Quantcast
MediaOne Logo

തായ്ജി ദ്വീപുകാരും തിമിംഗലവും; മനുഷ്യനോടും പ്രകൃതിയോടുമുള്ള കടപ്പാട്!

ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യങ്ങള്‍ ഏറ്റവുമധികം നേരിടുമ്പോള്‍ തിമിംഗലങ്ങള്‍ പ്രകൃതിക്കു നല്‍കുന്ന സംഭാവനകളെ ഓര്‍ത്തു അവയുടെ സംരക്ഷണത്തിന് മേല്‍കൈ എടുക്കേണ്ടത് വളരെ അനിവാര്യമാണ്.

തായ്ജി ദ്വീപുകാരുടെ തിമിംഗല വേട്ട
X

'തായ്ജി'(TAIJI ) ജപ്പാനിലെ വളരെ ചെറിയൊരു ദ്വീപു പ്രദേശമാണ്. whaling Town എന്നാണ് അപര നാമം. നിലവിലെ ജനസംഖ്യ മൂവായിരത്തില്‍ താഴെ. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ സാങ്കേതിക പരിജ്ഞാനം അവരെ മികവുറ്റ തിമിംഗല വേട്ടക്കാരാക്കി. നൂറ്റാണ്ടുകളായി അവരതു തുടരുന്നു. തിമിംഗലമാണ് സര്‍വസ്വവും, തായ്ജിക്കാര്‍ക്ക്. തിമിങ്കല വേട്ടയുടെ 'ലോക ആസ്ഥാനം' എന്നൊന്നുണ്ടെങ്കില്‍ ആ പട്ടം തായ്ജിക്കാര്‍ക്ക് സ്വന്തം. പരമ്പരാഗത കുലത്തൊഴില്‍ തിമിംഗല വേട്ടയാണെങ്കിലും അന്നം തരുന്ന അവയുടെ അനുഗ്രഹത്തിലാണ് തങ്ങള്‍ നിലനിന്നു പോകുന്നതെന്ന് അഗാധമായി വിശ്വസിക്കുന്ന ഈ സാധുക്കള്‍ പ്രാര്‍ഥനാ പൂര്‍വം അവയെ വേട്ടയാടും. കൂടുതല്‍ അഭിവൃദ്ധിക്കായി അവയോട് തന്നെ പ്രാര്‍ഥിക്കും. തിമിംഗല വേട്ടയല്ലാതെ മറ്റൊന്നുമറിയാത്തതിനാല്‍ ആ പണി ഉപേക്ഷിക്കാനോ മറ്റെന്തെങ്കിലും പുതുതായി പഠിക്കാനോ തയാറല്ല, അവര്‍.

തിമിംഗലത്തെക്കുറിച്ചു ഇത്ര സൂക്ഷ്മമായി അറിയുന്നവര്‍ ലോകത്തു മറ്റാരുമില്ല. സംസ്‌കാരവുമായി അത്രമേല്‍ ഇഴയടുപ്പമുള്ള തായ്ജിക്കാര്‍ക് തിമിംഗല വേട്ട വിനോദവും ജീവിതോപാധിയുമാണ്. തിമിംഗലങ്ങള്‍ മാത്രമല്ല കടലിലെ പലതരം സസ്തനികളെയും അവര്‍ കീഴ്‌പെ്ടുത്തി. അതിസൂക്ഷ്മമായ മെയ്വഴക്കത്തോടെ തിമിംഗലങ്ങളെയും, ഡോള്‍ഫിനുകളേയും മറ്റ് ചെറിയ സസ്തനികളേയും ചെറിയ ഉള്‍ക്കടലിലേക്ക് ഓടിക്കും. അവിടെ അവയെ കൊല്ലുകയോ മാംസത്തിനായി പിടികൂടുകയോ ചെയ്യും. ഇറച്ചി ഭക്ഷിക്കും, വിലപിടിച്ച അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തും. ജീവനോടെ പിടികൂടുന്നവയെ പ്രദര്‍ശനത്തിനായി അക്വേറിയങ്ങളിലേക്കും മറൈന്‍ പാര്‍ക്കുകളിലേക്കും ആണ് വ്യാപാരം നടത്തുക. ജീവനോടെ പിടികൂടലാണ് ഏറ്റവും അപകടകരവും ഏറെ മുന്നൊരുക്കങ്ങള്‍ ആവശ്യമുള്ളതും. പക്ഷെ, കണ്ണഞ്ചിപ്പിക്കുന്ന ലാഭത്തിന്റെ വശ്യത കൊണ്ട് സ്വജീവന്‍ പണയപ്പെടുത്തിയും അവരതു ചെയ്തുകൊണ്ടേയിരുന്നു.

തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കൂട്ടനശീകരണം നടത്തുന്ന തിമിംഗല വേട്ടക്കാര്‍ക്കെതിരെ ലോക മനസ്സാക്ഷി ഉണര്‍ന്നു. അവയുടെ നിലനില്‍പ് ഭദ്രമാക്കാന്‍ International Whaling commission 1948ല്‍ പ്രവര്‍ത്തനം തുടങ്ങി. കമീഷന്റെയും ലോകമെമ്പാടുമുള്ള പ്രകൃതി സ്‌നേഹികളുടെയും സക്രിയമായ ഇടപെടലിന്റെ ഫലമായി 1988 ല്‍ വാണിജ്യ-വിനോദ ആവശ്യങ്ങള്‍ക്കുള്ള തിമിംഗല വേട്ട നിരുത്സാഹപ്പെടുത്താന്‍ നടപടികളുണ്ടായി.

കേള്‍ക്കുന്നത്ര ലളിതമല്ല പക്ഷെ കാര്യങ്ങള്‍. പലപ്പോഴും അവരുടെ അന്തകരും ആകാറുണ്ട് തിമിംഗലങ്ങള്‍. ഉന്നം തെറ്റിയാല്‍ ജീവന്‍ പോകുന്ന പണി കൂടിയാണ് ഈ വേട്ട. പൂര്‍ണ വളര്‍ച്ച എത്തിയാല്‍ നൂറടിയോളം നീളവും പതിനഞ്ചടി ഉയരവുമുള്ള 100-110 ടണ്‍ ഭാരമുള്ള ഭീമാകാരനാണ് തിമിംഗലം. എത്ര പരിചയ സമ്പന്നനാണെങ്കിലും ഉന്നം പിഴക്കാം. അതോടെ എല്ലാം തീരും, നിമിഷാര്‍ധ നേരംകൊണ്ട്. തന്ത്രപൂര്‍വം കീഴടക്കി ജീവനോടെ കരയിലെത്തിച്ചു വേണം അലങ്കാരവശ്യത്തിനു വില്‍ക്കാന്‍. കീഴ്‌പെടുത്തി കെട്ടിവലിച്ചു കരക്കെത്തിക്കുന്നതിനിടയിലും തിമിംഗലം തിരിച്ചു അവരെ വിധേയപ്പെടുത്താം. രക്ഷപ്പെടാന്‍ പ്രകൃതി അവക്ക് നല്‍കിയ എല്ലാ ഉപായങ്ങളും ഈ കടല്‍ ഭീമന്മാര്‍ സ്വഭാവികമായും പുറത്തെടുക്കും. സെപ്റ്റംബര്‍ മുതലാണ് തിമിംഗല വേട്ടയുടെ കാലം തുടങ്ങുന്നത്. ഫെബ്രുവരി വരെ ഇതു നല്ലനിലയില്‍ നടക്കും. 'വാര്‍ഷിക വേട്ട' annual hunting എന്ന് വേണമെങ്കില്‍ പറയാം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ANTARCTIC WHALING പ്രശസ്തമായപ്പോള്‍ സ്വാഭാവികമായും ഈ കൊച്ചു ദ്വീപുവാസികള്‍ക്ക് ലോക പ്രശസ്തി ലഭിച്ചു. ആ പ്രശസ്തി ഒരു നിലക്ക് അവര്‍ക്കുതന്നെ വിനയായി ഭവിച്ചു. പ്രകൃതിക്കു വലിയ അളവില്‍ നാശം വരുത്തി തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കൂട്ടനശീകരണം നടത്തുന്ന തിമിംഗല വേട്ടക്കാര്‍ക്കെതിരെ ലോക മനസ്സാക്ഷി ഉണര്‍ന്നു. അവയുടെ നിലനില്‍പ് ഭദ്രമാക്കാന്‍ International Whaling commission 1948ല്‍ പ്രവര്‍ത്തനം തുടങ്ങി. കമീഷന്റെയും ലോകമെമ്പാടുമുള്ള പ്രകൃതി സ്‌നേഹികളുടെയും സക്രിയമായ ഇടപെടലിന്റെ ഫലമായി 1988 ല്‍ വാണിജ്യ-വിനോദ ആവശ്യങ്ങള്‍ക്കുള്ള തിമിംഗല വേട്ട നിരുത്സാഹപ്പെടുത്താന്‍ നടപടികളുണ്ടായി.

ആചാരങ്ങളും അനുഷ്ടാനങ്ങളുമായി അത്രമേല്‍ ഇഴ ചേര്‍ന്ന് നില്‍ക്കുന്ന തിമിംഗല-ഡോള്‍ഫിന്‍ വേട്ട നിര്‍ത്താന്‍ തായ്ജിക്കാര്‍ക്കാകുമായിരുന്നില്ല. എല്ലാ നിയന്ത്രണങ്ങളെയും അതിജീവിച്ചു ആയിരക്കണക്കിന് ഡോള്‍ഫിനുകളെയും തിമിംഗലങ്ങളെയും വര്‍ഷം തോറും അവര്‍ വേട്ടയാടിക്കൊണ്ടേ ഇരുന്നു. 2010 ല്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അമേരിക്കന്‍ സിനിമ THE COVE വേട്ടയുടെ ഭീകര മുഖം അനാവരണം ചെയ്തു. ലോകമെമ്പാടുമുള്ള പ്രകൃതി സ്‌നേഹികളും വന്യജീവി സംരക്ഷകരും ഒന്നിച്ചു. തദ്ദേശീയരായ വേട്ടക്കാര്‍ക്കെതിരെ നിരന്തര ഏറ്റുമുട്ടലുകള്‍ നടന്നു. ഇപ്പോള്‍ അവിടുത്തെ ഒരു വലിയ ക്രമസമാധാന പ്രശ്നമാണ് ഇത്. വിനോദത്തിനോ ജീവസന്ധാരണത്തിനോ ആയി മൃഗങ്ങളെയോ മറ്റേതെങ്കിലും സ്പിഷീസുകളേയോ നശിപ്പിക്കാന്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്ന് ആരു ശ്രമിച്ചാലും എന്ത് സംഭവിക്കുമെന്നതിന്റെ ചെറിയൊരു ഉദാഹരണമാണിത്.

കാടിനേയും, ആദിമ മനുഷ്യ ഗോത്രങ്ങളെയും പുഴകളെയും, ആ വലിയ ഭൂവിഭാഗത്തിലെ കോടാനുകോടി ജീവനുകളുടെയും ആവാസവ്യവസ്ഥ തന്നെ സംരക്ഷിക്കാന്‍ കൃത്യമായ നിര്‍ദേശങ്ങളോടെ വലിയ സംഖ്യ സ്വരൂപിച്ചു ലോകമൊന്നാകെ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നു; അല്ലെങ്കില്‍ 2030 ഓടെ ആമസോണ്‍ കാടുകളും അതിലെ അപൂര്‍വ സ്പിഷീസുകളും ഇപ്പോഴുള്ളതിന്റെ പകുതിയായി കുറയുമെന്ന തിരിച്ചറിവില്‍ നിന്ന്.

ലോക ജനങ്ങളും പ്രകൃതിതന്നെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യങ്ങള്‍ ഏറ്റവുമധികം നേരിടുമ്പോള്‍ തിമിംഗലങ്ങള്‍ പ്രകൃതിക്കു നല്‍കുന്ന സംഭാവനകളെ ഓര്‍ത്തു അവയുടെ സംരക്ഷണത്തിന് മേല്‍കൈ എടുക്കേണ്ടത് വളരെ വലിയ അനിവാര്യത തന്നെ. സമുദ്രത്തിലെ ആവാസ വ്യവസ്ഥയുടെ എഞ്ചിനീയര്‍മാരാണ് തിമിംഗലങ്ങള്‍. കാലാവസ്ഥാ വ്യതിയാനം താപനിലയും അമ്ലീകരണവും ഉയര്‍ത്തി സമുദ്ര ആവാസവ്യവസ്ഥയെ വലിയ അളവില്‍ തകര്‍ക്കുമ്പോള്‍ വിശേഷിച്ചും.

മരങ്ങളും വനങ്ങളും ഭൗമ ആവാസവ്യവസ്ഥയില്‍ കാര്‍ബണ്‍ പിടിച്ചെടുക്കുന്നതുപോലെ, തിമിംഗലങ്ങള്‍ സമുദ്ര ആവാസവ്യവസ്ഥയില്‍ കാര്‍ബണ്‍ പിടിച്ചെടുക്കുന്നു. ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന മൈക്രോസ്‌കോപ്പിക് സസ്യങ്ങള്‍ നിലനില്‍ക്കാന്‍ കടലിലെ തിമിംഗല സാന്നിധ്യം വലിയ അളവില്‍ സഹായിക്കുന്നു. അങ്ങിനെ 100 വര്‍ഷത്തിലധികം ജീവിക്കുന്ന ഒരു വലിയ തിമിംഗലംകാര്‍ബണ്‍ സംഭരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു.

ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ വ്യാപകമായി കയ്യേറ്റം ചെയ്യപ്പെട്ടപ്പോഴും ലോകം ഇതേരൂപത്തില്‍ അതിശക്തമായി ഇടപെട്ടു. ഭീകരമാം വിധം അവയുടെ വിസ്തൃതി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് തടയാന്‍ വിവിധ ലോക സംഘടനകള്‍ മുന്നിട്ടിറങ്ങി. UN Sustainable Development Solutions Network അതിനു നേതൃത്വം നല്‍കി. കാടിനേയും, ആദിമ മനുഷ്യ ഗോത്രങ്ങളെയും പുഴകളെയും, ആ വലിയ ഭൂവിഭാഗത്തിലെ കോടാനുകോടി ജീവനുകളുടെയും ആവാസവ്യവസ്ഥ തന്നെ സംരക്ഷിക്കാന്‍ കൃത്യമായ നിര്‍ദേശങ്ങളോടെ വലിയ സംഖ്യ സ്വരൂപിച്ചു ലോകമൊന്നാകെ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നു; അല്ലെങ്കില്‍ 2030 ഓടെ ആമസോണ്‍ കാടുകളും അതിലെ അപൂര്‍വ സ്പിഷീസുകളും ഇപ്പോഴുള്ളതിന്റെ പകുതിയായി കുറയുമെന്ന തിരിച്ചറിവില്‍ നിന്ന്.

ആരോഗ്യകരമായ ജീവിതത്തിന് പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ സംരക്ഷണം മനുഷ്യര്‍ക്ക് മാത്രമല്ല, സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. വായു, ഭക്ഷണം, വെള്ളം, പാര്‍പ്പിടം, സ്ഥലം തുടങ്ങിയ അവശ്യവസ്തുക്കള്‍ ഇല്ലാതെ ജീവിതം നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് ലോകത്തിന്റെ പല കോണുകളിലായി പ്രകൃതി സംരക്ഷണ സംരംഭങ്ങള്‍ തുടക്കം കുറിക്കപ്പെടുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഇത്തരം ഉദ്യമങ്ങള്‍ക്ക്. ഐക്യരാഷ്ട്ര സഭ അതിന്റെ തുടക്കം മുതല്‍ വിവിധ വിഷയങ്ങളിലെ പ്രഗല്‍ഭന്മാരെ ഉള്‍പ്പെടുത്തി പ്രകൃതിയെയും, ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാന്‍ ഒട്ടനവധി സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. മൃഗങ്ങള്‍ വര്‍ധിതമായ അളവില്‍ മനുഷ്യന്റെ നിലനില്‍പിന് അനിവാര്യമാണ്. എന്നല്ല, അവ നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നുണ്ടു പല തരത്തില്‍ പലതലങ്ങളിലായി. മനുഷ്യനുള്‍പ്പെടെ നിരവധി ജീവിവര്‍ഗങ്ങള്‍ക്ക് ഭക്ഷണമാണവ. വിശ്വസിക്കാന്‍ കൊള്ളാവുന്ന കൂട്ടുകാരന്‍ ആണവ പലര്‍ക്കും. മനസികോല്ലാസമാണ് ചിലര്‍ക്ക് മുഖ്യം. പ്രകൃതിയിലെ മാറ്റങ്ങള്‍ യഥാവിധി നമ്മെ അറിയിക്കുന്നുണ്ടവ. പ്രകൃതിദുരന്തങ്ങളില്‍, രക്ഷാപ്രവര്‍ത്തനതിന്നവ നമ്മെ സഹായിക്കുന്നുണ്ട്. തിരിച്ചു അവ അര്‍ഹിക്കുന്ന പരിഗണന നമ്മള്‍ നല്‍കാറില്ല, പൊതുവെ. ലോകാരോഗ്യ സംഘടന ഈ കാര്യത്തില്‍ സവിശേഷമായ ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

പാരീസ്സിലെ യുനെസ്‌കോ ഹൗസില്‍ 1978ല്‍ നടന്ന മൃഗങ്ങളുടെ അവകാശ വിളംബരം Universal Declaration of Animal Rights 'സാര്‍വത്രിക മൃഗാവകാശ പ്രഖ്യാപനം' എന്ന പേരില്‍ ഇങ്ങിനെ ചുരുക്കി വായിക്കാം: മൃഗങ്ങളും ആദരം അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടു ഒരു നിലക്കുമുള്ള ദുരുപയോഗം അരുതു, പീഡിപ്പിക്കരുത്, ചൂഷണം ചെയ്യരുത്, ഉപയോഗിച്ച മൃഗങ്ങളെ ഉപയോഗ്യമല്ലാതാകുമ്പോള്‍ നിര്‍ദയം വലിച്ചെറിയരുത്.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ മാതൃകയില്‍ 'ഒരു മൃഗാവകാശ രൂപരേഖ'International Committee for the Convention for the Protection of Animals 1988 ഏപ്രില്‍ 4ന് പുറത്തിറക്കിയിരുന്നു. അതില്‍ മൃഗാവവകാശങ്ങളുടെ മൂന്ന് അടിസ്ഥാന തത്വങ്ങള്‍ വിവരിക്കുന്നതു ഇങ്ങിനെയാണ്:

1) മനുഷ്യനും മൃഗങ്ങളും ഒരേ പ്രകൃതി വ്യവസ്ഥ പങ്കിടുന്നത് കൊണ്ട് തന്നെ പരസ്പര പൂരകങ്ങളായി നിലനില്‍ക്കേണ്ടതാണ്. (ഒന്ന് മറ്റൊന്നിനെ മാറ്റിനിര്‍ത്തിയുള്ള നിലനില്‍പ് അപകടകരമാണ് എന്നര്‍ഥം.) ധാര്‍മിക ബോധം മനുഷ്യനെ ഉത്തരവാദിത്വം ഏല്‍പിക്കുന്നുണ്ട്, മൃഗങ്ങളുടെ കാര്യത്തില്‍. രണ്ടു കൂട്ടര്‍ക്കുമിടയില്‍ ഒരേ പരിണാമ പ്രക്രിയയാണ് നിലവിലുള്ളതും.

2) ജീവിതം വിലമതിക്കാനാകാത്ത അനുഗ്രഹമാണ്. മൃഗങ്ങളുടെ മേല്‍ അനാവശ്യമായ വേദന അടിച്ചേല്‍പിക്കരുത്.

3) അനിവാര്യമായി മൃഗങ്ങളെ (അവയുടെ സഹജമായ കാര്യങ്ങള്‍ക്കു ഭിന്നമായി) ഉപയോഗിക്കേണ്ടി വരുമ്പോള്‍ പോലും അത് അര്‍ഹിക്കുന്ന ജീവിത സാഹചര്യം വകവെച്ചു കൊടുക്കണം.

മൃഗങ്ങള്‍ സചേതനങ്ങളാണ്. ഉല്ലാസങ്ങള്‍ക്കു വേണ്ടി മനുഷ്യര്‍ അവയെ വേദനിപ്പിക്കരുത്, അമിത ചൂഷണം പാടില്ല. അവയോടുള്ള ക്രൂരത തടയുന്നതിനും കഷ്ടപ്പാടുകള്‍ കുറക്കുന്നതിനും രാജ്യങ്ങള്‍ മുന്‍ഗണന കൊടുക്കണം. മൃഗക്ഷേമത്തിന് മാനദണ്ഡങ്ങള്‍ വേണം. മൃഗങ്ങളോടുള്ള മനുഷ്യോത്തരവാദിത്തങ്ങളെയും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തെയും ഉള്‍കൊള്ളുന്ന മൃഗസംരക്ഷണ നിയമങ്ങള്‍ക്കു സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണം തുടങ്ങിയ കാര്യങ്ങള്‍ മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവ, വളര്‍ത്തു മൃഗങ്ങള്‍, ഗവേഷണതിന്നുപയോഗിക്കുന്ന മൃഗങ്ങള്‍, ഭാരമെടുക്കുന്നവ, വിനോദങ്ങള്‍ക്കു ഉപയോഗിക്കുന്നവ, വന്യജീവികള്‍ തുടങ്ങി ഈ ഗണത്തില്‍ ഏതൊക്ക വരുമെന്ന് മൃഗങ്ങളെ തരം തിരിക്കുന്നുമുണ്ട് അവയില്‍.

കണ്‍വെന്‍ഷന്‍ അധ്യക്ഷന്‍ ഇസ്രയേയിലെ ജറുസലേം കേന്ദ്രീകരിച്ചു മൃഗാവകാശങ്ങള്‍ക്കും മൃഗാവബോധത്തിനും പ്രയത്‌നിക്കുന്ന ബില്‍ ക്ലാര്‍ക്ക് Bill Clark എന്നയാളാണ്. ലോകാടിസ്ഥാനത്തില്‍ ആന സംരക്ഷണം ഏറ്റെടുത്തു വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി ആനയെ വേട്ടയാടുന്നത് നിരോധിക്കാന്‍ കാരണക്കാരന്‍ ഇതേ Bill Clark ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആനകളുടെ ഡി.എന്‍.എ ശേഖരിച്ചതിലൂടെ ഒരാനക്കൊമ്പ് ഏതു പ്രദേശത്തു നിന്ന് പിടികൂടിയാലും അതിന്റെ ഉറവിടം തിരിച്ചറിയാനും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് തിരിച്ചേല്‍പിക്കാനും വരെ വ്യവസ്ഥ ഉണ്ടാക്കി. അദ്ദേഹം വിമാനം പറപ്പിക്കല്‍ പരിശീലകന്‍ ആണ്. പക്ഷേ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു.

Anticlimax: ഒരു കൗതുകത്തിന് വേണ്ടി സൈബര്‍ ലോകം മുഴുക്കെ തിരഞ്ഞിട്ടും സ്വന്തം നാട്ടില്‍ നടക്കുന്ന സമാന്തരങ്ങളില്ലാത്ത നരനായാട്ടിനെതിരെ ഒരു വാക്കുകൊണ്ട് പോലും BILL CLARK നേതൃത്വത്തെ വിഷമിപ്പിച്ചത് കണ്ടില്ല. എന്നല്ല, മൃഗങ്ങളുടെ ലോകത്തിന്നപ്പുറം സഹജീവികള്‍ക്ക് വേണ്ടി ഈ മനുഷ്യന്റെ ഒരു ഇടപെടലും കാണുന്നേ ഇല്ല. പ്രകൃതിയെ, അതിലെ വിഭവങ്ങളെ, പുഴകളെ, സസ്യജാലങ്ങളെ, കാടുകളെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പരസഹസ്രം കോടി അവകാശികളെയും തീര്‍ച്ചയായും പരിസംരക്ഷിക്കേണ്ടത് തന്നെ. വരും തലമുറകള്‍ക്കു ഇതിനെക്കാള്‍ ഭദ്രമായി കരുതി വെക്കേണ്ടതുമുണ്ട്. ആരുടെയും ആര്‍ത്തിയും ആനന്ദവും അതിനു തടസ്സമാകരുത്.

സ്വന്തം സഹജീവികള്‍ക്ക് നിഷേധിച്ച ഈ സഹാനുഭൂതിയും, ആര്‍ദ്രതയും ആത്മാര്‍ഥമാണോ? ഇരുപത്തിമൂന്നു ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഭീകരമാം വിധം ജനസാന്ദ്രത ഏറിയ ഒരു പ്രദേശത്തെ ജനപഥത്തെ മുച്ചൂടും നശിപ്പിച്ചു ആളില്ലാ ദ്വീപാക്കും എന്നൊരു ദൗത്യം ഒരു അക്രമി പരസ്യമായി പറഞ്ഞിട്ട് മാസം ഒന്നരയായി. മനുഷ്യത്വത്തോടുള്ള, നിലവിലുള്ളതും വരാനിരിക്കുന്നതുമായ മനുഷ്യരോടുള്ള ആ വലിയ വെല്ലുവിളിക്കു മുമ്പില്‍ നിസ്സഹായരായി താണു കേണു നിന്നാവരുത് പ്രകൃതിയോടുള്ള കടമ നിറവേറ്റാന്‍. ആയിരങ്ങള്‍ പാര്‍ക്കുന്ന ആശുപത്രികള്‍ തകര്‍ത്തും, അവരുടെ അഭയകേന്ദ്രങ്ങള്‍ നശിപ്പിച്ചും, ഏറ്റവും പ്രാഥമികമായ നീതിനിഷേധിച്ചും പ്രകൃതി സന്തുലനത്തെ കുറിച്ച് വാചാലമാകുന്നത് പ്രഹേളനമാണ്. വര്‍ണ-വര്‍ഗ-വംശീയ മാനദണ്ഡങ്ങള്‍ വിവേചനത്തിന് കാരണമാകരുത്. മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും കൊടുക്കുന്ന പരിഗണനയെങ്കിലും അര്‍ഹിക്കുന്നുണ്ട്, ഈ ഗതികെട്ട മനുഷ്യരും. മനുഷ്യരെന്ന മഹിത പദവിയൊന്നും ഈ ദുര്‍ബലര്‍ അര്‍ഹിക്കുന്നില്ലായിരിക്കാം! പക്ഷെ, മൃഗങ്ങള്‍ക്കുള്ള പരിഗണന അവര്‍ അര്‍ഹിക്കുന്നുണ്ടല്ലോ. അടിസ്ഥാനപരമായി മനുഷ്യര്‍ മൃഗങ്ങളുമാണല്ലോ.

TAGS :