Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 19 Sep 2023 10:11 AM GMT

സനാതന ധര്‍മക്കാര്‍ പ്രഫ. ദിവ്യ ദ്വിവേദിയെ വേട്ടയാടുമ്പോള്‍

ജി.20 ഉച്ചകോടിയുടെ വേളയില്‍, ഡല്‍ഹി ഐ.ഐ.ടിയിലെ പ്രഫസറായ ദിവ്യ ദ്വിവേദി പ്രമുഖ ഇംഗ്ലീഷ് ഭാഷാ ടെലിവിഷന്‍ വാര്‍ത്താ ചാനലായ 'ഫ്രാന്‍സ് 24'ന് നല്‍കിയ അഭിമുഖത്തില്‍, ഹിന്ദുമതത്തിന്റെ പേരിലുള്ള വംശീയ ജാതി അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിച്ചിരുന്നു.

സനാതന ധര്‍മക്കാര്‍ പ്രഫ. ദിവ്യ ദ്വിവേദിയെ വേട്ടയാടുമ്പോള്‍
X

ജി.20 സമ്മേളന വേളയില്‍ ലോകപ്രശസ്ത തത്വചിന്തക പ്രഫ. ദിവ്യ ദ്വിവേദി, പ്രമുഖ ഫ്രഞ്ച് വാര്‍ത്ത ശൃംഖലയായ 'ഫ്രാന്‍സ് 24' ന് നല്‍കിയ ഒരു അഭിമുഖത്തില്‍ ജാതി അടിസ്ഥിത അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായും അവരുടെ സമതാ്വധിഷ്ഠിതമായ ഇന്ത്യയെന്ന ദര്‍ശനത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. അവരുടെ സംസാരത്തിനു തൊട്ടുടനെത്തന്നെ അവര്‍ക്ക് വധ ഭീഷണിയും, ബലാത്സംഗ ഭീഷണിയും, ആസിഡ് ആക്രമണ ഭീഷണിയും സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുകയുണ്ടായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്റെയും കവി കെ.ജി.എസിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരും അവര്‍ക്ക് നിരുപാധിക പിന്തുണയര്‍പ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.

പ്രഫ. ദ്വിവേദിയുടെ അക്കാദമികവും രാഷ്ട്രീയവുമായ നിലപാടുകള്‍ പ്രസിദ്ധമാണ്. എല്ലാ വിഭവങ്ങളും അധികാര സ്ഥാപനങ്ങളും കൈയടക്കി വെച്ചിരിക്കുന്ന പത്ത് ശതമാനം വരുന്ന ഉയര്‍ന്നത ജാതി ന്യൂനപക്ഷവും, മൂന്ന് സഹസ്രാബ്ധങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന തൊണ്ണൂറ് ശതമാനം വരുന്ന കീഴാള ജനത ഭൂരിപക്ഷവും എന്നിങ്ങനെ ജാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് അവരുടെ ഗവേഷണ, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളില്‍ അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'ഫ്രാന്‍സ് 24' ന് നല്‍കിയ അഭിമുഖത്തില്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും കീഴാള ജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്‍കണം എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.


'രണ്ട് ഇന്ത്യയുണ്ട് - ഭൂതകാലത്തിന്റെ ഒരു ഇന്ത്യയുണ്ട്; ഭൂരിപക്ഷ ജനതയെ അടിച്ചമര്‍ത്തുന്ന വംശീയമായ ജാതി വ്യവസ്ഥയുടേത്. പിന്നെ ഭാവിയിലെ ഒരു ഇന്ത്യയുണ്ട്; ജാതി അടിസ്ഥിത അടിച്ചമര്‍ത്തലുകളില്ലാത്ത, ഹിന്ദു മതമില്ലാത്ത സമത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യ. ലോകത്തിന്റെ മുന്നില്‍ അതിന്റെ മുഖം കാണിക്കാന്‍ കൊതിച്ച് കാത്തിരിക്കുന്ന, ഇതുവരെ പ്രതിനിധാനം ചെയ്യപ്പെടാത്ത ഇന്ത്യ' - അഭിമുഖത്തില്‍ പ്രൊഫ. ദ്വിവേദി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 'എന്റെ രാജ്യത്ത് നീതിയെക്കുറിച്ചു സംസാരിക്കുന്നതിനോട് എതിര്‍പ്പുണ്ടാകുന്നതില്‍ ഏറെ ഖേദമുണ്ട് ' എന്ന് പിന്നീട് അതേ പത്രത്തോട് തന്നെ അവര്‍ പറഞ്ഞു.

പ്രഫ. ദ്വിവേദിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങളും സവര്‍ണ്ണ ലിബറല്‍ മാധ്യമങ്ങളുടെ നിശബ്ദതയും അവര്‍ ശരിയാണെന്ന് സൂചനയാണ് നല്‍കുന്നത്. ജാതി അടിച്ചമര്‍ത്തല്‍ സവര്‍ണ്ണ പൊതുമണ്ഡലത്തിലെ ഏറ്റവും അസ്വസ്ഥതയുളവാക്കുന്ന വിഷയമാണ്.

'സനാതന ധര്‍മ്മത്തെ (ഹിന്ദുമതം) പരസ്യമായി അപമാനിച്ച പ്രഫ. ദിവ്യ ദ്വിവേദി 'സമൂഹത്തിലെ നിഷ്‌കളങ്കമായ ജനക്കൂട്ടത്തെ സ്വാധീനിക്കുന്നു' എന്നും അവരെ ഉദയനിധി സ്റ്റാലിന്‍, എം.കെ. സ്റ്റാലിന്‍, ഡി. രാജ എന്നിവരുടെ തുല്യയായി കണക്കാക്കുന്നുവെന്നുമാണ് ആര്‍.എസ്.എസ് ഔദ്യോഗിക മാസികയായ ഓര്‍ഗനൈസര്‍ എഴുതിയത്. ഈ സ്വാധീനം ദ്വിവേദിയുടെ അഭിമുഖങ്ങളും എഴുത്തും സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലാകുന്നതിലൂടെ വ്യക്തമായി കാണാം. 'ഫ്രാന്‍സ് 24' അഭിമുഖം മൂലം ദിവ്യ ദ്വിവേദിയും സോഷ്യല്‍ മീഡിയയില്‍ നിരവധി ദിവസങ്ങളായി ട്രെന്‍ഡിംഗില്‍ ആയിരുന്നു. അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ദശലക്ഷങ്ങള്‍ തവണ കാണുകയും ചെയ്തു.

ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങള്‍ ദിവ്യ ദ്വിവേദിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിക്കുകയും അവരുടെ ഭാവ-രൂപങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള സ്ത്രീവിരുദ്ധ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടേയിരിക്കുമ്പോള്‍, ഉന്നത ജാതി ലിബറല്‍ ഫെമിനിസ്റ്റുകള്‍ തീവ്ര മൗനത്തിലാണ്. പ്രഫ. ദ്വിവേദി ദിവസങ്ങളോളം ട്രോളപ്പെടുന്നതിനും ഭീഷണികള്‍ നേരിടുന്നതിനും ഇന്ത്യ സാക്ഷ്യം വഹിച്ചപ്പോഴും സവര്‍ണാഭിമുഖ്യമുള്ള ഇടത് ലിബറല്‍ മാധ്യമങ്ങള്‍ തുടരുന്ന നിശബ്ദത ഗൗരവതരമാണ്. പ്രഫ. ദ്വിവേദിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങളും സവര്‍ണ്ണ ലിബറല്‍ മാധ്യമങ്ങളുടെ നിശബ്ദതയും അവര്‍ ശരിയാണെന്ന് സൂചനയാണ് നല്‍കുന്നത്. ജാതി അടിച്ചമര്‍ത്തല്‍ സവര്‍ണ്ണ പൊതുമണ്ഡലത്തിലെ ഏറ്റവും അസ്വസ്ഥതയുളവാക്കുന്ന വിഷയമാണ്.


കെ. സച്ചിദാനന്ദന്‍ നല്‍കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:

ജി.20 ഉച്ചകോടിയുടെ വേളയില്‍, ഐ.ഐ.ടി ഡല്‍ഹിയിലെ പ്രഫ. ദിവ്യ ദ്വിവേദി പ്രമുഖ ഇംഗ്ലീഷ് ഭാഷാ ടെലിവിഷന്‍ വാര്‍ത്താ ചാനലായ 'ഫ്രാന്‍സ് 24'ന് നല്‍കിയ അഭിമുഖത്തില്‍, ഹിന്ദുമതത്തിന്റെ പേരിലുള്ള വംശീയ ജാതി അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിച്ചിരുന്നു. ദിവ്യ ഫാക്കല്‍റ്റിയായ ഐ.ഐ.ടികളില്‍ ജാതി അധിക്ഷേപങ്ങളുടെയും വിവേചനയുടെയും കേസുകള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ഐ.ഐ.ടി. ഡല്‍ഹിയില്‍ രണ്ട് ദലിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. പ്രഫ. ദ്വിവേദി സംസാരിച്ചത്, ഇന്ത്യയെ 'ഭാരത്' ആക്കി മാറ്റാന്‍ ഇനിയുമെത്ര രോഹിത് വെമുലമാരുടെ ജീവന്‍ കൂടി വേണമെന്ന ചോദ്യത്തില്‍ നിന്നുമുണ്ടായ ആകാംക്ഷ കാരണമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അഭിപ്രായം തന്നെയാണ് ദ്വിവേദിയുടെ വാക്കുകളും. ആ വാക്കുകള്‍ ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുന്നതാണെന്ന വ്യാജ വാദമുന്നയിക്കുന്നവരും ദിവ്യക്ക് വധഭീഷണി മുഴക്കുന്നവരും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. ദിവ്യ ദ്വിവേദിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നു.

തയ്യാറാക്കിയത്: ദാനിഷ് അഹ്മദ്‌TAGS :