Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 27 April 2023 12:05 PM GMT

മഅ്ദനി: സുപ്രീംകോടതിയെപ്പോലും വകവെയ്ക്കാത്ത ഹിന്ദുത്വഭരണകൂടം

കേരളത്തിലുള്ള സമയമത്രയും ഒരൊറ്റ വിലാസത്തില്‍ തന്നെ കഴിയണം എന്നതാണ് കര്‍ണ്ണാടക പൊലീസ് മുന്നോട്ട് വെച്ചിരിക്കുന്ന ഒരു ഉപാധി. ഇതോടെ പിതാവിനെ സന്ദര്‍ശിക്കാന്‍ അന്‍വാര്‍ശേരിയിലെ കുടുംബവീട്ടില്‍ തങ്ങുന്നുവെങ്കില്‍ മഅ്ദനിയ്ക്ക് എറണാകുളത്തെ സ്വന്തം വീട്ടില്‍ പോകാനാവില്ല. മുന്‍നിശ്ചയ പ്രകാരം നേരെ എറണാകുളത്തെ വീട്ടില്‍ പോയാലോ അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവിനെ കാണാനുമാവില്ല. |TheFourthEye

മഅ്ദനിയുടെ ജാമ്യ ഇളവ്
X

അബ്ദുന്നാസര്‍ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിരിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്ന അതീവ ഗുരുതരമായ രോഗാവസ്ഥക്കുള്ള ആയുര്‍വേദ ചികത്സ സാധ്യതകള്‍ പരിശോധിക്കുന്നതിനും രോഗാതുരനായ പിതാവിനൊപ്പം അല്‍പ സമയം ചിലവഴിക്കുന്നതിനുമായിട്ടാണ് കേരളത്തിലേയ്ക്ക് പോകാന്‍ മഅ്ദനി അനുമതി തേടിയത്. അനുമതി കിട്ടി ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ഭരണകൂട നിര്‍മിതമായ ചുവപ്പുനാടകളില്‍ കുരുക്കി കര്‍ണ്ണാടകത്തിലെ ഹിന്ദുത്വ സര്‍ക്കാര്‍ യാത്ര തടസ്സപ്പെടുത്തുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്.

ഇന്ത്യ എന്ന രാജ്യത്തിന്റെ ഭരണവ്യവസ്ഥിതിയും നിയമസംവിധാനങ്ങളും സര്‍വോപരി പൊതുജനബോധ്യവുമെല്ലാം കാലാകാലങ്ങളായി ഹിന്ദുത്വബോധത്തിന്റെയും ഇസ്‌ലാം വിരുദ്ധതയുടെയും തടവറയിലാണ് എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു യാഥാര്‍ഥ്യമാണ്. സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തിന്റെ ഏതെങ്കിലും പഞ്ചായത്തില്‍ പോലും ഭരണത്തില്‍ എത്തുന്നതിനൊക്കെ എത്ര മുന്‍പ് തന്നെ ഭരണസിരാകേന്ദ്രങ്ങളും നീതിവ്യവസ്ഥയുമെല്ലാം വേഷപ്രച്ഛന്നരായ ഹിന്ദുത്വവാദികള്‍ കൈയടക്കിക്കഴിഞ്ഞിരുന്നു എന്നതാണ് സത്യം. ഈ പരമാര്‍ഥത്തിന്റെ നമുക്ക് മുന്നിലെ ജീവിക്കുന്ന ഇരയാണ് അബ്ദുന്നാസര്‍ മഅ്ദനി.

കേരളത്തിലെ വീടിന്റെ വിലാസം, ഗൂഗിള്‍ മാപ്പ് പ്രകാരമുള്ള രൂപരേഖ, പോയാല്‍ ആരൊക്കെയാവും സന്ദര്‍ശകര്‍, അവരുടെയെല്ലാം ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പുറമെ മനുഷ്യത്വ രഹിതമായ ചില നിയന്ത്രണങ്ങള്‍ കൂടി കോടതി അനുവദിച്ച യാത്രയ്ക്ക് ഉപാധിയായി കര്‍ണ്ണാടക പൊലീസ് മുന്നോട്ട് വെച്ചിരിക്കുന്നു.

മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെ കര്‍ണ്ണാടകത്തിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നഖശിഖാന്തം എതിര്‍ത്ത വിവരം നമുക്ക് അറിവുള്ളതാണല്ലോ. ഒടുവില്‍ ജാമ്യം നേടി വ്യവസ്ഥകളില്‍ ഇളവിനായി കോടതിയെ സമീപിച്ചപ്പോഴും ബസവരാജ ബൊമ്മെയുടെ ബി.ജെ.പി സര്‍ക്കാര്‍ സാധിക്കുന്ന രീതിയില്‍ അതിനെ എതിര്‍ക്കാന്‍ ശ്രമിച്ചു. രണ്ടു പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യന്‍ നിയമവ്യവസ്ഥ ഇടതടവില്ലാതെ വേട്ടയാടിയിട്ടും ഒരു പെറ്റി കേസ് പോലും തെളിയാതെ ഇന്നും നിയമത്തിന്റെ കണ്ണില്‍ നിരപരാധിയായ തുടരുന്ന മഅ്ദനി ബാംഗ്‌ളൂര്‍ വിട്ടാല്‍ പൊലീസിനെ പറ്റിച്ചു കടന്നു കളയുമെന്ന് അവര്‍ കോടതിയില്‍ വാദിച്ചു.

മാത്രമല്ല, നിരവധിയായ രോഗങ്ങളുടെ പിടിയിലമര്‍ന്ന് മസ്തിഷ്‌കാഘാതങ്ങളുടെ ഒരു പരമ്പര തന്നെ നേരിട്ട് പരിക്ഷീണിതമായ, ഒരാളുടെ സഹായമില്ലാതെ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും ശേഷിയില്ലാത്ത ആ ശരീരത്തിന് ഇസ്‌ലാമിക രാഷ്ട്ര നിര്‍മാണത്തിനുള്ള അപാര ശക്തിയുണ്ടെന്നും അവര്‍ കോടതിയില്‍ വാദിച്ചു. സംസാരശേഷി തന്നെ പലപ്പോഴും അപകടത്തിലാവുന്ന ആരോഗ്യസ്ഥിതിയില്‍ അദ്ദേഹം കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തും എന്നതടക്കം ജാമ്യ ഇളവ് തടയാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സര്‍വ്വ തന്ത്രങ്ങളും പയറ്റി.

ഒടുവില്‍ കോടതി കനിഞ്ഞു നല്‍കിയ ഉത്തരവിനെ പോലും കുതന്ത്രങ്ങളിലൂടെ മറികടക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഇപ്പൊള്‍ പയറ്റുന്നത്. വിധിന്യായത്തില്‍ ഇല്ലാത്ത നിരവധിയായ നിബന്ധനകള്‍ മഅ്ദനിയുടെ യാത്രക്കുള്ള ഉപാധികളായി അവരുടെ പൊലീസ് നിരത്തുന്നു. കേരളത്തിലെ വീടിന്റെ വിലാസം, ഗൂഗിള്‍ മാപ്പ് പ്രകാരമുള്ള രൂപരേഖ, പോയാല്‍ ആരൊക്കെയാവും സന്ദര്‍ശകര്‍, അവരുടെയെല്ലാം ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പുറമെ മനുഷ്യത്വ രഹിതമായ ചില നിയന്ത്രണങ്ങള്‍ കൂടി കോടതി അനുവദിച്ച യാത്രയ്ക്ക് ഉപാധിയായി കര്‍ണ്ണാടക പൊലീസ് മുന്നോട്ട് വെച്ചിരിക്കുന്നു.

സുപ്രീം കോടതിയുടെ ഉത്തരവ് നടത്തിക്കിട്ടാനായി തല്‍ക്കാലം കോടതിയെ തന്നെ സമീപിക്കേണ്ട ഗതികേടില്‍ ചെന്നെത്തിയിരിക്കുകയാണ് മഅ്ദനിയുടെ കുടുംബം. ഏതായാലും തങ്ങളുടെ തീരുമാനങ്ങള്‍ക്കും ഇച്ഛയ്ക്കും എതിരായി വിധി പുറപ്പെടുവിച്ച രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെപ്പോലും വളഞ്ഞവഴിയിലൂടെ അട്ടിമറിക്കാന്‍ ഇന്നത്തെ ഇന്ത്യയില്‍ ഹിന്ദുത്വം എന്ന കരാളപ്രത്യയശാസ്ത്രം നയിക്കുന്ന ഭരണകൂടത്തിന് എത്ര നിസ്സാരമായി സാധിക്കുന്നുവെന്നത് നിയമവാഴ്ച ഒരു യാഥാര്‍ഥ്യമല്ല വെറും മരീചികയാണ് എന്നാണോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്?

കേരളത്തിലുള്ള സമയമത്രയും ഒരൊറ്റ വിലാസത്തില്‍ തന്നെ കഴിയണം എന്നതാണ് ഇതിലൊന്ന്. ഇതോടെ മരണാസന്നനായ പിതാവിനെ സന്ദര്‍ശിക്കുവാന്‍ അന്‍വാര്‍ശേരിയിലെ കുടുംബവീട്ടില്‍ തങ്ങുന്നുവെങ്കില്‍ മഅ്ദനിയ്ക്ക് എറണാകുളത്തെ സ്വന്തം വീട്ടില്‍ പോകാനാവില്ല. മുന്‍നിശ്ചയ പ്രകാരം നേരെ എറണാകുളത്തെ വീട്ടില്‍ പോയാലോ അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവിനെ കാണാനാവില്ല. കൂടാതെ, സുപ്രീം കോടതിയുടെ അനുമതി കിട്ടിക്കഴിഞ്ഞ ചികിത്സയുടെ ആവശ്യത്തിനായി ആശുപത്രിവാസം പോലും കര്‍ണ്ണാടക സര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരം നിഷിദ്ധമാവും. ഒപ്പം, ശാരീരികമായി അത്യന്തം അവശനും അതിതീവ്ര പരിചരണം ആവശ്യവുമുള്ള മഅ്ദനിയ്ക്ക് വിമാനയാത്രയ്ക്കുള്ള അനുവാദവും കര്‍ണ്ണാടക പൊലീസ് നിഷേധിച്ചിരിക്കുന്നു. അഞ്ഞൂറില്‍ അധികം കിലോമീറ്ററുകള്‍ പത്തു-പന്ത്രണ്ട് മണിക്കൂര്‍റോഡ് മാര്‍ഗം തന്നെ ഒരു മൃതപ്രായനായ മനുഷ്യന്‍ സഞ്ചരിക്കണം എന്ന് വാശിപിടിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ ശാഠ്യത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം വ്യക്തമാണല്ലോ.



കര്‍ണ്ണാടക സര്‍ക്കാര്‍ തന്റെ യാത്രയ്ക്ക് തീര്‍ത്തിട്ടുള്ള വിലങ്ങുതടികളെപ്പറ്റിയുള്ള ഈ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുള്ളത് മഅ്ദനിയുടേതായി ഇന്ന് പുറത്തുവന്നിട്ടുള്ള ഒരു ശബ്ദസന്ദേശത്തിലൂടെയാണ്. അതില്‍ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ അതിഭീകരവും കുടിലവുമായ ഒരു തന്ത്രം കൂടി മഅ്ദനി വെളിപ്പെടുത്തുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 20 സുരക്ഷാ ഉദ്യോഗസ്ഥന്മാരെ തന്റെ കൂടെ കേരളത്തിലേക്ക് അയക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതും അവരുടെ താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചിലവുകളും താന്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ മഅ്ദനിക്ക് കൈമാറിയിരിക്കുന്നുവത്രെ. ഉത്തരവ് പ്രകാരം പൊലീസ് സന്നാഹങ്ങളുടെ ചിലവിലേക്കായി 60 ലക്ഷം രൂപ മുന്‍കൂറായി കെട്ടിവെച്ച ശേഷം മാത്രമേ മഅ്ദനിയ്ക്ക് യാത്ര ആരംഭിക്കാന്‍ പോലുമാവൂ!

ഇതോടെ നാളുകള്‍ നിയമയുദ്ധം നടത്തി കോടതിയില്‍ നിന്ന് നേടിയെടുത്ത ജാമ്യഇളവിനെ സംഘ്പരിവാര്‍ കുതന്ത്രങ്ങളിലൂടെ അട്ടിമറിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. സുപ്രീം കോടതിയുടെ ഉത്തരവ് നടത്തിക്കിട്ടാനായി തല്‍ക്കാലം കോടതിയെ തന്നെ സമീപിക്കേണ്ട ഗതികേടില്‍ ചെന്നെത്തിയിരിക്കുകയാണ് മഅ്ദനിയുടെ കുടുംബം. ഏതായാലും തങ്ങളുടെ തീരുമാനങ്ങള്‍ക്കും ഇച്ഛയ്ക്കും എതിരായി വിധി പുറപ്പെടുവിച്ച രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെപ്പോലും വളഞ്ഞവഴിയിലൂടെ അട്ടിമറിക്കാന്‍ ഇന്നത്തെ ഇന്ത്യയില്‍ ഹിന്ദുത്വം എന്ന കരാളപ്രത്യയശാസ്ത്രം നയിക്കുന്ന ഭരണകൂടത്തിന് എത്ര നിസ്സാരമായി സാധിക്കുന്നുവെന്നത് നിയമവാഴ്ച ഒരു യാഥാര്‍ഥ്യമല്ല വെറും മരീചികയാണ് എന്നാണോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്?


TAGS :