Quantcast
MediaOne Logo

ബഹിയ

Published: 30 Dec 2023 4:28 PM GMT

വസ്ത്രധാരണരീതിയും നിലപാടുകളും അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്

അന്തര്‍മുഖത്വത്തിന്റെ അപരവ്യക്തിത്വത്തെ തച്ചുടക്കാനുള്ള ചില ശ്രമങ്ങളാണ് എന്റെ വാക്ക്. അതുതന്നെയാണ് അതിജീവനവും. | 2023 ബാക്കിവെക്കുന്ന എഴുത്തു വിചാരങ്ങള്‍.

വസ്ത്രധാരണരീതിയും നിലപാടുകളും അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട് -  ബഹിയ
X

ഒരു വര്‍ഷം കൂടി കഴിഞ്ഞു പോകുന്നു. ഒരുവട്ടംകൂടി കലണ്ടര്‍ മാറ്റാന്‍ പോകുന്നു. അതിലപ്പുറം പുതു വര്‍ഷങ്ങള്‍ മനുഷ്യ ജീവിതങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമില്ലാതില്ല. പലരും പുതിയ കുറെ തീരുമാനങ്ങള്‍ എടുക്കും, പതിയെ അതെല്ലാം മറക്കുകയും ചെയ്യും. എല്ലാവര്‍ഷവും ഇതൊക്കെ വീണ്ടും വീണ്ടും ആവര്‍ത്തിക്കും. എന്നിരുന്നാലും ഓരോ വര്‍ഷാവസാനവും ആ വര്‍ഷം എന്തൊക്കെയായിരുന്നു, എങ്ങിനെയൊക്കെ ആയിരുന്നു തുടങ്ങിയ സ്വയം വിലയിരുത്തല്‍ നടത്തുന്നത് ജീവിതത്തില്‍ പലതിരുത്തലുകള്‍ക്കും നേട്ടങ്ങള്‍ക്കും കാരണമാകും.

എന്നെ സംബന്ധിച്ചിടത്തോളം 2023 അത്ര അടിപൊളി വര്‍ഷമൊന്നും ആയിരുന്നില്ല. കുഴപ്പം 2023 ന്റേതല്ല, ഇത് എഴുതുന്ന എന്റേത് തന്നെയാണ്. അന്തര്‍മുഖത്വത്തിന്റെ ഒരു വലിയ പുറന്തോട് ഉണ്ടാക്കി അതിനുള്ളില്‍ ഒളിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ഞാന്‍ എന്റെ ഉള്ളിലുണ്ട്. കഴിഞ്ഞ മൂന്നുനാലു കൊല്ലങ്ങളായി ആ അവസ്ഥയ്ക്കാണ് ആധിപത്യം കൂടുതല്‍. പലപ്പോഴും അതിനെ മറികടക്കാന്‍ മനപ്പൂര്‍വം ശ്രമിക്കാറുണ്ടെങ്കിലും അത് അത്രയങ്ങ് വിജയിക്കാറില്ല. എങ്കിലും ആ ശ്രമത്തിന്റെ ഭാഗമായാണ് ജീവിതത്തില്‍ പ്രത്യേകിച്ച് എഴുത്തു ജീവിതത്തില്‍ ചിലതൊക്കെ നേടാനായത്.

'ഒറ്റ'. സ്വന്തമായൊരു നോവല്‍-പുസ്തകരൂപത്തില്‍. 2021-22 വര്‍ഷങ്ങളിലായാണ് 'ഒറ്റ; ഖണ്ഡശ്ശ പുടവമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ആ ഭാഗങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഈ വര്‍ഷം തുടക്കത്തിലാണ്. ഉരഗപര്‍വത്തിന്റെ സെക്കന്‍ഡ് എഡിഷന്‍ അഥവാ രണ്ടാം പതിപ്പും ഒറ്റയോടൊപ്പം ഈ വര്‍ഷം തുടക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. Ophedian Carnival അഥവാ ഉരഗപര്‍വ്വത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ഒരു നേട്ടം. ഡല്‍ഹിയില്‍ നിന്നുള്ള Authors Press ആയിരുന്നു പ്രസാധകര്‍. തൃശ്ശൂരില്‍ അധ്യാപികയായ മീനു കൃഷ്ണയാണ് ഉരഗപര്‍വത്തെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.


അകത്തേക്ക് തുറക്കുന്ന 18 വാതിലുകള്‍ അഥവാ ഒരു പതിറ്റാണ്ടിലേറെയായി പുടവ മാസികയില്‍ പ്രസിദ്ധീകരിച്ച ചെറുകഥകളില്‍ നിന്ന് തിരഞ്ഞെടുത്ത 18 കഥകളുടെ സമാഹാരത്തില്‍ ഒന്നായി എന്റെ ''ഫെറ ഓണ്‍ലൈവ്'' ഉള്‍പ്പെട്ടു. മമ്മൂട്ടിയെ കുറിച്ചുള്ള 35 പെണ്‍ ഓര്‍മകളുടെ സമാഹാരമായ പകര്‍ന്നാട്ടങ്ങളുടെ മാന്ത്രികന്‍ എന്ന പുസ്തകത്തിന്റെ ഭാഗമാവാനും ഈ വര്‍ഷം സാധിച്ചു. മാപ്പിളപ്പാട്ട് പഠനത്തില്‍ ഇശല്‍ പഠനത്തിനായി മുര്‍ശിദീ ബിശാറയുടെ ഭാഗമാവുകയും ഇച്ചിരി പുതിയ മാപ്പിളപ്പാട്ടുകള്‍ അതുമായി ബന്ധപ്പെട്ട് രചിക്കുകയും ചെയ്തു.

ഇതിനിടയില്‍ വേദനിപ്പിക്കുന്ന പല അനുഭവങ്ങളും 2023 നല്‍കുകയുണ്ടായി. പ്രസിദ്ധീകരണത്തിന്റെ പടിവാതിലോളം എത്തി നിന്നു പോയ ചില പുസ്തകങ്ങള്‍, ചില പ്രസാധകര്‍, ചില രചനകള്‍. അതില്‍ ഒന്നായിരുന്നു ഒരു പുസ്തകം ചെയ്യാന്‍ മുന്നോട്ടുവന്ന പ്രസാധകനോട് മലപ്പുറം ജില്ലയിലെ തന്നെ സജീവ സാഹിത്യപ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും അത്തരത്തില്‍ ചില ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു ബഹുമാന്യവ്യക്തിത്വം 'ഞാന്‍ തീവ്രവാദി ആണെന്നും എന്റെ പുസ്തകം ചെയ്യുന്നതിനെക്കുറിച്ച് പുനരാലോചിക്കണം എന്നും' പറഞ്ഞെന്ന അറിവ്.

വിരലില്‍ എണ്ണാവുന്ന എണ്ണം കഥകള്‍, ഇച്ചിരി പോരം കവിതകള്‍, ഇത്തിരി ഓര്‍മക്കുറിപ്പുകള്‍. പി.എന്‍ ഗോപീകൃഷ്ണന്റെ ബിരിയാണി ഒരു രാഷ്ട്രീയ കവിതയായി മാറിയതെങ്ങനെ? എന്ന് മീഡിയവണ്‍ ഷെല്‍ഫില്‍ വീഡിയോ അവതരിപ്പിക്കാനായത് 2023ല്‍ കിട്ടിയ ഒരു വലിയ അവസരമായിരുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന light youth club സംഘടിപ്പിച്ച my kerala story എന്ന അനുഭവകഥാമത്സരം ഉള്‍പ്പെടെ ചില മത്സരങ്ങളില്‍ പങ്കെടുത്തു, വിജയിച്ചു, സമ്മാനവും കിട്ടി. പലതിലും തോല്‍ക്കുകയും ചെയ്തു.


നിരന്തര പരീക്ഷകളുടെ കാലം കൂടിയായിരുന്നു 2023. എഴുത്തിനോടും വായനയോടും തോന്നിയ താല്‍പര്യത്തിന്റെ ഭാഗമായി പണ്ട് പ്രീഡിഗ്രി കാലത്തേ ഉള്ളില്‍ കയറിയ ആഗ്രഹമായിരുന്നു പ്രീഡിഗ്രി കഴിഞ്ഞാല്‍ ഡിഗ്രിക്ക് മലയാളം പഠിക്കണം എന്നത്. എന്നാല്‍, അന്നത് സാധിച്ചില്ല. എങ്കിലും എന്നെങ്കിലും പഠിക്കണമെന്ന് ഉള്ളില്‍ കൊണ്ടുനടന്ന ആ ആഗ്രഹത്തെ എം.എ മലയാളം എന്നതിലേക്കും അതിനുശേഷം മലയാളത്തില്‍ തന്നെ ഗവേഷണത്തിലേക്ക് തിരിയണമെന്നതിലേക്കും കാലം പരിവര്‍ത്തിപ്പിച്ചു. അത് എത്രമാത്രം സഫലമാകും എന്നറിയില്ല, എന്നിരുന്നാലും 2021ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദൂര വിദ്യാഭ്യാസം വഴി എം.എ മലയാളത്തിന് ചേരുകയുണ്ടായി. പല പല കാരണങ്ങളാല്‍ യൂണിവേഴ്‌സിറ്റി നീട്ടിക്കൊണ്ടുപോയ ഞങ്ങളുടെ പരീക്ഷകളും കോഴ്‌സും 2023 തുടങ്ങിയതോടെയാണ് സജീവമായത്. 2023 എന്ന ഒരൊറ്റ വര്‍ഷത്തിനിടെ നാല് സെമസ്റ്റര്‍ പരീക്ഷകളും വൈവെയും എല്ലാം ഒന്നിച്ച് നേരിട്ട കാലം. റിസള്‍ട്ടുകള്‍ വന്നുകൊണ്ടേയിരിക്കുന്നു, ഇതുവരെ എത്തിയതെല്ലാം നല്ലനിലയില്‍ തന്നെ കടന്നുകൂടാന്‍ സാധിച്ചു. ഒന്നിച്ച് പരീക്ഷകള്‍ വന്നതുകൊണ്ട് തന്നെ എഴുതാന്‍ കഴിയാതെ ഇടയില്‍ മാറ്റിവെച്ച് ചില പേപ്പറുകള്‍ കൂടിയുണ്ട്. 2024 അത് എഴുതിയെടുക്കാന്‍ കൂടിയുള്ളതാണ്.

ഏറ്റെടുത്തിട്ടും മുഴുവനാക്കാന്‍ കഴിയാത്ത ചില എഴുത്തുകളും പ്രോജക്ടുകളും 2024 ലേക്ക് നീട്ടി വച്ചിട്ടുണ്ട്. എന്നിരുന്നാലും 2023 ന്റെ അവസാന നാളുകളില്‍ വീണ്ടും എഴുത്തില്‍ സജീവമാകാന്‍ സാധിച്ചിട്ടുണ്ട്. ഈ ഒരൊറ്റ ആഴ്ചക്കുള്ളില്‍ കലാകൗമുദിയിലും wtplÇലും ബഹുസ്വരയിലും വീണ്ടും രചനകള്‍ വന്നു.


ഇതിനിടയില്‍ വേദനിപ്പിക്കുന്ന പല അനുഭവങ്ങളും 2023 നല്‍കുകയുണ്ടായി. പ്രസിദ്ധീകരണത്തിന്റെ പടിവാതിലോളം എത്തി നിന്നു പോയ ചില പുസ്തകങ്ങള്‍, ചില പ്രസാധകര്‍, ചില രചനകള്‍. അതില്‍ ഒന്നായിരുന്നു ഒരു പുസ്തകം ചെയ്യാന്‍ മുന്നോട്ടുവന്ന പ്രസാധകനോട് മലപ്പുറം ജില്ലയിലെ തന്നെ സജീവ സാഹിത്യപ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും അത്തരത്തില്‍ ചില ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു ബഹുമാന്യവ്യക്തിത്വം 'ഞാന്‍ തീവ്രവാദി ആണെന്നും എന്റെ പുസ്തകം ചെയ്യുന്നതിനെക്കുറിച്ച് പുനരാലോചിക്കണം എന്നും' പറഞ്ഞെന്ന അറിവ്. വസ്ത്രധാരണരീതിയും നിലപാടുകളും ഇത്തരത്തില്‍ പല അവസരങ്ങളും നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. അവയൊന്നും എനിക്കുള്ള അവസരങ്ങള്‍ ആയിരുന്നില്ല എന്നുതന്നെ വിശ്വസിക്കുന്നു. നിലപാടുകളില്‍ വെള്ളം ചേര്‍ത്ത്, അവസരങ്ങള്‍ കിട്ടാനായി അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യുക എന്നതിനോട് എന്നും അറപ്പാണ്, വെറുപ്പുമാണ്. എഴുത്തുകാര്‍ സാമൂഹ്യപ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാര്‍ കലാകാരന്മാര്‍ തുടങ്ങിയവര്‍ എല്ലാം നിലപാടുകളില്‍ ഉറച്ചുനില്‍ക്കേണ്ടവരാണ് എന്ന് തന്നെ വിശ്വസിക്കുന്നു. അങ്ങിനെ തന്നെ തുടരുകയും ചെയ്യുന്നു. അത്തരം നഷ്ടങ്ങളെയും നേട്ടങ്ങള്‍ ആയാണ് ഞാന്‍ കാണുന്നത്. മാറ്റിനിര്‍ത്താനും അവസരങ്ങള്‍ നഷ്ടപ്പെടുത്താനും ആരൊക്കെയോ എവിടെയൊക്കെയോ ഉണ്ടായിട്ടും ഇത്രയും അവസരങ്ങള്‍ കിട്ടിയതില്‍ അഭിമാനമുണ്ട്. ദൈവത്തോട് നിറഞ്ഞ നന്ദിയും ഉണ്ട്. ഒപ്പം കൂടെ നിന്നവരോട് അവസരങ്ങള്‍ നല്‍കിയവരോടും കൂടി നന്ദിയുണ്ട്.

ഇനിയും തിരിച്ചും മറിച്ചും ഒക്കെ നോക്കിയാല്‍ ഒത്തിരി കാര്യങ്ങള്‍ അങ്ങിങ്ങ് നിറഞ്ഞു കിടക്കുന്നുണ്ടാവും. പക്ഷേ, എത്രയൊക്കെ സന്തോഷങ്ങള്‍ക്കുമേലെയും ഫലസ്തീനിലെ നിലവിളികള്‍ പോലെ ഉള്ളില്‍ എന്തൊക്കെയോ നിലവിളികള്‍ നിറയുന്നുണ്ട്. ആരൊക്കെയോ ഇറങ്ങിപ്പോയതിന്റെ സങ്കടങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. അല്ലെങ്കിലും കഴിഞ്ഞ മൂന്ന് നാല് കൊല്ലങ്ങളായി അങ്ങനെ ചില ഇറങ്ങിപ്പോകലുകള്‍ തന്ന സങ്കടങ്ങള്‍ ആണല്ലോ ജീവിതം. അതങ്ങനെ അതിന്റെ വഴി തുടരട്ടെ. മരണമെത്തുന്ന നേരം വരെയും നമ്മളിവിടെ തുടരുകയും ചെയ്യട്ടെ.


TAGS :