Quantcast
MediaOne Logo

ജബീറ

Published: 18 Nov 2023 5:01 PM IST

അധിനിവേശം

| കവിത

മലയാളം കവിത
X
Listen to this Article

ഞാന്‍ വിതയ്ക്കാതെ

ഈ വിധം

ഇവിടമാകെ

മുളച്ചു മിഴിച്ചു നില്‍ക്കുന്ന

വെണ്‍മുത്തുക്കുടകളേ


വന്ന വഴിയേത്?

പേരില്ലാത്തൊരു

മിന്നല്‍

തന്നെയായിരിക്കാം

നിന്നെ

ഉണര്‍ത്തി വിട്ടത്!


ഒറ്റക്കാഴ്ചയില്‍

നിങ്ങള്‍

പരിശുദ്ധര്‍,

വെളുത്തതെല്ലാം

ശുദ്ധമെന്ന്

ആഴത്തില്‍

കൊത്തിവച്ചിട്ടുണ്ടൊരു

വിശ്വാസം.


അധിനിവേശമെന്ന

സത്യത്തെ

മറയ്ക്കുന്നുണ്ട്

അവകാശമെന്ന

വശ്യമായൊരു നുണ.


പ്രലോഭനത്തിന്റെ

നിറക്കാഴ്ചയില്‍

ഞാനും

അഭിരമിക്കുന്നു!


വിത്തെറിഞ്ഞവന്റെ

ഉള്ളിലിരിപ്പറിയാന്‍

ജീവന്‍ വച്ചുതന്നെ കളിക്കണം.




TAGS :