Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 12 May 2023 3:27 PM GMT

മഹാരാഷ്ട്ര: അധികാര പുനഃസ്ഥാപനം അസാധ്യമാക്കിയ ഉദ്ദവിന്റെ രാജി

ശിവസേന മുഖ്യമന്തിയായിരുന്ന ഉദ്ധവ് താക്കറെ അവിശ്വസ പ്രമേയ ചര്‍ച്ചയില്‍ ഭൂരിപക്ഷം തെളിയിക്കാതെ രാജിവെച്ചു എന്നുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ തുനിയുന്നില്ല എന്നാണ് സുപ്രീം കോടതി വിധിച്ചത്.

ഉദ്ദവ് താക്കറെ
X

മഹാരാഷ്ട്ര രാഷ്ട്രീയം ഏറെ കാലമായി കലങ്ങി മറിഞ്ഞു കിടക്കുകയാണ്. ശിവസേനയിലുണ്ടായ പിളര്‍പ്പും ഏക്‌നാഥ് ഷിന്‍ഡെയും എം.എല്‍.എമാരും ശിവസേന വിട്ടുപിരിഞ്ഞ് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായതും പിന്നീടത് കോടതിയുടെ വ്യവഹാരങ്ങളിലേക്ക് നീണ്ടതും നാം കണ്ടതാണ്. മഹാരാഷ്ട്രയില്‍ ബി.ജെ.പി ആയിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. മറ്റാര്‍ക്കും വലിയ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസും ശിവസേനയും ചര്‍ന്ന് അപൂര്‍വ്വമായൊരു കൂട്ടുകെട്ടുണ്ടാവുകയും മഹാവികാസ് അഗാഡി എന്ന പേരില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യം അധികാരത്തില്‍ വരികയുമായിരുന്നു. പിന്നീടാണ് ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെയുടെ വിഭാഗം പിരിഞ്ഞുകൊണ്ട് ബി.ജെ.പി-ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം കൂടിചേര്‍ന്നുള്ള സര്‍ക്കാര്‍ ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയവും നിയമപരവും ഭരണഘടനാപരവുമായ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. കാരണം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി ഏക്‌നാഥ് ഷിന്‍ഡെയെ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ സ്വീകരിച്ച നിലപാട്, പിന്നീട് പാര്‍ട്ടി വിപ്പ് പ്രഖ്യാപിച്ച നിലപാട്, ഏത് വിപ്പ് അംഗീകരിക്കും എന്ന നിലയില്‍ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സ്വീകരിച്ച നിലപാട് ഇതെല്ലം വലിയ വിവാദമായി മാറി. മാത്രമല്ല ഇത് ഒരു ഭരണഘടനാ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയും പിന്നീട് കോടതിയിലെത്തുകയും ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍നിന്ന് വിധിയുണ്ടാവുകയും ചെയ്തിരിക്കുന്നു.

ഏക്‌നാഥ് ഷിന്‍ഡെയുടെ വിഭാഗത്തിന് ആശ്വാസകരമായ വിധിയാണുണ്ടായത്. ഏക്‌നാഥ് ഷിന്‍ഡെക്ക് മുഖ്യമന്ത്രിയായി തുടരാം എന്നുള്ളതാണ് വിധിയിലെ ഏറ്റവും പ്രധാനപ്പെട്ടത്. അതേസമയം, ഏക്‌നാഥ് ഷിന്‍ഡെയെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ച ഗവര്‍ണറുടെ നടപടി, ഫ്‌ളോര്‍ ടെസ്റ്റ് നടത്താനുള്ള തീരുമാനം അതുപോലെ തന്നെ വിപ്പ് ആരെന്നുള്ള തീരുമാനം ഇതെല്ലം നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തുകയും ചെയ്തു. പക്ഷെ, ശിവസേന മുഖ്യമന്തിയായിരുന്ന ഉദ്ധവ് താക്കറെയെ അവിശ്വസ പ്രമേയ ചര്‍ച്ചയില്‍ ഭൂരിപക്ഷം തെളിയിക്കാതെ രാജിവെച്ചു എന്നുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ തുനിയുന്നില്ല എന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ ഇരുകൂട്ടര്‍ക്കും അനുകൂലമായാണ് വിധി എന്ന് വ്യാഖ്യാനിക്കാവുന്നതാണ്. എന്തായാലും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നിയമ വിരുദ്ധമായാണ് അധികാരത്തില്‍ വന്നതെന്നുള്ള അടിസ്ഥാനത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്.

മഹാരാഷ്ട്രയിലെ എം.എല്‍.സി തെരഞ്ഞെടുപ്പിന് ശേഷമാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഈ കോളിളക്കങ്ങളൊക്കെയുണ്ടാകുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഏക്‌നാഥ് ഷിന്‍ഡെയും 11 എം.എല്‍.എമാരും ഗുജറാത്തിലേക്ക് കടന്നുകളയുകയിരുന്നു. അവിടെയാണ് ഈ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. ഇവര്‍ കൂറുമാറുകയാണോ എന്ന ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതും അപ്പോള്‍ തന്നെയാണ്. വിപ്പ് ലംഘിച്ചു എന്ന സംശയത്തെ തുടര്‍ന്ന് ഉദ്ധവ് ശിവസേന എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു. ജൂണ്‍ 22 ന് ഷിന്‍ഡെ 40 എം.എല്‍.എമാരുമൊത്ത് ഗുജറാത്തില്‍ നിന്ന് അസമിലേക്ക് മാറി. ഇതോടു കൂടി ഇതൊരു കൂറുമാറ്റം തന്നെയാണ് എന്ന നിലയിലേക്ക് വരുകയും ചെയ്തു.


ജൂണ്‍ 23ന് വിമത പക്ഷ നേതാവായി ഷിന്‍ഡെ അവരോധിതനാകുന്നു. 40 എം.എല്‍.എമാര്‍ ഷിന്‍ഡെക്ക് പിന്തുണ പ്രഖാപിക്കുകയും ചെയ്തു. ഈ കൂറുമാറ്റത്തിനെതിരെ ശിവസേനയുടെ ഹരജി നല്‍കുകയും 16 എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയക്കുകയും കൂടുതല്‍ നിയമ പ്രശ്‌നങ്ങളിലേക്ക് പോവുകയും ചെയ്തു. കൂറുമാറ്റമുണ്ടായതിനാല്‍ രാജിക്ക് മുന്നോടിയായി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴയുകയും ചെയ്തു. ജൂണ്‍ 26ന് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സര്‍വാളിനെതിരായ അവിശ്വാസ വോട്ട് തള്ളിയെതിനെതിരെ താക്കറെ സുപ്രീം കോടതിയിലേക്ക് പോകുന്നു. പിന്നീട് ജൂണ്‍ 29 ന് ഫ്‌ളോര്‍ ടെസ്റ്റ് നടക്കുന്നതിന് മുന്‍പായി ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവക്കുകയും ചെയ്തു.

പിന്നീട് ഷിന്‍ഡെ മുഖ്യമന്ത്രിയായും ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും ബി.ജെ.പി ശിവസേന ഏക്‌നാഥ് ഷിന്‍ഡെയുടെ പക്ഷം അധികാരത്തിലേറുന്നു. ജൂലൈ 3,4 തിയ്യതികളില്‍ പ്രത്യേക നിയമസഭ ചേരുകയും ബി.ജെ.പി എം.എല്‍.എ രാഹുല്‍ നര്‍വേകര്‍ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. അവിശ്വാസ വോട്ടെടുപ്പില്‍ 164 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തു. തുടര്‍ന്ന് ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിക്കുന്ന രീതില്‍ തെരെഞ്ഞെടുപ്പ് കമീഷനില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായി. ശിവസേനക്ക് തങ്ങളുടെ ഔദ്യോഗിക ചിഹ്നം നഷ്ടമാവുന്നു. ഉദ്ധവ് താക്കറെയുടെ വിഭാഗം ടോര്‍ച് ചിഹ്നത്തിലാണ് പിന്നീട് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നതും ശ്രദ്ധേയമാണ്.


ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്ന പേരാണ് അവര്‍ സ്വീകരിച്ചത്. ഔദ്യോഗിക ശിവസേനയായി ഏക്‌നാഥ് ഷിന്‍ഡെയുടെ വിഭാഗത്തെ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 17ല്‍ ശിവസേന എന്ന പേരും അമ്പും വില്ലും കോടതി ഉത്തരവിലൂടെ ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചു. ഫെബ്രുവരി 20ന് ശിവസേനയുടെ ഓഫീസ് ഷിന്‍ഡെ വിഭാഗത്തിന് കൈമാറി. വലിയ തിരിച്ചടിയാണ് ഉദ്ദവ് താക്കറെ വിഭാഗത്തിനുണ്ടായത്. എന്നാല്‍, ഇപ്പോഴത്തെ സുപ്രീം കോടതി വിധി ഒരുതരത്തില്‍ ഉദ്ദവ് താക്കറെക്ക് ആശ്വാസകരമായിട്ടുണ്ട്. ഗവര്‍ണറും സ്പീക്കറും സ്വീകരിച്ച നടപടി തെറ്റാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ നിലപാട് വീണ്ടും വിശാലമായ ഭരണഘടനാ ബെഞ്ചിലേക്ക് വിടാനും സുപ്രീം കോടതി തീരുമാനിച്ചു. ഏക്‌നാഥ് ഷിന്‍ഡെക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ കഴിയുമോ എന്നുള്ളതാണ് ഇന്ത്യന്‍ രാഷ്ട്രീയം സുപ്രീം കോടതി വിധിയില്‍ ഉറ്റുനോക്കിയിരുന്നത്. ഉദ്ധവ് താക്കറെയുടെ വാദങ്ങള്‍ക്ക് അനുകൂലമായ പല പരാമര്‍ശങ്ങളും ഈ വിധിയില്‍ ഉണ്ടായിരുന്നു. സ്പീക്കറുടെ വിഷയത്തിലും ഗവര്‍ണറുടെ വിഷയത്തിലും താക്കറെയുടെ വാദന്യായങ്ങള്‍ ഒരു പരിധിവരെ ശെരിവെക്കുന്ന വിധിന്യായമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. അതേസമയം ഉദ്ധവ് താക്കറെ സ്വയം രാജിവെച്ചു പുറത്തു പോയതിനാല്‍ അദ്ദേഹത്തെ പുനഃസ്ഥാപിക്കാനാവുകയില്ല എന്ന നിലപാടാണ് കോടതി ആവര്‍ത്തിച്ചത്.

വിധി ന്യായം പുറത്തു വന്നയുടന്‍ തന്നെ ആദ്യം പരാമര്‍ശിച്ചത് സ്പീക്കറുമായി ഉന്നയിച്ച വാദം തന്നെയാണ്. സ്പീക്കറെ മാറ്റാനുള്ള നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ കൊണ്ടുവന്ന 16 എം.എല്‍.എമാര്‍ ഉള്‍പ്പെട്ട അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയില്‍ പോയത്. ആ കേസ് മാത്രമാണ് ഇപ്പോള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടുള്ളത്. ഏക്‌നാഥ്ഷിന്‍ഡെയുടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടാനില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. ആ സര്‍ക്കാരിന് തുടരാം. അതിന് കാരണം ഉദ്ധവ് താക്കറെ വിഭാഗം വിശ്വസ വോട്ടടുപ്പ് നേരിട്ടില്ല എന്നതാണ്. സര്‍ക്കാര്‍ രുപീകരണത്തില്‍ ഗവര്‍ണര്‍ പിന്തുണച്ചത് ന്യായീകരിക്കാം. എന്നാല്‍, ഫ്‌ളോര്‍ ടെസ്റ്റ് നടത്താതെ ഒരാള്‍ക്ക് രാജിവെക്കേണ്ടി വന്നതും അതില്‍ ഗവര്‍ണറും സ്പീക്കറും സ്വീകരിച്ച നടപടിയിലുംകോടതി വിമശിച്ചു.


ഗവര്‍ണറുടെ തീരുമാനം ഭരണഘടനക്ക് അനുസൃതമായല്ല എന്നും വിശ്വാസ വോട്ടെടുപ്പിന് വിട്ട ഗവര്‍ണറുടെ തീരുമാനം തെറ്റായിരുന്നു എന്നും കോടതി കണ്ടെത്തി. ഉള്‍പാര്‍ട്ടി വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഞങ്ങള്‍ കൂറ് മാറി എന്ന് പ്രഖ്യാപിക്കാതെ, ഉദ്ധവ് താക്കറെക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് ചില ശിവസേന എം.എല്‍.എമാര്‍ കത്തയച്ചു എന്നത് കൊണ്ട് മാത്രം ആ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു എന്ന് തെറ്റായി ധരിച്ചുകൊണ്ട് മറ്റൊരാളെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത് തെറ്റായ നടപടിയാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്. കാരണം. ഇവര്‍ കൂറുമാറി എന്നതിന് ഒരു തരത്തിലുള്ള തെളിവും ഇല്ലാതെ ഗവര്‍ണര്‍ ആ തീരുമാനം എടുത്തതെങ്ങനെയാണെന്നാണ് സുപ്രീം കോടതി ചോദിക്കുന്നത്.

ഒരു പാര്‍ട്ടിയില്‍ ഉണ്ടാകുന്ന ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളില്‍ എന്തിനാണ് ഗവര്‍ണര്‍ ഇടപെട്ടത് എന്നും കോടതി ചോദിക്കുന്നു. ഗവര്‍ണര്‍ കത്തിനെ ആശ്രയിച്ചുമാത്രം തീരുമാനം എടുക്കരുതായിരുന്നു. ഗോഗവാലയെ വിപ്പായി അനുവദിച്ചതും തെറ്റായിരുന്നു. കാരണം, രണ്ടു വിഭാഗവും വിപ്പായി പറയുമ്പോള്‍ അതില്‍ സ്പീക്കര്‍ തന്നെ വിപ്പിനെ തീരുമാനിക്കുകയായിരുന്നു. വിപ്പ് എന്നത് പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്. അത് നിയമപരമായ നടപടികള്‍ വഴി സ്പീക്കര്‍ തിരിച്ചറിയണമായിരുന്നു എന്നും കോടതി പറയുന്നു.

അതേസമയം, ഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. സ്വമേധയാ സമര്‍പ്പിച്ച രാജി റദ്ദാക്കാന്‍ കഴിയില്ല എന്നാണ് കാരണമായി സുപ്രീം കോടതി പറയുന്നത്. മറ്റു നടപടികള്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും നടപടികള്‍ അതി നിശിതമായാണ് സുപ്രീം കോടതി വിമര്‍ശിക്കുന്നത്. ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷ നേതാവുപോലും പറഞ്ഞിട്ടില്ല. അതിനു മുന്‍പാണ് ഗവര്‍ണര്‍ വളരെ പെട്ടെന്നെടുത്ത നിയമ വിരുദ്ധ തീരുമാനം നടപ്പാക്കുന്നത്. കേസില്‍ സ്പീക്കറുടെ അധികാരം തീരുമാനിക്കാന്‍ ഏഴംഗങ്ക ബെഞ്ചിന് വിട്ടിരിക്കുകയാണ് ഇപ്പോള്‍.

സുപ്രീം കോടതി വിധിയെ വിലയിരുത്തി നിയമ വിദഗ്ധന്‍ അഡ്വ. രഞ്ജിത് മാരാര്‍ പറയുന്നത് ഇപ്രകാരമാണ്: 'മഹാരാഷ്ട്ര സര്‍ക്കാര്‍ ഇല്ലാതായതില്‍ പുറത്തു വന്ന വിധിയില്‍ സുപ്രീം കോടതി ഒരു റെഫെറന്‍സ് ഓര്‍ഡര്‍ പാസ്സാക്കിയിട്ടുണ്ട്. രണ്ട് കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമത്തേത് സ്പീക്കര്‍ അയോഗ്യത നോട്ടീസ് പുറപ്പെടുവിച്ച സമയത്ത് സ്പീക്കറെ തന്നെ മാറ്റാനുള്ള അപ്ലിക്കേഷന്‍ കൊടുക്കുകയും അങ്ങനെ നില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് അയോഗ്യത നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നുള്ളതാണ്. രണ്ടാമത്തേത് ആ അയോഗ്യത നോട്ടീസ് പരിഗണിക്കാതെ തന്നെ ഗവര്‍ണര്‍ ഷിന്‍ഡെ വിഭാഗത്തിനെ ഫ്‌ളോര്‍ ടെസ്റ്റ് നടത്താന്‍ ക്ഷണിച്ചതും സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചതും ശരിയാണോ തെറ്റാണോ എന്നുള്ളതാണ്. ഇതില്‍ സുപ്രീം കോടതി പറഞ്ഞത് റിമൂവല്‍ നോട്ടീസ് കിട്ടിയിരിക്കുന്ന സ്പീക്കര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാണ്.

സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അത് മുന്‍കാല വിധികള്‍ക്ക് വിരുദ്ധമാണ് എന്നുള്ള വാദം അംഗീകരിക്കുകയും കേസ് വിശാല ബെഞ്ചിലേക്ക് വിടുകയാണ് ചെയ്തിരിക്കുന്നത്. നിരാശകരമായ കാര്യം ഫ്‌ളോര്‍ ടെസ്റ്റ് നടത്താന്‍ അംഗീകാരം കൊടുത്ത സമയത്തുതന്നെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചുപോയതില്‍ ഫലവത്തായ സ്റ്റാറ്റസ്‌കോ ആന്റി കൊടുക്കാന്‍ കോടതി തയ്യാറായില്ല എന്നതാണ്. ഈ വിധിയില്‍ പറയുന്ന ചില കാര്യങ്ങള്‍ റഫറന്‍സ് ഓര്‍ഡര്‍ തീരുമാനിക്കുന്നത് വരെ സ്പീക്കര്‍ എങ്ങനെ ആക്ട് ചെയ്യണമെന്നും ഡിസ്‌ക്വാളിഫിക്കേഷന്‍ നോട്ടീസ് പരിഗണിക്കാന്‍ റിമൂവല്‍ നോട്ടീസ് കൊടുത്തിരിക്കുന്ന സ്പീക്കര്‍ക്ക് ഇതും പറ്റുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല സ്പീക്കറുടെ അധികാരങ്ങള്‍ എത്രത്തോളം പോവുമെന്നും ജുഡീഷ്യല്‍ റിവ്യൂയില്‍ എത്രത്തോളം വരുമെന്നും പറഞ്ഞിട്ടുണ്ട്. മൂന്നാമത്തേത്, ഏതാണ് പൊളിറ്റിക്കല്‍ പാര്‍ട്ടി ഏതാണ് ലെജിസ്ലേറ്റീവ് പാര്‍ട്ടി എന്നത് പരിഗണിച്ചു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയാണ് വിപ്പ് നിലനില്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി'.

TAGS :