Quantcast
MediaOne Logo

ഹാരിസ് നെന്മാറ

Published: 2 March 2022 8:03 AM GMT

സമയത്തിനും മുമ്പേ വിസിൽ; ഒരു റഫറി ഉണ്ടാക്കിയ പൊല്ലാപ്പുകൾ

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആരാധകരും കളിക്കാരും പരിശീലകനുമൊക്കെ അമ്പരന്നു പോയ നിമിഷം

സമയത്തിനും മുമ്പേ വിസിൽ; ഒരു റഫറി ഉണ്ടാക്കിയ പൊല്ലാപ്പുകൾ
X
Listen to this Article

വാശിയേറിയൊരു ഫുട്ബോൾ മത്സരത്തിൽ, നിർണയിക്കപ്പെട്ട സമയത്തിനും മിനുട്ടുകൾ മുമ്പ് ഫൈനൽ വിസിൽ മുഴങ്ങിയാൽ എങ്ങനെയുണ്ടാകും? അതും ഒന്നല്ല രണ്ടുതവണ. വിചിത്രമായ തീരുമാനങ്ങൾ കൊണ്ട് വിവാദ നായകരായ റഫറിമാർ ഫുട്ബോളിന്റെ ചരിത്രത്തിൽ ഉടനീളമുണ്ടായിട്ടുണ്ട്. പന്ത് ഗോൾവര കടന്നിട്ടും ഗോൾ അനുവദിക്കാതിരിക്കുക. അനാവശ്യമായി റെഡ് കാർഡ് ഉയർത്തുക. ഓഫ്‌സൈഡ് അല്ല എന്ന് ഉറപ്പായിട്ടും ഫ്ളാഗ് ഉയർത്തുക...




റഫറിമാർ അറിഞ്ഞും അറിയാതെയും വരുത്തുന്ന അബദ്ധങ്ങൾ പലപ്പോഴും മത്സരത്തിന്റെ ഫലം തന്നെ മാറ്റിമറിക്കും; ചിലപ്പോൾ ടൂർണമെന്റുകളുടെയും. മറ്റു ചിലപ്പോൾ കളിക്കാരുടെ ജീവിതങ്ങളുടെ തന്നെയും. റഫറിയുടെ അവിശ്വസനീയവും വിചിത്രവുമായ തീരുമാനങ്ങൾ കൊണ്ട് വിവാദമായ ഒരു മത്സരം ഈയടുത്ത് ആഫ്രിക്കൻ നാഷൻസ് കപ്പിൽ അരങ്ങേറി. ഫുട്ബോളിനെ കാര്യമായി കാണുന്നവർക്കു മുന്നിൽ ആഫ്രിക്കയെ പരിഹാസ്യമാക്കി മാറ്റിയ വലിയൊരു വിവാദം തന്നെ. നാഷൻസ് കപ്പിൽ ഒന്നാം റൗണ്ടിൽ എഫ് ഗ്രൂപ്പിലെ കരുത്തരായ മാലിയും ടുണീഷ്യയും നേർക്കുനേർ ഏറ്റുമുട്ടുകയാണ്.

ആദ്യപകുതിയിൽ ഗോളൊന്നും പിറന്നില്ല. ഇടവേളക്കു ശേഷം 48 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മാലി മുന്നിലെത്തി. പിന്നീടങ്ങോട്ട് കളിയുടെ ആവേശമേറി. ഗോൾ മടക്കാനുള്ള ടുണീഷ്യയുടെ കൊണ്ടുപിടിച്ച ശ്രമങ്ങൾ. അവയിൽ പലതും മാലിയുടെ പ്രതിരോധ കോട്ടയിൽ തട്ടി തകർന്നു. കളി 80 മിനിറ്റ് കടന്നു പോകുമ്പോഴും ഗോൾ മടക്കാമെന്ന പ്രതീക്ഷയിൽ ടുണീഷ്യക്കാർ ആഞ്ഞു പിടിക്കുകയാണ്.

പക്ഷേ, 85-ാം മിനുട്ടിനു ശേഷം, കേട്ടുകേൾവി പോലുമില്ലാത്ത വിചിത്രമായ കാര്യങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. 85-ാം മിനുട്ടിൽ ആരും നിനച്ചിരിക്കാതെ റഫറി മത്സരം അവസാനിപ്പിക്കുന്ന ലോങ് വിസിൽ മുഴക്കി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആരാധകരും കളിക്കാരും പരിശീലകനുമൊക്കെ അമ്പരന്നു പോയ നിമിഷം.




വിചിത്രമായ തീരുമാനത്തിൽ പ്രതിഷേധിച്ച് ടുണീഷ്യൻ കോച്ചും ടീം ഒഫീഷ്യലുകളും സൈഡ് ബെഞ്ചിലെ കളിക്കാരുമെല്ലാം മൈതാനത്തിറങ്ങി. കോച്ച് മുൻദിർ അൽ കബീർ തന്റെ കയ്യിലെ വാച്ച് ചൂണ്ടിക്കാണിച്ച് സമയമായില്ലെന്ന് പറഞ് റഫറിക്കു നേരെ കോപാകുലനായി കയർത്തു. അബദ്ധം തിരിച്ചറിഞ്ഞ റഫറി കളിക്കാരോട് വീണ്ടും കളി തുടരാൻ ആവശ്യപ്പെട്ടു.

കളിയുടെ രസംകൊല്ലിയായെങ്കിലും അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു അബദ്ധമായി അത് മറക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, കാര്യങ്ങൾ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. കളിയുടെ 87-ാം മിനിറ്റിൽ മാലി താരം ബിലാൽ ടൗറെക്കിന് നേരെ റഫറി റെഡ് കാർഡ് ഉയർത്തി. വീഡിയോ ദൃശ്യങ്ങളിൽ റെഡ് കാർഡ് നൽകാൻ മാത്രമുള്ള ഫൗൾ ഒന്നും ബിലാൽ ചെയ്തിട്ടില്ല എന്ന് വ്യക്തമായിരുന്നു. വീഡിയോ റഫറി തീരുമാനം പുനഃപരിശോധിക്കണമെന്നാശ്യപ്പെട്ടെങ്കിലും റഫറി തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.

നാടകീയത അവിടെയും തീർന്നില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വീണ്ടും ലോങ് വിസിൽ. നിശ്ചിത 90 മിനുട്ടിൽ ആ കളി അവസാനിച്ചതായി റഫറിയുടെ അലംഘനീയമായ വിധി. വിവാദ നിമിഷങ്ങളടക്കം ഏറെ മിനുട്ടുകൾ കളിയില്ലാതെ നഷ്ടപ്പെട്ടു പോയ മത്സരത്തിൽ ഇഞ്ചുറി ടൈം വേണ്ടത്രയുണ്ടാകുമെന്ന് കരുതിയ ടുണിഷ്യൻ കോച്ചും കളിക്കാരും വീണ്ടും അമ്പരന്നു. ഇഞ്ചുറി ടൈമിൽ മത്സരങ്ങളുടെ വിധി കീഴ്മേൽ മറിയുന്നത് എത്രയോ തവണ കണ്ട ഫുട്ബോളിൽ, അതും വൻകരയുടെ ഒരു ചാമ്പ്യൻഷിപ്പിൽ, എല്ലാം കൊണ്ടും അർഹതയുള്ള ഇഞ്ചുറി ടൈം തീർത്തും നിഷേധിക്കപ്പെട്ടത് ഒരു വഞ്ചനയായാണ് ടുണീഷ്യൻ ടീമിന് തോന്നിയത്. പ്രതിഷേധമുയർന്നപ്പോൾ മൂന്നു മിനുട്ടു കൂടി അധികം കളിക്കാൻ ഒഫിഷ്യലുകൾ പിന്നീട് ടീമുകളെ അനുവദിച്ചെങ്കിലും അവർ കളത്തിലിറങ്ങാൻ കൂട്ടായില്ല. റഫറിയുടെ വിസിലിൽ പിറന്ന ആ വഞ്ചന കളിയുടെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കി എന്ന് ഫുട്ബോൾ ലോകവും വിശ്വസിച്ചു.




സാംബിയക്കാരൻ റഫറി ജാനി സികാസ്വെയാണ് ആ വിവാദ മത്സരത്തോടെ ഫുട്ബോൾ ലോകത്ത് കുപ്രസിദ്ധി പിടിച്ചുപറ്റിയത്.

സത്യത്തിൽ, ഇതാദ്യമായല്ല സികാസ്വെ വിവാദങ്ങളുടെ മൈതാനമധ്യത്ത് അകപ്പെടുന്നത്. 2018 ഇൽ കാഫ് ചാമ്പ്യൻസ് ലീഗിൽ എസ്പേറൻസും പ്രീമേറോ അഗസ്റ്റോയും തമ്മിൽ നടന്ന പോരാട്ടത്തിൽ എസ്പേറൻസിന് അനുകൂലമായി മാത്രം തീരുമാനങ്ങൾ എടുത്തതും ഒരു വിവാദ പെനാൾട്ടി അനുവദിച്ചതും വലിയ ചർച്ചയായിരുന്നു. മത്സരത്തിൽ എസ്പേറൻസ് 4-2 ന് വിജയിക്കുകയും ചെയ്തു. കളിക്കുശേഷം വലിയ വിമർശനങ്ങൾ നേരിട്ട സികസ്വെയെ കാഫ് അച്ചടക്ക സമിതി ഒരു വർഷത്തേക്ക് വിലക്കി. വിലക്ക് നീങ്ങി 2019-ൽ വീണ്ടും വിസിൽ ചുണ്ടിലെടുത്ത ഒരു വൻകരയുടെ പോരിൽ, ഒരുപക്ഷേ ഫുട്ബോൾ ലോകം എന്നും ഒാർക്കാനിടയുള്ള വിഡ്ഢിത്തീരുമാനത്തിന്റെ പേരിൽ വീണ്ടും വിവാദ നായകനായി.

TAGS :