുകളില്ലാതെ പാര്‍ലമെന്റ് സര്‍ഫാസി ആക്ട് പാസാക്കുന്നത്.

കോടതികളുടെ ഇടപടലുകളില്ലാതെ ബാങ്കുകള്‍ക്ക് നേരിട്ട് ജപ്തി നടപടികളിലേക്കെത്താന്‍ സര്‍ഫാസി സഹായിക്കുന്നു. കിട്ടാക്കടങ്ങള്‍ക്ക് മേലുള്ള പണയവസ്തുകളില്‍ ബാങ്കുകള്‍ക്ക് എന്തു നടപടിയും സ്വീകരിക്കാം. നിഷ്‌ക്രിയ ആസ്തിയുടെ വേഗതിലും കാര്യക്ഷമവുമായി തിരിച്ചുപിടിക്കല്‍, തിരിച്ചടവ് മുടങ്ങിയാല്‍ ജാമ്യവസ്തുക്കള്‍ ലേലം ചെയ്യുന്നതിന് അനുമതി എന്നിവയാണ് സര്‍ഫാസി നിയമം ലക്ഷ്യംവെച്ചത്. കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇത്തരം കാര്യങ്ങള്‍ ബാങ്കിന് ചെയ്യാന്‍ സാധിക്കും. പണയവസ്തുവായ ആസ്തിയില്‍ ആള്‍ത്താമസമുണ്ടെങ്കില്‍ നേരിട്ട് ഒഴിപ്പിക്കാനും ബാങ്കിന് സാധിക്കും.

എന്നാല്‍, അങ്ങനെ എളുപ്പത്തില്‍ തോന്നും പോലെ ബാങ്കുകള്‍ക്ക് ജപ്തിയിലേക്ക് കടക്കാന്‍ സാധിക്കില്ല. ഇതിന് കൃത്യമായ നടപടിക്രമം പാലിക്കണം. റിസര്‍വ് ബാങ്ക് ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പിടുവിച്ചിട്ടുണ്ട്. താത്കാലികമായി സംഭവിച്ച വീഴ്ചകളുടെ അടിസ്ഥാനത്തില്‍ കിട്ടാക്കടം പ്രഖ്യാപിക്കാന്‍ സാധിക്കില്ല. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചാല്‍ പോലും ബാങ്കുകള്‍ക്ക് ഉടനെ ജപ്തിയിലേക്ക് കടക്കാന്‍ സാധിക്കില്ല. നിഷ്‌ക്രിയ ആസ്തി ഒരുലക്ഷത്തിന് മുകളിലുള്ള സെക്വേഡ് വായ്പകള്‍ക്കാണ് ഈ നിയമം ബാധകം. ഒരു ലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍ മുഴുവന്‍ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കാന്‍ ബാക്കിവരുന്ന സാഹചര്യം എന്നിവയ്ക്ക് നിയമം ബാധകമല്ല.


2016 ആഗസ്റ്റില്‍ നിയമഭേദഗതിയിലൂടെയാണ് സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമത്തിന്റെ പരിധിയിലായത്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതിനു മുന്നേ 2003-ല്‍ കിട്ടാക്കടം പിരിച്ചെടുക്കാന്‍ സര്‍ഫാസി നിയമപ്രകാരം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് സംസ്ഥാന സഹകരണ രജിസ്റ്റാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വീട് ജപ്തി ചെയ്ത് വീട്ടില്‍ നിന്ന് ആളുകളെ ഇറക്കിവിടുന്ന സാഹചര്യങ്ങള്‍ കുറവായിരുന്നു. ജനങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞ സഹകരണ ബാങ്കുകള്‍ക്ക് സാമൂഹിക ബാധ്യതയുള്ളത് കൊണ്ടാണ് കുടിയിറക്കല്‍ പോലുള്ള നടപടികള്‍ കുറഞ്ഞത്. എന്നാല്‍, ഈയടുത്ത് നടന്ന സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് മറ്റുതരത്തിലേക്കാണ്. അതിനുള്ള ഒരു കാരണമായി പറയുന്നത് വായ്പാത്തിരിച്ചടവിന് മൊറട്ടോറിയം നല്‍കുന്നത് നീട്ടിക്കൊണ്ടുപോകാനോ പലിശ ഇളവു നല്‍കാനോ സഹകരണമേഖലയ്ക്ക് കഴിയില്ല എന്നതാണ്. പലിശ കൊടുത്തതില്‍ നിന്നുള്ള നിക്ഷേപമാണ് വായ്പയായി നല്‍കുന്നത് എന്നതിനാല്‍ ഒരു പരിധിക്ക് പുറത്തുള്ള നീട്ടലും ഇളവും ഇവര്‍ക്ക് നല്‍കാന്‍ കഴിയില്ല.

ലേലത്തിന് കമ്പനികളും നടപടികളും

കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ലേലനടപടികള്‍ക്ക് സര്‍ഫാസി ജന്മം കൊടുത്ത ഏജന്‍സികളാണ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍. സര്‍ഫാസി നിയമം പ്രകാരമുള്ള ലേലനടപടികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ബിസിനസ് കമ്പനികളാണിത്. ആര്‍.ബി.ഐ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു. നിഷ്‌ക്രിയ ആസ്തിയായ വായ്പകളില്‍ ബാങ്ക് ഒരു ഡിമാന്റ് നോട്ടീസ് തയ്യാറാക്കി വായ്പക്കാരനോ ജാമ്യക്കാരനോ/അദ്ദേഹത്തിന്റെ ഏജന്റുമാര്‍ക്കോ രജിസ്റ്റേര്‍ഡ് പോസ്റ്റായി അയക്കും. ഇതിന്റെ മടക്ക രസീത് കിട്ടിയാല്‍ നോട്ടീസ് കൈപ്പറ്റിയ തീയതി മുതല്‍ 60 ദിവസത്തേയ്ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ വായ്പ്പക്കാരന് അവസരം നല്‍കും. 60 ദിവസത്തില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കിന്റെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രസ്തുത അധികാര സ്ഥാപനം ആസ്തികള്‍ ഏറ്റെടുത്ത് ബാങ്കിന് കൈമാറുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് എടുക്കുന്ന തീരുമാനം മറ്റു കോടതികള്‍ക്കോ അധികാര സ്ഥാപനത്തിനോ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. നടപടി നേരിടുന്നവര്‍ക്ക് പരാതിയുണ്ടങ്കില്‍ 45 ദിവസത്തിനകം 'ഡെബ്റ്റ് റിക്കവറി' ട്രിബ്യൂണലിനെ സമീപിക്കാം. അനുകൂലമായ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ 30 ദിവസത്തിനകം വായ്പ്പക്കാരന് നിശ്ചിത തുക ഒടുക്കിക്കൊണ്ട് ഡെബ്റ്റ്‌സ് റിക്കവറി അപ്പെലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. എന്നാല്‍, കെട്ടിവയ്‌ക്കേണ്ട തുക മിക്കപ്പോഴും കടബാധ്യതയുടെ 50 ശതമാനമാകുന്നതിനാല്‍ സാധാരണക്കാരായവര്‍ക്ക് അത് താങ്ങില്ല.

ഗുജറാത്തിലെ എ.ബി.ജി ഷിപ്‌യാര്‍ഡ് കമ്പനി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കബളിപ്പിച്ചത് 22,842 കോടി രൂപയാണ്. 2009-ല്‍ 7,136 കോടി രൂപയുടെ തട്ടിപ്പാണ് സത്യം കംപ്യൂട്ടേഴ്സ് സര്‍വീസ് ലിമിറ്റഡിന്റെ പേരില്‍ രാംലിംഗ രാജു നടത്തിയത്. വജ്ര വ്യാപാരിയായ നീരവ് മോദി 2018-ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 22,585 കോടി രൂപയുടെത് തിരിച്ചടയ്ക്കാതെയാണ് രാജ്യംവിടുന്നത്. ഇതേ തട്ടിപ്പില്‍ ബന്ധുവായ മെഹുല്‍ ചോക്സിക്കും സുഖമായി രാജ്യം വിടാന്‍ സാധിച്ചു. കിങ് ഫിഷര്‍ ഉടമ വിജയ് മല്യ 6,200 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു.

ചുരുക്കത്തില്‍ വായ്പയെടുക്കേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് മുന്നില്‍ അഴിയാക്കുരുക്ക് തീര്‍ക്കുന്ന ഒന്നാണ് സര്‍ഫാസി നിയമം. കടമെടുത്ത തുകയുടെയോ സാമ്പത്തിക ആസ്ഥിയുടേയോ അടിസ്ഥാനത്തില്‍ കടക്കാരെ സര്‍ഫാസി നിയമം തരംതിരിക്കാത്തതും, സര്‍ഫാസി നിയമപ്രകാരമുള്ള നടപടികളെ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാനകില്ലയെന്നതും ഇതിന്റെ പോരായ്മയാണ്. സര്‍ഫാസിയുടെ അടിസ്ഥാനത്തില്‍ നിഷ്‌ക്രിയ ആസ്തികള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് സ്റ്റാമ്പ് ആക്ട് ബാധകമല്ലെന്ന ഭേദഗതി, എളുപ്പത്തില്‍ റിക്കവറി നടത്തി പണയവസ്തുക്കള്‍ കൈമാറ്റം ചെയ്ത് സര്‍ഫാസി നടപടികളുടെ വേഗം കൂട്ടും. താത്കാലികമായ വീഴ്ച്ചകളുടെ അടിസ്ഥാനത്തില്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്നും പ്രഖ്യാപിച്ചു കഴിഞ്ഞാലും ബാങ്കുകള്‍ ഉടന്‍ ജപ്തി നടപടികളിലേയ്ക്ക് നീങ്ങരുതെന്നുമുള്ള റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ മറികടന്നാണ് ബാങ്കുകള്‍ പലപ്പോഴും നടപടികള്‍ സ്വീകരിക്കുന്നത്.

വന്‍ക്കിടക്കാരില്‍ നിന്നുള്ള കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ എന്ന വ്യാജേന വന്ന സര്‍ഫാസി, എന്നാല്‍ അത്തരക്കാരെ ലാക്കാക്കിയിട്ടേയില്ലെന്ന് വിജയ് മല്യ, നീരവ് മോദി, അനില്‍ അംബാനി പോലുള്ളവരുടെ വായ്പാത്തട്ടിപ്പു വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ സാമ്പത്തിക ഭീമന്മാരുടെ മൂന്ന് ലക്ഷം കോടി രൂപയെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ക്ക് എഴുതിത്തള്ളേണ്ടി വന്നിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തിലെ എ.ബി.ജി ഷിപ്‌യാര്‍ഡ് കമ്പനി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കബളിപ്പിച്ചത് 22,842 കോടി രൂപയാണ്. 2009-ല്‍ 7,136 കോടി രൂപയുടെ തട്ടിപ്പാണ് സത്യം കംപ്യൂട്ടേഴ്സ് സര്‍വീസ് ലിമിറ്റഡിന്റെ പേരില്‍ രാംലിംഗ രാജു നടത്തിയത്. വജ്ര വ്യാപാരിയായ നീരവ് മോദി 2018-ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 22,585 കോടി രൂപയുടെത് തിരിച്ചടയ്ക്കാതെയാണ് രാജ്യംവിടുന്നത്. ഇതേ തട്ടിപ്പില്‍ ബന്ധുവായ മെഹുല്‍ ചോക്സിക്കും സുഖമായി രാജ്യം വിടാന്‍ സാധിച്ചു. കിങ് ഫിഷര്‍ ഉടമ വിജയ് മല്യ 6,200 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു.


അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കാറായപ്പോള്‍ സാധാരണക്കാരില്‍ നിന്ന് മുതലും പലിശയും തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ വ്യാപകമായാണ് സര്‍ഫാസി ഉപയോഗിച്ചത്. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ പ്രളയത്തില്‍ കാര്‍ഷികമേഖലയില്‍ വന്ന തകര്‍ച്ചയിലും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിലും കോവിഡ് മഹാമാരിയും ലോക്ഡൗണുമുണ്ടാക്കിയ തൊഴിലില്ലായ്മയിലും തിരിച്ചടവ് മുടങ്ങിയവരുടെ മുന്നിലേക്കാണ് ബാങ്കുകള്‍ സര്‍ഫാസിയെന്ന ഭൂതത്തെ കുപ്പിത്തുറന്ന് വിട്ടത്.

മൊറട്ടോറിയവും അദാലത്തുകളും

തിരിച്ചടവിനു നല്‍കുന്ന സാവകാശമാണ് മൊറട്ടോറിയം. മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെയുള്ള മാസത്തവണയ്ക്കായിരുന്നു നേരത്തെ മൊറട്ടോറിയം നല്‍കിയിരുന്നത്. ഇതില്‍ മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ഒഴിവാക്കാതെ അധിക സമയം നീട്ടിനല്‍കുകയാണ് മൊറട്ടോറിയത്തിലൂടെ. കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്കും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയില്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കും മൊറട്ടോറിയം ആശ്വാസമാണ്. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, ബിസിനസ് വായ്പ, കാര്‍ഷിക വായ്പ എന്നിവയ്ക്കെല്ലാം മൊറട്ടോറിയം ലഭ്യമാണ്. മൊറട്ടോറിയം കാലയളവില്‍ പലിശയും മുതലും അടക്കേണ്ട പക്ഷേ ഈ പലിശ പിന്നീട് മുതലിനോട് ചേര്‍ക്കുകയാണ് ചെയ്യുന്നത്. മൊറട്ടോറിയം കാലാവധിയില്‍ തിരിച്ചടവ് മുടങ്ങിയാലും, ഇത് കണക്കാക്കി കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന നടപടികളുണ്ടാക്കില്ല. എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ മൊറട്ടോറിയം കാലാവധി ആറുമാസത്തില്‍ കൂടുതല്‍ നീട്ടിക്കിട്ടണമെന്നാണ് കാര്‍ഷിക മേഖലയിലുള്ളവരുടെയും കച്ചവടക്കാരുടെയുമടക്കം ആവശ്യം. കാലാവസ്ഥാവ്യത്യാനവും രണ്ടുവര്‍ഷത്തോളം നീണ്ട കോവിഡ് അടച്ചിടലും കാരണം നട്ടം തിരിയുന്ന സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും മൊറട്ടോറിയം കാലം നീട്ടികൊടുത്തിട്ടില്ലെങ്കില്‍ കാര്യമായ ഗുണമൊന്നും ലഭിക്കില്ല.

ലോണ്‍ അദാലത്തുകളും നിലവിലെ സാഹചര്യത്തില്‍ വായ്പയെടുത്ത ഭൂരിപക്ഷത്തിനും നേട്ടമുണ്ടാക്കുന്നില്ല. വന്‍ ഇളവുകളോടെ വായ്പ തിരിച്ചടയ്ക്കാനുള്ള അവസരമാണ് അദാലത്തില്‍ ബാങ്കുകള്‍ ഒരുക്കുന്നത്. വായ്പകള്‍ പൂര്‍ണമായി എഴുതി തള്ളാതെ പലിശയിലും കൂട്ടുപലിശയിലും മറ്റും വലിയ ഇളവുകള്‍ അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. പലപ്പോഴും മുതലിന്റെ കൂടെ കാര്യമായ പലിശ ബാങ്കുകള്‍ ഈടാക്കാറില്ല. ബാങ്കുകളും വായ്പയെടുത്തവരും ഒത്തുതീര്‍പ്പിലെത്തി തീരുമാനിക്കുന്ന തുക മുഴുവനായും നിശ്ചിത സമയത്തില്‍ അടച്ചുതീര്‍ക്കണം. വീടും സ്ഥലവുമോ മറ്റു വസ്തുക്കളോ വിറ്റായിരിക്കും ഇതിനുള്ള തുക മിക്കവരും കണ്ടെത്തുന്നത്. എന്നാല്‍ ലോക്ഡൗണിനു ശേഷം സ്ഥലത്തിന് വില കുറഞ്ഞതും മറ്റും അദാലത്ത് വഴിയുള്ള നേട്ടം ലഭിക്കാന്‍ തടസ്സമായി.


എങ്ങുമെത്താതെ ശുപാര്‍ശകള്‍

സര്‍ഫാസി നിയമം ഏറ്റവുമധികം ബാധിക്കുന്നത് ഇടത്തരക്കാരും പാവപ്പെട്ടവരുമാണെന്നതിനാല്‍ നിയമത്തില്‍ അടിസ്ഥാപരമായ മാറ്റം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരള നിയമസഭ പ്രമേയം പാസാക്കി അയച്ചു. അഞ്ചു സെന്റോ അതില്‍ കുറഞ്ഞതോ ആയ സ്ഥലവും വീടും ജപ്തി ചെയ്യരുതെന്ന് ചട്ടം ഭേദഗതിയാണ് നിയമസഭ ആവശ്യപ്പെട്ടത്. പിന്നീട് മുന്‍മന്ത്രി എസ്. ശര്‍മ ചെയര്‍മാനും നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമുള്‍പ്പെടുന്ന 11 അംഗ നിയമസഭാസമിതി കേന്ദ്രത്തിന് ഒരു ശുപാര്‍ശ അയച്ചിരുന്നു. സര്‍ഫാസി ഭീഷണി നേരിടുന്ന കുടുംബങ്ങളെ നേരില്‍ കണ്ട് സംസാരിച്ചാണ് കമ്മിറ്റി ശിപാര്‍ശ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി അഡ്ഹോക്ക് കമ്മിറ്റി നിയമസഭയില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ചുവടെ.

> സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് സഹകരണബാങ്കുകളെ ഒഴിവാക്കുക.

> ഒരു വര്‍ഷത്തെ കാലയളവിനു ശേഷവും തിരിച്ചടവ് നടത്താതെ കുടിശ്ശിക വരുത്തുന്ന വായ്പക്കാര്‍ക്ക് എതിരെ മാത്രമേ സര്‍ഫാസി നിയമപ്രകാരമുളള നടപടി തുടങ്ങാവൂ എന്ന രീതിയില്‍ നിയമഭേദഗതി വരുത്തുകയും ഒരുലക്ഷം രൂപയ്ക്ക് മുകളിലുളള എന്നതുമാറ്റി പത്തുലക്ഷം രൂപയ്ക്കുമുകളിലുളള വായ്പയ്ക്ക് മാത്രമേ നിയമം ബാധകമാവുകയുളളൂ എന്ന് നിയമത്തില്‍ ഭേദഗതി വരുത്തണം.

> കര്‍ഷകര്‍ എടുക്കുന്ന എല്ലാത്തരം കടങ്ങളും കാര്‍ഷിക കടമായി കണ്ട് സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം.

> വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം നിശ്ചിത കാലയളവിനുള്ളില്‍ ജോലി ലഭിക്കാത്തതിനാല്‍ തിരിച്ചടവ് മുടങ്ങിയവരെ സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനോ തിരിച്ചടവിനു കാലാവധി നീട്ടി നല്‍കാനോ ഉതകുന്ന നിയമഭേദഗതി കൊണ്ടുവരണം.

> കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തോട്ടവിളകള്‍ ഉള്‍പ്പെടെയുളള എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായിത്തന്നെ കണക്കാക്കി വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം.

> ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ തിരിച്ചടവില്‍ മൂന്നില്‍ രണ്ട് ഗഡുക്കള്‍ അടച്ചിട്ടുണ്ടെങ്കില്‍ ബാക്കി തുകയെ സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ടുവരുന്ന പരാതികളില്‍ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പ്രത്യേകമായ പരിഗണന നല്‍കുന്നതിനും ഉതകുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കണം.

> മുഴുവന്‍ കടക്കാരുടെയും വായ്പാ കുടിശ്ശിക സംബന്ധിച്ച് പത്രപ്പരസ്യം നല്‍കുന്നതിന് ഓരോ വായ്പാക്കാരില്‍ നിന്നും ഭീമമായ തുക ഈടാക്കുന്ന പ്രവണത ഇല്ലാതാക്കണം. അപ്രകാരമുളള പരസ്യങ്ങള്‍ക്ക് ബാങ്കുകള്‍ മിതമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കണം.

> വായ്പയെടുത്ത് തിരിച്ചടവില്‍ വീഴ്ച വരുത്തിയവരില്‍ നിന്ന് വായ്പത്തുക പിരിക്കാന്‍ ഹുണ്ടികക്കാരുടെ ക്വട്ടേഷന്‍ സംഘത്തെ പോലെ വേറെ ഏജന്‍സികള്‍ക്ക് കരാര്‍ കൊടുക്കരുത്. സര്‍ഫാസി നിയമത്തില്‍ പ്രതിപാദിച്ചിട്ടില്ലാത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബാങ്കിങ് മേഖലയ്ക്ക് മാത്രമല്ല, പണമിടപാട് നടത്തുന്നവര്‍ക്കെല്ലാം ബാധകമാക്കുന്ന വിധത്തില്‍ സമഗ്ര നിയമനിര്‍മ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണം.

> സര്‍ഫാസി കടക്കെണിയില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കുന്നതിന് കഴിവും താത്പര്യവുമുളള സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുളളവരുടെ പ്രത്യേക പാനല്‍ തയ്യാറാക്കി തുടര്‍നടപടി സ്വീകരിക്കണം.

> ചെറിയ തുക വായ്പയെടുത്ത പട്ടികവിഭാഗങ്ങളിലുളള പലരും ഇടനിലക്കാരുടെ ഇടപെടലുകള്‍ മൂലം വായ്പയെക്കുറിച്ചും തിരിച്ചടവിനെക്കുറിച്ചും കൃത്യമായ അറിയിപ്പുകള്‍ ശ്രദ്ധയില്‍പ്പെടാതെ ചതിക്കുഴിയില്‍പ്പെടാതിരിക്കാന്‍ വായ്പയെടുക്കുന്നതിന് മുമ്പ് അവര്‍ക്ക് ഉപദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രെഡിറ്റ് കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ തുടങ്ങണം.

> ഒരു നിശ്ചിത തുക വായ്പയെടുത്തതും സര്‍ഫാസി നിയമത്തിന്റെ വ്യവസ്ഥപ്രകാരം ഭൂമി നഷ്ടപ്പെടുമെന്ന ഭീഷണിയിലായതുമായ അര്‍ഹരായ പാവപ്പെട്ട പട്ടികവിഭാഗങ്ങളിലുളളവരുടെ കടം സര്‍ക്കാര്‍ തന്നെ തിരിച്ചടച്ച് ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയും ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ തട്ടിയെടുത്ത ആധാരങ്ങള്‍ അവര്‍ക്ക് തിരികെ ലഭിക്കാനുള്ള ബൃഹദ്പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി തയ്യാറാക്കി നടപ്പാക്കുകയും വേണം.

> വായ്പാ കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെയുളള നടപടിയുടെ ഭാഗമായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വായ്പക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ഫോട്ടോ/മേല്‍വിലാസം സഹിതം പരസ്യങ്ങള്‍ നല്‍കുന്നതും ബോര്‍ഡുകള്‍ വയ്ക്കുന്നതും വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമായി കണ്ട് അപ്രകാരം ചെയ്യുന്ന ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നിയമ വ്യവസ്ഥകള്‍ പ്രകാരം നടപടി സ്വീകരിക്കണം.


സര്‍ഫാസിയുടെ മറവില്‍ നടക്കുന്ന ജനദ്രോഹനടപടികള്‍ക്കെതിരെ ശക്തവും സമഗ്രവുമായ നിയമനിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും കമ്മിറ്റി പ്രത്യാശിക്കുന്നതായി കമ്മിറ്റി ചെയര്‍മാനായിരുന്ന എസ്. ശര്‍മ അന്ന് പറഞ്ഞത് പ്രത്യാശ മാത്രമായി അവശേഷിക്കുകയാണ്. കേന്ദ്ര നടപടികള്‍ എന്തായിരുന്നാലും കുടിയിറക്കികൊണ്ടുള്ള നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയെങ്കിലും സംഭവിച്ചത് മറിച്ചാണ്. ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിനു മുന്നിലെത്തിയപ്പോഴും നടപടികളുണ്ടായില്ല.

സര്‍ഫാസി ജപ്തി ഭീഷണികള്‍ക്ക് ഇരയായവരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് സര്‍ഫാസി നിയമ വിരുദ്ധ സമിതി സംസ്ഥാനത്ത് രൂപവത്കരിച്ചു. ഇവരുടെ നേതൃത്വത്തില്‍ സര്‍ഫാസിയുടെ ഇരയായ നിരവധി പേരെ സഹായിച്ചു. നിലവില്‍ വ്യാപാരി സംഘടനകളും കര്‍ഷകസംഘടനകളും സര്‍ഫാസിക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. എന്നിരുന്നാലും കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഒരുപോലെ പരിശ്രമിച്ചാല്‍ മാത്രമേ സര്‍ഫാസിയില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു.


TAGS :