Quantcast
MediaOne Logo

സി.എ അബ്ദുല്‍ അഹദ്

Published: 18 Oct 2023 7:27 AM GMT

വെറുപ്പിന്റെ വ്യാപാരികള്‍ കേരളതീരത്തേക്ക് അടുക്കുമ്പോള്‍

കേരളത്തിന്റെ സാമുദായികമായ ഇഴയടുപ്പത്തിന് ക്ഷതമേല്‍പിക്കുക എന്നത് സംഘ്പരിവാറിന്റെ മുഖ്യമായ രാഷ്ട്രീയ അജണ്ടയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കേരളത്തെക്കുറിച്ചു പൊതുവായും കേരളത്തിലെ മുസ്‌ലിംകള്‍ ഭൂരിപക്ഷമായ പ്രദേശങ്ങളെ കുറിച്ചു പ്രത്യേകമായും നിരന്തരവും സംഘടിതവുമായി ദുഷ്പ്രചാരണങ്ങള്‍ നടത്തപ്പെടുന്നു.

വെറുപ്പിന്റെ വ്യാപാരികള്‍ കേരളതീരത്തേക്ക് അടുക്കുമ്പോള്‍,
X

അപര വിദ്വേഷവും വെറുപ്പും ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ ഗ്രസിച്ചു കഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. ആള്‍ക്കൂട്ടക്കൊലയും വിദ്വേഷ പ്രചാരണവും നിത്യസംഭവങ്ങള്‍ എന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നഷ്ടപെട്ട അവസ്ഥയാണ്. പാര്‍ലമെന്റിനകത്ത് മുസ്‌ലിമായ തന്റെ സഹപാര്‍ലമെന്റേറിയനെതിരെ ഒരു ഭരണപക്ഷ നേതാവ് നടത്തിയ ഹീനമായ പദപ്രയോഗങ്ങളും മതപരമായ അധിക്ഷേപവും പ്രത്യേകിച്ച് ഒരു ഞെട്ടലും രാജ്യത്തുളവാക്കാത്ത വിധം വെറുപ്പിന്റെ വ്യാപാരം നോര്‍മലൈസ് ചെയ്യപ്പെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഭരണകൂടം ഒരു ഭാഗത്തു മൗനം കൊണ്ടും നിസ്സംഗതകൊണ്ടും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുഭാഗത്തു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്നു. മണിപ്പൂര്‍ കലാപത്തിന്റെ കാര്യത്തിലും ഹരിയാനയിലെ നൂഹില്‍ നടന്ന അക്രമങ്ങളിലും അവിടത്തെ സര്‍ക്കാരുകള്‍ സ്വീകരിച്ച സമീപനങ്ങള്‍ ഇതിന്റെ നിദര്‍ശനങ്ങളാണ്. ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളെ ലക്ഷ്യം വെച്ച് തുടങ്ങിയ ബുള്‍ഡോസര്‍ രാജ് മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ് പുതിയ പ്രവണത.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഒരു രാഷ്ട്രമെന്ന നിലയില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയെ സ്ഥാപിച്ചെടുക്കാനും അതിന്റെ നടത്തിപ്പിനാവശ്യമായ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും സജീവമായി നിലനിര്‍ത്താനും കഴിഞ്ഞു എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം മറ്റെല്ലാ മുന്നേറ്റങ്ങളെയും കവച്ചുവെക്കുന്ന നേട്ടമാണ്. എന്നാല്‍, ഈ നേട്ടങ്ങളില്‍ നിന്ന് തിരിഞ്ഞു നടക്കുകയും രാജ്യത്തിന്റെ ഐക്യത്തെയും ബഹുസ്വരതയെയും താറുമാറാക്കും വിധം വിഭജന ആശയങ്ങളും വെറുപ്പും പടര്‍ത്തി കലുഷിതമാക്കി അധികാരം നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ഫാസിസ്റ്റു ശക്തികള്‍ വിജയം കൈവരിച്ചിരിക്കുന്നു. രാജ്യത്തെ തകര്‍ത്തു കൊണ്ടിരിക്കുന്ന ഈ എങ്ങിനെ അതിജീവിക്കും എന്നതാണ് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ഏറ്റവും നിര്‍ണായകമായ ചോദ്യം.

കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കാനും ഇതര സംസ്ഥാനങ്ങളില്‍ വ്യാജകഥ പ്രചരിപ്പിച്ചു നേട്ടമുണ്ടാക്കാനും ഉദ്ദേശിച്ചുള്ള ഒരു വന്‍ പ്രോജെക്ട് ആയിരുന്നു കേരള സ്റ്റോറി എന്ന സിനിമ. സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കാന്‍ പോന്ന എല്ലാ ചേരുവകളും ഉള്‍കൊള്ളുന്ന ഈ കള്ളകഥയും ഊരുചുറ്റി സമൂഹത്തില്‍ വിഷം പടര്‍ത്തി അതിന്റെ പ്രൊമോട്ടര്‍മാര്‍ ഉദ്ദേശിച്ച ലക്ഷ്യം നിറവേറ്റി.

നുണ ഫാക്ടറിയുടെ നടത്തിപ്പുകാര്‍ തങ്ങള്‍ അപരരായിക്കാണുന്ന സമൂഹങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമെതിരെ വ്യാജപ്രചാരണം നടത്തി പൈശാചികവത്കരിക്കുക എന്നതാണ് ഫാസിസ്റ്റുശക്തികളുടെ മുഖ്യമായ ഒരായുധം. ഇതിനായി വിപുലമായ സാമൂഹ്യ മാധ്യമ നെറ്റ്‌വര്‍ക്കും തങ്ങളുടെ പ്രൊപ്പഗണ്ടാ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയും ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയിലെ സാമൂഹിക അഭിപ്രായ രൂപീകരണത്തില്‍ ഈ നുണഫാക്ടറിയില്‍നിന്ന് പുറത്തുവരുന്ന വ്യാജോക്തികളാണ് മുഖ്യ പങ്കുവഹിക്കുന്നത്.

കേരളമെന്ന അപരദേശം

ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിച്ചു നില്‍ക്കുന്ന ഒരുപ്രദേശമെന്നനിലയില്‍ കേരളം സംഘ്പരിവാര്‍ ശക്തികളുടെ മുഖ്യ ടാര്‍ഗറ്റ് ആയിട്ടു ഏറെനാളുകളായി. സമുദായിക സൗഹാര്‍ദ്ദത്തിലൂന്നി, ഇഴയടുപ്പത്തോടെ, സമാധാനപൂര്‍വം മുന്നോട്ടുപോവുന്ന ഒരു സമൂഹത്തിന്റെ ഉദാഹരണമായി കേരളം നിലനില്‍ക്കുന്നത് വിദ്വേഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഇതുവരെ കാര്യമായ ഇടം ലഭിക്കാതെ പോയത് അവരെ ഏറെ അലോസരപ്പെടുത്തുന്ന കാര്യവുമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമുദായികമായ ഇഴയടുപ്പത്തിന് ക്ഷതമേല്‍പിക്കുക എന്നത് സംഘ്പരിവാറിന്റെ മുഖ്യമായ രാഷ്ട്രീയ അജണ്ടയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കേരളത്തെക്കുറിച്ചു പൊതുവായും കേരളത്തിലെ മുസ്‌ലിംകള്‍ ഭൂരിപക്ഷമായ പ്രദേശങ്ങളെ കുറിച്ചു പ്രത്യേകമായും നിരന്തരവും സംഘടിതവുമായി ദുഷ്പ്രചാരണങ്ങള്‍ നടത്തപ്പെടുന്നു. കേരളത്തിന്റെ സാമൂഹിക ജീവിതത്തെ തൊട്ടറിഞ്ഞിട്ടില്ലാത്ത വലിയ ഒരുവിഭാഗം ജനങ്ങളില്‍ കേരളത്തെക്കുറിച്ചു ഒരു അപരദേശ പ്രതീതി സൃഷ്ടിക്കാന്‍ ഇത് പര്യാപ്തമാണ്.


കേരളത്തിന്റെ സാമൂഹ്യമനസ്സിനെ ഉലച്ച അങ്ങേയറ്റം വിഷലിപ്തവും മാരക പ്രഹരശേഷിയുള്ളതുമായ ഒരു നുണപ്രചാരണമായിരുന്നു ലൗ ജിഹാദ് വിവാദം. സാമൂഹ്യമായും മതപരമായും അങ്ങേയറ്റം ഇടകലര്‍ന്നു കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും അകല്‍ച്ചയുടെയും വിത്ത് പാകാന്‍ പര്യാപ്തമായ ഒരു വിഷയമായി ഇതിനെ ഉയര്‍ത്തിവിടാന്‍ തല്‍പര കക്ഷികള്‍ക്കു സാധിച്ചു. കേരളത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങളിലെയും അകത്തള സംഭാഷണങ്ങളില്‍ ഇത് ഒരു ആശങ്കയായി പങ്കുവെച്ചിരിക്കാന്‍ സാധ്യതയുള്ള വിധം മാരകമായിരുന്നു ഈ വിവാദത്തിന്റെ ഉള്ളടക്കം. അതുകൊണ്ടുതന്നെയാണ് കോടതിയും അന്വേഷണ ഏജന്‍സികളും സര്‍ക്കാരും അടിസ്ഥാനമില്ലാത്ത ആരോപണം എന്ന് പറഞ്ഞു തള്ളിയ ഈ വിഷയം നിരന്തരം പുനരുത്പാദിപ്പിച്ചു സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രിമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കാനും ഇതര സംസ്ഥാനങ്ങളില്‍ വ്യാജകഥ പ്രചരിപ്പിച്ചു നേട്ടമുണ്ടാക്കാനും ഉദ്ദേശിച്ചുള്ള ഒരു വന്‍ പ്രോജെക്ട് ആയിരുന്നു കേരള സ്റ്റോറി എന്ന സിനിമ. സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കാന്‍ പോന്ന എല്ലാ ചേരുവകളും ഉള്‍കൊള്ളുന്ന ഈ കള്ളകഥയും ഊരുചുറ്റി സമൂഹത്തില്‍ വിഷം പടര്‍ത്തി അതിന്റെ പ്രൊമോട്ടര്‍മാര്‍ ഉദ്ദേശിച്ച ലക്ഷ്യം നിറവേറ്റി. ഒടുവില്‍ ഒരു മലയാളി സൈനികന്‍ മെനഞ്ഞെടുത്ത 'പി.എഫ്.ഐ ചാപ്പകുത്തു' കള്ളക്കഥയുടെ പേരിലും കേരളത്തെകുറിച്ച് വിഷലിപ്തമായ പ്രചാരണങ്ങളുമായി അവസരം മുതലെടുക്കാന്‍ രംഗത്തിറങ്ങി.

സാമൂഹിക സഹവര്‍ത്തിത്വം: കേരളത്തിന്റെ വിലപ്പെട്ട സാമൂഹിക മൂലധനം

സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങള്‍, വിദ്യാഭ്യാസം, പരദേശ ബന്ധങ്ങള്‍ പ്രവാസാനുഭവങ്ങള്‍ തുടങ്ങിയ പലതരം ഘടകങ്ങള്‍ സംഭാവന നല്‍കിയ ദീര്‍ഘകാലത്തെ സാമൂഹിക രൂപീകരണ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ടതാണ് ഉള്‍ക്കൊള്ളലും ഉള്‍ച്ചേരലും സവിശേഷതയാക്കിയ ഇന്നത്തെ കേരളീയ സമൂഹം. ഈ പാരസ്പര്യം നിലനിര്‍ത്തി മാത്രമേ അതിനു മുന്നോട്ട് പോവാന്‍ കഴിയൂ. കേരളത്തിന്റെ വിലപ്പെട്ട ഈ സാമൂഹിക മൂലധനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കേരളത്തിനെതിരെ സംഘ്പരിവാര്‍ അവാസ്തവമായ ആരോപണങ്ങള്‍ നിര്‍മിച്ചു വിടുന്നത്. ഈ ഒളിയാക്രമണങ്ങള്‍ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നത് സൂക്ഷ്മമായ നിരീക്ഷണവും വിശകലനവും അര്‍ഹിക്കുന്ന കാര്യമാണ്. ഇത് കേരളത്തിന്റെ സാമൂഹിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നു തന്നെയാണ് സാമാന്യമായ നിരീക്ഷണത്തില്‍ ബോധ്യമാവുക. സാമൂഹികമാധ്യമങ്ങളില്‍ ഒഴുകിപ്പരക്കുന്ന വെറുപ്പും അപരവിദ്വേഷ പ്രചാരണങ്ങളും ഇതിന്റെ തെളിവാണ്. സാമുദായികവും മതപരവുമായ ഉള്ളടക്കമുള്ളതോ അങ്ങിനെ ആരോപിക്കപ്പെടുന്നതോ ആയ എല്ലാവാര്‍ത്താ സന്ദര്‍ഭങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ അപര വിദ്വേഷം ഒഴുക്കിവിടാനുള്ള അവസരങ്ങളായി മലയാളി മാറ്റുന്നു.


ഫലസ്തീനില്‍ പുതുതായുണ്ടായ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ ഇസ്രായേല്‍ ഫാന്‍ ഗ്രൂപ്പുകളായി പ്രചാരണം നടത്തുന്നത് മുസ്‌ലിം വിരോധത്തിന്റെ പേരിലാണ്. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ എല്ലാകാലത്തും ഫലസ്തീനൊപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് ഇന്ത്യയുടേത്. സമാനതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടത്തിന്റെ പാരമ്പര്യമുള്ള ഒരു ജനത എന്ന നിലയില്‍ ഇത് ഇന്ത്യയുടെ നൈതിക ബാധ്യതയാണ്. മലയാളിയുടെ ആഗോള വിമോചന പോരാട്ടത്തിന്റെ പ്രതീകങ്ങളില്‍ നെല്‍സണ്‍ മണ്ടേലയേയും ചെഗുവേരയെയും പോലെ ഇടംപിടിച്ചതാണ് ഫലസ്തീന്‍ വിമോചനത്തിന്റെ മുഖമായ യാസര്‍ അറാഫത്തും. എന്നാല്‍, പുതിയ കാലത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിനു ചുവടൊപ്പിച്ചു സംഘ്പരിവാറും സമാന മനസ്‌കരും മലയാളി സൈബര്‍ ഇടങ്ങളില്‍ മുസ്‌ലിം വിദ്വേഷം പടര്‍ത്താന്‍ ഈ വിഷയം ഉപയോഗപ്പെടുത്തുന്നു. വെറുപ്പിന്റെ ഈ പരപ്പ് സമുദായങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തിനു ക്ഷതമേല്‍പിക്കുകയും നിരന്തരമായ അപരവത്കരണത്തിനു വിധേയമാവുന്ന വിഭാഗള്‍ക്കിടയില്‍ ഒരു തരം ഗെറ്റോ മനഃസ്ഥിതി രൂപംകൊള്ളുകയും അതിനനുസരിച്ചുള്ള സാമൂഹിക പ്രതികരണങ്ങള്‍ ഉടലെടുക്കുകയും ചെയ്യുക എന്നതായിരിക്കും ഇതിന്റെ പരിണിതി.

നിലവിലുള്ള സഹവര്‍ത്തിത്വത്തിന്റെ കരുത്തു കൊണ്ട് തല്‍ക്കാലം ഈ പ്രകമ്പനങ്ങളെ അതിജീവിക്കാന്‍ കേരളത്തിന്റെ സാമൂഹിക സൗധത്തിനു സാധിക്കുമെങ്കിലും അതിന്റെ അസ്ഥിവാരത്തിന്മേലുള്ള നിരന്തര ആക്രമണം അതിനെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുരുക്കത്തില്‍ കേരളത്തിന്റെ സാമൂഹ്യമനസ്സ് വെറുപ്പിന്റെ അങ്ങാടിയിലെ ഉപഭോക്താക്കളാകുന്നത് തടയാനുള്ള ശ്രദ്ധയും കരുതലും കേരളത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമാണ്.

കേരളത്തിന്റെ പ്രതിരോധം ഫലപ്രദമോ?

ഈ ആക്രമണം തടയാന്‍ കേരള സമൂഹവും ഭരണ നേത്രത്വവും എടുക്കുന്ന പ്രധിരോധ നടപടികള്‍ എന്താണ് എന്നതും പരിശോധനയര്‍ഹിക്കുന്നു. കേരളീയ സമൂഹത്തിലെ മതസൗഹാര്‍ദത്തിലൂന്നിയ ജീവിതസന്ദര്‍ഭങ്ങളെ എടുത്തു ഷോക്കേസ് ചെയ്തുകൊണ്ടാണ് പലപ്പോഴും സാമൂഹ്യമായി ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കുചേരുന്ന മുസ്‌ലിം ബാലനും നബിദിന ഘോഷയാത്രയെ മാലയിട്ടു സ്വീകരിക്കുന്ന ഹൈന്ദവ സഹോദരിയുമൊക്കെ ഇങ്ങനെ കേരളത്തിന്റെ മതസൗഹാര്‍ദ ജീവിതത്തിന്റെ പ്രതീകങ്ങളായി ആഘോഷിക്കപ്പെടുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വലിയ പ്രതീകാത്മക പ്രസക്തിയുണ്ട് എന്നത് നിസ്തര്‍ക്കമാണ്. പക്ഷെ, അടിവേരുവരെ വിത്യസ്ത മത സമൂഹങ്ങള്‍ തമ്മില്‍ പരസ്പര്യത്തിലൂന്നിയ ഒരു ജീവിത രീതി രൂപപ്പെടുത്തിയ ഒരു സമൂഹമെന്ന നിലയില്‍ ഇതു ഷോകേസ് ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് പരിതാപകരമാണ്. ഇത്തരം ഉപരിപ്ലവമായ പ്രതിരോധശ്രമങ്ങള്‍ കൊണ്ടുമാത്രം കേരളത്തിന്റെ അമൂല്യവും അതിലോലവുമായ സാമൂഹികമായ ഇഴയടുപ്പത്തെ സംരക്ഷിക്കാന്‍ സാധ്യമല്ല. സാമൂഹികവും നിയമപരവുമായ സത്വരനടപടികള്‍ ഇതിന് ആവശ്യമാണ്. നിലവിലുള്ള സഹവര്‍ത്തിത്വത്തിന്റെ കരുത്തു കൊണ്ട് തല്‍ക്കാലം ഈ പ്രകമ്പനങ്ങളെ അതിജീവിക്കാന്‍ കേരളത്തിന്റെ സാമൂഹിക സൗധത്തിനു സാധിക്കുമെങ്കിലും അതിന്റെ അസ്ഥിവാരത്തിന്മേലുള്ള നിരന്തര ആക്രമണം അതിനെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുരുക്കത്തില്‍ കേരളത്തിന്റെ സാമൂഹ്യമനസ്സ് വെറുപ്പിന്റെ അങ്ങാടിയിലെ ഉപഭോക്താക്കളാകുന്നത് തടയാനുള്ള ശ്രദ്ധയും കരുതലും കേരളത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമാണ്.

TAGS :