Quantcast
MediaOne Logo

മുഹ്‌സിന മുബാറക

Published: 25 Sep 2023 7:14 AM GMT

ഫാര്‍മസികള്‍ കൂടുതല്‍ ക്രിയാത്മകമാവട്ടെ

നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല തങ്ങളുടെ ലോകമെന്ന് തിരിച്ചറിഞ്ഞവരാണ് ഫാര്‍മസിസ്റ്റുകള്‍. കൂടുതല്‍ വിപുലവും വിശാലവുമായ ചിന്തകളും മാതൃകാപരമായ പദ്ധതിതകളും അവര്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. സെപ്റ്റംബര്‍ 25 - ലോക ഫാര്‍മസിസ്റ്റ് ദിനം

സെപ്റ്റംബര്‍ 25 - ലോക ഫാര്‍മസിസ്റ്റ് ദിനം
X

ജനങ്ങള്‍ക്ക് ഏറ്റവുമടുത്ത് നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് ഫാര്‍മസിസ്റ്റുകള്‍. ഒരു സമൂഹത്തിന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിഭാഗം. ഫാര്‍മസിസ്റ്റുകള്‍ക്ക് സാമൂഹികാരോഗ്യത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ തീരുമാനിക്കാന്‍ കഴിയുമെന്നത് അവിശ്വസനീയമായി തോന്നുന്നുണ്ടോ? പക്ഷേ, പഠനങ്ങള്‍ അങ്ങനെ പറയുന്നു. With great power comes, great responsibility എന്നാണല്ലൊ. കൂടുതല്‍ വിപുലവും വിശാലവുമായ ചിന്തകള്‍ക്ക് നമ്മുടെ ഫാര്‍മസിസ്റ്റുകള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. അവരെ വിശ്വസിക്കുന്ന സമൂഹം അതാവശ്യപ്പെടുന്നുണ്ട്. ക്വാളിറ്റിയുള്ള മരുന്നുകളും സേവനങ്ങളും ഉറപ്പാക്കുക, അറിവുകള്‍ അപ്‌ഡേറ്റു ചെയ്തു കൊണ്ടേയിരിക്കുക, രോഗിയുടെ മനസ്സും ശരീരവുമായി സംവദിക്കാന്‍ ശ്രമിക്കുക. ജനസേവനത്തിന് അനന്തമായ സാധ്യതകളുള്ളൊരു സ്‌പേസിലാണ് നമ്മളുളളത്.

നാലു ചുമരുകള്‍ക്കുള്ളിലൊതുങ്ങുന്നതല്ല തങ്ങളുടെ ലോകമെന്ന് തിരിച്ചറിഞ്ഞ അനേകം ഫാര്‍മസിസ്റ്റുകളില്‍ ചിലരുടെ ഉദാഹരണങ്ങളാണ് ചുവടെ. ഒരു ഫാര്‍മസിസ്റ്റിന് എത്ര ആഴത്തില്‍ സാമൂഹികാരോഗ്യത്തെ സ്വാധീനിക്കാനാവുമെന്നതിന്റെ, ഒരു ജനതയുടെ ആരോഗ്യാവശ്യങ്ങള്‍ നിറവേറ്റാനാവുമെന്നതിന്റെ മനോഹര മാതൃകകള്‍.

മെന്റല്‍ ഫസ്റ്റ് എയ്ഡ്, വാര്‍ധക്യ വിഷാദത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നേടിയവരാണ് എംപതൈസ് രംഗത്തിറക്കുന്ന ഫാര്‍മസിസ്റ്റുകള്‍. സിഡ്‌നിയിലെ വിജയകരമായ പദ്ധതി ഫ്‌ളോറിഡയിലേക്കും വ്യാപിപ്പിച്ചതായാണ് വാര്‍ത്തകള്‍.

Effective Pharmacist Society - Turkey

രണ്ട് വര്‍ഷം മുമ്പാണ് ഇഫക്റ്റീവ് ഫാര്‍മസിസ്റ്റ് സൊസൈറ്റി ബ്രെസ്റ്റ് ഫീഡിങ് പ്രൊജക്റ്റ് ആരംഭിക്കുന്നത്. രാജ്യത്തെ മുലയൂട്ടല്‍ നിരക്ക് വര്‍ധിപ്പിക്കുക, അതിനായി ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മുലയൂട്ടല്‍ കൂടുതല്‍ ആരോഗ്യമുള്ള, തുല്യതയുള്ള ലോകത്തെ സൃഷ്ടിക്കുന്നുവെന്നവര്‍ വിശ്വസിക്കുന്നു. മുലയൂട്ടുന്ന അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ ചികിത്സ നല്‍കുന്നതില്‍ ഫാര്‍മസിസ്റ്റിന്റെ പങ്ക് അവിതര്‍ക്കിതമായി അംഗീകരിക്കപ്പെട്ടതാണ്.

മുലയൂട്ടല്‍ പദ്ധതിയില്‍ അമ്മമാര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്, മുലയൂട്ടല്‍ സൗഹൃദ ഫാര്‍മസികള്‍ സ്ഥാപിക്കല്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ആവശ്യമായ അറിവുകളടങ്ങിയ ലഘുലേഖകളുടെ വിതരണം എന്നിവയുള്‍പ്പെടും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൗണ്‍സിലിംഗും പിന്തുണയും നല്‍കുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ശിശുരോഗ വിദഗധരുള്‍പ്പെടെയുള്ള ആരോഗ്യരംഗത്തെ അഗ്രഗണ്യരുടെ ടീം രൂപീകരിച്ചു ഈ സംഘടന. ഇവരുടെ നിരന്തരമായ ഇടപെടലുകളിലൂടെ സ്ത്രീകള്‍ അവര്‍ക്കാവശ്യമുള്ള വിവരങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ സ്വയം തേടിപ്പിടിക്കാനും വിശ്വസ്തമായ സോഴ്‌സുകളെ തിരിച്ചറിയാനും പ്രാപ്തരായി. 2012 മുതല്‍ സംഘടന ഹാര്‍ട്ട് മാഗസിനുകള്‍ പുറത്തിറക്കുന്നുണ്ട്, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതില്‍ മുലയൂട്ടുന്ന അമ്മമാരെ ഉദ്ദേശിച്ച് പ്രത്യേക കോളമുണ്ട്. വിജയകരമായ ഈ പ്രൊജക്റ്റ്, മറ്റു ആരോഗ്യ സംഘടനകളുമായും രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളുമായും ചേര്‍ന്ന് കൂടുതല്‍ വിപുലീകരിക്കുന്നതിനെ കുറിച്ചാണ് ഇഫക്റ്റീവ് ഫാര്‍മസിസ്റ്റ് സൊസൈറ്റി ഇപ്പോള്‍ ചിന്തിക്കുന്നത്.

Humanitarian Pharmacy - South Africa

മറ്റെല്ലാ ആരോഗ്യ സംവിധാനങ്ങളും ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുമ്പോഴും അത്യാഹിത - ആപല്‍ ഘട്ടങ്ങളില്‍ ഫാര്‍മസിസ്റ്റുകള്‍ അവിഭാജ്യ ഘടകമാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളുടെ വിശ്വാസവും അനുഭവവും. അവിടങ്ങളിലെ കമ്മ്യൂണിറ്റി ഫാര്‍മസിസ്റ്റുകള്‍ക്ക് ആ ജനതയുമായി അത്രമേല്‍ അഗാധമായ ബന്ധമുണ്ട്. ഏറ്റവുമൊടുവിലത്തെ ഉദാഹരണം കോവിഡ് മഹാമാരിയാണ്. കൃത്യമായ പ്ലാനിങ്ങോടെയും തയ്യാറെടുപ്പുകളോടെയും മുന്നോട്ട് വന്ന ഫാര്‍മസിസ്റ്റുകളാണ് പാന്‍ഡെമികിന്റെ അതിഭീകരമായേക്കാവുന്ന അത്യാഹിതങ്ങളില്‍ നിന്നവരെ മോചിപ്പിച്ചത്. അവരിലെ ദീര്‍ഘദൃക്കുകളായ ഫാര്‍മസിസ്റ്റുകള്‍ അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വന്‍തോതില്‍ ശേഖരിച്ച് സമീപഭാവിയില്‍ സംഭവിക്കുമായിരുന്ന ക്ഷാമത്തെ മറികടന്നു. അവയുടെ സ്റ്റോക്ക് കൃത്യമായ നിരീക്ഷിച്ചു. ഫലപ്രദമായൊരു മരുന്ന് വിതരണ സംവിധാനം സ്ഥാപിച്ചു. ജനങ്ങള്‍ക്ക് പ്രാഥമികാവബോധം നല്‍കുന്നതിനായി സാമൂഹിക കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. പണ്ഡിതരുടെ അഭിപ്രായത്തില്‍, ഇക്കാലഘട്ടത്തില്‍ സംഭവിക്കുമായിരുന്ന ആന്റിബയോട്ടിക്കുകളുടെ അതിവിനാശകരമായ ഉപയോഗത്തില്‍ നിന്നവരെ തടഞ്ഞത് ഈ സാമൂഹിക പാഠശാലകളാണ്.

ജനസംഖ്യയുടെ മഹാ ഭൂരിപക്ഷവും ദാരിദ്യത്തില്‍ കഴിയുന്ന, നാലിലൊരാള്‍ ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന നാട്ടില്‍ ആരോഗ്യ സംവിധാനങ്ങളുടെ ഔപചാരികതകള്‍ ഒരു തികഞ്ഞ ലക്ഷ്വറിയാണ്, അവിടെയാണ് ഏറ്റവും പ്രാപ്യരായ ആരോഗ്യ പ്രവര്‍ത്തകരായി ഫാര്‍മസിസ്റ്റുകള്‍ അവതരിക്കുന്നത്. ഈ ജനത അവരെ രക്ഷകരായി കാണുന്നതില്‍ അതിശയമെന്തിരിക്കുന്നു?


EMPATHISE Research Study - Australia

വാര്‍ധക്യത്തിലെ ആത്മഹത്യാ പ്രവണതകളെ തിരിച്ചറിയുക, കാരണങ്ങള്‍ കണ്ടെത്തി പിന്തിരിപ്പിക്കുക, മാനസികമായ പിന്തുണ നല്‍കി സഹായിക്കുക എന്നതാണ് എംപതൈസിന്റെ അടിസ്ഥാനാശയം. ഓസ്‌ട്രേലിയയിലെ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരുന്ന വൃദ്ധര്‍ ജീവിതാന്ത്യ വിഷാദ രോഗത്തിനടിമകളാണ്. മസ്തിഷ്‌കത്തിന്റെ പ്രവവര്‍ത്തനക്ഷമത കുറയുന്നത് കൊണ്ടുണ്ടാവുന്ന ഈ അവസ്ഥ പലപ്പോഴും തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്നുവെന്നതാണ് വാസ്തവം. സമൂഹത്തിന്റെ എല്ലാ തട്ടിലും സ്വാധീനമുള്ള ആരോഗ്യ പ്രവര്‍ത്തകരെന്ന നിലയില്‍, ഫാര്‍മസിസ്റ്റുകളാണ് ലേറ്റ് ലൈഫ് ഡിപ്രഷന്‍ കണ്ടെത്താന്‍ ഈ പദ്ധതിയില്‍ നിയുക്തരായിട്ടുള്ളത്. മെന്റല്‍ ഫസ്റ്റ് എയ്ഡ്, വാര്‍ധക്യ വിഷാദത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നേടിയവരാണ് എംപതൈസ് രംഗത്തിറക്കുന്ന ഫാര്‍മസിസ്റ്റുകള്‍. സിഡ്‌നിയിലെ വിജയകരമായ പദ്ധതി ഫ്‌ളോറിഡയിലേക്കും വ്യാപിപ്പിച്ചതായാണ് വാര്‍ത്തകള്‍.

ലോകാരോഗ്യ സംഘടനയുടെ രേഖകളനുസരിച്ച്, ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം, അയാളുടെ ആരോഗ്യാവശ്യങ്ങളെ ഏറ്റവുമധികം അഭിമുഖീകരിക്കുന്നത് ഓരോ നാട്ടിലെയും പ്രാഥമികാരോഗ്യ സംവിധാനങ്ങളാണ്. ഇവിടെയാണ് ഫാര്‍മസിസ്റ്റ് ഒരു നാടിന്റെ ആരോഗ്യത്തെ നിര്‍ണയിക്കാനാവുന്ന വിധം പ്രസക്തമാവുന്നത്. അരികെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ഈ ജനതയ്ക്ക് നാം, അതാവട്ടെ അവഗണിക്കാനാവാത്ത ഉത്തരവാദിത്തവുമാണ്.

(ദുബൈ ലൈഫ് ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് ആണ് ലേഖിക)

TAGS :