Quantcast
MediaOne Logo

സി.എ അബ്ദുല്‍ അഹദ്

Published: 23 April 2024 7:39 AM GMT

ഭരണഘടനയാണ് ഗ്യാരണ്ടി; വോട്ടു ചെയ്യുക അതീവ ശ്രദ്ധയോടെ

ജാനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പു ജനങ്ങളുടെ കൈയിലെ ഏറ്റവും സുപ്രധാനമായ ടൂള്‍ ആണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍, എത്രത്തോളം രാഷ്ട്രീയ ബോധ്യത്തോടെ ഇതിനെ സമീപിക്കാന്‍ സാധാരണ വോട്ടര്‍ക്ക് കഴിയുന്നു എന്നിടത്താണ് ഇതിന്റെ ശക്തി നിര്‍ണയിക്കുന്നത്.

തെരഞ്ഞെടുപ്പ് ദിവസത്തെ ജുമുഅ, വെള്ളിയഴ്ച ദിവസം ഇലക്ഷന്‍,
X

ബഹുസ്വരതയിലും ജനാധിപത്യത്തിലും ചുവടുറപ്പിച്ചു രാജ്യം മുന്നോട്ടുനീങ്ങേണ്ടത് രാജ്യത്തിനു പൊതുവിലും, മതന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും സംബന്ധിച്ചു പ്രത്യേകമായും പരമപ്രധാനമാണ്. ഈ വിഭാഗങ്ങളില്‍ നിന്ന് സജീവമായ രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടായെങ്കില്‍ മാത്രമേ രാജ്യത്തിന് ബഹുസ്വര ജനാധിപത്യ സ്വഭാവത്തില്‍ നിലനില്‍ക്കാന്‍ കഴിയൂ.

രാജ്യം പാര്‍ലമെന്റ് ഇലക്ഷനിലേക്കു നീങ്ങവേ കേരളത്തില്‍ മുസ്‌ലിം സമുദായത്തിനകത്തു രൂപപ്പെട്ടുവന്ന ഒരു ചര്‍ച്ചാവിഷയമാണ് ജുമുഅ സമയത്തെ വോട്ട് എന്നത്. കേരളത്തില്‍ വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കുന്ന സാഹചര്യത്തില്‍ മതപരമായ നിര്‍ബന്ധ ആരാധനയായ ജുമുഅ വോട്ടിങ്ങിനു തടസ്സമായി വന്നാല്‍ സ്വീകരിക്കേണ്ട മതപരമായ സമീപനമെന്ത് എന്നതാണ് ഈ ചര്‍ച്ചയുടെ ഉള്ളടക്കം. ഒരു സമുദായം എന്ന നിലയില്‍ തങ്ങളുടെ നിലനില്‍പിനു വെല്ലുവിളി നേരിടുന്നു എന്ന ഭയപ്പാടില്‍ നിന്നാണ് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത്. ഇലക്ഷനിലുള്ള സക്രിയമായ ഇടപെടലാണ് ഇതിനെ മറികടക്കാനുള്ള മാര്‍ഗം എന്ന വിചാരം സമുദായത്തിനകത്തു വേരുറച്ചിരിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ജനാധിപത്യത്തിനു അടിത്തറയായി വര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളും തകര്‍ച്ചനേരിടുന്ന ഈ സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ഇത്തരമൊരു ബോധ്യത്തിലേക്ക് എത്തുന്നത്.

ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുംവിധം വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തി വോട്ടു അനുകൂലമാക്കുന്ന ശക്തികള്‍ ജനാതിപത്തിന്റെ ശക്തിയും സൗന്ദര്യവും ചോര്‍ത്തിക്കളയുന്നു. ജനാധിപത്യത്തിന്റെ കവാടത്തിലൂടെ ഉള്ളില്‍ കടന്ന് കാമ്പും കാതലും കാര്‍ന്നു തിന്നു അതിന്റെ ഉള്ളുറപ്പ് നശിപ്പിക്കുന്ന നശീകരണ രാഷ്ട്രീയമാണ് ഇന്ത്യയില്‍ നടമാടുന്നത്. കോര്‍പറേറ്റുകളും മാധ്യമങ്ങളും ഭരണകൂട സംവിധാനങ്ങളും ചേര്‍ന്നുള്ള അട്ടിമറിക്കുമുന്നില്‍ വോട്ടര്‍മാര്‍ നിസ്സഹായരായി മാറുന്നു.

രാജ്യത്തെ മതേതര കക്ഷികളെ തനതു സ്വഭാവത്തില്‍ നിലനിര്‍ത്തുവാന്‍ തന്നെ ഇത്തരം രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്. തങ്ങളുടെ വോട്ട് ചിതറി അപ്രസക്തമാകാതെ ശ്രദ്ധിക്കുകയും വിജയസാധ്യതയുള്ള മതേതര കക്ഷിക്ക് പിന്തുണനല്‍കി വിജയിപ്പിക്കുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിലുള്ള മുന്നോട്ടുപോക്കിനു അനിവാര്യമാണ്. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം മറ്റെല്ലാ പരിഗണകളും ഈ തെരെഞ്ഞെടുപ്പില്‍ അപ്രധാനമാണ്. ഇത്തരം ഇടപെടലിന്റെ അഭാവത്തില്‍ സെക്കുലര്‍ പാര്‍ട്ടികള്‍ തന്നെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയ സാധ്യതകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി വരേണ്യ വിഭാഗങ്ങളുടെ താല്‍പര്യ സംരക്ഷകരായി മാറുമെന്നത് സമീപകാലങ്ങളിലെ രാഷ്ട്രീയ അനുഭവമാണ്. സബാള്‍ട്ടന്‍ രാഷ്ട്രീയ മുന്നേറ്റങ്ങളായി രൂപംകൊണ്ട ബഹുജന്‍ പ്രസ്ഥാനങ്ങള്‍ പോലും സമീപകാലത്തു സവര്‍ണ രാഷ്ട്രീയത്തിന്റെ സഹകാരികളായി മാറിക്കഴിഞ്ഞിരിക്കുന്നു.

ജാനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പു ജനങ്ങളുടെ കൈയിലെ ഏറ്റവും സുപ്രധാനമായ ടൂള്‍ ആണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍, എത്രത്തോളം രാഷ്ട്രീയ ബോധ്യത്തോടെ ഇതിനെ സമീപിക്കാന്‍ സാധാരണ വോട്ടര്‍ക്ക് കഴിയുന്നു എന്നിടത്താണ് ഇതിന്റെ ശക്തി നിര്‍ണയിക്കുന്നത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുംവിധം വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തി വോട്ടു അനുകൂലമാക്കുന്ന ശക്തികള്‍ ജനാതിപത്തിന്റെ ശക്തിയും സൗന്ദര്യവും ചോര്‍ത്തിക്കളയുന്നു. ജനാധിപത്യത്തിന്റെ കവാടത്തിലൂടെ ഉള്ളില്‍ കടന്ന് കാമ്പും കാതലും കാര്‍ന്നു തിന്നു അതിന്റെ ഉള്ളുറപ്പ് നശിപ്പിക്കുന്ന നശീകരണ രാഷ്ട്രീയമാണ് ഇന്ത്യയില്‍ നടമാടുന്നത്. കോര്‍പറേറ്റുകളും മാധ്യമങ്ങളും ഭരണകൂട സംവിധാനങ്ങളും ചേര്‍ന്നുള്ള അട്ടിമറിക്കുമുന്നില്‍ വോട്ടര്‍മാര്‍ നിസ്സഹായരായി മാറുന്നു.

ഭരണഘടനയാണ് ഗ്യാരണ്ടി

ഇന്ത്യയെ ഒരുമിപ്പിച്ചു നിര്‍ത്തുന്നതിനും ആധുനികവും വികസിതവും സമാധാനപൂര്‍വവുമായ ഒരു രാജ്യവുമായി നിലകൊള്ളുന്നതിന്റെ ഗ്യാരന്റി ഇന്ത്യന്‍ ഭരണഘടനയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും വൈജാത്യങ്ങളെ സമന്വയിപ്പിക്കുകകയും നീതിയലധിഷ്ഠിതമായ സാമൂഹികരൂപീകരണം സാധ്യമക്കുകയും ചെയ്യാന്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിപ്പിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ ഫാസിസ്റ്റു സംഘങ്ങള്‍ മുന്നോട്ടുവെക്കുന്ന 'വ്യാജ ഗ്യാരന്റി'കള്‍ക്കു പിറകെ പോയാല്‍ അപകടത്തിലാവുന്നത് രാജ്യത്തിന്റെ നിലനില്‍പ്പായിരിക്കും.


സ്വാതന്ത്ര്യമെന്നത് അമൂല്യമായ ഒരു സമ്പത്താണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ വഴിയില്‍ ചിതറിയ രക്തവും വിയര്‍പ്പും നമ്മള്‍ മറന്നുകൂടാത്തതാണ്. സ്വാന്ത്ര്യവും അന്തസും പകരം വെക്കാനാവാത്തതും നാം പൊരുതി നേടിയതുമായ ജീവിത മൂല്യങ്ങളാണ്. സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനുമായി ഈ കാലത്തും വിവിധ സമൂഹങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വിലയും ആ വഴിയില്‍ സമര്‍പ്പിക്കുന്ന ജീവത്യാഗവും നമുക്കും പാഠമാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി തികഞ്ഞ ബോധ്യത്തോടെ വോട്ടവകാശം ഉപയോഗിക്കേണ്ടത് ഇന്നത്തെ പൗരധര്‍മമാണ്.

TAGS :