Quantcast
MediaOne Logo

ലെനിന്‍ സുഭാഷ്

Published: 13 Dec 2023 7:59 AM GMT

ചോരകൊണ്ട് ചുവക്കുന്ന അതിര്‍ത്തിക്കാടുകള്‍

ഒരു ഭാഗത്തല്ലെങ്കില്‍ മറ്റൊരു ഭാഗത്ത് ലോകത്ത് എന്നും എല്ലാകാലത്തും അഭയാര്‍ഥികള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ അനാഥത്വവും ആഴത്തിലുള്ള വേദനയും എന്നും സാഹിത്യവും സിനിമയും ഏറ്റെടുത്തിരുന്നു.

ഗ്രീന്‍ ബോര്‍ഡര്‍: ചോരകൊണ്ട് ചുവക്കുന്ന അതിര്‍ത്തിക്കാടുകള്‍
X

മാറ്റിവരക്കപ്പെടുന്ന അതിര്‍ത്തികളേ ഇതുവരെ മനുഷ്യന്‍ ഉണ്ടാക്കിയിട്ടുള്ളു. എന്നാല്‍, ഹ്രസ്വകാലത്തെ അസ്തിത്വത്തിന് വേണ്ടി നമ്മള്‍ വീഴ്ത്തിയ ചോരക്കൊണ്ട് ചുവന്നതാണ് അതിന്റെ പരിസരമെല്ലാം. എന്നാല്‍ രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കും ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ശീതയുദ്ധത്തിനും ശേഷം രാജ്യങ്ങള്‍ തമ്മില്‍, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസത്തിന്റെ ഒരു നേര്‍ത്ത പാട വികസിച്ചു വന്നു. യുദ്ധാനന്തരം കുറച്ചുപേരിലെങ്കിലും ഉടലെടുത്ത സമാധാനതൃഷ്ണ ആ വിശ്വാസത്തെ ഒരുപരിധിവരെ വികസിപ്പിച്ചു. അങ്ങനെ മതിലുകളും കൂറ്റന്‍ ഇരുമ്പ് വേലികളും കുറഞ്ഞു വരികയും ചെറിയ കാടുകള്‍ തീര്‍ക്കുന്ന അത്ര ഗൗരവമില്ലാത്ത അതിര്‍ത്തികള്‍ യൂറോപ്പില്‍ നിലവില്‍ വരികയും ചെയ്തു. ഈ ഗ്രീന്‍ ബോര്‍ഡറുകള്‍ നിസ്സഹായരായ അഭയാര്‍ഥികളുടെ ചോരകൊണ്ട് ചുവക്കാന്‍ അധികം താമസമുണ്ടായില്ല. പശ്ചിമേഷ്യയില്‍ 2011 ന് ശേഷമുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ 2014 ലെ ഐ.എസ്സിന്റെ ആക്രമണം തുടങ്ങിയവ സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ നിന്ന് പാലായനം ചെയ്ത അഭയാര്‍ഥികളുടെ ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളും യൂറോപ്പിന്റെ അതിരുകളിലും പ്രാന്തപ്രദേശങ്ങളിലും ചിന്നിച്ചിതറി കിടന്നു.

ഒരു ഭാഗത്തല്ലെങ്കില്‍ മറ്റൊരു ഭാഗത്ത് ലോകത്ത് എന്നും എല്ലാകാലത്തും അഭയാര്‍ഥികള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ അനാഥത്വവും ആഴത്തിലുള്ള വേദനയും എന്നും സാഹിത്യവും സിനിമയും ഏറ്റെടുത്തിരുന്നു. ഋത്വിക് ഘട്ടകിനെപോലുള്ള സംവിധായകര്‍ അതി ഗംഭീരമായി ഈ വിഷയത്തെ ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. സമീപകാലത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രം ലിമ്പോ, ദി സ്വിമ്മേഴ്സ് തുടങ്ങിയവയെല്ലാം മരണമുനമ്പില്‍ നിന്നും ജീവിതം തേടി ചെല്ലുന്ന മനുഷ്യരുടെ കഥ പറഞ്ഞു. മനുഷ്യന്റെ അതിര്‍ത്തികളും, പൂജ്യത്തില്‍ നിന്ന് ഉയരാന്‍ മടിക്കുന്ന ദേശബോധ്യങ്ങളും ഉള്ളിടത്തോളം മേല്‍പറഞ്ഞ വിഷയങ്ങളെല്ലാം പുതിയ പുതിയ മാധ്യമങ്ങളിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കും. എന്നാല്‍ അതിര്‍ത്തികള്‍ക്കുള്ളിലെ ഭരണകര്‍ത്താക്കള്‍ അവയെ അവമതിക്കും. നുണകളെന്നും പ്രോപ്പഗണ്ടകളൊന്നും മുദ്രകുത്തും. അപ്പോഴാണ് ചലച്ചിത്രകാരന്‍ യഥാര്‍ഥത്തില്‍ അംഗീകാരത്തിന്റെ ഗരിമ അനുഭവിക്കുന്നത്. അത്തരത്തില്‍ ഒരു രാജ്യത്തെ ഭരണാധികാരികളെ വല്ലാതെ ചൊടിപ്പിക്കുകയും പ്രേക്ഷകന്റെ മനസ്സിനെ വൈകാരികമായി പിടിച്ചുലയ്ക്കുകയും അവരുടെ ബോധ്യങ്ങളുടെ അന്തസ്സാരമില്ലായ്മയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സിനിമയാണ് അഗ്‌നെനെസ്‌ക ഹോളണ്ട് സംവിധാനം ചെയ്ത പോളിഷ് ചിത്രം ഗ്രീന്‍ ബോര്‍ഡേഴ്സ്. ഐ.എഫ.എഫ്.കെയില്‍ മാസ്റ്റര്‍മൈന്‍ഡ് വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.


പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് അഭയം തേടി എത്തുന്ന വിവിധ രാജ്യക്കാരായ അഭയാര്‍ഥികളുടെ കഥയാണ് ഗ്രീന്‍ ബോര്‍ഡേഴ്സ് പറയുന്നത്. യു.എസ്.എസ്.ആറിന്റെ തകര്‍ച്ചക്ക് ശേഷം ഏകാധിപത്യത്തിലേക്ക് തകര്‍ന്നുവീണ ബെലാറസ് വലിയ ചതിയാണ് നിസ്സഹായരായ അഭയാര്‍ഥികളോട് ചെയ്യുന്നത്. അലക്‌സാണ്ടര്‍ ലുകാഷെങ്കോ ഭരണകൂടം ടൂറിസ്റ്റ് വിസ നല്‍കി മധ്യവര്‍ത്തികളായ അഭയാര്‍ഥികളെ ആകര്‍ഷിക്കുകയും ബെലാറസില്‍ എത്തുന്ന അവരെ പോളണ്ടിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് പൂച്ചക്കുഞ്ഞുങ്ങളെ എന്നവണ്ണം കടത്തിവിടുകയും ചെയ്യുകയാണ്. എന്നാല്‍, പോളണ്ടിന്റെ അതിര്‍ത്തി സംരക്ഷണ സേന ഇവരെ കണ്ടെത്തി തിരികെ ബെലാറസിലേക്ക് തന്നെ കടത്തിവിടുന്നു. ഇത് ഒന്നല്ല പല തവണ ചിത്രത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. എസ്‌കേപ്പ് പ്ലാന്‍ ഇല്ലാത്ത യഥാര്‍ഥ്യങ്ങളുടെ പുനരാവിഷ്‌കരണമായതിനാല്‍ മരവിച്ച മനസുമായേ നമുക്ക് ആ രംഗങ്ങളെല്ലാം കണ്ടിരിക്കാനാവൂ. കാടിനുള്ളില്‍ വിശപ്പും തണുപ്പും ഭയവും കാരണം അവര്‍ നരകിക്കുമ്പോള്‍ പോളണ്ടില്‍ അവര്‍ക്കെതിരെ വെറുപ്പിന്റെ വിത്ത് പാകുകയാണ് ഭരണകൂടം.

ബെര്‍ലിന്‍ മതിലുണ്ടായിരുന്നപ്പോഴും മെക്‌സിന്‍ മതിലിന് അപ്പുറത്തും, ബംഗ്ലാദേശില്‍ റോഹിങ്ക്യകളും ഇപ്പോള്‍ യൂറോപ്പിലെ ഗ്രീന്‍ ബോര്‍ഡറുകളിലും സംഭവിക്കുന്നത് ഒന്നുതന്നെ. എലികളെ പോലെ മാളം അന്വേഷിക്കുന്നവരെ തട്ടിക്കളിക്കുകയാണ് അതിര്‍ത്തിയിലുള്ള പട്ടാളക്കാര്‍. തികഞ്ഞ ബോധ്യത്തോടെ നടത്തുന്ന ക്രൂരതക്ക് രാജ്യരക്ഷയുടെ പടച്ചട്ട ഭരണകൂടം തന്നെ നല്‍കുന്നു. താരതമ്യേന ഉയര്‍ന്ന ആത്മധൈര്യവും വലിയ പ്രത്യാശകളുമുള്ള അഭയാര്‍ഥികളോട് വ്യവസ്ഥിതിയുടെ കാടന്‍ ഇടപെടലുകള്‍ പച്ചക്ക് കാണിക്കുകയാണ് ഗ്രീന്‍ ബോര്‍ഡേഴ്സില്‍.

ഒരു ഹോളിസ്റ്റിക് കാഴ്ചപ്പാട് കിട്ടാനായിരിക്കണം മോണോക്രോമിലാണ് ചിത്രം എടുത്തിരിക്കുന്നത്. പ്രേക്ഷകനോട് എന്ത് കാണണം എന്ന് സംവിധായിക പറയുന്നില്ല. എന്നാല്‍, അവിടെ സംഭവിക്കുന്നതെല്ലാം കാണിച്ചുതരുന്നുമുണ്ട്. വളരെ ഹൃദയഗ്രാഹിയായ കഥ പറച്ചില്‍ രീതിയാണ് സംവിധായിക ഉപയോഗിച്ചിട്ടുള്ളത്. പ്രേക്ഷകന് തലപുകക്കാനുള്ളതൊന്നും ഇല്ല. എന്നാല്‍, അത്യധികം ആഴത്തില്‍ നിന്ന് ദുഃഖം മനസിലേക്ക് നുരഞ്ഞുവരും. മനുഷ്യരുടെ ജീവിതത്തിനെ കളിപ്പാവയാക്കുന്ന വ്യവസ്ഥിതികളോടെല്ലാം കടുത്ത വെറുപ്പ് നമ്മളില്‍ നിറയും. കലയുടെ സാങ്കേതത്തിലൂടെ യാഥാര്‍ഥ്യങ്ങള്‍ ഒരു മയവുമില്ലാതെ കാണിച്ചുതരികയാണ് സംവിധായിക. ഒരു സംവിധായികയുടെ മുഴുവന്‍ ബോധ്യങ്ങളും പ്രതിഷേധങ്ങളും ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാം. സിനിമക്ക് ശേഷവും അതേ ആത്മധൈര്യത്തോടെ അതിനെതിരെ വരുന്ന വെറുപ്പിന്റെ ആക്രോശങ്ങളെ പ്രതിരോധിക്കുന്നുണ്ട് അഗ്‌നെനെസ്‌ക ഹോളണ്ട്. നാസി പ്രോപ്പഗണ്ട സിനിമകളോട് വരെ ഗ്രീന്‍ ബോര്‍ഡേഴ്സിനെ താരതമ്യം ചെയ്തുള്ള പ്രസ്താവനകള്‍ ഉണ്ടായപ്പോഴും തന്റെ സിനിമയില്‍ പ്രതിപാദിച്ച ഒന്നിനേയും അവര്‍ റദ്ദുചെയ്തില്ല.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യൂറോപ്പില്‍ നിന്നും വരുന്ന സിനിമകള്‍ കുടിയേറ്റത്തെയും അഭയാര്‍ഥി പ്രശ്‌നത്തേയുംകുറിച്ച് സംസാരിക്കുന്നുണ്ട്. ഒന്നാംലോക രാജ്യങ്ങളിലെ ദരിദ്രരുടെ കാഴ്ചപ്പാടിലൂടെയാകും മിക്ക സിനിമകളും കഥ പറഞ്ഞിരിക്കുക. കെന്‍ലോച്ചിന്റെ ദ ഓള്‍ഡ് ഓക് തന്നെ മികച്ച ഉദാഹരണമാണ്. സമൂഹമെന്ന നിലയില്‍ കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളുന്നതിന്റെയും സെനോഫോബിക് അവസ്ഥയും ഈ സിനിമകള്‍ ചര്‍ച്ച ചെയ്യുന്നു. വാസ്തവത്തില്‍ നിലവിലെ യൂറോപ്പില്‍ ഇത് പ്രധാന വിഷയം തന്നെയാണ്. എന്നാല്‍, അതിര്‍ത്തികളില്‍ എന്താണ് സംഭവിക്കുന്നത്? അവിടെ നിരാലംബരായ മനുഷ്യര്‍ ജീവന്‍ മാത്രം കൈമുതലായുള്ളവര്‍ കൊടുംപീഡങ്ങള്‍ക്ക് ഇരയാവുകയാണ്. ബെര്‍ലിന്‍ മതിലുണ്ടായിരുന്നപ്പോഴും മെക്‌സിന്‍ മതിലിന് അപ്പുറത്തും, ബംഗ്ലാദേശില്‍ റോഹിങ്ക്യകളും ഇപ്പോള്‍ യൂറോപ്പിലെ ഗ്രീന്‍ ബോര്‍ഡറുകളിലും സംഭവിക്കുന്നത് ഒന്നുതന്നെ. എലികളെ പോലെ മാളം അന്വേഷിക്കുന്നവരെ തട്ടിക്കളിക്കുകയാണ് അതിര്‍ത്തിയിലുള്ള പട്ടാളക്കാര്‍. തികഞ്ഞ ബോധ്യത്തോടെ നടത്തുന്ന ക്രൂരതക്ക് രാജ്യരക്ഷയുടെ പടച്ചട്ട ഭരണകൂടം തന്നെ നല്‍കുന്നു. താരതമ്യേന ഉയര്‍ന്ന ആത്മധൈര്യവും വലിയ പ്രത്യാശകളുമുള്ള അഭയാര്‍ഥികളോട് വ്യവസ്ഥിതിയുടെ കാടന്‍ ഇടപെടലുകള്‍ പച്ചക്ക് കാണിക്കുകയാണ് ഗ്രീന്‍ ബോര്‍ഡേഴ്സില്‍.

അഭയാര്‍ഥികളോട് ഭരണകൂടം ക്രൂരമായി പെരുമാറുമ്പോള്‍ ചെറിയ സാന്ത്വനമാകുന്ന ഉല്‍പതിഷ്ണുക്കളെ സിനിമ പ്രതീക്ഷയെന്നോണം അവതരിപ്പിക്കുന്നുണ്ട്. അവരെ നിയമത്തിന്റെ കണ്ണ് വെട്ടിച്ചു സഹായിക്കാനും പരിരക്ഷ കൊടുക്കാനും ഒരു കൂട്ടം പോളണ്ടുകാര്‍ തയ്യാറാവുന്നുണ്ട്. ഏറക്കുറേ പേരും ലിബറലുകളാണ്. എന്നാല്‍, ഉയര്‍ന്ന ചിന്തയുള്ള ലിബറല്‍ ആണെന്ന് കാണിക്കാനുള്ള വ്യഗ്രതയില്‍ ചെയ്തുകൂട്ടുന്നതാണോ അതോ ശരിക്കും മനുഷ്യസ്‌നേഹത്താല്‍ ചെയ്യുന്നതാണോ ഈ പ്രവര്‍ത്തികളെല്ലാം എന്ന ധാര്‍മിക ചോദ്യം അവര്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്നു. ഈ ചോദ്യം വാസ്തവത്തില്‍ ഓരോ മധ്യവര്‍ഗ ലിബറലുകളോടുമുള്ള ചോദ്യമായി സിനിമാനന്തരം രൂപം പ്രാപിക്കുന്നുണ്ട്.

മനുഷ്യത്വത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്ന്. തുടര്‍ന്ന് പറയുന്നു തന്റെ വാക്കുകള്‍ വനരോധനങ്ങള്‍ ആയാലും തനിക്ക് ഇതെല്ലാം പറയണമെന്ന്. നിശ്ചദാര്‍ഢ്യമുള്ള മനുഷ്യസ്‌നേഹിക്ക് മാത്രം സാധ്യമായ പ്രസ്താവനയാണത്.

പോളണ്ടിനോടുള്ള ഏറ്റവും കാതലായ ചോദ്യം സംവിധായിക ചോദിക്കുന്നത് സിനിമയുടെ റ്റെയില്‍ എന്‍ഡിലാണ്. ഉക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് പോളണ്ടിലേക്ക് വലിയ അഭയാര്‍ഥി പ്രവാഹം ഉണ്ടാകുന്നതാണ് റ്റെയില്‍ എന്‍ഡ്. ഉക്രൈനില്‍ നിന്നുവന്ന അഭയാര്‍ഥികളെ രണ്ട് കൈയും നീട്ടി പോളണ്ടുകാര്‍ സ്വീകരിക്കുന്നു (അന്ന് അത് മലയാള പത്രങ്ങളില്‍പോലും വലിയ വാര്‍ത്തയായിരുന്നു). നേരത്തെ അതിര്‍ത്തിയില്‍ അക്രമം കാണിച്ച പട്ടാളക്കാരന്‍ ഈ അവസരത്തില്‍ വലിയ അനുകമ്പയോടെ പെരുമാറുന്നത് കാണുന്ന സന്നദ്ധ സേനാംഗം ചോദിക്കുന്നുണ്ട്, അതിര്‍ത്തിയില്‍ സിറിയന്‍ അഭയാര്‍ഥികളോട് നിങ്ങള്‍ ഇങ്ങനെ അല്ലല്ലോ പെരുമാറിയത് എന്ന്. അതിര്‍ത്തി കമ്പിക്ക് മുകളിലൂടെ ഗര്‍ഭിണിയെ അടക്കം വലിച്ചെറിഞ്ഞ ക്രൂരതയാണ് ഇന്ന് അനുകമ്പയുടെ ആള്‍രൂപങ്ങളായി നില്‍ക്കുന്നതെന്ന കൗതുകം സംവിധായിക മറച്ചുവെക്കുന്നില്ല. പല ഉക്രൈനികളും വളര്‍ത്തുപൂച്ചയേയും പട്ടിയേയും കൊണ്ടായിരുന്നു വന്നിരുന്നത്. (അത് വേണ്ടത് തന്നെ) കുട്ടികളേയും കൊണ്ടുവന്ന അഭയാര്‍ഥികള്‍ വേദനിക്കുന്ന ഓര്‍മയാകുന്നത് ഈ അവസരത്തിലാണ്. ഏറ്റവും നിസ്സഹായരായ മനുഷ്യരോട് ലോകത്തിന്റെ നീതി എത്ര ക്രൂരമായാണ് പെരുമാറുന്നതെന്ന് ഈ രംഗങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

വൈകാരികമായി നമ്മെ വീര്‍പ്പുമുട്ടിക്കുന്ന ഒട്ടേറെ രംഗങ്ങളാല്‍ സമ്പന്നമാണ് ഗ്രീന്‍ ബോര്‍ഡേഴ്സ്. മനുഷ്യന്‍ മനുഷ്യനെ തന്നെ തോല്‍പ്പിക്കുന്നത് സഹജീവിയോടുള്ള അനുകമ്പ ഒരു തുള്ളിപോലും പ്രകടിപ്പിക്കാതിരിക്കുമ്പോഴാണ്. നിസ്സഹായതയുടെ നെല്ലിപ്പടിയില്‍ നിന്ന് അഭയം തേടുന്നവനെ ചവിട്ടിയിടുമ്പോള്‍ മനുഷ്യനായി ജനിച്ചത്തിലുള്ള ലജ്ജകൊണ്ട് നാം കണ്ണുകള്‍ ഇറുക്കി അടക്കും. പോളണ്ടിലെ ഭരണകൂടത്തേയും അവിടത്തെ രാഷ്ട്രീയപാര്‍ട്ടികളെയും ഒരുപോലെ ചൊടിപ്പിച്ച ഈ സിനിമയെടുത്ത അഗ്‌നെനെസ്‌ക ഹോളണ്ട് പറയുന്നുണ്ട് പോളണ്ടിലെ സര്‍ക്കാരിനെ ചൊടിപ്പിക്കുകയായിരുന്നില്ല സിനിമയുടെ ലക്ഷ്യം മറിച്ച് പ്രേക്ഷകരെ

മനുഷ്യത്വത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്ന്. തുടര്‍ന്ന് പറയുന്നു തന്റെ വാക്കുകള്‍ വനരോധനങ്ങള്‍ ആയാലും തനിക്ക് ഇതെല്ലാം പറയണമെന്ന്. നിശ്ചദാര്‍ഢ്യമുള്ള മനുഷ്യസ്‌നേഹിക്ക് മാത്രം സാധ്യമായ പ്രസ്താവനയാണത്.

TAGS :