Quantcast
MediaOne Logo

എൻ.പി ചെക്കുട്ടി

Published: 4 Jun 2022 3:07 PM GMT

തൃക്കാക്കര പറയുന്നത്: മതേതര സങ്കൽപ്പങ്ങൾക്ക് ഇനിയും കേരളത്തിൽ സ്ഥാനമുണ്ട്

ബിജെപിയുടെ സമുന്നത നേതാവ് തന്നെ മത്സരിച്ചിട്ടും കേന്ദ്രമന്ത്രിമാർ അടക്കം വന്നു പ്രചാരണം നടത്തിയിട്ടും കടലോളം കാശ് ഒഴുക്കിയിട്ടും ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തെ വോട്ടു പോലും ഒപ്പിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല കെട്ടിവെച്ച കാശും നഷ്ടമായി.

തൃക്കാക്കര പറയുന്നത്: മതേതര സങ്കൽപ്പങ്ങൾക്ക് ഇനിയും കേരളത്തിൽ സ്ഥാനമുണ്ട്
X
Listen to this Article

കേരളം സമീപകാലത്തു കണ്ട ഏറ്റവും കാലുഷ്യം നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണമാണ് തൃക്കാക്കരയിൽ കണ്ടത്. ജനങ്ങളെ തമ്മിലടിപ്പിച്ചു സാമൂഹികമായ ഛിദ്രതകൾ വളർത്തി വർഗീയ വിഭജനത്തിലൂടെ നേട്ടം കൊയ്യുക എന്ന തന്ത്രം തന്നെയാണ് നമ്മുടെ നാട്ടിൽ അധികാര രാഷ്ട്രീയം കയ്യാളുന്ന വിവിധ പാർട്ടികൾ പയറ്റിയത്.

എന്നാൽ, തൃക്കാക്കരയിലെ ജനങ്ങൾ അത്തരം ഛിദ്രതയുടെ രാഷ്ട്രീയം തള്ളിക്കളഞ്ഞു. ഒരു ജനാധിപത്യസമൂഹത്തിൽ മതേതരമായ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് മാതൃകാപരമായ ഉൾകാഴ്ചയാണ് അവിടെ സമ്മതിദായകർ പ്രകടമാക്കിയത്. ബഹുസ്വര കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച പ്രത്യാശകൾ നിലനിർത്തുന്ന ഒരു അനുഭവമാണത്.

തൃക്കാക്കരയിലെ സ്ഥിതിഗതികൾ നോക്കുക. കേരളത്തിന്റെ പരിച്ഛേദം തന്നെയാണ് മധ്യകേരളത്തിലെ ഈ അർദ്ധനഗര പ്രദേശം. കേരളം ഇന്നൊരു മധ്യവർഗ സമൂഹമാണ്; പൊതുവിൽ വിദ്യാസമ്പന്നരായ ഒരു ജനസമൂഹം. ഒറ്റപ്പെട്ട പഴയകാല കെട്ടിടങ്ങൾ അങ്ങിങ്ങു കാണാമെങ്കിലും ബഹുനിലകളുള്ള പുതുതലമുറ ഫ്ളാറ്റുകളാണ് പലയിടത്തും തലയുയർത്തി നിൽക്കുന്നത്. ഒരു കാലത്തു വയലുകളാൽ സമൃദ്ധമായിരുന്ന ഈ നാട്ടിൽ ഇപ്പോൾ അവയെല്ലാം നികത്തിയെടുത്തു കെട്ടിടം പണിയാനാണ് പുതുസമ്പന്ന സമൂഹം കൗതുകം കാണിക്കുന്നത്. പൊതുവിൽ മധ്യവർഗ സമൂഹം പ്രകടിപ്പിക്കുന്ന അരാഷ്ട്രീയ സമീപനവും സ്വന്തം താൽപര്യങ്ങളിൽ ഒതുങ്ങിയുള്ള സാമൂഹിക കാഴ്ചപ്പാടുകളും അവിടെ പ്രകടമാണ്. അതിനാൽ ഇന്ത്യയിൽ മറ്റു പലേടത്തുമെന്ന പോലെ തൃക്കാക്കരയിലും വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണാവുമെന്നു രാഷ്ട്രീയതാന്ത്രികർ സങ്കല്പിച്ചതിൽ തെറ്റില്ല.

എന്നാൽ, തൃക്കാക്കരയിലെ ജനങ്ങളുടെ മനോഗതിയെ സംബന്ധിച്ച മുൻവിധികൾ പൂർണമായും തെറ്റി. സമുദായികതയുടെ കാര്യത്തിൽ മാത്രമല്ല, വികസന വിഷയത്തിലും ഭാവികേരളത്തിന്റെ ദീർഘകാല താല്പര്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ചാണ് അവർ സമ്മതിദാനം നിർവഹിച്ചത്. നാടിനെ വിഭജിക്കുകയും ഒരു പാരിസ്ഥിതിക ദുരന്തമായി മാറാനിരിക്കുകയും ചെയ്യുന്ന സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ച മോഹനവാഗ്ദാനങ്ങൾ അവർ പൂർണമായും തള്ളിക്കളഞ്ഞു. വികസനം സമൂഹത്തിന്റെ ഭദ്രതയ്ക്കും നിലനില്പിനും വിഘാതമാകരുത് എന്ന സമുന്നത സങ്കല്പമാണ് അവർ അംഗീകരിച്ചത്. നഗരവാസികളായ മധ്യവർഗ സമൂഹങ്ങളെ സംബന്ധിച്ച വാർപ്പുമാതൃകാ സങ്കല്പങ്ങളെ അവർ പൂർണമായും തിരസ്കരിക്കുകയാണ് ചെയ്തത്. സാമൂഹികശാസ്ത്ര പഠനത്തിൽ ഭാവിയിൽ അതൊരു നാഴികക്കല്ലായി മാറിയേക്കാം.




എന്നാൽ മത്സരത്തിൽ അണിനിരന്ന എല്ലാ കക്ഷികളും അവിടെയുള്ള സമുദായിക സമവാക്യങ്ങൾ കണക്കിലെടുത്തിരുന്നു. അത് അങ്ങനെയാകാതെ തരമില്ലതാനും. എഴുപതുകളിൽ സോഷ്യൽ സയന്റിസ്റ്റ് മാസികയിൽ എഴുതിയ ഒരു ലേഖനത്തിൽ ഇ എം എസ് നമ്പൂതിരിപ്പാട് പോലും തുറന്നു സമ്മതിച്ച ഒരു പ്രതിഭാസമാണത്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ ജാതിയും സമുദായവും തങ്ങളും ഒരു നിർണായകഘടകമായി കണക്കിലെടുക്കാറുണ്ട് എന്നാണ് അന്ന് സിപിഎം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഇഎംഎസ് തന്റെ ലേഖനത്തിൽ പറഞ്ഞത്. പിന്നീട് മുംബൈയിൽ നിന്നുള്ള ദി ഇക്കണോമിക് & പൊളിറ്റിക്കൽ വീക്കിലി അത് സംബന്ധിച്ച് വിശദമായ ഒരു ചർച്ച നടത്തി. അതിൽ ഇടപെട്ടുകൊണ്ട് ഇഎംഎസ് വീണ്ടും തന്റെ നിലപാടുകൾ വ്യക്തമാക്കുകയുണ്ടായി.

സ്ഥാനാർത്ഥികളുടെ ജാതിയും സമുദായവും പരിഗണിക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനുമാകില്ല. കാരണം നമ്മുടേത് മത-സാമുദായിക ചിന്തകൾക്ക് വലിയ വേരുകളുള്ള സമൂഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മത-സമുദായ വിഭാഗങ്ങൾ കാലാകാലങ്ങളിൽ നമ്മുടെ തീരത്തു എത്തിയിട്ടുണ്ട്. ജൂതരും ക്രിസ്ത്യാനികളും മുസ്ലിംകളും അവരുടെ ചരിത്രത്തിന്റെ ആദ്യനാളുകളിൽ തന്നെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു വന്നെത്തുകയുണ്ടായി. അറേബ്യൻ സമുദ്രത്തെ ചുറ്റിപ്പറ്റി ആഫിക്ക മുതൽ ചൈന വരെ നീളുന്ന വിപുലമായ ഒരു വാണിജ്യ സാമാജ്യത്തിൽ അതിന്റെ കേന്ദ്രഭൂമിയിൽ നിലകൊണ്ട പ്രദേശമാണിത്. കപ്പലുകൾക്കും അതിൽ സഞ്ചരിച്ച വ്യാപാരികൾക്കും മതപ്രചാരകന്മാർക്കും ഈ നാട് ആതിഥ്യം നൽകി. അതിനാൽ വളരെ സങ്കീർണവും സമ്പുഷ്ടവുമായ ഒരു സാംസ്കാരിക പാരമ്പര്യമാണ് കേരളം നിലനിർത്തിയത്. അത്തരം ആദാനപ്രദാനങ്ങൾ സാംസ്കാരികമായി മാത്രമല്ല, സാമ്പത്തികമായും അതിനെ ശക്തിപ്പെടുത്തി. കേരളത്തിന്റെ പ്രകൃതി വിഭവങ്ങൾ -- പ്രത്യേകിച്ച് മലഞ്ചരക്കുകൾ -- യൂറോപ്പിൽ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമൂല്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ പാശ്ചാത്യദേശങ്ങളിൽ നിന്നും കിഴക്ക് ചൈനയിൽ നിന്നും വന്ന സഞ്ചാരികളെ കേരളീയസമൂഹം എന്നും സന്തോഷപൂർവം സ്വീകരിച്ചുവന്നു. എം ജി എസ് നാരായണന്റെ കൾച്ചറൽ സിംബയോസിസ് ഇൻ കേരള എന്ന പുസ്തകത്തിൽ അദ്ദേഹം മലയാളി സമൂഹത്തിന്റെ ഈ സവിശേഷതകൾ വിവരിക്കുന്നുണ്ട്.



വടക്കേ ഇന്ത്യയിൽ ഇസ്ലാം വന്നത് സിന്ധ് വഴിയും പഞ്ചാബ് വഴിയും നടന്ന പടയോട്ടങ്ങളിലൂടെയാണ്. കേരളത്തിൽ അത് എത്തിയത് അറേബ്യൻ കടൽ വഴി കപ്പലിൽ വന്ന സഞ്ചാരികളിലൂടെയും. അതിനാൽ ഒരു പരിധി വരെ ഇസ്ലാമുമായുള്ള വടക്കേ ഇന്ത്യയുടെ ബന്ധങ്ങളും കേരളത്തിന്റെ ബന്ധങ്ങളും വ്യത്യസ്തമായ അനുഭവങ്ങളെ കുറിക്കുന്നുണ്ട്. അധിനിവേശത്തിന്റെ ചില ഓർമ്മകൾ വടക്കുഭാഗത്തു അതുയർത്തുന്നുണ്ട്. അത്തരം ഓർമകളിൽ നിന്നാണ് ഇന്ത്യയിൽ ഹിന്ദുത്വവാദത്തിന്റെ സാംസ്കാരികമായ അടിത്തറ കെട്ടിപ്പൊക്കിയതും.

കേരളത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയം കടന്നുവരുന്നതും ഇത്തരം ഉത്തരേന്ത്യൻ മുൻവിധികളുമായാണ്. ഇസ്ലാമിനെ ശത്രുവായി എതിർവശത്തു പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു സാമുദായിക സങ്കല്പമാണ് അതിന്റെ മൂലാധാരം. ഒരുപക്ഷേ ഇന്നുവരെ കേരളത്തിലെ സാധാരണ ജനങ്ങൾ അതിന്റെ ദൂഷിതമായ സ്വാധീനത്തെ ചെറുത്തു നിന്നത് ഇസ്ലാമുമായുള്ള അവരുടെ ദീർഘകാല ബന്ധങ്ങളും അനുഭവങ്ങളും സംബന്ധിച്ച ഈ വ്യത്യസ്ത കാഴ്ചപ്പാടുകൾ കാരണമായിരിക്കണം. ഇസ്ലാംവിരുദ്ധ രാഷ്ട്രീയം കേരളത്തിൽ ഒരിക്കലും വേരുപിടിക്കുകയുണ്ടായില്ല. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചും ഇത് വസ്തുതയാണ്.


എന്നാൽ മാറ്റിമറിച്ചു പുതിയൊരു വിഭജിത സമൂഹം കെട്ടിപ്പടുക്കാനുള്ള നീക്കങ്ങൾ കാലങ്ങളായി നടക്കുന്നുണ്ട്. ഇത്തവണ നമ്മുടെ ചില മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾ പോലും ചരിത്രപരമായ അനുഭവങ്ങളെയും നിരീക്ഷണങ്ങളെയും പുറംകാലു കൊണ്ട് തള്ളിമാറ്റി, വടക്കേ ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയചിന്തകരുടെ ദർശനങ്ങൾ ഇവിടെ പ്രയോഗിക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. ദൽഹിയിൽ അധികാരം പിടിക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും പ്രയോഗിച്ച തന്ത്രങ്ങൾ ഏതാണ്ട് അതേരൂപത്തിൽ ഇവിടെ പകർത്താനാണ് ചിലർ ശ്രമിച്ചത്. ഇസ്ലാമോഫോബിയയാണ് അത്തരമൊരു രാഷ്ട്രീയ പ്രയോഗത്തിന്റെ ആണിക്കല്ല്. അതൊരു ഇന്ത്യൻ ഉല്പന്നമായിരിക്കെ തന്നെ അതിന്റെ യഥാർത്ഥ ഉപജ്ഞാതാക്കൾ പാശ്ചാത്യരായ പണ്ഡിതരും നയരൂപീകരണ വിദഗ്ദ്ധരുമാണ് എന്ന കാര്യം നാമോർക്കണം. ഇന്ത്യയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ബ്രിട്ടീഷ് അധികാരികൾ പ്രയോഗിച്ച വിഭജനത്തിന്റെ തന്ത്രങ്ങളുടെ ചിന്താപരമായ അടിത്തറയായി വർത്തിച്ചത് ജെയിംസ് മിൽ അടക്കമുള്ള പണ്ഡിതരുടെ പഠനങ്ങളാണ് എന്ന് റോമിലാ ഥാപ്പർ അടക്കമുള്ള ആധുനിക നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അങ്ങനെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വിഭജനവാദ രാഷ്ട്രീയതന്ത്രമാണ് പഴയകുപ്പിയിലെ പുതിയ വീഞ്ഞെന്ന മട്ടിൽ പി സി ജോർജിനെ മുന്നിൽ നിർത്തി തൃക്കാക്കരയിൽ ബിജെപി പ്രയോഗിച്ചത്. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനും മുസ്ലിംകൾക്കെതിരെ ഹിന്ദുക്കളെയും തിരിച്ചും അക്രമാസക്തമായ രീതിയിൽ തിരിച്ചുവിടാനുമുള്ള നീക്കങ്ങളാണ് അവിടെ നടന്നത്. അനന്തപുരിയിലെ ഹിന്ദു മഹാസമ്മേളനത്തിൽ ഇസ്ലാം ഭീഷണിയെക്കുറിച്ചു വാചകമടിച്ചു വെട്ടിലായ പി സി ജോർജിനെ മണ്ഡലത്തിലെങ്ങും അവർ എഴുന്നള്ളിച്ചു. താലപ്പൊലിയും ആചാരവെടിയുമായി പൂഞ്ഞാർ പുലിയെ അവർ എതിരേറ്റു. കേരളത്തിൽ ഇരു മുന്നണികളിലും പയറ്റി, അവിടെ നിന്നൊക്കെ കയ്യിലിരിപ്പു കാരണം ഇറങ്ങേണ്ടി വന്ന ജോർജ് പിന്നീടൊരിക്കൽ കീഴാള രാഷ്ട്രീയത്തിന്റെ പടയാളിയായും പ്രത്യക്ഷപ്പെട്ടിരുന്നു. 2016ൽ പൂഞ്ഞാറിൽ ഇരു മുന്നണികൾക്കുമെതിരെ ഒറ്റയ്ക്ക് നിന്ന് പൊരുതി വിജയിക്കാൻ ജോർജിനെ സഹായിച്ചത് അത്തരം നവസാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. പ്രത്യേകിച്ചും ദളിത്-മുസ്ലിം പ്രസ്ഥാനങ്ങൾ. പിന്നീട് അവരുമായും തെറ്റിയ ജോർജ് പൂഞ്ഞാറിൽ ഇത്തവണ വെള്ളം കുടിച്ചു. ഇനി അദ്ദേഹത്തിന് ഒരേയൊരു അഭയകേന്ദ്രം ബിജെപിയുടെ താവളം മാത്രമാണ്. അങ്ങോട്ടാണ് ജോർജ് മുക്രയിട്ടു കൊണ്ട് പാഞ്ഞുകേറിയത്.

പക്ഷേ പദ്ധതി വിജയിച്ചില്ലെന്നു മാത്രമല്ല, ബിജെപിക്കും സംഘപരിവാരത്തിനും വലിയ നാണക്കേടും വരുത്തി എന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്. ബിജെപിയുടെ സമുന്നത നേതാവ് തന്നെ മത്സരിച്ചിട്ടും കേന്ദ്രമന്ത്രിമാർ അടക്കം വന്നു പ്രചാരണം നടത്തിയിട്ടും കടലോളം കാശ് ഒഴുക്കിയിട്ടും ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തെ വോട്ടു പോലും ഒപ്പിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല കെട്ടിവെച്ച കാശും നഷ്ടമായി. ട്വൻറി ട്വൻറി പോലുള്ള ഒരു കോർപ്പറേറ്റ് പാർട്ടിക്ക് കഴിഞ്ഞ തവണ സമാഹരിക്കാൻ കഴിഞ്ഞ വോട്ടുപോലും ഇന്ത്യയുടെ കേന്ദ്ര സർക്കാരിനെയും ഡസൻ കണക്കിന് സംസ്ഥാനങ്ങളേയും ഭരിക്കുന്ന ബിജെപിയ്ക്ക് തൃക്കാക്കരയിൽ കിട്ടിയില്ല എന്നത് അവരുടെ രാഷ്ട്രീയം പൂർണമായും വർജ്യമായി ജനങ്ങൾ കാണുന്നു എന്നതിന്റെ തെളിവാണ്.


ഇമ്മട്ടിൽ പരസ്യമായല്ലെങ്കിലും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളിലും വർഗീയമായ ചില കണക്കുകൂട്ടലുകൾ പ്രകടമായിരുന്നു. തൃക്കാക്കരയിൽ സ്വാധീനമുള്ള കത്തോലിക്കാ സഭയുടെ പിന്തുണ ഉറപ്പാക്കാനാണത്രെ അവർ ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥിയെ രായ്ക്കുരാമാനം പിൻവലിച്ചു സഭയുടെ ഒരു കുഞ്ഞാടിനെത്തന്നെ അവിടെ ബലിയാടാക്കി നിർത്തിയത്. ഡോ. ജോ ജോസഫ് ഒരിക്കലും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. സിപിഎം സ്ഥാനാർത്ഥിയായി അവരുടെ യുവനേതാവും അഭിഭാഷകനുമായ അരുൺ കുമാറിനെ ജില്ലാകമ്മറ്റി ഏകകണ്ഠമായി നിർദേശിക്കുകയും ചെയ്തതാണ്. മറ്റു നാമധേയങ്ങളൊന്നും മേൽകമ്മിറ്റികൾ ആരും ഉയർത്തിയതുമില്ല. അതോടെ ചുമരെഴുത്തും മറ്റു പ്രചാരണപരിപാടികളും കലശലായി മുന്നേറി. പിന്നീടാണ് ജില്ലാ സെക്രട്ടറി സി എൻ മോഹനനെയും ജില്ലയിലെ മറ്റു നേതാക്കളെയും ഞെട്ടിച്ചു കൊണ്ട് സ്ഥാനാർത്ഥിമാറ്റം നാടകീയമായി അരങ്ങേറിയത്. സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം കയ്യാളുന്ന ഒരു സ്ഥാനാർത്ഥിയുടെ പേര് സഭയുടെ വകയുള്ള ആശുപത്രിയിൽ ഒരു വൈദികന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ഇന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഒരു വ്യതിയാനം. എന്തുകൊണ്ട് പാർട്ടി ഓഫീസിലോ മുന്നണി കേന്ദ്രത്തിലോ വെച്ച് സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിനു പകരം ഇങ്ങനെയൊരു നാടകം അരങ്ങേറി എന്ന ചോദ്യത്തിന് ഇന്നും ബന്ധപ്പെട്ടവർ മറുപടി നൽകിയിട്ടില്ല. സംഭവം ആസൂത്രണം ചെയ്ത ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാർ സംഗതി വല്ലാതെ മെലോഡ്രാമയാക്കി കുളമാക്കി എന്നൊക്കെ ചിലർ പറയുന്നതു കേട്ടു.

സഭയുടെ കുഞ്ഞാടിനെ നിർത്തിയാൽ ക്രൈസ്തവ വോട്ടെല്ലാം ഒന്നടങ്കം കുപ്പിയിലാകും എന്ന് ആരാണ് സഖാക്കൾ ജയരാജനെയും കോടിയേരിയെയും ഉപദേശിച്ചത് എന്നറിയില്ല. ആരായാലും അവർ എറണാകുളത്തെ സഭയുടെ ചരിത്രമോ സമകാല യാഥാർഥ്യങ്ങളോ കണക്കിലെടുക്കുകയുണ്ടായില്ല. നേരത്തെ ഒരിക്കൽ തൃക്കാക്കരയിൽ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സിപിഎം സഹയാത്രികൻ സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടിയത്, ഡോ. ജോ ജോസഫിനെ കൊണ്ടുവരാനുള്ള നീക്കം വേണ്ടവിധം ആലോചനയില്ലാതെ നടത്തിയതാകണം എന്നുതന്നെയാണ്. ആർച്ച് ബിഷപ്പ് ആലഞ്ചേരിയെ പ്രീണിപ്പിക്കാനാണ് അദ്ദേഹത്തിന്റെ സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ഡോക്ടറെ സ്ഥാനാർത്ഥിയാക്കിയത് എങ്കിൽ സഭയ്ക്കകത്തു ആലഞ്ചേരിയുടെ ഇന്നത്തെ അവസ്ഥ അറിയുന്ന ആരും അതിനു മുതിരുകയില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. കുർബാന വിഷയത്തിൽ സഭയിലെ മഹാഭൂരിപക്ഷം വൈദികരും അൽമായരും ബിഷപ്പുമായി കടുത്ത ശത്രുതയിലാണ്. തർക്കങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽകുമ്പോൾ പിതാവിന്റെ ആളാണ് എന്നും പറഞ്ഞു അങ്ങോട്ട് വോട്ടും ചോദിച്ചു പുറപ്പെട്ടാൽ ആരാണ് വോട്ടു കൊടുക്കുക എന്നാണദ്ദേഹം ചോദിച്ചത്. അതിൽ കാര്യമുണ്ടെന്നു വോട്ടു എണ്ണി നോക്കിയപ്പോൾ പാർട്ടിക്കും ബോധ്യമായിരിക്കണം. കാരണം ഇരുന്നൂറിലേറെ ബൂത്തുകളിൽ കഷ്ടിച്ചു രണ്ടു ഡസനിൽ താഴെ ബൂത്തുകളിൽ മാത്രമാണ് സിപിഎം സ്ഥാനാർഥിക്കു മുന്നേറാൻ കഴിഞ്ഞത്.

നേരെമറിച്ചു മതേതര ഇന്ത്യയുടെ പൊതുപൈതൃകത്തെ പിൻപറ്റുന്ന നയസമീപനമാണ് ഇത്തവണ കോൺഗ്രസ്സ് നേതൃത്വം കൈക്കൊണ്ടത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഉടൻ തന്നെ അവർ യോഗം ചേർന്ന് തങ്ങളുടെ സ്ഥാനാർഥി ഉമാ തോമസ് ആയിരിക്കും എന്ന് പ്രഖ്യാപിച്ചു. മണ്ഡലത്തെ പ്രതിനിധാനം ചെയ്ത പി ടി തോമസിന്റെ വിധവ എന്ന പരിഗണന മാത്രമല്ല, സ്ത്രീകൾക്ക് കൂടുതൽ അംഗസംഖ്യയുള്ള മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർഥി എന്ന ചിന്തയും അവരെ നയിച്ചിരിക്കണം. ഉമാ തോമസ് ഹിന്ദു സമുദായത്തിൽ ജനിച്ചു വളർന്ന സ്ത്രീയാണ്. ചെറുപ്പകാലത്തു കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനം നടത്തിയത് അവർക്കു വലിയ നേട്ടമായി. രാഷ്ട്രീയപ്രവർത്തനം വെറും അഭിനയം മാത്രമെന്നു തെറ്റിദ്ധരിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയിൽ നിന്ന് വ്യതിരിക്തമായി ജനങ്ങളോടു വളരെ സ്വാഭാവികവും നൈസർഗികവുമായ രീതിയിൽ ഒരു ബന്ധവും അടുപ്പവും സ്ഥാപിച്ചെടുക്കാൻ അവർക്കു കഴിഞ്ഞു. തികച്ചും കുലീനമായ പെരുമാറ്റം അവരെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഉമയാക്കി എന്ന് പറയാൻ മടിക്കേണ്ടതില്ല. അവരാകട്ടെ, തികഞ്ഞ പ്രകോപനങ്ങളുടെ നടുവിലും തന്റെ സംയമനവും കുലീനതയും മാന്യതയും കൈവിട്ടു പെരുമാറാൻ തയ്യാറായതുമില്ല.


മത്സരരംഗത്തെ മൂന്നു സ്ഥാനാർഥികളിൽ രണ്ടുപേർ ഹിന്ദുക്കളും ഒരേയൊരാൾ മാത്രം ക്രിസ്ത്യാനിയുമായിട്ടും എന്തേ ക്രൈസ്തവർ ജോ ജോസഫിനെ കൈവിട്ടു? അതിനു ഒരു കാരണം തങ്ങളുടെ പ്രതിനിധികളെ സംബന്ധിച്ച് ജനങ്ങൾക്ക് ജാതിക്കും മതത്തിനും അപ്പുറമുള്ള ചില പരിഗണനകൾ കൂടിയുണ്ട് എന്നതാണ്. മതേതര രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലയായി നില്കുന്നത് അത്തരം ജനാധിപത്യ സമൂഹ സങ്കല്പങ്ങളാണ്. തൃക്കാക്കരയിലെ ജനങ്ങൾ അത്തരം മാനദണ്ഡങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ നിർണായകമായി പരിഗണിച്ചത്. അതു ഭാവി കേരളത്തെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന ഒരു തീരുമാനമാണ്. വർഗീയത എത്രമാത്രം മാരകമായ രൂപത്തിൽ പ്രയോഗിച്ചാലും അതിനെ ചെറുത്തുനില്കാനുള്ള ശേഷി നമ്മുടെ സമൂഹത്തിനും സമ്മതിദായകർക്കുമുണ്ട് എന്നാണ് അത് നൽകുന്ന സന്ദേശം. ഈ പാഠം രാഷ്ട്രീയക്കാരും ഉൾക്കൊണ്ടാൽ നാടിനു ഗുണമാവും.

TAGS :