Quantcast
MediaOne Logo

സിദ്ദിഹ പി എസ്

Published: 15 Oct 2023 4:22 AM GMT

ഫലസ്തീനൊപ്പം നില്‍ക്കുക എന്നതാണ് ശരി

ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹ്യ, രാഷ്ട്ര-സ്വാതന്ത്ര്യ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഫലസ്തീനൊപ്പം നില്‍ക്കുക എന്നതാണ് ശരി. എന്തെന്നാല്‍ സയണിസം ഫാസിസമാണ്.

ഫലസ്തീനൊപ്പം നില്‍ക്കുക എന്നതാണ് ശരി
X

'The Romans knew that whoever controlled Palestine had control of all the roads in and out of those areas. The Romans invaded the land of Palestine in 63BC. The Roman army marched into Jerusalem and took over the city.'

'കൊളോണിയലിസം ഒരു ചിന്തായന്ത്രമല്ല, യുക്തിസഹമായ കഴിവുകളുള്ള ശരീരവുമല്ല. അത് അതിന്റെ സ്വാഭാവിക അവസ്ഥയില്‍ അക്രമമാണ്, വലിയ അക്രമത്തെ നേരിടുമ്പോള്‍ മാത്രമേ അത് ദൃശ്യപ്പെടുകയുള്ളു.'- The wretched of the earth, Frantz Fanon

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നം ഒരു യുദ്ധമല്ല, സായുധ സൈന്യം ലോകവന്‍ശക്തികളുടെ പിന്‍ബലത്തോടെ തദ്ദേശജനതയുടെ ഉന്മൂലനം ലക്ഷ്യമാക്കുന്ന വംശഹത്യയെ യുദ്ധമെന്നു വിളിക്കാന്‍ കഴിയില്ല. ഇക്കഴിഞ്ഞ ആക്രമണം ഇസ്രയേലികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നത് സാധാരണജീവിതം നയിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വന്നു ചേര്‍ന്ന ദുരന്തമായതിനാലാണ്. പക്ഷെ, ഫലസ്തീനികള്‍ക്കിടയില്‍ ഇടയ്ക്കിടെ വെടിവെയ്പുണ്ടാകുന്നതും കുട്ടികളെ കാണാതെപോകുന്നതും റോഡരികില്‍ ഫലസ്തീനികള്‍ 'ഹൃദയാഘാതം' മൂലം മരിച്ചു വീഴുന്നതും ദൈനംദിനവാര്‍ത്തയാണ്.

ഇസ്രായേല്‍ പ്രവിശ്യകളില്‍ പൗരത്വമുള്ള ഫലസ്തീനികള്‍ രണ്ടാംകിട പൗരന്മാരാണ്. ആസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സൗത്ത് കൊറിയ, മെക്‌സിക്കോ, യു.കെ, യു.എസ് എന്നീ വമ്പന്മാര്‍ ഫലസ്തീനെ സ്റ്റേറ്റ് ആയി കണക്കാക്കുന്നു പോലുമില്ല. 1974 ല്‍ ഇന്ത്യയാണ് ഫലസ്തീന്‍ ഒരു രാഷ്ട്രമാണ് എന്ന് അംഗീകരിച്ച ആദ്യ മതേതരരാജ്യം.

ഫാനോന്റെ അഭിപ്രായത്തില്‍ കൊളോണിയലിസം, അധിനിവേശ ശക്തിയുടെ വംശീയചിന്തയില്‍ നിന്ന് ഉടലെടുക്കുകയും തദ്ദേശീയരെ dehumanize ചെയ്യുകയും ചെയ്യുന്നു. ഇസ്രയേലിന്റെ വിദേശകാര്യമന്ത്രി ഞങ്ങള്‍ കൊന്നുകളയുന്നത് മനുഷ്യമൃഗങ്ങളെയാണ് എന്ന് പ്രസ്താവനയിറക്കുന്നത് അതുകൊണ്ടാണ്. സയണിസ്റ്റ് കൊളോണിയലിസം ഫാനോന്‍ പറയുന്നതില്‍ നിന്ന് കുറേക്കൂടെ വ്യത്യസ്തമായ അധിനിവേശമാണ്. എന്തുകൊണ്ടെന്നാല്‍ ഫലസ്തീന്‍ യുക്രൈനല്ല; ഇസ്രായേല്‍ ഫ്രാന്‍സുമല്ല. ഫലത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന വന്‍ശക്തി ഇറാന്‍ മാത്രമാണ്. യുക്രൈനുണ്ടായിരുന്ന യാതൊരു പ്രിവിലേജും ഫലസ്തീന് ഇല്ല. കരയോ വെള്ളമോ ആകാശമോ അവര്‍ക്കില്ല. യാതൊരു സഹായവും അതിര്‍ത്തി കടക്കാന്‍ Jew- White supremacy ബാധിച്ച ഇസ്രായേല്‍ അനുവദിക്കുകയില്ല.


1954 ല്‍ അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സ് പിന്‍വാങ്ങിയത് പോലെ തിരിച്ചു പോകാന്‍ ഇസ്രായേലുകാര്‍ക്ക് മറ്റൊരിടമില്ല. അതുകൊണ്ടു കൂടിയാണ് ഹോളോകാസ്റ്റ് അതിജീവനവാദങ്ങള്‍ക്കപ്പുറം അധിനിവേശം നടത്താന്‍ അവര്‍ക്ക് കഴിയുന്നത്. ലോകത്തെവിടെയുമുള്ള ജൂതന് എപ്പോള്‍ വേണമെങ്കിലും ഇസ്രായേലിലേക്ക് വരാം. പക്ഷെ, ഏതെങ്കിലും കാരണത്താല്‍ നാടുവിടേണ്ടിവന്ന ഫലസ്തീനിക്ക് പൗരത്വം തിരികെ ലഭിക്കുകയില്ല. ഇസ്രായേല്‍ പ്രവിശ്യകളില്‍ പൗരത്വമുള്ള ഫലസ്തീനികള്‍ രണ്ടാംകിട പൗരന്മാരാണ്. ആസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സൗത്ത് കൊറിയ, മെക്‌സിക്കോ, യു.കെ, യു.എസ് എന്നീ വമ്പന്മാര്‍ ഫലസ്തീനെ സ്റ്റേറ്റ് ആയി കണക്കാക്കുന്നു പോലുമില്ല. 1974 ല്‍ ഇന്ത്യയാണ് ഫലസ്തീന്‍ ഒരു രാഷ്ട്രമാണ് എന്ന് അംഗീകരിച്ച ആദ്യ മതേതരരാജ്യം.

വേദചരിത്രം

ഫലസ്തീന്‍-ഇസ്രായേല്‍ ചരിത്രം ചികഞ്ഞാല്‍ ഒടുവില്‍ എത്തുക അബ്രഹാമിന് രണ്ടു ആണ്‍മക്കളുണ്ടായിരുന്നു എന്ന തോറ-ബൈബിള്‍-ഖുര്‍ആന്‍ വാക്യത്തിലാവും. ജൂത-ക്രിസ്തീയ-ഇസ്‌ലാമിക് വിവരണങ്ങളെല്ലാം ഇക്കാര്യത്തില്‍ ഒരേപോലെയാണ്. ആദമിന് ശേഷം നൂഹും സാമും ആ വംശാവലിയില്‍ ഇബ്രാഹീമും സന്തതി പരമ്പരയും ഇറാഖ-ഫലസ്തീന്‍-ഈജിപ്ത്-അറേബ്യന്‍ പ്രവിശ്യകളിലായി പ്രബോധനം നടത്തിയിരുന്നു എന്ന ജൂത-ക്രിസ്തീയ അടിസ്ഥാന ചരിത്രങ്ങളെ അപ്പാടെ ഇസ്‌ലാം അംഗീകരിക്കുന്നു. ഇബ്രാഹിമിന്റെ ഒരു പുത്രന്‍ ഇസ്ഹാഖ് ഫലസ്തീനിലും മറ്റൊരു പുത്രന്‍ ഇസ്മാഈല്‍ മക്കയിലുമായാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ, ആദമില്‍ നിന്നു തുടങ്ങി ജൂതന്മാര്‍ പിന്‍പറ്റുന്ന മോശയെയും (മൂസ) തോറയെന്ന വേദത്തെയും ക്രിസ്ത്യാനികള്‍ പിന്‍പറ്റുന്ന ജീസസിനെയും (ഈസ) ബൈബിളിനെയും (ഇഞ്ജീല്‍) അംഗീകരിക്കാതെ ഇസ്‌ലാം പൂര്‍ത്തിയാവുകയില്ല. മുഹമ്മദ് അന്ത്യപ്രവാചകനാണെന്നും ഇസ്‌ലാം മതം 1600 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതല്ല, ആശയപരമായി പൂര്‍ത്തിയാക്കപ്പെട്ടതാണെന്നുമാണ് ഇസ്‌ലാമിക വിശ്വാസം. ജെറുസലേം ആകട്ടെ, ജീസസിന്റെ ജന്മസ്ഥലവുമാണ്. ജീസസിനെ തള്ളിപ്പറഞ്ഞവരും കുരിശിലേറ്റിയവരും ജൂതന്മാരാണെന്ന് ഉരുവിട്ടു പഠിക്കുന്നുണ്ട് ക്രിസ്ത്യന്‍ സമൂഹം. ക്രൈസ്തവരെ കണ്ടാല്‍ തുപ്പണമെന്നു വിശ്വസിക്കുന്ന ജൂതരുണ്ട് ഇപ്പോഴും. അവര്‍ വത്തിക്കാനില്‍ ശക്തി പ്രാപിച്ചത് മുസ്സോളിനിയുടെ പിന്‍ബലത്തിലാണെന്നത് ചരിത്രസത്യം.

അറബ് പ്രവിശ്യകളിലൊഴികെ ലോകത്തെവിടെയും ജൂതന്മാര്‍ മാറ്റി നിര്‍ത്തപ്പെടുകയും അതിക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. വംശീയമായി അറബ് സമൂഹം ആരോടും യുദ്ധം ചെയ്തിട്ടില്ല. മുഹമ്മദ് നബിയുടെ കാലത്തു തന്നെ ഇസ്‌ലാം-ജൂത സമാധാന ഉടമ്പടിയുണ്ടായിട്ടുണ്ട്. എന്നിട്ടുമെന്തുകൊണ്ടാണ് യുദ്ധമുഖത്തു ജൂദായിസവും ഇസ്‌ലാമും ആയിപ്പോയത്? എന്തുകൊണ്ടാണ് ലോകാവമ്പന്മാരൊക്കെയും ക്രിസ്ത്യന്‍ പാരമ്പര്യം ഉള്ളവരായിട്ടും, വളരെക്കാലം ലോകം മുഴുവന്‍ അവരുടെ കീഴിലായിരുന്നിട്ടും ജെറുസലേം സ്വന്തമാക്കാന്‍ ക്രിസ്ത്യന്‍ സമൂഹം ശ്രമിക്കാതിരുന്നത്? എന്തുകൊണ്ടാവും തങ്ങളുടെ ജീസസിനെ കൊന്നവര്‍ക്കു അവരുടെ വാഗ്ദത്തഭൂമി തിരിച്ചു കിട്ടാനും യുദ്ധത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാനും അവര്‍ ശ്രമിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കൊന്നും കാലികപ്രസക്തിയില്ല എന്നിരുന്നാലും ലോകത്തു ഇസലാമോഫോബിയ എത്ര ആഴത്തില്‍ വേരുപിടിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിയാല്‍ ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞേക്കും.

അവസാനമില്ലാത്ത കലാപങ്ങള്‍

ലോകത്തു ഇതുവരെ ഉണ്ടായിട്ടുള്ള അധിനിവേശങ്ങളിലും സ്വാതന്ത്ര്യസമരങ്ങളിലും പൊതുവായി കാണപ്പെടുന്ന ക്രൂരതകളും കൊള്ളയും ഭൂമി പിടിച്ചെടുക്കലും ഫലസ്തീന്‍-ഇസ്രായേല്‍ അധിനിവേശത്തിലുമുണ്ട്. എല്ലാ അധിനിവേശങ്ങളിലും ഒരു തദ്ദേശ-വിദേശ ദന്ദ്വങ്ങളുണ്ടാവും. വിദേശശക്തികള്‍ക്ക് തിരിച്ചു പോകാന്‍ ഒരിടവും ഉണ്ടാകും. എന്നാല്‍, ലോകത്തെമ്പാടുമുള്ള ജൂതസമൂഹത്തെ ഇസ്രായേലില്‍ പാര്‍പ്പിക്കാന്‍ മുന്‍കൈയെടുത്ത ബ്രിട്ടണ്‍, അത് മൂലം ഒരു വംശീയ ഉന്മൂലനത്തിനാണ് - 'ethnic cleansing' ശ്രമിച്ചത്. ബലപ്രയോഗത്തിലൂടെ ഫലസ്തീനികളുടെ ഭൂമിപിടിച്ചെടുക്കല്‍ മാത്രമല്ല, തിരിച്ചു പോകാന്‍ വേറൊരിടമില്ലാത്ത വിധം ജൂതസമൂഹത്തെ ഒരിടത്താക്കുക കൂടിയാണ് ബ്രിട്ടണ്‍ ചെയ്തത്. കാനാന്‍ ദേശവാദവും മറ്റു മനുഷ്യരുടെ രക്തദാനം പോലും സ്വീകരിക്കാത്ത ശുദ്ധതാവാദവും ഒക്കെ മുറുകെപ്പിടിച്ചു, ഫലസ്തീനികളെ ശ്വാസം മുട്ടിക്കുന്ന സയണിസ്റ്റുകള്‍ക്കു ലോകത്തിന്റെ പിന്തുണ കിട്ടാന്‍ ആകെയുള്ള വഴി ഇസ്‌ലാമോഫോബിയ മാത്രമാണ്. അത് നിലനിര്‍ത്താന്‍ ഇനിയുമിനിയും അഫ്ഘാനുകള്‍ ഇറാഖുകള്‍ ഫലസ്തീനുകള്‍ ഇറാനുകള്‍ ഉണ്ടായി വരും. അതല്ലാതെ അവര്‍ക്കു നിലനില്‍പ്പില്ല. അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഏതൊരു പ്രതിരോധവും ഭീകരവാദമായി വായിക്കപ്പെടും.


ഫാനോന്‍ പറയുന്നതു പോലെ, കലാപങ്ങള്‍ അധിനിവേശശക്തിക്കും തദ്ദേശീയര്‍ക്കും ഒരേപോലെ നാശമുണ്ടാക്കും. എന്നാലും, അവ കോളനിവത്കരിക്കപ്പെട്ടവരെ അവരുടെ അപകര്‍ഷതാ ബോധത്തില്‍ നിന്നും നിരാശയില്‍ നിന്നും നിഷ്‌ക്രിയത്വത്തില്‍ നിന്നും സ്വയം മോചിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യാം. അത് അവരെ നിര്‍ഭയരാക്കുകയും അവരുടെ ആത്മാഭിമാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. പക്ഷെ, നിലവിലെ സാഹചര്യത്തില്‍ എന്നെങ്കിലും ഫലസ്തീനികള്‍ക്കു സ്വതന്ത്ര്യം കിട്ടുമെന്ന പ്രതീക്ഷ പോലും അസ്ഥാനത്താണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹ്യ, രാഷ്ട്ര-സ്വാതന്ത്ര്യ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഫലസ്തീനൊപ്പം നില്‍ക്കുക എന്നതാണ് ശരി. എന്തെന്നാല്‍ സയണിസം ഫാസിസമാണ്. തങ്കത്തട്ടില്‍ വിളമ്പിയാലും ഫാസിസം വിഷമാണ്, ഫാനോന്‍ പറയുന്നത് പോലെ അത് അതിന്റെ സ്വാഭാവിക അവസ്ഥയില്‍ 'violence' മാത്രമാണ്.

1. Frantz Fanon, The wretched of the earth, 1961, chapter 5.

2. Ilan Pappe', Ten myths about Israel, 2017.

3. Ee Mark Levine, Director of the Program in Global Middle East Studies at UC Irvine, Opinion on Palestine

4. https://blogs.glowscotland.org.uk/ea/public/reresources/uploads/sites/2110/2016/02/Palestine-Religion-and-Romans.pdf


TAGS :