Quantcast
MediaOne Logo

ആനന്ദ് കൊച്ചുകുടി

Published: 4 Jun 2022 11:19 AM GMT

തൃക്കാക്കര : യു.ഡി.എഫിന്റെ വിജയവും പിണറായിയുടെ തോൽവിയും

സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനത്തെയും തൃക്കാക്കരയിൽ വിന്യസിക്കുന്നതിലൂടെയും വ്യക്തിപരമായി പ്രചാരണത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകുന്നതിലൂടെയും മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രതീക്ഷ നൽകിയെങ്കിലും നിരാശ ആയിരുന്നു ഫലം.

തൃക്കാക്കര : യു.ഡി.എഫിന്റെ വിജയവും പിണറായിയുടെ തോൽവിയും
X
Listen to this Article

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കേരള നിയമസഭയില്‍ സെഞ്ച്വറി അടിക്കുമെന്ന എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിക്ക് ഈ വിജയം പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുകയും ചെയ്യുന്നു. സംസ്ഥാനത്തെ മുഴുവന്‍ ഭരണസംവിധാനത്തെയും തൃക്കാക്കരയില്‍ വിന്യസിക്കുന്നതിലൂടെയും വ്യക്തിപരമായി പ്രചാരണത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നതിലൂടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും നിരാശ ആയിരുന്നു ഫലം.

2009 ലെ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് നിര്‍മിച്ചെടുത്ത കേരളത്തിന്റെ ഏറ്റവും നഗരകേന്ദ്രീകൃത നിയോജക മണ്ഡലമായ തൃക്കാക്കര എല്ലായ്‌പ്പോഴും എല്‍.ഡി.എഫിന് കടുത്ത വെല്ലുവിളിയായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തുടര്‍ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലും താഴെതട്ട്‌വരെ നടത്തിയ ഇലക്ഷന്‍ മാനേജ്‌മെന്റിന്റ ബലത്തിലും വിജയിക്കുമെന്ന് സി.പി.എം വിശ്വസിച്ചു. 2018 ലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ തന്ത്രങ്ങളും അവര്‍ ഉപയോഗപ്പെടുത്തി. വിവിധ സാമൂഹിക വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ വിശ്വാസത്തിലെടുക്കുകയാണ് ഇടതുപക്ഷം അവിടെ ചെയ്തത്. ഒരു നഗരകേന്ദ്രീകൃത നിയോജകമണ്ഡലത്തില്‍ അത്തരമൊരു തന്ത്രം പുനരവതരിപ്പിക്കുന്നത് എല്ലായ്‌പ്പോഴും അപകട സാധ്യത ഉള്ളതായിരുന്നു. തൃക്കാക്കരയിലെ കനത്ത പരാജയം അവരെ ഒരു പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിച്ചേക്കും.



2016 ലും 2021 ലും തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ വിജയം ഒരു വലിയ ആശ്വാസമായിത്തീരുന്നു. ഇത് സംസ്ഥാന രാഷ്ട്രീയത്തിലെ അവരുടെ ഇടം വീണ്ടും അടയാളപ്പെടുത്തുന്നതായി. 2021 ല്‍ ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മുതിര്‍ന്ന നേതാവ് എ.എന്‍ രാധാകൃഷ്ണന് ലഭിച്ചതിലൂടെ ബി.ജെ.പിക്കും ഈ ഫലം കനത്ത തിരിച്ചടിയാണ് നല്‍കിയത്. കെട്ടിവെച്ച കാശ് പോവുകയും ചെയ്തു. നിലവിലെ സര്‍ക്കാരുകള്‍ക്ക് എതിരെ വോട്ടു ചെയ്യുന്ന സംസ്ഥാനത്തിന്റെ പൊതു അവസ്ഥ പിണറായി വിജയന്റെ തുടര്‍ഭരണത്തിലൂടെ മാറിയെങ്കിലും കേരളത്തിന്റെ രാഷ്ട്രീയം തല്‍ക്കാലം രണ്ടു കക്ഷികള്‍ക്കിടയില്‍ തുടരുമെന്നത് ഈ ഫലം അടിവരയിട്ടു.

സി.പി.എമ്മിന്റെ തന്ത്രപരമായ മണ്ടത്തരം

സി.പി.എം ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ച കെ.എസ് അരുണ്‍ കുമാറിനെ വെട്ടി സംസ്ഥാന കമ്മിറ്റി ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. 2021 ലെ അതേ വീഴ്ച എല്‍.ഡി.എഫ് ഇത്തവണയും ആവര്‍ത്തിച്ചു. അന്ന്, സിറോ-മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നോമിനിയായ സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ജെ ജേക്കബിനെ ഇടതുപക്ഷം പിന്തുണച്ചിരുന്നു. എന്നാല്‍, സഭയ്ക്കുള്ളിലെ വിഭാഗീയതയും അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങളും കാരണം കര്‍ദിനാള്‍ തന്നെ സഭക്കുള്ളില്‍ പ്രതിരോധത്തിലായിരുന്നു. അങ്ങനെ, കര്‍ദിനാള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഒരു റബ്ബര്‍ സ്റ്റാമ്പായി ചുരുങ്ങി. ഇടവകയിലെ പുരോഹിതന്മാരില്‍ ഭൂരിഭാഗവും അദ്ദേഹത്തിനെതിരെ അണിനിരന്നു. ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കാനുള്ള കര്‍ദിനാള്‍ ആലഞ്ചേരിയുടെ നിര്‍ദേശം നാനൂറില്‍ നാല് ഇടവകകള്‍ മാത്രമാണ് അംഗീകരിച്ചത്.

എന്നാല്‍, സിറോ-മലബാര്‍ അതിരൂപതയുടെ കര്‍ദിനാള്‍ വിഭാഗവുമായി സി.പിഎം ഇടപാടുകള്‍ തുടര്‍ന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മധ്യ തിരുവിതാംകൂറില്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് അവരെ സഹായിച്ചു. വിമത വിഭാഗത്തിന് മേല്‍ക്കൈയുള്ള എറണാകുളം ജില്ലയില്‍ പക്ഷെ, ഇത് അവര്‍ക്ക് തിരിച്ചടിയായി.

സഭയുടെ വിമത വിഭാഗം നടത്തുന്ന ലിസി ആശുപത്രിയില്‍ ജോ ജോസഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപന പത്രസമ്മേളനം സംഘടിപ്പിക്കുന്നതിലൂടെ, സഭയുടെ വിവിധ വിഭാഗങ്ങളുടെ സംയുക്ത സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ അവതരിപ്പിക്കാനാണ് സംസ്ഥാന കാബിനറ്റ് മന്ത്രി പി രാജീവ് ശ്രമിച്ചത്. എന്നാല്‍, ഇതില്‍ സി.പി.എം പരാജയപ്പെട്ടു. ജോ ജോസഫിനെ കര്‍ദിനാള്‍ വിഭാഗത്തിന്റെ നോമിനിയായി വിമത വിഭാഗങ്ങള്‍ പ്രചാരണം നടത്തുകയും അത് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു.



തുടക്കത്തില്‍ സഭയുടെ ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് ദുര്‍ബലമായ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും കെന്നഡി കരിമ്പിന്‍കാലയുടെ നേതൃത്വത്തിലുള്ള 'വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍' പോലുള്ള അനൗദ്യോഗിക ചാനലുകളിലൂടെ പിന്തുണ അറിയിച്ചുകൊണ്ട് കര്‍ദിനാള്‍ വിഭാഗം ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചു. തൃക്കാക്കരയിലെ സിറോ-മലബാര്‍ അതിരൂപതയിലെ 24 ഇടവകകളില്‍ 22 വികാരികള്‍ കര്‍ദിനാള്‍ വിരുദ്ധ നിലപാട് സ്വീകരിച്ചു. അത് ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രതീക്ഷകളുടെ നിറം കെടുത്തി.

സി.പി.എമ്മിന്റെ ബദൽ സാധ്യതകൾ

സോഷ്യല്‍ എഞ്ചിനീയറങ്ങിനെ ആശ്രയിക്കുന്നതിന് പകരം, സി.പി.എമ്മിന് ഗുണപരമായ രാഷ്ട്രീയം അവലംബിക്കാമായിരുന്നു. ഇത് വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ അവര്‍ സ്വീകരിച്ചതാണ്. യുവ സഖാക്കളെ രംഗത്തിറക്കി നടത്തിയ പോരാട്ടത്തില്‍ അരൂരിലും എറണാകുളത്തും പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിക്ക് ഇത് ഒരു മുന്‍തൂക്കം നല്‍കി. എന്നിരുന്നാലും, 2018 ല്‍ ചെങ്ങന്നൂരിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തുടനീളം സോഷ്യല്‍ എഞ്ചിനീയറിംഗിനെ അവലംബിച്ചതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

പിണറായി വിജയന്റെ 'സോഷ്യൽ എഞ്ചിനീയറിംഗ്'

യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളെ മറികടക്കാൻ മന്ത്രിസഭയിലെ തന്റെ സഹപ്രവർത്തകരായ സജി ചെറിയാൻ, വിഎൻ വാസവൻ, പി രാജീവ്, എന്നിവരെ മധ്യകേരളത്തിലും മലബാറിൽ കെ.ടി ജലീലിനെയും വിന്യസിക്കുന്നതിൽ പിണറായി വിജയൻ വിജയിച്ചു. സോഷ്യൽ എഞ്ചിനീയറിംഗ്' പോലുള്ള പേരിലറിയപ്പെടുന്ന ഈ തന്ത്രം ബി.ജെ.പിയും ചില ഇസ്ലാമിക സംഘങ്ങളും രൂപകൽപ്പന ചെയ്ത വർഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടുകയും പരമ്പരാഗത മുസ്ലിം - ക്രിസ്ത്യൻ വോട്ടർമാരെ അകറ്റുകയും ചെയ്തു.

2021 ലെ തെരഞ്ഞെടുപ്പിൽ വിവിധ പ്രദേശങ്ങൾക്കനുസൃതമായി നടത്തിയ പ്രചാരണമാണ് ഇതിന്റെ ഉത്തമ ഉദാഹരണം. മുസ്ലിം ലീഗ് നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയെ അവർ യു.ഡി.എഫ് മുഖ്യമന്ത്രിയായി തെക്കൻ കേരളത്തിൽ ഉയർത്തികാണിച്ചപ്പോൾ പൗരത്വ ഭേദഗതി നിയമം, നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് എന്നിവ ഉയർത്തികാട്ടി മലബാറിലെ മുസ്ലിംകളുടെ അരക്ഷിതാവസ്ഥയെ പ്രചാരണത്തിന് ഉപയോഗിച്ചു. കേരളത്തിലെ സി.പി.എമ്മിന്റെ പരമ്പരാഗത ഹിന്ദു അടിത്തറയിൽ ശബരിമല വിധിന്യായവും അതിന്റെ അനന്തര സംഭവങ്ങൾക്ക് ശേഷവും ഒരു വലിയ കുറവ് തന്നെ ഉണ്ടായി. യു ഡി എഫിന്റെ ക്രിസ്ത്യൻ, മുസ്ലീം വോട്ട് ബാങ്കുകളുടെ ഒരു ഭാഗം ആകർഷിച്ചു കൊണ്ട് ഈ നഷ്ടം നികത്താമെന്നാണ് സി.പി.എം കണക്കാക്കുന്നത് .

ഇതേ തന്ത്രം തൃക്കാക്കരയിലും അവർ ഉപയോഗിച്ചു; ഉദാഹരണത്തിന്, ഇടതുപക്ഷത്തിന്റെ മുസ്ലിം മുഖങ്ങൾ - മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, മുൻ മന്ത്രി കെ.ടി ജലീൽ, തലശ്ശേരി നിയമസഭാംഗമായ എ.എൻ ഷംസീർ എന്നിവരെ തൃക്കാക്കരയിലെ മുസ്ലീം കേന്ദ്രീകൃത പ്രദേശങ്ങളിൽ വിന്യസിക്കുകയും അവരുടെ വോട്ടുകൾ ക്യാൻവാസ് ചെയ്യുകയും ചെയ്തു. അത്തരമൊരു തന്ത്രം സി.പി.എം ഉപയോഗിച്ചത് തൃക്കാക്കരയിലെ വീവധ മസ്ജിദുകളിലെ ഇമാമുമാർ അനൗദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

സിൽവർലൈനിനുള്ള തിരിച്ചടി

കെ - റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ , സി.പി.എം എന്നിവരുടെ ശ്രമങ്ങൾക്ക് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ തിരിച്ചടിയാണ് നൽകിയത്. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സർക്കാരാണ് തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് വെറും നാലു മണിക്കൂറിൽ എത്താൻ കഴിയുമെന്ന് അവകാശപ്പെടുന്ന സിൽവർലൈൻ സ്വപ്ന പദ്ധതി അവതരിപ്പിച്ചത്. എന്നാൽ ആവശ്യമായ നടപടിക്രമങ്ങളോ, പരിസ്ഥിതി ആഘാത പഠനങ്ങളോ നടത്താതെ ആണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാർ നേരിടുന്ന പ്രധാന വിമർശം. തൃക്കാക്കരയിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നുവെങ്കിൽ അത് പദ്ധതിക്കുള്ള ജനങ്ങളുടെ അനുവാദമായി കണക്കാക്കുമായിരുന്നു - തോൽവി സാഹചര്യം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.

TAGS :