Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 10 Sep 2023 3:36 AM GMT

എവിടം വരെ ജീവനുണ്ടോ, അവിടം വരെ ഉലകമുണ്ട്

ആത്മഹത്യ നടക്കുന്നതിന്റെ ഇരുപത് ഇരട്ടി ആത്മഹത്യാശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് ആത്മഹത്യാനിരക്കില്‍ രാജ്യത്തിലെ അഞ്ചാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി.

സെപ്റ്റംബര്‍ 10  ലോക ആത്മഹത്യാ പ്രതിരോധ ദിനം
X

'നമ്മള്‍ ഓരോരുത്തരും പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭൂമിയിലെ ഓരോ അണുവും ആത്മാവും അങ്ങനെ കഴിയുന്നവരാണ് '- ജോര്‍ജ് ബര്‍ണാഡ് ഷാ

സെപ്റ്റംബര്‍ 10 - ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി ജീവിതത്തോടുള്ള പ്രത്യാശ നഷ്ടപ്പെട്ട് ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരുടെ എണ്ണം കൂടുതലാണ്. വിവിധ സംഘടനകളും സര്‍ക്കാjും ആത്മഹത്യാ നിരക്ക് പിടിച്ച് നിര്‍ത്താന്‍ ഒരുപാട് പരിശ്രമിച്ചെങ്കിലും തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്ന പ്രളയവും നിപ്പയും കോവിഡും അതിജീവിച്ച നമുക്ക് ജീവിതത്തിലെ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സാധിക്കാതെ വരുന്നു. താളം തെറ്റിയ സാമൂഹിക അരക്ഷിതാവസ്ഥയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയും രോഗങ്ങളും സാംസ്‌കാരിക ജീര്‍ണ്ണതയും ലഹരി ഉപയോഗവും വിഷാദരോഗത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിക്കുന്നു.

സ്റ്റേറ്റ് ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ ആത്മഹ്യാനിരക്ക് ഞെട്ടിക്കുന്ന തോതിലാണ്. 2017ല്‍ കേരളത്തില്‍ 7870 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2021ല്‍ അത് 9549 ആയി ഉയര്‍ന്നു. ആത്മഹത്യാ നിരക്കില്‍ സംഭവിച്ച ഗണ്യമായ ഈ വര്‍ധനയുടെ അടിസ്ഥാനം ശാസ്ത്രീയ പഠന വിഷയമാകണം.

കുട്ടികളെ ബാധിക്കുമ്പോള്‍

അമിതമായ ഫോണ്‍ ഉപയോഗങ്ങള്‍ ശരാശരി കുട്ടികളുടേയും മാനസിക ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. സൗഹൃദങ്ങളും പഠനവും ഓണ്‍ലൈനിലേക്ക് ചുരുങ്ങിയ സമയം നമുക്ക് മുന്നില്‍ ഉണ്ടായിരുന്നുവല്ലോ. ഓഫ്‌ലൈനിലേക്ക് നീങ്ങിയെങ്കിലും ചതുര ലോകത്തിലെ മാന്ത്രികത അത്രയേറെ സ്വാധീനിച്ചിട്ടുണ്ട്. അശ്ലീല വെബ്‌സൈറ്റുകളിലേക്കും ഡേറ്റിംഗ് ആപ്പുകളിലേക്കും അപരിചിതരുമായുള്ള ചാറ്റ് റൂമുകളിലേക്കുമുള്ള ദൂരം പ്രതീക്ഷകള്‍ക്കുമപ്പുറമായി കുറഞ്ഞിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് അടുത്തിടെ കുട്ടികള്‍ക്കെതിരായുള്ള അക്രമങ്ങളും കുട്ടികള്‍ ഉള്‍പ്പെടുന്ന അക്രമങ്ങളും തുറന്ന് കാണിക്കുന്നത്. അതിനായുള്ള പരിഹാര മാര്‍ഗങ്ങള്‍ വൈകുംതോറും നമ്മുടെ കുട്ടികള്‍ക്ക് കുടുംബവുമായുള്ള മാനസിക അന്തരവും കൂടും. കൃത്യമായ സമയങ്ങളില്‍ മാത്രമായി അവരുടെ മൊബൈല്‍ ഉപയോഗം കുറച്ചും അവരുമായി കൂടുതല്‍ സമയം ചിലവഴിച്ചും അവരുടെ ജീവിതത്തിന്റെ സുരക്ഷ നമ്മുടെ കൈകള്‍ക്കുള്ളില്‍ തന്നെയാണെന്ന് ഇടക്കിടെ ഉറപ്പ് വരുത്താന്‍ സാധിക്കില്ലേ. മൂന്നൂറോളം കുട്ടികള്‍ കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന കണക്ക് മനസില്‍ നിന്നും മാഞ്ഞു പോകരുത്.

കുടുംബങ്ങളെ ബാധിക്കുമ്പോള്‍

കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യയും തമ്മില്‍ അഭേദ്യമായ ബന്ധമാണ്. മദ്യപാനം, ലഹരി ഉപയോഗം, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഠനം, അവിഹിതം, കടബാധ്യത, മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍, അപമാനങ്ങള്‍, പഠന ഭാരം എന്നിങ്ങനെ നീളുന്ന ലിസ്റ്റിലേക്ക് പുതിയൊരു പേരു കൂടി എഴുതി ചേര്‍ക്കപ്പെട്ടത് കോവിഡ് സമയത്താണ്; വര്‍ക്ക് ഫ്രം ഹോം. വീടും ഓഫീസും സ്‌കൂളും കോളജും എല്ലാം നാലു ചുവരുകള്‍ക്കുള്ളില്‍ നടമാടിയപ്പോള്‍ ബന്ധങ്ങളില്‍ പിരിമുറക്കം കൂടിയെന്നും ആത്മഹത്യാ നിരക്ക് കൂടിയെന്നും പഠനങ്ങള്‍ പറയുന്നു.

ഈയടുത്ത് ആത്മഹത്യ ചെയ്ത സിനിമ-സീരിയല്‍-സോഷ്യല്‍ മീഡിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ? ജീവിതം നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നിട്ടും അത് വിശ്വസിക്കാന്‍ താല്‍പര്യപ്പെടാത്ത അവരുടെ മനസ് സമൂഹത്തിന് മുമ്പിലേക്ക് സന്തോഷമുണ്ടെന്ന് തോന്നിപ്പിക്കുന്ന പോസ്റ്റുകളും മോട്ടിവേഷണല്‍ വീഡിയോസും പങ്കുവെച്ചതായി കാണാം. ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഒളിച്ചോടാനുള്ള ആഗ്രഹത്തെ പലവിധേനയും പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടും അവര്‍ക്ക് എവിടെയായിരിക്കും പിഴച്ചത്?

ആത്മഹത്യയും ആത്മഹത്യശ്രമങ്ങളും

ആത്മഹത്യ നടക്കുന്നതിന്റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങളും നടക്കുന്നുണ്ടെന്നതാണ് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളം പോലെ വിദഗ്ധ ചികിത്സയും നിരവധി ആശുപത്രികളുമുള്ള ഒരു സംസ്ഥാനത്ത് ആത്മഹത്യയുടെ എണ്ണം കുറഞ്ഞ് അത് ആത്മഹത്യാശ്രമങ്ങള്‍ മാത്രമായി മാറുന്നത് യഥാസമയം കണ്ടെത്തി വേഗത്തില്‍ ആശുപത്രികളിലെത്തിച്ച് വൈദ്യസഹായം എളുപ്പത്തില്‍ ലഭിക്കുന്നത് കൊണ്ടാകാം. എങ്കിലും ആത്മഹത്യാ ശ്രമങ്ങളെ നിസാരമായി കാണാന്‍ സാധിക്കില്ലല്ലോ. ആത്മഹത്യചെയ്യുന്ന വ്യക്തികളുടെയും ആത്മഹത്യാശ്രമങ്ങള്‍ നടത്തുന്ന വ്യക്തികളുടെയും മാനസികാവസ്ഥയില്‍ വലിയ വ്യത്യാസമില്ല എന്ന് കരുതേണ്ടി വരും. കേരളത്തില്‍ പ്രതിദിനം 26 ആത്മഹത്യകളും 523 ആത്മഹത്യാശ്രമങ്ങളും നടക്കുന്നതായി കണക്കുകള്‍ ചുണ്ടിക്കാണിക്കുമ്പോള്‍ തീര്‍ച്ചയായും ആരോഗ്യരംഗത്തിന് ഇതൊരു വെല്ലുവിളിയാണ്.

സ്റ്റേറ്റ് ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ ആത്മഹ്യാനിരക്ക് ഞെട്ടിക്കുന്ന തോതിലാണ്. 2017ല്‍ കേരളത്തില്‍ 7870 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2021ല്‍ അത് 9549 ആയി ഉയര്‍ന്നു. ആത്മഹത്യാ നിരക്കില്‍ സംഭവിച്ച ഗണ്യമായ ഈ വര്‍ധനയുടെ അടിസ്ഥാനം ശാസ്ത്രീയ പഠന വിഷയമാകണം.

വിഷമങ്ങള്‍ തുറന്ന് പറയാന്‍ ഒരു വിഭാഗവും ഹൃദയം തുറന്ന് ശ്രവിക്കാന്‍ മറുവിഭാഗവും തയ്യാറാകണം. ആത്മഹത്യാ പ്രവണതയുള്ള നല്ലൊരു വിഭാഗത്തിനും പ്രതീക്ഷയുടെ ചെറിയൊരു കൈത്താങ്ങ് മതി ആത്മവിശ്വാസത്തോടെ തിളങ്ങുന്ന കണ്ണുകളോടെ ജീവിതത്തിനെ തിരിച്ച് പിടിക്കാന്‍.

2021ലെ നമ്മുടെ രാജ്യത്തിലെ ആത്മഹത്യാനിരക്ക് കേരളത്തിന്റെ രണ്ടിരട്ടിയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ലക്ഷത്തില്‍ 42 നിരക്കില്‍ സിക്കിം ഒന്നാം സ്ഥാനത്തും 26.4 നിരക്കില്‍ ഛത്തീസ്ഗഡ് രണ്ടാം സ്ഥാനത്തുമായപ്പോള്‍ 24 നിരക്കില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയത് കേരളമാണ്. ആഗോള ഭീമനായ അമേരിക്കയില്‍പോലും ആത്മഹത്യാനിരക്ക് ലക്ഷത്തില്‍ 12 ആണെന്നിരിക്കെ അഞ്ചു വര്‍ഷം മുമ്പ് ആത്മഹത്യാനിരക്കില്‍ രാജ്യത്തിലെ അഞ്ചാം സ്ഥാനത്തായിരുന്ന നമ്മുടെ സംസ്ഥാനം മൂന്നാം സംസ്ഥാനത്തേക്ക് എത്തിയതിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ല.

പരിഹാര മാര്‍ഗങ്ങള്‍

പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാനുള്ള മനസ് രൂപപ്പെടുത്തിയെടുക്കുക എന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. തികഞ്ഞ യാഥാര്‍ഥ്യ ബോധ്യത്തോടെ ജീവിതത്തെ അംഗീകരിക്കാന്‍ പഠിക്കുക എന്നത് സാമാന്യം ക്ഷമയോടെയും സമയമെടുത്തും സ്വയം ആര്‍ജിക്കേണ്ടവയാണ്. ജീവിതത്തില്‍ നല്ലത് മാത്രമല്ല സംഭവിക്കുന്നത് എന്നും മോശമായ കാര്യങ്ങളും സംഭവിച്ചേക്കാം എന്നും മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഭൂതകാലത്തില്‍ ജീവിക്കാതെ വര്‍ത്തമാന കാലത്തിലേക്കുള്ള ദൂരം അരികിലാണ്. ഭാവിയെ കുറിച്ചുളള ആശങ്കളും ആവശ്യമില്ല, വര്‍ത്തമാന കാലം കഴിഞ്ഞിട്ട് വേണ്ടേ ഭാവിയില്‍ എത്താന്‍. ബന്ധങ്ങളേതായാലും അതില്‍ വൈകാരികമായി അധീശത്വം സ്ഥാപിച്ച് മറ്റൊരാളിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുമ്പോള്‍ അത് നിതാന്തമായ അന്ത്യമായി മാറും എന്ന തിരിച്ചറിവിനാണ് അവിടെ പ്രാധാന്യം. മനുഷ്യന്‍ സാമൂഹ്യ ജീവിയല്ലേ. മറ്റൊരാളുടെ ജീവന്‍ എടുക്കാനോ നമ്മുടെ തന്നെ ജീവന്‍ അപഹരിക്കുന്നതോ ഒന്നിനുമുള്ള പരിഹാരമല്ല.

കുടുംബവും ഒന്നിച്ചുള്ള സമയങ്ങളില്‍ പരസ്പരം താങ്ങായും തണലായും ഉണ്ടെന്നുള്ള ബോധ്യം കൊണ്ടുവരിക, വിഷമാവസ്ഥകള്‍ ഒരുമിച്ച് തരണം ചെയ്യാം എന്നുള്ള ആത്മവിശ്വാസം മുതിര്‍ന്ന അംഗങ്ങള്‍ കൊടുക്കുക, കുട്ടികളെ ഉള്‍പ്പെടുത്തി ഒരുമിച്ചുള്ള വിനോദ സമയങ്ങള്‍ മെച്ചപ്പെടുത്തുക, ആരോഗ്യത്തിന് പ്രാധാന്യം കൊടുത്ത് ഒരിമിച്ചുള്ള വ്യായാമ സമയങ്ങള്‍ കണ്ടെത്തുക, ഭക്ഷണമേശകള്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന സ്ഥലമായി മാറ്റുക എന്നിവയെല്ലാം നിസാരവും എന്നാല്‍, ശക്തവുമായ മാര്‍ഗങ്ങളാണ്. ജീവിതം പോരാടുന്നവരുടെ മാത്രമാണെന്ന് തിരിച്ചറിയുക. വിഷമങ്ങള്‍ തുറന്ന് പറയാന്‍ ഒരു വിഭാഗവും ഹൃദയം തുറന്ന് ശ്രവിക്കാന്‍ മറുവിഭാഗവും തയ്യാറാകണം. ആത്മഹത്യാ പ്രവണതയുള്ള നല്ലൊരു വിഭാഗത്തിനും പ്രതീക്ഷയുടെ ചെറിയൊരു കൈത്താങ്ങ് മതി ആത്മവിശ്വാസത്തോടെ തിളങ്ങുന്ന കണ്ണുകളോടെ ജീവിതത്തിനെ തിരിച്ച് പിടിക്കാന്‍.

TAGS :