Quantcast
MediaOne Logo

കെ.പി ഹാരിസ്

Published: 7 May 2024 12:53 PM GMT

വടകരയുടെ ഉള്ളടക്കം വര്‍ഗ്ഗീയമല്ല, നീതിബോധമാണ്

ഒരുകാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക പ്രതിനിധാനത്തെ അപമാനവീകരിക്കാന്‍ തുടങ്ങിവെച്ച തീവ്രവാദ ചാപ്പ ഇപ്പോള്‍ മുസ്‌ലിംലീഗിനെയും കടന്ന് കോണ്‍ഗ്രസിലെ മുസ്‌ലിം നാമധാരികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

വടകരയിലെ ഷാഫി പറമ്പലിന്റെ വിജയം
X

മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന പ്രസ്താവന നടത്തിയത് സി.പി.എം സംസ്ഥാന സമിതി അംഗം കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹം ആ പ്രസ്താവന നിഷേധിക്കുകയോ സി.പി.എം അതിനെ തിരുത്തുകയോ ചെയ്തതായി നമുക്ക് അറിവില്ല. സി.പി.എം ആ പ്രസ്താവനയില്‍ തങ്ങിനില്‍ക്കുകയും ഇപ്പോള്‍ വടകരയെയും അതിലേക്ക് ഉള്‍ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം സ്വത്വം ഏതെങ്കിലും അര്‍ഥത്തില്‍ സാമൂഹിക പ്രതിനിധാനം നടത്തുന്നത് തങ്ങള്‍ അല്ലാത്ത പ്ലാറ്റ്‌ഫോമുകളില്‍ ആണെങ്കില്‍ അത് വര്‍ഗീയമാണെന്ന പ്രചാരണം കുറച്ചുകാലമായി അവര്‍ നടത്താറുണ്ട്. അഥവാ, മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക പ്രതിനിധാനം തങ്ങള്‍ പറയുന്ന വരകളിലൂടെ സഞ്ചരിച്ചില്ല എങ്കില്‍ അത് വര്‍ഗീയവും തീവ്രവാദവുമായി മുദ്രകുത്തപ്പെടും. ഒരുകാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക പ്രതിനിധാനത്തെ അപമാനവീകരിക്കാന്‍ തുടങ്ങിവെച്ച തീവ്രവാദ ചാപ്പ ഇപ്പോള്‍ മുസ്‌ലിംലീഗിനെയും കടന്ന് കോണ്‍ഗ്രസിലെ മുസ്‌ലിം നാമധാരികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് വടകര ലോക്‌സഭ മണ്ഡലത്തില്‍ ശൈലജ ടീച്ചര്‍ വിജയിച്ചാല്‍ മതേതരത്വത്തിന്റെ വിജയവും ഷാഫി പറമ്പിലാണ് വിജയിക്കുന്നതെങ്കില്‍ അത് വര്‍ഗീയതയുടെ വിജയവും ആണ് എന്ന് പറഞ്ഞുവെക്കുന്നത്.

ഒരു പ്രദേശത്തെ ജനതയെ വര്‍ഗീയവാദികള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ സി.പി.എമ്മിന് ആരാണ് അവകാശം നല്‍കിയത്? ഇനി ഇത്തരത്തില്‍ പ്രസ്താവന നടത്താന്‍ സി.പി.എമ്മിനെ നയിക്കുന്ന വസ്തുതാപരമായ വല്ല ബോധ്യങ്ങളും അവരുടെ കൈവശമുണ്ടോ? ഇല്ല എന്ന് മാത്രമല്ല, വടകരയില്‍ എന്നല്ല കേരളത്തിലെവിടെയും മതനിരപേക്ഷതക്ക് നിരക്കാത്ത ഒരു പ്രദേശത്തെ അടയാളപ്പെടുത്താന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. വടകരയുടെ ചരിത്രം തന്നെ എടുത്താല്‍, 90 കളില്‍ കോ.ലീ.ബി സഖ്യം എന്ന വര്‍ഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ പ്രദേശത്തെ മുഴുവന്‍ ജനസമൂഹവും അണിനിരന്ന ഒരു ലോക്‌സഭാ ഇലക്ഷനെ കുറിച്ച് നമുക്കറിയാം. സംഘ്പരിവാര്‍ നോമിനിയായ ഒരു സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ വര്‍ഗീയത ഇവിടെ നടപ്പില്ല എന്ന് പറഞ്ഞ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായ കെ.പി ഉണ്ണികൃഷ്ണനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മണ്ഡലം കൂടിയാണ് വടകര. ഇത്തരത്തില്‍ വലിയ നീതിബോധമുള്ള ഒരു ജനസമൂഹത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമം ഒരു പ്രദേശത്തെ അപമാനിക്കുന്നതിന് സമാനമാണ്.

തെരഞ്ഞെടുപ്പിന് ശേഷവും എന്തുകൊണ്ടാണ് ഇടതുപക്ഷം ഒരു ക്യാമ്പയിന്‍ തുടക്കം കുറിച്ചത് എന്ന് അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്ന രണ്ടു കാര്യങ്ങളാണ്. ഒന്ന് ഷാഫി പറമ്പില്‍ വിജയിക്കുന്നുവെങ്കില്‍ (അതിനാണ് സാധ്യത കൂടുതലും) വര്‍ഗീയ പ്രചരണം വഴി നേടിയ വിജയമാണെന്ന് സമര്‍ഥിക്കാം. ഇനി ശൈലജ ടീച്ചര്‍ ആണ് വിജയിക്കുന്നത് (ആര്‍.എസ്.എസ് സഹായിച്ചില്ലെങ്കില്‍ അതിന് സാധ്യത വളരെ കുറവാണ്.) എങ്കില്‍ സവര്‍ണ്ണ ഹിന്ദുത്വ വോട്ടുകൊണ്ട് നേടിയ വിജയമാണ് എന്ന വസ്തുതയെ പ്രതിരോധിക്കാനും സാധിക്കും.

തൊണ്ണൂറുകളില്‍ വടകരയിലേത് സമാനമായ ഒരു നീതിബോധം ഗുരുവായൂരിലെ ജനതയും പ്രകടിപ്പിച്ചതായി നമുക്ക് കാണാം. ബാബരിയാനന്തരം നടന്ന ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയായിരുന്നു അബ്ദുസ്സമദ് സമദാനി. മതപണ്ഡിതനും പ്രഭാഷകനുമായ അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ കേരളീയ മുസ്‌ലിം സമൂഹം ആകൃഷ്ടരാവുകയും ചെയ്തിരുന്നു. എന്നാല്‍, സിനിമാക്കാരനായ പി.ടി കുഞ്ഞുമുഹമ്മദിന്റെ മുന്നില്‍ തോല്‍ക്കുന്ന ചരിത്രമാണ് നാം കണ്ടത്. അഥവാ, കേരള സമൂഹത്തിന്റെ നീതിബോധം അത്ര വലുതാണ് എന്നര്‍ഥം. അവര്‍ക്ക് സമുദായമോ മതമോ നോക്കാതെ തെരഞ്ഞെടുപ്പിലെത്തുന്ന മൗലികമായ ചോദ്യങ്ങളെ നോക്കി വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കഴിയുന്നു എന്നാണ് അത് നല്‍കുന്ന സൂചനകള്‍. എ.എന്‍ ഷംസീറിനെയും റിയാസിനെയും വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ സംഘ്പരിവാര്‍ കൊണ്ട്പിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ സി.പി.എം ശ്രമിക്കുന്നത് അവരില്‍ അന്തര്‍ഭവിച്ച ഇസ്‌ലാമോഫോബിയ പുറത്ത് വരുന്നത് കൊണ്ടായിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.


തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും ഹിന്ദുത്വ തീവ്രവാദത്തെ ഉയര്‍ത്തി കൊണ്ടുവരുന്നതുമാണ്. നുഴഞ്ഞുകയറ്റക്കാരും ധാരാളം കുട്ടികള്‍ ഉത്പാദിപ്പിക്കുന്നവരുമായവര്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് തീറെഴുതി കൊടുക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത് എന്നാണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നത്. ഇത്തരത്തില്‍ മുസ്‌ലിം വിരുദ്ധതയെ വോട്ടാക്കി മാറ്റാന്‍ ആര്‍.എസ്.എസ് നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തെമ്പാടും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇതേതരത്തില്‍ അല്ലെങ്കിലും മറ്റൊരു തരത്തില്‍ മുസ്‌ലിം വിരുദ്ധത ഉയര്‍ത്തിക്കൊണ്ടുവന്ന് സവര്‍ണ്ണ ഹിന്ദുത്വ വോട്ടുകള്‍ സമാഹരിക്കാമെന്ന ബോധ്യത്തില്‍ നിന്ന് ആയിരിക്കാം സി.പി.എം ഇത്തരത്തിലുള്ള നരേഷന്‍ സ്വീകരിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷവും എന്തുകൊണ്ടാണ് ഇടതുപക്ഷം ഇത്തരത്തില്‍ ഒരു ക്യാമ്പയിന്‍ തുടക്കം കുറിച്ചത് എന്ന് അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്ന രണ്ടു കാര്യങ്ങളാണ്. ഒന്ന് ഷാഫി പറമ്പില്‍ വിജയിക്കുന്നുവെങ്കില്‍ (അതിനാണ് സാധ്യത കൂടുതലും) വര്‍ഗീയ പ്രചരണം വഴി നേടിയ വിജയമാണെന്ന് സമര്‍ഥിക്കാം. ഇനി ശൈലജ ടീച്ചര്‍ ആണ് വിജയിക്കുന്നത് (ആര്‍.എസ്.എസ് സഹായിച്ചില്ലെങ്കില്‍ അതിന് സാധ്യത വളരെ കുറവാണ്.) എങ്കില്‍ സവര്‍ണ്ണ ഹിന്ദുത്വ വോട്ടുകൊണ്ട് നേടിയ വിജയമാണ് എന്ന വസ്തുതയെ പ്രതിരോധിക്കാനും സാധിക്കും. യഥാര്‍ഥത്തില്‍ വടകരയില്‍ സി.പി.എമ്മാണ് വിജയിക്കുന്നതെങ്കില്‍ അത് വടകരയിലെയും കേരളീയ പൊതുസമൂഹത്തിന്റെയും നീതിബോധത്തിന് വലിയ പ്രഹരം ആയിരിക്കും എന്നത് പോലെ മതനിരപേക്ഷതക്ക് ഏല്‍ക്കുന്ന വലിയ അടിയുമായിരിക്കും. അതിനാല്‍ വടകരയില്‍ ഷാഫി പറമ്പിലിന്റെ വിജയം അനിവാര്യമാക്കുന്ന രണ്ട് കാര്യങ്ങള്‍ കേരള സമൂഹം ജാഗ്രതയോടെ വീക്ഷിക്കുന്നു. ഒന്ന്, കൊലപാതക രാഷ്ട്രീയം. മറ്റൊന്ന്, സവര്‍ണ്ണ ഹിന്ദുത്വ ബോധം അഥവാ, മുസ്‌ലിം വിരുദ്ധ പൊതുബോധം.

എ.എന്‍ ഷംസീറിനെയും റിയാസിനെയും വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ സംഘ്പരിവാര്‍ കൊണ്ട്പിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ സി.പി.എം ശ്രമിക്കുന്നത് അവരില്‍ അന്തര്‍ഭവിച്ച ഇസ്‌ലാമോഫോബിയ പുറത്ത് വരുന്നത് കൊണ്ടായിരിക്കും.

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ സര്‍ഗ്ഗാത്മകമായ, സിദ്ധാന്തപരമായ ആവിഷ്‌കാരങ്ങള്‍ നടത്താറുള്ള രണ്ട് സംഘടനകളാണ് ആര്‍.എസ്.എസും സി.പി.എമ്മും. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകങ്ങള്‍ നടത്താറുണ്ടെങ്കിലും അവര്‍ക്ക് ഇത്രയധികം സിദ്ധാന്ത ഭാരം അനുഭവിക്കാറില്ല. കാരണം, കൊലപാതകത്തെ ഒരു വിപ്ലവ പ്രവര്‍ത്തനമായി മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കാറില്ല എന്നര്‍ഥം. രാഷ്ട്രീയ എതിരാളികളെ ഏറ്റവും ഹിംസാത്മകമായി, മാരകമായി എങ്ങനെ കൊലചെയ്യാം എന്നുള്ള സംസ്‌കാരം വളര്‍ത്തിയത് ആര്‍.എസ്.എസ് ആണ് എന്ന് നമുക്കറിയാം. എന്തുകൊണ്ടാണ് ആര്‍.എസ്.എസ് നടത്തുന്ന കൊലപാതകം ഇത്ര ബ്രൂട്ടലായി തീരുന്നത് എന്ന് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് എതിരാളികളെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നാണ്. എതിരാളികളില്‍ ഭയം ഉല്‍പാദിപ്പിക്കാന്‍ കൊലപാതകത്തില്‍ വെട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുക ശരീരം ചിന്നഭിന്നമാക്കുക തുടങ്ങിയ മാരക പ്രയോഗങ്ങള്‍ ഇവരുടെ കൊലപാതകത്തില്‍ നമുക്ക് കാണാം.

ഇതേ കൊലപാതക രീതി പ്രതിരോധത്തിന്റെ പേരിലാണെങ്കിലും സി.പി.എം സ്വാംശീകരിച്ചത് കാണുന്നു. ഈയൊരു രീതിശാസ്ത്രം സ്വീകരിച്ചത് കൊണ്ടായിരിക്കാം ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം 51 വെട്ടിലേക്ക് എത്തിച്ചേര്‍ന്നത്. അഥവാ, ഒരു ശരീരത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ 51 തവണ മാരകമായി വെട്ടുമ്പോള്‍ അനുഭവിക്കുന്ന ആനന്ദം ആയിരിക്കും ഈ വിപ്ലവ പ്രവര്‍ത്തനത്തിന് ഊര്‍ജം നല്‍കുന്നത് എന്ന് പറയാം. ഇത്തരത്തില്‍ മാരകമായി കൊലചെയ്ത തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന മണ്ണില്‍ ശൈലജ ടീച്ചര്‍ വിജയിച്ചാല്‍ അത് കൊലപാതക രാഷ്ട്രീയത്തിന് കയ്യൊപ്പ് ചാര്‍ത്തലായിരിക്കും എന്ന് വടകരയിലെ ജനസമൂഹം വിശ്വസിക്കുന്നു. ടി.പി വധത്തിന് ഉപയോഗിച്ച ഇന്നോവ കാറില്‍ പതിച്ച മാഷാഅള്ളാ സ്റ്റിക്കറാണ് മറ്റൊന്ന്. ഒരു സമുദായത്തിന്റെ പേരില്‍ ഈ കൊലപാതകത്തെ കെട്ടിവെക്കാനും അങ്ങിനെ വര്‍ഗീയമായ ചേരിതിരിവിലേക്ക് ഒരു പ്രദേശത്തെ മാറ്റാനും ശ്രമിച്ച ഏറ്റവും അശ്ലീലമായ രീതിയാണ് മാഷാഅള്ളാ സ്റ്റിക്കര്‍. ഇതിനെ വടകരയിലെ പൗരസമൂഹം തള്ളിക്കളയുന്നതിനാല്‍ ശൈലജ ടീച്ചറുടെ പരാജയം അനിവാര്യമാക്കുന്നു. തൊണ്ണൂറുകളില്‍ യു.ഡി.എഫ് പ്രയോഗിച്ച മൃദുഹിന്ദുത്വമാണ് പുതിയ ഭാവത്തില്‍ സി.പി.എം സ്വീകരിക്കുന്നത്. അഥവാ, തങ്ങള്‍ അല്ലാത്ത മുസ്‌ലിം സാമൂഹ്യ പ്രതിനിധാനത്തെ ഡെമൊണൈസ് ചെയ്യുക എന്നുള്ളതാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ കാരണങ്ങളാല്‍ ഷാഫി പറമ്പില്‍ വിജയിക്കുക എന്നത് വടകരയുടെ രാഷ്ട്രീയ പ്രബുദ്ധത ആവശ്യപ്പെടുന്നതാണ്. വടകരയെ ആരു തന്നെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാലും മലപ്പുറത്തെ ജനതയെ പോലെ അവരുടെ നീതിബോധം കൊണ്ട് അവര്‍ അതിനെ പ്രതിരോധിക്കും എന്നാണ് പ്രത്യാശ.


TAGS :