Quantcast
MediaOne Logo

ഫായിസ ഫർസാന

Published: 17 April 2023 7:28 AM GMT

വെന്തുരുകുന്ന ഭൂമി

സൂര്യ രശ്മികളില്‍ ചരിവുണ്ടാവുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നു. ഇത് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതിന് കാരണമാവുന്നു.

കേരളം ചുട്ടുപൊള്ളുന്നു
X

ഭൂമി വെന്തുരുകി തുടങ്ങിയിരിക്കുന്നു. ശീതകാലത്തിന്റെ അവസാന പാതത്തില്‍ തന്നെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. വേനല്‍ക്കാലം കടുക്കുന്നത്തോടെ ഈ വര്‍ഷം രാജ്യത്ത് തീവ്രമായ ചൂട് തന്നെയായിരിക്കും അനുഭവപ്പെടുക. നീണ്ടുനില്‍ക്കുന്ന ചൂട് തരംഗങ്ങളുടെ സാധ്യതയെക്കുറിച്ച് ആശങ്കയുള്ളതായി ഇതിനകം തന്നെ കേന്ദ്ര കാലാവസ്ഥ വകുപ്പുകളടക്കം അറിയിച്ചിട്ടുണ്ട്. ഭൂമിക്ക് ചൂട് കൂടുന്നതിനനുസരിച്ച് മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനം വര്‍ധിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ചൂട് കൂടുന്നതിനനുസരിച്ച് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്ത് വരികയെന്നാല്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നു എന്നാണ്. അതനുസരിച്ച് ആഗോളതാപനം വീണ്ടും വര്‍ധിക്കും. ആഗോളതാപനം മനുഷ്യജീവിതത്തെയെന്നപോലെ മൃഗങ്ങളെയും സസ്യജാലങ്ങളെയും സാരമായി ബാധിക്കുന്നു. വരള്‍ച്ച, കൊടുങ്കാറ്റ്, ഉഷ്ണതരംഗങ്ങള്‍ ചൂടായി ഉയരുന്ന സമുദ്ര നിരപ്പ് എന്നിവ മൃഗങ്ങളെ നേരിട്ട് ദോഷകരമായി ബാധിക്കുകയും അവയുടെ ആവാസവ്യവസ്ഥ തകിടം മറിയാന്‍ കാരണമാവുകയും ചെയ്യും.

42 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആണ് പോലക്കാട് രേഖപ്പെടുത്തിയത്. അത്രയും കഠിനമായ ഉഷ്ണതരംഗങ്ങളാണ് കേരളക്കരയില്‍ ആഞ്ഞു വീശിക്കൊണ്ടിരിക്കുന്നത്. അതേസമയം, ഈ വര്‍ഷം വേനല്‍ക്കാലം കേരളത്തെ വല്ലാതെ വലക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കാലക്രമേണ ചൂട് കൂടുന്നത് കാലാവസ്ഥ രീതികള്‍ മാറ്റുകയും പ്രകൃതിയുടെ സാധാരണ സന്തുലിതാവസ്ഥ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. സമതലങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലോ അല്ലങ്കില്‍ സാധാരണയെക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലോ ആണെങ്കില്‍, ഈ പ്രദേശങ്ങളില്‍ ചൂട് തരംഗങ്ങള്‍ അനുഭവപ്പെടുന്നതായി പറയപ്പെടുന്നു. പര്‍വതങ്ങളില്‍, ഈ പരിധി 30 ഡിഗ്രി സെല്‍ഷ്യസും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസുമാണ്.

കേരളം തീവ്ര വേനല്‍ചൂടില്‍

മാര്‍ച്ച് മുതല്‍ മേയ് വരെയാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വലിയ ചൂടാണ് അനുഭവപ്പെട്ടത്. 42 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആണ് പാലക്കാട് രേഖപ്പെടുത്തിയത്. അത്രയും കഠിനമായ ഉഷ്ണതരംഗങ്ങളാണ് കേരളക്കരയില്‍ ആഞ്ഞു വീശിക്കൊണ്ടിരിക്കുന്നത്. അതേസമയം, ഈ വര്‍ഷം വേനല്‍ക്കാലം കേരളത്തെ വല്ലാതെ വലക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം കേരളത്തെയും ബാധിച്ചേക്കും. സൂര്യ രശ്മികള്‍ നമ്മുടെ പ്രദേശത്തില്‍ ലംബമായി പതിക്കുന്ന പ്രദേശമാണിത്. സൂര്യ രശ്മികളില്‍ ചരിവുണ്ടാവുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നു. ഇത് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതിന് കാരണമാവുന്നു. അതുപോലെ തന്നെ വലിയ തോതിലുള്ള നഗരവല്‍കരണവും സസ്യജാലങ്ങളുടെ അഭാവവും കേരളത്തിലെ അധിക താപനിലയുടെ പ്രധാന ഘടകങ്ങളാണെന്ന് കൊച്ചി കുസാറ്റ് അന്തരീക്ഷ ശാസ്ത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ അഭിലാഷ് എ. സ് പറഞ്ഞു.


വേനല്‍ചൂടും വൈദ്യുതി ഉപഭോഗവും

അതിതീവ്ര ഉഷ്ണതരംഗം ആഞ്ഞു വീശുമ്പോള്‍ വൈദ്യുതി ഉപഭോഗത്തിലുണ്ടാവുന്ന വര്‍ധന വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഉയര്‍ന്ന താപനില, എയര്‍ കണ്ടീഷനറുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ വൈദ്യുതി ഉപകാരണങ്ങളുടെ അമിത ഉപയോഗവും മോട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന അമിത വൈദ്യുതിയും രാജ്യത്തുടനീളം വൈദ്യുതക്ഷാമത്തിന് കാരണമാവുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകതയില്‍ 20-30% വര്‍ധനയുണ്ടാകുമെന്നാണ് വിദഗ്ധരുടെ നിഗമനം.

ചൂടേറുന്ന മനുഷ്യജീവിതം

കടുത്ത ചൂട് കാരണം ഉല്‍പ്പാദനക്ഷമത കുറയുന്നതും തൊഴില്‍ നഷ്ടമുണ്ടാവുന്നതും മനുഷ്യജീവിതത്തെ വലിയ തോതില്‍ ബാധിക്കും. കടുത്ത വേനല്‍ പകല്‍ ദിവസങ്ങളില്‍ ആളുകള്‍ പുറത്തേക്കിറങ്ങുന്നതിന് തടസ്സമാകുന്നു. തൊഴില്‍ ചെയ്യാന്‍ ആളുകള്‍ ഇല്ലാതെയാവുന്നു, വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാവുന്നു. ഇത് മനുഷ്യരാശിയുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കു.

വെന്തെരിയുന്ന കാടുകള്‍

കൊടും ചൂട് വനപ്രദേശങ്ങളെയും ഉരുക്കി നശിപ്പിക്കുകയാണ്. വേനലില്‍ ഉണങ്ങിപ്പോയ മരങ്ങള്‍ കാറ്റില്‍ കൂട്ടി ഉരസുകയും അതിശക്തമായ അഗ്‌നിബാധ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. വയനാട് ഓടപ്പള്ളി വനമേഖലയും മറ്റും ഇതിന് ഉദാഹരണമാണ്. കാട് ചൂട് പിടിക്കുമ്പോള്‍ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടാതെ വരികയും അവര്‍ നാട്ടിലേക്കിറങ്ങുകയും അത് പല അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉത്തരേന്ത്യയും പൊള്ളുന്നു

ഉഷ്ണത്തിന്റെ വിങ്ങലിലാണ് ഉത്തരേന്ത്യയും. മഹാരാഷ്ട്രയിലും കടുത്ത ചൂട് എത്തി കൊണ്ടിരിക്കുകയാണ്. ഈ മേഖല അയല്‍ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍, ഗോവ എന്നിവിടങ്ങളും വെന്തുരുകുകയാണ്. ഉഷ്ണ തരംഗം തീരമേഖലകളെയും പതിവില്ലാതെ കവര്‍ന്നെടുക്കുന്നുണ്ട്. ശക്തമായ കിഴക്കന്‍ കാറ്റ് സമുദ്രത്തിലെ കാറ്റിന്റെ വരവ് വൈകിപ്പിക്കുകയും, അന്തരീക്ഷത്തില്‍ ചൂടേറിയ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇത്തരത്തിലുള്ള ഉഷ്ണം അനുഭവപ്പെടാന്‍ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. വേനലില്‍ മധ്യ ഇന്ത്യയിലും താപനില ശാരാശരിക്കും മുകളില്‍ ഉയര്‍ന്നേക്കാം എന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ നിഗമനം. അതേസമയം ദക്ഷിണേന്ത്യയില്‍ ശരാശരി താപനില മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു പക്ഷെ സാധാരണ താപനിലയിലും കുറയാനാണ് സാധ്യത.


വേനലിനെ പ്രതിരോധിക്കാം കരുതലോടെ

ഉഷ്ണ തരംഗം മനുഷ്യ ശരീരത്തിലെത്തുമ്പോള്‍ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് ശരീരം പൊള്ളുന്നതിന് കാരണമാവുന്നു. കേരളത്തില്‍ കടുത്ത ചൂട് കാരണം ശരീരത്തില്‍ പൊള്ളലേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താപനില പതിവിലും ഉയരുമ്പോള്‍ വറ്റിവരണ്ട് ചുവന്ന ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശിവേദന, മന്ദഗതിയിലുള്ള നാടിമിടിപ്പ്, ആസ്വസ്ഥമായ മാനസികാവസ്ഥ, അബോധാവസ്ഥ, ഡിഹൈഡ്രഷന്‍ എന്നിവയുണ്ടാവുന്നു. സാധാരണ ഗതിയില്‍ വേനല്‍ക്കാലം ശരീരത്തെ ഇത്തരത്തില്‍ ബാധിക്കുന്നെണ്ടെകില്‍ വരാനിരിക്കുന്ന നോമ്പ്ക്കാലം ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.അതിനാല്‍ വരാനിരിക്കുന്ന വേനലിനെ അതീവജാഗ്രതയോടെ തന്നെ നമ്മള്‍ നേരിടണം.

കടുത്ത ചൂടിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ വേണ്ട ചില മുന്‍കരുതലുകള്‍

രാവിലെ 11 മണി മുതല്‍ 3 മണി വരെയുള്ള വെയില്‍ നേരിട്ട് ശരീരത്തില്‍ തട്ടാതെ ശ്രദ്ധിക്കുക, ചൂടിനെ പെട്ടന്ന് ആഗിരണം ചെയ്യുന്ന തരത്തിലുള്ള കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കി ഇളം നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക, കൂളിംഗ് ഗ്ലാസ്-ഐ പാക്ക് എന്നിവ പോലെ കണ്ണിന് നേരിട്ട് ചൂടേല്‍ക്കുന്നത് തടയാന്‍ പറ്റുന്നവ ഉപയോഗിക്കുക, ഒരു ദിവസം ആറ് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക തുടങ്ങിയ കാര്യങ്ങള് ശ്രദ്ധിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശങ്ങള്‍. പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ അനാവശ്യ ഇടപെടലുകള്‍ ഇല്ലാതാക്കി ഇനിവരുന്ന വേനലുകളിലെങ്കിലും ഇങ്ങനെയൊരവസ്ഥ ഉണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളും തുടങ്ങേണ്ടതുണ്ട്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകണം. ഒപ്പെ ജനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം.

TAGS :